ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 31, 2010

പുതുവത്സരാശംസകള്‍

എല്ലാവര്‍ക്കും 
നന്മ 
നിറഞ്ഞ 
ഒരു 
പുതുവര്‍ഷം ആശംസിക്കുന്നു....

December 29, 2010

ശബരിമലയിലെ തേങ്ങാതട്ടിപ്പ്

എല്ലാ ആരാധനാലയങ്ങളിലും എന്ന പോലെ ശബരിമലയിലും അല്ലറ ചില്ലറ തട്ടിപ്പുകള്‍ എല്ലാം നടക്കുന്നുണ്ടെന്ന് നമുക്കറിയാം. തൊഴാന്‍ പോകുമ്പോള്‍ തട്ടിപ്പിന്‍റെ മൂട് ചികയാന്‍ പോകാനുള്ള മടി കാരണം നമ്മളെല്ലാം തല്ക്കാലമങ്ങു കണ്ണടയ്ക്കും. എന്നാല്‍ കഴിഞ്ഞ ആഴ്ച മലയ്ക്ക് പോയി വന്ന ഒരു ബന്ധു പറഞ്ഞ കഥകേട്ട് ഈയുള്ളവന്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോയി.
ശബരിമലയിലായാലും ഗുരുവായൂരിലായാലും തൊഴാന്‍ വരുന്ന അന്യസംസ്ഥാനക്കാരെ കുറിച്ച് നമുക്കെല്ലാം അറിയാമല്ലോ. ഭാഷ അറിയില്ല, ഇവിടുത്തെ ആചാരങ്ങളറിയില്ല, ആകെ മൊത്തം കണ്ഫ്യൂഷന്‍. ഒരു ബസ്സില്‍ നിന്നും ഒരു പട സ്വാമിമാര്‍ ഇറങ്ങും... പിന്നെ "മുന്‍പേ ഗമിക്കുന്ന ഗോവ് തന്‍റെ പിന്‍പേ ഗമിക്കുന്നു ഗോക്കളെല്ലാം" എന്ന് പറഞ്ഞ പോലെ ആദ്യം പോകുന്ന ആള്‍ എന്ത് ചെയ്യുന്നോ, അതെല്ലാം പിന്നാലെ വരുന്നവരും ചെയ്യും. ക്ഷേത്രത്തിലെ ഏതെങ്കിലും മൂലയില്‍ ഏതെങ്കിലും ഭക്തന്‍ ചെയ്യുന്നതു കണ്ടായിരിക്കും പ്രസ്തുത "ലീഡര്‍" ഇതെല്ലാം ചെയ്യുന്നത്. വഴിയരികില്‍ ഇറങ്ങി ഒരാള്‍ പെപ്സി കുടിച്ചാല്‍ എല്ലാരും അരവണ കുടിക്കുന്ന പോലെ ഭക്തിയോടെ കുടിക്കും. ഒരാള്‍ ഹല്‍വ വാങ്ങിയാല്‍ എല്ലാരും വാങ്ങി തിന്നും. ഇത്തരക്കാരെ പറ്റിക്കാന്‍ ഒരാള്‍ (മലയാളി ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ...) നടത്തിയ നാടകമാണ് സംഭവം.
എന്‍റെ ബന്ധു പമ്പയില്‍ എത്തിയപ്പോള്‍ റോഡരുകില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒരാള്‍ ഒരു തേങ്ങയും പിടിച്ചു നില്‍ക്കുന്നത് കണ്ടു (കറുപ്പുടുത്തിട്ടുണ്ട്). എന്‍റെ ബന്ധുവും കൂടെയുള്ള നാലഞ്ചു പേരും നടന്നുപോയപ്പോള്‍ ആള്‍ അവിടെ അത്ര പന്തിയല്ലാത്ത വിധത്തില്‍ തിരിഞ്ഞു കളിക്കുന്നുണ്ട് (മലയാളം സംസാരിച്ചത് കേട്ടപ്പോള്‍ ആള്‍ക്ക് നമ്മുടെ ആളുകളാണെന്ന് പിടി കിട്ടിയിരിക്കും). കൂട്ടം തെറ്റിയതാണെന്നു കരുതി ഒന്ന് സഹായിച്ചേക്കാം എന്നു വെച്ച് ആളുടെ അടുത്തേക്ക് നീങ്ങിയപ്പോളാണ്‌ കണ്ടത്, ഒരു കല്ലില്‍ കുറെ പൂവെല്ലാം വിതറി റോഡിന്‍റെ അടുത്ത് വെച്ചിട്ടുണ്ട്. നമ്മുടെ ആളുകളുടെ മനസ്സില്‍ "ദാസനും വിജയനും" ഉണര്‍ന്നപ്പോള്‍ അവര്‍ കുറച്ചു നീങ്ങി നിന്ന് സംഗതി വീക്ഷിക്കാന്‍ തുടങ്ങി. നോക്കുമ്പോള്‍ തൊട്ടു പിന്നാലെ തെലുങ്ക്‌ സ്വാമിമാരുടെ ഒരു പട വരുന്നുണ്ട്. അവരെ കണ്ട ഉടനെ "സ്വാമി" ഉച്ചത്തില്‍ ശരണം വിളിച്ച് കല്ലിനു ചുറ്റും വലം വെക്കാന്‍ തുടങ്ങി. ഇത് കണ്ട് തെലുങ്കരെല്ലാം അവിടെ കൂടി നിന്ന് ശരണം വിളി തുടങ്ങി. ഉടനെ "സ്വാമി" കയ്യിലുണ്ടായിരുന്ന തേങ്ങ കല്ലിനു മുകളില്‍ എറിഞ്ഞു(ഉടഞ്ഞില്ല, ഉടച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി). അപ്പോഴുണ്ട് തെലുങ്കന്മാരെല്ലാം തൊട്ടപ്പുറത്ത് തേങ്ങ വില്‍ക്കാനിരുന്ന പയ്യന്‍റെ (അങ്ങനെ ഒരാള്‍ കൂടി ആ പരിസരത്തുണ്ടായിരുന്നു, നേരത്തെ പറയാന്‍ വിട്ടുപോയി) തേങ്ങ വാങ്ങി തുരുതുരാ ഏറ്‌. തൊണ്ണൂറ്റിഅഞ്ചു ശതമാനവും പൊട്ടിയില്ല. കാര്യം കഴിച്ചു തേങ്ങയുടെ കാര്യമൊന്നും നോക്കാന്‍ നില്‍ക്കാതെ തെലുങ്കര്‍ അങ്ങ് പോയി.
ഇനിയാണ് യഥാര്‍ത്ഥ മലയാളിയുടെ ബുദ്ധിയുടെ ആഴം കാണാന്‍ കഴിഞ്ഞത്. "സ്വാമി"യും പയ്യനും എവിടുന്നോ ഓടിയെത്തിയ രണ്ടു പേരും ചേര്‍ന്ന് തേങ്ങയെല്ലാം വാരിക്കൂട്ടി പൊട്ടിയതും പൊട്ടാത്തതും വേര്‍തിരിച്ചു വെച്ചു. പൊട്ടാത്തതെല്ലാം പയ്യന്‍റെ ചാക്കിലേക്ക്... പൊട്ടിയതെല്ലാം വേറൊരു ചാക്കില്‍ അവിടെ കൂടിയവരില്‍ ഒരുത്തന്‍ കൊണ്ടുപോയി (ഏതോ ഹോട്ടലിലേക്കായിരിക്കും). ഇതെല്ലാം വെറും അഞ്ചു മിനുട്ടില്‍ കഴിഞ്ഞു. തട്ടിപ്പിന്‍റെ അടുത്ത എപ്പിസോഡിനായി "സ്വാമി" വീണ്ടും റെഡി.
സ്വാമിയേ ശരണമയ്യപ്പാ...

December 27, 2010

നന്ദികേടിന്‍റെ രാഷ്ട്രീയം - "കുമ്പളങ്ങി സ്റ്റൈല്‍"

കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനോട് ആശയപരമായി യാതൊരു വിധത്തിലും യോജിക്കാന്‍ കഴിയാത്ത, അദ്ദേഹത്തിന്‍റെ പല പ്രവര്‍ത്തികളോടും എതിര്‍പ്പ് മാത്രമുള്ള കമ്മ്യൂണിസ്റ്റുകാരനായ ഈയുള്ളവന് പോലും അദ്ദേഹം മരിച്ചപ്പോള്‍ ഒരല്‍പം വിഷമം തോന്നി. സാധാരണ ക്യാമറ കണ്ടാല്‍ ജനനമെന്നോ മരണമെന്നോ നോക്കാതെ കൂടെ നില്‍ക്കുന്നവനെ തള്ളിമാറ്റി  മുന്നില്‍ വന്നു നിന്ന് പല്ലിളിച്ചു കാണിക്കാന്‍ മാത്രമറിയുന്ന തുക്കടാ കോണ്‍ഗ്രസ്‌ നേതാക്കളുടെ മുഖത്ത് പോലും ഗ്രൂപ്പ് ഭേദമെന്യേ ദുഃഖം തളം കെട്ടിനിന്നിരുന്നു ചാനലുകളിലൂടെ കണ്ട ദൃശ്യങ്ങളില്‍. എന്തൊക്കെ പറഞ്ഞാലും കൂടെ നില്‍ക്കുന്നവനെ ഇത്രമേല്‍ സ്നേഹിക്കുകയും അവര്‍ക്ക് സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ ഇത്രമേല്‍ പരിശ്രമിക്കുകയും ചെയ്ത ഒരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇത് വരെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാവാനും പോകുന്നില്ല.
പക്ഷെ തോമസ്‌ മന്ത്രി ചെയ്തത് കുറച്ചു കടന്ന കയ്യായി പോയി. ഒരു സാധാരണ കോളേജ്‌ അധ്യാപകനില്‍ നിന്നും ലീഡര്‍ കൈ പിടിച്ചുയര്‍ത്തി രാഷ്ട്രീയത്തില്‍ കൊണ്ട് വന്നു നേതാവാക്കി മാറ്റിയ കെ.വി.തോമസ്‌ മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത ആളാണെന്ന്  എന്‍ ഡോസള്‍ഫാന്‍റെ കാര്യത്തില്‍ അയാള്‍ നടത്തിയ പ്രസ്താവന കൊണ്ട് തന്നെ മനസ്സിലായിരുന്നു. വ്യാജരേഖ പ്രശ്നത്തിന് ശേഷം കരുണാകരനില്‍ നിന്നും അകന്നെങ്കിലും കാര്യം നേടാനുള്ള സ്വാധീനം അയാള്‍ അങ്ങ് ഡല്‍ഹിയില്‍ അതിനു മുന്‍പ് തന്നെ ഉണ്ടാക്കിയിരുന്നു. അണികളുടെ പിന്തുണയില്ലെങ്കിലും ഏറണാകുളത്തു സ്ഥാനാര്‍ത്ഥിയാകാനും  കഷ്ടിച്ച് ജയിച്ചു കേന്ദ്രത്തിലെത്തിയപ്പോള്‍ മന്ത്രിയാകാനും കഴിയുന്ന രീതിയില്‍ സ്വാധീനമുണ്ടാക്കുന്നതിനു ചവിട്ടുപടി ഇട്ടു കൊടുത്ത ലീഡറോട് അയാള്‍ കാണിച്ചത് കണ്ടപ്പോളാണ് ഇത്ര നന്ദി കെട്ടവനാണ് കുമ്പളങ്ങിയുടെ പൊന്നോമനപ്പുത്രന്‍ എന്ന് മനസ്സിലായത്‌. ലീഡറുടെ ശവസംസ്കാരം നടന്നതിനു പിറ്റേന്ന് തന്നെ സിനിമ കാണാന്‍... അതും ഔദ്യോഗിക വാഹനത്തില്‍... എത്തിയ തോമസ്‌ തന്‍റെ സ്ഥാനത്തെയെങ്കിലും ബഹുമാനിക്കണമായിരുന്നു. തനിക്ക് വിഷമമില്ലെങ്കിലും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ആ വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വീട്ടിലിരുന്നു കൂടെ? സര്‍ക്കാരിന്‍റെ ദു:ഖാചരണം വെറും കുമ്പളങ്ങി ഫലിതമാണോ തോമസ്സിന്? കെ.പി.സി.സി-യുടെ ഒരാഴ്ചത്തെ ദു:ഖാചരണം വെറും പ്രഹസനമാക്കി മാറ്റിയ തോമസിന് എതിരെ അയാള്‍ക്ക്‌ ഹൈക്കമാണ്ടിലുള്ള പിടിപാട് ഭയന്ന് അവര്‍ ഒരക്ഷരം മിണ്ടിയില്ലെങ്കിലും ജനങ്ങള്‍ മറുപടി കൊടുക്കും. കൊച്ചിയിലെ കായലുകളില്‍ മീനുള്ളിടത്തോളം കാലം മന്ത്രിയായിരിക്കാം എന്നു സ്വപ്നം കാണേണ്ട ബഹു.മന്ത്രീ...
വാല്‍:
ഗില്ലിന്റെ കാര്യം ഒന്നും പറയാനില്ല. അയാള്‍ക്കേത് കരുണാകരന്‍? എന്ത് കോണ്‍ഗ്രസ്‌?

December 23, 2010

ക്രിസ്തുമസ് ആശംസകള്‍

കോണ്‍ഗ്രസിലെ ഒരു കാലഘട്ടത്തിന്‍റെ അന്ത്യം

കേരള രാഷ്ട്രീയത്തിലെ ഒരു അതികായന്‍ കൂടി വിട പറഞ്ഞിരിക്കുന്നു. ലീഡര്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം അത് കെ.കരുണാകരനെ കുറിച്ചാണെന്ന്... കാരണം മലയാളികളുടെ മനസ്സില്‍ ഒരു ലീഡറേ ഉള്ളൂ... ഇന്ന് വരെ. രാഷ്ട്രീയ പരമായി അദ്ദേഹത്തോട് യാതൊരു തരത്തിലും യോജിപ്പില്ലെങ്കിലും കെ.കരുണാകരന്‍ എന്ന വ്യക്തിക്ക് കേരള രാഷ്ട്രീയത്തില്‍ ഉള്ള സ്ഥാനം ഏറെ വലുതാണ് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് - പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ക്ക് - വളരെ വളരെ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള ഒരു സവിശേഷതയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്... കൂടെ നില്‍ക്കുന്നവരെ ഒരിക്കലും കൈ വിടാത്ത, അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആശ്രിത വാത്സല്യം... സ്നേഹം - തന്‍റെ ഇഷ്ട ദൈവമായ ശ്രീ കൃഷ്ണനെ പോലെ. അദ്ദേഹം ജീവിതത്തില്‍ നേരിടേണ്ടി വന്ന എല്ലാ ദുരനുഭവങ്ങള്‍ക്കും കാരണം ഈ ആശ്രിത വാത്സല്യം തന്നെയായിരുന്നു... കൂടെ നില്‍ക്കുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലും അവരെ തള്ളിപ്പറയാന്‍ മനസ്സ് വരാത്ത സ്നേഹം. പക്ഷെ ആ സ്നേഹം മതിയാവോളം അനുഭവിച്ച അനുയായികള്‍ ഭൂരിഭാഗവും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്നത് വിധിവൈപരീത്യമാകാം. ഇന്ന് വിവിധ ചാനലുകളിലെ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ പലര്‍ക്കും മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ ആ നേതാവിന്‍റെ മൃതശരീരത്തിന്‍റെ കാല്‍ക്കല്‍ വീണു പൊട്ടിക്കരയേണ്ടി വരും. ഒരു പരിധി വരെ പുത്രസ്നേഹം അദ്ദേഹത്തെ അനുയായികളില്‍ നിന്ന് അകറ്റിയെങ്കിലും ഒടുവില്‍ എല്ലാം മറന്നു താന്‍ വളര്‍ത്തിയ പാര്‍ട്ടിയിലേക്ക്‌ തന്നെ അദ്ദേഹം തിരിച്ചു വന്നു... അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും.
അദ്ദേഹത്തിന്‍റെ മറ്റൊരു പ്രത്യേകത കേരളത്തിന്‍റെ വികസന കാര്യങ്ങളില്‍ കാണിച്ച ഉറച്ച നയമാണ്. അവസരങ്ങള്‍ ഉണ്ടായിട്ടും കേരളം വിട്ടു ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞതിന്‍റെ കാരണവും ജനിച്ച നാടിനോടുള്ള ഈ സ്നേഹമാണ്. അദ്ദേഹത്തെ പോലൊരു നേതാവ് ഇനിയൊരിക്കലും കോണ്‍ഗ്രസ്സില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം - മകനെ കോണ്‍ഗ്രസില്‍ തിരിച്ചു കൊണ്ട് വരാന്‍ നടത്തിയ ശ്രമങ്ങള്‍ - സഫലമാകാത്തതിന്‍റെ നിരാശയോടെ തന്നെയാണ് അദ്ദേഹം കണ്ണടച്ചിട്ടുള്ളത്. അതൊരു തീരാശാപമായി മാറാതിരിക്കട്ടെ.
മരിക്കുമ്പോള്‍ പൊതുവേ പറയുന്ന നല്ല വാക്കുകള്‍ മാത്രമല്ല ഇത് വരെ എഴുതിയത് .  ഏറെ കളങ്കം പറ്റിയിട്ടുണ്ടെങ്കിലും ആ രാഷ്ട്രീയ ജീവിതം ഉജ്ജ്വലം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ രാജനും  ഈച്ചരവാര്യരും കൂത്ത്പറമ്പ് രക്തസാക്ഷികളും നവാബും എല്ലാമുള്ള പരലോകത്ത് അദ്ദേഹവും ജീവിതത്തിന്റെ നശ്വരതയെ പുല്കട്ടെ. ആ ജനകീയ നേതാവിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

December 22, 2010

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (2) - "ഓപ്പണ്‍ വോട്ട്"

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ ഫുക്കാറിന്‍റെ അയല്‍വാസിയും ബന്ധുവുമായ ഒരു വല്ല്യുപ്പ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി. ആള്‍ അറുപതിലെ അത്തും പിത്തും എഴുപതിലെ ഏടാകൂടവും എല്ലാം കഴിഞ്ഞ് തൊണ്ണൂറിന്‍റെ പടിവാതില്‍ക്കലെത്തി എട്ടും പൊട്ടും തിരിയാതെ നില്‍ക്കുന്ന പ്രായം. അതിന്‍റെതായ കുറച്ചു വശപ്പിശകുള്ളതൊഴിച്ചാല്‍ ആള്‍ പൂര്‍ണ ആരോഗ്യവാന്‍. സ്വന്തം ചെവി പോലെ മറ്റുള്ളവരുടെ ചെവിയും കാണാനുള്ള ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതി ഉള്ളത് കൊണ്ട് വെടി പൊട്ടിക്കുന്നത് പോലെ സംസാരിക്കുമെന്ന് മാത്രം. കൂടെ വന്ന മരുമകള്‍ വല്ല്യുപ്പയെ ക്യൂവില്‍ നിര്‍ത്തി സ്ത്രീകളുടെ ക്യൂവില്‍ പോയി നിന്നു. അകത്തു കയറിയ മൂപ്പരോട് പോളിംഗ് ഓഫീസര്‍ "കൂടെ ആരുമില്ലേ?" എന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി... "ഞമ്മക്കാരും ബേണ്ട". കൂടുതല്‍ കാത്തുനില്‍ക്കാതെ ബാലറ്റും വാങ്ങി ആള്‍ വോട്ടു ചെയ്യാന്‍ നടന്നു. അവിടെ ചെന്ന് കുറെ നേരം തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ടപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ കാര്യമെന്തെന്നന്വേഷിച്ചു. ഉടനെ ബാലറ്റ്‌ പേപ്പര്‍ ഉയര്‍ത്തി നിവര്‍ത്തിപ്പിടിച്ച് ആളൊരു അലര്‍ച്ച... "ഇതിലിന്‍റെ ഫുക്കാറിന്‍റെ പേര് കാണിച്ച് തരിനെടാ..."

December 21, 2010

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (1) - "വല്ല്യുമ്മയാണ് താരം"

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാശിയേറിയ മത്സരമായിരുന്നു ഈയുള്ളവന്‍റെ വാര്‍ഡില്‍. കഴിഞ്ഞ തവണ ജയിച്ച സ്ഥാനാര്‍ഥിക്ക് പകരം ഏറെക്കാലത്തെ ഗള്‍ഫ്‌ വാസത്തിനു ശേഷം  സ്ഥാനാര്‍ഥിയാകണമെന്ന ഉല്‍ക്കടമായ ആശയോടെ രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തി ജയിച്ചാല്‍ വൈസ്‌ പ്രസിഡണ്ട്‌ എന്ന ഉറപ്പില്‍ രംഗത്തിറങ്ങിയ സ്ഥാനാര്‍ഥിയുമായി യു.ഡി.എഫും കഴിഞ്ഞ തവണ തോറ്റ ശേഷം ജയിച്ച മെമ്പറേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു ശ്രദ്ധ പിടിച്ചുപറ്റിയ ആളെ തന്നെ രംഗത്തിറക്കി എല്‍.ഡി.എഫും നേരിട്ടുള്ള അങ്കത്തിലാണ്. പ്രചാരണം അവസാനിക്കും മുന്‍പ് ഒറ്റയടിക്ക് നൂറോളം പേരെ ഉള്‍പ്പെടുത്തി സ്ക്വാഡ്‌ ഇറക്കി ഒറ്റ ദിവസം കൊണ്ട് വാര്‍ഡിലെ മുഴുവന്‍ വീടുകളും കയറി വോട്ടു ചോദിച്ച എല്‍.ഡി.എഫ് ജയം പ്രതീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
അങ്ങനെ വോട്ടെടുപ്പ് ദിവസം വന്നെത്തി. രാവിലത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം യു.ഡി.എഫിന്‍റെ പോളിംഗ് ഏജന്ടായി ബൂത്തില്‍ വന്നിരുന്നത് ഇത്തവണ അവസരം നിഷേധിക്കപ്പെട്ട കഴിഞ്ഞ തവണത്തെ മെമ്പര്‍ തന്നെയായിരുന്നു. അവസരം കിട്ടാത്തതിലുള്ള നിരാശയോ ഇത്തവണ തോല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമോ ആ മുഖത്ത് ഒളിമിന്നിയിരുന്നത് എന്ന് വ്യക്തമല്ല.
പോളിംഗ് തുടരുന്നതിനിടയില്‍ ഒരു വല്ല്യുമ്മയെ പേരക്കുട്ടികളാരോ വോട്ടു ചെയ്യാന്‍ കൊണ്ട് വന്നു. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടുള്ളതിനാല്‍ കണ്ഫ്യൂഷന്‍ ഒഴിവാക്കാന്‍ പ്രായമായവര്‍ക്കും കന്നിവോട്ടുകാര്‍ക്കും ഓരോ ബാലറ്റ് വീതം കൊടുത്തു വോട്ടു ചെയ്തു കഴിഞ്ഞാണ് അടുത്തത് കൊടുത്തിരുന്നത്. വല്ല്യുമ്മ വന്നപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ചോദിച്ചു "ഉമ്മാ, മൂന്നും ഒന്നിച്ചു തരട്ടെ?". ഉടന്‍ വന്നു വല്ല്യുമ്മയുടെ മറുപടി... "ന്‍റെ മോനെ, ജ്ജ് ഒന്നിച്ചോ ഒറ്റക്കോ എങ്ങനെ ബേണെങ്കിലും തന്നോ. കയിഞ്ഞ കൊല്ലം ആ ഇബിലീസിനു (പിന്നിലിരിക്കുന്ന മുന്‍ മെമ്പറെ ചൂണ്ടിക്കൊണ്ട്) ബോട്ട് കൊടുത്തിട്ട് പഹേനെ പിന്നെ ഈ ബയിക്ക് കണ്ടിട്ടില്ല. ഇക്കൊല്ലം ഞമ്മള് കാണിച്ച് തരാ..". ബൂത്തില്‍ കൂട്ടച്ചിരി മുഴങ്ങി.
തല താഴ്ത്തിയിരിക്കുന്ന മെമ്പറോട് അടുത്തിരുന്ന എല്‍.ഡി.എഫ്. ഏജന്റ് പറഞ്ഞു "ഇനി ഇവിടിരിക്കണ്ട. വിട്ടോ". മെമ്പറെ പിന്നെ വൈകിട്ടേ നാട്ടുകാര്‍ കണ്ടുള്ളൂ...

December 15, 2010

ഒട്ടും സമയമില്ലാത്ത മനോരമ

എന്തായാലും ഒന്നുറപ്പാ. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, തിരിച്ചറിയുന്നുമുണ്ട്. ഇന്നലെ രാത്രിയില്‍ എട്ടു മണിക്ക് മനോരമാ ന്യൂസില്‍ പ്രേക്ഷകര്‍ക്ക്‌ ലൈവ് ആയി അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കുന്ന ഒരു വാര്‍ത്താ വിശകലന പരിപാടി(പേര് കൃത്യമായി ശ്രദ്ധിച്ചില്ല, ന്യൂസ് ആന്‍ഡ്‌ വ്യൂസ്‌ എന്നാണെന്ന് തോന്നുന്നു.) പെട്രോള്‍ വില വര്ധനയെക്കുറിച്ചുള്ള ചര്‍ച്ച കത്തിക്കയറുന്നു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ തലമണ്ടക്കിട്ടു ഇടി കൊടുത്തത് മറച്ചു വെക്കാന്‍ അവതാരക കഴിയുന്നതും ശ്രമിക്കുന്നുണ്ട് (അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കൈരളിയില്‍ നിന്ന് മനോരമയിലേക്ക് ചാടിയ ആള്‍ തന്നെയാണെന്ന് തോന്നുന്നു കക്ഷി. പാവം... വയറ്റിപ്പിഴപ്പിനു മുന്നില്‍ എന്ത് വിപ്ലവം?). കേരളസര്‍ക്കാര്‍ നികുതി കുറച്ചു ജനങ്ങളുടെ കഷ്ടപ്പാട് തീര്‍ക്കുമോ എന്നായിരുന്നു പി.കരുണാകരന്‍.എം.പി. യോടുള്ള ചോദ്യം. പാവപ്പെട്ടവരുടെ കാര്യത്തില്‍ മനോരമയുടെ ഉത്ക്കണ്ഠ വലുതാണല്ലോ. പലരും ഫോണില്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പെട്രോള്‍ വിലവര്‍ധന ജനദ്രോഹകരമല്ല എന്ന് പറയാന്‍ പണം കൊടുത്താല്‍ പോലും ആളെക്കിട്ടാത്തത് കൊണ്ട് കേന്ദ്രസര്‍ക്കാരിന് എതിരായി പറയാന്‍ ആരെയും കിട്ടുന്നില്ല. (പറഞ്ഞാല്‍ ജനം കൈവെക്കുമെന്നു എം.എം.ഹസ്സന് പോലും അറിയാം.). അവസാനം അതാ വരുന്നു ഒരു ഫോണ്‍കോള്‍. അബ്ദുറഹിമാന്‍... വളാഞ്ചേരിയില്‍ നിന്നും. നമ്മടെ ജില്ലക്കാര് ആരാ മക്കള്‍. ആളു ലൈന്‍ കിട്ടിയ പാട് ഒരു അലക്ക്. "മുന്‍പ് ഇന്ധനവില കൂട്ടിയപ്പോള്‍ ഹര്‍ത്താലും സമരവും നടത്തിയ ഇടതുപക്ഷത്തെ അല്‍പ്പം പോലും പിന്തുണക്കാതെ പുച്ഛത്തോടെ പരിഹസിച്ച നിങ്ങളെപ്പോലുള്ള മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ പോലും ധാര്‍മികമായ അവകാശമില്ല...."("നിര്‍ത്തി വീട്ടീപ്പോടീ" എന്ന് ചുരുക്കം). ഉടന്‍ അതാ വരുന്നു ഉത്തമ മാധ്യമധര്‍മം."സമയമില്ലാത്തതിനാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. നമസ്കാരം". പരിപാടിക്ക് കര്ട്ടനിട്ടു. പിന്നെ കുറെ സമയം പരസ്യം - മനോരമയിലെ മനോജ്ഞമായ പരിപാടികളുടെ. അതിനു സമയമൊട്ടും വേണ്ടല്ലോ. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാണിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. മുണ്ട് പൊക്കി കാണിക്കുന്നവരേയോ?
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം