ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 24, 2010

സച്ചിന്‍... സച്ചിന്‍... സച്ചിന്‍...

ലോകത്തിന്റെ നെറുകയില്‍ എത്തി എന്ന് പറയുന്നത് കേവലം അര്‍ത്ഥശൂന്യമായ ഒരു വിശേഷണമായി തീരുകയാണ്... കാരണം പറയുന്നത് സച്ചിനെ കുറിച്ചാണ് എന്നത് തന്നെ. ഇരുപതു വര്‍ഷത്തിലേറെ നീണ്ട നിസ്തുലമായ പ്രകടനം കൊണ്ട് വളരെക്കാലമായി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ രാജകീയമായി വിരാജിക്കുന്ന ആ അമാനുഷിക പ്രതിഭയെ കുറിച്ച് പറയാന്‍ വാക്കുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഏകദിന ക്രിക്കറ്റിന്റെ ആരംഭം മുതല്‍ ഏറെക്കുറെ അസംഭവ്യം എന്ന് കരുതിയിരുന്ന ആ മഹത്തായ നേട്ടവും ഇന്ന് സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നു... ഇരട്ട സെഞ്ച്വറി.
സ്കൂള്‍ ക്രിക്കറ്റില്‍ ലോക റെക്കോഡ് തിരുത്തിക്കുറിച്ച്, ഇന്ത്യന്‍ ടീമില്‍ക്കയറിയ ഈ ലിറ്റില്‍ മാസ്ടര്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍  നാഴികക്കല്ലുകളേറെ പിന്നിട്ടിരിക്കുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം സെഞ്ച്വറി, റണ്‍സ്, മികച്ച കൂട്ടുകെട്ടുകള്‍, നിര്‍ണായകമായ അവസരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു കൊണ്ട് നേടിയ വിക്കറ്റുകള്‍, ക്യാച്ചുകള്‍... അങ്ങനെയങ്ങനെ ഏതൊരു പുതുമുറക്കാരനും തന്റെ സ്വപ്നങ്ങളിലെ ലകഷ്യമായി നിസ്സംശയം പ്രതിഷ്ടിക്കാവുന്ന നിരവധി നേട്ടങ്ങള്‍.  ഇന്ന് ആ മനുഷ്യന്‍ നേടുന്ന ഓരോ റണ്നും ഓരോ പുതിയ റെക്കോഡുകളായി മാറുകയാണ്. ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തെയും മഹത്തായ അഭിമാന സ്തംഭം തന്നെയാണ് സച്ചിന്‍. അദ്ദേഹത്തിന് പകരം വെക്കാന്‍ ഇത് വരെ ആരും ഉണ്ടായിട്ടില്ല, ഇനിയൊട്ട്‌ ഉണ്ടാകുമെന്നും തോന്നുന്നില്ല.
തനിക്കു കിട്ടാത്ത ഒരേയൊരു നേട്ടം - ഏകദിന ക്രിക്കറ്റ് ലോക കപ്പ്- നേടിക്കൊണ്ട് മാത്രമേ അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതത്തിനു കലാശം കുറിക്കൂ എന്ന് നാം ഓരോ ഇന്ത്യക്കാര്‍ക്കും പ്രത്യാശിക്കാം.  കാരണം ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും സച്ചിന്‍ ദൈവം തന്നെയാണ്.

February 19, 2010

"തുണ്ട് " (1)

പേര് കണ്ടു തെറ്റിദ്ധരിക്കണ്ട.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച തുണ്ടല്ല. ഒന്നും ഉദ്ദേശിച്ചില്ലെന്നായിരിക്കും പറയാന്‍ പോകുന്നത്. ഇല്ലെങ്കില്‍ വേണ്ട. ഞാന്‍ കാര്യത്തിലേക്ക് കടക്കാം. 
"തുണ്ട്" എന്നത് ഒരു സ്വയരക്ഷക്കുള്ള ഉപകരണമാണ്. ഈ മിന്നല്‍ രക്ഷാ ചാലകം ഒക്കെ പോലെ. പരീക്ഷയുടെ തലേന്ന് വരെ ഉഴപ്പിനടന്നു, അവസാന മണിക്കൂറുകളില്‍ പുസ്തകം തുറന്നു പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ "എല്ലാം ഒരു പൊക" എന്ന മട്ടില്‍ അനുഭവപ്പെടുന്ന "മിടുക്കരായ" വിദ്യാര്‍ഥികള്‍ക്ക് തോല്‍വി എന്ന മിന്നലില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപകരണം.
തുണ്ട് പലതരമുണ്ട്. അതിന്റെ പ്രയോഗവും പല തരത്തിലാണ്. ഹാര്‍മോണിയം പോലെ മടക്കിയ കടലാസ് കഷണം മുതല്‍ ഉത്തരക്കടലാസ് നേരിട്ട് എഴുതിക്കൊണ്ട് വന്നു മറ്റു പേപ്പറിന്റെ കൂടെ ചേര്‍ത്ത് കെട്ടി കൊടുക്കുന്ന വിരുതന്മാര്‍ വരെ ഉണ്ട്. പേജര്‍, മൊബൈല്‍ തുടങ്ങിയവയൊക്കെ വന്ന ഉടനെ പലരും അതിനെയും ആശ്രയിച്ചിരുന്നു. പിന്നെ അതൊന്നും പരീക്ഷാ ഹാളില്‍ കയറ്റാന്‍ പറ്റാതായി. തുണ്ടിന്റെ ഉപഭോക്താക്കള്‍ക്ക് സ്കൂള്‍ എന്നോ കോളേജ് എന്നോ പ്രൊഫെഷണല്‍ കോളേജ് എന്നോ ഒരു വ്യത്യാസവുമില്ല. ഒരു മജീഷ്യന്റെ കയ്യടക്കത്തോടെ തുണ്ട് പ്രയോഗിക്കുന്നവര്‍ കൂട്ടതിലേറ്റം മിടുക്കര്‍. കൈവിറയും പരിഭ്രമവും അമിതവിയര്‍പ്പും  കൊണ്ട് പിടിക്കപ്പെടുന്നവരാണ് കൂടുതലും. അത്തരത്തിലുള്ളവരുടെ വീരഗാഥകള്‍ എല്ലാ കോളേജുകളിലും തലമുറകള്‍ കൈമാറി വരുന്നുണ്ടാവും...  
എന്റെ ഒരു സുഹൃത്ത്‌ (എന്റെ അനുഭവം സുഹൃത്തുക്കളുടെ തലയിലിടുകയാണെന്നു തെറ്റിദ്ധരിക്കേണ്ട. അതൊക്കെ ഞാന്‍ വഴിയെ പറയുന്നുണ്ട്.) ഇന്റേണല്‍ പരീക്ഷക്ക്‌  തുണ്ടിനു പകരം പുസ്തകം തന്നെ തുടക്കു മുകളില്‍ വെച്ച് തകര്തെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ട്‌ ക്ലാസ്സില്‍ തളം കെട്ടിനില്‍ക്കുകയായിരുന്ന നിശബ്ദത തകര്‍ത്തു കൊണ്ട് ഒരു ശബ്ദം. കഥാനായകന്‍ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുന്നുണ്ട്‌. സാര്‍ എണീറ്റ്‌ ചെന്ന് നോക്കി. നോക്കുമ്പോള്‍ പുസ്തകവും അതിനുള്ളിലിരുന്ന കെട്ടുകണക്കിന് തുണ്ടുകളും താഴെ ചിതറിക്കിടക്കുന്നുണ്ട്. ശേഷം ചിന്ത്യം.
സംഭവം മൂപ്പര് പിന്നീട് വിശദീകരിച്ചു തന്നു. രണ്ടു മണിക്കൂറോളം പുസ്തകം തുടയിലിരുന്നപ്പോള്‍ മൂപ്പര്‍ക്ക് അത് ശരീരത്തിന്റെ ഭാഗമായി തോന്നി പോലും.  അങ്ങനെ ഒരു സാധനം അവിടെ ഉള്ളത് മറന്ന് കാലൊന്നിളക്കി നിവര്‍ന്നിരുന്നതാ.
മറ്റൊരിക്കല്‍ ഈ സുഹൃത്ത് തന്നെ പുസ്തകം അറയുള്ള ഡസ്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു. പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് സാര്‍ ഡസ്കെല്ലാം പരിശോധിക്കുകയായിരുന്നു. കഥാനായകന്റെ ഡസ്കിന് സമീപം എത്തിയപ്പോളുണ്ട് മൂപ്പര്‍ തന്നെ വളരെ നാടകീയമായി ഡസ്കിനുള്ളില്‍ മുഴുവന്‍ തപ്പി പുസ്തകമെടുത്തു സാറിനു കൊടുക്കുന്നു. "ശെടാ, ഇതാരാ ഇതിനുള്ളില്‍ കൊണ്ട് വെച്ചത്" എന്ന മട്ടില്‍.
മറ്റൊരു പരീക്ഷ... അത്യാവശ്യം വല്ലതും പഠിക്കുന്ന ഒരു സുഹൃത്തിന്റെ തൊട്ടു പിന്നില്‍ തന്നെ സ്ഥലം പിടിച്ചു ഉഴപ്പന്മാരെന്ന പ്രശസ്തി മോശമല്ലാത്ത രീതിയില്‍ നേടിയെടുത്ത രണ്ടു പേര്‍. മുന്നിലിരുന്നവന്‍ എഴുതിക്കഴിയുന്ന ഓരോ പേപ്പറും പിന്നിലുള്ളവരുടെ കയ്യിലെത്തിത്തുടങ്ങി. തനി ഈച്ചക്കോപ്പി. ഒടുവില്‍ പരീക്ഷ തീരാറായിത്തുടങ്ങിയപ്പോള്‍ മുന്നിലിരുന്നവന്‍ കൊടുക്കല്‍ നിര്‍ത്തി. ഒരുപാടുണ്ടായിരുന്നു തീരാന്‍. അതിനിടയിലല്ലേ മറ്റുള്ളവരെ സഹായിക്കല്‍. പിന്നിലിരുന്നവര്‍ വിട്ടില്ല. തോണ്ടലോട് തോണ്ടല്‍. എന്തൊക്കെയായിട്ടും കക്ഷി പേപ്പര്‍ കൊടുത്തില്ല. സമയം കഴിഞ്ഞതൊന്നും അറിയാതെ മുടിഞ്ഞ എഴുത്ത് തന്നെ. വീണ്ടും വരുന്നു തോണ്ടല്‍. ഏകദേശം പരിപാടി കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു പേപ്പറെടുത്ത്‌ മൂപ്പര്‍ "പണ്ടാരടങ്ങട്ടെ" എന്ന മട്ടില്‍ തിരിഞ്ഞു നോക്കാതെ പിന്നോട്ട് നീട്ടി. "അപ്പോള്‍ ബാക്കിയോ?" ഒരു സ്ത്രീശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ പേപ്പര്‍ പിടിച്ചു  നില്‍ക്കുന്നു പേപ്പര്‍ കളക്ട് ചെയ്യാന്‍ വന്ന മാഡം!
ഇതുപോലുള്ള ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ അടുത്തിരുന്ന സുഹൃത്തിനു പേപ്പര്‍ കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍ പരീക്ഷ കഴിയാറായപ്പോള്‍ പേപ്പര്‍ ഓര്‍ഡറിലാക്കി കെട്ടാന്‍ നോക്കിയപ്പോള്‍ ഒരു പേപ്പര്‍ കാണുന്നില്ല. സുഹൃത്തിന്റെ നേരെ തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ കയ്യിലുണ്ടെന്ന് ആംഗ്യം കാണിച്ചു. വാങ്ങാന്‍ നോക്കിയപ്പോള്‍ മാഡമുണ്ട്‌ തൊട്ടടുത്ത്‌. അവസാന ബെല്ലും അടിച്ചു. മാഡം പേപ്പര്‍ വാങ്ങാനെത്തി. കെട്ടുക പോലും ചെയ്യാതെ ഞാനിരിക്കുകയാണ്. അവസാനം രണ്ടും കല്‍പ്പിച്ചു പറഞ്ഞു "അത്... മാഡം... പിന്നെ... ഒരു... പേപ്പര്‍...". മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, മാഡം കണ്ണുരുട്ടി... "ഇത് വരെ വായിനോക്കി ഇരുന്നിട്ട് ഇപ്പൊ ബെല്ലടിച്ചിട്ടാണോ നിനക്കിനിയും എഴുതാന്‍ പേപ്പര്‍?". ഞാന്‍ കണ്ണുമടച്ചു പറഞ്ഞു "അതല്ല മാഡം, എന്റെ ഒരു പേപ്പര്‍ അവന്റെ കയ്യിലാ..." മാഡം പിന്നെ എന്ത് പറയാന്‍?
തുണ്ട് പരിപാടിയിലെ ഒരു പ്രധാന ഭാഗമാണ് ബാത്ത് റൂം. മൂന്നു മണിക്കൂറുള്ള പരീക്ഷക്കിടെ പ്രകൃതിയുടെ വിളി വന്നാല്‍ ഏതു ക്രൂരനായ ഇന്‍വിജിലേറ്റര്‍ക്കും ബാത്ത് റൂമില്‍ പോകാന്‍ വിടാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് തുണ്ട് വെക്കാന്‍ പേടിയുള്ള പലരും ഒരു ധൈര്യത്തിന് പുസ്തകം ബാത്ത് റൂമില്‍ വെക്കും,ഇടയ്ക്കു വല്ലതും മറന്നാല്‍ പോയി നോക്കാന്‍.(പേടിയില്ലാത്തവരും വെക്കും, കാരണം വന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രം കീറിയെടുത്താല്‍ മതിയല്ലോ). മൂന്നു മണിക്കൂറില്‍ അഞ്ചു തവണ "മൂത്രമൊഴിച്ചവര്‍" വരെയുണ്ടായിരുന്നു കോളേജില്‍.
ഇത്തരത്തില്‍ ഒരാള്‍ തലേന്ന് പോയി പുസ്തകം(തീരെ ചെറിയ ഗൈട്‌ പോലുള്ള ഒന്ന്) ബാത്ത് റൂമില്‍ ഒളിപ്പിച്ചു. ഒളിപ്പിച്ചതെവിടെയാണെന്നോ? യുറോപ്പ്യന്‍ ക്ലോസെറ്റിന്റെ ഉള്ളില്‍... അതായത് സീറ്റ്  ഉള്ളിലേക്ക് മടങ്ങിയുണ്ടാകുന്ന, ഫ്ലെഷ് ചെയ്‌താല്‍ വെള്ളം വരുന്ന ഗാപ്പില്‍... കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പരസ്യത്തില്‍ പ്രകാശ് രാജ് ഹാര്‍പ്പിക് ഒഴിക്കുന്ന ഭാഗത്ത്‌. അത്രയും സുരക്ഷിതമായ സ്ഥലം വേറെ ഉണ്ടാവില്ലെന്നായിരുന്നു മൂപ്പരുടെ ധാരണ. പരീക്ഷക്ക്‌ അറിയാവുന്നതെല്ലാം എഴുതി, ബാക്കിയുള്ളതിന് തുണ്ടെടുക്കാന്‍ അദ്ദേഹം ബാത്റൂമില്‍ പോയപ്പോളുണ്ട്‌ പുസ്തകം നനഞ്ഞു കുതിര്‍ന്നു ക്ലോസെട്ടിലെ വെള്ളത്തില്‍ കിടക്കുന്നു. തുണ്ടിനല്ലാതെ ശരിക്കും മൂത്രമൊഴിക്കാനും ആളുകള്‍ ബാത്ത് റൂമില്‍ പോകുമെന്ന് പാവം ഓര്‍ത്തു കാണില്ല.
ബാത്ത് റൂം വഴി ഉള്ള വേറൊരു പരിപാടി ശരിയായ സംഘബലത്തിന്റെ ഉദാഹരണമാണ്. ജനലിനരികില്‍ ഇരിക്കുന്ന ആള്‍ ഒരു തുണ്ട് കടലാസില്‍ ചോദ്യങ്ങളെഴുതി പുറതേക്കിടും. പുറത്തു നില്‍ക്കുന്ന ജൂനിയേര്‍സ് അതെടുത്തു പുസ്തകത്തില്‍ നിന്നും ആവശ്യമുള്ള ഉത്തരങ്ങള്‍ കീറി ബാത്റൂമില്‍ കൊണ്ട് വെക്കും. വേറൊരാള്‍ ബാത്ത് റൂമില്‍ പോയി അതെടുത്തു കൊണ്ട് വരും. അയാള്‍ എഴുതിക്കഴിഞ്ഞു മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും. എന്തൊരു പരസ്പര സഹായ സഹകരണ സംഘം!
കോളേജിലെ ഏറ്റവും വലിയ തരികിട എന്ന് പെരെടുത്തവനും ഒരിക്കല്‍ തുണ്ടുമായിറങ്ങി. ആളെ ശരിക്കറിയാവുന്നത് കൊണ്ട് മാഡം കക്ഷിയുടെ അടുത്ത് നിന്നു മാറിയില്ല. തിരിയാനും മറിയാനും വയ്യാതെ ആള്‍ കുടുക്കിലായി. പെട്ടെന്നുണ്ട്‌ പുതിയ മല്ലുമുണ്ട് കീറുന്നത് പോലെ ഉറക്കെ ഒരു ശബ്ദം... "ഭ്രര്ര്ര്ര്രര്‍...". എല്ലാരും ചിരിതുടങ്ങി. അപ്പോളുണ്ട്‌ മാഡത്തെ നോക്കി മൂപ്പരുടെ ചോദ്യം, അതും ഉറക്കെ..."എന്താ മാഡം, രാവിലെ കക്കൂസിലൊക്കെ പോയിട്ട് വന്നൂടെ?" ആകെ ചമ്മിയ മാഡം പിന്നെ ആ ഭാഗത്ത്‌ വന്നിട്ടില്ല. കഥാനായകന്‍ നിര്‍ബാധം പരിപാടി തുടങ്ങുകയും ചെയ്തു. ശബ്ദം വന്നത് കഥാനായകന്റെ വായില്‍ നിന്നാണെന്നു പ്രത്യേകം പറയേണ്ടല്ലോ?
ഇതൊക്കെ തിയറി പരീക്ഷക്ക്‌ തുണ്ട് വെക്കുന്നവരുടെ കാര്യം. വൈവക്ക്‌ പോലും തുണ്ട് പ്രയോഗം നടത്തുന്ന അസാമാന്യ പ്രതിഭാശാലികളും ഉണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു വൈവക്ക്‌ കയറുമ്പോള്‍ കോട്ട്‌(ആപ്രന്‍) ധരിക്കണം. അതിന്റെ അടിഭാഗത്ത്‌ ഉള്‍വശത്താണ് എഴുതിയോ ഒട്ടിച്ചോ ഉള്ള നിക്ഷേപം. മേശക്കപ്പുറത്തിരിക്കുന്ന സാറിനു താഴേക്ക്‌ കാണില്ലല്ലോ. ഗഹനമായി ചിന്തിക്കുന്ന പോലെ താഴോട്ട് നോക്കി കോട്ടിന്റെ അടിഭാഗം മറിച്ചുവെച്ചാണ് കലാപരിപാടി.
തുണ്ട് വെപ്പില്‍  മുതുകാടിനെ കടത്തി വെട്ടുന്ന എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു.. "ഇതൊക്കെ ഒരു കലയാണ്‌ മോനെ ദിനേശാ. നിനക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ല". സത്യം. ഒരിക്കല്‍ ഈ പണിയൊന്നു പരീക്ഷിക്കാന്‍ പോയ ഈയുള്ളവന് പരീക്ഷാ ഹാളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകള്‍ മാത്രം മതി അതിനു തെളിവ്.
ആ കഥ അടുത്തതില്‍...

February 14, 2010

വരുമോ പ്രണയത്തിനും ഒരു റിയാലിറ്റി ഷോ?

ഇന്ന് വാലന്റൈന്‍'സ് ഡേ...
പ്രണയിക്ക്കുന്നവര്‍ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു മഹാന്റെ ഓര്‍മ്മ ദിവസം. പ്രണയിക്കുന്നതിനു വേണ്ടിയുള്ള ദിവസമായി ഫെബ്രുവരി 14 -നെ വേഷം കെട്ടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ബലിദാനത്തിനു അര്‍ഹിക്കുന്ന വില കിട്ടാതായിപ്പോകുകയല്ലേ? കേവലം ഒരു ദിവസം കൊടുക്കുന്ന കാര്‍ഡുകളിലും ചുവന്ന റോസാപുഷ്പങ്ങളിലും ഒന്നിച്ചു പാര്‍ക്കിലും ബീച്ചിലും ചിലവഴിക്കുന്ന നിമിഷങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതാണോ പ്രണയം? അഥവാ വസ്ത്രം മാറുന്നത് പോലെ പങ്കാളികളെ മാറുന്ന പുതിയ കാലത്തിന്റെ പ്രതിനിധികള്‍ക്ക് ഓരോ വര്‍ഷവും പുതിയ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമായി മാറിപ്പോകുന്നോ പ്രണയത്തിന്റെ ഈ ആഘോഷം? ഓരോ നിമിഷവും ശരീരത്തിന്റെയും മനസ്സിന്റെയും ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന മധുരമായ ഒരു വികാരമാണ് പ്രണയം. ഏതു പ്രായത്തിലായാലും ഏതു രാജ്യത്തിലായാലും ഏതു വംശത്തിലായാലും. പ്രണയം നിലനില്‍ക്കുന്നത് വിലകൂടിയ ഒരു കാര്‍ഡിലെ ആരോ എഴുതിയുണ്ടാക്കിയ ആശയം അച്ചടിച്ച്‌ വെച്ച അക്ഷരക്കൂട്ടങ്ങളിലോ സമ്മാനങ്ങളിലോ ആരെങ്കിലും അയക്കുന്ന മെയിലും എസ്,എം. എസ്സും നൂറുകണക്കിന് പ്രണയികള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതിലോ  അല്ല, മനസ്സുകള്‍ തമ്മിലുള്ള പവിത്രമായ ഒരു കരാറാണത്. ഒരു പൂവിതള്‍ നീട്ടുന്നതിലും ഒരു നോട്ടത്തിലും ഒരു നിശ്വാസത്തില്‍ പോലും പ്രണയമുണ്ട്. വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ പ്രണയിക്കുകയില്ലേ?എന്തിനെയും കച്ചവടത്തിനുള്ള അവസരമായി കാണുന്ന മുതലാളിത്തത്തിന്റെ പ്രതിനിധികള്‍ നടത്തുന്ന ഒരു കച്ചവട തന്ത്രം മാത്രമാണ് ഈ ദിനത്തിന്റെ ഇന്നത്തെ അടിച്ചേല്‍പ്പിക്കപ്പെടുന്ന പ്രാധാന്യം. പ്രണയം മനസ്സിലുണരുന്നവര്‍ അത് പ്രകടിപ്പിക്കാന്‍ വാലന്റൈന്‍'സ് ഡേ വരെ ഒരിക്കലും കാത്തു നില്‍ക്കുകയില്ല. അല്ലെങ്കില്‍ കാത്തു നില്‍ക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. പ്രണയത്തിനായി ഒരു ദിനമെന്നത് ഒരിക്കലും യഥാര്‍ത്ഥ പ്രണയികള്‍ക്ക് വേണ്ടിയുള്ളതല്ല തന്നെ. എന്ന് വെച്ച് പ്രണയദിനത്തില്‍ പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നത്തേയും പോലെ ആ ദിവസവും പ്രണയിക്കാം. എന്നും പ്രണയിക്കുന്നവര്ക്  വാലന്റൈന്‍'സ് ഡേ ആയിപ്പോയത് കൊണ്ട് മാത്രം പ്രണയിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കേവലം മതപരമായ കാരണങ്ങളും ആര്‍ഷഭാരത സംസ്കാരമെന്ന മുന തേഞ്ഞ കത്തികൊണ്ട് നടത്തുന്ന അഭ്യാസങ്ങളും കൊണ്ട് പ്രണയത്തിന്റെ നാമ്പരുക്കാന്‍ നടക്കുന്ന മുതലിക്കുമാര്‍ എതിര് നില്‍ക്കുന്നത്  പ്രണയദിനത്തിനല്ല മറിച്ച്‌ പ്രണയമെന്ന പാവനമായ വികാരത്തിന് തന്നെയാണ്‌.  
എന്തിലും പഴയത് നല്ലതും ഇന്നത്തെത് മുഴുവന്‍ മോശവും എന്ന് പറയുന്നവരെപ്പോലെയല്ല, എങ്കിലും ഇന്ന് പ്രണയത്തിനു ഒരു പാട് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ അതിപ്രസരം കൊണ്ട്. പ്രണയിനിയുടെ മുഖമൊന്നു കാണാന്‍, ആ ശബ്ദമൊന്നു കേള്‍ക്കാന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്നതായിരുന്നു ആ പഴയ പ്രണയകാലം.എന്നാല്‍ ഇന്ന്  മൊബൈല്‍ ഫോണില്‍ അനുനിമിഷം സല്ലപിക്കുകയും വെബ് ക്യാമറയിലൂടെ ദര്‍ശന സുഖം നേടുകയും ചെയ്യുന്നതാണ് പുതിയ പ്രണയം. നിരന്തര സമ്പര്‍ക്കത്താല്‍  പ്രണയത്തിന്റെ തീവ്രത കുറയുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുനത്.
 മാത്രമല്ല, ഇന്ന് പ്രണയമെന്നത് കൂടുതല്‍ മാംസ നിബദ്ധമാകുന്നു എന്ന് തോന്നുന്നു. സ്ത്രീ ശരീരത്തെ തുറിച്ചു നോക്കാനുള്ള കണ്ണുകളായി ദൃശ്യമാധ്യമങ്ങള്‍ മാറുമ്പോള്‍ അതിന്റെ തുടര്‍ ചലനങ്ങള്‍ പ്രണയമുള്‍പ്പെടെ എല്ലാ മനുഷ്യ വികാരങ്ങളിലും  പ്രതിഫലിക്കാമല്ലോ. ബാഹ്യ സൌന്ദര്യത്തിലും ശരീരത്തിന്റെ മാംസളതയിലും മയങ്ങി, അഥവാ അവയെല്ലാം തന്റെ കാമ സംപൂര്‍തിക്കുള്ള ഉപകരണമാക്കാനായി താല്‍ക്കാലികമായി പ്രകടിപ്പിക്കുന്ന ഒരു വികാരത്തിന്റെ നാടകരൂപം മാത്രമായി പ്രണയം പലപ്പോഴും അധപതിച്ചു പോകുന്നു. "പ്രണയം നടിച്ച് " എന്ന വാക്കുകള്‍ ഇന്ന് പത്രത്താളുകള്‍ നിറഞ്ഞു നില്‍ക്കുന്ന പീഡനകഥകളിലെ ഒരു സ്ഥിരം പ്രയോഗമാണല്ലോ. അതോടൊപ്പം തന്നെ ജാതിയും മതവും പണവും നോക്കിയുള്ള അറെഞ്ച്ട് പ്രണയങ്ങള്‍ വ്യാപകമാകുന്നു.പ്രണയത്തില്‍ നിറഞ്ഞു നിന്നിരുന്ന വികാരത്തിന്റെ അംശം ഇന്ന് വിചാരത്തിനു വഴി മാറുന്നു. വീട്ടുകാര്‍ക്ക് മുന്നില്‍ തന്റെ ജീവിത പങ്കാളിയായി നിര്ത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് പൂര്‍ണ സമ്മതമായിരിക്കുമെന്ന ഉറപ്പുള്ള ഒരു ആണിനെ അല്ലെങ്കില്‍ പെണ്ണിനെ തിരഞ്ഞു പിടിക്കാനുള്ള ആഗ്രഹം മാത്രമാണ് പലര്‍ക്കുമിന്നു പ്രണയം. എല്ലാ കാര്യത്തിലുമെന്ന പോലെ പ്രണയത്തിലും യുവതലമുറ പ്രാക്ടിക്കല്‍ ആയി മാറുന്നു. പ്രണയത്തിലും വിവാഹത്തിലുമൊന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവരിന്നു തയ്യാറല്ല. ഇതോടു കൂടി ചേര്‍ത്ത് വയ്ക്കേണ്ട മറ്റൊന്നാണ് ഇന്ന്  കേരളത്തിലും  പ്രത്യക്ഷപ്പെടുന്ന "ലിവിംഗ് ടുഗതര്‍" . ഒരിക്കല്‍ ഒന്ന് ചേര്‍ന്ന് എപ്പോള്‍ വേണമെങ്കിലും വേര്‍പ്പെട്ടു പോകാമെന്ന  ഒരു അലിഖിത കരാറില്‍ ജീവിതം തുടങ്ങുന്നവര്‍. വിവാഹം എന്ന ചട്ടക്കൂട് വേണ്ടാതവര്‍ക്ക് ഇതൊരു പക്ഷെ യോജിച്ചേക്കാം. പക്ഷെ ഇതില്‍ പ്രണയത്തിന്റെ അംശം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇനി ഒന്നിച്ചു ജീവിക്കേണ്ട എന്ന് തീരുമാനമെടുക്കുമ്പോള്‍ അവസാനിക്കുന്നതാണോ പ്രണയം?
 ഇന്ന് പ്രണയത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും എല്ലാം കാര്യത്തില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന  അഭിപ്രായങ്ങള്‍ക്ക്  വലിയ പ്രാധാന്യമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയത്തിലും വിവാഹത്തിലും മനസ്സുകള്‍ക്കല്ല, മതങ്ങള്ക്കാണ് പ്രാധാന്യമെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം-ലവ് ജിഹാദ്. ഇതിലൂടെ ദൃശ്യമാവുന്നത് അവര്‍ പറഞ്ഞു പരത്തുന്നത് പോലെ മുഖം നഷ്ടപ്പെട്ട  പ്രണയത്തിലെ മത ഭ്രാന്തല്ല  മറിച്ച്‌ മനസ്സുനഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ കച്ചവടക്കണ്ണ് തന്നെയാണ്. തീവ്രവാദത്തിനു അടിമയായിപ്പോയ ചില വികാരശൂന്യര്‍ ഒരു പക്ഷെ ഇത്തരത്തില്‍ പ്രണയം നടിച്ചു പ്രവര്തിചിട്ടുണ്ടായിരിക്കാം. അത് കണ്ടു പിടിക്കേണ്ടത്‌ പോലീസിന്റെ ചുമതലയാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മതതിനതീതമായി പ്രണയിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന പ്രചാരണം അതിന്റെ പ്രചാരകരുടെ മനസ്സിലെ ഇരുട്ട് മാത്രമാണ് വെളിവാക്കുന്നത്. പീഡനകഥയിലെ ഇരയുടെ വേദന ആഘോഷമാക്കി കീശ വീര്‍പ്പിക്കുന്ന,  താളുകളും ഷോകളും നിറഞ്ഞു കവിയുന്ന സ്ത്രീ നഗ്നതയിലൂടെ സ്വയം വെളിവാക്കപ്പെടുന്ന വേട്ടക്കാരന്റെ മുഖം മറയ്ക്കാന്‍ കഴിയാത്ത മാധ്യമ മുതലാളിത്തത്തിന് പ്രണയത്തിനു മേല്‍ തെറ്റിദ്ധരണയുടെ നിഴല്‍ പരത്തുന്ന ഈ ഗൂഡാലോചനയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. 
എന്തായാലും  ഒന്നുറപ്പാണ്, മാധ്യമങ്ങളും വര്‍ഗീയ ശക്തികളും എന്തെല്ലാം തന്നെ പ്രചരിപ്പിച്ചാലും നിസ്വാര്‍ത്ഥ പ്രണയം മനുഷ്യനും ലോകവും ഉള്ളിടത്തോളം നിലനില്‍ക്കുക തന്നെ ചെയ്യും. 
പ്രണയം നീണാള്‍ വാഴട്ടെ. കേവലം ഒരു ദിനത്തില്‍ ഒതുങ്ങിനില്‍ക്കാതെ ഓരോ നിമിഷങ്ങളും പ്രണയതിന്റെതാകട്ടെ. 

February 11, 2010

വിശ്വാസത്തെ കുറിച്ച് തന്നെ...

(എന്റെ സുഹൃത്തിനു വന്ന എസ്.എം.എസ്സിനോട് കടപ്പാട്)
ഒളിച്ചോടിപ്പോയ മകള്‍ എഴുതി വെച്ച കത്തെടുത്തു വായിച്ചു തകര്‍ന്നിരിക്കുന്ന അച്ഛന്‍. അവളുടെ കുട്ടിക്കാലം മുതലുള്ള ഓര്‍മ്മകളില്‍ മനസ്സുടക്കി അവള്‍ തകര്‍ത്ത വിശ്വാസത്തെക്കുറിച്ച് പരിതപിക്കുന്നു.കാത്തുനില്‍ക്കുന്ന കാമുകനടുത്തെക്കുള്ള യാത്രക്കിടെ മകള്‍ അച്ഛനെയും വീടിനെയും കുറിച്ചുള്ള ഓര്‍മ്മകളില്‍ കണ്ണീരൊഴുക്കുന്നു. മനസ്സ് മാറി തിരിച്ചു വരുന്ന മകളെ എല്ലാം മറന്നു പുണരുന്ന അച്ഛന്‍. കുടുംബ ബന്ധങ്ങളുടെ ഉന്നത മൂല്യങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ട് വരുന്നു ആ പരസ്യവാചകം... "വിശ്വാസം - അതല്ലേ എല്ലാം?".
പക്ഷെ ആ പരസ്യത്തില്‍ അവസാനം കാണുന്ന ഒരു മുഖമുണ്ട്. വരാമെന്നേറ്റ കാമുകിയെ കാറുമായി ഒരു പാട് സമയം കാത്തു നിന്ന്, ഒടുവില്‍ അവള്‍ വരില്ലെന്നുറപ്പായപ്പോള്‍ ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖത്തോടെ നിരാശനായി മടങ്ങുന്ന ഒരു കാമുകന്റെ മുഖം. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. ആ കാത്തു നില്‍പ്പിനും ആധാരം അത് തന്നെയല്ലേ ... ആ വിശ്വാസം? പ്രണയത്തില്‍ മനസ്സുകള്‍ തമ്മില്‍ ഏര്‍പ്പെടുന്ന ആ അലിഖിതമായ കരാര്‍... "തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം". 
ഈ പരസ്യം കണ്ട ഒരു മാതിരി പെണ്‍ പിള്ളാരൊന്നും ഒളിച്ചോടാന്‍ സാധ്യതയില്ല. ഇനിയിപ്പോ ഈ പരസ്യം  പ്രണയത്തിനെതിരെയുള്ള ഒരു നിഗൂഡ പ്രചാരണമാണോ?  കാമുകന്മാര് പറ...

ഒരു രാത്രി കൂടി വിടവാങ്ങവേ...

മലയാളിയുടെ മനസ്സില്‍ അമൃതമഴ പെയ്യിച്ച, ഓരോ  ചലച്ചിത്ര ഗാന പ്രേമിയുടെയും മനസ്സാകുന്ന മണ്‍ വീണയില്‍ വിരല്‍ മീട്ടിപ്പാടിയ ആ തൂലികയില്‍ നിന്നും ഇനി അക്ഷരങ്ങള്‍ ഉതിര്‍ന്നു വീഴില്ല. കളഭ തുല്യമായ മനസ്സില്‍ നിന്നും മലയാളിയുടെ കൈക്കുടന്ന നിറയെ തിരുമധുരം പോലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു ഗിരീഷ്‌ പുത്തഞ്ചേരി കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ആകാശദീപങ്ങളെ സാക്ഷിയാക്കിക്കൊണ്ട്. പക്ഷെ മലയാള ചലച്ചിത്ര ഗാന സാമ്രാജ്യത്തില്‍ അദ്ദേഹം നേടിയെടുത്ത കിരീടം കാലമെത്ര കഴിഞ്ഞാലും വീണ് ഉടയുകയില്ല.
അദ്ദേഹവുമായി അല്പനേരമെങ്കിലും അടുത്തിടപഴകാന്‍ ലഭിച്ച നിമിഷങ്ങള്‍ ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ അടുത്ത് കാരപ്പറമ്പിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോളേജില്‍ ഞാന്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന റിനൈസന്‍സ് കലാസാംസ്കാരിക വേദിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിക്കുവാന്‍ സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ പോകാനിടയായി. മുരുക്കിച്ചുവപ്പിച്ചു കുട്ടികളെ കളിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രശസ്തനായ ഗാന രചയിതാവാണെന്നു തോന്നിയതെ ഇല്ല. കാര്യം പറഞ്ഞപ്പോള്‍ വരാമെന്നേറ്റ അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ടായിരുന്നു. "കോളേജാണല്ലോ, വല്ലവനും കൂവാനോ അലമ്പ് കാണിക്കാനോ തുടങ്ങിയാല്‍ ഞാന്‍ എന്റെ തനി സ്വഭാവം പുറത്തെടുക്കും. പിന്നെ നിങ്ങള്ക്ക് മൈക്ക് ഓഫാക്കേണ്ടി വരും." ഞങ്ങള്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു. പരിപാടിക്ക് കൃത്യ സമയത്ത് തന്നെ അദ്ദേഹം എത്തി. ലളിതമായ വാക്കുകളില്‍, എന്നാല്‍ കാവ്യാത്മകമായ ഒരു പ്രഭാഷണം നടത്തിയതിനു പുറമേ വിദ്യാര്‍തികളുടെ ആവശ്യപ്രകാരം ഒരു ഗാനവും പാടി... "ദേവകന്യക സൂര്യതംബുരു മീട്ടുന്നു..." . ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു ആ ശബ്ദം.
ഏതു തരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലിയുടെ പ്രത്യേകത. ഭക്തി തുളുമ്പി നില്‍ക്കുന്ന നന്ദനത്തിലേത് പോലുള്ള ഗാനങ്ങളും ഒരുപാട് പ്രണയ ഗാനങ്ങളും വിരഹഗാനങ്ങളും അതോടൊപ്പം അര്‍ദ്ധശാസ്ത്രീയ സംഗീത ഗാനങ്ങളും അദ്ദേഹം രചിച്ചു. കൂടെ ചിങ്ങമാസം പോലുള്ള അടിപൊളി ഗാനങ്ങളും. തികച്ചും സാധാരണ വാക്കുകള്‍ അദ്ദേഹത്തിന് മാത്രം കഴിയുന്ന രീതിയില്‍ സമന്വയിപ്പിച്ചതായിരൂന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ജനകീയതക്ക് കാരണം. "കിണ്ടാണ്ടം"(ഒന്നാം വട്ടം - ചന്ദ്രലേഖ) പോലുള്ള പ്രയോഗങ്ങള്‍ ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയെങ്കിലും തന്റെ സാഹിത്യ ഭംഗി തുളുമ്പിയ ഗാനങ്ങളിലൂടെ അതെല്ലാം അദ്ദേഹം മറികടന്നു. "ആരും കൊതിക്കുന്നോരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം" എന്ന ഈരടി മാത്രം മതി ആ മനസ്സിലെ കാവ്യ ഭാവനക്ക് ഉദാഹരണമാകാന്‍.അദ്ദേഹം ഗാനരചന നടത്തിയ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമാഗാനങ്ങളില്‍ നിന്നും മികച്ച പത്തു ഗാനങ്ങളെടുക്കാന്‍ ഏതൊരു മലയാളിയോട് പറഞ്ഞാലും അതില്‍ പകുതിയോളം അദ്ദേഹം രചിച്ചതായിരിക്കുമെന്നു നിസ്സംശയം പറയാം. അദ്ദേഹം നേടിയ ഏഴു അവാര്‍ഡുകളേക്കാളും അദ്ദേഹത്തെ ഇനിയുമേറെ തലമുറകളോളം മലയാളിയുടെ മനസ്സില്‍  തങ്ങി നിര്താന്‍ ആ ഗാനങ്ങള്‍ മാത്രം മതി. ആ സ്മരണക്കു മുന്നില്‍ നമിക്കുന്നു. 
ഇത് മലയാള സിനിമക്ക് നഷ്ടങ്ങളുടെ കാലമാണ്... ഭരത് മുരളി, ലോഹി, രാജന്‍.പി.ദേവ്, കൊച്ചിന്‍ ഹനീഫ... ഇപ്പോള്‍ പുത്തഞ്ചേരിയും. തമ്മിലടിച്ചു ഇല്ലാതായിതീരുന്ന മലയാള സിനിമാക്കാര്‍ ആ സ്മരണക്കു മുന്നില്‍ നമിച്ചെങ്കിലും എല്ലാം മറന്നു സിനിമയുടെ നന്മക്കായി പ്രവര്തിച്ചെങ്കില്‍.

February 10, 2010

തിരിച്ചുപോക്കുകള്‍

ഇന്ന് മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ബുദ്ധിഹീന ബുദ്ധിജീവികളും ആഘോഷിക്കുന്ന ഒരു വിഷയമാണല്ലോ സിപിഎം-ല്‍ നിന്നുള്ള മുന്‍ MP മാരുടെ കൊഴിഞ്ഞുപോക്കുകള്‍. ആദ്യം ഒരു അബ്ദുള്ളക്കുട്ടി, കുറച്ചു കഴിഞ്ഞപ്പോള്‍ ഡോ.K.S.മനോജ്‌, അധികം വൈകാതെ പഴയ ശിവരാമനും. എല്ലാര്‍ക്കും ഒരേ പല്ലവി - "മതപരമായ കാര്യങ്ങളില്‍ സിപിഎം-ന്റെ നിലപാടുകള്‍ ശരിയല്ല". എല്ലാര്‍ക്കും ഒരേ അഭയ കേന്ദ്രം- കോണ്ഗ്രസ്. ഈ മൂവര്‍ സംഘത്തിന്റെയും പിന്നെ മറ്റു ചിലരുടെയും സിപിഎം-ല്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനെ(സിപിഎം അവരെ പുറത്താക്കി എന്ന് പറഞ്ഞാല്‍ പലര്‍ക്കും അംഗീകരിക്കാന്‍ പറ്റിയെന്നു വരില്ല, സത്യം അതാണെങ്കിലും. കാരണം പുറത്താകുന്നതിന്റെ ഒരുപാട് ദിവസങ്ങള്‍ മുന്‍പുതന്നെ ഇവര്‍ കൊണ്ഗ്രെസ്സുമായുള്ള കരാര്‍ ഒപ്പിട്ടിട്ടാണല്ലോ വാര്‍ത്താ മാധ്യമങ്ങളിലൂടെ വിടുവായത്തം തുടങ്ങിയത്. "എന്നെ ഒന്ന് പുറത്താക്കിത്താ" എന്ന പോലെ) "കൊഴിഞ്ഞുപോക്ക്" എന്നതിനുപരിയായി "തിരിച്ചുപോക്ക്" എന്ന രീതിയിലാണ് കാണേണ്ടത്- സിപിഎം എന്ന പ്രമുഖ പാര്‍ട്ടിയുടെ ഭാഗമാകാന്‍ വേണ്ടി, അതില്‍ നിന്നും ലഭിക്കുന്ന അധികാരത്തിന്റെ അപ്പക്കഷണം കടിച്ചുതിന്നാന്‍ വേണ്ടി, മനസ്സിലെ ഉള്ളറകളില്‍ ഒളിച്ചുവെച്ച- ആ അപ്പക്കഷണങ്ങള്‍ അകന്നു പോയപ്പോള്‍, അല്ലെങ്കില്‍ അകന്നു പോകുമെന്ന ഭീതിയില്‍ അറിയാതെ (അതോ മനപ്പൂര്‍വമോ) പുറത്തുവന്ന - സ്വന്തം ചിന്താധാരയിലെക്കുള്ള തിരിച്ചു പോക്ക്.
അബ്ദുള്ളക്കുട്ടിയുടെ കാര്യം തന്നെയെടുക്കാം. കണ്ണൂര്‍ ലോക്സഭാസീറ്റ് നേടിയെടുത്ത അത്ഭുതക്കുട്ടിയായിട്ടായിരുന്നു അയാള്‍ പണ്ട് വാഴ്തപ്പെട്ടത്‌. ഈയുള്ളവനിന്നുമോര്‍ക്കുന്നു...ലോക്സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം കോളേജ് ഹോസ്ടലില്‍ രാത്രി കട്ടന്‍ചായ ഉണ്ടാക്കിക്കുടിച്ചു ഏറ്റവും ഒടുവില്‍ വന്ന ഫലമായ കണ്ണൂരിന് വേണ്ടി ഉറക്കമൊഴിച്ചു കാത്തിരുന്നത്, SFI നേതാവായ അബ്ദുള്ളക്കുട്ടി വിജയക്കൊടി പാറിച്ചപ്പോള്‍ തുള്ളിച്ചാടിയത്. അതിനു ശേഷം ആ സഖാവിന്റെ പെരുമാറ്റതിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും പല പഴയ സഖാക്കളില്‍ നിന്നുമറിഞ്ഞിരുന്നു... ഒരു സഖാവെന്ന നിലയില്‍ പ്രതീക്ഷിക്കാത്ത പലതും. പ്രത്യേകിച്ച് ഒരു ധനിക കുടുംബത്തില്‍ നിന്നും നടത്തിയ വിവാഹശേഷം. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആ പ്രതീക്ഷ അബ്ദുള്ളക്കുട്ടിക്കും തീരെയുണ്ടായിരുന്നില്ല എന്ന് ഒരു രാത്രിയിലെ TV വാര്‍ത്ത കണ്ടപ്പോള്‍ മനസ്സിലായി- നരേന്ദ്ര മോഡി പ്രശംസയില്‍ നിന്നും. തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ആഞ്ഞു പരിശ്രമിക്കുകയായിരുന്നു, ആരോപണങ്ങളും ഇടതു വിരുദ്ധ വേദികളിലെ വാചകക്കസര്‍ത്തുകളുമായി. മേമ്പൊടിക്ക് മതപരമായ കാര്യങ്ങളില്‍ സിപിഎം-ന്റെ നിലപാടുകളിലേക്ക്‌ വൈകാരികമായ വാക്കുകളിലൂടെ ഒരു കടന്നാക്രമണവും.  ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു... ആ കുരുത്തം കെട്ട കുട്ടി പുറത്തായി. സ്വീകരിക്കാന്‍ രണ്ടു കയ്യും നീട്ടി നില്‍പ്പുണ്ടായിരുന്നു സുധാകരന്റെ കൊണ്ഗ്രെസ്സ്. അവര്‍ക്കെന്തു ആശയം? എന്ത് ആദര്‍ശം? നരേന്ദ്ര മോഡി നേരിട്ട് വന്നാലും ആ ചവറുകൂനയില്‍ സ്ഥലമുണ്ടാകുമല്ലോ. സിപിഎം-ലെ എക്സ് MP സ്ഥാനത്തേക്കാള്‍ മെച്ചമായത്‌ തന്നെ കിട്ടി അബ്ദുള്ളക്കുട്ടിക്ക്... കൊണ്ഗ്രെസ്സിലെ MLA സ്ഥാനം. കുറച്ചു കാലത്തേക്ക് കൂടി പണിയായല്ലോ. ഭാര്യവീട്ടുകാരുടെ ബിസിനെസ്സില്‍ ഒത്താശ ചെയ്യാനും പറ്റും. കമ്മ്യൂണിസവും കൂടെ നിന്ന പഴയ സഖാക്കളെയും മറക്കാന്‍ ഇടയാക്കിയ, MP എന്ന നിലയിലുള്ള ഏറെ ആനുകൂല്യങ്ങളും സൌകര്യങ്ങളും അടങ്ങിയ സുഖലോലുപ ജീവിതത്തോളം വരില്ലെങ്കിലും MLA എന്ന നിലയില്‍ കുറച്ചു കാലം കൂടി സുഖിക്കാമല്ലോ. പിന്നെ വന്ന വഴി മറന്നാലെന്ത്?വലതു പക്ഷ വിദ്യാര്‍ഥി സംഘടനകളുടെയും UDF ഗുണ്ടകളുടെയും അടി കിട്ടി റോഡിലും ഓടയിലും കിടന്നത് ഓര്‍ക്കുന്നതെന്തിന്?
ഇത് പോലെ വഴിതെറ്റി വന്ന (MP സ്ഥാനം കിട്ടിയാല്‍ പിന്നെ ഏതു തെറ്റായ വഴിയിലും പോകാമല്ലോ) ഒരു കുഞ്ഞാടായിരുന്നു ഡോ.മനോജ്‌ കുരിശിങ്കല്‍. ഏതോ ലത്തീന്‍ കാതോലിക്കാന്‍ സംഘടനയുടെ ഭാരവാഹിയായ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആലപ്പുഴ മണ്ഡലത്തില്‍ അത്യാവശ്യം അറിയപ്പെട്ടിരുന്ന ഈ കുഞ്ഞാടിനെ നല്ലൊരു സ്ഥാനാര്‍ഥി എന്ന നിലയില്‍ മാത്രമായിരുന്നു സിപിഎം വി.എം.സുധീരനെതിരെ മത്സരിപ്പിക്കാന്‍ വേണ്ടി സമീപിച്ചത്. MP സ്ഥാനം കണ്ടു കണ്ണ് മഞ്ഞളിച്ചപ്പോള്‍ സിപിഎം മതത്തെ നിരാകരിക്കുന്ന കശ്മലന്മാര്‍ ആണെന്നൊന്നും ചിന്തിക്കാന്‍ മനോജിനു നേരമുണ്ടായില്ല, അഥവാ തലച്ചോറിനെ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചില്ല. ചാടിക്കയറി നിന്നു, ഇടതു തരംഗത്തില്‍ ജയിക്കുകയും ചെയ്തു. പിന്നെ ഡല്‍ഹി മാത്രമായിരുന്നു മൂപ്പരുടെ കര്‍മ്മമണ്ഡലം. ചികിത്സയും അങ്ങോട്ട്‌ തന്നെ മാറ്റി. വല്ലപ്പോഴുമെങ്കിലും സ്വന്തം മണ്ഡലത്തില്‍ വന്നു പോകണമെന്ന കടമ പോലും മറക്കാന്‍ തുടങ്ങി. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും(ഡല്‍ഹിയിലെ ചികിത്സ പെട്ടെന്നുപെക്ഷിക്കാന്‍ വയ്യല്ലോ) പാര്‍ട്ടി നിര്‍ത്തി. പ്രചാരണത്തിന് പോലും കൃത്യമായി വന്നില്ല. മാന്യമായി തോല്‍ക്കുകയും ചെയ്തു. എന്നിട്ടും പാര്‍ട്ടി എന്ന മാരണം തോളില്‍ നിന്ന് ഒഴിഞ്ഞു പോയില്ല. പിന്നെ ഒന്നും നോക്കിയില്ല, അബ്ദുള്ളക്കുട്ടിപ്പി താവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു നെടുനെടുങ്കന്‍ പ്രസ്താവന... "സിപിഎം മതസ്വാതന്ത്ര്യതിനെതിര്, ഞാന്‍ പോകുന്നു". ഇനി ഡല്‍ഹിയില്‍ പോയി സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു എക്സ് MP യുടെ ആനുകൂല്യങ്ങളും  പറ്റി സുഖിക്കാമല്ലോ. പിന്നെ കേന്ദ്രം ഭരിക്കുന്നത്‌ കൊണ്ഗ്രെസ്സ് ആയതു കൊണ്ട് സുഖം കുറച്ചു കൂട്ടാന്‍ ആ തോണിയില്‍ ഒരു കാലു വെക്കുകയും ചെയ്യാം. ഇനിയുള്ള ജീവിതം കുശാലായല്ലോ. 
ഇങ്ങനെ മുഖ്യധാരാ ചാനലുകളും പത്രവുമെല്ലാം ആഘോഷിച്ചു സിപിഎം-ന്റെ മുതുകില്‍ കയരിക്കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത എക്സ് MP ... ശിവരാമന്‍. കുറെക്കാലമായി ആ പേര് കേട്ടിട്ടില്ലാത്തത് കൊണ്ട് ആരും പെട്ടെന്ന് ഓര്‍ത്തിരിക്കില്ല ആ പേര്. പണ്ട് വന്‍ഭൂരിപക്ഷത്തില്‍ ഒറ്റപ്പാലത്ത് നിന്ന് ജയിച്ചതായിരുന്നു കക്ഷി. ഡല്‍ഹിയിലിരുന്നപ്പോള്‍ മനസ്സിലായ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ആയിരിക്കും, അടുത്ത തവണ പാര്‍ട്ടി മത്സരിപ്പിച്ചില്ല. പാര്‍ട്ടിയിലും വലിയ റോളൊന്നുമുണ്ടായിരുന്നില്ല. ആകെക്കൂടെ കാണിച്ച ഒരു പ്രവത്തനം ഭാര്യ വഴി ആയിരുന്നു. ജോലി ചെയ്ത സഹകരണബാങ്കില്‍ നടത്തിയ ക്രമക്കേടിന് ഭാര്യ തരംതാഴ്തപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ വലിയ ആവേശമായിരുന്നത്രേ. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ തേഞ്ഞ പഴയ കത്തി തന്നെ പുറത്തെടുത്തു... മതസ്വാതന്ത്ര്യം. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നാണല്ലോ.  സിപിഎം-ല്‍ നിന്ന് പോകുന്നവര്‍ക്ക് വി.ഐ.പി പരിഗണന കിട്ടുന്ന ഈ സമയത്ത് തന്നെ പോയില്ലെങ്കില്‍ ചാനലിലും പത്രതിലുമൊന്നും വലിയ ഫോടോ സഹിതം വരില്ലല്ലോ കിടിലന്‍ ഡയലോഗ്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ചെന്നിതലയോട് കരാറാക്കി ഒറ്റ ചാട്ടം. 
ഇവരോടൊക്കെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും കുറെ കാലം സഖാവേ എന്ന് വിളിച്ചു കൂടെ ഉണ്ടായിരുന്നവരെ മുഴുവന്‍ മറന്നു വേലി ചാടുമ്പോള്‍ കുറച്ചെങ്കിലും ധാര്‍മികത കാണിക്കേണ്ടേ? കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പറ്റി ഒരു ചുക്കും മനസ്സിലാക്കാന്‍ ശ്രമിക്കാതെ വെറും സ്ഥാനത്തിനു വേണ്ടിയാണോ ഇവരൊക്കെ സിപിഎം-ല്‍ വന്നത്? MP ആയിരുന്നപ്പോള്‍ തോന്നാതിരുന്ന തത്വചിന്ത കാലാവധി അവസാനിക്കാറാകുന്ന സമയത്തും തോറ്റാലും വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടാതിരുന്നാലും പെട്ടെന്ന് ഉദയം ചെയ്യുകയാണോ മനസ്സില്‍?  ഈ ആദര്‍ശ ശുദ്ധിയില്ലാത്ത അവസര വാദികളെയൊക്കെ യാതൊരു തത്വ ദീക്ഷയും കൂടാതെ സ്വീകരിക്കാനും പാര്‍ട്ടിക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയവരെ മുഴുവന്‍ മറന്നു സ്ഥാനാര്ത്തിയാക്കാനും നേതാക്കളുടെ അഭാവം അത്രയേറെ അലട്ടുന്നുണ്ടോ കോണ്ഗ്രെസ്സിനെ?
പിന്നെ മത സ്വാതന്ത്ര്യം. സിപിഎം-ല്‍ ആരുടേയും മതസ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നുന്ടെന്നു ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പള്ളിയില്‍ പോകുകയും ശബരിമലക്ക് പോകുകയും ചെയ്യുന്ന ദൈവ വിശ്വാസികളായ ഒരു പാട് പേര്‍ പാര്‍ട്ടിയിലുണ്ട്. പക്ഷെ അവരെല്ലാം വിശ്വാസികള്‍ മാത്രമാണ്, മതഭ്രാന്തന്മാര്‍ അല്ല. സ്വന്തം മതത്തെ അനാവശ്യമായി ഉയര്‍ത്തിക്കാട്ടി അന്യമതങ്ങളെ വാക്കുകളിലൂടെയും പ്രവര്തികളിലൂടെയും ഇകഴ്ത്തുകയും കായികമായിപ്പോലും എതിര്‍ക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഉടലെടുക്കുമ്പോഴാണ് മതം മനുഷ്യനെ മയക്കുന്ന കറപ്പായിതീരുന്നത്. അത്തരം മതവിശ്വാസതെയാണ് സിപിഎം എതിര്‍ക്കുന്നത്. അത്തരം ചിന്താഗതിയുള്ളവര്‍ സിപിഎം-ല്‍ ഇല്ല. ഉണ്ടെങ്കില്‍ അവരുടെ വഴി പുറതെക്കായിരിക്കുകയും ചെയ്യും. പാര്‍ട്ടി നയരേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉയര്തിക്കാട്ടിയാണല്ലോ പല വിമര്‍ശനങ്ങളും. നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. ജാതി-മത ഭേദങ്ങളില്ലാതെ എല്ലാവരെയും ഒന്നായിക്കാണാന്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് മതപരമായ ഒരു പ്രതിച്ഛായ നല്‍കും. അത് സിപിഎം-ന്റെ ആശയങ്ങള്‍ക്ക് കടകവിരുധമാണ്. പിന്നെ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന കാര്യം. പാര്‍ട്ടി രീതികള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നത് പുതിയ അംഗങ്ങള്‍ക്ക് സാവകാശം കൂടിയേ തീരൂ. അവരെ ആ രീതിയില്‍ നയിക്കേണ്ട മേല്കമ്മിറ്റി അംഗങ്ങള്‍ പൂര്‍ണമായും മതപരമായ ചടങ്ങുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ മാത്രമേ അവര്‍ക്ക് പ്രവര്‍ത്തകരെ ഉദ്ബോധിപ്പിക്കാന്‍ കഴിയൂ. അല്ലാതെ കൊണ്ഗ്രെസ്സിലെ പോലെ  ഒന്ന് പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന നേതാക്കളാണോ വേണ്ടത്? മറ്റൊരു കാര്യമാണ് ലെവി നല്‍കുന്ന കാര്യം. പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ചു ജയിച്ചു കിട്ടുന്ന ശമ്പളം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് നല്‍കുന്നതില്‍ എന്താണ് തെറ്റ്? പണമുണ്ടാക്കാന്‍ വേണ്ടിയാണോ MP ആയത്‌? എന്നാല്‍ വേറെ പണിക്കു വല്ലതും പോകാമല്ലോ. 
സ്വന്തം നില ഭദ്രമാക്കാനും തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനും കീശ വീര്‍പ്പിക്കാനും വേണ്ടി രാഷ്ട്രീയത്തിലിറങ്ങുന്ന, തന്നെ താനാക്കിയ പാര്‍ട്ടിയുടെ പേരില്‍ നേടുന്ന സ്ഥാനം വഴിയുണ്ടാകുന്ന സുഖസൌകര്യങ്ങളില്‍ മതിമറന്നു പാര്‍ട്ടിയെയും ആദര്‍ശത്തെയും മറക്കുന്ന, കാലുമാറി വരുന്നവരെ ഒരുളുപ്പും കൂടാതെ സ്വീകരിക്കുന്ന, നേരിനും നെറിക്കും ഒരു വിലയും നല്‍കാത്ത ഇത്തരം വിലകുറഞ്ഞു നാറിയ രാഷ്ട്രീയ സംസ്കാരം ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഇത്തരക്കാരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ രാഷ്ട്രീയത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മ തിരിച്ചുകിട്ടൂ.

February 03, 2010

പോപ്പുലര്‍ ഫ്രണ്ടിന്റെ സോഷ്യലിസം

കുറച്ചു ദിവസമായി  മലപ്പുറത്തെ (മറ്റു ജില്ലകളില്‍ ഉണ്ടോ എന്നറിയില്ല)  ചുവരുകളില്‍ എല്ലാം ഒരു പോസ്റര്‍ പ്രത്യക്ഷപ്പെട്ടിട്ട്‌. സര്‍ക്കാര്‍ ജോലിക്കാരുടെ ജാതിയും മതവും തിരിച്ചുള്ള ലിസ്റ്റ് ആണ് അതിലെ ഉള്ളടക്കം. പുതിയ രാഷ്ട്രീയ (?) പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ടിനാണ് ഈ പോസ്റരിന്റെ  പിതൃത്വം. NDF എന്ന പഴയ  വീഞ്ഞ് (അതോ വിഷമോ?) പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്തുണ്ടാക്കിയ ഉല്‍പ്പന്നം. അതില്‍ നായരുടെയും മുസ്ലീങ്ങളുടെയും എണ്ണത്തിന് മുകളില്‍ ഒരു ചുവന്ന വൃത്തവുമുണ്ട്. നായന്മാര്‍ക്ക് 12 ശതമാനത്തോളം കൂടുതലും മുസ്ലീങ്ങള്‍ക്ക് 17 ശതമാനത്തോളം കുറവും ആണത്രേ. കൂടുതലുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ എന്നാണു അടിക്കുറിപ്പ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ

February 02, 2010

ഞങ്ങളിലും മനുഷ്യരുണ്ട്

ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഒരു ഡോക്ടറാകാന്‍ തോന്നിയത്. വേറെ ഒന്നും കൊണ്ടല്ല, നാട്ടുകാരില്‍ ചിലരുടെ മനോഭാവം കണ്ടപ്പോള്‍ തോന്നിപ്പോയതാ. വെറുതെ ഇരൂന്ന്നു പണം വാരുന്ന കശ്മലന്മാരായിട്ടു ആണെന്ന് തോന്നുന്നു ഞങ്ങളെപ്പറ്റി എല്ലാരും കരുതുന്നത്. നാട്ടില്‍ ഒരു പൊതുപരിപാടി ഉണ്ടെങ്കില്‍ ഉടന്‍ വരും പിരിവ്. ചെറിയ സംഖ്യ വല്ലതും പറഞ്ഞാല്‍ ഉടനെ ഒരു ചോദ്യമുണ്ട്. "എന്താ ഡോക്ടറെ, നിങ്ങളൊക്കെ ഇങ്ങനെയായാലോ?" നമ്മുടെ വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടെന്നു തോന്നും അത് കേട്ടാല്‍. വല്ല സാധനം വാങ്ങാന്‍ പോകുമ്പോള്‍ ഒന്ന് വില പേശാമെന്നു വെച്ചാല്‍ ഉടന്‍ വരും ചോദ്യം- "നിങ്ങള്‍ക്കെന്തിനാ ഡോക്ടറെ കുറയ്ക്കുന്നത്?". എന്ത് കാര്യമായാലും ഇങ്ങനെത്തന്നെ.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം