ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 29, 2009

വിലക്കയറ്റം പേടിച്ചോടി ...!!!

മലയാളികള്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഒരു ഹര്‍ത്താല്‍ കൂടി അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ(?) ഹര്‍ത്താലിനെ നമുക്ക് നഷ്ടബോധത്തോടെ യാത്രയാക്കാം. വിലക്കയറ്റമായിരുന്നല്ലോ ഈ ഹര്‍ത്താലിന്റെ ഇര. നേരിട്ട് നടത്തിയാല്‍ ആളുകള്‍ ചിരിച്ചാലോ എന്ന് കരുതിയായിരിക്കും ആ ദൌത്യം തൊഴിലാളി സംഘടനയെ ഏല്‍പ്പിച്ചത്.എല്ലാ സാധനങ്ങള്‍ക്കും വില കൂടുന്ന കേരളത്തില്‍ വില കുറയുന്ന ഒരേയൊരു സാധനം ബി.ജെ.പി. ആണല്ലോ.
ഹര്‍ത്താല്‍ പേടിച്ച് എല്ലാ സാധനത്തിന്റെയും വില കുറഞ്ഞു തുടങ്ങിയെന്നു മന്ത വിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എങ്ങനെ പേടിക്കാതിരിക്കും? ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുള്ള-ക്ഷമിക്കണം- നേതാക്കന്മാരുള്ള രാഷ്ട്രീയ പാര്‍ട്ടി അല്ലെ... ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള ചില പൊറാട്ട് നാടകങ്ങള്‍ നടത്തിയില്ലെങ്കില്‍ അങ്ങനെ ഒരു പാര്‍ട്ടി കേരളത്തിലുള്ള കാര്യം പ്രവര്‍ത്തകര്‍ പോലും മറന്നു പോയാലോ? എന്തായാലും തെരഞ്ഞെടുപ്പില്‍ ജയിച്ചു ആഹ്ലാദ പ്രകടനം നടത്തി പ്രവര്‍ത്തകരെ വികാര വിജ്രുംഭിതരാക്കാന്‍ അടുത്ത കാലത്തൊന്നും കേരളത്തില്‍ താമര വിരിയുമെന്ന് തോന്നുന്നില്ല. അപ്പോള്‍പ്പിന്നെ കൂടെയുള്ള കുറച്ചുപേരെ പിടിച്ചുനിര്‍ത്താന്‍ ഇടയ്ക്കു ചില ഹര്‍ത്താലോ കല്ലേറോ പള്ളിപൊളിയോ നടത്തുക. പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ഗ്രുപ്പുളളപ്പോള്‍ ഓരോ നേതാവിന്റെയും കൂടെ പത്തുപേരെങ്കിലും വേണ്ടേ? പ്രസിഡന്റിനെ തെരഞ്ഞെടുത്തെന്നു പ്രസിഡന്റും ഇല്ലെന്നു മറ്റുള്ളവരും പറയുമ്പോള്‍ തല്‍ക്കാലം ഒരു മറ ഉണ്ടാക്കുകയും ചെയ്യാം. കോണ്‍ഗ്രസ്‌ നടത്തിയ വിലക്കയറ്റ വിരുദ്ധ സമരം ചീറ്റിപ്പോയെന്നു കരുതി നമ്മള്‍ മിണ്ടാതിരിക്കണമെന്നില്ലല്ലോ... 
എന്തായാലും ബി.ജെ.പി.-യുടെ മുഖ്യമന്ത്രിമാരുടെ കാര്യം സുഖം സുഖകരം. ടൂര്‍ നടത്തണമെങ്കില്‍ ഹര്‍ത്താല്‍ ഉള്ള ദിവസം പോയാല്‍ മതി. VIP ട്രീറ്റ്മെന്റും കിട്ടും, പ്രവര്‍ത്തകരുടെ ശല്യവുമില്ല. നേതാവ് കയറിയാല്‍ പിന്നെ ഹൌസ് ബോട്ട് പോയിട്ട് ഓട്ടോറിക്ഷ പോലും പ്രവര്‍ത്തകര്‍ തടയില്ലല്ലോ. 

December 22, 2009

ഉണ്ണിത്താന്റെ ലീലാവിലാസങ്ങള്‍

നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്നാണു ചൊല്ല്. ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. എന്നിട്ടും  രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നാവനക്കാന്‍ ഒറ്റ കോണ്‍ഗ്രസ്സുകാരന്‍ പോലും തയ്യാറാവാത്തതിനു വേറെ കാരണമുണ്ടെന്നു തീര്‍ച്ച. ആര്‍ക്കെങ്കിലും പണി കിട്ടിയാല്‍ പാര്‍ട്ടി നോക്കാതെ ഗ്രുപ്പ് മാത്രം നോക്കി കുറ്റം പറയുന്ന കോണ്‍ഗ്രസ്സുകാരുടെ പാരമ്പര്യം വെച്ച് നോക്കിയാല്‍ ഈ മൌനം വിചിത്രം തന്നെ. കാര്യം കേട്ട ഉടനെ പ്രതികരിച്ച ഷാനിമോള്‍ക്കാണെങ്കില്‍ ഉണ്ണിത്താന്‍ ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ഷാനിമോളുടെ ചരിത്രവും ഭുമിശാസ്ത്രവുമെല്ലാം തനിക്കറിയാമെന്നായിരുന്നു ഒരു ചാനലിലൂടെ ഉണ്ണിത്താന്‍ വിളമ്പിയത്.
ഇതോടെ മറ്റു കോണ്‍ഗ്രസ്സുകാരൊക്കെ നിശബ്ദരായെന്നു വേണം കരുതാന്‍. ഷാനിമോളുടേത് മാത്രമല്ല, ഒട്ടു മിക്ക കോണ്‍ഗ്രസ്‌ നേതാക്കളുടെയും ചരിത്രവും ഭുമിശാസ്ത്രവും അറിയാവുന്ന ആളാണല്ലോ ശ്രീ ഉണ്ണിത്താന്‍. പണ്ടൊരു ലോക്സഭാസീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുരളിക്കെതിരെ KPCC ഓഫീസിന്റെ  വാതില്‍ക്കല്‍ വെച്ച് മൂപ്പര്‍ നടത്തിയ പ്രകടനം ആരും മറന്നു കാണില്ല. മുരളിക്ക് രഹസ്യസമാഗമം നടത്താന്‍ ഓഫീസില്‍ മുറിയുണ്ടെന്നായിരുന്നു ആരോപണം. എല്ലാര്‍ക്കും മറുപടിയായി തുണി പറിച്ചടി നടത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് മുഖം രക്ഷിക്കാന്‍ ഒരു സസ്പെന്‍ഷന്‍, പിന്നെ മൌനം വിദ്വാനും അന്തോണിച്ചനും ഭൂഷണം.
നമ്മുടെ ചാനലുകളുടെയും പത്രങ്ങളുടെയും കാര്യമാണ് കഷ്ടം. ഏതെങ്കിലും സി.പി.എം-കാരന്‍ പേപ്പട്ടിയെ തല്ലിക്കൊന്നാല്‍ പോലും പട്ടിക്കനുകൂലമായി ബുദ്ധിയില്ലാജീവികളെയും ഹസ്സന്‍, തിരുവഞ്ചൂര്‍, വാഴക്കന്‍ തുടങ്ങിയ ഖദര്‍ധാരികളെയും അണിനിരത്തി ചര്‍ച്ചയും കുറ്റവിചാരണയും നടത്തുന്ന ഇക്കൂട്ടര്‍ രാത്രി കിട്ടിയ വാര്‍ത്ത തമസ്കരിച്ചു കളഞ്ഞു. ഒറ്റ ഫ്ലാഷ് ന്യൂസ്‌ പോലുമുണ്ടായില്ല. പിറ്റേന്ന് പകലും ഇക്കാര്യം പ്രധാന വാര്‍ത്തയായില്ല. രാത്രിയിലെ വാര്‍ത്തകളില്‍ ഉണ്ണിത്താനെ വെള്ള പൂശാനായിരുന്നു പലര്‍ക്കും താല്പര്യം. മനോരമ ന്യൂസിലെ വേണു തുടക്കത്തില്‍ ഉണ്ണിത്താനെ കടിച്ചു കീറിയെങ്കിലും അവസാനം ഉണ്ണിത്താന്റെ വേദനയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് വന്ന വാര്‍ത്തയില്‍ ഷാനി പ്രഭാകരന്‍ പൂര്‍ണമായും ഉണ്ണിത്താന്റെ ഭാഗത്തായിരുന്നു. അമൃത ടോപ്ടെന്‍ അറ്റ്‌ ടെന്നില്‍ എഴാമതായിരുന്നു ഈ വാര്‍ത്തയുടെ സ്ഥാനം. ഏഷ്യാനെറ്റും ഇന്ത്യാവിഷനും ഒന്നും വ്യത്യസ്തമായില്ല. അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഓംപ്രകാശിനെ പിടിക്കാന്‍ ഗള്‍ഫിലും നസീറിനെ പിടിക്കാന്‍ ബംഗ്ലാദേശിലും പോയ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസ്റ്റുകള്‍ ഒരാള്‍ പോലും മഞ്ചേരിയില്‍ എത്തിയത് കണ്ടില്ല. സംഭവം നടന്ന വീടിന്റെ ഒരു ഫോട്ടോയോ വീഡിയോയോ ഒരു ചാനലിലും വന്നില്ല. പോട്ടെ, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോലും ഈ മാധ്യമ ജീവികള്‍ തയ്യാറായില്ല. ഇതില്‍ കൂടുതല്‍ നിഷ്പക്ഷരാവാന്‍ ആര്‍ക്കു കഴിയും?  
ഇനി ഉണ്ണിത്താന്റെ കാര്യം. തലയും താഴ്ത്തി പരവശനായി കാണപ്പെട്ട ഈ വീരശൂര പരാക്രമി ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പുലിയായി. തൊലിക്കട്ടിയുടെയും നാവില്‍ നിന്ന് വരുന്ന വാക്കുകളുടെ നാറ്റത്തിന്റെയും കാര്യത്തില്‍ എന്നും അജയ്യനായ ഈ രാഷ്ട്രീയ ഭിക്ഷാംദേഹി ചാനലുകാരെ കണ്ടപ്പോള്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു. സി.പി.എം-കാരും പി.ഡി.പി.-കാരും ചേര്‍ന്നു കുടുക്കിയതാണെന്നാണ് ആരോപണം. സുഹൃത്തും സഹപ്രവര്‍ത്തകയുമായ സ്ത്രീയെ വീട്ടില്‍ ഇറക്കിക്കൊടുക്കാന്‍ വന്നതാണെന്നാണ് വിശദീകരണം. എന്തൊരു മനോഹര ഭാവന.!!  
മലപ്പുറംകാരനെന്ന നിലയില്‍ ഈയുള്ളവന്‍ മഞ്ചേരിയിലെ സുഹൃത്തുക്കളോട് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം ഇങ്ങനെ. മഞ്ചേരി മുള്ളമ്പാറയിലെ ആ വീട് അവിടെ തുണിക്കട നടത്തുന്ന അഷ്‌റഫ്‌ എന്നയാള്‍ ജോലിക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടി വാടകക്കെടുത്തതാണത്രെ. രാത്രിയില്‍ പലരും വന്നു പോകുന്നതിനാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ നിരീക്ഷണത്തിലായിരുന്നു വീട്. ഞായറാഴ്ച രാത്രി വീടിനടുതെതിയ സ്വിഫ്റ്റ് കാറില്‍ നിന്ന് ഇറങ്ങിയ പുരുഷനും സ്ത്രീയും വീട്ടിലേക്കു കയറി വാതിലടച്ചത് നാട്ടുകാര്‍ കണ്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ട ആള്‍ ഉണ്ണിത്താനാണെന്നു അവര്‍ക്ക് മനസ്സിലായില്ല. ഫലഭുയിഷ്ടമായ ശരീരം കണ്ട് ഏതോ ഗള്‍ഫുകാരനാണെന്നാണവര്‍ കരുതിയത്‌. ആളെക്കണ്ട ഉണ്ണിത്താന്‍ ആദ്യം ചൂടായെങ്കിലും രണ്ടു കിട്ടിയപ്പോള്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്തി, കൂടാതെ 5 ലക്ഷം രൂപയും ഓഫര്‍ ചെയ്തു. ആദ്യം വന്നത് ലീഗുകാരും കോണ്‍ഗ്രസുകാരും തന്നെ ആയിരുന്നെങ്കിലും, പ്രശ്നമറിഞ്ഞെത്തിയ DYFI ക്കാര്‍ വിട്ടില്ല. പോലീസെത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ എത്താതെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്നുള്ളതൊക്കെ നമ്മള്‍ TV യില്‍ കണ്ടല്ലോ. മുഖം മറച്ച് ആകെ അവശനായിരിക്കുന്ന ഉണ്ണിത്താനെ. പിന്നെ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഉണ്ണിത്താന്റെ വാചക മേളയും.
എന്തായാലും ഉണ്ണിതാനെപ്പോലെ സംസ്കാരശുന്യനായ ഒരാള്‍ രാഷ്ട്രീയത്തില്‍ തുടരുന്നത് കേരളത്തിനപമാനമാണ്. രാത്രിയിലെ കലാപരിപാടി കൊണ്ട് മാത്രമല്ല, അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകളുടെ ദുര്‍ഗന്ധം കൊണ്ടും. ഏതോ കോണ്‍ഗ്രസ്‌ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ അയാള്‍ ചെയ്ത പ്രസംഗം ഇന്ത്യാവിഷനില്‍ വന്നിരുന്നു. പിണറായിക്ക് സൂഫിയാമദനിയെ ഒരു നോട്ടമുണ്ടെന്നായിരുന്നു ആ വൃത്തികെട്ടവന്റെ പ്രസ്താവന. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് രീതികളെ കുറിച്ച് വിശദീകരിച്ചത് ലോക്കല്‍ കമ്മിറ്റി വനിതാമെമ്പര്‍ക്ക് സെക്രട്ടറി ഗര്‍ഭമുണ്ടാക്കുന്ന ഉദാഹരണം വെച്ചും. ആരാണ് സഹപ്രവര്‍ത്തകകള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നതെന്ന് ആ പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ മലയാളികള്‍ മനസ്സിലാക്കി. സ്ത്രീകളെ വെറും ലൈംഗിക ഉപകരണം മാത്രമായിക്കാണുന്ന ഇവനെയൊക്കെ തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്.  
തന്നെ കുടുക്കിയതാണെന്നു പറയുന്ന ഉണ്ണിത്താനോട് ഏതെങ്കിലും ചാനല്കാരന്‍ ഈ ചോദ്യമൊന്നു ചോദിക്കുമോ?
പി.ഡി.പി-ക്കാരോടും ഡി.വൈ.എഫ്.ഐ-ക്കാരോടും മുന്‍കൂട്ടി വിളിച്ചുപറഞ്ഞാണോ ഉണ്ണിത്താന്‍ മഞ്ചേരിയിലെതിയത്? അല്ലാതെ രാത്രിയില്‍ ഉറക്കമൊഴിച്ചു കാത്തിരിക്കാന്‍ അവര്‍ക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ? ഇത്രയും വലിയ വീട്ടില്‍ രാത്രി താമസിക്കുന്നത് ആ സ്ത്രീ ഒറ്റയ്ക്കാണോ? ജോലിക്കാര്‍ക്കുള്ള വീട്ടില്‍ എന്തിനാണ് AC? തെറ്റുകാരനല്ലെങ്കില്‍ പിന്നെ ഉണ്ണിത്താന്‍ മുഖം മറച്ചു തലതാഴ്ത്തി പരിക്ഷീണനായി കാണപ്പെട്ടത് എന്തിന്? ഏതു തീവ്രവാദിയാണെങ്കിലും ഒരു സ്ത്രീയെപ്പറ്റി സംസ്കാരശൂന്യമായി സംസാരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതാണോ?ഇതിനൊന്നും ഉത്തരമുണ്ടാവില്ല. എല്ലാ വിവാദങ്ങളും പോലെ ഇതും മാധ്യമങ്ങള്‍ മൂടിവെക്കും. ഉണ്ണിത്താന്‍ കൂടുതല്‍ വിടര്‍ന്ന പുഞ്ചിരിയുമായി ചാനലുകളില്‍ തിരിച്ചെത്തും. എല്ലാം കാണുന്ന ജനം വായും പൊളിച്ചിരിക്കും. സി.പി.എം-നെതിരെ ആരോപണം ഉന്നയിക്കാന്‍ മാത്രം എല്ലാവരും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കും. എന്നിട്ട് കിട്ടുന്ന നക്കാപ്പിച്ച വാങ്ങി പോക്കറ്റിലിടുകയും ചെയ്യും. കഷ്ടം.
വാല്‍:
ഇതാ സംഭവസ്ഥലത്ത് നിന്നെടുത്ത ചില ഒറിജിനല്‍ ചിത്രങ്ങള്‍. എന്റെ സുഹൃത്ത്‌ തന്നതാണ്.




December 09, 2009

എന്റെ രോഗാന്വേഷണ പരീക്ഷണങ്ങള്‍ 1

ഒരു ഡോക്ടര്‍ എന്നാല്‍ പണമുണ്ടാക്കുന്ന യന്ത്രമെന്നാണ് പൊതുവെ ജനങ്ങളുടെ വിചാരം. പക്ഷെ പ്രാക്ടീസ് തുടങ്ങുന്നത് മുതല്‍ ഒരു ഡോക്ടര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമെ അറിയൂ. ഏത് വൈദ്യശാസ്ത്ര ശാഖയായാലും ഇതു ബാധകമാണ്. അലോപ്പതിയിലാണെങ്കില്‍ കൂടുതല്‍ എളുപ്പമാണെന്ന് മാത്രം. MBBS മാത്രമുള്ള ഒരു ഡോക്ടര്‍ക്ക്‌ ഇന്നു നാട്ടിന്‍പുറത്ത് മാത്രമെ പ്രാക്ടീസ് തുടങ്ങിയ ഉടന്‍ തന്നെ കരകയറാന്‍ പറ്റു. അവിടെപ്പോലും പേരിനു ശേഷമുള്ള അക്ഷരങ്ങളുടെ എണ്ണം നോക്കിയാണ് വായിക്കാനറിയാത്തവര്‍ പോലും പോകുന്നത്.
അത് കൊണ്ടു തന്നെ ആണ് MBBS കഴിഞ്ഞ 90% പേരും സ്പെഷ്യാലിറ്റിയും സൂപ്പര്‍ സ്പെഷ്യാലിറ്റിയും നേടിയെടുക്കാന്‍ പ്രാക്ടീസ് പോലും തുടങ്ങാതെ കുത്തിയിരുന്ന് പഠിക്കുന്നത്‌. കിട്ടിയില്ലെങ്കില്‍ പിന്നെ ഏതെങ്കിലും ആശുപത്രിയില്‍ RMO ആയി നക്കാപ്പിച്ചയ്ക്ക് പണിയെടുക്കാം.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും കുറച്ചു കൂടി ബുദ്ധിമുട്ടാണ് കാര്യം. ആയുര്‍വേദത്തിന്റെ കാര്യത്തില്‍ നാടെങ്ങുമുള്ള മുറിവൈദ്യന്മാരാണ് പ്രശ്നക്കാര്‍. അഞ്ചര വര്‍ഷം പഠിച്ചു BAMS എടുത്താലും ജനങ്ങള്‍ക്കു പാരമ്പര്യ വൈദ്യന്മാരെന്നു അവകാശപ്പെടുന്ന വ്യാജന്മാരെ മതി. കേരളത്തിലെ പ്രശസ്തമായ വൈദ്യകുടുംബങ്ങളിലെ ഗുരുതുല്യരായ പാരമ്പര്യവൈദ്യന്മാരുടെ കൂട്ടത്തിലാണ് ഈ അരവൈദ്യന്മാരെയും ജനങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വേദ ഡോക്ടറും ആയുര്‍വേദ വൈദ്യനും തമ്മിലുള്ള വ്യത്യാസം പലരും നോക്കാറില്ല. ഇതു കൊണ്ടു തന്നെ പുതുതായി പഠിച്ചിറങ്ങുന്ന പലര്‍ക്കും പ്രാക്ടീസ് ഉണ്ടാക്കിയെടുക്കാന്‍ കുറേക്കാലം എടുക്കേണ്ടിവരുന്നു.
ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ മരുന്ന് കഴിച്ചാലുള്ള ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയൊരു ശതമാനത്തിനും ആ ഗുണം വേണ്ട പോലെ മനസ്സിലായിട്ടില്ല. ഗുണം മനസ്സിലായവര്‍ ഭൂരിഭാഗവും സ്ഥിരമായി ഏതെങ്കിലും സീനിയര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നവരായിരിക്കും. ഇതിന് പുറമെയാണ് മുക്കിലും മൂലയിലുമുള്ള വ്യാജന്മാര്‍ - പ്രത്യേകിച്ചും മലബാറില്‍. ഈ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു പ്രാക്ടീസ് കെട്ടിപ്പടുക്കുമ്പോളായിരിക്കും എന്തെങ്കിലും കാരണം കൊണ്ടു ക്ലിനിക് രണ്ടു ദിവസം അടച്ചിടേണ്ടി  വരുക. അപ്പോളായിരിക്കും നാട്ടിലുള്ള ആളുകള്‍ മുഴുവന്‍ ഡോക്ടറെ കാണാന്‍ വരിക. ഡോക്ടര്‍ സ്ഥലത്തില്ലെന്ന വാര്‍ത്ത പരക്കും, നാട്ടില്‍ മുഴുവന്‍. അവധി കഴിഞ്ഞു ഡോക്ടര്‍ തിരിച്ചെത്തുമ്പോള്‍ കുറെ ദിവസത്തേക്ക് ശ്മശാന മൂകതയായിരിക്കും ക്ലിനിക്കില്‍.
...തുടരും 

December 06, 2009

കാഴ്ച

ചോദ്യം:
ഭാര്യയെയും കൊണ്ട് (പുരുഷ)ഡോക്ടറെ കാണാന്‍ വരുന്ന ഭര്‍ത്താവു പരിശോധനാമുറിയിലെ കാഴ്ചകള്‍ കാണുന്നതെപ്പോള്‍?
ഉത്തരം:
ഡോക്ടര്‍ ഭാര്യയുടെ നെഞ്ചില്‍ സ്റ്റെതസ്കോപ്പ് വെക്കുമ്പോള്‍!

കായിമ്മലെ കാക്ക

മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി. മുന്നോ നാലോ വയസ്സ് പ്രായമുള്ള മോനെയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന ഉമ്മ. മേശപ്പുറത്തുള്ള സാധനങ്ങള്‍ കയ്യിലെടുക്കുന്ന കുഞ്ഞിനെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍ പരിശോധന തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ കണ്ണ് ചുമരില്‍ തൂക്കിയിട്ട സര്‍ക്കാര്‍ കലണ്ടറില്‍ പതിഞ്ഞത്. അതിലേക്കു വിരല്‍ ചൂണ്ടി അവന്‍ ഒറ്റ അലര്‍ച്ച. "മ്മാ, കായിമ്മലെ കാക്ക". അതുവരെ വലിച്ചു കയറ്റി വെച്ച എയര്‍ മുഴുവന്‍ പുറത്തു വിട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു പോയി. കലണ്ടറിലെ ഗാന്ധിജി ആയിരുന്നു കുട്ടിയുടെ കാക്ക. (കായി = പണം ).  

ശോധന

ഞാന്‍ പ്രാക്ടീസ് തുടങ്ങി മൂന്നാം ദിവസം. പനിക്ക് മരുന്ന് വാങ്ങാന്‍ വേണ്ടിയായിരുന്നു ആ രണ്ടാം ക്ലാസ്സ്കാരിയെയും കൊണ്ട് അച്ഛന്‍ ക്ലിനിക്കില്‍ വന്നത്. കേസ് എടുക്കുന്നതിനിടയില്‍ ശോധന എങ്ങനെയുണ്ടെന്നു ഞാന്‍ അവളോട്‌ ചോദിച്ചു. മനസ്സിലാകാതെ അവള്‍ മിഴിച്ചു നോക്കി. "വയറ്റില്‍ നിന്ന് പോകുന്നില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ "എത്ര ദിവസമായി" എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. "രണ്ടു മാസമായി". ആ മറുപടി എന്നെ ഞെട്ടിച്ചു. ഇതെന്തു രോഗം? ഞാന്‍ കുട്ടിയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം മോളോട് ചോദിച്ചു "ദിവസേന കക്കൂസില്‍ പോകുന്നില്ലേ?" ഉണ്ടെന്നു മകള്‍ തലയാട്ടി. അപ്പോളാണെനിക്കു സമാധാനമായത്. (വയറിളക്കത്തിന് നാട്ടിന്‍പുറത്ത് വയറ്റീന്നുപോക്ക് എന്ന് പറയുമെന്ന് ഞാനാദ്യം ഓര്‍ത്തില്ല.)

സഞ്ചാരം

ഞങ്ങളുടെ കോളേജില്‍ M.D ചെയ്യാന്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍ വന്നതായിരുന്നു മംഗലാപുരം സ്വദേശിയായ ആ ഡോക്ടര്‍. O.P. യിലെ ആദ്യദിവസം. മുറി മലയാളം മാത്രം കയ്യിലുള്ള അദ്ദേഹം ആദ്യ രോഗിയോട് രോഗവിവരം ആരാഞ്ഞു. "സാര്‍, കുറച്ചു ദിവസമായി വയറ്റിനുള്ളില്‍ ഒരു സഞ്ചാരം". വയര്‍ തൊട്ടുകാണിച്ചത് മനസ്സിലായെങ്കിലും എന്താണീ സഞ്ചാരം എന്ന് ഡോക്ടര്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല. അദ്ദേഹം തൊട്ടടുത്തിരുന്ന ഡോക്ടറോട് സഞ്ചാരത്തിന്റെ അര്‍ത്ഥം ചോദിച്ചു. മലയാളം അധ്യാപകന്റെ ഗമയില്‍ അദ്ദേഹം പറഞ്ഞു-"travelling". എല്ലാം മനസ്സിലായെന്ന മട്ടില്‍ മംഗലാപുരംകാരന്‍ മരുന്നെഴുതി. അടുത്ത ആഴ്ച രോഗി വന്നപ്പോള്‍ വേറെ (മലയാളി) ഡോക്ടര്‍ ആയിരുന്നു ആ സീറ്റില്‍. O.P. കാര്‍ഡിലെ രോഗവിവരം ഇങ്ങനെയായിരുന്നു- " Pain in abdomen while travelling!" 
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം