ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 04, 2013

പ്രകൃതിയാണ് ദൈവം... പ്രകൃതി മാത്രമാണ് ദൈവം...

നമുക്കൊരു പൈതൃകം ഉണ്ടായിരുന്നു.
പ്രകൃതിയെ ദൈവമായി ആരാധിച്ചിരുന്ന ചരിത്രം. 
വായുവും അഗ്നിയും ജലവും എന്ന് വേണ്ട സകല പ്രകൃതി ശക്തികളും പാമ്പും കാളയും എലിയും ആനയും തുടങ്ങി സകല ജീവികളും നമുക്ക് ദൈവങ്ങളായിരുന്നു. ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല ഗ്രീക്ക്-റോമൻ-ചൈനീസ്-അറബ് സംസ്കാരങ്ങളിൽ എല്ലാം തന്നെ ഈ ബന്ധങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. 
പിന്നീട് മതങ്ങൾ പിറവിയെടുത്തപ്പോഴും പ്രകൃതിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. ഹിന്ദു മതത്തിലാനെങ്കിൽ വായുദേവനും അഗ്നിദേവനും വരുണനും എല്ലാം ഉദാഹരണങ്ങൾ ആണ്. ദൈവികമായ പരിവേഷം നല്കി നാം കൊണ്ടാടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം തന്നെ കൊയ്ത്തുകാലവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നിസംശയം പറയാം. അല്ലെങ്കിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളുമായി തന്നെയായിരിക്കും അവയ്ക്ക് ബന്ധം.
ബൈബിളിൽ നോഹയുടെ പെട്ടകത്തിൽ എല്ലാ ജീവജാലങ്ങളിൽ നിന്നും ഓരോ ജോടിയെ കയറ്റാൻ ദൈവം നല്കിയ നിർദേശം ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല, മറിച്ചു  ഓരോ ജീവിയും അതിന് അവകാശികളാണ് എന്ന് മനസിലാക്കാനുള്ള ഒരു മനോഹരമായ ചിത്രീകരണമാണ്. ദൈവം അരുളിച്ചെയ്തു എന്ന് പറയുന്നത് മനുഷ്യൻ അവ അനുസരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് എന്ന് നമ്മുടെ പൂർവികർ കൃത്യമായി മനസിലാക്കിയിരുന്നു. അത് പോലെ തന്നെ പ്രകൃതിയെയും പ്രകൃതി ശക്തികളെയും ദൈവങ്ങളായി ആരാധിച്ചാൽ മനുഷ്യൻ അവയെ ഭയഭക്തികളോടെ മാത്രം കാണുമെന്നും  പ്രകൃതിയെ നശിപ്പിക്കില്ലെന്നും അവർ മുൻകൂട്ടി കണ്ടു. അതിന്റെ ഫലമായി തന്നെ ആ കാലഘട്ടത്തിൽ പ്രകൃതിയോട് അങ്ങേയറ്റം ഇണങ്ങിയായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. പ്രകൃതി വിഭവങ്ങൾക്ക് മേൽ കയ്യേറ്റം നടത്തി ഇല്ലായ്മ ചെയ്യുന്ന മനുഷ്യൻ അന്നില്ലായിരുന്നു.
എന്നാൽ പിന്നീട് കഥ മാറി. ദൈവങ്ങളുടെ രൂപവും ഭാവവും മാറി. പുതിയ പുതിയ ദൈവങ്ങൾ ആവിർഭാവം ചെയ്തു തുടങ്ങി. അവർക്ക് വസിക്കാൻ പുതിയ പഞ്ച നക്ഷത്ര ആരാധനാലയങ്ങൾ ഉദയം ചെയ്തു. പണ്ട് ഹൈന്ദവ ആരാധനാലയങ്ങൾ കാവുകളും നിരവധി മരങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രങ്ങളും ആയിരുന്നെങ്കിൽ പിന്നീടവ സ്വർണം പൂശിയ ശ്രീകോവിലുകളിൽ കഴിയുന്ന ദൈവങ്ങൾ നിറഞ്ഞ, കോണ്ക്രീറ്റ് കാടുകളാൽ ചുറ്റപ്പെട്ട ഹൈടെക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി.  ഇന്നവ അല്പം കൂടുതൽ പുരോഗമിച്ചു എ.സി.റൂമുകളിൽ ഇരുന്നു ഭക്തരെ ആശ്ലേഷിക്കുന്ന, പടുകൂറ്റൻ പന്തലുകൾ തീർത്ത് ഭജന ചൊല്ലിയും പ്രൈസ് ദി ലോഡ് വിളിച്ചും ശ്വസനക്രിയ നടത്തിയും മരുന്നുകച്ചവടം നടത്തിയും  മാസ് ഹിപ്നോട്ടൈസിംഗ് നടത്തി ജനങ്ങളെ പറ്റിച്ചു കീശ വീർപ്പിക്കുന്ന ആൾദൈവങ്ങളിൽ എത്തിയിരിക്കുന്നു. ദൈവത്തിന്റെ അംശം പോലുമില്ലാത്ത ഷോപ്പിംഗ്‌ കോമ്പ്ലക്സുകൾ കെട്ടിപ്പൊക്കി അവിടുത്തെ സാധനങ്ങൾ വില്പന നടത്താൻ ഭക്തരെ ആകർഷിക്കാൻ ഉള്ളിൽ  പള്ളി  പണിഞ്ഞു മുടി പ്രദർശിപ്പിക്കുന്ന ഏജന്റുമാരായി ഇന്നത്തെ പുരോഹിതർ.
ഇത് കൊണ്ടൊക്കെ മനുഷ്യൻ ഭയഭക്തികളോടെ അവർക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു...
പ്രകൃതിശക്തികളെ മറന്നു.
ദൈവത്തിനും ആൾദൈവത്തിനും മുന്നിൽ കാണിക്കയിട്ടു.
അതിനുള്ള പണം കാട് വെട്ടിയും കുന്നിടിച്ചു നിരത്തിയും പുഴയിലേക്ക് വിഷമാലിന്യം ഒഴുക്കി വിറ്റും സമ്പാദിച്ചു കൂട്ടി.
ഫലമോ മഴയില്ല, വെള്ളമില്ല, രോഗപീഡകൾ, ശുദ്ധവായു പോലും ലഭിക്കാത്ത അവസ്ഥ.
ഇങ്ങനെ നമ്മുടെ തെറ്റായ പ്രവർത്തനം കൊണ്ടൊക്കെ നാം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും ജീവിത ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ ഇന്ന് കൊട്ടിഘോഷിച്ചു നടത്തുന്ന യാഗങ്ങൾക്കോ മറ്റു പൊറാട്ടുനാടകങ്ങൾക്കോ കഴിയില്ലെന്ന് നാം മനസിലാക്കുക. ഇനിയെങ്കിലും പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റം അവസാനിപ്പിക്കുക.
പ്രകൃതിയാണ് ദൈവം...
പ്രകൃതി മാത്രമാണ് ദൈവം...
പ്രകൃതി തന്നെ ആയിരിക്കണം എന്നും ദൈവം.

6 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പ്രകൃതി തന്നെ ആയിരിക്കണം എന്നും ദൈവം.

bodhi said...

പ്രകൃതിയാണ് ദൈവം...
പ്രകൃതി മാത്രമാണ് ദൈവം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്തിപ്പിക്കുന്നു,ഈ വരികള്‍ .ആശംസകള്‍

ajith said...

പ്രകൃത്യാല്‍ ദൈവം

Dr Premakumaran Nair Malankot said...

നല്ല ലേഖനം.
തീര്ച്ചയായും പ്രകൃതിതന്നെയാണ് ദൈവം. ദൈവത്തിൽ വിശ്വസിക്കുന്നവർ ആയാലും ശരി, അല്ലാത്തവർ ആയാലും ശരി - എല്ലാവരും, നേരിട്ട് കാണുന്ന, അനുഭവിക്കുന്ന ഒരു സത്യമാണ് - അറിഞ്ഞോ, അറിയാതെയോ പ്രകൃതിനിയമം തെറ്റിക്കുമ്പോൾ ശരീരത്തിന്റെ/മനസ്സിന്റെ താളം തെറ്റുന്നു എന്നത്. ഇതു തങ്കലിപികളിൽ തിളങ്ങിക്കൊണ്ട് എല്ലാവരുടെ മനസ്സിലും ഉണ്ടാവേണ്ടതാണ്. അല്ലെങ്കിൽ ''വിവരം'' അറിയും.

മനാഫ് ഒരു കാവനാട് കാരൻ .. said...

അതെ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം