ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 28, 2017

"വാക്സിൻ വിരുദ്ധതയിലെ ഹോമിയോപ്പതിക്കുപ്പായം - ഒരു മനുഷ്യാവകാശകൗതുകം"

മനോരമ ന്യൂസിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വാക്സിനേഷൻ ചർച്ച വൈകിയാണെങ്കിലും യൂ ട്യൂബിൽ കണ്ടു. മനുഷ്യാവകാശപ്രവർത്തകനായി പതിവുപോലെ ഒരു ഹോമിയോപ്പതി ഡോക്ടർ സ്വയം വേഷമിട്ടതോ മറ്റാരോ വേഷമിടീച്ചതോ ആയി 'വാക്സിനെതിരെ' എന്ന വിശേഷണത്തോടെ ഇരിക്കുന്നത്‌ കണ്ടപ്പഴേ കാര്യങ്ങൾ ഏതു വഴിക്ക്‌ പോകുമെന്ന് പിടികിട്ടിയെങ്കിലും ആൾ നേരിട്ടു പരിചയമുള്ള ആളായതുകൊണ്ട്‌ മുഴുവൻ കണ്ടു. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.

ആർ.എസ്‌.എസ്‌. ഹിന്ദുക്കളെയും
പോപ്പുലർ ഫ്രണ്ട്‌ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നില്ല എന്നതു പോലെ തന്നെ,
ചാനലിൽ ഹോമിയോപ്പതി ഡോക്ടർ ആയി വന്നിരിക്കുന്നവർ ഹോമിയോപ്പതിയെയും പ്രതിനിധാനം ചെയ്യുന്നവരല്ല എന്ന് പറയാൻ, ചാനലിലൊന്നും വന്ന് പ്രസംഗിക്കാനറിയാത്ത, മര്യാദക്ക്‌ പ്രാക്റ്റീസ്‌ ചെയ്ത്‌ ജീവിക്കാൻ ശ്രമിക്കുന്ന,
മനുഷ്യാവകാശ പ്രവർത്തനത്തിനൊന്നും പോകാത്ത,
ഞങ്ങൾ പാവം ഹോമിയോപ്പതി ഡോക്ടർമ്മാരെക്കൊണ്ടിനി വിളിച്ചു പറയിക്കരുത്‌.

ഹോമിയോപ്പതി ഡോക്ടർ മനുഷ്യാവകാശ പ്രവർത്തകൻ ആയാലൊന്നും ഒരു കുഴപ്പവുമില്ല, രാഷ്ട്രീയക്കാരനോ സാമൂഹ്യപ്രവർത്തകനോ ഒക്കെ ആവാം. പക്ഷെ വാക്സിനേഷൻ പോലെ ഈ നാടു മുഴുവൻ ഒന്നിച്ച്‌ പോസിറ്റീവായി ഇടപെടേണ്ട ആരോഗ്യമേഖലയിലെ സെൻസിറ്റീവ്‌ ആയൊരു വിഷയത്തിൽ ചാനലിൽ പോയി മനുഷ്യാവകാശ കുപ്പായമിട്ട്‌ ഷോ കാണിക്കുന്ന ഹോമിയോപ്പതി ഡോക്ടർമ്മാർ ഒന്നുകിൽ വാദമുഖങ്ങൾക്കിടയിൽ ഹോമിയോപ്പതി തത്വങ്ങളോ അലോപ്പതി വിരുദ്ധതയോ വാരിവിതറി അപഹാസ്യരാകാതിരിക്കാനും മനുഷ്യാവകാശമെന്ന പേരിൽ അവർ എന്തെങ്കിലും വാദമുഖങ്ങൾ ഉന്നയിക്കുന്നെങ്കിൽ അത്‌ കൃത്യമായ തെളിവുകളോടെ മനുഷ്യർക്ക്‌ മനസിലാവുന്ന വിധത്തിൽ ഉന്നയിക്കാനും ശ്രമിക്കുക, അല്ലെങ്കിൽ അവനവനെക്കൊണ്ട്‌ പറ്റാത്ത പണിയെന്ന് തിരിച്ചറിഞ്ഞ്‌ ദയവായി അതിനു പോകാതിരുന്ന് ഞങ്ങൾക്കുകൂടി നാണക്കേട്‌ വരുന്നത്‌ ഒഴിവാക്കുക.

കുറച്ചുവർഷങ്ങൾ മുൻപു വരെ വാക്സിനേഷന്റെ പരാജയകാരണമായി അലോപ്പതി ഡോക്ടർമ്മാർ ചൂണ്ടിക്കാണിച്ചിരുന്നത്‌ ഹോമിയോപ്പതി ഡോക്ടർമ്മാർ എതിർ പ്രചാരണം നടത്തുന്നു എന്നതായിരുന്നു. നവമാദ്ധ്യമങ്ങളുടെ വരവോടെ മറഞ്ഞിരുന്ന പലരുടെയും മുഖം വെളിവാക്കപ്പെട്ടതോടെ ആ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു എന്നതാണു സത്യം. മനുഷ്യാവകാശപ്രവർത്തകരെന്ന ലേബലിൽ എല്ലായിടത്തും പോയി കുത്തിത്തിരിപ്പുണ്ടാക്കുന്ന ചിലരും സമൂഹത്തിൽ സർക്കാരോ മറ്റു കേന്ദ്രങ്ങളോ ഗുണപരമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ചെലവിൽ മതത്തിനെതിരെയുള്ള നീക്കമായി വ്യാഖ്യാനിച്ച്‌ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരും അടിസ്ഥാന യോഗ്യത പോലുമില്ലാതെ ഡോക്ടറായി ചമഞ്ഞ്‌ നാക്കിന്റെയും കുറേ പിണിയാളുകളുടെയും ബലത്തിൽ മാത്രം കേരളത്തിലെ ആരോഗ്യമേഖലയെ മൊത്തത്തിൽ ഏറ്റെടുത്ത്‌ നന്നാക്കിക്കളയുന്നു എന്ന പ്രതീതി നവമാദ്ധ്യമങ്ങളിലൂടെയും മറ്റും ജനിപ്പിച്ച്‌ കുളിപ്പിച്ച്‌ കിടത്തിക്കൊണ്ടിരിക്കുന്ന രണ്ടു മൂന്നു പ്രമുഖരും ഒക്കെയായിരുന്നു മാടമ്പള്ളിയിലെ യഥാർത്ഥ മാനസികരോഗികൾ എന്ന് ഇന്ന് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടയിലും "ഹോമിയോക്കാർ വാക്സിനേഷനെ എതിർക്കുന്നേ" എന്ന് വലിയ വായിൽ നിലവിളിക്കാൻ ഐ.എം.എ. ഭാരവാഹികൾക്കും ഹോമിയോപ്പതി വിരുദ്ധ യുക്ത - ഡിങ്കാദി മുള്ളുമുരുക്കുകൾക്കും ചുമ്മാ ഒരു വടിയിട്ടുകൊടുക്കാൻ മാത്രമായി എന്തിനാണു മനുഷ്യാവകാശ ഹോമിയോക്കാരേ ഇങ്ങനെ ചാനൽ ചർച്ചകളിൽ കോമാളി വേഷം കെട്ടുന്നത്‌?

യുക്തിവാദിയുടെ മുഖം മൂടിയിട്ട്‌ ഹോമിയോപ്പതി വിരുദ്ധ പ്രചാരണം നടത്തുന്ന അലോപ്പതി ഡോക്ടറെപ്പോലെ തന്നെ പരിഹാസ്യമാണ്‌ മനുഷ്യാവകാശപ്രവർത്തകന്റെ മുഖം മൂടിയിട്ട്‌ വാക്സിനേഷനെ എതിർക്കാൻ പോകുന്ന ഹോമിയോപ്പതി ഡോക്ടറും. ആ ജനുസിൽ പെട്ടവരും അല്ലാത്തവരുമായ കുറച്ച്‌ വാക്സിൻ വിരുദ്ധർ ഹോമിയോപ്പതിയിലുണ്ടെന്നത്‌ സത്യം തന്നെ, പക്ഷെ എണ്ണത്തിൽ കുറവായ അത്തരക്കാരിൽ ബഹുഭൂരിപക്ഷവും ഹോമിയോപ്പതി ഇതര കാരണങ്ങൾ കൊണ്ടാണെതിർക്കുന്നത്‌ എന്നതാണു യാഥാർത്ഥ്യം. അവർ എതിർത്തുകൊണ്ടേയിരിക്കും, വാക്സിനേഷനെ മാത്രമല്ല, എല്ലാറ്റിനെയും. എന്തായാലും പുതിയ തലമുറയിൽ പെട്ട - മറ്റു കാരണങ്ങളില്ലാത്ത - ഹോമിയോപ്പതി ഡോക്ടർമ്മാരും വിദ്യാർത്ഥികളുമൊക്കെ തന്നെ വാക്സിനേഷനെ അനുകൂലിക്കുന്ന നിലപാടാണെടുക്കുന്നതെന്ന് നിസംശയം പറയാം. ഒക്ടോബറിൽ നടന്ന ഹോമിയോപ്പതി വിദ്യാർത്ഥികൾക്കായുള്ള എസ്‌.എഫ്‌.ഐ. സബ്‌ കമ്മിറ്റി ആൾ കേരള ഹോമിയോ മെഡിക്കോസ്‌ അസോസിയേഷൻ(AKHMA)ന്റെ സംസ്ഥാന സമ്മേളനത്തിന്റെ പത്രപ്രസ്താവന തന്നെ വാക്സിനേഷനനുകൂലമായ തലക്കെട്ടോടെയായിരുന്നു. ഡോ.ഖദീജ മുംതാസിനെപ്പോലെ ചില അലോപ്പതി ഡോക്ടർമ്മാർ വാക്സിനേഷനെ എതിർക്കുന്നതുപോലെ ചില ഹോമിയോപ്പതി ഡോക്ടർമ്മാരും വ്യക്തിപരമായി എതിർക്കുന്നു എന്നല്ലാതെ ഹോമിയോപ്പതി മേഖലയിലെ പ്രൊഫഷണൽ - സർവ്വീസ്‌ സംഘടനകളൊന്നും വാക്സിനേഷനെ എതിർക്കുന്ന നിലപാട്‌ എടുത്തതായി എന്റെ അറിവിലില്ല. എന്നിട്ടും ഇതുപോലെ ചാനലിൽ മുഖം കാണിക്കാൻ പോകുന്ന ചിലർ അവിടെ പോയി മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ്‌ ഇളിഞ്ഞ മുഖത്തോടെ തിരിച്ചുവന്ന് ഹോമിയോപ്പതിയെ "ഉദ്ധരിച്ച"തിന്റെ സംതൃപ്തിയോടെ കിടന്നുറങ്ങുമ്പോൾ "അയ്യേ" എന്നു മാത്രമേ പറയാനാവുന്നുള്ളൂ.

എന്തായാലും ഒരു കാര്യം ഉറപ്പ്‌. അലോപ്പതിക്കാരുടെ മുഖ്യ ധർമ്മം ഹോമിയോപ്പതിയെയും മറ്റു ആയുഷ്‌ സിസ്റ്റങ്ങളെയും എതിർക്കുക എന്നതും ഹോമിയോപ്പതിയുടെ ലക്ഷ്യം അലോപ്പതിയെ എതിർക്കുക എന്നതുമാണെന്ന സാമ്പ്രദായിക രീതിയിൽ നിന്ന് ഈ രണ്ടു വിഭാഗത്തിലെയും കുറേ പേർ പിന്നോട്ടു പോകില്ലെന്ന് ആ ചർച്ചയോടെ വീണ്ടും ഉറപ്പിക്കാം. ഇതരവൈദ്യശാസ്ത്രങ്ങളുടെ കൂടി സഹകരണത്തോടെ വാക്സിനേഷൻ വിജയിപ്പിക്കണമെന്ന പോസിറ്റീവ്‌ ആയ ലക്ഷ്യമല്ല അലോപ്പതി ഡോക്ടർമ്മാരുടെ സംഘടനക്കോ ഡോക്ടർമ്മാർക്കോ ഉള്ളതെന്നും മറിച്ച്‌, കിട്ടിയ ചാൻസിനു ഹോമിയോപ്പതിക്കിട്ട്‌ രണ്ടു കൊട്ടു കൊടുക്കലാണെന്നും തെളിയിക്കാൻ ആ ചർച്ച ഉപകാരപ്പെട്ടു.  ഹോമിയോപ്പതിക്കാർക്ക്‌ ഒന്നും അറിയില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിലൊക്കെ സന്തോഷമേയുള്ളൂ. അല്ലെങ്കിലും വാക്സിനേഷനെ അനുകൂലിച്ചാലും ഇല്ലെങ്കിലും ഐ.എം.എ.യുടെ ചൊറിച്ചിൽ പൂർവ്വാധികം ശക്തിയോടെ തുടരും എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണു മറ്റൊരു വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതിയായ വാക്സിനേഷനെ പൊതുജനാരോഗ്യരംഗത്തെ നല്ലൊരു മുന്നേറ്റമെന്നത്‌ ഉൾക്കൊണ്ടും ഒരു ആരോഗ്യപ്രവർത്തകനെന്ന നിലയിൽ അതെന്റെ ഉത്തരവാദിത്വമെന്ന് തിരിച്ചറിഞ്ഞും പിന്തുണക്കുന്നത്‌. കേരളത്തിൽ 100% പേരും അലോപ്പതി മരുന്നല്ല കഴിക്കുന്നത്‌. ആയുഷ്‌ വിഭാഗങ്ങളെ ആശ്രയിക്കുന്ന വലിയൊരു ശതമാനം പേരുണ്ട്‌. ആ വിഭാഗങ്ങളിലെ ഹോമിയോപ്പതി ഡോക്ടർമ്മാർ ഉൾപ്പെടെയുള്ളവർ നിലവിൽ വാക്സിനേഷനെ എതിർക്കുന്നവരല്ലെങ്കിൽ പോലും അവരെക്കൊണ്ടു കൂടി വാക്സിനേഷൻ കൊടുക്കാൻ അവരുടെ രോഗികളോട്‌ പറയിക്കാൻ കഴിഞ്ഞാൽ അത്‌ തീർച്ചയായും ഗുണം ചെയ്യുമെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതിയല്ലോ. പക്ഷെ ബുദ്ധി കൂടുതലുള്ള അലോപ്പതിക്കാർ എന്തുകൊണ്ടോ അതു ചെയ്യാതെ അവരൊക്കെ വിവരം കെട്ടവരാണെന്ന് സ്ഥാപിക്കാൻ മാത്രം വാക്സിനേഷൻ ചർച്ചകളെ ഉപയോഗപ്പെടുത്തുന്നതു കാണുമ്പോൾ സത്യത്തിൽ പുച്ഛം പോലുമല്ല, ചിരിയാണു വരുന്നത്‌. ആരെയാണിവരൊക്കെ ഭയക്കുന്നത്‌?

 അവർ പറയുന്നതുപോലെ രോഗങ്ങളെയൊന്നും മനസിലാക്കാൻ വിവരമില്ലാത്ത പാവം ഹോമിയോപ്പതിക്കാരെ പോലെ ഇനി വരുന്ന തലമുറയിലെ ഹോമിയോപ്പതിക്കാർ ആയിത്തീരാതിരിക്കാനായിരിക്കുമല്ലെ സർജ്ജറി - ഗൈനക്കോളജി വിഷയങ്ങളിൽ ഹോമിയോപ്പതി വിദ്യാർത്ഥികൾക്ക്‌ സർക്കാർ അലോപ്പതി ആശുപത്രികളിൽ ട്രെയിനിംഗ്‌ നൽകുന്നതിനെതിരെ ഐ.എം.എ. കോടതിയിൽ പോയത്‌? പഠിപ്പില്ലെന്ന് പറയുന്നു ഒരു വശത്ത്‌, മറുവശത്ത്‌ പഠിക്കാനവസരം നിഷേധിക്കുകയും ചെയ്യുന്നു. എന്തായാലും ഫാർമ്മക്കോളജി ഒഴികെ എം.ബി.ബി.എസ്‌. സിലബസിലുള്ള വിഷയങ്ങളൊക്കെ, അവർ പഠിക്കുന്ന പുസ്തകങ്ങൾ തന്നെ പഠിക്കുന്നുണ്ട്‌ മറ്റു വൈദ്യശാസ്ത്ര ശാഖകളിലെ വിദ്യാർത്ഥികളുമെന്ന് ഡോ.സുൾഫിക്ക്‌ അറിയാഞ്ഞിട്ടല്ലെന്ന് 100% ഉറപ്പ്‌. പിന്നെ എന്തിനങ്ങനെ പരിഹസിക്കുന്നു എന്ന് ചോദിച്ചാൽ, "നല്ല രസാ", അത്ര തന്നെ. പിന്നെ ഒരാളുടെ അറിവ്‌ / വിവരമെന്നത്‌ മറ്റൊരാൾ ചുമ്മാ കയറിയങ്ങ്‌ വിളിച്ചുപറയുക എന്നതല്ലല്ലൊ അതിന്റെ ശരി. ഒരു ചർച്ചയിൽ അനുവർത്തിക്കേണ്ട രീതിയും അതല്ല. ആരോഗ്യമേഖലയിലെ പല അറിവുകളും ഇന്ന് സാധാരണക്കാർക്ക്‌ അവരുടെ വിരലിൻ തുമ്പിൽ ലഭ്യമാണെന്നത്‌ മറക്കരുത്‌. വാട്ട്സപ്പിൽ വരുന്ന ഫെയ്ക്ക്‌ മെസേജുകൾക്കപ്പുറം ആധികാരികമായ അറിവ്‌ ലഭിക്കാൻ അത്യാവശ്യം വിദ്യാഭ്യാസമുള്ള ഒരാൾക്ക്‌ നിഷ്പ്രയാസം കഴിയും. അതുകൊണ്ട്‌ ആരെയും ചെറുതായിക്കാണരുത്‌. ഈ അലോപ്പതി - ഹോമിയോപ്പതി തമ്മിലടി വല്ലാതെ മടുത്ത്‌ നിർത്തിയ മേഖലയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആ സംസാരരീതി കണ്ടപ്പോൾ പറഞ്ഞുപോയെന്നേ ഉള്ളൂ. പിന്നെ ഇതിനൊക്കെ കാരണം അവിടിരുന്ന് ഇരന്നുവാങ്ങിയ മനുഷ്യസ്നേഹി ആണല്ലോ എന്നോർക്കുമ്പോൾ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച്‌ ഇതിനപ്പുറം പറയാനും വയ്യ. സ്വയംകൃതാനർത്ഥം.

കഴിഞ്ഞ കാലങ്ങളിൽ വാക്സിനേഷൻ ചെയ്താൽ കുഴപ്പമൊന്നുമില്ല, നിങ്ങൾക്ക്‌ താൽപര്യമെങ്കിൽ ചെയ്തോളൂ എന്ന് പറഞ്ഞിരുന്ന നിലപാടിൽ നിന്നും ഈ  ക്യാമ്പെയിൻ കാലത്ത്‌ ഡിസ്പെൻസറിയിലും ക്ലിനിക്കിലും വരുന്ന രോഗികളോട്‌ MR വാക്സിനേഷൻ നൽകാൻ നിർബന്ധിക്കുകയും സംശയമുള്ളവരെ പിടിച്ചിരുത്തി ബോധവൽക്കരിക്കുകയും ചെയ്യുന്ന നിലപാടിലേക്ക്‌ എത്തിച്ചേർന്നതായിരുന്നു ഞാൻ. പക്ഷെ ആ ചർച്ചയിൽ എൻസഫലൈറ്റിസ്‌, ഗില്ലൻ ബാരി സിൻഡ്രോം എന്നിവയൊക്കെ എന്തെന്നറിയില്ലെന്ന് ഡോ.സുൽഫിയും ഏത്‌ എക്സാന്തെം കണ്ടാലും മീസിൽസ്‌ എന്ന് പറയുന്നു എന്ന് ഡോ.ഷിമ്നയും വിശേഷിപ്പിക്കുന്ന തീരെ വിവരമില്ലാത്ത ഹോമിയോപ്പതിക്കാരനായ ഞാൻ ഇനിയെന്തിനു വാക്സിനെ അനുകൂലിക്കണം? വൈദ്യശാസ്ത്രത്തെക്കുറിച്ച്‌ ഒരു വിവരവുമില്ലാത്ത ഞങ്ങൾ ഹോമിയോക്കാർ വാട്ട്സപ്പിൽ വാക്സിൻ വന്ധ്യതയുണ്ടാക്കുമെന്ന് വരുന്നത്‌ വായിച്ച്‌ വിശ്വസിക്കുന്ന സാധാരണക്കാരെപ്പോലെ തന്നെയാണല്ലോ. അപ്പോൾ പിന്നെ വാക്സിൻ കൊടുക്കണമെന്ന് രക്ഷിതാക്കളെ ഉപദേശിക്കാനിനി എനിക്കെന്ത്‌ അർഹത? അതങ്ങ്‌ നിർത്തിയേക്കാം. അതല്ലെ നല്ലത്‌?

പക്ഷെ അങ്ങനെ ചിന്തിച്ച്‌ നിലപാടെടുത്താൽ പിന്നെ അവരും ഞാനും തമ്മിൽ എന്ത്‌ വ്യത്യാസം? അവർ രോഗ നിർമ്മാർജ്ജന യജ്ഞത്തെ ഹോമിയോ നിർമ്മാർജ്ജന യജ്ഞമാക്കാനായി പരിശ്രമിക്കട്ടെ. ഞാൻ എനിക്ക്‌ കഴിയുന്ന പോലെ കേരളസർക്കാരിന്റെ ആരോഗ്യ മേഖലയിലെ ഈ മികച്ച ഇടപെടലിനെ പിന്തുണച്ച്‌ ആ ആശയം കൂടുതൽ പേരിലേക്കെത്തിക്കാനും ബോധവൽക്കരിക്കാനും എന്നെക്കൊണ്ട്‌ കഴിയുന്നതുപോലെ തുടർന്നും ശ്രമിക്കും. അതൊരു ഹീറോയിസമാക്കാനല്ല, അതൊരു ഡോക്ടറുടെ ധർമ്മമായതുകൊണ്ട്‌.

അവസാനമായി മാദ്ധ്യമപ്രവർത്തകർ ആരെങ്കിലും ഇതു വായിച്ചേക്കാമെങ്കിൽ അവരോടൊരു വാക്ക്‌. ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ഹോമിയോപ്പതി ഡോക്ടർമ്മാരെ നിങ്ങൾ എവിടുന്നാണു സംഘടിപ്പിക്കുന്നത്‌? ഈ വാക്സിൻ വിഷയത്തിൽ മാത്രമല്ല, പൊതുവെ. നേരത്തെ ഹോമിയോപ്പതിയുടെ ശാസ്ത്രീയത സംബന്ധിച്ചും പകർച്ചവ്യാധികൾ പടർന്നുപിടിച്ച സമയത്തും മറ്റും നടന്ന ചർച്ചകളിലും എല്ലാം ശ്രദ്ധിച്ചിരുന്നു. മണ്ടത്തരങ്ങൾ മാത്രം വിളിച്ചുപറയുന്ന ചിലരെ മാത്രമാണു മിക്ക ചർച്ചകളിലും കണ്ടത്‌. കേരളത്തിൽ സംഘടനാരംഗത്തും അക്കാഡമിക്‌ രംഗത്തും മറ്റു രംഗങ്ങളിലുമൊക്കെ കഴിവ്‌ തെളിയിച്ച, മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള നിരവധി ഹോമിയോപ്പതി ഡോക്ടർമ്മാരുണ്ട്‌. അലോപ്പതി പ്രതിനിധിയായി ഐ.എം.എ. ഭാരവാഹിയെ വിളിക്കുമ്പോൾ അതേ മാനദണ്ഡം തന്നെ മറ്റു രംഗത്തും വേണ്ടെ? സംഘടനകളുമായി ബന്ധപ്പെട്ടാൽ അവർ തരുമല്ലോ നല്ല വാഗ്മികളായ ഡോക്ടർമ്മാരെ. അതുപോലെ ഈ മനുഷ്യാവകാശ പ്രവർത്തകരായി കേരളത്തിൽ ഹോമിയോപ്പതിക്കാർ മാത്രമല്ലല്ലൊ ഉള്ളത്‌. ഡോ.സുൾഫി ചർച്ച വഴി തെറ്റിച്ചത്‌ ഡോ.സലിം കുമാർ ഒരു ഹോമിയോപ്പതി ഡോക്ടർ ആണെന്നതിൽ പിടിച്ചാണല്ലൊ. ചർച്ച നിഷ്പക്ഷമാക്കി സംശയദൂരീകരണമാണുദ്ദേശ്യമെങ്കിൽ ഹോമിയോപ്പതി ഡോക്ടറല്ലാത്ത ഒരാളെ വിളിക്കണമായിരുന്നു. ഭാവിയിലെങ്കിലും ഹോമിയോപ്പതി സംബന്ധിച്ച്‌ ചർച്ച നടക്കുമ്പോൾ ആ രംഗത്തെ സംസാരിക്കാനറിയാവുന്നവരെ വിളിക്കാൻ അപേക്ഷ. മനസിൽ ആശയങ്ങൾ ഉണ്ടെങ്കിൽ പോലും  വിഷയം പഠിച്ച്‌ ആധികാരിക വിവരങ്ങളും രേഖകളും സഹിതം പ്രേക്ഷകർക്ക്‌ പെട്ടെന്ന് മനസിലാവുന്ന തരത്തിൽ അവതരിപ്പിക്കലും എതിർവ്വാദം സംയമനത്തോടെ കൃത്യമായ പോയിന്റ്സ്‌ നിരത്തി ഖണ്ഡിക്കലുമൊക്കെ ഒരു വലിയ കഴിവാണ്‌ (ആ കഴിവുള്ളവരോട്‌ വ്യക്തിപരമായി എനിക്ക്‌ വലിയ അസൂയ ഉണ്ട്‌. എനിക്ക്‌ എത്ര ശ്രമിച്ചിട്ടും പറ്റിയിട്ടില്ല, ഇനിയൊട്ട്‌ പറ്റുകയുമില്ല). അത്തരക്കാരെ കൊണ്ടു വന്ന് ചർച്ചകൾ സജീവവും നിഷ്പക്ഷവും വിജ്ഞാനപ്രദവുമാക്കുക. അതല്ല, വെറും കൗതുകം എന്ന നിലയിൽ ഒരു വിദൂഷകനെയാണാഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ വല്ല പരിചയക്കാരെയോ അളിയന്മാരെയോ ഒക്കെ വിളിക്കൂ, നടക്കട്ടെ.

അപ്പൊ പിന്നെ,
തിരുപ്പതിയായി സലിംകുമാരേട്ടാ...
ഇനിയും വരില്ലേ ഇതിലേ മനുഷ്യാവകാശത്തെയും തെളിച്ചുകൊണ്ട്‌?

എന്ന്,

വിവരവും മനുഷ്യസ്നേഹവും ഇത്തിരി കുറവുള്ള
ഒരു സാദാ ഹോമിയോപ്പതി ഡോക്ടർ.

July 26, 2016

തക്കാളിപ്പനി - ഹോമിയോപ്പതി ഫലപ്രദം

(Published in Kerala Kaumudi Arogyam - December 2015)

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ കണ്ടു തുടങ്ങിയ നിരവധി "ന്യൂ ജനറേഷൻ" രോഗങ്ങളിൽ ഒന്നാണു തക്കാളിപ്പനി എന്നാരോ പേരു നൽകിയ ഹാൻഡ് ഫൂട് ആൻഡ് മൗത്ത് ഡിസീസ് (Hand, foot and mouth disease - HFMD). തക്കാളിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ രോഗത്തിനു ഇങ്ങനെയൊരു പേരു വരാൻ കാരണമൊരു പക്ഷെ ഈ രോഗം വരുന്നവർക്ക് ചുവന്ന നിറത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതാവാം. വൈറസ് ബാധ മൂലമാണു തക്കാളിപ്പനി പിടിപെടുന്നത് (Enterovirus).

ചരിത്രം:
ആദ്യമായി ഈ രോഗം കാണപ്പെട്ടത് കാനഡയിലാണ്, 1957ൽ. തുടർന്ന് ഇംഗ്ലണ്ടിൽ കാണപ്പെട്ടപ്പോഴാണു ഈ രോഗത്തിനു HFMD എന്നു പേരു നൽകപ്പെട്ടത്. ഇന്ത്യയിൽ ആദ്യമായി കോഴിക്കോട്ടാണു 2003ൽ രോഗം കാണപ്പെട്ടത്. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

രോഗലക്ഷണങ്ങൾ:
സാധാരണ വൈറസ് രോഗങ്ങൾ പോലെ ആദ്യമണിക്കൂറുകളിൽ നേരിയ പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. തുടർന്ന് വായിലും ചർമ്മത്തിലുമുണ്ടാകുന്ന ചുവന്ന കുരുക്കളാണു തക്കാളിപ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. വായിലുണ്ടാകുന്ന ചെറിയ കുരുക്കൾ ഉടൻ തന്നെ വായ്പുണ്ണു പോലെയുള്ള വേദനയോടുകൂടിയ വ്രണങ്ങളാകുന്നു. വായ്ക്കകത്ത് അണ്ണാക്കിലും നാവിലും മോണയിലും ഇവ കാണപ്പെടും. ഒപ്പം അടുത്തുള്ള ലസികാഗ്രന്ഥികൾക്ക് വീക്കവും കാണപ്പെടാറുണ്ട്. ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ കൈപ്പത്തികളിലും പാദങ്ങളിലുമാണു കൂടുതലായും കാണപ്പെടാറുളളത്. വേദനയുള്ള ഈ കുരുക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖപ്പെടും. കുരുക്കൾ ഉണങ്ങുന്ന സമയത്തൊഴികെ സാധാരണഗതിയിൽ കാര്യമായ ചൊറിച്ചിൽ കാണപ്പെടാറില്ല. ചിലരിൽ വായിലെ കുരുക്കളും മറ്റു ചിലരിൽ തൊലിപ്പുറത്തെ കുരുക്കളും കൂടുതലായി കാണപ്പെടാറുണ്ട്. 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഭേദപ്പെടാറുണ്ട്. ലബോറട്ടറി പരിശോധനകളുൾപ്പെടെയുള്ള രോഗനിർണയ രീതികളിലുപരി ലക്ഷണങ്ങൾ കൊണ്ടു തന്നെയാണു രോഗം തിരിച്ചറിയാറുള്ളത്. അതുകൊണ്ടുതന്നെ വായിലും തൊലിപ്പുറമെയും സമാനലക്ഷണങ്ങളുണ്ടാക്കുന്ന കൊതുകു കടിച്ചുണ്ടാകുന്ന വ്രണങ്ങൾ, വായ്പുണ്ണ്, ചിക്കൻ പോക്സ്, ഹെർപ്പസ്, അർട്ടിക്കേരിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഈ രോഗത്തെ കൃത്യമായി തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗസാദ്ധ്യതയും രോഗപ്പകർച്ചയും:
നേരത്തെ സൂചിപ്പിച്ചതുപോലെ എന്ററോ വൈറസ് വിഭാഗത്തിൽ പെട്ട വൈറസുകളാണു രോഗമുണ്ടാക്കുന്നത്. പ്രധാനമായും 10 വയസിൽ താഴെയുള്ള കുട്ടികളിലാണീ രോഗം കാണപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കാണപ്പെടുന്നുണ്ട്. മുൻ വർഷങ്ങളിലേതിലുപരിയായി ഈ രോഗം അടുത്തകാലത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു മാത്രമേ രോഗം പകരാറുള്ളൂ. മറ്റു മൃഗങ്ങളോ ജീവികളോ രോഗം പരത്തുന്നില്ല. രോഗം വന്ന ആദ്യ ആഴ്ചയിലാണു പകരാൻ കൂടുതൽ സാദ്ധ്യതയെങ്കിലും അതിനു ശേഷവും മാസങ്ങളോളം വൈറസ് രോഗിയിൽ നിന്ന് പകരാൻ സാദ്ധ്യതയുണ്ടെന്ന് കാണപ്പെടുന്നുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും - പ്രധാനമായും രോഗിയുടെ കൈകളിലും മറ്റും തൊടുന്നതുമൂലം - രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതും രോഗം പകർത്തുന്നു. കൂടാതെ വായിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങൾ വഴി വായുവിലൂടെയും പകരുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3 മുതൽ 7 വരെ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രാഥമികമായി ദഹനവ്യവസ്ഥയിലെ ആന്തരാവയവങ്ങളുടെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന വൈറസ് തുടർന്ന് ലസികാഗ്രന്ഥികൾ വഴി വായിലും ചർമ്മത്തിലും ബാധിക്കുന്നു.

രോഗികൾ ശ്രദ്ധിക്കേണ്ടത്:
തക്കാളിപ്പനി മാരകമായ ഒരു രോഗമല്ലാത്തതുകൊണ്ടു തന്നെ ഭയക്കേണ്ടതില്ല. സാധാരണഗതിയിൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗം സുഖപ്പെടാറുണ്ട്. രോഗം ബാധിക്കുന്നത് പ്രധാനമായും കുട്ടികളെയാണെന്നതിനാൽ രക്ഷിതാക്കൾ ഏറേ ശ്രദ്ധിക്കേണ്ടതുണ്ട്. വായിലെ കുരുക്കൾ മൂലം കുട്ടികൾ ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുന്നത് നിർജലീകരണത്തിനും ക്ഷീണത്തിനും കാരണമാകാം. ഇതൊഴിവാക്കാൻ കുട്ടികൾക്ക് വേദന കൂടാതെ കഴിക്കാൻ കഴിയുന്ന ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ നൽകാൻ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കൊണ്ട് വായ കഴുകുന്നത് വേദന കുറയാനുപകരിക്കും. കൈയിലും കാലിലുമുള്ള വ്രണങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കണം. അപൂർവം അവസരങ്ങളിലൊഴികെ HFMD രോഗികളിൽ കോമ്പ്ലിക്കേഷൻസ് ഉണ്ടാക്കാറില്ല.

രോഗം പകരാതിരിക്കാൻ:
രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നത്‌ ഒഴിവാക്കുക. രോഗം ബാധിച്ചവർ ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്നത്‌ ഒഴിവാക്കുക. മറ്റു കുട്ടികളുമായി കളിക്കുന്നതും ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുന്നതും ഒഴിവാക്കുക. രോഗം ബാധിച്ചവരുടെ കൈകാലുകളിലെ വ്രണങ്ങൾ കൂടെക്കൂടെ വൃത്തിയായി കഴുകുക.

രോഗ ചികിത്സ:
ഹോമിയോപ്പതിയിൽ തക്കാളിപ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. വായിലും ചർമ്മത്തിലുമുണ്ടാകുന്ന വ്രണങ്ങൾ വളരെ പെട്ടെന്നു തന്നെ ഭേദപ്പെടുത്താനും പൂർണമായ രോഗശമനം തരാനും ലക്ഷണങ്ങൾക്കനുസരിച്ച് നൽകപ്പെടുന്ന കൃത്യമായ ഹോമിയോപ്പതി മരുന്നുകൾക്കാകും. അംഗീകൃത യോഗ്യതകളുള്ള ഹോമിയോപ്പതി ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടാൻ ശ്രദ്ധിക്കുക.

ഏപ്രിൽ 10 - ലോക ഹോമിയോപ്പതി ദിനം

(Published in Madhyamam Daily - 10th April 2016)



വൈദ്യശാസ്ത്രത്തിലായാലും മറ്റു മേഖലകളിലായാലും വേറിട്ട വഴികളിലൂടെ നടന്നവരെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും തങ്ങളുടെ മേഖലകളിൽ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹദ്വ്യക്തിത്വമായിരുന്നു ഡോ.ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ. ജർമൻകാരനായ ഡോ.ഹാനിമാനായിരുന്നു ഇന്ന് ഏറേ പുരോഗമിച്ച ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനു രൂപം നൽകിയത്. 1755 ഏപ്രിൽ 10നു ജനിച്ച അദ്ദേഹം ഒരു അലോപ്പതി ഡോക്ടറായിരുന്നു.  ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ലോക ഹോമിയോപ്പതിദിനമായാണ് ആചരിച്ചു വരുന്നത്. ഇന്ന് ലോകത്തിൽ അലോപ്പതി ഒഴികെയുള്ള സമാന്തര ചികിത്സാ ശാഖകളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ചികിത്സാരീതിയാണു ഹോമിയോപ്പതി. ലോകത്ത് ഹോമിയോപ്പതി ചികിത്സക്ക് ഏവുമധികം പ്രചാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.  ഇന്ത്യയിൽ വിദ്യാഭ്യാസപരമായും ആരോഗ്യമേഖലയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ശാസ്ത്രീയവും പാർശ്വഫലരഹിതവും ഫലപ്രദവുമായ ചികിത്സ എന്ന നിലയിൽ മികച്ച സ്വാധീനമാണു ഹോമിയോപ്പതി ചികിത്സ നേടിയത് എന്നതു തന്നെ ഈ വൈദ്യശാസ്ത്രത്തിന്റെ മേന്മ വിളിച്ചോതുന്നു.
രോഗിയുടെ വേദന വർദ്ധിപ്പിക്കുന്ന പ്രാകൃതമായ ചികിത്സാരീതികൾ ആസുരതാണ്ഡവമാടിയിരുന്ന അക്കാലത്തെ ചികിത്സാരംഗത്ത്, രോഗിയുടെ ശാരീരിക-മാനസിക പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് വേണം ചികിത്സ നടത്തേണ്ടത് എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഡോ.സാമുവൽ ഹാനിമാൻ രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് നിരവധി പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതിക്ക് രൂപം നൽകിയത്. അലോപ്പതി ചികിത്സയിലെ രീതികൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വന്ന് പഴഞ്ചൻ രീതികളിൽ നിന്ന് മോചിതമായെങ്കിലും ഒരു പുതിയ വൈദ്യശാസ്ത്രമെന്ന രീതിയിൽ ഡോ.ഹാനിമാൻ അന്ന് രൂപം കൊടുത്ത ശാസ്ത്രീയ തത്വങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരികതന്നെയാണ്. സാധാരണക്കാരനു താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ചികിത്സാചെലവ് വർദ്ധിച്ചുവരുമ്പോൾ, ചികിത്സ എന്നത് ലാഭക്കണ്ണോടെയുള്ള ഒരു കച്ചവടമായി മാറുമ്പോൾ, താരതമ്യേന ചെലവു കുറവുള്ളതും എന്നാൽ മികച്ച ഫലം പ്രദാനം ചെയ്യുന്നതുമായ ഹോമിയോപ്പതിചികിത്സ കാലത്തിന്റെ ആവശ്യമായിത്തീരുന്നു. ഇന്ന് സാധാരണ വൈറൽ പനി മുതൽ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായിത്തീരുന്ന ജീവിതശൈലീരോഗങ്ങളും അർബുദവും വരെ ഹോമിയോപ്പതി ചികിത്സയാൽ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നു.
ഹോമിയോപ്പതിയുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതുകൊണ്ടുതന്നെ ചില കോണുകളിൽ നിന്ന് ചില വിമർശനങ്ങൾ ഉയർന്നുവരുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. മറ്റു വൈദ്യശാസ്ത്ര ശാഖകളിൽ പെട്ടവർ ഉയർത്തുന്ന പൊള്ളയായ വിമർശനങ്ങൾ അവ അർഹിക്കുന്ന രീതിയിൽ തന്നെ അവഗണിക്കുന്നു. എന്നാൽ ചില പുരോഗമനസംഘടനകളുടെ പ്രവർത്തകർ എന്ന മൂടുപടമണിഞ്ഞ് ഇതരവൈദ്യശാസ്ത്രങ്ങളിൽ പെട്ട ചികിത്സകർ ഹോമിയോപ്പതിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് കേവലം കൊതിക്കെറുവായേ കാണാൻ കഴിയൂ. അത്തരക്കാരുടെ ആരോപണങ്ങളും കുപ്രചാരണങ്ങളും ഹോമിയോപ്പതിയുടെ മേന്മ നേരിട്ടറിവുള്ള ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന വിശ്വാസം ഹോമിയോപ്പതിസമൂഹത്തിനുണ്ട്. ഇന്ന് നിലവിലുള്ള ഒരു വൈദ്യശാസ്ത്രശാഖയും പരിപൂർണമെന്ന് പറയാൻ കഴിയില്ല. ഓരോന്നും അവക്ക് കഴിയുന്ന മേഖലകളിൽ മികച്ച ചികിത്സാഫലങ്ങൾ നൽകി മനുഷ്യരാശിക്ക് ഗുണം ചെയ്യാൻ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുക എന്നതാണു വേണ്ടത്. ഇതരവൈദ്യശാസ്ത്രങ്ങളെ അവ അർഹിക്കുന്ന ബഹുമാനത്തോടെ കാണുകയും അനാവശ്യവിമർശനങ്ങൾ ഉന്നയിക്കാതിരിക്കയും ചെയ്ത്, സ്വന്തം ചികിത്സാരീതി കൂടുതൽ പഠനഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ഇതരശാസ്ത്രങ്ങളിലെ പഠനത്തിനോ ചികിത്സാസംവിധാനത്തിനോ തടസം നിൽക്കാതിരിക്കയും ചെയ്യുക എന്നതാണു രോഗിയുടെ ആശ്വാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്.
ഹോമിയോപ്പതിക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും അടിസ്ഥാനപരമായ നിരവധി ആവശ്യങ്ങൾ പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സ്വകാര്യമേഖലയിലും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനം ഈ മേഖലയിലെ വ്യാജചികിത്സകരുടെ സാന്നിദ്ധ്യമാണ്. ഇന്നും കേരളത്തിൽ ഒരു ഏകീകൃത മെഡിക്കൽ ബിൽ രൂപീകരിക്കാത്തതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജചികിത്സകർ പെരുകുകയാണ്. പ്രധാനമായും മലബാറിലാണിത്തരക്കാർ കൂടുതലുള്ളതെങ്കിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒട്ടും കുറവല്ല. ഇതിനായി യാതൊരു നിയമനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാജ ചികിത്സകർക്ക് നിയമപരിരക്ഷ നൽകാനുള്ള നീക്കം നടന്നപ്പോൾ രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതകൾക്കും അതീതമായി ആയുർവേദ - ഹോമിയോപ്പതി ചികിത്സകർ ഒന്നിച്ചു നിന്ന് എതിർത്തപ്പോൾ ആ വേദികളിൽ വന്ന് പ്രതിഷേധത്തിന്റെ ഭാഗമായ ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ നേതാക്കൾ അഞ്ചുവർഷം ഭരിച്ചിട്ടും സംഘടനകൾ നടത്തിയ നിരവധി സമരങ്ങളും നൽകിയ നിവേദനങ്ങളും തൃണവൽഗണിച്ചതും വ്യാജ ചികിത്സകർക്കെതിരെ ചെറുവിരൽ പോലുമനക്കാൻ തയ്യാറായില്ല എന്നതും ദുഃഖകരമായ കാര്യമാണ്. ഏകീകൃത മെഡിക്കൽ ബിൽ എന്ന വാഗ്ദാനം ഇന്നും നോക്കുകുത്തിയായവശേഷിക്കുന്നു.
ഈ സർക്കാർ ഹോമിയോപ്പതിക്കനുകൂലമായി പുതിയ ഡിസ്പെൻസറികളും കാൻസർ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആരംഭിച്ചതിൽ ഹോമിയോപ്പതി സമൂഹത്തിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. എന്നാൽ  പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനപ്പുറം  അടിസ്ഥാനസൗകര്യവികസന മേഖലയിൽ ചെയ്യേണ്ടിയിരുന്ന പല ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വിദ്യാഭ്യാസമേഖലയിൽ ഹോമിയോപ്പതി എം.ഡി. കോഴ്സ്‌ കൃത്യമായി നടക്കാതായി. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നതുപോട്ടെ, ഉള്ള സീറ്റു തന്നെ ആവശ്യമായ അദ്ധ്യാപകർ ഇല്ലാത്തതിനാൽ കുറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ല. ഗവ ഹോമിയോ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് പി.എസ്‌.സി. നിയമനം വളരെക്കാലമായി നടക്കുന്നില്ല. റിട്ടയർമെന്റ്‌ വഴി വന്ന ഒഴിവുകളിൽ വലിയൊരു ശതമാനവും നികത്തിയിട്ടില്ല. കൂടാതെ കേരളത്തിനു പുറത്ത് ഏഴു വിഷയങ്ങളിൽ എം.ഡി. കോഴ്സ് നടക്കുന്നുണ്ടെങ്കിലും ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തിൽ ഇന്നും മൂന്നു വിഷയങ്ങളിലേ കോഴ്സ് നടക്കുന്നുള്ളൂ. ഹൗസ്‌ സർജ്ജൻസിന്റെ സ്റ്റൈപ്പൻഡ്‌ എം.ബി.ബി.എസ്‌.,  ആയുർവേദ വിഭാഗങ്ങൾക്ക് 20000 രൂപയാക്കിയിട്ടും ഹോമിയോപ്പതിയിൽ മാത്രം 17000ൽ ഒതുക്കി. സംഘടനകൾ ഇടപെട്ടിട്ടും വിദ്യാർത്ഥികൾ സമരമുൾപ്പെടെ നടത്തിയിട്ടും ഈ വിവേചനം അവസാനിപ്പിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല. അതുപോലെ തന്നെ ബി.എച്ച്.എം.എസ് വിദ്യർത്ഥികൾക്ക് സിലബസിന്റെ ഭാഗമായി അലോപ്പതി ആശുപത്രികളിൽ സർജ്ജറി - ഗൈനക്കോളജി പോസ്റ്റിംഗ്‌ നടക്കുന്നത് ഐ.എം.എ.യുടെ വിലക്കും നിയമനടപടികളും മൂലം തടസപ്പെട്ടു. പ്രശ്നം ഫലപ്രദമായി ഇടപെട്ട് പരിഹരിക്കാനും കോടതിയിൽ കക്ഷി ചേരാനും സർക്കാർ തയ്യാറായില്ല. സർക്കാർ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി കുറേ ഡോക്ടർമാർക്ക്‌ ജോലി കിട്ടിയെങ്കിലും അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയമായി. ഫാർമ്മസിസ്റ്റ്‌, അറ്റന്റർ തുടങ്ങിയ തസ്തികകളിൽ നിരവധി ഒഴിവുകളുള്ളത്‌ പരിഹരിക്കപ്പെട്ടില്ല. മരുന്നെടുക്കാൻ ആവശ്യത്തിനു സ്റ്റാഫില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലും ഡോക്ടർമാരും രോഗികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഡിസ്പെൻസറികളിലെ സ്റ്റാഫ്‌ പാറ്റേൺ ഇതുവരെ പരിഷ്കരിച്ചില്ല. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഹോമിയോപ്പതി മരുന്നുകൾ വിതരണം ചെയ്യുന്ന ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനമായ ഹോംകോയിൽ നിന്ന് ആവശ്യത്തിനും കൃത്യസമയത്തും മരുന്ന് ആശുപത്രികളിൽ എത്തുന്നില്ല. ഇതുമൂലം പല സ്ഥാപനങ്ങളിലും രോഗികൾക്ക് മരുന്നുകൾ വിലകൊടുത്ത് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനു പുറമേ ഹോമിയോപ്പതിയുടെ അനന്തസാദ്ധ്യതകൾ വിനിയോഗിച്ച് കേരളത്തിന്റെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാവേണ്ട നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. നിലവിൽ ആരോഗ്യവകുപ്പിനു (അലോപ്പതി) കീഴിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെല്ലാം തന്നെ. ഹോമിയോപ്പതി ഉൾപ്പെടുന്ന ആയുഷ് വിഭാഗങ്ങൾക്കുകൂടി അവരുടെ സേവനം ലഭ്യമാക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഫീൽഡ് സ്റ്റാഫിനെ ആയുഷ് വകുപ്പിനു കീഴിലോ തദ്ദേശസ്വയംഭരണവകുപ്പിലോ നിയമിക്കാനുള്ള നീക്കമുണ്ടാവുകയോ ചെയ്യണം. അതുപോലെ തന്നെ രോഗനിർണയ സംവിധാനങ്ങളായ ലബോറട്ടറി, എക്സ് റേ, സ്കാനിംഗ് തുടങ്ങിയവ ഹോമിയോപ്പതി ആശുപത്രികളിൽ ലഭ്യമാക്കാനും അത്തരം സംവിധാനങ്ങൾ ഏതെങ്കിലും ഒരു വൈദ്യശാസ്ത്രശാഖയുടേതല്ല, മറിച്ച് ആരോഗ്യരംഗത്തിനു മൊത്തമായി ശാസ്ത്രം നൽകിയ സംഭാവനയെന്നത് ഉൾക്കൊണ്ട് ഇവക്കൊക്കെ ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ അവസാനിപ്പിക്കാനുമുള്ള ശ്രമം ഉണ്ടാവണം. എല്ലാ വൈദ്യശാസ്ത്ര ശാഖകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു നയം പ്രാബല്യത്തിൽ വരുത്തി മാത്രമേ ഒരു സമഗ്രമായ പുരോഗതി കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രാവർത്തികമാക്കാനാകൂ. ഇത്തരമൊരു നയം നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാർ നടപ്പാക്കുമെന്ന് കേരളത്തിലെ ഹോമിയോപ്പതി സമൂഹം പ്രത്യാശിക്കുന്നു.
ഹോമിയോപ്പതി എന്ന മഹത്തരമായ ചികിത്സാരീതിക്കു രൂപം നൽകിയ ഡോ.സാമുവൽ ഹാനിമാൻ 1843-ൽ ഇഹലോകവാസം വെടിഞ്ഞു. മനുഷ്യകുലത്തിന് “സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (Similia similibus curentur)” എന്ന തത്വത്തിലധിഷ്ഠിതമായ ചികിത്സാരീതിയിലൂടെ രോഗശാന്തി പ്രദാനം ചെയ്ത അദ്ദേഹത്തിന്റെ സ്മരണക്കു  മുന്നിൽ നമ്രശിരസോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെ രോഗപീഡയാൽ വേദനിക്കുന്ന മാനവകുലത്തിനു മികച്ച ചികിത്സയും സഹാനുഭൂതിയും പകർന്ന് സേവനപാതയിൽ ചരിക്കുന്നതുതന്നെയായിരിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലി.

കരിമ്പനി എന്ന കാലാ അസർ (Visceral Leishmaniasis)

(Published in Kerala Kaumudi Arogyam - August 2015)


കേരളം ഇന്ന് പനികളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന മലയാളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിക്കൊണ്ട് കഴിഞ്ഞ പത്തു വർഷത്തിനിടെ പല പേരുകളുള്ള മാരകവും പെട്ടെന്നു പകരുന്നതുമായ പനികളുടെ കൂത്തരങ്ങായിരിക്കുന്നു കേരളം. എലിപ്പനി, ഡെംഗിപ്പനി, ചിക്കുൻ ഗുനിയ, കുരങ്ങുപനി, പക്ഷിപ്പനി, പന്നിപ്പനി, ടൈഫസ് പനി എന്നിങ്ങനെയുള്ള പേരുകളിൽ ഏറ്റവുമൊടുവിൽ വന്ന പേരുകാരിലൊന്നാണു കരിമ്പനി എന്ന് നാം പേരു നൽകിയ കാലാ അസർ. 2011-12 കാലത്ത് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഈ വർഷമാണ് കൂടുതലായി കാണപ്പെട്ടത്. പ്രധാനമായും തൃശൂർ ജില്ലയുടെയും മലപ്പുറം ജില്ലയുടെയും ചില ഭാഗങ്ങളിലാണിതു കാണപ്പെട്ടത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന രോഗാണുക്കളാൽ ഉണ്ടാകുന്ന രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്നതാണീ രോഗം. ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണകാരണമാകുന്നു. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, സുഡാൻ, എത്യോപ്പിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലായാണ് 90% കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് 50%ൽ കൂടുതൽ കാലാ അസാർ രോഗികളും ഇന്ത്യയിലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 70% രോഗികളും ബിഹാറിലാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ലീഷ്മാനിയ എന്ന രോഗാണു ഉണ്ടാക്കുന്ന രോഗങ്ങളെയാണ് പൊതുവെ ലീഷ്മാനിയാസിസ് എന്നു വിളിക്കുന്നത്. ഇത് മൂന്നു തരത്തിൽ കാണപ്പെടുന്നുണ്ട് - വിസറൽ ലീഷ്മാനിയാസിസ്, ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്, മ്യൂക്കോസൽ ലീഷ്മാനിയാസിസ് എന്നിവ. ഇവയിൽ വിസറൽ ലീഷ്മാനിയാസിസ് (Visceral Leishmaniasis - ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാലാണ് ആ പേര്) വിഭാഗമാണ് കാലാ അസാർ (Black fever) എന്ന്  അറിയപ്പെടുന്നത്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. ലീഷ്മാനിയ ഡോണോവാനി (L. donovani) ആണു പ്രധാനമായും രോഗമുണ്ടാക്കുന്നത്. L. infantum, L. chagasi എന്നിവയും രോഗകാരണമാകുന്നു. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത് (Phlebotomus / Lutzomyia). എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.

ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ നാലു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലയവസരങ്ങളിൽ നാലു മാസങ്ങളിലധികവും എടുത്തേക്കാം. പ്രധാന രോഗലക്ഷണം ശക്തമായ പനിയാണ്. പനിയുടെ കാഠിന്യത്തിൽ ഏറ്റക്കുറച്ചിൽ വന്നുകൊണ്ടിരിക്കും. ശരീരത്തിന്റെ തൂക്കക്കുറവ്, ക്ഷീണം, ചുമ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. പ്ലീഹക്കുണ്ടാകുന്ന വീക്കം വിസറൽ ലീഷ്മാനിയാസിസിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. കൂടെ കരളിനും വീക്കമുണ്ടാകുന്നു. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. (ഇതിൽ നിന്നാണ് കാലാ അസർ എന്ന പേരു വന്നത്).

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം പ്ലീഹക്കും കരളിനും മറ്റുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങളുടെ സമാനത മൂലം ഈ രോഗം പലപ്പോഴും മലേറിയയുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടു വരാറുണ്ട്. പനി, പ്ലീഹയുടെ വീക്കം, പ്ലേറ്റ്ലറ്റ് ഉൾപ്പെടെയുള്ള രക്താണുക്കളുടെ കുറവ് എന്നീ പ്രധാനലക്ഷണങ്ങൾക്കൊപ്പം രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ പ്രധാന രോഗനിർണയരീതി.  ELISA / Western blot ടെസ്റ്റുകൾ വഴി രക്തത്തിലെ ആന്റിബോഡികൾ കണ്ടെത്തിയും രോഗനിർണയം നടത്താം. (രോഗലക്ഷണങ്ങൾ ഇല്ലാതായിക്കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷവും രക്തത്തിൽ ആന്റിബോഡികൾ കണ്ടേക്കാം).  

രോഗം തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം പരത്തുന്ന സാൻഡ് ഫ്ലൈയെ നശിപ്പിക്കലാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇതു കൂടുതലായും കാണുന്നത്. കീടനാശിനികൾ ഉപയോഗിച്ച് സാൻഡ് ഫ്ലൈയെ നശിപ്പിച്ചും കൊതുകുവലകളും മറ്റും ഉപയോഗിച്ചും രോഗത്തിന്റെ വ്യാപനം തടയാം.

രോഗലക്ഷണങ്ങൾക്കനുസരിച്ച് ഔഷധങ്ങൾ നൽകിയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത് എന്നതുകൊണ്ടു തന്നെ ഇന്ന് കാണുന്ന പകർച്ചവ്യാധികൾക്കെല്ലാം തന്നെ ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. കാലാ അസർ  രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പ്ലേറ്റ്ലറ്റ് ഉൾപ്പെടെ രക്താണുക്കളുടെ കുറവു  പരിഹരിക്കാനും പനിയും ആന്തരാവയവങ്ങളുടെ വീക്കവും ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങൾ സുഖപ്പെടുത്താനും ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അംഗീകൃതയോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക. കേരളത്തിൽ പടർന്നുപിടിക്കുന്ന വിവിധതരം പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കൽ ക്യാമ്പുകളും പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (IHK) നടത്തിവരുന്നുണ്ട്. കൂടാതെ ഐ.എച്ച്.കെ.യുടെ ഗവേഷണവിഭാഗമായ ഐ.സി.എച്ച്.ആർ. പകർച്ചവ്യാധികളുടെ വ്യാപനത്തെ തടയാനും കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.

കാലാ അസർ (Visceral Leishmaniasis)

(Published in Madhyamam daily - 2015 June)



കാലാ അസർ (Black fever) എന്ന പേരിൽ ഇന്ത്യയിൽ അറിയപ്പെടുന്ന രോഗത്തിനു ലീഷ്മാനിയ എന്ന രോഗാണുവാണു കാരണം. ഈ രോഗാണു  പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ വിസറൽ ലീഷ്മാനിയാസിസ് എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.  ലീഷ്മാനിയ ഡോണോവാനി ആണു പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും ലീഷ്മാനിയ ട്രോപ്പിക്ക എന്ന സ്പീഷിസും കാരണമാകാറുണ്ട്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത്.  ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണകാരണമാകുന്നതാണീ രോഗം. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നതെങ്കിലും 2011-12 കാലത്ത് കേരളത്തിലും റിപ്പോർട്ട് ചെയ്തു.
ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ ആറു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാന രോഗലക്ഷണം പനിയാണ്. ശരീരത്തിന്റെ തൂക്കക്കുറവ്, ലസികാ ഗ്രന്ഥികളുടെ വീക്കം, ക്ഷീണം, കരളിനും പ്ലീഹക്കുമുണ്ടാകുന്ന വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം കരളിനും പ്ലീഹക്കുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്.
എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.
രോഗം ബാധിച്ചവരിൽ രക്തക്കുറവും പ്ലേറ്റ്ലെറ്റിന്റെ എണ്ണത്തിലുള്ള കുറവും കാണാറുണ്ട്. രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) രക്തത്തിലും അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ രോഗനിർണയരീതി. രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക.
മറ്റു സംസ്ഥാനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന പല പകർച്ച വ്യാധികളും ഇന്ന് കേരളത്തിലേക്കും വ്യാപിക്കുന്നു എന്നത് ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിനു വെല്ലുവിളിയായി മാറുകയാണ്. ലോകത്ത് പാരസൈറ്റ് മൂലമുള്ള രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ കാലാ അസർ രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയാൻ സർക്കാർ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചേ തീരൂ. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ ഗവേഷണ വിഭാഗമായ ഐ.സി.എച്ച്.ആർ. ഈ രോഗത്തിന്റെയും മറ്റു പകർച്ചപ്പനികളുടെയും ചികിത്സക്കും പ്രതിരോധത്തിനുമായി ഹോമിയോപ്പതി വകുപ്പിന്റെയും റീച്ചിന്റെയും (പകർച്ചവ്യാധി പ്രതിരോധ ദ്രുതകർമ സേന) പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുന്നതായിരിക്കും.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം