ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 13, 2013

നിഷ്പക്ഷരോട്...

ചിലർക്കൊക്കെ ഒരു വിചാരമുണ്ട്, ഈ സഖാക്കൾ എന്നു വെച്ചാൽ സമരം ചെയ്യാനും പോലീസിന്റെ തല്ലു കൊള്ളാനും മാത്രം ജനിച്ച യന്ത്രങ്ങളാണെന്ന്. ഇന്നേ വരെ ഒരു സഖാവും സമരം ചെയ്തിട്ടുള്ളതും തല്ലു കൊണ്ടിട്ടുള്ളതും ബിരിയാണി വാങ്ങി തിന്നാനോ സർക്കാരിന്റെ പത്തു സെന്റു സ്ഥലം  സ്വന്തം പേരിൽ പതിപ്പിച്ചു വാങ്ങി അവിടെ മണിമാളിക പണിയാനോ കാറു വാങ്ങി ചെത്തി നടക്കാനോ കെട്ടിയോൾക്ക് പത്തു പവന്റെ മാല വാങ്ങിക്കൊടുക്കാനോ അല്ല, ഈ നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ പരിഹരിക്കാനും അധികാരവർഗത്തിന്റെ തെറ്റായ തീരുമാനങ്ങൾ ഇല്ലാതാക്കാനും കള്ളന്മാരായ ഭരണകർത്താക്കളെ നിഷ്കാസനം ചെയ്യാനും തന്നെയാണ്.
ഇപ്പോൾ ചിലർ ചോദിക്കുന്നു, എന്തിനു സമരം നിർത്തി? രണ്ടു ദിവസം കൂടി തുടരാമായിരുന്നില്ലേ എന്ന്...
നിങ്ങൾ എന്തു കരുതി? ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാരൊക്കെ പ്രതികരണ തൊഴിലാളികൾ ആണെന്നോ? നിങ്ങൾ ജോലി ചെയ്ത് പണമുണ്ടാക്കി സുഖിക്കുമ്പോൾ, പൊരിവെയിലിൽ നിങ്ങൾക്കു വേണ്ടി സമരം ചെയ്യാൻ നിങ്ങൾ കൂലിക്കെടുത്ത തൊഴിലാളികളാണോ ഇടതുപക്ഷ പ്രവർത്തകർ? എന്നിട്ടും നിങ്ങളുടെ ആട്ടും തുപ്പും കേട്ടു കഴിയുകയും വേണം. എന്നെങ്കിലും ഇടതു പക്ഷം നല്ലതെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടോ? ഇനി പറയുമോ?

അതവിടെ നിൽക്കട്ടെ. സമരത്തിലെ രണ്ട് ആവശ്യങ്ങളിൽ ഒരെണ്ണം - ജുഡീഷ്യൽ അന്വേഷണം - നടപ്പായതു കൊണ്ടും, സമരത്തെ പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ചും കിരാത നിയമങ്ങൾ അടിച്ചേൽപ്പിച്ചും ദ്രോഹിച്ച് പിന്തിരിക്കാമെന്ന സർക്കാരിന്റെ വ്യാമോഹം നടക്കില്ലെന്നു തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റ് പോലും പൂട്ടിയിട്ട് മുട്ടു മടക്കിയതു കൊണ്ടും ഇതു വിജയം തന്നെയാണ്. പിന്നെ രാജി, അത് വെച്ചാലും വെച്ചില്ലെങ്കിലും ജനമനസ്സിൽ ഉമ്മൻ ചാണ്ടി പരമാവധി നാറിക്കഴിഞ്ഞു. ഇനി ആ വിഴുപ്പു ചുമക്കുന്തോറും കോൺഗ്രസ് പാർട്ടി നാറിക്കൊണ്ടിരിക്കും. അതില്ലാതാക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്വമായി കോൺഗ്രസിലുള്ളവർക്കു തോന്നുന്നെങ്കിൽ നിങ്ങൾ ആവശ്യമായതു ചെയ്യുക. ഇല്ലെങ്കിൽ കോൺഗ്രസിനു ചരമഗീതം പാടാൻ തയ്യാറെടുക്കുക.

ഉപരോധം താൽക്കാലികമായി പിൻവലിച്ച കാര്യത്തിൽ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പരിഹസിക്കുന്നവരോട് ചില ചോദ്യങ്ങൾ...
1. നിങ്ങൾ ഉമ്മൻ ചാണ്ടിയെ പിന്തുണക്കുന്ന ആളാണോ? ഉമ്മൻചാണ്ടി സോളാർ വിഷയത്തിൽ ഒരു തട്ടിപ്പും ചെയ്തിട്ടില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നോ?
(അതെയെങ്കിൽ നിങ്ങൾ ആ കോടികളുടെ പങ്കിനായി ശ്രമിക്കുക. ചിലപ്പോൾ വല്ലതും തടഞ്ഞേക്കും. കൂടുതലൊന്നും ചോദിക്കാനില്ല, ബാക്കി ജനങ്ങൾ ചോദിച്ചോളും)
2. അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ രാജിക്കായി / അഴിമതി പുറത്തു കൊണ്ടു വരാനായി നിങ്ങൾ എന്തു ചെയ്തു?
3. സി.പി.എം. സമരം ചെയ്യുന്നതു തെറ്റാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെ ഈ അഴിമതി പുറത്തു കൊണ്ടു വരാനും പ്രതികളായ ഭരണ വർഗത്തെ തുറുങ്കിലടക്കാനും നിങ്ങൾക്കെന്തു നിർദേശമാണു മുന്നോട്ടു വെക്കാനുള്ളത്?
4. സി.പി.എം. സമരം കുറച്ചു ദിവസം കൂടി മുന്നോട്ടു കൊണ്ടു പോയിരുന്നെങ്കിൽ നിങ്ങൾ കൂടി അതിന്റെ ഭാഗമായിരുന്നോ?
5. ഈ സമരത്തിലൂടെ ഉമ്മൻചാണ്ടി രാജി വെച്ചിരുന്നെങ്കിൽ നിങ്ങൾ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുമായിരുന്നോ?

യു.ഡി.എഫ്. എന്തു തട്ടിപ്പു കാണിച്ചാലും "എല്ലാം കണക്കാ" എന്നു പറഞ്ഞു രാഷ്ട്രീയക്കാരെ മുഴുവൻ കുറ്റം പറയും. അതിനെതിരെ എൽ.ഡി.എഫ്. സമരമോ പ്രതിഷേധമോ നടത്തിയാൽ "അവർ അക്രമികൾ" എന്നു പുച്ഛിക്കും. എൽ.ഡി.എഫിനെതിരായി എന്തെങ്കിലും ആരോപണം വന്നാൽ ഉടൻ യു.ഡി.എഫിനനുകൂലമായി രംഗത്തിറങ്ങും.. ഇതാണിവിടുത്തെ നിഷ്പക്ഷത്തിന്റെ എന്നത്തെയും നിലപാട്.. (അതിനു നിലപാട് എന്ന പേരു വിളിക്കാമെങ്കിൽ).

കേരളത്തിൽ ജനങ്ങൾക്കു വേണ്ടി എന്നെങ്കിലും എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്വന്തം ലാഭം മുന്നിൽ കാണാതെ ശബ്ദമുയർത്തിയിട്ടുണ്ടോ ഈ നിഷ്പക്ഷ വിമർശകർ? ഒരിക്കലെങ്കിലും തെരുവിലിറങ്ങിയിട്ടുണ്ടോ? ശബ്ദമുയർത്തുന്നവനെയും തെരുവിലിറങ്ങുന്നവനെയും വിമർശിക്കലും പരിഹസിക്കലുമല്ലാതെ.
നിങ്ങൾ നിങ്ങൾക്കും നിങ്ങളുടെ സ്വന്തക്കാർക്കും സ്വാർത്ഥലാഭങ്ങൾക്കും സുഖജീവിതത്തിനുമല്ലാതെ നാടിനും നാട്ടുകാർക്കും വേണ്ടി എന്നെങ്കിലും എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ജീവിച്ചിട്ടുണ്ടോ? ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന പൊറാട്ടുനാടകങ്ങളോളമെങ്കിലും പൊതു സമൂഹത്തിനായി ചെയ്തിട്ടുണ്ടോ?

പക്ഷെ, ഇതൊക്കെ ചെയ്യുന്നവരാണു കമ്മ്യൂണിസ്റ്റുകൾ...
ഞങ്ങൾക്കു പക്ഷമുണ്ട്.. ജനങ്ങളുടെ പക്ഷം.
അതുകൊണ്ടു തന്നെ ഞങ്ങൾക്കുറപ്പാണ്..
മനുഷ്യർക്കു രണ്ടുപക്ഷമേ ഉള്ളൂ...
ഇടതു പക്ഷവും വലതു പക്ഷവും...
രണ്ടിനുമിടയിൽ ഒരു നിഷ്പക്ഷം ഒരിക്കലും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
ഇടതുപക്ഷത്തില്ലാത്ത എല്ലാവരും വലതു പക്ഷം തന്നെയാണ്,
ഉമ്മന്റെ - മന്മോഹന്റെ - സരിതയുടെ - മോഡിയുടെയും വലതു പക്ഷം.
അവർ ഒരിക്കലും മറുപടി അർഹിക്കുന്നില്ല തന്നെ...
നല്ല നമസ്കാരം...

August 06, 2013

ഇറ്റലീന്നു ഒരു ഭ്രാന്തിന്റെ ഡോക്ടർ...

ചേട്ടാ...
വയസ്സു പത്തു നാൽപ്പതായില്ലെ?
ഇത്രേം കാലത്തിനിടയിൽ മേലനങ്ങി എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?
ഇന്നേ വരെ ഒരു പത്തു രൂപയെങ്കിലും സ്വന്തമായി അദ്ധ്വാനിച്ച് (രാഷ്ട്രീയം / അഴിമതി കൊണ്ടല്ല, ജോലി ചെയ്ത്) ഉണ്ടാക്കിയിട്ടുണ്ടോ?
പൂർവ്വികർ ഇന്ത്യയെ "സേവിച്ച" പണം കൊണ്ടും മനോനില ശരിയല്ലാത്ത ഇന്ത്യയിലെ ദരിദ്രർ അടക്കുന്ന നികുതിപ്പണം കൊണ്ടും അല്ലാതെ ഒരു നേരമെങ്കിലും സ്വന്തമായി ഉണ്ടാക്കിയ പണം കൊണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ടോ?
ആ വെളുത്ത കുപ്പായവും കോളേജുകളിൽ ഷൈൻ ചെയ്യാൻ പോകുമ്പോൾ ഇടുന്ന ജീൻസും അതിന്റെ താഴെ ഇട്ടിരിക്കുന്ന അണ്ടർവെയർ എങ്കിലും സ്വന്തമായി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണോ?

സ്വസ്ഥമായി ഇരിക്കുമ്പോൾ ഒന്നു ചിന്തിച്ചു നോക്കുക...

കാൽക്കാശിനു പോലും വകയില്ലാത്തവനാണു താനെന്നു മനസ്സിലാകും...
അപ്പനപ്പൂപ്പന്മാരും അമ്മൂമ്മയും അമ്മയും പിന്നെ പുന്നാര മച്ചമ്പിയും ഇന്ത്യയിലെ 'മനോരോഗികളെ' കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്തു കൊണ്ടാണു നാലു നേരം മൃഷ്ടാന്നം ഭുജിക്കുന്നതെന്നു മനസ്സിലാകും...
അപ്പോൾ ഒരു പ്രത്യേക 'മാനസികാവസ്ഥ'യിലെത്തും..
അതിനു ദാരിദ്ര്യം എന്നു പറയാമോ?
സ്വയം മനസ്സിലാക്കുക..
എന്നിട്ടും മനസ്സിലായില്ലെങ്കിൽ അമ്മയോടു ചോദിക്കുക...
പഴയ കാര്യങ്ങൾ പൂർണമായും മറന്നില്ലെങ്കിൽ അമ്മ പറഞ്ഞു തരും,
ഏറ്റവും ചുരുങ്ങിയത് ഹോട്ടൽ ജോലി ചെയ്യുന്ന ദരിദ്രരെങ്കിലും മാനസിക രോഗികൾ അല്ലെന്ന്.

തിന്നു പല്ലിനിടയിൽ കുത്തുമ്പോൾ ഓരോ വെളിപാടും കൊണ്ടിറങ്ങല്ലെ, പൊന്നു ചേട്ടാ...
കുട്ടികൾ മരിച്ചു പോയ കുറെ 'മനോരോഗികൾ' ഇവിടെയുണ്ട്, അട്ടപ്പാടിയിൽ...

ഇടക്കെങ്കിലും ക്യാമറക്കു മുന്നിലല്ലാതെ ഒന്നു ഭൂമിയിലിറങ്ങ്...
എന്നിട്ടു വല്ല ജോലിയും ചെയ്തു ജീവിക്കാൻ നോക്ക്...
ഇന്ത്യ ഭരിക്കലൊക്കെ വല്ല ബുദ്ധിയും കഴിവും വിവേകവും ഉള്ളവർ ചെയ്തോളും.
പ്ലീസ്...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം