ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 16, 2010

ആസൂത്രണം

2009-ലോ 2010-ലോ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഞാനന്ന് കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് കോര്‍പ്പറെഷനില്‍ ഞങ്ങളുടെ കോളേജ് സ്ഥിതി ചെയ്യുന്ന കാരപ്പറമ്പ് ഡിവിഷനിലെക്കുള്ള   സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ ഡെപ്യുട്ടി മേയര്‍ ലത്തീഫ് മാഷിനു വേണ്ടി പ്രചാരണത്തിനായി കോളേജിലെ മറ്റു വിദ്യാര്‍ഥി സഖാക്കളോടൊപ്പം ഞാനുമിറങ്ങിയിരുന്നു.  വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം പുതിയതും    വ്യത്യസ്തവുമായ അനുഭവമായിരുന്നു. പലതരത്തിലുള്ള ആളുകള്‍. പലതരത്തിലുള്ള പ്രതികരണങ്ങള്‍. LDF   അനുഭാവികളുടെ വീട്ടില്‍ ചെന്നാല്‍ ഊഷ്മളമായ സ്വീകരണമായിരിക്കും. UDF-കാരുടെയോ BJP -ക്കാരുടെയോ വീട്ടില്‍ ചെന്നാല്‍ തെറി വരെ കേട്ടേക്കാം.ഒരു ഡോക്ടറെന്ന നിലയില്‍ ജനങ്ങളുടെ ചിന്താഗതിയുടെയും മാനസിക വ്യാപാരങ്ങളുടെയും ഒരു പഠനം നടത്താന്‍ ആ പ്രചാരണവും അതിനു ശേഷം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സത്യത്തില്‍ ഏറെ സഹായിച്ചിരുന്നു. ജനകീയാസൂത്രണം വഴി നേടിയ വീടിനു കക്കൂസ് അനുവദിച്ചില്ലെന്നു പറഞ്ഞ് , ആ വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെ ആ പദ്ധതിയേയും നടപ്പാക്കിയ സര്‍ക്കാരിനെയും ചീത്ത വിളിച്ചവര്‍ വരെയുണ്ടായിരുന്നു.
ഓരോ വീടുകളിലും പോകുമ്പോള്‍ ഓരോരുത്തരായിരുന്നു സ്ഥാനാര്‍ഥിയെ പറ്റിയും ചിഹ്നത്തെ പറ്റിയും മറ്റും  സംസാരിച്ചിരുന്നത്. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടു ലത്തീഫ് മാഷ്‌ നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി ഞങ്ങള്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ അത് വരെ ഒന്നും പറയാതിരുന്ന ഒരു സുഹൃത്തിനു വലിയ വാശി. അവന്‍ തന്നെ കാര്യങ്ങള്‍ മുഴുവന്‍ പറയുമെന്ന്. ഞങ്ങള്‍ സമ്മതിച്ചു. ബെല്ലടിച്ചപ്പോള്‍ പുറത്തു വന്ന സ്ത്രീയോട് അവന്‍ പറഞ്ഞു തുടങ്ങി... "നമ്മുടെ സ്ഥാനാര്‍ഥി ലത്തീഫ് മാഷാണ് കേട്ടോ. മാഷേ അറിയില്ലേ? ഈ കുടുംബാസൂത്രണത്തിന്റെ ഒക്കെ വളരെ പ്രധാനപ്പെട്ട ആളാ." ഞങ്ങള്‍ ചിരി തുടങ്ങിയിട്ടും പിന്നില്‍ നിന്നു തോണ്ടിയിട്ടുമൊന്നും അവനു കാര്യം മനസ്സിലായില്ല. വീണ്ടും കേറി കത്തിക്കുക തന്നെ..."കുടുംബാസൂത്രണമെന്നു പറയുമ്പോ...". ആ സ്ത്രീ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു പിള്ളേരെ നോക്കി ഒറ്റ ചിരി. അപ്പോഴേ അവനു കാര്യം മനസ്സിലായുള്ളൂ. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഞങ്ങള്‍ അവിടുന്ന് വലിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുറെക്കാലമായി ആ ഡിവിഷനില്‍ നിന്നു ജയിച്ചു കൊണ്ടിരുന്ന UDF സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തില്‍ മറികടന്നു ലത്തീഫ് മാഷ്‌ വിജയിച്ചു. ആഹ്ലാദ പ്രകടനം കടന്നു പോയപ്പോള്‍ ഞങ്ങള്‍ നമ്മുടെ ആസൂത്രണക്കാരനോട് പറഞ്ഞു. "ആ സ്ത്രീ നാളെ കോര്‍പ്പറെഷന്‍ ഓഫീസില്‍ പോയി കുടുംബാസൂത്രണം നടത്താന്‍ ലത്തീഫ് മാഷേ കാണണമെന്ന് പറയും. നിനക്ക് പണിയായി".

March 11, 2010

മാരകം മലയാലം

രെന്‍ജിനി ഹരിദാസിന്റെ 'മലയാലത്തെ' കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ. അത് പോലെ മലയാളം പറയുന്ന കുറേപ്പേര്‍ കേരളത്തിലെ കൊളേജുകളിലുണ്ട്. ഇന്ന് അത്തരക്കാരാണ് കൂടുതലെങ്കിലും ഒരു പത്തു കൊല്ലം മുന്‍പ് എണ്ണത്തില്‍ കുറവായിരുന്നു.
കേരളത്തിലെ പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ഭാഷ അറിയാതെ പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. അത് പോലെ തന്നെയാണ് N .R .I മലയാളികളുടെ മക്കളുടെ കാര്യവും. ഗള്‍ഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ പ്ലസ്-2 ക്ലാസ്സ് വരെ പഠിക്കുന്ന ഇക്കൂട്ടര്‍ "മലയാലം കുരച്ചു കുരച്ചു മാത്രം അരിയാം" എന്ന അവസ്ഥയിലായിരിക്കും കേരളത്തിലെ കോളേജുകളില്‍ പഠിക്കാനെത്തുന്നത്. അധ്യയനം ഇംഗ്ലീഷിലായത്  കൊണ്ട് ആ കാര്യത്തില്‍ പ്രശ്നമില്ലെങ്കിലും ഹോസ്ടലിനടുത്തുള്ള കടയില്‍ പോയി സാധനം വാങ്ങാനും ബസ്സില്‍ കയറി അടുത്തുള്ള ടൌണില്‍ പോകാനുമെല്ലാം അവര്‍ തുടക്കത്തില്‍ വളരെ ബുദ്ധി മുട്ടാറുണ്ട്.
ഇത്തരത്തില്‍ പെട്ട കുറച്ചു പേര്‍ എന്റെ കോളേജിലും ഉണ്ടായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ച ഞങ്ങള്‍ കുറച്ചു പേര്‍ അവരുടെ അബദ്ധങ്ങള്‍ ആഘോഷിച്ച് (ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പറയുമ്പോള്‍ ഉള്ള തപ്പലില്‍ നിന്നുണ്ടാകുന്ന കുശുമ്പ് കൊണ്ടല്ല കളിയാക്കുന്നത്, സത്യം!!!) ഏറെ ചിരിച്ചു വശം കെടാറും ഉണ്ടായിരുന്നു. തമിള്‍നാട്ടില്‍ നിന്നു വന്ന സഹപാഠി കടയില്‍ പോയി "കളിക്കാന്‍ രണ്ടു വാളപ്പളം" എന്ന് പറയുന്നത് കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും? വേറൊരു സഹപാഠിനി കാന്റീനില്‍ ചായ കുടിക്കാന്‍ പോയി. ചായ കൊണ്ട് വെച്ചപ്പോള്‍ ഒരീച്ച. ഉടനെ ആ മലയാളിപ്പെന്കൊടി വിളിച്ചു പറഞ്ഞു-  "ചേറ്റാ, ചായില്‍ ഒരു മൃഗം". 'ചെറ്റ' എന്ന് വിളിച്ചതിന് ആ ചേട്ടന്‍ തല്ലാഞ്ഞതിനു ഈച്ചയോടു നന്ദി പറയണം.    
അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്ക് പുറമേ സ്വയം കഥകളുണ്ടാക്കി അവരുടെ തലയില്‍ കെട്ടി വെച്ചു കൊടുക്കുന്നതും സാധാരണയായിരുന്നു. അത്തരമൊരു കഥയിതാ... നമ്മുടെ കഥാനായിക ടു വീലെറില്‍ പോകുമ്പോള്‍ ഒരു സ്കൂള്‍ കുട്ടിയുടെ മേല്‍ വണ്ടി തട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടി പറഞ്ഞു..."ആ ചേച്ചി നിരപരാധിയാ, ഞാനാ നോക്കാതെ റോഡ്‌ ക്രോസ് ചെയ്തത്". കേട്ട പാതി കേള്‍ക്കാത്ത പാതി കഥാനായിക ഒറ്റ അലര്‍ച്ച..."കുറ്റീ... വാട്ട് ആര്‍ യു ടെല്ലിംഗ്?  നീയാ നിരപരാതി, എന്റെ ഭാഗത്ത്‌ മിസ്ടെക് ഇല്ല".
ഞങ്ങളുടെ കളിയാക്കലുകള്‍ മൂലം എന്ത് വന്നാലും മലയാളം പഠിച്ച് പറയും എന്നായി അവരുടെ തീരുമാനം. അതോടെ അവര്‍ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം മലയാളം മാത്രം പറഞ്ഞു തുടങ്ങി. പിന്നെ മുന്‍പത്തേക്കാള്‍ കഷ്ടമായി അവസ്ഥ.
ഒരു സഹപാഠിനിക്ക് എന്തോ അസുഖത്തിന് ബ്ലഡ് എക്സാമിനേഷന് എഴുതിക്കൊടുത്തു. ഞങ്ങള്‍ ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് കോളേജിലും ആശുപത്രിയിലും പരിചയമായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. ഹോസ്പിറ്റലിലെ ലാബില്‍ പോകാന്‍ അവള്‍ ആദ്യം കണ്ട ഹൌസ് സര്‍ജന്‍ ചേട്ടനെ സമീപിച്ചു പറഞ്ഞു... "ചേറ്റാ, എന്റെ രെക്റ്റം പരിസോദിക്കണം". തറകളില്‍ തത്തറ എന്ന് കുപ്രസിദ്ധിയുള്ള ചേട്ടന്‍ ഒരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..."കൊച്ചു രാവിലെ കക്കൂസില്‍ പോയതാണല്ലോ അല്ലെ? ഇല്ലെങ്കില്‍ ആകെ വൃത്തി കേടാകും". രക്തവും രെക്ടവും(rectum) തലയില്‍ കയറാന്‍ കഥാനായികക്ക് കുറച്ചു സമയമെടുത്തു. എന്തായാലും പിന്നീട് അവള്‍ കുറെക്കാലത്തേക്ക് മലയാളം പറഞ്ഞിട്ടില്ല.

March 10, 2010

"തുണ്ട് " - (2)

("തുണ്ട് " -1 ഇവിടെ ഉണ്ട്...)
എല്ലാവരും തുണ്ട് വെക്കുന്നത് കണ്ടു പ്രചോദനവും ഉത്തേജനവും ഉള്‍ക്കൊണ്ടാണ് ഈ പരിപാടി ഒന്ന് പരീക്ഷിക്കാമെന്നു കരുതിയത്‌. മര്യാദക്കിരുന്നു പഠിച്ചാല്‍ തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആവേശം കയറിയാല്‍ പിന്നെ അതൊന്നും ആലോചിക്കില്ലല്ലോ. മുതുകാടിനെ മനസ്സില്‍ ധ്യാനിച്ച്‌ സുഹൃത്തിന്റെ ഉപദേശപ്രകാരം ഹാര്‍മോണിയം നിര്‍മ്മിക്കാന്‍ തുടങ്ങി. നീളത്തിലുള്ള പേപ്പര്‍ എടുത്തു ഹാര്‍മോണിയം പോലെ മടക്കി ആദ്യം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അങ്ങനെ വേണമത്രേ. എന്നിട്ട് ഏറ്റവും നേരിയ മുനയുള്ള ഒരു പേന തെരഞ്ഞു പിടിച്ചു മഹാകാവ്യ രചന തുടങ്ങി. എഴുതി വന്നപ്പോള്‍ മനസ്സിലായി, ഒരു ഹാര്‍മോണിയത്തില്‍ ഒരു എസ്സേ അല്ല ഒരു പുസ്തകം തന്നെ വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്. കുറെ നേരമെടുത്തു ആ പണി തീരാന്‍. ഒടുവില്‍ പിറ്റേന്നത്തെ പരീക്ഷയില്‍ ഒന്നാമതെത്തുന്നത് സ്വപ്നം കണ്ടു കിടന്നുറങ്ങി. രാവിലെ എണീക്കാന്‍ അലാറം വെച്ചെങ്കിലും എണീക്കാന്‍ തോന്നിയില്ല. എല്ലാം തുണ്ടിലുണ്ടല്ലോ, ഇനിയെന്തിനു വെറുതെ പഠിച്ചു സമയം കളയണം? കുറെക്കഴിഞ്ഞു എണീറ്റ്‌ രാവിലത്തെ കലാപരിപാടികള്‍ തീര്‍ത്തു നെഞ്ചും വിരിച്ചു പരീക്ഷക്ക്‌ പുറപ്പെട്ടു.
തുണ്ടുകള്‍ പോക്കറ്റില്‍ തന്നെ ഉണ്ടെന്നുറപ്പുവരുത്തി പരീക്ഷാഹാളില്‍ കയറിയിരുന്നു. എന്തോ ഒരു ചെറിയ ടെന്‍ഷന്‍. പേടി എന്നൊന്നും പറയാന്‍ കഴിയില്ല ഒരു ധൈര്യക്കുറവ്. എല്ലാരും എന്നെ നോക്കുന്നുണ്ടോ എന്നൊരു തോന്നല്‍. വിയര്‍ക്കുന്നത് ചൂട് കൊണ്ടായിരിക്കും. സാറ് വന്നു ചോദ്യപേപ്പര്‍ തന്നു. നോക്കിയപ്പോള്‍ അഞ്ചില്‍ മൂന്ന് എസ്സെയും എന്റെ തുണ്ടിലുള്ളത് തന്നെ. മറ്റേതു രണ്ടും ഞാന്‍ നേരത്തെ പഠിച്ചു വെച്ചിട്ടും ഉണ്ട്. ആനന്ദ ലബ്ധിക്കിനി എന്ത് വേണം? ഞാന്‍ പ്രവര്‍ത്തന പഥത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു സംശയം... അറിയാവുന്നത് ആദ്യമെഴുതണോ അതോ ആദ്യം തുണ്ടില്‍ നിന്നു തുടങ്ങണോ? തുണ്ട് കഴിഞ്ഞാല്‍ ആ പണി കഴിഞ്ഞല്ലോ. അറിയാവുന്നത് എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. അങ്ങനെ തുണ്ട് പുറത്തെടുക്കാന്‍ തീരുമാനിച്ചു. നാല് പാടും ഒന്ന് നോക്കി. കൂട്ടത്തില്‍ സാറിനെയും. അപ്പോള്‍ സാറെന്നെ തന്നെ നോക്കുകയാണോ എന്നൊരു സംശയം. ഇനിയിപ്പോ സാറിനു വല്ലതും മണത്തോ? സാറ് നോക്കുമ്പോള്‍ തുണ്ട് പുറത്തെടുക്കാന്‍ വയ്യല്ലോ. ഞാന്‍ ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതായി കാണിച്ചു. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവന്മാരെല്ലാം ആഞ്ഞു എഴുതിക്കൊണ്ടിരിക്കുകയാണ്.എനിക്കാണെങ്കില്‍ ആകപ്പാടെ കുറുക്കന് ആമയെ കിട്ടിയ പോലെ തുണ്ടുണ്ടായിട്ടും എന്ത് ചെയ്യണമെന്നു മനസ്സിലാകുന്നില്ല. സമയവും പോകുന്നുണ്ട്. അപ്പോള്‍ സാറുണ്ട്‌ പുറത്തു പോകുന്നു. "ഹാവൂ". എന്റെ ശ്വാസം നേരെ വീണു. ഞാന്‍ തുണ്ട് എങ്ങനെയൊക്കെയോ പുറത്തെടുത്തു പേപ്പറിന്റെ ഇടയില്‍ പ്രതിഷ്ഠിച്ച്‌ എഴുതിത്തുടങ്ങി. ആദ്യത്തെ എസ്സേ കഴിയാറായപ്പോഴാണ്‌ ഞാന്‍ അത് കണ്ടത് - എന്റെ പിന്നില്‍ മാറ്റിയിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുന്നു സാര്‍. കൊണ്ടുപിടിച്ച എഴുത്തിനിടയില്‍ സാറ് തിരിച്ചു ക്ലാസില്‍ കയറിവന്നതൊന്നും ഞാന്‍ കണ്ടിരുന്നില്ല. എനിക്ക് പരവേശം തുടങ്ങി. മുട്ടുകള്‍ക്ക് നല്ല വിറ. വായില്‍ ഒറ്റ തുള്ളി വെള്ളമില്ല. തിരിഞ്ഞു നോക്കാനും വയ്യ. എന്റെ കഷ്ടപ്പാട് കണ്ടു അപ്പുറത്തിരുന്ന റാങ്കുകാരി ചിരി തുടങ്ങി. അവള്‍ക്കു കാര്യം മനസ്സിലായി എന്ന് തോന്നുന്നു. ആകെ നാണക്കേടായി. അപ്പോളുണ്ട്‌ മറ്റൊരുത്തന്‍ അപ്പുറത്ത് നിന്നു ചിരിച്ചു കൊണ്ട് രണ്ടു വിരല്‍ നീട്ടിക്കാണിച്ചു ചിരിക്കുന്നു. എന്റെ ഞെളിപിരി കണ്ടു "കക്കൂസില്‍ പോണോടാ" എന്ന് ചോദിക്കുകയാണെന്നെനിക്കു മനസ്സിലായി. അവനെ കണ്ണുരുട്ടി നോക്കി ഞാന്‍ മനസ്സില്‍ രണ്ടു മുട്ടന്‍ തെറി പറഞ്ഞു. അല്ലാതെന്തു ചെയ്യാന്‍. വല്ല വിധേനയും ആദ്യത്തെ എസ്സേ ഞാന്‍ എഴുതിതീര്‍ത്തു. 
ഇപ്പോള്‍ തന്നെ ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമാണിനി ബാക്കി. മൂന്നെസ്സെയും അഞ്ചു ഷോര്‍ട്ട് നോട്ടും തീര്‍ക്കണം ആ സമയം കൊണ്ട്. ഇനി തുടര്ന്നെഴുതണമെങ്കില്‍ എക്സ്ട്രാ പേപ്പര്‍ വാങ്ങണം. തുണ്ട് പെപ്പരിനുള്ളില്‍ മറച്ചു വെച്ചു ഞാന്‍ പതുക്കെ എണീറ്റ്‌. സാറ് അടുതുവന്നപ്പോലേക്കുണ്ട് കാറ്റടിച്ചു പേപ്പരെല്ലാം ഒറ്റ പറക്കല്‍. ഒറ്റക്കുതിപ്പില്‍ ഞാന്‍ ഓടിച്ചെന്ന് അതെല്ലാം കൂടി പെറുക്കിയെടുത്തു. അപ്പനപ്പൂപ്പന്മാരുടെ സുകൃതം കൊണ്ട് ഹാര്‍മോണിയം പുറത്തു വീണില്ല. പേപ്പര്‍ വാങ്ങി സീറ്റിലിരുന്നെങ്കിലും ഞാന്‍ നോര്‍മലാകാന്‍ കുറച്ചു സമയമെടുത്തു.  
കൈ വിറച്ചു കൊണ്ടാണെങ്കിലും തുണ്ട് വീണ്ടും പുറത്തെടുത്തു. അപ്പോളുണ്ട്‌ സാറെണീറ്റു റോന്തു ചുറ്റാന്‍ തുടങ്ങുന്നു.  ഇയാള്‍ക്ക് ആ മൂലക്കെങ്ങാന്‍ ഇരുന്നാല്‍ പോരെ? എങ്ങനെയൊക്കെയോ ഞാന്‍ എഴുതിത്തുടങ്ങി. പേപ്പറില്‍ നോക്കാതെയും എഴുതാന്‍ പറ്റുമെന്ന് അപ്പോളാണ് മനസ്സിലായത്‌. കണ്ണ് സാറിന്റെ മുകളിലാണല്ലോ. ഇതൊക്കെ വായിച്ചെടുത്താല്‍ സാറിനു വല്ല അവാര്‍ഡും കൊടുക്കണം. 
അങ്ങനെ രണ്ടാമത്തെ എസ്സെ എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വാച്ച് നോക്കി. ഇനി കഷ്ടിച്ച് ഒരു മണിക്കൂര്‍ ബാക്കി. അപ്പോഴാണെനിക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് ബോധ്യം വന്നത്. എങ്ങനെയായാലും ഇന്നീ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ പറ്റില്ല. തുണ്ട് വെക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കാന്‍ മാത്രമേ ഇനി പറ്റൂ. തുണ്ട് ചുരുട്ടിക്കൂട്ടി പുറത്തെക്കെറിയുക മാത്രമേ എനിക്ക് വഴിയുണ്ടായുള്ളൂ. പോട്ടെ പണ്ടാരം. ഞാന്‍ അറിയാവുന്ന എസ്സെ എഴുതിത്തുടങ്ങി. എവിടെ തീരാന്‍? സമയം തീരാറായതിന്റെ ടെന്‍ഷനില്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എഴുതുന്നതാണെങ്കില്‍ ഒന്നും ഒരു ഓര്‍ഡറിലാവുന്നില്ല. എന്തൊക്കെയോ വാരിവലിച്ചു എഴുതി. അവസാന ബെല്ലടിച്ചപ്പോള്‍ നാല് ഷോര്‍ട്ട് നോട്ടു ബാക്കി.  
സാറ് പേപ്പര്‍ വാങ്ങാന്‍ വന്നപ്പോള്‍ ഞാന്‍ മുടിഞ്ഞ എഴുത്തായിരുന്നു. ഗതികെട്ട സാറ് അവസാനം പേപ്പര്‍ പിടിച്ചു വാങ്ങി. പോരാത്തതിന് ഒരു കിടിലന്‍ ഡയലോഗ്. "മോനെ, ധൈര്യമില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്!!!".  പിന്നൊന്നും എനിക്കോര്‍മ്മയില്ല...

March 06, 2010

മാമ്പഴമില്ലാക്കാലം

അങ്കണതൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ...
വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ  ചുവട്ടില്‍ മാമ്പഴം വീഴാന്‍ വേണ്ടി കാത്തു നിന്നിരുന്ന ബാല്യകാലം ഇന്നും നാവിലും മനസ്സിലും മധുരം നിറക്കുന്നു. വീട്ടിലെ ഒറ്റക്കുട്ടിയായി വളര്‍ന്നത്‌ കൊണ്ടും കൂട്ടുകാര്‍ കുറവായിരുന്നത് കൊണ്ടും  ഈയുള്ളവന് ഇത് പോലുള്ളവ മാത്രമാണ് ബാല്യകാലസ്മരണകള്‍. അന്ന് പറമ്പില്‍ മുഴുവന്‍  മാവുകളായിരുന്നു. പിന്നെ പ്ലാവും പുളിങ്ങയും പേരക്കയും എല്ലാം. പല തരത്തിലുള്ള മാവുകള്‍. പേരറിയാത്തവ. പലതും നല്ല പുളിയന്മാരായിരുന്നെങ്കിലും കടിച്ചു വലിച്ചു തിന്നുമ്പോള്‍ ഒരു മധുരമുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ തെങ്ങില്‍ തേങ്ങ കുറയുന്നു എന്ന് പറഞ്ഞു അമ്മ കുറെ മരങ്ങള്‍ വെട്ടിക്കളഞ്ഞു. എങ്കിലും മൂവാണ്ടനും ഒന്ന് രണ്ടു പുളിയന്മാരും ബാക്കിയുണ്ടായിരുന്നു...
ഓരോ തവണയും മാമ്പഴക്കാലം വരുമ്പോള്‍ പഴയ മധുരം ഓര്‍മ്മ വരും. പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം. ഈ വര്‍ഷം ഈ മാവുകള്‍ക്കെല്ലാം എന്ത് പറ്റി? നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ പൂങ്കുലകള്‍ ചൂടി നില്‍കാറുള്ള അവരെല്ലാം ഇത്തവണ പണിമുടക്കിലാണോ? ഇന്നത്തെ കുട്ടികള്‍ക്ക് മാമ്പഴം പെറുക്കാനും മാവിന്‍ ചുവട്ടില്‍ കളിവീട് പണിയാനും സമയമില്ലാതതില്‍ പ്രതിഷേധിച്ച് മാവുകള്‍ പിണങ്ങിയിരിക്കുകയാണോ? കടുമാങ്ങക്ക് മാങ്ങ പറിക്കാന്‍ തുടങ്ങാറുള്ള ഈ മാര്‍ച്ച് മാസത്തിലും ഇങ്ങനെ പൂക്കാതെ കായ്ക്കാതെ നില്‍ക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു? ഇന്നും കുറെക്കുട്ടികളെങ്കിലും മാങ്ങ പെറുക്കാന്‍ വരുന്ന നാട്ടിന്‍പുറങ്ങളിലെ മാവുകളും ഇതില്‍ പങ്കു ചേര്‍ന്നത്‌ തമിഴ്നാട്ടില്‍ നിന്നും മറ്റും കേരളത്തിലെത്തുന്ന മാങ്ങ വില കൊടുത്തു വാങ്ങി കഴിച്ചു തങ്ങളെ ചീച്ചു കളയുന്ന മലയാളിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണോ?    
സുഹൃത്തായ കൃഷിശാസ്ത്രജ്ഞനോട് ചോദിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു. അന്തരീക്ഷത്തിലെ ചൂടിന്റെ അളവാണത്രേ മാവിന്റെ കായ്ക്കലിനെ നിയന്ത്രിക്കുന്ന മുഖ്യ ഘടകം. ചൂട് കൂടുന്നതിനനുസരിച്ച് പൂക്കുന്നതിനും പൂക്കള്‍ കായാകുന്നതിനും തടസ്സം നേരിടുന്നു. ആഗോളതാപനം വരുത്തിവെക്കുന്ന ഓരോ വിനകള്‍. പ്രകൃതി മനുഷ്യനോടു പക വീട്ടി തുടങ്ങിയിരിക്കുന്നു. നമ്മുടെ ഭാവി തലമുറകള്‍ക്കെങ്ങോ സംഭവിക്കുമെന്ന് കരുതിയ എല്ലാ ദുരിതങ്ങളും നമുക്ക് മേല്‍ തന്നെ തീമഴയായി പതിക്കുന്നു. മനുഷ്യന്‍ തന്റെ അമ്മയായ ഭൂമിയോട് ചെയ്യുന്ന ഓരോ ദ്രോഹവും പ്രകൃതി ദുരന്തങ്ങളുടെയും ഭകഷ്യക്ഷാമത്തിന്റെയും രോഗങ്ങളുടെയും രൂപത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങുന്നു. 
പ്രകൃതിയോടു നമുക്ക് മാപ്പിരക്കാന്‍ ഇനിയെന്ത് വഴി?
അടുത്ത തലമുറയ്ക്ക് നല്‍കാന്‍ നമുക്കിനിയെന്തുണ്ട്?
അതോ അതിനെല്ലാം മുന്‍പ് തന്നെ നാം എരിഞ്ഞ് തീരുമോ?

March 04, 2010

സീനിയര്‍ രോഗി

മൂന്നാം വര്‍ഷ ബി.എച്.എം.എസ്. പരീക്ഷയുടെ പ്രാക്ടിക്കല്‍ (ബെഡ് സൈഡ് വിവ). പുനത്തിലിന്റെ "മരുന്നില്‍" പറയുന്ന പോലെ പെട്ടെന്ന് രോഗം കണ്ടു പിടിക്കാവുന്ന ഏതെങ്കിലും രോഗികളെ കിട്ടണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. ഒരു ധൈര്യത്തിന് വേണ്ടി ഐ.പി.യില്‍ കിടക്കുന്ന മുഴുവന്‍ രോഗികളുടെയും പേരും ബെഡ് നമ്പരും രോഗവും മനസ്സിലാക്കി ലിസ്റ്റുണ്ടാക്കി കാണാപ്പാഠം പഠിക്കുന്ന ഇന്റര്‍ നാഷണല്‍ ബുജികളാണ് കൂടുതലും. ഞങ്ങളെപ്പോലുള്ള മടിയന്മാര്‍ അതിലേക്കൊന്ന് എത്തി നോക്കി കുറെയൊക്കെ മനസ്സിലാക്കി വെക്കും.
മെഡിക്കല്‍ കോളേജ് ആയതു കൊണ്ട് കുറെ പാവങ്ങള്‍ രോഗമൊന്നുമില്ലെങ്കിലും ബ്രെഡിനും മുട്ടക്കും വേണ്ടി വന്നു കിടക്കുന്നുണ്ടാവും. അവരെ കിട്ടിയാലാണ് തൊന്തരവ്‌ മുഴുവന്‍. രോഗമില്ലെന്ന കാര്യം മനസ്സിലാകരുതെന്നു കരുതി ലോകത്തുള്ള രോഗലക്ഷണങ്ങള്‍ മുഴുവന്‍അവരെടുത്ത് അലക്കും. എക്സാമിന്‍ ചെയ്യുമ്പോള്‍ എങ്ങനെ കിടന്നു തരണമെന്നും ഓരോ ചോദ്യത്തിനും എങ്ങനെയൊക്കെ മറുപടി പറയണമെന്നും എല്ലാം അവര്‍ക്കറിയാം. ഇങ്ങനെയൊക്കെ ആണെങ്കിലും ചില വിരുതന്മാര്‍ അവസാനം സാറ് വരുമ്പോള്‍ പറഞ്ഞത് മുഴുവന്‍ മാറ്റിപ്പറയും... രോഗത്തിന്റെ തീവ്രത കൂട്ടാന്‍. 
എന്തൊക്കെയോ പഠിച്ച്, രോഗികളെക്കുറിച്ച് ഏകദേശ രൂപമുണ്ടാക്കി ഞാന്‍ രാവിലെ ഐ.പിയിലെത്തി. നറക്കെടുപ്പിലൂടെയാണ് രോഗികളെ വീതിച്ചു തരിക. സകലമാന ദൈവങ്ങളെയും പിശാചുക്കളെയും മരുന്നിലെ 'ജോണ്‍ ബല്‍ദേവ് മിര്‍സ' എന്ന രോഗിയെയും മനസ്സില്‍ ധ്യാനിച്ച്‌ ഒരു പേപ്പര്‍ എടുത്തു. ബെഡ് നമ്പര്‍ 52 . മുന്‍പ് കണ്ട ലിസ്റ്റിലുള്ള ആരുമല്ല. അല്‍പ്പം ടെന്ഷനോടെ ബെഡിനടുത്തെത്തി. നോക്കിയപ്പോള്‍ കുഞ്ഞറമുട്ടിക്ക.  എത്രയോ വര്‍ഷങ്ങളായി ഇടയ്ക്കിടെ വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന നടുവേദനക്കാരന്‍. രാവിലെ എത്തിയിട്ടേ ഉള്ളൂ.അതാണിന്നലെ ലിസ്റ്റില്‍ പെടാഞ്ഞത്. സാധാരണ ആ രോഗിയെ ആര്‍ക്കും കൊടുക്കാറില്ലെന്ന് തോന്നുന്നു. ഇതിപ്പോള്‍ റംസാന്‍ വ്രതം കഴിഞ്ഞ ഉടനെ ആയതിനാല്‍ രോഗികള്‍ കുറവായത് കൊണ്ടായിരിക്കും. എന്തായാലും അല്‍പ്പം ആശ്വാസമായി. രോഗം എന്താണെന്ന് മുന്‍കൂട്ടി അറിയാറായല്ലോ. രോഗിയെ ചെരിച്ചും മറിച്ചും കിടത്തി കാലു പൊക്കിയും താഴ്ത്തിയും ഞാന്‍ പരിശോധന തുടങ്ങി. എന്നെക്കാള്‍ നന്നായി പഠിച്ച ആളെപ്പോലെ മൂപ്പര്‍ കയ്യും കാലുമൊക്കെ കൃത്യമായി വെച്ചു തന്നു. എന്നെപ്പോലുള്ള  കുറെ മെഡിക്കോസ് കേറി നിരങ്ങിയതാണല്ലോ ആ ശരീരത്തില്‍. ഒടുവില്‍ എല്ലാം എഴുതി തയ്യാറാക്കി ഞാന്‍ ആശ്വാസത്തോടെ മേഡം വരുന്നത് കാത്തു നിന്നു.
എന്നെയും രോഗിയെയും മാറി മാറി നോക്കി ചിരിച്ചു കൊണ്ടാണ് മേഡം നടന്നു വന്നത്. ഞാന്‍ എല്ലാം പഠിച്ചു റാങ്ക് വാങ്ങാന്‍ തീരുമാനിച്ചവനെപ്പോലെ കത്തിക്കാന്‍ തുടങ്ങി, കുഞ്ഞറമുട്ടിക്കയുടെ രോഗത്തിന്റെ രഹസ്യങ്ങള്‍. തുടര്‍ന്ന് രോഗിയെ തിരിച്ചും മറിച്ചും ഇടാന്‍ തുടങ്ങിയപ്പോള്‍ മേഡം ചിരിച്ചു കൊണ്ട് തടഞ്ഞു. "എന്റെ രതീഷേ, ആ പാവം അവിടെ കിടന്നോട്ടെ. നിന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കിട്ടിയത് ഈ മനുഷ്യനെ ആയിപ്പോയി. നീ അധികം പറഞ്ഞു ബുദ്ധിമുട്ടേണ്ട... നമുക്ക് വൈവക്ക്‌ കാണാം". ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്ന എന്നോട് മേഡം ഇത്ര കൂടി പറഞ്ഞു..."ഞാന്‍ പരീക്ഷ എഴുതിയപ്പോളും കിട്ടിയത് ഇയാളെ തന്നെയാ".

March 02, 2010

അത്ഭുത ശിശുക്കള്‍

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഒരുള്‍നാടന്‍ ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഡിസ്പെന്‍സറി. ഒരു തെക്കന്‍ ജില്ലയില്‍ നിന്നും പുതുതായി പി.എസ്.സി പോസ്റ്റിങ്ങ്‌ കിട്ടി വന്ന ഡോക്ടര്‍.ഒരു ദിവസം ഏകദേശം പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഒന്നര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് വന്നു മരുന്ന് വാങ്ങി പോയി. രണ്ടു ദിവസം കഴിഞ്ഞു പെണ്‍കുട്ടി ഒരു കുട്ടിയേയും കൊണ്ട് വീണ്ടും വന്നു. സൂക്ഷിച്ചു നോക്കിയപ്പോളാണ് മുന്‍പ് കൊണ്ട് വന്ന കുട്ടിയല്ലെന്നു ഡോക്ടര്‍ക്ക് മനസ്സിലായത്‌. പക്ഷെ കണ്ടാല്‍ ഒരേ പ്രായം. ഇരട്ടക്കുട്ടികളായിരിക്കുമെന്നു കരുതി ഡോക്ടര്‍ മരുന്നെഴുതി. ചീട്ടു തിരിച്ചു കൊടുക്കുന്നതിനു മുന്‍പ് വെറുതെ പ്രായം നോക്കിയ ഡോക്ടര്‍ അമ്പരന്നു. ഒരു വയസ്സും മൂന്നു മാസവും! മിഴിച്ചു നോക്കിയ ഡോക്ടറുടെ സംശയം മനസ്സിലാക്കിയ പെണ്‍കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.... "ഇതുമ്മാന്‍റെ കുട്ടിയാ"
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം