ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 30, 2014

വിക്രമാദിത്യനും അനൂപ് മേനോനും സൂപ്പർ താരങ്ങളും

വിക്രമാദിത്യൻ കണ്ടു. ഇഷ്ടപ്പെട്ടു.
ഇതു പക്ഷെ ഒരു നിരൂപണമൊന്നും അല്ല. ഉദ്ദേശിച്ച കാര്യത്തിലേക്കെത്തും മുൻപു പടത്തെ കുറിച്ച്...
വ്യക്തിപരമായി നോക്കിയാൽ ഡോ. ഇഖ്ബാൽ കുറ്റിപ്പുറം, ഡോ. മനു മഞ്ജിത് എന്നീ ഹോമിയോപ്പതി ഡോക്ടർമാർ കഥയും കവിതയും രചിച്ച, ഒരു പ്രധാന കഥാപാത്രം - ജോയ് മാത്യു അവതരിപ്പിച്ച ഡോ.പൈ - ഹോമിയോപ്പതി ഡോക്ടർ ആയ, ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങൾ ഉള്ള ചിത്രമാണു വിക്രമാദിത്യൻ. അതൊക്കെ സ്വകാര്യമായി അഭിമാനിക്കാം എന്നല്ലാതെ ഒരു സിനിമ എന്ന രീതിയിലുള്ള ആസ്വാദനത്തെ ബാധിക്കുന്നതിൽ എനിക്കു താല്പര്യമില്ല. പക്ഷെ നല്ല സിനിമയെ "സുഹൃത്തുക്കളുടെ സിനിമയെയും ഞാൻ കുറ്റം പറഞ്ഞു" എന്നു ജാട കാണിക്കാനായി മോശം സിനിമ എന്നെഴുതാൻ വയ്യല്ലോ. ഫേസ്ബുക്കിൽ പല നിരൂപകന്മാരും പലതും പറയുന്നുണ്ട്. അതവരുടെ കാര്യം. പക്ഷെ എനിക്കെന്തായാലും ഇഷ്ടപ്പെട്ടു, നമ്മളത്ര വലിയ ബുദ്ധിജീവിയൊന്നും അല്ലാത്തതുകൊണ്ടായിരിക്കും.
മനസ്സിൽ ഒരു പോരായ്മയും തോന്നിയില്ല എന്നല്ല. ക്ലൈമാക്സ് പൂർണമായങ്ങു ദഹിച്ചു എന്നൊന്നും പറയുന്നില്ല, പിന്നെ ഇടക്ക് ഒന്നു രണ്ടിടത്ത് ഈ കഥയിൽ ഇങ്ങനെ നടന്നിരുന്നെങ്കിൽ അങ്ങനെ ആവുമായിരുന്നില്ലേ, അങ്ങനെ നടന്നിരുന്നില്ലെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ എന്നൊക്കെ തോന്നി. അതിപ്പോ ഭൂതക്കണ്ണാടി വെച്ചു കുറ്റം കണ്ടുപിടിക്കാനല്ലല്ലോ സിനിമ കാണുന്നത്. ആ ചോദ്യങ്ങളൊക്കെ അവിടെ തന്നെ ഇരിക്കട്ടെ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി എന്നു തന്നെ പറയാം. ദുൽഖറിന്റെ അഭിനയം എടുത്തു പറയാം. ഉണ്ണി മുകുന്ദനും അനൂപ് മേനോനും ലെനയും ഒന്നും മോശമാക്കിയില്ല. നായിക നമിത പ്രമോദ് മുൻ ചിത്രങ്ങളോളം നന്നായി എന്നു തോന്നിയില്ല. മനുവിന്റെ പാട്ടും - അന്തിച്ചോപ്പിൽ രാവും പകലും ചേരും പോലെ.... വിക്രമാദിത്യൻ - മറ്റു പാട്ടുകളും കുഴപ്പമില്ല. പക്ഷേ എന്തോ, മനുവിന്റേതൊഴികെയുള്ളവയൊന്നും ഓർമ്മയിൽ നിൽക്കാത്തതുപോലെ (അതുമാത്രം ഓർക്കാൻ ശ്രമിക്കുന്നതുകൊണ്ടായിരിക്കും) ഒരു എന്റർടെയിനർ എന്ന നിലയിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാതെ, വളച്ചുകെട്ടും ഏച്ചുകെട്ടും ഇല്ലാതെ, കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ കഴിയാത്ത അശ്ലീല - ദ്വയാർത്ഥ പ്രയോഗങ്ങൾ വാക്കിലും നോക്കിലും ഇല്ലാത്ത, നേരെ ചൊവ്വേ കഥ പറഞ്ഞു പോയ ഒരു ചിത്രം. അതുകൊണ്ടു തന്നെ പണം മുടക്കി പടം കാണാൻ വരുന്നവർക്ക് കാശു പോയി എന്നു പറയാതെ തീയറ്ററിൽ നിന്നിറങ്ങിവരാവുന്ന, ഇഖ്ബാൽ ഡോക്ടറുടെയും ലാൽ ജോസിന്റെയും ഭൂരിപക്ഷം മുൻചിത്രങ്ങളെയും പോലെ ഒരു നല്ല ചിത്രം.

സിനിമയുടെ കാര്യം അവിടെ നിൽക്കട്ടെ, അതു വിജയിക്കും ഉറപ്പ്. എനിക്കീ പടം കണ്ടപ്പോൾ മനസ്സിൽ നിന്നു പോകാത്തത് അനൂപ് മേനോന്റെ (ഉണ്ണി മുകുന്ദന്റെ) അച്ഛൻ കഥാപാത്രമാണ്. മലയാളത്തിൽ അച്ഛനാകാൻ ആളെ കിട്ടാഞ്ഞിട്ടൊന്നും അല്ലല്ലോ യുവാവായ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അനൂപ് മേനോനെ പിടിച്ച് അച്ഛനാക്കിയത്. അതിനു തയ്യാറായ സംവിധായകൻ ലാൽ ജോസും അഭിനയിക്കാൻ തയ്യാറായ അനൂപ് മേനോനും അഭിനന്ദനമർഹിക്കുന്നു. അത് ഇന്നു നിലനിൽക്കുന്ന സൂപ്പർതാര വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളി തന്നെയായി കണക്കാക്കാമോ? കാരണം, ഇന്നത്തെ സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും മുൻപ് നായക കഥാപാത്രങ്ങളിൽ വന്നു തുടങ്ങിയ കാലത്ത് അവരുടെയും സമകാലികരായിരുന്ന രതീഷ്, രാജ്കുമാർ, സുകുമാരൻ തുടങ്ങിയവരുടെയുമൊക്കെ അച്ഛന്റെയോ ചേട്ടന്റെയോ ഒക്കെ റോളുകളിൽ മുൻ കാല നായികമാരായിരുന്ന ശ്രീവിദ്യ, കെ.ആർ.വിജയ തുടങ്ങിയവരുടെ ജോടിയായി അഭിനയിക്കാൻ അതിനു തൊട്ടു മുൻപുള്ള കാലഘട്ടത്തിലെ – ആ കാലഘട്ടത്തിലെ തന്നെയും - സൂപ്പർതാരങ്ങളായിരുന്ന പ്രേം നസീറും മധുവും തയ്യാറായിരുന്നു. പക്ഷെ ഇന്നോ? തങ്ങൾ സൂപ്പർതാരമായ ശേഷം ഒന്നോ രണ്ടോ തലമുറ നായകന്മാർ വന്നു പോയിട്ടും മമ്മുട്ടിക്കും മോഹൻലാലിനും ഒരു കുലുക്കവുമില്ലെന്നു മാത്രമല്ല, അവർ കൂടുതൽ കൂടുതൽ അഴകിയ രാവണന്മാരാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടം തുടർച്ചയായി പൊട്ടുന്നതൊന്നും അവർക്കൊരു പ്രശ്നമേ അല്ല. മകന്റെ ചിത്രം ഹിറ്റ് ആകുമ്പോൾ പിതാവ് യുവകോമളനായി നിറഞ്ഞാടുന്ന പന്ത്രണ്ടാം പടവും (മംഗ്ലീഷ് എന്തായോ എന്തോ). പൊട്ടാൻ പോകുന്നെന്നാണു കേൾവി. അതുപോലെ ഫ്രോഡും കൂതറയും പെരുച്ചാഴിയുമായി മറ്റൊരാളും അർമാദിക്കുന്നു. ഇപ്പോഴും മനസ്സിലാക്കിയില്ലെങ്കിൽ ഇനിയെന്നാണിവർ മനസ്സിലാക്കുക? പൃഥ്വീരാജിന്റെയും ദുൽഖറിന്റെയും എല്ലാം അച്ഛന്മാരുടെ റോളിൽ ഇവരൊക്കെ ഒന്നഭിനയിക്കുന്നതു കാണാൻ ഞങ്ങൾ പാവം പ്രേക്ഷകർക്ക് ഈ ജന്മത്തിൽ കഴിയുമോ? അതോ പൃഥ്വിയുടെയും ദുൽഖറിന്റെയും മക്കൾ അഭിനയിച്ചു തുടങ്ങിയാലും ഇതൊക്കെ തന്നെയാകുമോ മലയാള സിനിമയുടെ അവസ്ഥ?വിക്രമാദിത്യൻ കണ്ട ശേഷം ടി.വി.യിൽ “റെഡ് ചില്ലീസ്” കണ്ടപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഈയിടെയായി – എന്നുവെച്ചാൽ അടുത്ത കാലത്തൊന്നും അല്ല, ഒരു നരസിംഹം ഒക്കെ മുതൽ - മോഹൻലാൽ അഭിനയിക്കുകയാണെന്ന് അതായത് താൻ കഥാപാത്രമല്ല മോഹൻലാലാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താനും ശ്രദ്ധിച്ചുകൊണ്ടാണോ അഭിനയിക്കുന്നത്? ഇടക്കിടെ തിരിഞ്ഞു ക്യാമറയെ നോക്കി ഒരു ചിരിയും (ഒരു പ്രത്യേക ഇളി എന്നു പറയേണ്ടി വരും) ചില പ്രത്യേക മാനറിസങ്ങളും ക്യാമറയിലേക്കു വിരൽ ചൂണ്ടിയോ ചൂണ്ടാതെയോ ഉള്ള തട്ടുപൊളിപ്പൻ ഡയലോഗും എല്ലാം കാണുമ്പോൾ അത് കഥാപാത്രമല്ല, മോഹൻലാൽ എന്ന നടനാണെന്ന് മനസ്സിലാക്കേണ്ടിവന്ന് സിനിമയെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സിനിമ എന്ന മാധ്യമത്തെ ആ രീതിയിൽ കാണാനിഷ്ടപ്പെടുന്ന പ്രേക്ഷകൻ സിനിമയിൽ ശ്രദ്ധിക്കാതെയാകുന്നു. പക്ഷേ മോഹൻലാൽ എന്ന നടനെ മാത്രം ആരാധിക്കുന്ന ലാൽ ഫാനിനു സിനിമ എന്നത് ഒരു പ്രശ്നമേയല്ല. കഥയോ സംവിധാനമോ സംഗീതമോ അല്ല, മോഹൻലാൽ എന്ന നടനാണ്, ആ നടന്റെ/വ്യക്തിയുടെ ഡയലോഗുകളും മാനറിസങ്ങളുമാണ് ആ ഫാനിനു വേണ്ടത്. നേരത്തെ പറഞ്ഞ രീതിയിലുള്ള ലാലിന്റെ ഭാവങ്ങൾ ലാൽ തന്നോടു സംവദിക്കുന്നു എന്ന അബോധമനസ്സിന്റെ തോന്നലിൽ ആ ഫാനിനെ ആവോളം തൃപ്തിപ്പെടുത്തുന്നു. എന്നാൽ കഥാപാത്രത്തെയും സിനിമയെയും ഇഷ്ടപ്പെടുന്നവർ ഇത്തരം ഭാവങ്ങളാൽ ആ നടനിൽ നിന്നും അകലുന്നു.

ഞാൻ ഉദ്ദേശിച്ച കാര്യം എഴുതിയെത്തിക്കാൻ കഴിഞ്ഞോ എന്നെനിക്കറിയില്ല. ഒരുദാഹരണം പറഞ്ഞാൽ ലാലിന്റെ ഇത്തരം മാനറിസങ്ങളും ഭാവങ്ങളും ഇല്ലാതെ പൂർണമായും കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ദൃശ്യം. ആ ചിത്രം വിജയിക്കാൻ അതും ഒരു വലിയ ഘടകമായിരുന്നു എന്നു തോന്നുന്നു. മോഹൻലാൽ എന്ന വലിയ നടന്റെ ദൃശ്യത്തിലെ കഥാപാത്രത്തെ മോഹൻലാൽ എന്ന നടനായല്ലാതെ കഥാപാത്രമായി തന്നെ കാണാനും അതുവഴി സിനിമയെ പൂർണമായും ഉൾക്കൊണ്ടു കാണാനും പ്രേക്ഷകർക്കായി. മാത്രമല്ല, ദൃശ്യം ആ നടന്റെ പ്രായത്തിനു യോജിച്ച വേഷമായിരുന്നു. നേരത്തെ സൂചിപ്പിച്ച നസീറിനും മധുവിനുമൊപ്പം ശ്രീവിദ്യയും കെ.ആർ.വിജയയുമൊക്കെ അഭിനയിച്ച രീതിയിൽ ലാലിനു ഏറ്റവും യോജിച്ച നായികയായിരുന്നു മീനയും.
ഇത്തരത്തിൽ കാലത്തിനും പ്രായത്തിനും ഇണങ്ങിയ കഥാപാത്രങ്ങളോടെ മലയാള സിനിമയിൽ ഇനിയുമൊരുപാടു വർഷങ്ങൾ നിറഞ്ഞു നിൽക്കാനുള്ള വീണ്ടുവിചാരം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ മനസ്സിൽ സൃഷ്ടിക്കാൻ വിക്രമാദിത്യനിലെ അനൂപ് മേനോന്റെ അച്ഛൻ കഥാപാത്രത്തിനു കഴിയട്ടെ എന്ന് താരങ്ങൾക്കൊപ്പം സിനിമയെയും സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രത്യാശിക്കുന്നു. അതോടൊപ്പം ഇത്തരമൊരു ചിന്തക്കു വഴിമരുന്നിട്ട ശ്രീ.ലാൽ ജോസിനും അനൂപ് മേനോനും ഇനിയും നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെയെന്നും ഇഖ്ബാൽ ഡോക്ടർക്കും മനുവിനും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം