"ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏട്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ ചലനമറ്റു വീണു മണ്ണ് ചുവപ്പിച്ചവരുടെ സ്മരണക്കു മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കട്ടെ... ജാലിയന്‍വാലാബാഗിലേക്കു ഒരു എത്തിനോട്ടം" കോളേജ് ഡേയില്‍ ആട്ടവും പാട്ടും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് ഹൌസ് സര്‍ജന്മാരായ ഞങ്ങള്‍ക്കും എന്തെങ്കിലും പരിപാടി അവതരിപ്പിച്ചു ഷൈന്‍ ചെയ്യണമെന്ന ഉത്ക്കടമായ പൂതി മനസ്സില്‍ വന്നത്. കോളേജിലെ അവസാന പരിപാടിയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ സ്റ്റേജിനു പിന്നിലേക്ക്.
വെറും അഞ്ചു മിനിട്ടിന്റെ റിഹേര്‍സല്‍ പോലും വേണ്ടായിരുന്നു അസാമാന്യ പ്രതിഭകളായ ഞങ്ങള്‍ക്ക് ഒരു പരിപാടി അവതരിപ്പിക്കാന്‍. ഉടനെ കേറി നേരത്തെ കേട്ട അനൌണ്‍സ്മെന്റും കാച്ചി. പക്ഷെ പരിപാടിക്ക് വേണ്ട ഒരു അത്യാവശ്യ അസംസ്കൃത വസ്തു കയ്യിലില്ലായിരുന്നു എന്ന് അപ്പോളാണ് ഓര്‍ത്തത്. ഞാന്‍ ഉടനെ അതെടുക്കാനായി തൊട്ടടുത്തുള്ള ഹൌസ് സര്‍ജന്‍സ് റൂമിലേക്കോടി. സംഭവം സംഘടിപ്പിച്ചു തിരിച്ചോടി വന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയം പിളര്‍ക്കുന്നതായിരുന്നു... ഈയുള്ളവനെ കൂട്ടാതെ മറ്റു ദുഷ്ടന്മാര്‍ സ്റ്റേജില്‍ കയറി പരിപാടി തുടങ്ങി... ഹൌസ് സര്‍ജന്‍സ് റൂമില്‍ നിന്ന് ചൂണ്ടിയ സഹപാഠിനിയുടെ "ബാഗ്" ഈയുള്ളവന്റെ കയ്യിലിരുന്നു കണ്ണീര്‍ പൊഴിച്ചു. ജാലിയന്‍വാലാബാഗിലേക്കു എത്തിനോക്കാന്‍ ഒരു ബാഗ് കൊണ്ടുവരുന്നത് വരെ എങ്കിലും കാക്കാന്‍ കശ്മലന്മാര്‍ക്ക് സമയമുണ്ടായില്ല. എവിടുന്നോ കിട്ടിയ പ്ലാസ്റ്റിക് കവറും കയ്യില്‍ പിടിച്ചു നാലുപേരും അതിലേക്കു എത്തിനോക്കി കൊണ്ട് നില്‍ക്കുന്നു സ്റ്റേജില്‍... കാണികളുടെ കൂവല്‍ അരങ്ങു തകര്‍ക്കുന്നു. പെട്ടെന്ന് കര്‍ട്ടന്‍ ഇട്ടതു കൊണ്ട് തക്കാളിയും ചീമുട്ടയും ഒന്നും കിട്ടിയില്ല.
ഈയുള്ളവന്‍ വിടുമോ? ബാഗും പിടിച്ചു നേരെ കയറി അനൌന്സറുടെ അടുത്തേക്ക്. ഒരു പ്രധാന അനൌണ്‍സ്മെന്റ് ഉണ്ടെന്നു പറഞ്ഞു മൈക്ക് പിടിച്ചു വാങ്ങി എടുത്തലക്കി..."എത്തിനോക്കിയ വൃത്തികെട്ടവന്മാരുടെ നോട്ടം ശരിയല്ലാത്തതുകൊണ്ട് നേരത്തെ നടന്ന എത്തിനോട്ടത്തില്‍ ചില പാകപ്പിഴകള്‍ വന്നതില്‍ ഖേദിക്കുന്നു. നിങ്ങള്‍ക്കു മുന്നില്‍ അഭിമാനപുരസ്സരം ഇതാ അവതരിപ്പിക്കുന്നു... ജാലിയയന്‍വാലാബാഗിലേക്ക് വീണ്ടും ഒരു എത്തിനോട്ടം". കര്‍ട്ടന്‍ പൊക്കാനിരുന്നവനു സിഗ്നല്‍ കൊടുത്ത് ഞാന്‍ നേരെ സ്റ്റേജിന്റെ നടുവില്‍പോയി നിന്നു. കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ കാണികള്‍ക്ക് മുന്നില്‍ ഒരു അസാമാന്യ കലാസൃഷ്ടി ഇതള്‍ വിരിഞ്ഞു...ജാലിയന്‍ വാലാ"ബാഗി"ലേക്ക് ഒരു എത്തിനോട്ടം. അടുത്ത നൃത്തം അവതരിപ്പിക്കാന്‍ ഊഴം കാത്തു സ്റ്റേജിനു പിന്നില്‍ കാത്തുനിന്നിരുന്ന സഹപാഠിനി അറിയാതെ വിളിച്ചു പറഞ്ഞത് ആ കൂവലിനിടയിലും ഞാന്‍ കേട്ടു..."ദുഷ്ടാ, എന്റെ ബാഗ്".
ഏറെ കാലത്തിനുശേഷം ആദ്യമായാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളെ ഇത്രയുംസന്തോഷത്തോടെ ഞങ്ങളെല്ലാം കാണുന്നത്. സില്ക്ക് ആത്മഹത്യ ചെയ്ത ശേഷംമുഴുനീള നീലപ്പടങ്ങളൊന്നും മലയാളത്തില്‍ ക്ലച്ചു പിടിക്കാത്തതിന്റെ മനോവ്യഥതീര്ക്കാന് നൂന്‍ ഷോകള്വിടാതെ കാണുകയും ഒരു തുണ്ട് പോലുമില്ലെന്നനിരാശയോടെ തിരിച്ചെത്തി നല്ല പടങ്ങള്‍ ഇറക്കാത്ത സംവിധായകരോടുള്ള പ്രതിഷേധംഉദ്ഘോഷിച്ച് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ളഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു രണ്ടു പേരും. രണ്ടു പേരും ഇന്ന്ഏറെ രോഗികളുള്ള തിരക്കുള്ള ഡോക്ടര്മാരായത് കൊണ്ട് പേര് പറയാന്‍നിര്‍വാഹമില്ല...വേണമെങ്കില്‍ പാച്ചുവും കോവാലനും എന്ന് വിളിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു പേര്‍ക്കും ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞപ്രസംഗമൊക്കെ ഞങ്ങള്‍ ചില അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഉള്ളൂ. കാരണംരണ്ടു പേരും സ്വന്തം പ്രതിച്ഛായക്ക് പരിധിയില്‍ കവിഞ്ഞ പ്രാധാന്യംകല്‍പ്പിക്കുന്നവരായിരുന്നു... പ്രത്യേകിച്ചും കോളേജിലെ തരുണീമണികളുടെമുന്നില്. തങ്ങളുടെ വീരകൃത്യങ്ങളൊന്നും പെമ്പിള്ളേര്‍ അറിയരുതെന്ന് രണ്ടുപേര്‍ക്കും വലിയ നിര്‍ബന്ധമാണ്. പക്ഷെ ഏതെങ്കിലും പെമ്പിള്ളേര്മുന്നില് വന്നു പെട്ടാല്‍ അവര്‍ എല്ലാം മറന്നു ഒലിപ്പിക്കാന്‍ തുടങ്ങുകയുംചെയ്യും. അഞ്ചു മിനിട്ട് തികച്ചു കത്തി വെക്കുമ്പോള്‍ തന്നെ പ്രതിച്ഛായഎത്തെണ്ടിടത്തെത്തിയിട്ടുണ്ടാകും. പെമ്പിള്ളേരെ കണ്ടാല്‍ പരിസരം മറക്കുന്ന സ്വഭാവം ഏറ്റവും വലിയ പാരയായത്ഒരു സിനിമായാത്രയില്‍ തന്നെയായിരുന്നു. നമ്മുടെ നായകന്മാര്‍ കോഴിക്കോട്നഗരത്തിലെ തീയറ്ററില്‍ ക്യൂ നില്ക്കു കയാണ്. (ബ്ലൂഡയമണ്ടോ കൊറോണെഷനോഎന്നോര്മ്മയില്ല, പോയത് ഞാനല്ലല്ലോ). പടമേതെന്നോ? സാക്ഷാല്‍ കാമസൂത്ര!ഗംഭീര തിരക്കായത് കൊണ്ട് റോഡിലായിരുന്നു ക്യൂ. രണ്ടുപേരും വളരെ വിദഗ്ധമായിമുഖം മതിലിനു നേരെ തിരിച്ചു നില്‍ക്കുകയാണ്. ഒരേ നില്പ്പില്‍ നിന്ന് കാലുകഴച്ചപ്പോള്‍ പാച്ചു ഒന്ന് അനങ്ങി. അറിയാതെ റോഡിലേക്കൊന്നു കണ്ണ്പോയപ്പോഴാണ് ആ കാഴ്ച കണ്ടത്... തന്റെ വീക്നെസ് ആയ മൂന്നു ജൂനിയര്പെമ്പിള്ളേരുണ്ട്നടന്നു വരുന്നു.(തെറ്റിദ്ധരിക്കണ്ട, ഒന്നെങ്കിലുംകൊളുത്തിയാലോ എന്ന് കരുതി മൂന്നു പേര്ക്കുംകക്ഷി ചൂണ്ട ഇട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു.) കണ്ട പാതി, കാണാത്ത പാതി മൂപ്പരുണ്ട് കൈപൊക്കി ഒറ്റ അലര്ച്ച ... "ഹായ്". കൊച്ചുങ്ങള്‍ തിരിച്ചു "ഹായ്" പറഞ്ഞശേഷമാണ് മുകളിലെ പോസ്ട്ടറിലേക്ക് നോക്കിയത്. "ഹായ്" "അയ്യേ" ആയി മാറാന്അധികം സമയമെടുത്തില്ല. മൂന്നു പേരും പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. അതോടെ പ്രതിച്ഛായ തകര്ന്നരണ്ടു പേരും വീണ്ടും ട്രാക്കില്‍ കയറിയത് അടുത്തജൂനിയര് ബാച് വന്നതോടെയാണ്. വീണ്ടും പഞ്ചാരയും ചൂണ്ടയുമായി രണ്ടു പേരുംകറങ്ങിത്തുടങ്ങിയപ്പോളാണ് മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ആചിത്രം റിലീസ് ചെയ്യുന്നത്... "കിന്നാരത്തുമ്പികള്‍". പിന്നീട് രണ്ടുമൂന്നു വര്‍ഷത്തേക്ക് ഒരു പാട് ബി-സിക്ലാസ് തീയറ്റെറുകളെപ്രതിസന്ധിയില് നിന്ന് കരകയറ്റിയതരംഗത്തിന് നാന്ദി കുറിച്ചഷക്കീലചിത്രം. പടത്തെ കുറിച്ച് കേട്ട് പാച്ചുവും കോവാലനും സന്തോഷത്താല്മതിമറന്ന് എപ്പോള്‍ പോകണം എന്ന് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. എന്തായാലുംടൌണിലെ തീയറ്ററില്‍ പോകേണ്ടെന്നു "കാമസൂത്ര" അനുഭവം കൊണ്ട് തന്നെ രണ്ടുപേരും ഉറപ്പിച്ചിരുന്നു. അത് കൊണ്ട് ഇത്തരം പടങ്ങള്ക്ക്പ്രശസ്തമായഎലത്തൂര് രാജീവില്‍ പോകാമെന്നുറപ്പിച്ചു. ആരും കാണാതിരിക്കാന്‍ സെക്കന്റ്ഷോക്ക് പോകാനായിരുന്നു തീരുമാനം. അവസാനത്തെ സിറ്റി ബസ്സില്‍ കയറിയപ്പോള്പാച്ചുവിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. "എടാ, എലതൂര്‍ക്കു ടിക്കറ്റെടുത്താല്‍ ആളുകള്‍ സംശയിക്കും. നമുക്ക് തൊട്ടിപ്പുറത്തെസ്റ്റോപ്പില് ഇറങ്ങി നടക്കാം." കോവാലന്‍ സമ്മതിച്ചു. എലതൂര്ക്കുപോകുന്നവരെല്ലാം രാജീവിലേക്കല്ലെന്നു കക്ഷിക്ക് പെട്ടെന്ന് കത്തിയില്ല.വീണ്ടും ഒരു സംശയം. രാജീവിന്റെ സ്റ്റോപ്പ് ഏതാണ്? രണ്ടുപേരുംആദ്യമായിട്ടായിരുന്നു ആ വഴിക്ക്. അവസാനം രണ്ടുംകല്പ്പിച്ചു കോവാലന്കണ്ടക്ടരോട് പറഞ്ഞു..."ചേട്ടാ, രാജീവിന്റെ മുന്‍പത്തെ സ്റ്റോപ്പ്എത്തിയാല് പറയണേ". പാച്ചു ഉടനെ നിഷ്കളങ്കമായി കൂട്ടിച്ചേര്ത്തു ..."ഞങ്ങള്‍ രാജീവിലേക്കല്ല കേട്ടോ...".കണ്ടക്ടര്‍ ഒരു കള്ളച്ചിരിയോടെതലകുലുക്കി. സ്റ്റോപ്പ് എത്തിയപ്പോള്‍ കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു..."ആരാജീവിന്റെ മുന്‍പത്തെ സ്റോപ്പ് ചോദിച്ചവര്‍ ഇറങ്ങിക്കോ". എല്ലാവരുംനോക്കുന്നതിനിടെ രണ്ടു പേരും പെട്ടെന്ന് ചാടിയിറങ്ങി. ഉടനെയുണ്ട്കണ്ടക്ടര് ചേട്ടന്റെ അടുത്ത ഡയലോഗ്... "പെട്ടെന്ന് നടന്നോ... ടിക്കറ്റ്തീരും". ബസ്സില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി. കുറച്ചു നടന്നിട്ടുംതീയേറ്റര് കാണാഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചു ആരോടെങ്കിലും വഴിചോദിക്കാന്‍ തീരുമാനിച്ചു രണ്ടു പേരും. ഒരു കടയില്‍ നിന്നും സാധനം വാങ്ങിറോഡരികില് നിര്ത്തിയിട്ട കാറിനരികിലേക്ക് നടന്നു വരുന്ന പയ്യനോട് പാച്ചുവഴി ചോദിച്ചു. മറുപടി കേട്ട് പെട്ടെന്ന് നടന്നു തുടങ്ങിയപ്പോഴാണ് കോവാലന്കണ്ടത്... കാറിന്റെ സൈഡ് സീറ്റില്‍ തങ്ങളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു രണ്ടു പേര്ക്കുംതിരിച്ചുംതികച്ചും സുപരിചിതനായ സര്‍ജറി സാര്‍!!!
കലാലയ ജീവിതത്തിനിടയില്‍ കുറച്ചു കാലമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് എന്നും ഓര്‍ക്കാന്‍ പറ്റിയ അനുഭവമായിരിക്കും സെക്കന്റ് ഷോ കാണാനായി നടത്തുന്ന യാത്രകള്‍. മിക്കവാറും ഹോസ്റ്റലുകള്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടു കൂടിയതും വാര്‍ഡന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നതും ആകയാല്‍ മതില് ചാടിയോ മറ്റോ അതി സാഹസികമായി മാത്രമേ സെക്കന്റ് ഷോക്ക് പോകാന്‍ പറ്റൂ. എന്നാല്‍ പ്രൊഫെഷണല്‍ കോളേജുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ ഒരു പരിധി വരെ രാത്രിയിലും തുറന്നിടാറാണ് പതിവ്. വാര്‍ഡന്മാര്‍ സാധാരണ വല്ലപ്പോഴുമുള്ള മീറ്റിങ്ങുകള്‍ക്ക് എത്തുന്നതല്ലാതെ വലിയ ഇടപെടലുകള്‍ ഒന്നും നടത്താറില്ല. അതുപോലെയൊക്കെയായിരുന്നു ഞങ്ങളുടെ കോളേജ് ഹോസ്റ്റലും.
സെക്കന്റ് ഷോക്ക് പോകാന്‍ ഇത്രയും വിപുലവും സാഹസികവുമായ മാര്‍ഗങ്ങള്‍ കണ്ടു പിടിച്ച ഹോസ്റ്റല്‍ ഒരു പക്ഷെ ഞങ്ങളുടേത് മാത്രമേ ഉണ്ടാകൂ. കോളേജിനു മുകളില്‍ മൂന്നാം നിലയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. കോളേജ് കെട്ടിടത്തിലൂടെ വേണം ആശുപത്രിയിലെ വാര്‍ഡിലേക്കും ഡ്യൂട്ടി റൂമിലേക്കും പ്രവേശിക്കാന്‍ എന്നുള്ളത് കൊണ്ട് രാത്രി പത്തു മണിയായിട്ടെ ഗ്രില്‍ അടക്കാറുള്ളൂ. അതുകൊണ്ട് പടത്തിന് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷെ തിരിച്ചു വരുന്നതാണ് പ്രശ്നം. വാച്ച്മാന്മാര്‍ പത്തു മണിക്ക് ഗ്രില്‍ പൂട്ടി അകത്തെ റൂമില്‍ കിടന്നുറങ്ങും. വിളിച്ചാലും ദുഷ്ടന്മാര്‍ എണീക്കില്ല. ഹോസ്റ്റല്‍ ആയിടക്ക് തുറന്നതായത് കൊണ്ട് ആദ്യ അന്തേവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവസാനം പിടിവള്ളിയായത് ഒരു മരമായിരുന്നു. കോളേജിനു മുന്നിലെ പോര്‍ച്ചിനു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ കയറി പോര്‍ച്ചിനു മുകളില്‍ ഇറങ്ങി, അവിടെ നിന്നും വരാന്തയിലൂടെ നടന്നു ഹോസ്റ്റലില്‍ കയറലായി സ്ഥിരം പരിപാടി. ആ കളി അധികം നീണ്ടുനിന്നില്ല. കാര്യം മണത്തറിഞ്ഞ വാച്ച്മാന്മാര്‍ പ്രിന്‍സിപ്പാളിന് വിവരം നല്‍കി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് മുറിച്ചിട്ടിരിക്കുന്നതാണ് ഒരു തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത്. പിന്നെയും കഷ്ടപ്പാട് തന്നെ. ഭാഗ്യത്തിന് ആയിടെ സ്ഥലം മാറി വന്ന വാച്ച്മാനുമായി കമ്പനിയടിച്ചത് കൊണ്ട് കുറേക്കാലം ചാടാതെയും മറിയാതെയും പടത്തിന് പോകാന്‍ പറ്റി.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഇത്തവണ രക്ഷക്കെത്തിയത് കെട്ടിടം പണിക്കായി കൊണ്ടുവന്നു കെട്ടിടത്തോട് ചേര്‍ന്ന് നല്ല ഉയരത്തില്‍ കൂട്ടിയിട്ട മണലായിരുന്നു. മണലിന് മുകളില്‍ കയറി മുകളില്‍ നിന്നും താഴേക്കിട്ടു തരുന്ന വടം വഴി ഒന്നാം നിലയിലെത്തും. പിന്നെ സുഖമായി ഹോസ്റ്റലിലെത്താം. കയറിട്ടു തരാന്‍ പടത്തിന് വരാതെ ഉറക്കമൊഴിച്ചു പഠിക്കുന്ന ഏതെങ്കിലും അരസികന്മാരെ മുന്‍കൂട്ടി എല്പ്പിചിട്ടുണ്ടാകും. അങ്ങനെ ട്രെക്കിംഗ് നടത്തി സെക്കന്റ് ഷോ കാണാന്‍ പോയതിനുള്ള ലോകറെക്കോഡ് ഞങ്ങള്‍ അടിച്ചു മാറ്റി.
ഇങ്ങനെ ഏറെ സന്തോഷകരമായി ഞങ്ങളുടെ രാത്രി യാത്രകള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പടം കണ്ടു തിരിച്ചു വരുന്ന നട്ടപ്പാതിരക്കാണ് ഓരോരുത്തന്മാരുടെ തനിനിറം വെളിവാകുന്നത്. കാരപ്പറമ്പില്‍ തന്നെയുള്ള അധ്യാപകരുടെ വീട്ടിനു മുന്നിലെത്തുമ്പോള്‍ അറിയാവുന്ന ഭാഷയിലെല്ലാം തെറി വിളി തുടങ്ങും, പണ്ട് ഇന്റേണല്‍ പരീക്ഷക്ക് മാര്‍ക്കിടാത്തതിന്‍റെയും വൈവക്ക് വെള്ളം കുടിപ്പിച്ചതിന്‍റെയുമൊക്കെ മധുരപ്രതികാരം. ചിലര്‍ ഒരു പടികൂടി മുന്നോട്ടു കടക്കും. കോളേജില്‍ ആരോടെങ്കിലും വല്ല വൈരാഗ്യമുണ്ടെങ്കില്‍ അവന്റെ ശബ്ദം പറ്റാവുന്നത്ര ദയനീയമായി അനുകരിച്ചായിരിക്കും തെറിവിളി. താന്‍ കോട്ടയം നസീറിനെ കടത്തിവെട്ടി എന്ന മട്ടില്‍ എല്ലാം കഴിഞ്ഞു വിജയഭാവത്തില്‍ മറ്റുള്ളവരുടെ മുഖത്തോട്ടുള്ള ആ നോട്ടമാണ് ഏറ്റവും ഭീകരം. എല്ലാം സഹിക്കാം, അദ്ധ്യാപകന്‍റെ ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്ക് മൂത്രമൊഴിച്ച മഹാനെ ഓര്‍ക്കുമ്പോള്‍.
പോരുന്ന വഴിയിലുള്ള മിക്കവാറും സിനിമാപോസ്ടറുകള്‍ ഹോസ്ടലിലെത്തും. കൂടാതെ ചില പരസ്യബോര്‍ഡുകളും- സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോസ്റര്‍ വെക്കാനുള്ള ബോര്‍ഡുകള്‍ ഒരു അടിസ്ഥാനഘടകമാണല്ലോ.
അങ്ങനെ വെസ്റ്റ്ഹില്‍ ഗീതയില്‍ നിന്നും ഏതോ തല്ലിപ്പൊളി പടം കണ്ടു കാശ് കളഞ്ഞ് ആടിപ്പാടി തിരിച്ചു വന്ന ഒരു രാത്രി. കൂട്ടത്തില്‍ ഒരാള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയിട്ടുമുണ്ട്... ഒരു വീടിന്റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നു ഒരു മുട്ടാളന്‍ നായ. ഞങ്ങളെ കണ്ടപ്പോള്‍ നായ നിര്‍ത്താതെ കുര തുടങ്ങി. പണം നഷ്ടപ്പെട്ടതിന്റെ വിഷമം തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന ഒരു സുഹൃത്ത് (തന്നെ പണം പോയതിനു കളിയാക്കുകയാണെന്നു തോന്നിയിട്ടാവണം) ഒറ്റ വിളി... “നിര്‍ത്തെടാ നായിന്റെ മോനേ...” . ആ ഗേറ്റ് അല്‍പ്പം തുറന്നു കിടക്കുകയായിരുന്നെന്നും നായയെ കെട്ടിയിട്ടില്ലായിരുന്നെന്നും അത് ഗേറ്റിനുള്ളിലൂടെ ഞങ്ങള്‍ക്ക് നേരെ കുതിച്ചു വന്നപ്പോഴേ മനസ്സിലായുള്ളൂ. പിന്നെ ഒരു ഓട്ടമായിരുന്നു. എന്തുകൊണ്ടോ നായ പിന്തുടര്‍ന്നില്ല. (താന്‍ നായയുടെ മോന്‍ തന്നെ ആണെന്ന് ഉറപ്പായതിന്റെ സന്തോഷം കൊണ്ടായിരിക്കും).
ഓടിയോടി കാരപ്പറമ്പില്‍ എത്താറായിരുന്നു. ഏറ്റവും മുന്നിലോടിയ അത്യാവശ്യം കായിക മികവുണ്ടായിരുന്ന, മുണ്ടഴിച്ചു തലയില്‍ കെട്ടിയ സുഹൃത്തുണ്ട് ഡബിള്‍സ്പീഡില്‍ തിരിച്ചുവരുന്നു. ഓട്ടം നിര്‍ത്തിയ ഞങ്ങളോട് കിതച്ചുകൊണ്ടവന്‍ വിരല്‍ ചൂണ്ടിക്കാണിച്ചു. നോക്കിയപ്പോള്‍ കാരപ്പറമ്പ് ജങ്ങ്ഷനില്‍ നൈറ്റ് പട്രോള്‍ പോലീസ് ജീപ്പ്. കഷ്ടിച്ച് രക്ഷപ്പെട്ടത് മെച്ചം. അല്‍പ്പം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പോയിക്കിട്ടിയപ്പോള്‍ ഞങ്ങള്‍... ഒരു ദേശത്തിന്റെ കഥയിലെ സപ്പര്‍ സര്‍ക്കീട്ട് സംഘത്തിന്റെ പുതിയ പകര്‍പ്പ്... കോളേജ് ലക്ഷ്യമാക്കി ചുവടു വെച്ചു... മരത്തില്‍ വലിഞ്ഞു കയറി മുകളിലെത്തി ഹോസ്ടലിന്റെ സുരക്ഷിതത്വത്തില്‍ സുഖനിദ്രയില്‍ അമരാന്‍.
2009-ലോ 2010-ലോ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഞാനന്ന് കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് കോര്‍പ്പറെഷനില്‍ ഞങ്ങളുടെ കോളേജ് സ്ഥിതി ചെയ്യുന്ന കാരപ്പറമ്പ് ഡിവിഷനിലെക്കുള്ള സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ ഡെപ്യുട്ടി മേയര്‍ ലത്തീഫ് മാഷിനു വേണ്ടി പ്രചാരണത്തിനായി കോളേജിലെ മറ്റു വിദ്യാര്‍ഥി സഖാക്കളോടൊപ്പം ഞാനുമിറങ്ങിയിരുന്നു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം പുതിയതും വ്യത്യസ്തവുമായ അനുഭവമായിരുന്നു. പലതരത്തിലുള്ള ആളുകള്‍. പലതരത്തിലുള്ള പ്രതികരണങ്ങള്‍. LDF അനുഭാവികളുടെ വീട്ടില്‍ ചെന്നാല്‍ ഊഷ്മളമായ സ്വീകരണമായിരിക്കും. UDF-കാരുടെയോ BJP -ക്കാരുടെയോ വീട്ടില്‍ ചെന്നാല്‍ തെറി വരെ കേട്ടേക്കാം.ഒരു ഡോക്ടറെന്ന നിലയില്‍ ജനങ്ങളുടെ ചിന്താഗതിയുടെയും മാനസിക വ്യാപാരങ്ങളുടെയും ഒരു പഠനം നടത്താന്‍ ആ പ്രചാരണവും അതിനു ശേഷം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സത്യത്തില്‍ ഏറെ സഹായിച്ചിരുന്നു. ജനകീയാസൂത്രണം വഴി നേടിയ വീടിനു കക്കൂസ് അനുവദിച്ചില്ലെന്നു പറഞ്ഞ് , ആ വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെ ആ പദ്ധതിയേയും നടപ്പാക്കിയ സര്‍ക്കാരിനെയും ചീത്ത വിളിച്ചവര്‍ വരെയുണ്ടായിരുന്നു.
ഓരോ വീടുകളിലും പോകുമ്പോള്‍ ഓരോരുത്തരായിരുന്നു സ്ഥാനാര്‍ഥിയെ പറ്റിയും ചിഹ്നത്തെ പറ്റിയും മറ്റും സംസാരിച്ചിരുന്നത്. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടു ലത്തീഫ് മാഷ് നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി ഞങ്ങള്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ അത് വരെ ഒന്നും പറയാതിരുന്ന ഒരു സുഹൃത്തിനു വലിയ വാശി. അവന്‍ തന്നെ കാര്യങ്ങള്‍ മുഴുവന്‍ പറയുമെന്ന്. ഞങ്ങള്‍ സമ്മതിച്ചു. ബെല്ലടിച്ചപ്പോള്‍ പുറത്തു വന്ന സ്ത്രീയോട് അവന്‍ പറഞ്ഞു തുടങ്ങി... "നമ്മുടെ സ്ഥാനാര്‍ഥി ലത്തീഫ് മാഷാണ് കേട്ടോ. മാഷേ അറിയില്ലേ? ഈ കുടുംബാസൂത്രണത്തിന്റെ ഒക്കെ വളരെ പ്രധാനപ്പെട്ട ആളാ." ഞങ്ങള്‍ ചിരി തുടങ്ങിയിട്ടും പിന്നില്‍ നിന്നു തോണ്ടിയിട്ടുമൊന്നും അവനു കാര്യം മനസ്സിലായില്ല. വീണ്ടും കേറി കത്തിക്കുക തന്നെ..."കുടുംബാസൂത്രണമെന്നു പറയുമ്പോ...". ആ സ്ത്രീ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു പിള്ളേരെ നോക്കി ഒറ്റ ചിരി. അപ്പോഴേ അവനു കാര്യം മനസ്സിലായുള്ളൂ. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഞങ്ങള്‍ അവിടുന്ന് വലിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുറെക്കാലമായി ആ ഡിവിഷനില്‍ നിന്നു ജയിച്ചു കൊണ്ടിരുന്ന UDF സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തില്‍ മറികടന്നു ലത്തീഫ് മാഷ് വിജയിച്ചു. ആഹ്ലാദ പ്രകടനം കടന്നു പോയപ്പോള്‍ ഞങ്ങള്‍ നമ്മുടെ ആസൂത്രണക്കാരനോട് പറഞ്ഞു. "ആ സ്ത്രീ നാളെ കോര്‍പ്പറെഷന്‍ ഓഫീസില്‍ പോയി കുടുംബാസൂത്രണം നടത്താന്‍ ലത്തീഫ് മാഷേ കാണണമെന്ന് പറയും. നിനക്ക് പണിയായി".
രെന്‍ജിനി ഹരിദാസിന്റെ 'മലയാലത്തെ' കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ. അത് പോലെ മലയാളം പറയുന്ന കുറേപ്പേര്‍ കേരളത്തിലെ കൊളേജുകളിലുണ്ട്. ഇന്ന് അത്തരക്കാരാണ് കൂടുതലെങ്കിലും ഒരു പത്തു കൊല്ലം മുന്‍പ് എണ്ണത്തില്‍ കുറവായിരുന്നു.
കേരളത്തിലെ പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ഭാഷ അറിയാതെ പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. അത് പോലെ തന്നെയാണ് N .R .I മലയാളികളുടെ മക്കളുടെ കാര്യവും. ഗള്‍ഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ പ്ലസ്-2 ക്ലാസ്സ് വരെ പഠിക്കുന്ന ഇക്കൂട്ടര്‍ "മലയാലം കുരച്ചു കുരച്ചു മാത്രം അരിയാം" എന്ന അവസ്ഥയിലായിരിക്കും കേരളത്തിലെ കോളേജുകളില്‍ പഠിക്കാനെത്തുന്നത്. അധ്യയനം ഇംഗ്ലീഷിലായത് കൊണ്ട് ആ കാര്യത്തില്‍ പ്രശ്നമില്ലെങ്കിലും ഹോസ്ടലിനടുത്തുള്ള കടയില്‍ പോയി സാധനം വാങ്ങാനും ബസ്സില്‍ കയറി അടുത്തുള്ള ടൌണില്‍ പോകാനുമെല്ലാം അവര്‍ തുടക്കത്തില്‍ വളരെ ബുദ്ധി മുട്ടാറുണ്ട്.
ഇത്തരത്തില്‍ പെട്ട കുറച്ചു പേര്‍ എന്റെ കോളേജിലും ഉണ്ടായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ച ഞങ്ങള്‍ കുറച്ചു പേര്‍ അവരുടെ അബദ്ധങ്ങള്‍ ആഘോഷിച്ച് (ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പറയുമ്പോള്‍ ഉള്ള തപ്പലില്‍ നിന്നുണ്ടാകുന്ന കുശുമ്പ് കൊണ്ടല്ല കളിയാക്കുന്നത്, സത്യം!!!) ഏറെ ചിരിച്ചു വശം കെടാറും ഉണ്ടായിരുന്നു. തമിള്‍നാട്ടില്‍ നിന്നു വന്ന സഹപാഠി കടയില്‍ പോയി "കളിക്കാന്‍ രണ്ടു വാളപ്പളം" എന്ന് പറയുന്നത് കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും? വേറൊരു സഹപാഠിനി കാന്റീനില്‍ ചായ കുടിക്കാന്‍ പോയി. ചായ കൊണ്ട് വെച്ചപ്പോള്‍ ഒരീച്ച. ഉടനെ ആ മലയാളിപ്പെന്കൊടി വിളിച്ചു പറഞ്ഞു- "ചേറ്റാ, ചായില്‍ ഒരു മൃഗം". 'ചെറ്റ' എന്ന് വിളിച്ചതിന് ആ ചേട്ടന്‍ തല്ലാഞ്ഞതിനു ഈച്ചയോടു നന്ദി പറയണം.
അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്ക് പുറമേ സ്വയം കഥകളുണ്ടാക്കി അവരുടെ തലയില്‍ കെട്ടി വെച്ചു കൊടുക്കുന്നതും സാധാരണയായിരുന്നു. അത്തരമൊരു കഥയിതാ... നമ്മുടെ കഥാനായിക ടു വീലെറില്‍ പോകുമ്പോള്‍ ഒരു സ്കൂള്‍ കുട്ടിയുടെ മേല്‍ വണ്ടി തട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടി പറഞ്ഞു..."ആ ചേച്ചി നിരപരാധിയാ, ഞാനാ നോക്കാതെ റോഡ് ക്രോസ് ചെയ്തത്". കേട്ട പാതി കേള്‍ക്കാത്ത പാതി കഥാനായിക ഒറ്റ അലര്‍ച്ച..."കുറ്റീ... വാട്ട് ആര്‍ യു ടെല്ലിംഗ്? നീയാ നിരപരാതി, എന്റെ ഭാഗത്ത് മിസ്ടെക് ഇല്ല".
ഞങ്ങളുടെ കളിയാക്കലുകള്‍ മൂലം എന്ത് വന്നാലും മലയാളം പഠിച്ച് പറയും എന്നായി അവരുടെ തീരുമാനം. അതോടെ അവര്‍ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം മലയാളം മാത്രം പറഞ്ഞു തുടങ്ങി. പിന്നെ മുന്‍പത്തേക്കാള്‍ കഷ്ടമായി അവസ്ഥ.
ഒരു സഹപാഠിനിക്ക് എന്തോ അസുഖത്തിന് ബ്ലഡ് എക്സാമിനേഷന് എഴുതിക്കൊടുത്തു. ഞങ്ങള്‍ ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് കോളേജിലും ആശുപത്രിയിലും പരിചയമായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. ഹോസ്പിറ്റലിലെ ലാബില്‍ പോകാന്‍ അവള്‍ ആദ്യം കണ്ട ഹൌസ് സര്‍ജന്‍ ചേട്ടനെ സമീപിച്ചു പറഞ്ഞു... "ചേറ്റാ, എന്റെ രെക്റ്റം പരിസോദിക്കണം". തറകളില്‍ തത്തറ എന്ന് കുപ്രസിദ്ധിയുള്ള ചേട്ടന്‍ ഒരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..."കൊച്ചു രാവിലെ കക്കൂസില്‍ പോയതാണല്ലോ അല്ലെ? ഇല്ലെങ്കില്‍ ആകെ വൃത്തി കേടാകും". രക്തവും രെക്ടവും(rectum) തലയില്‍ കയറാന്‍ കഥാനായികക്ക് കുറച്ചു സമയമെടുത്തു. എന്തായാലും പിന്നീട് അവള്‍ കുറെക്കാലത്തേക്ക് മലയാളം പറഞ്ഞിട്ടില്ല.
എല്ലാവരും തുണ്ട് വെക്കുന്നത് കണ്ടു പ്രചോദനവും ഉത്തേജനവും ഉള്‍ക്കൊണ്ടാണ് ഈ പരിപാടി ഒന്ന് പരീക്ഷിക്കാമെന്നു കരുതിയത്. മര്യാദക്കിരുന്നു പഠിച്ചാല്‍ തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആവേശം കയറിയാല്‍ പിന്നെ അതൊന്നും ആലോചിക്കില്ലല്ലോ. മുതുകാടിനെ മനസ്സില്‍ ധ്യാനിച്ച് സുഹൃത്തിന്റെ ഉപദേശപ്രകാരം ഹാര്‍മോണിയം നിര്‍മ്മിക്കാന്‍ തുടങ്ങി. നീളത്തിലുള്ള പേപ്പര്‍ എടുത്തു ഹാര്‍മോണിയം പോലെ മടക്കി ആദ്യം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അങ്ങനെ വേണമത്രേ. എന്നിട്ട് ഏറ്റവും നേരിയ മുനയുള്ള ഒരു പേന തെരഞ്ഞു പിടിച്ചു മഹാകാവ്യ രചന തുടങ്ങി. എഴുതി വന്നപ്പോള്‍ മനസ്സിലായി, ഒരു ഹാര്‍മോണിയത്തില്‍ ഒരു എസ്സേ അല്ല ഒരു പുസ്തകം തന്നെ വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്. കുറെ നേരമെടുത്തു ആ പണി തീരാന്‍. ഒടുവില്‍ പിറ്റേന്നത്തെ പരീക്ഷയില്‍ ഒന്നാമതെത്തുന്നത് സ്വപ്നം കണ്ടു കിടന്നുറങ്ങി. രാവിലെ എണീക്കാന്‍ അലാറം വെച്ചെങ്കിലും എണീക്കാന്‍ തോന്നിയില്ല. എല്ലാം തുണ്ടിലുണ്ടല്ലോ, ഇനിയെന്തിനു വെറുതെ പഠിച്ചു സമയം കളയണം? കുറെക്കഴിഞ്ഞു എണീറ്റ് രാവിലത്തെ കലാപരിപാടികള്‍ തീര്‍ത്തു നെഞ്ചും വിരിച്ചു പരീക്ഷക്ക് പുറപ്പെട്ടു.
തുണ്ടുകള്‍ പോക്കറ്റില്‍ തന്നെ ഉണ്ടെന്നുറപ്പുവരുത്തി പരീക്ഷാഹാളില്‍ കയറിയിരുന്നു. എന്തോ ഒരു ചെറിയ ടെന്‍ഷന്‍. പേടി എന്നൊന്നും പറയാന്‍ കഴിയില്ല ഒരു ധൈര്യക്കുറവ്. എല്ലാരും എന്നെ നോക്കുന്നുണ്ടോ എന്നൊരു തോന്നല്‍. വിയര്‍ക്കുന്നത് ചൂട് കൊണ്ടായിരിക്കും. സാറ് വന്നു ചോദ്യപേപ്പര്‍ തന്നു. നോക്കിയപ്പോള്‍ അഞ്ചില്‍ മൂന്ന് എസ്സെയും എന്റെ തുണ്ടിലുള്ളത് തന്നെ. മറ്റേതു രണ്ടും ഞാന്‍ നേരത്തെ പഠിച്ചു വെച്ചിട്ടും ഉണ്ട്. ആനന്ദ ലബ്ധിക്കിനി എന്ത് വേണം? ഞാന്‍ പ്രവര്‍ത്തന പഥത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു സംശയം... അറിയാവുന്നത് ആദ്യമെഴുതണോ അതോ ആദ്യം തുണ്ടില്‍ നിന്നു തുടങ്ങണോ? തുണ്ട് കഴിഞ്ഞാല്‍ ആ പണി കഴിഞ്ഞല്ലോ. അറിയാവുന്നത് എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. അങ്ങനെ തുണ്ട് പുറത്തെടുക്കാന്‍ തീരുമാനിച്ചു. നാല് പാടും ഒന്ന് നോക്കി. കൂട്ടത്തില്‍ സാറിനെയും. അപ്പോള്‍ സാറെന്നെ തന്നെ നോക്കുകയാണോ എന്നൊരു സംശയം. ഇനിയിപ്പോ സാറിനു വല്ലതും മണത്തോ? സാറ് നോക്കുമ്പോള്‍ തുണ്ട് പുറത്തെടുക്കാന്‍ വയ്യല്ലോ. ഞാന്‍ ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതായി കാണിച്ചു. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവന്മാരെല്ലാം ആഞ്ഞു എഴുതിക്കൊണ്ടിരിക്കുകയാണ്.എനിക്കാണെങ്കില്‍ ആകപ്പാടെ കുറുക്കന് ആമയെ കിട്ടിയ പോലെ തുണ്ടുണ്ടായിട്ടും എന്ത് ചെയ്യണമെന്നു മനസ്സിലാകുന്നില്ല. സമയവും പോകുന്നുണ്ട്. അപ്പോള്‍ സാറുണ്ട് പുറത്തു പോകുന്നു. "ഹാവൂ". എന്റെ ശ്വാസം നേരെ വീണു. ഞാന്‍ തുണ്ട് എങ്ങനെയൊക്കെയോ പുറത്തെടുത്തു പേപ്പറിന്റെ ഇടയില്‍ പ്രതിഷ്ഠിച്ച് എഴുതിത്തുടങ്ങി. ആദ്യത്തെ എസ്സേ കഴിയാറായപ്പോഴാണ് ഞാന്‍ അത് കണ്ടത് - എന്റെ പിന്നില്‍ മാറ്റിയിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുന്നു സാര്‍. കൊണ്ടുപിടിച്ച എഴുത്തിനിടയില്‍ സാറ് തിരിച്ചു ക്ലാസില്‍ കയറിവന്നതൊന്നും ഞാന്‍ കണ്ടിരുന്നില്ല. എനിക്ക് പരവേശം തുടങ്ങി. മുട്ടുകള്‍ക്ക് നല്ല വിറ. വായില്‍ ഒറ്റ തുള്ളി വെള്ളമില്ല. തിരിഞ്ഞു നോക്കാനും വയ്യ. എന്റെ കഷ്ടപ്പാട് കണ്ടു അപ്പുറത്തിരുന്ന റാങ്കുകാരി ചിരി തുടങ്ങി. അവള്‍ക്കു കാര്യം മനസ്സിലായി എന്ന് തോന്നുന്നു. ആകെ നാണക്കേടായി. അപ്പോളുണ്ട് മറ്റൊരുത്തന്‍ അപ്പുറത്ത് നിന്നു ചിരിച്ചു കൊണ്ട് രണ്ടു വിരല്‍ നീട്ടിക്കാണിച്ചു ചിരിക്കുന്നു. എന്റെ ഞെളിപിരി കണ്ടു "കക്കൂസില്‍ പോണോടാ" എന്ന് ചോദിക്കുകയാണെന്നെനിക്കു മനസ്സിലായി. അവനെ കണ്ണുരുട്ടി നോക്കി ഞാന്‍ മനസ്സില്‍ രണ്ടു മുട്ടന്‍ തെറി പറഞ്ഞു. അല്ലാതെന്തു ചെയ്യാന്‍. വല്ല വിധേനയും ആദ്യത്തെ എസ്സേ ഞാന്‍ എഴുതിതീര്‍ത്തു.
ഇപ്പോള്‍ തന്നെ ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമാണിനി ബാക്കി. മൂന്നെസ്സെയും അഞ്ചു ഷോര്‍ട്ട് നോട്ടും തീര്‍ക്കണം ആ സമയം കൊണ്ട്. ഇനി തുടര്ന്നെഴുതണമെങ്കില്‍ എക്സ്ട്രാ പേപ്പര്‍ വാങ്ങണം. തുണ്ട് പെപ്പരിനുള്ളില്‍ മറച്ചു വെച്ചു ഞാന്‍ പതുക്കെ എണീറ്റ്. സാറ് അടുതുവന്നപ്പോലേക്കുണ്ട് കാറ്റടിച്ചു പേപ്പരെല്ലാം ഒറ്റ പറക്കല്‍. ഒറ്റക്കുതിപ്പില്‍ ഞാന്‍ ഓടിച്ചെന്ന് അതെല്ലാം കൂടി പെറുക്കിയെടുത്തു. അപ്പനപ്പൂപ്പന്മാരുടെ സുകൃതം കൊണ്ട് ഹാര്‍മോണിയം പുറത്തു വീണില്ല. പേപ്പര്‍ വാങ്ങി സീറ്റിലിരുന്നെങ്കിലും ഞാന്‍ നോര്‍മലാകാന്‍ കുറച്ചു സമയമെടുത്തു.
കൈ വിറച്ചു കൊണ്ടാണെങ്കിലും തുണ്ട് വീണ്ടും പുറത്തെടുത്തു. അപ്പോളുണ്ട് സാറെണീറ്റു റോന്തു ചുറ്റാന്‍ തുടങ്ങുന്നു. ഇയാള്‍ക്ക് ആ മൂലക്കെങ്ങാന്‍ ഇരുന്നാല്‍ പോരെ? എങ്ങനെയൊക്കെയോ ഞാന്‍ എഴുതിത്തുടങ്ങി. പേപ്പറില്‍ നോക്കാതെയും എഴുതാന്‍ പറ്റുമെന്ന് അപ്പോളാണ് മനസ്സിലായത്. കണ്ണ് സാറിന്റെ മുകളിലാണല്ലോ. ഇതൊക്കെ വായിച്ചെടുത്താല്‍ സാറിനു വല്ല അവാര്‍ഡും കൊടുക്കണം.
അങ്ങനെ രണ്ടാമത്തെ എസ്സെ എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വാച്ച് നോക്കി. ഇനി കഷ്ടിച്ച് ഒരു മണിക്കൂര്‍ ബാക്കി. അപ്പോഴാണെനിക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് ബോധ്യം വന്നത്. എങ്ങനെയായാലും ഇന്നീ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ പറ്റില്ല. തുണ്ട് വെക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കാന്‍ മാത്രമേ ഇനി പറ്റൂ. തുണ്ട് ചുരുട്ടിക്കൂട്ടി പുറത്തെക്കെറിയുക മാത്രമേ എനിക്ക് വഴിയുണ്ടായുള്ളൂ. പോട്ടെ പണ്ടാരം. ഞാന്‍ അറിയാവുന്ന എസ്സെ എഴുതിത്തുടങ്ങി. എവിടെ തീരാന്‍? സമയം തീരാറായതിന്റെ ടെന്‍ഷനില്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എഴുതുന്നതാണെങ്കില്‍ ഒന്നും ഒരു ഓര്‍ഡറിലാവുന്നില്ല. എന്തൊക്കെയോ വാരിവലിച്ചു എഴുതി. അവസാന ബെല്ലടിച്ചപ്പോള്‍ നാല് ഷോര്‍ട്ട് നോട്ടു ബാക്കി.
സാറ് പേപ്പര്‍ വാങ്ങാന്‍ വന്നപ്പോള്‍ ഞാന്‍ മുടിഞ്ഞ എഴുത്തായിരുന്നു. ഗതികെട്ട സാറ് അവസാനം പേപ്പര്‍ പിടിച്ചു വാങ്ങി. പോരാത്തതിന് ഒരു കിടിലന്‍ ഡയലോഗ്. "മോനെ, ധൈര്യമില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്!!!". പിന്നൊന്നും എനിക്കോര്‍മ്മയില്ല...
മൂന്നാം വര്‍ഷ ബി.എച്.എം.എസ്. പരീക്ഷയുടെ പ്രാക്ടിക്കല്‍ (ബെഡ് സൈഡ് വിവ). പുനത്തിലിന്റെ "മരുന്നില്‍" പറയുന്ന പോലെ പെട്ടെന്ന് രോഗം കണ്ടു പിടിക്കാവുന്ന ഏതെങ്കിലും രോഗികളെ കിട്ടണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. ഒരു ധൈര്യത്തിന് വേണ്ടി ഐ.പി.യില്‍ കിടക്കുന്ന മുഴുവന്‍ രോഗികളുടെയും പേരും ബെഡ് നമ്പരും രോഗവും മനസ്സിലാക്കി ലിസ്റ്റുണ്ടാക്കി കാണാപ്പാഠം പഠിക്കുന്ന ഇന്റര്‍ നാഷണല്‍ ബുജികളാണ് കൂടുതലും. ഞങ്ങളെപ്പോലുള്ള മടിയന്മാര്‍ അതിലേക്കൊന്ന് എത്തി നോക്കി കുറെയൊക്കെ മനസ്സിലാക്കി വെക്കും.
മെഡിക്കല്‍ കോളേജ് ആയതു കൊണ്ട് കുറെ പാവങ്ങള്‍ രോഗമൊന്നുമില്ലെങ്കിലും ബ്രെഡിനും മുട്ടക്കും വേണ്ടി വന്നു കിടക്കുന്നുണ്ടാവും. അവരെ കിട്ടിയാലാണ് തൊന്തരവ് മുഴുവന്‍. രോഗമില്ലെന്ന കാര്യം മനസ്സിലാകരുതെന്നു കരുതി ലോകത്തുള്ള രോഗലക്ഷണങ്ങള്‍ മുഴുവന്‍അവരെടുത്ത് അലക്കും. എക്സാമിന്‍ ചെയ്യുമ്പോള്‍ എങ്ങനെ കിടന്നു തരണമെന്നും ഓരോ ചോദ്യത്തിനും എങ്ങനെയൊക്കെ മറുപടി പറയണമെന്നും എല്ലാം അവര്‍ക്കറിയാം. ഇങ്ങനെയൊക്കെ ആണെങ്കിലും ചില വിരുതന്മാര്‍ അവസാനം സാറ് വരുമ്പോള്‍ പറഞ്ഞത് മുഴുവന്‍ മാറ്റിപ്പറയും... രോഗത്തിന്റെ തീവ്രത കൂട്ടാന്‍.
എന്തൊക്കെയോ പഠിച്ച്, രോഗികളെക്കുറിച്ച് ഏകദേശ രൂപമുണ്ടാക്കി ഞാന്‍ രാവിലെ ഐ.പിയിലെത്തി. നറക്കെടുപ്പിലൂടെയാണ് രോഗികളെ വീതിച്ചു തരിക. സകലമാന ദൈവങ്ങളെയും പിശാചുക്കളെയും മരുന്നിലെ 'ജോണ്‍ ബല്‍ദേവ് മിര്‍സ' എന്ന രോഗിയെയും മനസ്സില്‍ ധ്യാനിച്ച് ഒരു പേപ്പര്‍ എടുത്തു. ബെഡ് നമ്പര്‍ 52 . മുന്‍പ് കണ്ട ലിസ്റ്റിലുള്ള ആരുമല്ല. അല്‍പ്പം ടെന്ഷനോടെ ബെഡിനടുത്തെത്തി. നോക്കിയപ്പോള്‍ കുഞ്ഞറമുട്ടിക്ക. എത്രയോ വര്‍ഷങ്ങളായി ഇടയ്ക്കിടെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന നടുവേദനക്കാരന്‍. രാവിലെ എത്തിയിട്ടേ ഉള്ളൂ.അതാണിന്നലെ ലിസ്റ്റില്‍ പെടാഞ്ഞത്. സാധാരണ ആ രോഗിയെ ആര്‍ക്കും കൊടുക്കാറില്ലെന്ന് തോന്നുന്നു. ഇതിപ്പോള്‍ റംസാന്‍ വ്രതം കഴിഞ്ഞ ഉടനെ ആയതിനാല്‍ രോഗികള്‍ കുറവായത് കൊണ്ടായിരിക്കും. എന്തായാലും അല്‍പ്പം ആശ്വാസമായി. രോഗം എന്താണെന്ന് മുന്‍കൂട്ടി അറിയാറായല്ലോ. രോഗിയെ ചെരിച്ചും മറിച്ചും കിടത്തി കാലു പൊക്കിയും താഴ്ത്തിയും ഞാന്‍ പരിശോധന തുടങ്ങി. എന്നെക്കാള്‍ നന്നായി പഠിച്ച ആളെപ്പോലെ മൂപ്പര്‍ കയ്യും കാലുമൊക്കെ കൃത്യമായി വെച്ചു തന്നു. എന്നെപ്പോലുള്ള കുറെ മെഡിക്കോസ് കേറി നിരങ്ങിയതാണല്ലോ ആ ശരീരത്തില്‍. ഒടുവില്‍ എല്ലാം എഴുതി തയ്യാറാക്കി ഞാന്‍ ആശ്വാസത്തോടെ മേഡം വരുന്നത് കാത്തു നിന്നു.
എന്നെയും രോഗിയെയും മാറി മാറി നോക്കി ചിരിച്ചു കൊണ്ടാണ് മേഡം നടന്നു വന്നത്. ഞാന്‍ എല്ലാം പഠിച്ചു റാങ്ക് വാങ്ങാന്‍ തീരുമാനിച്ചവനെപ്പോലെ കത്തിക്കാന്‍ തുടങ്ങി, കുഞ്ഞറമുട്ടിക്കയുടെ രോഗത്തിന്റെ രഹസ്യങ്ങള്‍. തുടര്‍ന്ന് രോഗിയെ തിരിച്ചും മറിച്ചും ഇടാന്‍ തുടങ്ങിയപ്പോള്‍ മേഡം ചിരിച്ചു കൊണ്ട് തടഞ്ഞു. "എന്റെ രതീഷേ, ആ പാവം അവിടെ കിടന്നോട്ടെ. നിന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കിട്ടിയത് ഈ മനുഷ്യനെ ആയിപ്പോയി. നീ അധികം പറഞ്ഞു ബുദ്ധിമുട്ടേണ്ട... നമുക്ക് വൈവക്ക് കാണാം". ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്ന എന്നോട് മേഡം ഇത്ര കൂടി പറഞ്ഞു..."ഞാന്‍ പരീക്ഷ എഴുതിയപ്പോളും കിട്ടിയത് ഇയാളെ തന്നെയാ".
പേര് കണ്ടു തെറ്റിദ്ധരിക്കണ്ട.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച തുണ്ടല്ല. ഒന്നും ഉദ്ദേശിച്ചില്ലെന്നായിരിക്കും പറയാന്‍ പോകുന്നത്. ഇല്ലെങ്കില്‍ വേണ്ട. ഞാന്‍ കാര്യത്തിലേക്ക് കടക്കാം.
"തുണ്ട്" എന്നത് ഒരു സ്വയരക്ഷക്കുള്ള ഉപകരണമാണ്. ഈ മിന്നല്‍ രക്ഷാ ചാലകം ഒക്കെ പോലെ. പരീക്ഷയുടെ തലേന്ന് വരെ ഉഴപ്പിനടന്നു, അവസാന മണിക്കൂറുകളില്‍ പുസ്തകം തുറന്നു പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ "എല്ലാം ഒരു പൊക" എന്ന മട്ടില്‍ അനുഭവപ്പെടുന്ന "മിടുക്കരായ" വിദ്യാര്‍ഥികള്‍ക്ക് തോല്‍വി എന്ന മിന്നലില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപകരണം.
തുണ്ട് പലതരമുണ്ട്. അതിന്റെ പ്രയോഗവും പല തരത്തിലാണ്. ഹാര്‍മോണിയം പോലെ മടക്കിയ കടലാസ് കഷണം മുതല്‍ ഉത്തരക്കടലാസ് നേരിട്ട് എഴുതിക്കൊണ്ട് വന്നു മറ്റു പേപ്പറിന്റെ കൂടെ ചേര്‍ത്ത് കെട്ടി കൊടുക്കുന്ന വിരുതന്മാര്‍ വരെ ഉണ്ട്. പേജര്‍, മൊബൈല്‍ തുടങ്ങിയവയൊക്കെ വന്ന ഉടനെ പലരും അതിനെയും ആശ്രയിച്ചിരുന്നു. പിന്നെ അതൊന്നും പരീക്ഷാ ഹാളില്‍ കയറ്റാന്‍ പറ്റാതായി. തുണ്ടിന്റെ ഉപഭോക്താക്കള്‍ക്ക് സ്കൂള്‍ എന്നോ കോളേജ് എന്നോ പ്രൊഫെഷണല്‍ കോളേജ് എന്നോ ഒരു വ്യത്യാസവുമില്ല. ഒരു മജീഷ്യന്റെ കയ്യടക്കത്തോടെ തുണ്ട് പ്രയോഗിക്കുന്നവര്‍ കൂട്ടതിലേറ്റം മിടുക്കര്‍. കൈവിറയും പരിഭ്രമവും അമിതവിയര്‍പ്പും കൊണ്ട് പിടിക്കപ്പെടുന്നവരാണ് കൂടുതലും. അത്തരത്തിലുള്ളവരുടെ വീരഗാഥകള്‍ എല്ലാ കോളേജുകളിലും തലമുറകള്‍ കൈമാറി വരുന്നുണ്ടാവും...
എന്റെ ഒരു സുഹൃത്ത് (എന്റെ അനുഭവം സുഹൃത്തുക്കളുടെ തലയിലിടുകയാണെന്നു തെറ്റിദ്ധരിക്കേണ്ട. അതൊക്കെ ഞാന്‍ വഴിയെ പറയുന്നുണ്ട്.) ഇന്റേണല്‍ പരീക്ഷക്ക് തുണ്ടിനു പകരം പുസ്തകം തന്നെ തുടക്കു മുകളില്‍ വെച്ച് തകര്തെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ട് ക്ലാസ്സില്‍ തളം കെട്ടിനില്‍ക്കുകയായിരുന്ന നിശബ്ദത തകര്‍ത്തു കൊണ്ട് ഒരു ശബ്ദം. കഥാനായകന്‍ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുന്നുണ്ട്. സാര്‍ എണീറ്റ് ചെന്ന് നോക്കി. നോക്കുമ്പോള്‍ പുസ്തകവും അതിനുള്ളിലിരുന്ന കെട്ടുകണക്കിന് തുണ്ടുകളും താഴെ ചിതറിക്കിടക്കുന്നുണ്ട്. ശേഷം ചിന്ത്യം.
സംഭവം മൂപ്പര് പിന്നീട് വിശദീകരിച്ചു തന്നു. രണ്ടു മണിക്കൂറോളം പുസ്തകം തുടയിലിരുന്നപ്പോള്‍ മൂപ്പര്‍ക്ക് അത് ശരീരത്തിന്റെ ഭാഗമായി തോന്നി പോലും. അങ്ങനെ ഒരു സാധനം അവിടെ ഉള്ളത് മറന്ന് കാലൊന്നിളക്കി നിവര്‍ന്നിരുന്നതാ.
മറ്റൊരിക്കല്‍ ഈ സുഹൃത്ത് തന്നെ പുസ്തകം അറയുള്ള ഡസ്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു. പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് സാര്‍ ഡസ്കെല്ലാം പരിശോധിക്കുകയായിരുന്നു. കഥാനായകന്റെ ഡസ്കിന് സമീപം എത്തിയപ്പോളുണ്ട് മൂപ്പര്‍ തന്നെ വളരെ നാടകീയമായി ഡസ്കിനുള്ളില്‍ മുഴുവന്‍ തപ്പി പുസ്തകമെടുത്തു സാറിനു കൊടുക്കുന്നു. "ശെടാ, ഇതാരാ ഇതിനുള്ളില്‍ കൊണ്ട് വെച്ചത്" എന്ന മട്ടില്‍.
മറ്റൊരു പരീക്ഷ... അത്യാവശ്യം വല്ലതും പഠിക്കുന്ന ഒരു സുഹൃത്തിന്റെ തൊട്ടു പിന്നില്‍ തന്നെ സ്ഥലം പിടിച്ചു ഉഴപ്പന്മാരെന്ന പ്രശസ്തി മോശമല്ലാത്ത രീതിയില്‍ നേടിയെടുത്ത രണ്ടു പേര്‍. മുന്നിലിരുന്നവന്‍ എഴുതിക്കഴിയുന്ന ഓരോ പേപ്പറും പിന്നിലുള്ളവരുടെ കയ്യിലെത്തിത്തുടങ്ങി. തനി ഈച്ചക്കോപ്പി. ഒടുവില്‍ പരീക്ഷ തീരാറായിത്തുടങ്ങിയപ്പോള്‍ മുന്നിലിരുന്നവന്‍ കൊടുക്കല്‍ നിര്‍ത്തി. ഒരുപാടുണ്ടായിരുന്നു തീരാന്‍. അതിനിടയിലല്ലേ മറ്റുള്ളവരെ സഹായിക്കല്‍. പിന്നിലിരുന്നവര്‍ വിട്ടില്ല. തോണ്ടലോട് തോണ്ടല്‍. എന്തൊക്കെയായിട്ടും കക്ഷി പേപ്പര്‍ കൊടുത്തില്ല. സമയം കഴിഞ്ഞതൊന്നും അറിയാതെ മുടിഞ്ഞ എഴുത്ത് തന്നെ. വീണ്ടും വരുന്നു തോണ്ടല്‍. ഏകദേശം പരിപാടി കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു പേപ്പറെടുത്ത് മൂപ്പര്‍ "പണ്ടാരടങ്ങട്ടെ" എന്ന മട്ടില്‍ തിരിഞ്ഞു നോക്കാതെ പിന്നോട്ട് നീട്ടി. "അപ്പോള്‍ ബാക്കിയോ?" ഒരു സ്ത്രീശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ പേപ്പര്‍ പിടിച്ചു നില്‍ക്കുന്നു പേപ്പര്‍ കളക്ട് ചെയ്യാന്‍ വന്ന മാഡം!
ഇതുപോലുള്ള ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ അടുത്തിരുന്ന സുഹൃത്തിനു പേപ്പര്‍ കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍ പരീക്ഷ കഴിയാറായപ്പോള്‍ പേപ്പര്‍ ഓര്‍ഡറിലാക്കി കെട്ടാന്‍ നോക്കിയപ്പോള്‍ ഒരു പേപ്പര്‍ കാണുന്നില്ല. സുഹൃത്തിന്റെ നേരെ തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ കയ്യിലുണ്ടെന്ന് ആംഗ്യം കാണിച്ചു. വാങ്ങാന്‍ നോക്കിയപ്പോള്‍ മാഡമുണ്ട് തൊട്ടടുത്ത്. അവസാന ബെല്ലും അടിച്ചു. മാഡം പേപ്പര്‍ വാങ്ങാനെത്തി. കെട്ടുക പോലും ചെയ്യാതെ ഞാനിരിക്കുകയാണ്. അവസാനം രണ്ടും കല്‍പ്പിച്ചു പറഞ്ഞു "അത്... മാഡം... പിന്നെ... ഒരു... പേപ്പര്‍...". മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, മാഡം കണ്ണുരുട്ടി... "ഇത് വരെ വായിനോക്കി ഇരുന്നിട്ട് ഇപ്പൊ ബെല്ലടിച്ചിട്ടാണോ നിനക്കിനിയും എഴുതാന്‍ പേപ്പര്‍?". ഞാന്‍ കണ്ണുമടച്ചു പറഞ്ഞു "അതല്ല മാഡം, എന്റെ ഒരു പേപ്പര്‍ അവന്റെ കയ്യിലാ..." മാഡം പിന്നെ എന്ത് പറയാന്‍?
തുണ്ട് പരിപാടിയിലെ ഒരു പ്രധാന ഭാഗമാണ് ബാത്ത് റൂം. മൂന്നു മണിക്കൂറുള്ള പരീക്ഷക്കിടെ പ്രകൃതിയുടെ വിളി വന്നാല്‍ ഏതു ക്രൂരനായ ഇന്‍വിജിലേറ്റര്‍ക്കും ബാത്ത് റൂമില്‍ പോകാന്‍ വിടാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് തുണ്ട് വെക്കാന്‍ പേടിയുള്ള പലരും ഒരു ധൈര്യത്തിന് പുസ്തകം ബാത്ത് റൂമില്‍ വെക്കും,ഇടയ്ക്കു വല്ലതും മറന്നാല്‍ പോയി നോക്കാന്‍.(പേടിയില്ലാത്തവരും വെക്കും, കാരണം വന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രം കീറിയെടുത്താല്‍ മതിയല്ലോ). മൂന്നു മണിക്കൂറില്‍ അഞ്ചു തവണ "മൂത്രമൊഴിച്ചവര്‍" വരെയുണ്ടായിരുന്നു കോളേജില്‍.
ഇത്തരത്തില്‍ ഒരാള്‍ തലേന്ന് പോയി പുസ്തകം(തീരെ ചെറിയ ഗൈട് പോലുള്ള ഒന്ന്) ബാത്ത് റൂമില്‍ ഒളിപ്പിച്ചു. ഒളിപ്പിച്ചതെവിടെയാണെന്നോ? യുറോപ്പ്യന്‍ ക്ലോസെറ്റിന്റെ ഉള്ളില്‍... അതായത് സീറ്റ് ഉള്ളിലേക്ക് മടങ്ങിയുണ്ടാകുന്ന, ഫ്ലെഷ് ചെയ്‌താല്‍ വെള്ളം വരുന്ന ഗാപ്പില്‍... കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പരസ്യത്തില്‍ പ്രകാശ് രാജ് ഹാര്‍പ്പിക് ഒഴിക്കുന്ന ഭാഗത്ത്. അത്രയും സുരക്ഷിതമായ സ്ഥലം വേറെ ഉണ്ടാവില്ലെന്നായിരുന്നു മൂപ്പരുടെ ധാരണ. പരീക്ഷക്ക് അറിയാവുന്നതെല്ലാം എഴുതി, ബാക്കിയുള്ളതിന് തുണ്ടെടുക്കാന്‍ അദ്ദേഹം ബാത്റൂമില്‍ പോയപ്പോളുണ്ട് പുസ്തകം നനഞ്ഞു കുതിര്‍ന്നു ക്ലോസെട്ടിലെ വെള്ളത്തില്‍ കിടക്കുന്നു. തുണ്ടിനല്ലാതെ ശരിക്കും മൂത്രമൊഴിക്കാനും ആളുകള്‍ ബാത്ത് റൂമില്‍ പോകുമെന്ന് പാവം ഓര്‍ത്തു കാണില്ല.
ബാത്ത് റൂം വഴി ഉള്ള വേറൊരു പരിപാടി ശരിയായ സംഘബലത്തിന്റെ ഉദാഹരണമാണ്. ജനലിനരികില്‍ ഇരിക്കുന്ന ആള്‍ ഒരു തുണ്ട് കടലാസില്‍ ചോദ്യങ്ങളെഴുതി പുറതേക്കിടും. പുറത്തു നില്‍ക്കുന്ന ജൂനിയേര്‍സ് അതെടുത്തു പുസ്തകത്തില്‍ നിന്നും ആവശ്യമുള്ള ഉത്തരങ്ങള്‍ കീറി ബാത്റൂമില്‍ കൊണ്ട് വെക്കും. വേറൊരാള്‍ ബാത്ത് റൂമില്‍ പോയി അതെടുത്തു കൊണ്ട് വരും. അയാള്‍ എഴുതിക്കഴിഞ്ഞു മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും. എന്തൊരു പരസ്പര സഹായ സഹകരണ സംഘം!
കോളേജിലെ ഏറ്റവും വലിയ തരികിട എന്ന് പെരെടുത്തവനും ഒരിക്കല്‍ തുണ്ടുമായിറങ്ങി. ആളെ ശരിക്കറിയാവുന്നത് കൊണ്ട് മാഡം കക്ഷിയുടെ അടുത്ത് നിന്നു മാറിയില്ല. തിരിയാനും മറിയാനും വയ്യാതെ ആള്‍ കുടുക്കിലായി. പെട്ടെന്നുണ്ട് പുതിയ മല്ലുമുണ്ട് കീറുന്നത് പോലെ ഉറക്കെ ഒരു ശബ്ദം... "ഭ്രര്ര്ര്ര്രര്‍...". എല്ലാരും ചിരിതുടങ്ങി. അപ്പോളുണ്ട് മാഡത്തെ നോക്കി മൂപ്പരുടെ ചോദ്യം, അതും ഉറക്കെ..."എന്താ മാഡം, രാവിലെ കക്കൂസിലൊക്കെ പോയിട്ട് വന്നൂടെ?" ആകെ ചമ്മിയ മാഡം പിന്നെ ആ ഭാഗത്ത് വന്നിട്ടില്ല. കഥാനായകന്‍ നിര്‍ബാധം പരിപാടി തുടങ്ങുകയും ചെയ്തു. ശബ്ദം വന്നത് കഥാനായകന്റെ വായില്‍ നിന്നാണെന്നു പ്രത്യേകം പറയേണ്ടല്ലോ?
ഇതൊക്കെ തിയറി പരീക്ഷക്ക് തുണ്ട് വെക്കുന്നവരുടെ കാര്യം. വൈവക്ക് പോലും തുണ്ട് പ്രയോഗം നടത്തുന്ന അസാമാന്യ പ്രതിഭാശാലികളും ഉണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു വൈവക്ക് കയറുമ്പോള്‍ കോട്ട്(ആപ്രന്‍) ധരിക്കണം. അതിന്റെ അടിഭാഗത്ത് ഉള്‍വശത്താണ് എഴുതിയോ ഒട്ടിച്ചോ ഉള്ള നിക്ഷേപം. മേശക്കപ്പുറത്തിരിക്കുന്ന സാറിനു താഴേക്ക് കാണില്ലല്ലോ. ഗഹനമായി ചിന്തിക്കുന്ന പോലെ താഴോട്ട് നോക്കി കോട്ടിന്റെ അടിഭാഗം മറിച്ചുവെച്ചാണ് കലാപരിപാടി.
തുണ്ട് വെപ്പില്‍ മുതുകാടിനെ കടത്തി വെട്ടുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞു.. "ഇതൊക്കെ ഒരു കലയാണ് മോനെ ദിനേശാ. നിനക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ല". സത്യം. ഒരിക്കല്‍ ഈ പണിയൊന്നു പരീക്ഷിക്കാന്‍ പോയ ഈയുള്ളവന് പരീക്ഷാ ഹാളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകള്‍ മാത്രം മതി അതിനു തെളിവ്. ആ കഥ അടുത്തതില്‍...
ഞാന്‍ കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം. സുഹൃത്ത് പരിമളിനോടൊപ്പമാണ് ഒരു വൈകുന്നേരം ലാല്‍ജോസിന്റെ ചിത്രമായ "രണ്ടാം ഭാവം" കാണാന്‍ പുറപ്പെട്ടത്. ഏഴു മണിയുടെ ഷോ കഴിഞ്ഞു കൈരളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമയം പത്തുമണി. മാനാഞ്ചിറക്കു പോയി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നിന്ന് കാരപ്പറമ്പിലേക്ക് ബസ് കയറാനായി ഞങ്ങള്‍ കൈരളിക്കു സമീപത്തു നിന്ന് അശോക ഹോസ്പിടലിനു സമീപത്തെത്തുന്ന ഇടവഴിയിലൂടെ നടന്നു. കുറച്ചു പോയപ്പോള്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു.
പണ്ട് നമ്മുടെ ക്യാമ്പസില്‍ ഒരു സായിപ്പിന്‍റെ ബംഗ്ലാവുണ്ടായിരുന്നു... ഞങ്ങളതിനെ ഓള്‍ഡ് ബ്ലോക്ക് എന്ന് വിളിച്ചു. അതിനു മുന്നില്‍ ചില്ലകള്‍ വിടര്‍ത്തി ഞങ്ങള്‍ക്കെല്ലാം തണലേകി നിന്നിരുന്നൊരു വയസ്സന്‍ മഴ മരവുമുണ്ടായിരുന്നു. ഞങ്ങളുടെ സായാഹ്നങ്ങള്‍ ആ സുരക്ഷിതത്വത്തിന് കീഴിലായിരുന്നു. ഞങ്ങള്‍ ചിരിച്ചതും കരഞ്ഞതും കലഹിച്ചതും ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയതും പ്രണയിച്ചതും പിണങ്ങിയതും തമ്മിലടിച്ചതും രാഷ്ട്രീയ തന്ത്രങ്ങള്‍ മേനഞ്ഞതും സൌഹൃദത്തിന്‍റെ ഒരായിരം വസന്തങ്ങള്‍ വിരിയിച്ചതും ആ മടിയില്‍ തല വെച്ച് കൊണ്ടായിരുന്നു.