ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 31, 2015

ആദ്യവിദ്യാലയ തിരുമുറ്റത്ത്

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. ഒരുപാടോർമ്മകൾ ഓടിയെത്തി മനസ് വികാരനിർഭരമായ ഒരു സായാഹ്നം. എന്റെ പഴയ സ്കൂളിന്റെ വാർഷികം.
ഞാൻ നാലു വരെ പഠിച്ച, അമ്മയും അച്ഛനും പഠിപ്പിച്ച (പെറ്റമ്മയുടെ ചേച്ചിയും ഭർത്താവും ആണെങ്കിലും എനിക്കാറുമാസമുള്ളപ്പോൾ പെറ്റമ്മ ഭൂമിയിൽ നിന്നകന്നശേഷം വളർത്തി വലുതാക്കിയ അവരെ അച്ഛനും അമ്മയുമെന്നാണു ഞാൻ വിളിച്ചിരുന്നതും കരുതിയിരുന്നതും) സ്കൂളിന്റെ 105ആം വാർഷികാഘോഷവും അമ്മ 1990ൽ റിട്ടയർ ചെയ്ത ശേഷം പ്രധാനാദ്ധ്യാപികാ പദമേറ്റെടുത്ത് സുദീർഘമായ 25 വർഷത്തോളം ആ സ്ഥാനത്തിരുന്നു 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിയ അദ്ധ്യാപിക റസിയട്ടീച്ചറുടെ യാത്രയയപ്പും ചേർന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഒന്നു പോയി തലകാണിച്ച് വൈകാതെ ക്ലിനിക്കിൽ എത്തണമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ "പരിപാടിയിൽ പങ്കെടുത്തിട്ടേ പോകാവൂ" എന്ന് സ്നേഹപൂർവം ടീച്ചർ നിർബന്ധിക്കുന്നതിനു മുൻപു തന്നെ, ആ ഗൃഹാതുരമായ ഓർമ്മകൾ പാറിനടക്കുന്ന അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നപ്പോൾ തന്നെ മനസ്സു തീരുമാനിച്ചിരുന്നു ആ മഹത്തായ മുഹൂർത്തത്തിന്റെ ഭാഗമാവാൻ.
ടീച്ചറുടെ മകൻ എന്നത് സ്കൂളിലെ പഠനകാലത്ത് ഏറെ ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളുമുള്ള ഒരവസ്ഥയാണെന്ന് അനുഭവിച്ചവർക്കറിയാം. എപ്പോഴും കുറേ ജോഡി കണ്ണുകൾ നമുക്കൊപ്പം ഉണ്ടാകും. അതുകൊണ്ടു തന്നെ ആ സ്റ്റാഫ് റൂമിൽ ഇരുന്നപ്പോൾ ഒരു സാധാരണ വിദ്യാർത്ഥിക്കുണ്ടാവുന്നതിൽ കൂടുതൽ ഓർക്കാനുണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്തെ അദ്ധ്യാപകരിൽ അവസാന കണ്ണിയാണ് റസിയട്ടീച്ചർ. എന്റെ അമ്മയെയും അമ്മക്കു മുൻപ് പ്രധാനാദ്ധ്യാപികയായിരുന്ന ആമിനുട്ടീച്ചറെയും അമ്മയെപ്പോലെ കരുതിയിരുന്ന ടീച്ചർ. ടീച്ചർ കൂടി പോകുന്നതോടെ ആ സ്കൂളുമായുള്ള ബന്ധം ഒരു പരിധിവരെ ഇല്ലാതായേക്കാം. സ്കൂളിൽ സുമതിട്ടീച്ചറായിരുന്നു എല്ലാ ക്ലാസിലും ക്ലാസ് ടീച്ചർ. പിന്നെ അറബി പഠിപ്പിച്ചിരുന്ന സുഹറ ടീച്ചർ. ആഴ്ചയിൽ മൂന്നു ദിവസമോ മറ്റോ തുന്നൽ പഠിപ്പിക്കാൻ വരുന്ന കുഞ്ഞമ്മട്ടീച്ചർ. അതായിരുന്നു അന്ന് അവിടുത്തെ ഉദ്യോഗസ്ഥവൃന്ദം.
1984 മുതലുള്ള നാലു വർഷങ്ങൾ. വാഹനസൗകര്യം കുറവുള്ള അക്കാലത്ത് രാവിലെ വീട്ടിൽ നിന്നും തിരൂരിലേക്കുള്ള ബസ്സിലെ തിരക്കുള്ള യാത്ര. അവിടെ നിന്നും "കറുമണ്ണിൽ" എന്ന ഒരു ബസ് മാത്രമായിരുന്നു സ്കൂളിന്റെ റൂട്ടിൽ സർവീസ് നടത്തിയിരുന്നതെന്നു ഞാനോർക്കുന്നു. അതു കിട്ടിയില്ലെങ്കിൽ പാരലൽ സർവീസ് നടത്തുന്ന ജീപ്പിൽ - പലപ്പോഴും ഡോറിൽ എന്നെ മടിയിൽ വെച്ചിരുന്ന് - അമ്മ നടത്തിയിരുന്ന യാത്ര. അന്നത്തെ സ്ഥിരം സഹയാത്രികയായിരുന്നു പിന്നീടു മലപ്പുറം ജില്ലാ പ്രസിഡന്റായ അഡ്വ.കെ.പി.മറിയുമ്മ. വേറെയും കുറേ അദ്ധ്യാപികമാരുമുണ്ടായിരുന്നു. അമ്മക്കു സീറ്റ് കിട്ടിയില്ലെങ്കിൽ അവരുടെ എല്ലാം മടിയിൽ മാറി മാറി എന്നെയിരുത്തും. പിന്നീട് വലിയപറമ്പിലെ സ്റ്റോപ്പിൽ ഇറങ്ങി ചെളി നിറഞ്ഞ പഞ്ചായത്ത് റോഡിലൂടെ കുറച്ചു നടക്കണം. അല്ലെങ്കിൽ മുകളിലെ സ്റ്റോപ്പിൽ ഇറങ്ങി ഇടുങ്ങിയ ഇടവഴിയിലൂടെ പാമ്പോ മറ്റോ ഉണ്ടോ എന്നു ശ്രദ്ധിച്ചു നടക്കണം. അതൊരു കാലം.


"അമ്മട്ടീച്ചർ" - അങ്ങനെയായിരുന്നു എന്റെ അമ്മയെ ആ സ്കൂളിലെ കുട്ടികളെല്ലാം വിളിച്ചിരുന്നത്, നാട്ടുകാരും. ലക്ഷ്മിക്കുട്ടിട്ടീച്ചർ എന്ന പേർ ആർക്കും ഓർമ്മയില്ല, അല്ലെങ്കിൽ മനഃപൂർവം അവർ അതു മറന്ന് എന്റെ അമ്മക്ക് അവരുടെ അമ്മയുടെ സ്ഥാനം കൊടുത്തിരുന്നു. 36 വർഷക്കാലം ആ സ്കൂളിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കരുതി ജോലി ചെയ്ത അമ്മക്ക് ആ നാടിലെ മുഴുവൻ പേരുടെയും അമ്മയുടെ സ്ഥാനത്തിരിക്കാൻ ഇന്നും കഴിയുന്നു എന്നത് ഇന്നലെ ആ നാട്ടിലെ കാരണവന്മാരും മദ്ധ്യവയസ്കരുമായവർ എന്റെ കൈ പിടിച്ച് വികാരനിർഭരമായി "അമ്മട്ടീച്ചർ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു" എന്നു പറഞ്ഞപ്പോൾ ഞാൻ ഹൃദയംകൊണ്ട് തൊട്ടറിയുകയായിരുന്നു.
ഒരു നിയോഗം പോലെ ഞാനിന്നു ജോലി ചെയ്യുന്നത് അതേ വളവന്നൂർ പഞ്ചായത്തിലെ അതേ വാർഡിൽ സ്ഥിതിചെയ്യുന്ന ഹോമിയോ ഡിസ്പെൻസറിയിലാണ്. ഏതാനും മാസം മുൻപ് അങ്ങോട്ട് സ്ഥലം മാറ്റം ലഭിച്ചത് ഒരു പക്ഷേ ഈ വാർഷികത്തിൽ പങ്കെടുത്ത് ആ സ്കൂൾ കെട്ടിടം ഇല്ലാതാകുന്നതിനു മുൻപ് ആ മണ്ണിൽ എന്റെ കാലുകൾ സ്പർശിക്കണമെന്ന, തുടർന്നും എന്തെങ്കിലും തരത്തിൽ സ്കൂളുമായുള്ള ബന്ധം എനിക്കു തുടരാൻ കഴിയണമെന്ന അമ്മയുടെ ആഗ്രഹമാകാം. അതിനു സാധിച്ചത് എന്റെ മഹാഭാഗ്യവും.
ഡിസ്പെൻസറിയിൽ ചാർജെടുത്ത ശേഷം ആ നാട്ടിൽ നിന്നും വരുന്നവരോടൊക്കെ ഞാൻ ചോദിക്കും, "സ്കൂളിനടുത്താണോ? എന്റെ അമ്മ അവിടെ പഠിപ്പിച്ചിരുന്നു, അറിയുമോ" എന്ന്. കൂടുതലും സ്ത്രീകളായതിനാൽ - ആ ഭാഗത്തേക്ക് വിവാഹം കഴിഞ്ഞു വന്നവർ - അവർക്ക് അമ്മയെ അറിയില്ലായിരുന്നു. അതുകൊണ്ട് ആ ബന്ധത്തിന്റെ ഊഷ്മളത എനിക്ക് അനുഭവവേദ്യമായിരുന്നില്ല. പക്ഷെ ഇന്നലെ എന്നെ സ്റ്റേജിൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഏതോ ഒരു ഡോക്ടർ എന്നോ പഞ്ചായത്ത് ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ എന്നോ മാത്രം കരുതിയിരുന്ന നാട്ടുകാരിൽ പലരും ഞാൻ പ്രസംഗമദ്ധ്യേ ആ സ്കൂളിലെ പൂർവാദ്ധ്യാപിക അമ്മട്ടീച്ചറുടെ മകനാണെന്നു സൂചിപ്പിച്ചശേഷം പരിപാടി കഴിഞ്ഞ ഉടൻ തന്നെ സ്റ്റേജിൽ കയറിവന്നും താഴെ സദസ്സിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോഴും എന്റെ കരം ഗ്രഹിച്ച് എന്റെ അമ്മയോടുള്ള സ്നേഹവായ്പ് പ്രകടിപ്പിച്ചപ്പോൾ ഞാനറിഞ്ഞു ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികക്ക് ഒരു നാട് - ഒരു പക്ഷേ ഒരു പഴയ നാട് - നൽകുന്ന ബഹുമാനവും നന്ദിയും എന്താണെന്ന്.
അതോടൊപ്പം തന്നെ എന്റെ സുഹൃത്തുക്കളോട് അഭിമാനത്തോടെ ഉറക്കെ വിളിച്ചുപറയാനും ഞാൻ ആഗ്രഹിക്കുന്നു, ഈ സാധാരണ സർക്കാർ വിദ്യാലയത്തിന്റെയും അതുപോലുള്ള മറ്റു രണ്ട് വിദ്യാലയങ്ങളുടെയും - ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി(കോട്ടത്തറ), തിരൂർ ഗവ.ബോയ്സ് ഹൈസ്കൂൾ - പരിമിതികൾക്കുള്ളിൽ നിന്നാണു ഞാൻ പഠിച്ചത് എന്ന്. വരേണ്യതയുടെ പൊടിപ്പും തൊങ്ങലും വെച്ച് അടവെച്ചു വിരിയിച്ച ഒരു ബ്രോയിലർ വിദ്യാർത്ഥിയല്ല ഞാനെന്ന്, അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരനായി സാധാരണക്കാരന്റെ രാഷ്ട്രീയ - സാമൂഹ്യ പശ്ചാത്തലം ഉൾക്കൊണ്ട്, നാടിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിൽ ശരീരത്തെയും ചിന്തയെയും ഇടപെടുത്തിക്കൊണ്ട് ജീവിക്കാനേ എനിക്കറിയൂ എന്ന്.


ആ സ്കൂൾ കെട്ടിടം ഉടൻ ഇല്ലാതാകാൻ പോകുകയാണ്. 105 വർഷത്തിന്റെ ജരാനരകൾ അവശേഷിക്കുന്ന ആ കെട്ടിടം പൊളിച്ചുനീക്കുകയാണ്. പുതിയ കെട്ടിടം നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഉയർന്നുവരുന്നു. 105 വർഷക്കാലമെന്നത് ഏറെ നീണ്ട ഒരു കാലയളവാണ്. അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം - സി.ബി.എസ്.ഇ വിദ്യാലയങ്ങൾ അരങ്ങു തകർത്ത് വാഴുന്ന ഇക്കാലത്ത് ഇടറി വീഴുന്ന പ്രായം ചെന്ന പ്രാഥമിക വിദ്യാലയങ്ങൾ നിരവധി. ഇതിനിടയിലും ആ സ്കൂൾ നിലനിന്നു എന്നത് - ഇടക്കാലത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടതിനെക്കുറിച്ച് മറ്റു പ്രാസംഗികരുടെ വാക്കുകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു - ആ നാട്ടുകാരുടെ നല്ല മനസിന്റെ മകുടോദാഹരണമാണ്. ഒരു ഗ്രാമീണ വിദ്യാലയം, ഒരു നാടിനു മുഴുവൻ അറിവു പകർന്നൊരു സാംസ്കാരിക കേന്ദ്രം നാട്ടുകാർ മുൻ കൈ എടുത്ത് പുനരുജ്ജീവിപ്പിച്ചത് ഞാൻ നേരിട്ടറിഞ്ഞു. ഏതോരു ദൈവികവും ആത്മീയവുമായ കാര്യത്തേക്കാളും മഹത്തരമായ പുണ്യകർമ്മമാണവർ ചെയ്യുന്നത്. അക്ഷരമാണു ദൈവം. അറിവാണു വെളിച്ചം. ആ തിരിച്ചറിവ് ആ നല്ലവരായ നാട്ടുകാർക്ക് എക്കാലത്തും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ ആദ്യാക്ഷരം കുറിച്ച, എന്റെ അമ്മ 36 വർഷം നെഞ്ചോടു ചേർത്ത ആ വിദ്യാലയത്തിന് - വാരണാക്കര എ.എം.എൽ.പി. സ്കൂളിന് - ഞാൻ എന്തു പകരം നൽകും ഗുരുദക്ഷിണയായി എന്നറിയില്ല. എങ്കിലും അമ്മയുടെ ഓർമ്മക്ക് ആ സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ വരവിന്റെ ഭാഗമായി എന്തെങ്കിലും നൽകാൻ കഴിയണമെന്നു ഞാൻ ആശിക്കുന്നു. പഴയ തലമുറയുടെ മനസിൽ ജീവിക്കുന്ന അമ്മ പുതിയ തലമുറയുടെ ദൃഷ്ടികളിലും കൂടി നിലനിൽക്കട്ടെ.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം