ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 18, 2016

"ഭഗത് സിംഗിനെ തൂക്കിലേറ്റിയതും രാജ്യദ്രോഹിയായതിനാലായിരുന്നു"

"ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ തീവ്രവാദികളും രാജ്യദ്രോഹികളുമായ കുറേ പേർ പഠിക്കുന്നുണ്ട്. അവർക്ക് എസ്.എഫ്.ഐ. പിന്തുണ നൽകുന്നു. അവർ ഒന്നിച്ച് പാർലമെന്റ് ആക്രമണക്കേസ് പ്രതി, തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ അനുസ്മരിച്ചു. അതിൽ എസ്.എഫ്.ഐ. നേതാവായ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കനയ്യകുമാർ രാജ്യദ്രോഹപരമായി സംസാരിച്ചു. ഒപ്പം പാക്കിസ്ഥാനനുകൂലമായി അതിൽ പങ്കെടുത്തവർ മുദ്രാവാക്യം വിളിച്ചു. എ.ബി.വി.പി.ക്കാർ അവരെ എതിർത്തു. ഇതിനൊക്കെ പിന്നിൽ ലഷ്കർ എ ത്വൈബ എന്ന പാക്കിസ്ഥാൻ ഭീകരസംഘടനയാണ്. അതിന്റെ നേതാവ് ട്വീറ്റ് ചെയ്തതിനു തെളിവുണ്ട്. അത് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കനയ്യകുമാറിനെ അറസ്റ്റ് ചെയ്തത്. ആ രാജ്യദ്രോഹിയെ മർദ്ദിക്കേണ്ടതും അവർക്ക് ഒത്താശ ചെയ്യുന്ന സി.പി.ഐ.(എം)-നെ ഇല്ലാതാക്കേണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്. ഇന്ത്യയുടെ സംസ്കാരം ഹിന്ദുത്വമാണ്. അതു വളർത്തുന്നതാണു രാജ്യസ്നേഹം. കനയ്യകുമാറിനു വേണ്ടി ശബ്ദിക്കുന്നവർ മുഴുവൻ രാജ്യദ്രോഹികളാണ്"

സംഘപരിവാർ സ്ഥാപിക്കാൻ ശ്രമിക്കുന്നതും, കാര്യങ്ങളെ ഉപരിപ്ലവമായി സമീപിക്കുന്നവർ ഭാഗികമായോ പൂർണമായോ വിശ്വസിച്ചുപോയതുമായ കാര്യങ്ങൾ മേല്പറഞ്ഞ രീതിയിലായിരിക്കും. ഇതുകൊണ്ടുതന്നെ ജെ.എൻ.യു.വിലെ വിദ്യാർത്ഥികൾക്കനുകൂലമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും അല്ലാതെയും
പ്രകടിപ്പിക്കുന്നവരെ സംശയത്തോടെയും വെറുപ്പോടെയും കാണാൻ സത്യമറിയാതെ പലരും ശ്രമിക്കുന്നു. അങ്ങനെയുള്ളവരെയെല്ലാം  രാജ്യദ്രോഹിയെന്നു സംശയിക്കുന്ന വിദ്യാസമ്പന്നരായവരുൾപ്പെടെയുള്ളവർ അവരുടെ മനസിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങളിൽനിന്ന് - അല്ലെങ്കിൽ അവർ ധരിച്ചുവശായിരിക്കുന്ന കാര്യങ്ങളിൽനിന്ന് - താഴെ പറയുന്ന കാര്യങ്ങൾ വായിച്ച്‌ (ഞാൻ പറഞ്ഞതുകൊണ്ടു മാത്രം വേണ്ട. നിഷ്പക്ഷമായി മുൻ ധാരണകൾ മാറ്റിവെച്ച്‌ സ്വയം കാര്യങ്ങൾ മനസിലാക്കി മാത്രം) മാറിച്ചിന്തിക്കാൻ തയ്യാറുണ്ടോ?
ഇടതുപക്ഷക്കാരോടോ
സംഘികളോടോ അല്ല ഈ ചോദ്യം. രാജ്യത്തെ സ്നേഹിക്കുന്നു എന്നതുകൊണ്ടുമാത്രം രാജ്യദ്രോഹമെന്ന (കു)പ്രചാരണത്തിൽ അറിയാതെ വീണു ഇടതുപക്ഷത്തെ തെറ്റിദ്ധരിച്ചു പോയവരോട്‌...

1. ജെ.എൻ.യു. ക്യാമ്പസിൽ തീവ്ര ഇടതുപക്ഷ സംഘടനയായ ഡി.എസ്‌.യു. (കേരളത്തിൽ സരിതയോ ബിജു രമേശോ വാതുറക്കുമ്പോൾ നിലമ്പൂരിലെ കാടിനടുത്ത വീടുകളിൽ വന്ന് തോക്കു ചൂണ്ടി അരിയും പഞ്ചാരയും കൊണ്ടു പോകുന്ന ആ ടൈപ്പ് മാവോയിസ്റ്റല്ല) സംഘടിപ്പിച്ച, ഏതാനും വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു സാംസ്കാരികപരിപാടിയായിരുന്നു പ്രശ്നങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. അതിൽ എസ്‌.എഫ്‌.ഐ.ക്കോ യൂണിവേഴ്സിറ്റി യൂണിയനോ മുഖ്യധാരാ ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകൾക്കോ യാതൊരു പങ്കുമില്ലായിരുന്നു. കാശ്മീരി ജനതയുടെ പ്രശ്നങ്ങൾ ആസ്പദമാക്കിയ ഒരു കവിതാസമാഹാരത്തിന്റെ നാടകാവിഷ്കാരമായ ആ പരിപാടിയെ വധശിക്ഷക്കു വിധേയനായ പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിന്റെ അനുസ്മരണമാക്കി നടത്തിയെന്നാണു മനസിലാക്കുന്നത്. എ.ബി.വി.പി. ആവശ്യപ്പെട്ടതു പ്രകാരം ആ പരിപാടിയുടെ സംഘാടനം വിലക്കിയിരുന്നെങ്കിലും സംഘാടകർ പരിപാടി നടത്തി. തുടർന്ന് എ.ബി.വി.പി. പ്രവർത്തകരും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായി. അതിനിടയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കാശ്മീരിനു സ്വാതന്ത്ര്യം നൽകാനുള്ള മുദ്രാവാക്യങ്ങളും ഉയർന്നിട്ടുണ്ട്‌. അവ എ.ബി.വി.പി. പ്രവർത്തകർ തന്നെ വിളിച്ചതാണെന്നുള്ള വീഡിയോയും പ്രചരിക്കുന്നു. എന്തായാലും ആ പരിപാടിയിലെങ്ങും കനയ്യകുമാറോ എസ്‌.എഫ്‌.ഐ. / എ.ഐ.എസ്‌.എഫ്‌. പ്രവർത്തകരോ പ്രസംഗിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ മറ്റെന്തെങ്കിലും ക്രിയാത്മകമായ പങ്കു വഹിക്കുകയോ ചെയ്തിട്ടില്ല. സംഘർഷാവസ്ഥ മുറുകിയപ്പോൾ യൂണിയൻ ചെയർമ്മാൻ എന്ന നിലയിൽ കനയ്യകുമാർ (അദ്ദേഹം എസ്‌.എഫ്‌.ഐ.ക്കാരനല്ല എ.ഐ.എസ്‌.എഫ്‌.കാരനാണെന്നുപോലും ഇപ്പോഴും പലർക്കുമറിയില്ല) സ്ഥലത്തെത്തി ഇടപെട്ടെന്നേയുള്ളൂ.
2. പ്രസ്തുത പരിപാടിയുടെ ഭാഗമല്ലാത്ത വിദ്യാർത്ഥികൾക്കെതിരെ കൂടി എ.ബി.വി.പി. അക്രമം നടത്തിയതിലും യൂണിവേഴ്സിറ്റി അധികാരികളും പോലീസും വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കുന്നതിനെതിരെയും പ്രതിഷേധിച്ച് ജെ.എൻ.യു.വിലെ വിദ്യാർത്ഥികൾ യൂണിയന്റെയും ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. അതിൽ സ.കനയ്യകുമാർ പ്രസംഗിച്ചതിന്റെ വീഡിയോയും പ്രസംഗത്തിന്റെ മലയാള പരിഭാഷയും ലഭ്യമാണ്. (കനയ്യ ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നു എന്ന പേരിൽ സംഘികൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ അദ്ദേഹത്തിന്റെ ചുണ്ടിന്റെ അനക്കവും മുദ്രാവാക്യവും രണ്ടു വഴിക്ക് പോകുന്നത് ഏതു കൊച്ചുകുട്ടിക്കും മനസിലാവും. എഡിറ്റിംഗ് തീരെ പോരാ)  സംഘപരിവാറിന്റെ വിധ്വംസക നയങ്ങൾക്കെതിരെയല്ലാതെ രാജ്യത്തിനെതിരായോ ഏതെങ്കിലും അന്യരാജ്യങ്ങൾക്കനുകൂലമായോ അദ്ദേഹം പ്രസംഗിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. ആ പരിപാടിയിൽ പങ്കെടുത്ത ആരും തന്നെ അത്തരത്തിൽ പ്രവർത്തിച്ചിട്ടില്ല. (ആ വീഡിയോയിൽ ആദ്യ പരിപാടിയുടെ സംഘാടകനെന്ന് പറയുന്ന ഉമർ ഖാലിദ് നിൽക്കുന്നതായി കാണുന്നുണ്ട്, അതിലേക്കു വരാം). ആ പ്രസംഗത്തിന്റെ പേരിൽ കനയ്യകുമാറിനെ അറസ്റ്റ് ചെയ്തു, അതും രാജ്യദ്രോഹക്കുറ്റത്തിന്.
3. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗ് ഈ സംഭവങ്ങളിൽ പാക് ഭീകരസംഘടനയായ ലഷ്കർ എ ത്വോയ്ബക്ക് പങ്കുണ്ടെന്നാരോപിച്ച് ഹാഫിസ് ഷെരീഫ് എന്ന തീവ്രവാദിയുടെ ഒരു ട്വീറ്റ് ചൂണ്ടിക്കാട്ടി. അതൊരു വ്യാജ അക്കൗണ്ടെന്ന് വിമർശിക്കപ്പെട്ട ഉടൻ ആ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായി. കനയ്യകുമാറിനെതിരെ ആദ്യം തെളിവുണ്ടെന്ന് അവകാശപ്പെട്ട ഡൽഹി പോലീസ് പിന്നീട് നിലപാടിൽ നിന്ന് പിന്നോക്കം പോയി. ഡൽ ഹി പോലീസ്‌ സമർപ്പിച്ച റിപ്പോർട്ടിൽ കനയ്യകുമാറിനെതിരെ തെളിവൊന്നുമില്ലെന്നും അവരുടെ അമിതാവേശം മാത്രമായിരുന്നു അറസ്റ്റിനു കാരണം എന്നുമുള്ള വാർത്തകളും വന്നു.
4. അതിനെല്ലാം ശേഷവും സംഘപരിവാറിന്റെ നേതൃത്വത്തിൽ ജെ.എൻ.യു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും കോടതിയിൽ പോലും കനയ്യ കുമാറിനെ സംഘ അനുകൂലികളായ അഭിഭാഷകർ സംഘം ചേർന്ന് മർദ്ദിക്കുകയും സി.പി.ഐ(എം)
ഓഫീസുകൾ ഡൽഹിയിലും പഞ്ചാബിലും ആക്രമിക്കപ്പെടുകയും രാജ്യമെങ്ങും വിദ്വേഷവും പച്ചക്കള്ളങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടെ ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹ തന്നെ ബി.ജെ.പി. നിലപാടിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും മൂന്ന് എ.ബി.വി.പി. ജെ.എൻ.യു. ഘടകം നേതാക്കൾ രാജിവെക്കുകയും ചെയ്യുന്നു. സംഘ അക്രമവും വിദ്യാർത്ഥിപ്രതിഷേധവും തുടർന്നുകൊണ്ടിരിക്കുന്നു.
ഇതൊക്കെയാണു നടന്നത്.

ഇനി ഈ വിഷയത്തിൽ തോന്നിയ ചില സംശയങ്ങൾ. ഇടതുപക്ഷത്തെ രാജ്യദ്രോഹികളാക്കുന്നവർ മറുപടി തരുമോ?

1. ആദ്യ പരിപാടി - അഫ്സൽ ഗുരു അനുസ്മരണം - നടത്തിയ ഡി.എസ്.യു.വിന്റെ എത്ര സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു?
2. ഡി.എസ്.യു. നേതാവായ ഉമർ ഖാലിദാണാ പരിപാടിയുടെ മുഖ്യസംഘാടകൻ എന്നു കേൾക്കുന്നു. ഉമറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?
3. കനയ്യ കുമാറിന്റെ പ്രസംഗത്തിലോ മുദ്രാവാക്യത്തിലോ (എഡിറ്റ് ചെയ്തതിലല്ല) രാജ്യദ്രോഹമോ പാക്കിസ്ഥാനുള്ള പിന്തുണയോ ഉണ്ടോ?
4. മേല്പറഞ്ഞ പരിപാടിയിൽ അഫ്സൽ ഗുരുവിനെ അനുസ്മരിച്ചെങ്കിൽ അതിനെ സി.പി.ഐ(എം) / സി.പി.ഐ അല്ലെങ്കിൽ അവരുടെ വിദ്യാർത്ഥി / യുവജന സംഘടനകൾ എവിടെയെങ്കിലും അനുകൂലിച്ചിട്ടുണ്ടോ? അതിൽ പങ്കെടുത്തിട്ടുണ്ടോ?
5. കസ്റ്റഡിയിലെടുത്ത ഒരു വിദ്യാർത്ഥിയെ കോടതിയിൽ വരെ വെച്ചു മർദ്ദിച്ച അഭിഭാഷകരുടെ നേതാവ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടും എന്തുകൊണ്ട് ഇതുവരെ ഒരു നടപടിയുമുണ്ടായില്ല? ആ അഭിഭാഷകനെ അറസ്റ്റ് ചെയ്യേണ്ടേ?
6. സി.പി.ഐ(എം) ഓഫീസുകൾ ആക്രമിച്ചവർക്കെതിരെ എന്ത് അന്വേഷണവും നടപടിയുമാണുണ്ടായത്?
7. ഹാഫിസ് സയീദിന്റെ ട്വീറ്റ് എന്ന പേരിൽ ആഭ്യന്തരമന്ത്രി പുറത്തുവിട്ടത് ഫേക്ക് ഐ.ഡി.യിൽ നിന്നാണെന്ന് ആരോപണമുയരുന്നു. അതാരുണ്ടാക്കിയെന്നന്വേഷിച്ചോ?
8. ഉമർ ഖാലിദിനും പരിപാടി സംഘടിപ്പിച്ചവർക്കുമെതിരെ മൗനം പാലിച്ച് നിരപരാധിയെ അറസ്റ്റ് ചെയ്തത് യഥാർത്ഥ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയല്ലേ?
9. എ.ബി.വി.പി.ക്കാരാണു പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് വീഡിയോ കാണുന്നു. അതു എഡിറ്റ് ചെയ്തതെന്ന് സംഘം ആരോപിക്കുന്നുണ്ടെങ്കിൽ തന്നെ അതിൽ എന്തെങ്കിലും അന്വേഷണം നടന്നോ?
10. വിവിധ വിദ്യാർത്ഥികൾ സംഘടനാപരമായും അല്ലാതെയും പങ്കെടുത്ത പ്രതിഷേധത്തിൽ ഉമർ ഖാലിദ് നിൽക്കുന്നതു മാത്രം അയാളും കനയ്യകുമാറും ഒരേ ആശയം പങ്കിടുന്നതിനു തെളിവാണോ?
11. അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ ഇന്നും അംഗീകരിക്കാത്ത പി.ഡി.പി.യുമായി ഒന്നിച്ച് കാശ്മീർ ഭരിക്കുന്ന ബി.ജെ.പി. അതിനെ എങ്ങനെ വിശദീകരിക്കുന്നു?
12. സംഘപരിവാറിനെതിരെ ഏറ്റവും കൂടുതൽ എതിർപ്പ് വരുന്ന ബുദ്ധിജീവികളും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും ആയവരുടെ കേന്ദ്രമാണു ജെ.എൻ.യു എന്നതിനാൽ ക്യാമ്പസിൽ എ.ബി.വി.പിക്ക് സ്വാധീനമുണ്ടാക്കാനും ആ ബൗദ്ധിക കേന്ദ്രത്തെ തകർക്കാനുമല്ലേ ഈ നാടകങ്ങൾ?
13. ഉമർ ഖാലിദിനെയും മറ്റ് ഡി.എസ്.യു. പരിപാടിയുടെ സംഘാടകരെയും അറസ്റ്റ് ചെയ്യാത്തതും കാശ്മീരിൽ പി.ഡി.പി.യുടെ കൂടെ ഭരിക്കുന്നതും ചേർത്തുവായിക്കുമ്പോൾ ബി.ജെ.പി. മനഃപൂർവം നടത്തുന്ന ഒരു നാടകത്തിന്റെ ഭാഗമായി ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്ത് വിധ്വംസകരുമായി സഖ്യം ചെയ്ത് ഇന്ത്യയിൽ ഭരണം ഉറപ്പിക്കാനുള്ള തന്ത്രമല്ലേ? ഒപ്പം ഉമർ ഖാലിദും പി.ഡി.പി.യും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണ്ടേ?
14. കനയ്യകുമാറിന്റെ പ്രസംഗത്തിലെ ആരോപിക്കപ്പെടുന്ന ഇല്ലാത്ത ദേശവിരുദ്ധതയല്ല, മാർക്സിനൊപ്പം അംബേദ്കർക്കു ജയ് വിളിച്ചതും ലാൽസലാമിനൊപ്പം നീലസലാം വിളിച്ചതുമായ, ഹൈദരാബാദിൽനിന്ന് ജെ.എൻ.യു.വിലൂടെ രാജ്യം മുഴുവൻ വളർന്നാൽ വെട്ടാനും ചാവാനും കൂടെ നിൽക്കുന്ന വലിയൊരു വിഭാഗത്തെ സംഘത്തിനു നഷ്ടമായേക്കാവുന്ന, ദളിത് - മാർക്സിസ്റ്റ് ഐക്യമല്ലേ ഈ പോരാട്ടം തുടക്കത്തിലേ അടിച്ചൊതുക്കാൻ പ്രധാന ഹേതു?
15. ഈ രാജ്യത്തെ സ്നേഹിക്കാൻ, അല്ലെങ്കിൽ ഈ രാജ്യത്തിനു വേണ്ടി സംഘപരിവാർ എന്താണു ചെയ്യുന്നത്? വിശ്വാസങ്ങളുടെ പേരിൽ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ, ശരിയെന്നു തോന്നുന്നത് പറയുന്നതിന്റെ പേരിൽ അവർ ആക്രമിച്ച / ഇല്ലായ്മ ചെയ്തവരൊന്നും ഇന്ത്യക്കാരല്ലേ? അതാണോ രാജ്യസ്നേഹം?

ആരെയും ഒന്നും ബോധിപ്പിക്കാനല്ല. ഇടതു പക്ഷക്കാർക്ക് ഇതൊന്നും ഞാൻ പറഞ്ഞിട്ടു വേണ്ട. സംഘികളോട് പറഞിട്ടും കാര്യമില്ല. രണ്ടുമല്ലാത്ത, വാർത്തകൾ പാതി മാത്രം മനസിലാക്കി ഇൻബോക്സിൽ അറിയാനായി അന്വേഷിക്കുന്നവരും അറിയാതെ എല്ലാം വിശ്വസിച്ച് എങ്ങനെ രാജ്യദ്രോഹത്തെ പിന്തുണക്കാൻ തോന്നുന്നു എന്നു ചോദിക്കുന്നവരുമായ കുറച്ചു സുഹൃത്തുക്കളുണ്ട്. അവർക്കു വേണ്ടിയാണിത്. ദേശാഭിമാനി വായിച്ചെഴുതിയതെന്ന് ആരും ആക്ഷേപിക്കണ്ട. മറ്റു പത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ തന്നെയാണിതൊക്കെ.
രാജ്യസ്നേഹമെന്നത് നാം ജീവിക്കുന്ന രാജ്യത്തോടുള്ള സ്നേഹമാണ്. അല്ലാതെ രാജ്യം ഭരിക്കുന്നവരുടെ എല്ലാ ചെയ്തികളെയും അംഗീകരിക്കലല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യസ്നേഹികളിലൊരാളായ അനശ്വര രക്തസാക്ഷി ഭഗത് സിംഗ് നമുക്ക് രാജ്യസ്നേഹിയെങ്കിലും അന്നിതേ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് സർക്കാരിന് തൂക്കിക്കൊല്ലേണ്ട രാജ്യദ്രോഹിയായിരുന്നു എന്നത് നമുക്കിപ്പോഴോർക്കാം.
വർഗീയതയെ എതിർത്തതിന്റെ പേരിൽ, ദളിതന്റെ അവകാശത്തെക്കുറിച്ച് ഓർമ്മിപ്പിച്ചതിന്റെ പേരിൽ, സംഘപരിവാർ ഭീകരതക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ, രാജ്യത്തെ സാധാരണക്കാരന്റെ അവകാശത്തിനായി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ, സർവോപരി ഇടതുപക്ഷത്തു നിന്ന് ചിന്തിക്കുന്നുവെന്ന പേരിൽ ഒരു നിരപരാധിയായ വിദ്യാർത്ഥി രാജ്യദ്രോഹിയെന്നു മുദ്രകുത്തി ജയിലിലടക്കപ്പെടുന്ന രീതിയിലേക്ക് നമ്മുടെ രാജ്യം മാറിത്തുടങ്ങിയാൽ നമുക്കെങ്ങനെ മിണ്ടാതിരിക്കാനാവും?
ഇപ്പോളെങ്കിലും മിണ്ടിത്തുടങ്ങിയില്ലെങ്കിൽ,
പ്രിയ സുഹൃത്തേ, പിന്നെ നിനക്കൊരിക്കലും വാ തുറക്കേണ്ടിവരില്ല.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം