ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 24, 2010

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം