ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 27, 2010

കോപ്പിയടി നിയമവിധേയമാക്കുമോ?

തിരുവായ്ക്ക് എതിര്‍വായില്ല എന്നത് പഴയ രാജഭരണക്കാലത്തെ ചൊല്ലാണ്. ഇന്ന് "തിരുവാ" എന്ന് പറയാന്‍ പറ്റുന്ന രീതിയില്‍ പേടിസ്വപ്നമായിരിക്കുന്നത് കോടതികളാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് ഇന്ന് ചില ജഡ്ജിമാര്‍ നടത്തുന്ന പല വിധികളും. കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കാണിക്കുന്നതിന്റെ പേടിയില്‍ മിക്കവാറും പേരും വായടച്ചിരിക്കുന്നു എന്നെ ഉള്ളൂ.
എന്തായാലും ജഡ്ജിമാരുടെ തനി സ്വഭാവം നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറേശെ പിടികിട്ടിത്തുടങ്ങുന്നുണ്ട്. ആദ്യം ഒരു ദിനകരന്‍ കാട്ടിക്കൂട്ടിയ അഴിമതി, പിന്നെ പല സംസ്ഥാനങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ പുറത്തു വന്ന അഴിമതി ആരോപണങ്ങള്‍... ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഒരു അടിപൊളി വാര്‍ത്ത- "കോപ്പിയടിച്ചതിനു ജഡ്ജിമാര്‍ പിടിയില്‍". നടന്നത് ആന്ധ്രാപ്രദേശില്‍ ആണെങ്കിലും ഇവിടെയുള്ള ജഡ്ജിമാര്‍ക്കും കുറച്ചു കാലത്തേക്ക് തലയില്‍ മുണ്ടിട്ടു നടക്കാം.
ഇനി ഇതിലും വലിയ തരികിട പരിപാടികള്‍ നടത്തിയാലും ജഡ്ജിമാര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ആരും ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിക്കില്ല. (ജയരാജന്‍ വല്ലതും പറഞ്ഞാല്‍ തന്നെ കുതിരകയറാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നില്‍ക്കുമല്ലോ). പൊതുസ്ഥലത്ത് പ്രകടനം നടത്തുന്നതൊക്കെ നമ്മള്‍ ആദ്യമേ കയറി നിരോധിച്ചല്ലോ. ഇനിയിപ്പോ ആ ജഡ്ജിയും കോപ്പിയടിച്ചതായിരുന്നോ ആവോ? ഏകദേശം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി ഓടുന്ന നിയമങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ കയറി എറിഞ്ഞതാണോ? ആര്‍ക്കറിയാം?

August 24, 2010

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.

August 22, 2010

നമുക്കോണം അടിപൊളിയാക്കാം...

നമുക്ക്...
ചെടിച്ചട്ടിയിലെ ആന്തൂറിയവും ഓര്‍ക്കിഡും കണ്ടു ആനന്ദിച്ചു നില്‍ക്കാം,
വഴിയരികിലെ തുമ്പയും മുറ്റത്തെ കാശിത്തുമ്പയും കണ്ടില്ലെന്നു നടിക്കാം,
തമിഴന്‍റെയും തെലുന്കന്റെയും പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങാം...
നമുക്ക്...
ഓണക്കാലത്തെന്കിലും മക്കളെ കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ വഴിക്കണ്ണില്‍ കണ്ണീരു നിറക്കാം,
ഐശ്വര്യവും സമൃദ്ധിയും കപടമായ വാക്കുകളില്‍ നിറച്ച എസ്.എം.എസ് അയച്ചു ഓണാശംസകള്‍ നേരാം,
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി സ്വാര്‍ഥതയുടെ കൂട്ടിലേക്ക് ചെന്ന് ഓണം കൊണ്ടാടാം.
നമുക്ക്...
കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടതെയും ഓണാഘോഷങ്ങളെയും പറ്റി വാചാലരാകാം,
നാട്ടില്‍ പോയി പണ്ട് ഊഞ്ഞാലിട്ട മാവ് വെട്ടി വില്‍ക്കാം,
ചാനലില്‍ നിന്നും ചാനലിലേക്ക് മാറി ഓണം ആഘോഷിക്കാം...
നമുക്ക്...
തളിരിലയില്‍ കാറ്റരിംഗ് സര്‍വീസുകാര്‍ കൊണ്ടുതന്ന ഓണസ്സദ്യയുണ്ണാന്‍ കൈ കഴുകാം,
പത്രത്താളിലെ എച്ചില്‍ക്കൂന തിരയുന്ന കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ നിന്ന് മുഖം തിരിക്കാം,
ഒടുവില്‍ തലേന്നു ബിവറേജസില്‍ ക്യു നിന്ന് വാങ്ങിയ അമൂല്യ നിധി ആസ്വദിക്കാം...
പിന്നെ...
ഈ ചെയ്തതിനെല്ലാം മുന്നെയും പിന്നെയും ഓണക്കാലത്തിന്റെ നോസ്ടാല്ജിയ നിറച്ച ബ്ലോഗുകള്‍ എഴുതി നിറക്കാം,
ഓണ്‍ ലൈനില്‍ ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വാക്കുകളെടുത്തമ്മാനമാടാം,
അല്ലെങ്കില്‍...
ഇതിനെയെല്ലാം വിമര്‍ശിച്ചു മഹാനായ ബുദ്ധിജീവിയാകാം...
എന്നെപ്പോലെ...
എല്ലാര്‍ക്കും ഓണാശംസകള്‍

August 20, 2010

മിട്ടായി വേണ്ടാതാകുന്ന കുട്ടികള്‍

കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും ഈ ബൂലോകത്തും ഭൂലോകത്തും ഉണ്ടാവില്ല. സ്കൂളിന് മുന്നിലെ ചെറിയ കടകളില്‍ നിരത്തി വെച്ച പല നിറമുള്ള തിളങ്ങുന്ന കടലാസുകളില്‍ പൊതിഞ്ഞ മധുരം കിനിയുന്ന മിട്ടായികള്‍ നിറച്ച ചില്ലുഭരണികളില്‍ കൊതിയോടെ നോക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും അമ്മയുടെ പിന്നാലെ നടന്നു വാശി പിടിച്ചു കിട്ടുന്ന ചില്ലറപ്പൈസ കയ്യില്‍ പിടിച്ചു ആ ചില്ല് ഭരണികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല, ഏതു വാങ്ങണമെന്ന്. ഒടുവില്‍ ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വാങ്ങി വായിലിട്ടു ഒറ്റയോട്ടമായിരിക്കും ക്ലാസിലേക്ക്.


ഇതൊക്കെ എന്നെപ്പോലെ സാധാരണ സ്കൂളില്‍ സാധാരണ വിദ്യാര്‍ഥിയായി പഠിച്ചവരുടെ കാര്യം.  ടൈ കെട്ടി, ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് സ്കൂള്‍ ബസ്സില്‍ ഗമയില്‍ പോയിരുന്ന, ഞങ്ങള്‍ തെല്ല് അസൂയയോടെ നോക്കിയിരുന്ന കുട്ടികള്‍ക്കും പക്ഷെ ഈ ഒരു കാര്യത്തില്‍ ഞങ്ങളോട് സാമ്യമായിരുന്നു... മിട്ടായിയുടെ കാര്യത്തില്‍. അവര്‍ തിന്നിരുന്നത് കുറച്ചു വില കൂടിയ ചോക്ക്ലേറ്റ് ആയിരുന്നെങ്കിലും അടിസ്ഥാന പരമായി എല്ലാവരും മധുരക്കൊതിയന്മാര്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തിന്റെ പ്രിയരുചി എക്കാലത്തും മധുരം തന്നെയാണല്ലോ. വലിയവരായെന്നു അഹങ്കരിക്കുന്ന നമ്മള്‍ ഇന്നും മധുരം കണ്ടാല്‍ പഴയ കുട്ടികളാകുന്നത് ആ രുചിയുടെ മാസ്മരികത കൊണ്ട് തന്നെയാണ്. ഏതു പ്രമേഹരോഗിയായാലും ഒരു ലടുവോ ഒരു ഗ്ലാസ്‌ പായസമോ കണ്ടാല്‍ അറിയാതെ കൈ നീളുന്നതും ഭാര്യയുടെയും മക്കളുടെയും കണ്ണ് വെട്ടിച്ച് അകത്താക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.


പക്ഷെ കുറച്ചു കാലമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കുന്നു... ഇപ്പോള്‍ കുട്ടികള്‍ക്ക് മിക്കവര്‍ക്കും മധുരത്തോട് പഴയ പോലെ അത്ര താല്പര്യം കാണുന്നില്ല. ക്ലിനിക്കില്‍ വരുന്ന കൊച്ചുകുട്ടികളുടെ കയ്യില്‍ ഒരു ലോലിപോപ്പ് കണ്ട കാലം മറന്നു. ഒറ്റയാളുടെ വായില്‍ പോലും ഒരു മിട്ടായി കാണുന്നില്ല. മിട്ടായി തിന്നു തിന്നു പുഴുപ്പല്ലന്മാരായിപ്പോയവര്‍ തീരെ അപൂര്‍വം. കുട്ടികള്‍ക്കൊക്കെ എന്ത് പറ്റി എന്ന് ആലോചിച്ചു എത്തും പിടിയും കിട്ടാതെ, കുറ്റാന്വേഷണത്വരയോടെ  ഇരുന്നപ്പോഴാണ് ആ കാര്യം മനസ്സിലായത്‌. കുട്ടികളുടെ രുചിലോകത്തെക്ക് ഒരു വില്ലന്‍ കടന്നു വന്നിട്ടുണ്ട്... "lays".


അതെ, ഇന്ന് ഒരു വയസ്സിനു മേലോട്ടുള്ള കുട്ടികളുടെ പ്രിയ ഭക്ഷണം ലെയ്സും അത് പോലുള്ള ചിപ്സും കുര്‍ക്കുരെയും ബിംഗോയും പോലുള്ള എരിവുള്ള കറുമുറു സാധനങ്ങളുമാണ്. ക്ലിനിക്കില്‍ പരിശോധനാമുറിക്ക് പുറത്തിരുന്നു കരയുന്ന കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ അമ്മമാര്‍ മിട്ടായി വാങ്ങിത്തരാമെന്ന് പറയുന്നതല്ല ഞാന്‍ കേള്‍ക്കുന്നത്, ലെയ്സ് വാങ്ങിത്തരാമെന്നു പറയുന്നതാണ്. മുറിക്കകത്ത് വരുന്ന അമ്മമാരുടെ തോളിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കയ്യിലെല്ലാം ലെയ്സിന്‍റെയോ സമാനമായ ഉല്പന്നങ്ങളുടെയോ പാക്കറ്റുണ്ട്.


എന്താണ് രുചിയിലെ ഈ മാറ്റത്തിന് കാരണം? സൈഫ്‌ അലിഖാനും മറ്റും ഉള്‍പ്പെടുന്ന പരസ്യങ്ങളും അതിന്റെ നിര്‍മ്മാതാക്കളായ കുത്തകഭീമന്‍റെ വിപണന തന്ത്രങ്ങളും മാത്രമാണോ ഇതിനു കാരണം? പരസ്യം കണ്ടു ഒരിക്കല്‍ വാങ്ങി നല്‍കിയേക്കാം. പക്ഷെ വീണ്ടും വീണ്ടും കഴിക്കാന്‍ താത്പര്യം തോന്നുന്നത് അഡിക്ഷന്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ അതില്‍ ഉള്ളത് കൊണ്ടാണെന്ന് നിസ്സംശയം പറയാം. അല്ലാതെ ഇതുപോലെ എരിവും പുളിയുമൊക്കെ ഉള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഒരിക്കലും വാങ്ങിത്തിന്നില്ല. ഇന്ന് ഒരുപാട് കുട്ടികളുടെ നാവില്‍ വട്ടത്തില്‍ അടര്‍ന്നു പോയ പോലുള്ള പാടുകളും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ എരിവുണ്ടാകുകയും ചെയ്യുന്നുണ്ട്. വിറ്റാമിന്‍ കുറവെന്നും മറ്റും പറഞ്ഞു ഭൂരിപക്ഷം ഡോക്ടര്‍മാരും തള്ളിക്കളയാറുണ്ടെങ്കിലും ഇതിന്‍റെ ഒരു പ്രധാന കാരണം ഇത്തരം "കറുമുറുകള്‍" തന്നെയാണ്. ശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഇത്തരം "ജങ്ക് ഫുഡ്സ്" അതേ സമയം ദോഷങ്ങള്‍ ഏറെ ഉണ്ടാക്കുന്നുമുണ്ട്. "കൊളസ്ട്രോള്‍ ഫ്രീ" എന്ന് പുറത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ നേരെ എതിരാണ്‌ യാഥാര്‍ത്ഥ്യം.


ഈ പുതിയ ഭക്ഷണ രീതി തടയാന്‍ മുന്കയ്യെടുക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്ക് ലെയ്സും കുര്‍ക്കുരെയും ബിംഗോയും വാങ്ങിക്കൊടുക്കുന്നത് നിര്‍ത്തി വല്ലപ്പോഴുമെങ്കിലും ഒരു മിട്ടായി വാങ്ങിക്കൊടുക്കൂ...അവരുടെ രുചിമുകുളങ്ങള്‍ സ്വതസിദ്ധമായ അവസ്ഥയിലെത്തട്ടെ. അങ്ങനെ ഭാവി തലമുറ നിത്യരോഗികളാകാതിരിക്കട്ടെ.August 17, 2010

ചില ബി.എസ്.എന്‍ ‍.എല്‍ ദുരനുഭവങ്ങള്‍

ഏതെല്ലാം പ്രൈവറ്റ് കമ്പനികള്‍ വന്നാലും ബി.എസ്.എന്‍.എല്ലിനോടുള്ള ഒരു പ്രത്യേക താല്പര്യം മിക്കവര്‍ക്കുമുണ്ടാകും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത് കൊണ്ട് ഒരു സ്വന്തമെന്ന തോന്നലുള്ളത് കൊണ്ടോ അല്ലെങ്കില്‍ ചെലവ് കുറവുള്ളത് കൊണ്ടോ ഒക്കെയായിരിക്കും ഇത്. പക്ഷെ ഈ താല്‍പ്പര്യം മുഴുവന്‍ ഇല്ലാതാക്കുന്ന ചില ഉദ്യോഗസ്ഥ കേസരികളും അത് പോലെ ഉപഭോക്താക്കളുടെ വയറ്റത്ത് അടിക്കാന്‍ മാത്രം ഉതകുന്ന തലതിരിഞ്ഞ തീരുമാനങ്ങളും ബി.എസ്.എന്‍.എല്ലിന്റെ ഭാഗമാണ്.


ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ നേടാനായി ഈയുള്ളവന്‍ കുറേക്കാലമായി നടത്തിയ പരിശ്രമങ്ങള്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.


കേവലം നാല് വര്ഷം മുന്‍പാണ് ഇന്റര്‍നെറ്റ്‌ എന്ന അനന്തവിഹായസ്സിലേക്ക് ഞാന്‍ കാലെടുത്തു വെച്ചത്. അതുവരെ കമ്പ്യുട്ടറിനോടും നെറ്റിനോടുമൊക്കെ എന്തോ ഒരു അകല്ച്ചയായിരുന്നു. കൊളെജിലായിരുന്നപ്പോള്‍ കൂട്ടുകാര്‍ പലരും നെറ്റ് കഫേയില്‍ പോകുമ്പോള്‍ എന്നെക്കൂടി വിളിച്ചാലും ഞാന്‍ തൊട്ടടുത്തുള്ള ശരിക്കുള്ള കഫേയില്‍ (കാന്റീന്‍) പോയി  ചായ കുടിക്കാറാണ് പതിവ്. പിന്നെ പഠനമെല്ലാം കഴിഞ്ഞു പ്രാക്ടീസ് തുടങ്ങിയപ്പോളാണ് കോളേജില്‍ നിന്നും ലഭിച്ച അറിവുകള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഒരു നെറ്റ് കണക്ഷന്‍ അത്യാവശ്യമായി തോന്നിയത്. അങ്ങനെ ഒരു ലാപ്ടോപ്പ് വാങ്ങി. ബി.എസ്.എന്‍.എല്ലിന്റെ ഡയല്‍-അപ് കണക്ഷനുമെടുത്തു. കാര്യങ്ങളൊന്നും വലിയ പിടിയില്ലാത്തത് കൊണ്ടും തുടക്കത്തിലെ ആക്രാന്തം കൊണ്ടും ഒരു പാട് സമയം നെറ്റില്‍ തന്നെ മേയാന്‍ വേണ്ടിവന്നിരുന്നു...പിന്നെ സ്പീഡ്‌ ഒച്ചിന്‍റെതിലും ഒട്ടും മെച്ചവുമല്ലല്ലോ. ഫ്രീ ആയ സമയമൊന്നും നോക്കാതെ കേറി നിരങ്ങിയത് കൊണ്ട് ഫോണ്‍ ബില്‍ വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അടുത്ത മാസം തന്നെ പ്രി പെയ്ടിലേക്ക് മാറി...സഞ്ചാര്‍ നെറ്റ്. പക്ഷെ ഉറക്കമൊഴിച്ചു "ഫ്രീ" ഉപയോഗപ്പെടുത്തിയപ്പോള്‍ കെട്ട്യോള് മുറുമുറുപ്പ് തുടങ്ങി. പിന്നെ ഏതു പ്രി പെയ്ഡ്‌ ആയിട്ടും ഉപയോഗത്തിന് കുറവില്ലാത്തത് കൊണ്ട് ഫോണ്‍ ബില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകതന്നെ ആയിരുന്നു.


ഒച്ച്‌ പോലുള്ള കണക്ഷനും കുതിച്ചുയരുന്ന ബില്ലും കാരണം പൊറുതിമുട്ടിയപ്പോള്‍ രണ്ടും കല്പ്പിച്ചു ബ്രോഡ്‌ ബാന്റ് കണക്ഷന് അപേക്ഷ നല്‍കി. ഒരു മാസത്തെക്ക് ഒരു വിവരവുമുണ്ടാകാഞ്ഞപ്പോള്‍ ഒന്ന് പോയി നോക്കി. കുറച്ചു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. വീണ്ടും രണ്ടു തവണ പോയി. നോ രക്ഷ. ഒടുവില്‍ ഒരു ബസ്‌ പണിമുടക്ക്‌ ദിവസം ഫോണ്‍ വിളിച്ചു നോക്കിയപ്പോള്‍ ഒരു സാറ് പറഞ്ഞു..."അവിടെ ദൂരം കൂടുതലാണ്, എങ്കിലും ഒരു വണ്ടി കൊണ്ട് വന്നാല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം". ഉടനെ പോയി ആ സാറിനെ കൂട്ടി വന്നു. ഒരു മണിക്കൂര്‍ നേരം ഏതൊക്കെയോ വയറുകള്‍ കുത്തിയും വീണ്ടും ഊരിയും നോക്കി ആ സാര്‍ പറഞ്ഞു..."ഇവിടെ ദൂരം കൂടുതലാ, കിട്ടില്ല". വീണ്ടും പഴയ പടി.


അപ്പോളാണ് ഒരു പുതിയ വിവരമറിഞ്ഞത്‌... ബി.എസ്.എന്‍.എല്‍. ഒരു പുതിയ സംഭവമിറക്കുന്നു...EVDO. എവിടെ വേണേലും കൊണ്ട് നടന്നു നെറ്റ് ഉപയോഗിക്കാം. മാസം ഫിക്സ്ഡ് ചാര്‍ജ്‌ മാത്രമേ ഉണ്ടാകുകയുമുള്ളൂ. പിന്നെ ഒന്നുമാലോചിച്ചില്ല. കൊടുത്തു ഒരു അപ്ലിക്കേഷന്‍. അപ്പോളാണ് അറിഞ്ഞത്, EVDO എന്ന സാധനം എന്റെ വീട്ടില്‍ കിട്ടില്ലത്രേ. വീട്ടില്‍ കിട്ടുന്നത് കുറച്ചു കൂടി സ്പീഡ്‌ കുറഞ്ഞ NIC ആണത്രേ. അതാണെങ്കില്‍ കിട്ടാനുമില്ല. അതുകൊണ്ട് EVDO 1X ആക്കി നല്‍കുകയാണത്രേ. എന്തായാലും അങ്ങനെ നാലായിരത്തില്‍ കൂടുതല്‍ രൂപ കൊടുത്തു സാധനം സ്വന്തമാക്കി. അഞ്ചാറു മാസം സന്തോഷസുരഭിലമായിരുന്നു. വലിയ കുഴപ്പമില്ലാത്ത സ്പീഡ്‌, മാസം 276 രൂപ മാത്രം. പിന്നെ തുടങ്ങി പ്രശ്നങ്ങള്‍. സ്പീഡ്‌ കുറഞ്ഞുഇടയ്ക്കിടയ്ക്ക് ഡിസ്കണക്ഷന്‍, ആകെ പ്രശ്നം. പോയി പറഞ്ഞപ്പോള്‍ അവര്‍ കൈ മലര്‍ത്തി. അതിനിടക്ക് ഉടന്‍ കയ്യിലുള്ള ഡിവൈസ് തിരിച്ചു കൊടുത്തു പ്ലാന്‍ മാറി ശരിക്കുള്ള NIC വാങ്ങണമെന്ന് ഒരു ഭീഷണിക്കത്തും വന്നു. പോയപ്പോള്‍ സാധനം സ്റ്റോക്കില്ലെന്നു. അങ്ങനെ കുറേക്കാലം കടന്നു പോയി. പിന്നെപ്പിന്നെ നെറ്റ് തീരെ കിട്ടാതായി. പോയി പരാതി പറഞ്ഞപ്പോള്‍ കേട്ട വിദഗ്ധോപദേശം കേട്ട് ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു കണ്ണില്‍ വെള്ളം വന്നു. വിന്‍ഡോസിന്റെ പൈറേറ്റട് വേര്‍ഷന്‍ ഉപയോഗിക്കുന്നത് കൊണ്ട് മൈക്രോസോഫ്റ്റ് പണി തരുന്നതാണെന്ന്. കേരളത്തിലുള്ള കമ്പ്യുട്ടര്‍ ഷോപ്പുകാരെല്ലാം ഒറിജിനല്‍ വേര്‍ഷന്‍ വെച്ചുകൊടുത്താല്‍ പിന്നെ ബില്‍ ഗെറ്സിനു പുതിയൊരു മൈക്രോസോഫ്റ്റ് കൂടി തുടങ്ങാമല്ലോ. പിന്നെ പണി തരുന്നതാണെന്കില്‍ അത് ബ്രോഡ്‌ ബാന്റിനെയും സ്വകാര്യ കമ്പനികളെയും ഒക്കെ ബാധിക്കെണ്ടേ. ചിലപ്പോള്‍ പൊട്ടത്തരം കേട്ടാലും മിണ്ടാതിരിക്കേണ്ടി വരുമല്ലോ. ഞാനും അത് തന്നെ ചെയ്തു. ഭാവിയില്‍ വല്ല അത്ഭുതം സംഭവിക്കുമെന്ന് കരുതി കണക്ഷന്‍ ഒഴിവാക്കിയില്ല.


ഇതിനിടയിലാണ് എന്റെ തൊട്ടു മുന്നിലുള്ള വീട്ടില്‍ ബ്രോഡ്‌ ബാന്റ് കണക്ഷന്‍ കിട്ടിയത്. ഞാന്‍ ഉടനെ ഒരു അപേക്ഷ കൂടി നല്‍കി. വീണ്ടും പഴയ പോലെ ഒരു മാസത്തേക്ക് വിവരമൊന്നുമില്ല.  ഒന്ന് പോയി നോക്കാമെന്നു കരുതി പോയപ്പോള്‍ “കേബിള്‍ മുഴുവന്‍  തകരാറാണ്, മഴ തുടങ്ങിയ സ്ഥിതിക്ക് സമയം പിടിക്കും” എന്ന് മറുപടി. “കഴിഞ്ഞ ഒരു മാസം വെയിലായിരുന്നോ കാരണം” എന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെയും പലതവണ പോയപ്പോഴാണ് ശരിക്കും ഇതിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനെ കാണാന്‍ പറ്റിയത്. ആളുടെ പെരുമാറ്റം കണ്ടപ്പോള്‍ ബി.എസ്.എന്‍.എല്ലിലും നല്ലവരുണ്ടെന്നു മനസ്സിലായി. അദ്ദേഹം ഉടനെ തന്നെ ലൈന്‍മാനെ വിളിച്ച്കേബിള്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചു. ഉടനെ ശരിയാക്കുമെന്ന് ഉറപ്പും നല്‍കി. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാഞ്ഞു വീണ്ടും  പോയപ്പോള്‍ പഴയ ആളില്ല. തൊട്ടപ്പുറത്തെ റൂമില്‍ ഒരു പുതിയ ഓഫീസര്‍. കാര്യം പറഞ്ഞപ്പോള്‍ കക്ഷിയുടെ ഒന്നാന്തരം ഗോള്‍... "അവിടെ ഞാന്‍ പണ്ട് വന്നു നോക്കി കിട്ടില്ലെന്ന് പറഞ്ഞതല്ലേ?". സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്‌... പഴയ സാര്‍. മീശയും മുടിയുമൊക്കെ കറുപ്പിച്ചു ആളൊന്നു കുട്ടപ്പനായിട്ടുണ്ട്. തൊട്ടു മുന്നിലെ വീട്ടില്‍ കിട്ടിയ കാര്യം പറഞ്ഞിട്ടും "സാര്‍" ഇളകുന്നില്ല. “അതൊക്കെ ഓരോ കേബിളും ഓരോ പോലെയാകും.കിട്ടണമെന്നില്ല”. “ദൂരത്തിന്റെ കാര്യമല്ലേ അന്നു പറഞ്ഞത്, അതിപ്പോള്‍ പ്രശ്നമില്ലല്ലോ, കേബിള്‍ കേടാണെങ്കില്‍ അത് നന്നാക്കാനല്ലേ ബി.എസ്.എന്‍.എല്ലിനു ജീവനക്കാരുള്ളത്” എന്ന് എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒന്ന് തറപ്പിച്ചു നോക്കി സാര്‍ ചോദിച്ചു..."നിങ്ങളെന്തിനാ ബി.എസ്.എന്‍.എല്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌? നാട്ടില്‍ എത്രയോ പ്രൈവറ്റ്‌ കമ്പനികള്‍ ഇന്റര്‍നെറ്റ്‌ കൊടുക്കുന്നുണ്ടല്ലോ, ആ കണക്ഷന്‍ എടുത്തു കൂടെ?" ... "എടാ പുല്ലേ, എന്നാല്‍ പിന്നെ നിനക്കൊക്കെ ബി.എസ്.എന്‍.എല്ലിന്റെ ശമ്പളം വാങ്ങുന്നത് നിര്‍ത്തി ആ പ്രൈവറ്റ്‌ കമ്പനിയില്‍ ചേര്‍ന്നൂടായിരുന്നോടാ തെണ്ടീ" എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. പിന്നെ കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന് കരുതി, "സാര്‍ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കി തരണം" എന്ന് പറഞ്ഞു ഞാന്‍ അവിടുന്നിറങ്ങി പോന്നു. പോരുന്നതിനു മുന്‍പ് സാര്‍ ഒന്ന് കൂടി പറഞ്ഞു..."ഇപ്പോള്‍ എങ്ങനെയെങ്കിലും കണക്ഷന്‍ തന്നാലും രണ്ടാഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും വന്നു സ്പീഡ്‌ ഇല്ലെന്നും പറഞ്ഞു പരാതി പറയും. അവിടെ എന്തായാലും കിട്ടാന്‍ പോകുന്നില്ല.


വീണ്ടും ഒന്ന് കൂടി പോകുന്നതിനു മുന്‍പ് ഞാന്‍ "സാറിനെ" പറ്റി ഒന്നന്വേഷിച്ചു. കക്ഷിക്ക് തിരൂരില്‍ തന്നെ ടെലിഫോണ്‍ റിപ്പയര്‍ കടയുണ്ട്. അതും ഇതും തമ്മില്‍ ആകപ്പാടെ കുറെ ചുറ്റിക്കളികള്മുണ്ട്. ഒരു പണി കൊടുക്കാമെന്നു കരുതി പോയപ്പോള്‍ ആളില്ല. നേരത്തെ ഉണ്ടായിരുന്ന മാന്യദേഹം ഒരാഴ്ചക്കുള്ളില്‍ കണക്ഷന്‍ തരുമെന്നു വീണ്ടും ഉറപ്പു നല്‍കി. ഒരാഴ്ചക്കുള്ളില്‍ കിട്ടിയില്ലെങ്കില്‍ ഇനി മുകളില്‍ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഞാന്‍ പോന്നു. നമ്മുടെ സാര്‍ പറഞ്ഞ ഡയലോഗ് അദ്ദേഹത്തെ ഒന്നറിയിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ അദ്ദേഹം നാണിച്ചുപോയി. എന്തായാലും ഒരാഴ്ചക്കുള്ളില്‍ ബ്രോഡ്‌ബാന്‍റ് കണക്ഷന്‍ കിട്ടിയപ്പോഴാണ് വാങ്ങുന്ന ശമ്പളത്തിന് പകരം കുറച്ചു ജോലിയെങ്കിലും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ബി.എസ്.എന്‍.എല്ലിലുണ്ടെന്നു മനസ്സിലായത്‌. ഇപ്പോള്‍ രണ്ടാഴ്ച്ചയല്ല, രണ്ടു മാസമായി ഒരു തടസ്സവുമില്ലാതെ നല്ല സ്പീഡില്‍ നെറ്റ് കിട്ടുന്നു. ഒഴിവു കിട്ടിയിട്ട് വേണം നമ്മുടെ സാറിനെ ഒന്ന് പോയി കണ്ടു രണ്ടു നല്ല വാക്കുകള്‍ പറയാന്‍...


ആന്‍റി ക്ലൈമാക്സ്:


ബ്രോഡ്‌ ബാന്റ് കിട്ടിയ സന്തോഷത്തില്‍ EVDO കണക്ഷന്‍ കാന്‍സല്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഡിവൈസ് പട്ടിയെ എറിയാന്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നിരിക്കെ മാസാമാസം പണം കയെണ്ടല്ലോ. രണ്ടു മാസമായി ബില്ല് വരാറുമില്ല. അപേക്ഷ കൊടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോളുണ്ട്, ഇതാ വരുന്നു ഒരു പടുകൂറ്റന്‍ ബില്ല്. പ്ലാന്‍ മാറ്റിയത്രേ. രണ്ടു മാസത്തെ ബില്ലാണ് വന്നത്, പുതിയ പ്ലാനില്‍ എന്ന് കൂടെ ഒരു തുണ്ട് കടലാസില്‍ കുറിപ്പടിയുമുണ്ട്. ആരോട് ചോദിച്ചിട്ടാ പ്ലാന്‍ മാറ്റിയത് എന്ന് ചോദിക്കരുത്. നോക്കിയപ്പോള്‍ തൊട്ടു മുന്‍പത്തെ മാസം അടച്ച ബില്ലും അടക്കാനുള്ളതിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട് കശ്മലന്മാര്‍. പിറ്റേന്ന് ഒരു ചേച്ചിയുണ്ട് വിളിക്കുന്നു...കാന്‍സല്‍ ചെയ്യേണമെങ്കില്‍ ബില്ലടക്കണമെന്ന്. മുന്പടച്ച ബില്ലും കൊണ്ട് പോയപ്പോള്‍ അത് കുറച്ചു തന്നു. അത്രയും സമാധാനം. കാന്‍സല്‍ ചെയ്യുമെന്ന് കരുതി കാത്തിരിക്കുന്നു. ഇനിയിപ്പോ അടുത്ത മാസവും ബില്ല് വന്നാലും ബി.എസ്.എന്‍.എല്‍ ബോംബിട്ടു തകര്‍ക്കാനൊന്നും എനിക്ക് പറ്റില്ല...കാരണം ഭാര്യാമാതാവും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ്. കുടുംബകലഹം ഒഴിവാക്കമല്ലോ.... എന്റെ ബ്രോഡ്‌ ബാന്‍റ് ഭഗവതീ....

August 15, 2010

സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകള്‍

ദരിദ്ര നാരായണന്മാരായ പൊതുജനമെന്ന കഴുതകളെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വശംവദരാക്കിയും കൊന്നും കൊലവിളിച്ചും വിജയിച്ചു വരുന്ന, രാജ്യത്തെയും(?) സ്വന്തം കീശയെയും സേവിക്കാന്‍ തയ്യാറുള്ള ജനാധിപത്യത്തിന്‍റെ കാവല്ഭടന്മാര്‍ ആസ്വദിക്കട്ടെ ഈ സ്വാതന്ത്ര്യം...
ഗര്‍ഭസ്ഥ ശിശുവിനെ ത്രിശൂലത്തില്‍ കോര്‍ത്ത്‌ ഓംകാരം മുഴക്കുന്ന, ശത്രുരാജ്യത്തിന്‍റെ എച്ചില്‍ തിന്നു മാതൃരാജ്യത്തിനു നേരെ വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുന്ന, പണക്കിഴിയുടെ കിലുക്കത്തില്‍ കണ്ണ് മഞ്ഞളിച്ചു സ്വന്തം വിദ്യാഭ്യാസക്കച്ചവടം സംരക്ഷിക്കാന്‍ ഇടയലേഖനമിറക്കുന്ന മതേതരത്വം മതഭ്രാന്തിന് മുന്നില്‍ പണയം വെച്ചവര്‍ നുണയട്ടെ ഈ സ്വാതന്ത്ര്യം...
പാവപ്പെട്ടവന്‍റെ തുണ്ട് ഭൂമി തട്ടിയെടുത്ത് കസേരയുടെ സുരക്ഷിതത്വത്തിനായി മറുകണ്ടം ചാടുന്ന, കായികമാമാങ്കങ്ങളുടെ നടത്തിപ്പില്‍ ഊര്‍ന്നിറങ്ങുന്ന നാണയത്തുട്ടുകള്‍ പങ്കു വെക്കുന്ന, കൈവെട്ടിയവന്‍റെയും പള്ളിപൊളിച്ചവന്‍റെയും മുന്നില്‍ വോട്ടിനായി ഒരേ സമയം കൈ നീട്ടുന്ന അഭിനവ സോഷ്യലിസ്റ്റുകള്‍ മതിമറക്കട്ടെ ഈ സ്വാതന്ത്ര്യത്തില്‍...
അമേരിക്കയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന, ഇന്ധനത്തിന്‍റെയും അരിയുടെയും വില വര്‍ധിപ്പിക്കാനുള്ള തലതിരിഞ്ഞ തീരുമാനങ്ങളാല്‍ ഊറ്റം കൊള്ളുന്ന, എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവന് മേല്‍ തീമഴയായി പെയ്യുന്ന അധികാരവര്‍ഗത്തിന്റെ കീഴില്‍ സ്വാതന്ത്ര്യം വീണ്ടും അറിയട്ടെ ഈ റിപ്പബ്ലിക്‌...
എങ്കിലും...
നമുക്കിന്നു മനസ്സില്‍ താലോലിക്കാം...
ത്രിവര്‍ണ്ണപതാക കയ്യിലേന്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് നിരന്നു നീങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മേല്‍ അര്‍പ്പിതമായ പ്രതീക്ഷകള്‍...
അവരീ സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കട്ടെ...
ജയ് ഹിന്ദ്‌.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം