ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."
Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

April 27, 2011

അലഭ്യ ലഭ്യ 'ശ്രീ'

പണ്ട് ശ്രീനിവാസന്‍ നായകനായി അഭിനയിച്ച ഒരു സിനിമ കണ്ടിട്ടുണ്ട്.... 'ഭാഗ്യവാന്‍' എന്ന് ആണെന്ന് തോന്നുന്നു പേര്. നായകന് വളരെ സവിശേഷമായ ഒരു ജാതകമാണ്.... "അലഭ്യ ലഭ്യ ശ്രീ" യോഗം! മൂപ്പരെയും കൊണ്ട് നടക്കുന്നവര്‍ക്കും കൂടെ നിര്‍ത്തുന്നവര്‍ക്കും എല്ലാം നേട്ടങ്ങളുടെ മലവെള്ളപ്പാച്ചില്‍ ആയിരിക്കും. പക്ഷെ ആള്‍ക്ക് ഇതിന്റെയൊന്നും ഒരു മൂലയിലെ പൊടി പോലും അനുഭവിക്കാനുള്ള വിധി ഉണ്ടാകുകയില്ല... 
ഇത് പോലെ അതിവിശിഷ്ടമായ (?) ഒരു യോഗം (അത് തന്നെ ഇതിന്റെ പേര്... യോഗം!) പോക്കറ്റിലിട്ടോണ്ട് നടക്കുന്ന ഒരുത്തന്‍ കേരളത്തില്‍ ഉണ്ട്. 
ജോലി : എറിയല്‍. കല്ലെറിയലല്ല, പന്തെറിയല്‍.  
സൈഡ്‌ ബിസിനസ് : മറ്റുള്ളവരുടെയും കൂടെയുള്ളവരുടെയും മെക്കിട്ടു കയറ്റം. 
ഹോബി : കൊഞ്ഞനം കുത്തല്‍, കണ്ണുരുട്ടല്‍, അപശബ്ദം പുറപ്പെടുവിക്കല്‍, തെറി വിളി... നേരമ്പോക്ക് : അടി ചോദിച്ചു വാങ്ങലും മോങ്ങലും. 
അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രൂപവും ഭാവവും‍ : ബൌണ്ടറി ലൈനിനു വെളിയില്‍ വായി നോക്കി നില്‍ക്കല്‍, ക്യാമറ കാണുമ്പോള്‍ നിരാശയും കുശുമ്പും മറച്ചു വെച്ച് ചമ്മിയ ചിരി ചിരിക്കല്‍, ടീമിന്റെ വാട്ടര്‍ അതോറിറ്റിയിലെ കൂലിക്കാരന്‍, ഫോര്‍ അടിച്ച എതിരാളിയെ നോക്കി കണ്ണുരുട്ടി അടുത്ത പന്തില്‍ സിക്സര്‍ വാങ്ങല്‍.
ആ അമാനുഷനാണ് മമ്മിയുടെ സ്വന്തം ഗോപുമോന്‍.
മോന്റെ യോഗമാണ് യോഗം.
ടീമിന്റെ കൂടെ എത്താന്‍ തന്നെ വല്ലവന്റെയും പരിക്ക് എന്ന മഹായോഗം.
ആദ്യ കളിയില്‍ തന്നെ അടി വാങ്ങി വാങ്ങി ടീമിന് പുറത്തായത് വേറൊരു യോഗം.
പിന്നെ ഒരു കളിയിലും കളിക്കാന്‍ പറ്റാഞ്ഞത്‌ അര്‍ഹിച്ച യോഗം.
അവസാനം ഫൈനലില്‍ കളിപ്പിച്ചപ്പോളും അടിയോടടി കിട്ടിയതും എന്നിട്ടും ടീം ജയിച്ചതും ആണ് യോഗം എന്ന യോഗം. നോക്കുകൂലി വാങ്ങിയവന്‍ എന്ന ചീത്തപ്പേര് കേട്ടാലെന്ത്? ശ്രീ ടീമിന്റെ ശ്രീ എന്ന് ഏതൊക്കെയോ മാധ്യമന്മാര്‍ കോളം നിരത്തിയില്ലേ? അമ്മക്കത്‌ മതി.
പിന്നിപ്പോ നമ്മുടെ സ്വന്തം ടീമുണ്ടല്ലോ... കൊമ്പന്മാര്‍. കൊച്ചി എന്നാല്‍ ഈ കൊച്ചനില്ലാതെ എന്തോന്ന് ടീം? അങ്ങനെ അതിലും പെട്ടു. ആദ്യത്തെ രണ്ടു കളിയിലും കളിച്ചു... ദോഷം പറയരുതല്ലോ.. സ്വന്തം നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അടിയും തെറിയും കുറവായിരുന്നു. എന്നിട്ടും ടീം പൊട്ടി. പിന്നെ മൂന്നു കളിയില്‍ ഏറ്റവും ഇഷ്ടമുള്ള പണിയായിരുന്നു. ബൌണ്ടറി ലൈനിലൂടെ തേരാപ്പാരാ നടന്ന്, ചാനല്‍ ചുള്ളന്മാരും ചുള്ളികളും വല്ലതും ചോദിച്ചാല്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ്‌, എന്തൊക്കെയോ കാട്ടിക്കൂട്ടുക. 
അപ്പോഴാണ്‌ യഥാര്‍ത്ഥ യോഗം വന്നത്... ആ മൂന്നു കളിയിലും ടീം ജയിച്ചു. 
അടുത്ത കളിയില്‍ എന്തോ കൂടോത്രം ചെയ്തെന്നു തോന്നുന്നു. കൊച്ചന്‍ ഇല്ലാഞ്ഞിട്ടും കൊച്ചി തോറ്റു. ചാത്തന്മാരുടെ ഓരോ കളി! പേടിച്ചിട്ടാണെന്ന് തോന്നുന്നു, അടുത്ത കളിയില്‍ കൊച്ചന്‍ ഇന്‍. ഫലമോ? കൊച്ചി എട്ടു നിലയില്‍ പൊട്ടി. 
യെന്ത് യോഗമോ യെന്തോ? 
പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഗപ്പ് ഗൊച്ചിക്കു തന്നെ ആയിരിക്കും. 
ശ്രീ അല്ലേ അവരുടെ ശ്രീ? 
വാല്‍:
എന്തിനാ കൊമ്പന്മാര്‍ക്ക് ചിയര്‍ ഗേള്‍സ്‌?
നമ്മുടെ ചുള്ളനെ വേഷം കെട്ടിച്ച്‌ അങ്ങിറക്കിയാല്‍ പോരെ? 
ആള്‍ക്ക് കളിയേക്കാളും ഇഷ്ടവും കഴിവും ഉള്ള ഫീല്‍ഡ്... 
മൊയലാളിക്കു പണങ്ങളും ലാവിക്കാം. 
ഈ വഹ ബുദ്ധികളൊന്നും പറഞ്ഞ്‌ കൊടുക്കാന്‍ സുനന്ദാമ്മയെ ഇപ്പൊ പഴയ പോലെ വിയര്‍പ്പിക്കാറൊന്നുമില്ലേ ശശിയണ്ണന്‍? 
വീണ്ടും വാല്‍:
മലയാളി ആയിട്ടും എന്തിനാ നാട്ടുകാരനെതിരെ ഇങ്ങനെ എഴുതുന്നത്‌ എന്ന് ചോദിക്കരുത്... പ്ലീസ്. എഴുതിപ്പോവുന്നതാ...

June 12, 2010

ഒരു പന്തും ഇരുപത്തിരണ്ടു പേരും പിന്നാലെ ഞങ്ങള്‍ മലപ്പുറത്തുകാരും...

പന്ത് ഉരുണ്ടു തുടങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ ദക്ഷിണാഫ്രിക്കയിലെ പച്ചപ്പുല്‍ മൈതാനിയിലും
ഇങ്ങേ കോണില്‍ ഞങ്ങള്‍ മലപ്പുറത്തുകാരുടെ മനസ്സുകളിലും...
ആ കാറ്റ് നിറച്ച തുകല്‍ ഗോളത്തിന് പിറകെ പായുന്ന ഇരുപത്തിരണ്ടു പേര്‍ക്ക് പിറകെ നിഴലായി നീങ്ങുന്നത്‌ മലപ്പുറത്തെ എത്രയോ ലക്ഷം കണ്ണുകളും പിന്നെ ഹൃദയങ്ങളുമാണ്...
ഇന്ന് ഞങ്ങള്‍ പറയുന്നതും വായിക്കുന്നതും ഊണിലും ഉറക്കത്തിലും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും ആ പന്തിന്റെ ഗതിവിഗതികളെ കുറിച്ച് മാത്രം...
ഇന്ന് ഞങ്ങളുടെ കാതുകള്‍ തുറന്നിരിക്കുന്നത് ആ മൈതാനത്തിലെ ആരവങ്ങള്‍ക്കായി മാത്രം...
ഇന്നലെ വരെ ഞങ്ങളുടെ സ്വപ്നങ്ങളില്‍ കടന്നു വന്നിരുന്നത് മമ്മുക്കയും ലാലേട്ടനും പിന്നെ പ്രിത്വീരാജും ഒക്കെയായിരുന്നു...
ഇന്നലെ വരെ ഞങ്ങള്‍ നിര്‍മ്മിച്ച ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ പുഞ്ചിരിച്ചു  നിന്നത്- ഞങ്ങള്‍ വളര്‍ത്തിയ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക് ആധാരമായത്‌- അവരായിരുന്നു...
വെള്ളിത്തിരയിലെ താരദൈവങ്ങള്‍... 
ഇന്ന്...
ഞങ്ങള്‍ കവലകള്‍  തോറും മാനം മുട്ടെ ഉയര്‍ത്തിയിരിക്കുന്ന ഫ്ലെക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...
ഓരോ നോക്കിലും ഞങ്ങളെ ആവേശത്താല്‍ നൃത്തം ചവിട്ടിക്കുന്നത്...
മെസ്സിയും കാക്കയും റൂണിയും ദ്രൊഗ്ബയുമെല്ലാമാണ്...
അവരാണിനി ഞങ്ങളുടെ ദൈവങ്ങള്‍...
കാരണം ഇത് മലപ്പുറമാണ് ... 
കാല്പ്പന്തുകളിയെ ജീവവായുവായി കാണുന്ന നാട്.
വെള്ളിത്തിരയിലെ താരങ്ങളുടെ ആട്ടവും പാട്ടും ഡയലോഗുമെല്ലാം  ഞങ്ങള്‍ക്ക് വെറും നേരമ്പോക്ക് മാത്രം...
ദിവസം മുഴുവന്‍ കസേരയില്‍ ചടഞ്ഞിരുന്നു, ചിപ്സും കൊറിച്ചുകൊണ്ട് കാണുന്ന,
ഒടുവില്‍ എല്ലാം  പണം നടത്തിയ ഇന്ദ്രജാലം എന്ന തിരിച്ചറിവ് മാത്രം നല്‍കുന്ന,
വരേണ്യ വര്‍ഗ്ഗത്തിന്റെ കളി...
അത് ഞങ്ങള്‍ക്ക് ഒഴിവുനേരത്തെ സമയംകൊല്ലിപ്പരിപാടി മാത്രം... 
പക്ഷെ...
ആരംഭം മുതല്‍ അന്ത്യം വരെ ഓരോ നിമിഷവും ചടുലത നിറയുന്ന...
ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹൃദയം ത്രസിപ്പിക്കുന്ന അധ്വാനിക്കുന്ന സാധാരണക്കാരന്റെ ഈ കളി...
അത് ഞങ്ങള്‍ക്ക് ജീവിതമാണ്...
കൊയ്ത്തു തീര്‍ന്ന നെല്‍പ്പാടങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ നഗ്നപാദരായി പന്ത് തട്ടിക്കളിച്ച കാലം മുതല്‍ അത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...
ഇടയ്ക്കെന്നോ അറിയാതെ ദിശ പിഴച്ചു പോയി മൂന്നു മരക്കുറ്റികള്‍ക്ക് മുന്നില്‍ നിന്നു പന്തടിച്ചു തെറിപ്പിച്ച കൌമാരത്തിന്റെ പ്രതിനിധികളും ഇന്ന്  കാല്‍പ്പന്തുകളിയുടെ മാസ്മരികതയാല്‍ മനസ്സ് ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചിരിക്കുന്നു...
കാരണം ആത്യന്തികമായി അവര്‍ മലപ്പുറത്തുകാരാണ്...
ഈ ആവേശം ഞങ്ങളെ വാക്കുകള്‍ കൊണ്ടമ്മാനമാടുന്ന സാഹിത്യകാരന്മാരും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെറിയുന്ന തമാശക്കാരും വരകളും വര്‍ണങ്ങളും കൊണ്ട് ഇഷ്ടതാരത്തിന്റെ രൂപഭാവങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന കലാകാരന്മാരും ആക്കുന്നു.
"ആയിരം മെസ്സിക്കര കക്ക "
"മെസ്സിക്ക് മീതെ  ഒരു കാ(ക)ക്കയും പറക്കില്ല "
ഈ അലയടിക്കുന്ന ആവേശത്തില്‍ ലോകത്തെ ഏതു രാജ്യത്തിന്റെയും കൊടിയുടെയും ജര്സിയുടെയും നിറം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥം.
ഒരു കാലത്ത് നമ്മെ അടിമകളാക്കിയ സായിപ്പിന്റെയും ഫ്രെഞ്ചുകാരന്റെയും പറങ്കിയുടെയും പതാകകള്‍ ഇന്ന് ഞങ്ങള്‍ ഇവിടെ വീണ്ടുമുയര്‍ത്തുമ്പോള്‍ അവരെ ഇവിടുന്നു കെട്ടുകെട്ടിക്കാന്‍ ജീവന്‍ ബലി നല്‍കിയ ഞങ്ങളുടെ പൂര്‍വികര്‍ മാപ്പ് തരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്...
കാരണം അവര്‍ക്കും അന്യമായിരുന്നില്ലലോ ഈ ആവേശം...
ഈ വര്‍ണപ്പകിട്ടുകള്‍ക്കിടയിലും ഞങ്ങള്‍ സ്വപ്നം കാണുന്നു...
ത്രിവര്‍ണ പതാകക്ക് കീഴില്‍ അണിനിരക്കുന്ന ഒരു നാളെ...
എങ്കിലും അതുവരെ...
ലോകത്തിന്റെ ഏതു കോണില്‍ പന്തുരുണ്ടാലും ഇഷ്ട ടീമിനായി ആര്‍ത്തു വിളിക്കാന്‍ ഞങ്ങളുടെ മനസ്സുകള്‍ അവിടെ ഉണ്ടാകും...
എതിര്‍ടീമിന്റെ പ്രതിരോധം തച്ചുടച്ചു മുന്നേറി ഗോള്‍ പോസ്റ്റിലേക്ക് കുതിക്കുന്ന ഫോര്‍വേഡിന്റെ കാലുകള്‍ക്ക് ഞങ്ങളുടെ മുഴുവന്‍ കാലുകളുടെയും ശക്തി ഞങ്ങള്‍ അര്‍പ്പിക്കും...
റഫറിയുടെ തെറ്റായ (ശരിയായാലും) തീരുമാനം ചോദ്യം ചെയ്യുന്ന ഇഷ്ടതാരത്തിന് പിന്തുണയുമായി പുളിച്ച തെറിയുടെ ഡിക്ഷനറിയുമായി ഞങ്ങള്‍ പിന്നിലുണ്ട്...
സ്വന്തം ടീമിന്റെ പെനാല്‍ടി ബോക്സില്‍ കടക്കുന്ന എതിരാളിയെ കായികമായി നേരിടുന്ന പ്രതിരോധ ഭടന് ശക്തി പകരാന്‍ അവസാന തുള്ളി ചോരയും നീരും നല്‍കാന്‍ തയ്യാറായി ഞങ്ങളുണ്ട്...
ഗോള്‍പോസ്റ്റില്‍ ഭീതിദമായ ഏകാന്തതയില്‍ പെനാല്‍റ്റി തടയാന്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായി നില്‍ക്കുന്ന ഗോളി ഒറ്റക്കല്ല... കൂടെ ഞങ്ങളുണ്ട്...
വിജയനിമിഷത്തില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പതിനൊന്നു പേരുടെ ശബ്ദത്തിനു പ്രതിധ്വനിയായി ഉയരുന്ന ആരവം ഞങ്ങളുടെ മുഴുവന്‍ പേരുടെയും തൊണ്ടയില്‍ നിന്നുമാണ്...
അപ്പോഴും...
അനിഷേധ്യമായ വിധിക്ക് മുന്നില്‍ ഇറ്റു വീഴുന്ന കണ്ണുനീര്‍ മൈതാനത്തെ ഒരു കോണില്‍ ഹതാശരായിരിക്കുന്ന പതിനൊന്നു പേരുടെത് മാത്രമല്ല...
ഞങ്ങള്‍ മുഴുവന്‍ മലപ്പുറത്തുകാരുടെതുമാണ്...
കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണ്...
മൊട്ടയടിയും  പാതി മീശ വടിയും കൂവലുകളുമായി എതിര്‍ ടീമിന്റെ തോല്‍വി ആഘോഷിക്കുമ്പോളും ഞങ്ങള്‍ സ്നേഹിക്കുന്നത് ഈ കളിയുടെ ആത്മാവിനെയാണ്...
കാരണം...
ഫുട്ബോള്‍ ഞങ്ങള്‍ക്ക് ജീവിതം തന്നെയാണ്... മതഭേദമില്ലാത്ത - രാഷ്ട്രീയ ഭേദമില്ലാത്ത - ജീവിതം.

February 24, 2010

സച്ചിന്‍... സച്ചിന്‍... സച്ചിന്‍...

ലോകത്തിന്റെ നെറുകയില്‍ എത്തി എന്ന് പറയുന്നത് കേവലം അര്‍ത്ഥശൂന്യമായ ഒരു വിശേഷണമായി തീരുകയാണ്... കാരണം പറയുന്നത് സച്ചിനെ കുറിച്ചാണ് എന്നത് തന്നെ. ഇരുപതു വര്‍ഷത്തിലേറെ നീണ്ട നിസ്തുലമായ പ്രകടനം കൊണ്ട് വളരെക്കാലമായി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ രാജകീയമായി വിരാജിക്കുന്ന ആ അമാനുഷിക പ്രതിഭയെ കുറിച്ച് പറയാന്‍ വാക്കുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഏകദിന ക്രിക്കറ്റിന്റെ ആരംഭം മുതല്‍ ഏറെക്കുറെ അസംഭവ്യം എന്ന് കരുതിയിരുന്ന ആ മഹത്തായ നേട്ടവും ഇന്ന് സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നു... ഇരട്ട സെഞ്ച്വറി.
സ്കൂള്‍ ക്രിക്കറ്റില്‍ ലോക റെക്കോഡ് തിരുത്തിക്കുറിച്ച്, ഇന്ത്യന്‍ ടീമില്‍ക്കയറിയ ഈ ലിറ്റില്‍ മാസ്ടര്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍  നാഴികക്കല്ലുകളേറെ പിന്നിട്ടിരിക്കുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം സെഞ്ച്വറി, റണ്‍സ്, മികച്ച കൂട്ടുകെട്ടുകള്‍, നിര്‍ണായകമായ അവസരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു കൊണ്ട് നേടിയ വിക്കറ്റുകള്‍, ക്യാച്ചുകള്‍... അങ്ങനെയങ്ങനെ ഏതൊരു പുതുമുറക്കാരനും തന്റെ സ്വപ്നങ്ങളിലെ ലകഷ്യമായി നിസ്സംശയം പ്രതിഷ്ടിക്കാവുന്ന നിരവധി നേട്ടങ്ങള്‍.  ഇന്ന് ആ മനുഷ്യന്‍ നേടുന്ന ഓരോ റണ്നും ഓരോ പുതിയ റെക്കോഡുകളായി മാറുകയാണ്. ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തെയും മഹത്തായ അഭിമാന സ്തംഭം തന്നെയാണ് സച്ചിന്‍. അദ്ദേഹത്തിന് പകരം വെക്കാന്‍ ഇത് വരെ ആരും ഉണ്ടായിട്ടില്ല, ഇനിയൊട്ട്‌ ഉണ്ടാകുമെന്നും തോന്നുന്നില്ല.
തനിക്കു കിട്ടാത്ത ഒരേയൊരു നേട്ടം - ഏകദിന ക്രിക്കറ്റ് ലോക കപ്പ്- നേടിക്കൊണ്ട് മാത്രമേ അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതത്തിനു കലാശം കുറിക്കൂ എന്ന് നാം ഓരോ ഇന്ത്യക്കാര്‍ക്കും പ്രത്യാശിക്കാം.  കാരണം ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും സച്ചിന്‍ ദൈവം തന്നെയാണ്.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം