ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 22, 2010

നമുക്കോണം അടിപൊളിയാക്കാം...

നമുക്ക്...
ചെടിച്ചട്ടിയിലെ ആന്തൂറിയവും ഓര്‍ക്കിഡും കണ്ടു ആനന്ദിച്ചു നില്‍ക്കാം,
വഴിയരികിലെ തുമ്പയും മുറ്റത്തെ കാശിത്തുമ്പയും കണ്ടില്ലെന്നു നടിക്കാം,
തമിഴന്‍റെയും തെലുന്കന്റെയും പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങാം...
നമുക്ക്...
ഓണക്കാലത്തെന്കിലും മക്കളെ കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ വഴിക്കണ്ണില്‍ കണ്ണീരു നിറക്കാം,
ഐശ്വര്യവും സമൃദ്ധിയും കപടമായ വാക്കുകളില്‍ നിറച്ച എസ്.എം.എസ് അയച്ചു ഓണാശംസകള്‍ നേരാം,
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി സ്വാര്‍ഥതയുടെ കൂട്ടിലേക്ക് ചെന്ന് ഓണം കൊണ്ടാടാം.
നമുക്ക്...
കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടതെയും ഓണാഘോഷങ്ങളെയും പറ്റി വാചാലരാകാം,
നാട്ടില്‍ പോയി പണ്ട് ഊഞ്ഞാലിട്ട മാവ് വെട്ടി വില്‍ക്കാം,
ചാനലില്‍ നിന്നും ചാനലിലേക്ക് മാറി ഓണം ആഘോഷിക്കാം...
നമുക്ക്...
തളിരിലയില്‍ കാറ്റരിംഗ് സര്‍വീസുകാര്‍ കൊണ്ടുതന്ന ഓണസ്സദ്യയുണ്ണാന്‍ കൈ കഴുകാം,
പത്രത്താളിലെ എച്ചില്‍ക്കൂന തിരയുന്ന കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ നിന്ന് മുഖം തിരിക്കാം,
ഒടുവില്‍ തലേന്നു ബിവറേജസില്‍ ക്യു നിന്ന് വാങ്ങിയ അമൂല്യ നിധി ആസ്വദിക്കാം...
പിന്നെ...
ഈ ചെയ്തതിനെല്ലാം മുന്നെയും പിന്നെയും ഓണക്കാലത്തിന്റെ നോസ്ടാല്ജിയ നിറച്ച ബ്ലോഗുകള്‍ എഴുതി നിറക്കാം,
ഓണ്‍ ലൈനില്‍ ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വാക്കുകളെടുത്തമ്മാനമാടാം,
അല്ലെങ്കില്‍...
ഇതിനെയെല്ലാം വിമര്‍ശിച്ചു മഹാനായ ബുദ്ധിജീവിയാകാം...
എന്നെപ്പോലെ...
എല്ലാര്‍ക്കും ഓണാശംസകള്‍

2 comments:

Jishad Cronic said...

ഹ്യദയം നിറഞ്ഞ ഓണാശംസകള്‍...

jayanEvoor said...

ഓണസദ്യ കഴിഞ്ഞ് എന്റെയും അനിയന്മാരുടേയും മക്കളെ മതിയാവും വരെ ഊഞ്ഞാലാ‍ട്ടിത്തളർന്നപ്പോഴാണ് ഓൺലൈനിൽ കയറിയത്...

നമ്മളെക്കൊണ്ട് കഴിയുന്ന ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിക്കുക!

ആശംസകൾ!

ഓണാശംസകൾ!

http://www.jayandamodaran.blogspot.com/

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം