ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 10, 2010

"തുണ്ട് " - (2)

("തുണ്ട് " -1 ഇവിടെ ഉണ്ട്...)
എല്ലാവരും തുണ്ട് വെക്കുന്നത് കണ്ടു പ്രചോദനവും ഉത്തേജനവും ഉള്‍ക്കൊണ്ടാണ് ഈ പരിപാടി ഒന്ന് പരീക്ഷിക്കാമെന്നു കരുതിയത്‌. മര്യാദക്കിരുന്നു പഠിച്ചാല്‍ തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആവേശം കയറിയാല്‍ പിന്നെ അതൊന്നും ആലോചിക്കില്ലല്ലോ. മുതുകാടിനെ മനസ്സില്‍ ധ്യാനിച്ച്‌ സുഹൃത്തിന്റെ ഉപദേശപ്രകാരം ഹാര്‍മോണിയം നിര്‍മ്മിക്കാന്‍ തുടങ്ങി. നീളത്തിലുള്ള പേപ്പര്‍ എടുത്തു ഹാര്‍മോണിയം പോലെ മടക്കി ആദ്യം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അങ്ങനെ വേണമത്രേ. എന്നിട്ട് ഏറ്റവും നേരിയ മുനയുള്ള ഒരു പേന തെരഞ്ഞു പിടിച്ചു മഹാകാവ്യ രചന തുടങ്ങി. എഴുതി വന്നപ്പോള്‍ മനസ്സിലായി, ഒരു ഹാര്‍മോണിയത്തില്‍ ഒരു എസ്സേ അല്ല ഒരു പുസ്തകം തന്നെ വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്. കുറെ നേരമെടുത്തു ആ പണി തീരാന്‍. ഒടുവില്‍ പിറ്റേന്നത്തെ പരീക്ഷയില്‍ ഒന്നാമതെത്തുന്നത് സ്വപ്നം കണ്ടു കിടന്നുറങ്ങി. രാവിലെ എണീക്കാന്‍ അലാറം വെച്ചെങ്കിലും എണീക്കാന്‍ തോന്നിയില്ല. എല്ലാം തുണ്ടിലുണ്ടല്ലോ, ഇനിയെന്തിനു വെറുതെ പഠിച്ചു സമയം കളയണം? കുറെക്കഴിഞ്ഞു എണീറ്റ്‌ രാവിലത്തെ കലാപരിപാടികള്‍ തീര്‍ത്തു നെഞ്ചും വിരിച്ചു പരീക്ഷക്ക്‌ പുറപ്പെട്ടു.
തുണ്ടുകള്‍ പോക്കറ്റില്‍ തന്നെ ഉണ്ടെന്നുറപ്പുവരുത്തി പരീക്ഷാഹാളില്‍ കയറിയിരുന്നു. എന്തോ ഒരു ചെറിയ ടെന്‍ഷന്‍. പേടി എന്നൊന്നും പറയാന്‍ കഴിയില്ല ഒരു ധൈര്യക്കുറവ്. എല്ലാരും എന്നെ നോക്കുന്നുണ്ടോ എന്നൊരു തോന്നല്‍. വിയര്‍ക്കുന്നത് ചൂട് കൊണ്ടായിരിക്കും. സാറ് വന്നു ചോദ്യപേപ്പര്‍ തന്നു. നോക്കിയപ്പോള്‍ അഞ്ചില്‍ മൂന്ന് എസ്സെയും എന്റെ തുണ്ടിലുള്ളത് തന്നെ. മറ്റേതു രണ്ടും ഞാന്‍ നേരത്തെ പഠിച്ചു വെച്ചിട്ടും ഉണ്ട്. ആനന്ദ ലബ്ധിക്കിനി എന്ത് വേണം? ഞാന്‍ പ്രവര്‍ത്തന പഥത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു സംശയം... അറിയാവുന്നത് ആദ്യമെഴുതണോ അതോ ആദ്യം തുണ്ടില്‍ നിന്നു തുടങ്ങണോ? തുണ്ട് കഴിഞ്ഞാല്‍ ആ പണി കഴിഞ്ഞല്ലോ. അറിയാവുന്നത് എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. അങ്ങനെ തുണ്ട് പുറത്തെടുക്കാന്‍ തീരുമാനിച്ചു. നാല് പാടും ഒന്ന് നോക്കി. കൂട്ടത്തില്‍ സാറിനെയും. അപ്പോള്‍ സാറെന്നെ തന്നെ നോക്കുകയാണോ എന്നൊരു സംശയം. ഇനിയിപ്പോ സാറിനു വല്ലതും മണത്തോ? സാറ് നോക്കുമ്പോള്‍ തുണ്ട് പുറത്തെടുക്കാന്‍ വയ്യല്ലോ. ഞാന്‍ ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതായി കാണിച്ചു. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവന്മാരെല്ലാം ആഞ്ഞു എഴുതിക്കൊണ്ടിരിക്കുകയാണ്.എനിക്കാണെങ്കില്‍ ആകപ്പാടെ കുറുക്കന് ആമയെ കിട്ടിയ പോലെ തുണ്ടുണ്ടായിട്ടും എന്ത് ചെയ്യണമെന്നു മനസ്സിലാകുന്നില്ല. സമയവും പോകുന്നുണ്ട്. അപ്പോള്‍ സാറുണ്ട്‌ പുറത്തു പോകുന്നു. "ഹാവൂ". എന്റെ ശ്വാസം നേരെ വീണു. ഞാന്‍ തുണ്ട് എങ്ങനെയൊക്കെയോ പുറത്തെടുത്തു പേപ്പറിന്റെ ഇടയില്‍ പ്രതിഷ്ഠിച്ച്‌ എഴുതിത്തുടങ്ങി. ആദ്യത്തെ എസ്സേ കഴിയാറായപ്പോഴാണ്‌ ഞാന്‍ അത് കണ്ടത് - എന്റെ പിന്നില്‍ മാറ്റിയിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുന്നു സാര്‍. കൊണ്ടുപിടിച്ച എഴുത്തിനിടയില്‍ സാറ് തിരിച്ചു ക്ലാസില്‍ കയറിവന്നതൊന്നും ഞാന്‍ കണ്ടിരുന്നില്ല. എനിക്ക് പരവേശം തുടങ്ങി. മുട്ടുകള്‍ക്ക് നല്ല വിറ. വായില്‍ ഒറ്റ തുള്ളി വെള്ളമില്ല. തിരിഞ്ഞു നോക്കാനും വയ്യ. എന്റെ കഷ്ടപ്പാട് കണ്ടു അപ്പുറത്തിരുന്ന റാങ്കുകാരി ചിരി തുടങ്ങി. അവള്‍ക്കു കാര്യം മനസ്സിലായി എന്ന് തോന്നുന്നു. ആകെ നാണക്കേടായി. അപ്പോളുണ്ട്‌ മറ്റൊരുത്തന്‍ അപ്പുറത്ത് നിന്നു ചിരിച്ചു കൊണ്ട് രണ്ടു വിരല്‍ നീട്ടിക്കാണിച്ചു ചിരിക്കുന്നു. എന്റെ ഞെളിപിരി കണ്ടു "കക്കൂസില്‍ പോണോടാ" എന്ന് ചോദിക്കുകയാണെന്നെനിക്കു മനസ്സിലായി. അവനെ കണ്ണുരുട്ടി നോക്കി ഞാന്‍ മനസ്സില്‍ രണ്ടു മുട്ടന്‍ തെറി പറഞ്ഞു. അല്ലാതെന്തു ചെയ്യാന്‍. വല്ല വിധേനയും ആദ്യത്തെ എസ്സേ ഞാന്‍ എഴുതിതീര്‍ത്തു. 
ഇപ്പോള്‍ തന്നെ ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമാണിനി ബാക്കി. മൂന്നെസ്സെയും അഞ്ചു ഷോര്‍ട്ട് നോട്ടും തീര്‍ക്കണം ആ സമയം കൊണ്ട്. ഇനി തുടര്ന്നെഴുതണമെങ്കില്‍ എക്സ്ട്രാ പേപ്പര്‍ വാങ്ങണം. തുണ്ട് പെപ്പരിനുള്ളില്‍ മറച്ചു വെച്ചു ഞാന്‍ പതുക്കെ എണീറ്റ്‌. സാറ് അടുതുവന്നപ്പോലേക്കുണ്ട് കാറ്റടിച്ചു പേപ്പരെല്ലാം ഒറ്റ പറക്കല്‍. ഒറ്റക്കുതിപ്പില്‍ ഞാന്‍ ഓടിച്ചെന്ന് അതെല്ലാം കൂടി പെറുക്കിയെടുത്തു. അപ്പനപ്പൂപ്പന്മാരുടെ സുകൃതം കൊണ്ട് ഹാര്‍മോണിയം പുറത്തു വീണില്ല. പേപ്പര്‍ വാങ്ങി സീറ്റിലിരുന്നെങ്കിലും ഞാന്‍ നോര്‍മലാകാന്‍ കുറച്ചു സമയമെടുത്തു.  
കൈ വിറച്ചു കൊണ്ടാണെങ്കിലും തുണ്ട് വീണ്ടും പുറത്തെടുത്തു. അപ്പോളുണ്ട്‌ സാറെണീറ്റു റോന്തു ചുറ്റാന്‍ തുടങ്ങുന്നു.  ഇയാള്‍ക്ക് ആ മൂലക്കെങ്ങാന്‍ ഇരുന്നാല്‍ പോരെ? എങ്ങനെയൊക്കെയോ ഞാന്‍ എഴുതിത്തുടങ്ങി. പേപ്പറില്‍ നോക്കാതെയും എഴുതാന്‍ പറ്റുമെന്ന് അപ്പോളാണ് മനസ്സിലായത്‌. കണ്ണ് സാറിന്റെ മുകളിലാണല്ലോ. ഇതൊക്കെ വായിച്ചെടുത്താല്‍ സാറിനു വല്ല അവാര്‍ഡും കൊടുക്കണം. 
അങ്ങനെ രണ്ടാമത്തെ എസ്സെ എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വാച്ച് നോക്കി. ഇനി കഷ്ടിച്ച് ഒരു മണിക്കൂര്‍ ബാക്കി. അപ്പോഴാണെനിക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് ബോധ്യം വന്നത്. എങ്ങനെയായാലും ഇന്നീ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ പറ്റില്ല. തുണ്ട് വെക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കാന്‍ മാത്രമേ ഇനി പറ്റൂ. തുണ്ട് ചുരുട്ടിക്കൂട്ടി പുറത്തെക്കെറിയുക മാത്രമേ എനിക്ക് വഴിയുണ്ടായുള്ളൂ. പോട്ടെ പണ്ടാരം. ഞാന്‍ അറിയാവുന്ന എസ്സെ എഴുതിത്തുടങ്ങി. എവിടെ തീരാന്‍? സമയം തീരാറായതിന്റെ ടെന്‍ഷനില്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എഴുതുന്നതാണെങ്കില്‍ ഒന്നും ഒരു ഓര്‍ഡറിലാവുന്നില്ല. എന്തൊക്കെയോ വാരിവലിച്ചു എഴുതി. അവസാന ബെല്ലടിച്ചപ്പോള്‍ നാല് ഷോര്‍ട്ട് നോട്ടു ബാക്കി.  
സാറ് പേപ്പര്‍ വാങ്ങാന്‍ വന്നപ്പോള്‍ ഞാന്‍ മുടിഞ്ഞ എഴുത്തായിരുന്നു. ഗതികെട്ട സാറ് അവസാനം പേപ്പര്‍ പിടിച്ചു വാങ്ങി. പോരാത്തതിന് ഒരു കിടിലന്‍ ഡയലോഗ്. "മോനെ, ധൈര്യമില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്!!!".  പിന്നൊന്നും എനിക്കോര്‍മ്മയില്ല...

5 comments:

കൂതറHashimܓ said...

ഹ ഹ ഹാ അതു കൊള്ളാം

ശ്രീ said...

ഹ ഹ. സാറു കലക്കി.

ഇങ്ങനെ തുണ്ടുകളുടെ ആത്മവിശ്വാസത്തില്‍ മാത്രം പരീക്ഷകള്‍ പാസാവുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിയ്ക്ക്.

DR SHIBI..THE GREAT HOMOEOPATHY.. said...

കൊള്ളാം നല്ല തമാശ
ആ നല്ല കോളേജ് ജീവിതം ഓര്‍മ വരുന്നു
തുണ്ടുകള്‍ കൊണ്ട് മഹാ കാവ്യം രചിച്ചവര്‍ക്ക് ഈ കമന്റ്‌ സമര്‍പ്പിക്കുന്നു

അഭി said...

"മോനെ, ധൈര്യമില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്!!!".

സാറാണ് താരം

ഇ.എ.സജിം തട്ടത്തുമല said...

“അപ്പോള്‍ ഒരു സംശയം... അറിയാവുന്നത് ആദ്യമെഴുതണോ അതോ ആദ്യം തുണ്ടില്‍ നിന്നു തുടങ്ങണോ? തുണ്ട് കഴിഞ്ഞാല്‍ ആ പണി കഴിഞ്ഞല്ലോ. അറിയാവുന്നത് എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. അങ്ങനെ തുണ്ട് പുറത്തെടുക്കാന്‍ തീരുമാനിച്ചു.“

അതാണു പറയുന്നത്, പാടില്ല പാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂടാ!

ആദ്യം അറിയാവുന്നത് എഴുതണം. പിന്നെ തുണ്ടെടുത്ത് പരീക്ഷിക്കണം.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം