ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 30, 2011

എലിക്കുട്ടിയായ പുലിക്കുട്ടി

വിവരമുള്ള...
അറിവുള്ള...
ആരെങ്കിലും ലീഗുകാരാവുമോ?
പുസ്തകം കാണുന്നത് പോലും ഇഷ്ടമല്ല... കത്തിക്കും.
അധ്യാപകരെ കണ്ടാല്‍ ചവിട്ടിക്കൊല്ലും... 
റെയില്‍വേ സ്ടേഷനിലായാലും പച്ചക്കൊടി കണ്ടാല്‍ മുദ്രാവാക്യം വിളിക്കും...
ദേശീയപതാക എവിടെ കണ്ടാലും അഴിക്കും..
ബിരിയാണി നട്ടപ്പാതിരക്കു കിട്ടിയാലും വാരിവലിച്ചു തിന്നും...
പകല്‍ പാണക്കാട്ടു കുടപ്പനക്കല്‍ തറവാട്ടില്‍ വിറകുകീറാനും വെള്ളം കോരാനും പോകും...
രാത്രിയായാല്‍ എന്‍‍.ഡി.എഫിന് പോസ്ടറൊട്ടിക്കാന്‍ പോകും... 
കോണി കണ്ടാല്‍ തുള്ളിച്ചാടും...
കുഞ്ഞാലിക്കുട്ടിയെ കണ്ടാല്‍ തലകുത്തിമറിയും...
........ ഇതൊക്കെയായിരുന്നു ലീഗ്.
ഇപ്പോള്‍ ഒന്ന് കൂടി നന്നായി...
വുഫിനെ ണ്ടാല്പേടിച്ചോടും...
ഇന്ത്യാവിഷന്‍ എന്ന് കേട്ടാല്‍ ചെവിയില്‍ പഞ്ഞിതിരുകി തലയില്‍ മുണ്ടിട്ടു ഒളിക്കും...
എം.കെ.മുനീര്‍ എന്ന് കേട്ടാല്‍ പിച്ചും പേയും പറയും...
ഐസ്ക്രീം എന്ന് കേട്ടാല്‍ ബോധം കേട്ട് വീഴും...
നേതാവ് കുഞ്ഞാലിക്കുട്ടി ആണെങ്കില്‍ പണ്ട് ഒരു പുലിക്കുട്ടി ആയിരുന്നു...
ജലീലിനോടു മത്സരിച്ചപ്പോള്‍ എലിക്കുട്ടി ആയി...
ഇപ്പോള്‍ ചവറ്റുകൂനയില്‍ ഇഴയുന്ന വെറും പുഴു...
കഷ്ടം...
കാലം പോയ പോക്കേ...
 ഇനിയിപ്പോ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോകാം...
ഒന്നാം തലമുറ ബിരിയാണി പോലെ തിന്നുകയും രണ്ടാം തലമുറ സുലൈമാനി പോലെ കുടിക്കുകയും മൂന്നാം തലമുറ സുനാമി പോലെ വിസര്‍ജ്ജിക്കുകയും ചെയ്ത ഒരു മാലിന്യമാണ് ലീഗ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടപ്പോള്‍ നാലാം തലമുറ ആ വിസര്‍ജ്യം എടുത്തു വീണ്ടും ഭക്ഷിച്ചു എന്ന് ലീഗ് നേതാക്കള്‍ വ്യാമോഹിച്ചു കാണും... അതൊരു അബദ്ധം മാത്രം.. പുലിക്കുട്ടി എലിക്കുട്ടി ആയ സമകാലിക സാഹചര്യത്തില്‍ ഇനി ഉള്ള ബിരിയാണിയും തിന്നു വീട്ടിലിരുന്നൂടെ? ഒരു പെരുങ്കള്ളനെ അയാളുടെ എല്ലാ കള്ളത്തരവും തിരിച്ചറിഞ്ഞിട്ടും നേതാവായി പ്രതിഷ്ടിക്കുന്നത് എല്ലാരും ആ ലാഭങ്ങളുടെ പങ്കു പറ്റിയത് കൊണ്ടോ? ഇയാളെ എടുത്തു പുറത്തു കളഞ്ഞാല്‍ അനാഥമായി പോകാന്‍ മാത്രം നേതാക്കള്‍ക്ക് ക്ഷാമമോ മലപ്പുറത്തെ ദേശീയപ്പാര്‍ട്ടിക്ക്?

January 27, 2011

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (3) - "എലന്തക്കേന്റെ ഇല"

 കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവം... സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം കഴിഞ്ഞു ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഇരു മുന്നണികളും. സ്ഥലത്തെ പ്രധാന പയ്യന്‍സിനെ... സോറി ... കാരണവന്മാരെയൊക്കെ വീട്ടില്‍ കയറി കയ്യും കാലും പിടിക്കുന്ന കലാപരിപാടി തുടങ്ങിയിട്ടുണ്ട്. ഒരു വൈകുന്നേരം... ഏകദേശം ആറു മണി ആയിക്കാണും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഒരു പാര്‍ട്ടി അനുഭാവിയുടെ വീടിന്റെ ഗേറ്റിനു സമീപം നില്‍ക്കുന്നു. കൂടെ വീട്ടുടമസ്ഥനും രണ്ടു പ്രവര്‍ത്തകരും. രണ്ടു സ്ത്രീകള്‍ എല്ലാ വീടുകളിലും കയറി ഇറങ്ങി എന്തൊക്കെയോ സംസാരിച്ചു വരുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ സ്ഥാനാര്‍ഥിക്ക് ആളുകളെ മനസ്സിലായി... എതിര്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയും പെങ്ങളും. അവര്‍       സ്ഥാനാര്‍ഥിയെ ഒന്ന് നോക്കി ഗേറ്റിനകത്തെക്ക് കയറിപ്പോയി. വീട്ടുടമസ്ഥനും മറ്റുള്ളവരും പിന്നാലെ. മുന്‍ വാതിലിനടുത്തെത്തി അവര്‍ അകത്തെ സ്ത്രീകളെ വിളിച്ചു ചോദിച്ചു.. 'ഇവിടെ "എലന്തക്കേന്റെ ഇല" ഉണ്ടോ? ഒരു മരുന്നിനാണ്'.  'ഇതെന്തു സാധനം?' എന്ന മട്ടില്‍ മേല്‍പ്പോട്ടു നോക്കിയ ഗൃഹനാഥയോട് സ്ത്രീകള്‍ നാട്ടുകാര്യവും വീട്ടു വിശേഷവുമൊക്കെ പറഞ്ഞു തുടങ്ങി. അവസാനം ഒരു കാര്യവും കൂടി പറഞ്ഞു.. 'തെരഞ്ഞെടുപ്പിന് ഭര്‍ത്താവ് / ആങ്ങള നില്‍ക്കുന്നുണ്ട്, വോട്ട്‌ ചെയ്യണം...' ഉദ്ദിഷ്ട കാര്യം സാധിച്ച   സന്തോഷത്തില്‍ പ്രചാരകമാര്‍ തിരിച്ചു നടന്നു. "ഇല്ലാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്" എന്ന് പറയുന്നത് പോലെ "കിട്ടേണ്ട വോട്ടിനു ഇല്ലാത്ത ഇല". അല്ലാതെന്തു പറയാന്‍? വഴിയില്‍ സ്ഥാനാര്‍ഥിയോടും ചോദിച്ചു.. ഇല. സ്ഥാനാര്‍ഥി പറഞ്ഞു... "എനിക്ക് ഇലയും മുള്ളും ഒന്നും അറിയില്ല. ഒന്നറിയാം. ഞാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്ന കാര്യം". എന്തായാലും അതോടെ അന്നത്തെ അവരുടെ ഇല പര്യവേക്ഷണം അവസാനിച്ചു.
ആന്റി ക്ലൈമാക്സ്:
എന്താണീ ഇല എന്ന് കുറേപ്പേര്‍ പിറ്റേന്ന് മുതല്‍ അന്വേഷണം തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു മഴ മൂലം സ്ക്വാഡ് നിര്‍ത്തി വെച്ചു കട വരാന്തയില്‍ കൂട്ടം കൂടി നില്‍ക്കുമ്പോളാണ് എന്തോ വലിയ കാര്യം പോലെ ഒരു കുറ്റാന്വേഷകന്‍ പറഞ്ഞു തുടങ്ങിയത്... "മഴ പെയ്യാനുള്ള കാരണം ഇപ്പോഴല്ലേ മനസ്സിലായത്‌. ഇന്നലെ മൊയിലിയാര്‍ പറഞ്ഞിരുന്നു എന്തിനാ ഈ  "എലന്തക്കേന്റെ ഇല" ഉപയോഗിക്കുന്നത് എന്ന്.' ഒന്ന് നിര്‍ത്തി മൂപ്പര്‍ തുടര്‍ന്നു..."കൂടോത്രത്തിനാ". അതും പറഞ്ഞു ആള്‍ തുടങ്ങിയ ചിരി ഞങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ നിര്‍ത്തിയില്ല... തെരഞ്ഞെടുപ്പില്‍ വന്ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ മനസ്സിലായി കൂടോത്രത്തിന്റെ ശക്തി...

January 25, 2011

റിപ്പബ്ലിക്‌ ദിന ആശംസകള്‍...

വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതക്കുന്ന ഇരുട്ടിന്റെ ശക്തികളെയും അഴിമതി നടത്തി നാടിന്റെ സമ്പത് കൊള്ളയടിച്ചു സസുഖം വാഴുന്ന ഭരണവര്‍ഗതെയും തുടച്ചു നീക്കി ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പരിശ്രമിക്കാം...
ജയ് ഹിന്ദ്‌...

January 24, 2011

...കഥയ മമ കഥയ മമ കഥകളതിസാദരം.

തിരൂര്‍ക്കാരനാനെങ്കിലും ലോകത്തിനു മുന്‍പില്‍ തിരൂരിന്റെ സ്വകാര്യ അഹങ്കാരമായ തുഞ്ചന്‍ പറമ്പിനെ - മലയാള ഭാഷയുടെ പിതാവിന് ജന്മം നല്‍കിയ പുണ്യഭൂമിയെ - കുറിച്ച് ഇതുവരെയും ഒന്നും എഴുതിയിട്ടില്ല. കേവലം വാക്കുകളില്‍ ഒതുക്കാവുന്ന ഒന്നല്ല തുഞ്ചന്‍ പറമ്പ് എന്ന അറിവില്‍ നിന്നും ഉടലെടുത്ത  ധൈര്യക്കുറവും തുഞ്ചന്‍ പറമ്പിനെ കുറിച്ചറിയാത്ത - ഫോട്ടോയിലെങ്കിലും കാണാത്ത - ഒരു മലയാളിയും ലോകത്തുണ്ടാവില്ലെന്ന ഉത്തമബോധവും തന്നെയായിരുന്നു ഈയുള്ളവന്‍ ആ സാഹസത്തിനു മുതിരാതിരിക്കുവാന്‍ കാരണം. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കൊട്ടോട്ടിക്കാരന്‍ മുന്നോട്ടു വെച്ച മലബാറില്‍ ഒരു ബ്ലോഗേര്‍സ് മീറ്റ്‌ എന്ന ആശയവും അതിനു തുഞ്ചന്‍ പറമ്പ് തന്നെയാണ് ഉത്തമം എന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും ഒടുവില്‍ അതിന്റെ പ്രാരംഭ നീക്കങ്ങള്‍ക്കായി കൊട്ടോട്ടിക്കാരനും നന്ദുവിനുമൊപ്പം  തുഞ്ചന്‍ പറമ്പ് സന്ദര്‍ശിച്ച "ഉന്നതതല സമിതിയിലെ" മൂന്നാമന്‍ എന്ന റോളും ഇന്ന്  ഈ പോസ്റ്റിലേക്ക് എത്തിച്ചിരിക്കുന്നു. 
ആദ്യം ഇങ്ങോട്ടുള്ള വഴിയെപ്പറ്റി...
ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറെ സുഖപ്രദം. തിരൂര്‍ റെയില്‍വെ സ്റെഷനില്‍ നിന്നും ഒരു ഓട്ടോയില്‍ കയറിയാല്‍ കേവലം അഞ്ചു മിനിട്ട് കൊണ്ട് സ്ഥലത്തെത്താം. നന്ദു പറഞ്ഞത് പോലെ തിരൂരിലെ ഓട്ടോക്കാരൊക്കെ സത്യസന്ധന്മാരായത് കൊണ്ട് മറ്റു പല സ്ഥലത്തും പോയാല്‍ ഉള്ളതുപോലെ അഞ്ചു ഹൈക്കോടതിയും ഏഴു സെക്രട്ടെറിയറ്റുമൊന്നും കാണേണ്ടി വരില്ല. ബസ്സിലാണെങ്കില്‍ കോഴിക്കോട് നിന്നു വരുന്നവര്‍ക്ക് തിരൂരിലേക്ക് ബസ്സില്‍ നേരിട്ട് വരാം. അല്ലെങ്കില്‍ കോട്ടക്കല്‍ ചങ്ക് വെട്ടിയില്‍ ഇറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. പാലക്കാട് നിന്നു വരുന്നവര്‍ക്ക് മലപ്പുറത്തിറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. തൃശൂര്‍, എറണാകുളം തുടങ്ങി തെക്കുഭാഗത്ത്‌ നിന്നു വരുന്നവര്‍ക്ക് കുറ്റിപ്പുറത്തിറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് വഴി പ്രത്യേകിച്ച് പറഞ്ഞു തരേണ്ടല്ലോ? ഈ പറഞ്ഞതൊന്നും മനസ്സിലാകാത്തവര്‍ക്ക് ഗൂഗിള്‍ ബസ്സില്‍ കയറി എവിടെയെങ്കിലും ഇറങ്ങാം...
തലചായ്ക്കാന്‍...
റെയില്‍വേ സ്റെഷന് മുന്നില്‍ രണ്ടു ഹോട്ടലുണ്ട്... ഒന്ന് ഗ്രീന്‍ സിറ്റി, മറ്റേതിന്റെ പേര് മറന്നു പോയി. ബസ് സ്ടാന്റിനടുത്തു പി.എസ്.എം ആര്‍ക്കേഡ് ഉണ്ട്. പിന്നെ തുഞ്ചന്‍ പറമ്പിലെക്കുള്ള വഴിയില്‍ ഗ്രാന്‍ഡ്‌ പാലസ് ഉണ്ട്. എല്ലാം വലിയ കുഴപ്പമില്ലാതതാണ്. ഇതൊന്നും കൂടാതെ തുഞ്ചന്‍ പറമ്പില്‍ ഡോര്‍മിട്ടറി ഉണ്ട്. ആവശ്യമെങ്കില്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാം. 
ഇനി നമുക്ക് യാത്ര തുടങ്ങാം... 

ഈ കാണുന്ന പൂട്ടിക്കിടക്കുന്ന ഗേറ്റിനു പിന്നില്‍ ഓരോ മലയാളിയും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കൈരളിയുടെ ജന്മനാട്. 
ആദ്യം നമുക്ക് മുന്നില്‍ കാണപ്പെടുക ഈ മണ്ഡപമാണ്‌. ഇവിടെ നിന്നും വലത്തോട്ട് നടന്നു ഇടത്തോട്ടുള്ള ചെറിയ ഇടയിലൂടെ ഇറങ്ങിയാല്‍ ഓഡിറ്റോറിയവും ഓഫീസും ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തിന്റെ മുന്നിലെത്തും. 

ഓഫീസില്‍ കയറിയ ഞങ്ങളെ കാത്തിരുന്നത് ഒരു മഹാഭാഗ്യം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍- തുഞ്ചന്‍ സ്മാരക ട്രസ്ടിന്റെ അമരക്കാരന്‍- ശ്രീ. കെ.പി. രാമനുണ്ണി. 
ബ്ലോഗേര്‍സ് മീറ്റ്‌ നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്റെ സ്വതസിദ്ധമായ സൌമ്യമായ പുഞ്ചിരിയോടെ അദ്ദേഹം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. തീയതി ആലോചിച്ച്‌ അറിയിക്കാമെന്ന് പറഞ്ഞു വിടവാങ്ങിയ ഞങ്ങള്‍ തുഞ്ചന്റെ മണ്ണിലേക്കിറങ്ങി. 
മണ്ഡപത്തിനു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്ന കൊട്ടോട്ടിക്കാരനെയും കൂട്ടി ഞങ്ങള്‍ രണ്ടു തിരൂര്‍ക്കാരും -ഞാനും നന്ദുവും - കൈക്കാത്ത കാഞ്ഞിരമരത്തിനടുത്തെക്ക്...

ഈ കാഞ്ഞിര മരം കൈക്കില്ലെന്നാണ് ഐതിഹ്യം. വരുന്നവരെല്ലാം ഇല പറിച്ചു തിന്നു കൈയെത്തും ദൂരത്തില്‍ ഒരു ഇല പോലുമില്ലാത്ത അവസ്ഥയായി. 
പക്ഷെ ഉള്ള സത്യം പറയട്ടെ... ഞാന്‍ പറിച്ചു തിന്നപ്പോളൊക്കെ കൈപ്പുണ്ടായിരുന്നു ഇലകള്‍ക്ക്. ഒരു കാര്യം മറന്നു... ഈയുള്ളവന്റെ വര്‍ഗം പഞ്ചാരഗുളികയിലൊഴിക്കുന്ന പ്രധാന മരുന്നുകളില്‍ ഒന്നാണ്  കാഞ്ഞിരസത്ത്.
ഈ കുളം കലക്കാന്‍ ആരും ശ്രമിക്കരുത്. 
സരസ്വതീക്ഷേത്രത്തിനുള്ളിലെ ക്ഷേത്രം.
ഇത് പണി കഴിഞ്ഞു വരുന്ന വിശ്രമ മന്ദിരം... ഇത് കണ്ടു വിശ്രമിക്കാമെന്നു കരുതി ആരും മീറ്റിനു വരരുത്... ഞങ്ങള്‍ക്ക് പണിയാകും. "ന ബ്ലോഗര്‍ വിശ്രമമര്‍ഹതി!!!"
തുഞ്ചന്‍ പറമ്പിലൂടെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ഈ കാര്യം മറക്കേണ്ട. ആ പാവങ്ങള്‍ ഞെട്ടില്‍ തന്നെ നിന്നോട്ടെ...
ഇതാണ് സരസ്വതീ മണ്ഡപം. വിജയ ദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് ഇവിടെയാണ്‌. അല്ലാത്ത ദിവസങ്ങളില്‍ ഇതിന്റെ വരാന്തയില്‍ യുവമിഥുനങ്ങള്‍ പഞ്ചാരയടിയുടെ ആദ്യാക്ഷരം കുറിക്കുന്നു... വാച്ച്മാന്‍ വരുന്നത് വരെ. ഇത് വായിച്ചു വല്ല ദുരുദ്ദേശ്യവും തോന്നുന്നെങ്കില്‍ തടി കേടാകാതിരിക്കാന്‍ ഇത് കൂടി കാണുക...
നമ്മള്‍ ആദ്യം കണ്ട മണ്ഡപത്തിലും ഈ കാര്യം മറക്കേണ്ട, കേട്ടോ...
ഒരു കാര്യം മറന്നു. വെറുതെ ഒരു മൊബൈലും കൊണ്ട് വന്നു പടം പിടിച്ചോണ്ടങ്ങ്‌ പോകാമെന്ന് ആരും മോഹിക്കണ്ട. ചിക്കിലി വേണം... ചിക്കിലി.
ഇതൊക്കെയാണ് നിശ്ചിത ഫീസുകള്‍... അടച്ചോണം,  ഇല്ലെങ്കില്‍ മാനനഷ്ടം സുനിശ്ചിതം.
ഗുണപാഠം: ഒരു കെട്ട്യോളെ ഒപ്പിച്ചാല്‍ നൂറു രൂപ ലാഭിക്കാം...!
 യേത്?
ഇതാണ് കലാപുലികളായ ബ്ലോഗര്‍മാര്‍ക്ക് ആംഗ്യപ്പാട്ട് , നുണക്കഥ പറയല്‍, കൈകൊട്ടിക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള ഓപ്പണ്‍ എയര്‍ സ്റേജ്. (കൂവല്‍, ചീമുട്ട, ചെരുപ്പ്  ഫ്രീ...).
ഇതാണ് തുഞ്ചന്‍ സ്മാരക സാഹിത്യ മ്യൂസിയം. വെറുതെ കേറിയങ്ങ് കണ്ടു പോകാമെന്ന് വെച്ചാല്‍ ഇത്തിരി പുളിക്കും...
പക്ഷെ ഒരു കാര്യം ഉറപ്പു തരാം... വില തുച്ഛം - ഗുണം മെച്ചം. 
മ്യൂസിയം മാത്രമല്ല, നല്ലൊരു ലൈബ്രറിയും ഉണ്ട്.
ഈ ചിത്രം കാണാത്തവരുണ്ടാവില്ല... 
തുഞ്ചന്റെ തത്തയും ഓലക്കെട്ടും എഴുത്താണിയും... ശില്‍പ്പിയുടെ കണ്ണിലൂടെ. 
തുഞ്ചന്‍ പറമ്പിന്റെ ഒരു പ്രതീകം തന്നെയാണിത്.
പിന്നെ ഒരു കാര്യം, അതും ഇതുമൊക്കെ കൊറിച്ചു കൊണ്ട് നടക്കുന്നവരും പ്ലാസ്ടിക്കില്ലാത്ത ജീവിതം അസാധ്യമായവരും ബാക്കി വരുന്ന സ്ഥാവര ജംഗമ വസ്തുക്കള്‍ ഈ മതില്‍ക്കെട്ടിനുള്ളില്‍ നിക്ഷേപിക്കരുത്. ജാഗ്രതൈ...
പ്രാഥമിക കൃത്യങ്ങളും മറക്കേണ്ട... സൌകര്യമുണ്ട്.
ഓഡിറ്റോറിയത്തിന്റെ ഉള്‍വശം കൊട്ടോട്ടിക്കാരന്റെ ലെന്‍സില്‍ പതിഞ്ഞിട്ടുണ്ട്.. ഇതാണ് പ്രവേശന കവാടം.
ഈ വഴിത്താരകളെ ധന്യമാക്കിയ മഹാനുഭാവന്മാര്‍....
എല്ലാം കൂടി ഒറ്റയടിക്ക് കണ്ടു കാണാനുള്ള പൂതി കുറയണ്ട. ഇനി നേരില്‍ കണ്ടാല്‍ മതി.
ഇതിലൂടെ എല്ലാം ഒരു ഏകദേശ രൂപം നിങ്ങള്‍ക്ക് പിടികിട്ടിയാല്‍ ഞാന്‍ ധന്യനായി
 (അത് പണ്ടേ ആയതാ.. എന്റെ കെട്ട്യോളുടെ പേരാ ധന്യ. പിന്നെ ഒരു ഗുമ്മിന് അതവിടെ കിടന്നോട്ടെ...)
ഒടുവിലാണെങ്കിലും ഏറ്റവും പ്രധാന കാര്യം... 
"ഈറ്റ്". 
കടിച്ചു വലിക്കാന്‍ ഇതിനുള്ളില്‍ പറ്റില്ല. സസ്യലതാദികളാണെങ്കില്‍ വേണമെങ്കില്‍ ഉള്ളില്‍ നോക്കാം. 
അല്ലെങ്കില്‍ തൊട്ട്‌ മുന്നിലുള്ള ഈ സ്കൂളില്‍ സംഘടിപ്പിക്കാം.
അങ്ങനെ ഞങ്ങള്‍ പടിയിറങ്ങുന്നു... പോട്ടം പിടുത്തം നിര്‍ത്താന്‍ മനസ്സുവരാത്ത ഈ രണ്ടു പേരും ഈയുള്ളവനും.
ഇനി നിങ്ങള്‍ക്ക് വരാം... കാണാം... കീഴടക്കാം...
കാരണം ഇനി ഈ വഴി ബ്ലോഗര്‍മാര്‍ക്ക് കടന്നു വരുവാന്‍ മാത്രമുള്ളതാണ്...
വാല്‍:
നിയമപ്രകാരമുള്ള മുന്നറിയിപ്പ്...
തുഞ്ചന്‍ പറമ്പില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരെ മൊട്ടയടിച്ചു വിടുന്നതായിരിക്കും...

January 21, 2011

ഇടതു പക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

ഏറെ വര്‍ഷങ്ങളായി കേരളത്തിലെ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ആവശ്യമാണ്‌ ഇന്നലെ കേരള സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തില്‍ പുതിയതായി 25 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്സറികള്‍ കൂടി  അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഇതിനു മുന്‍പ് ശ്രീ.എ.സി. ഷണ്മുഖദാസ് ആരോഗ്യമന്ത്രി ആയിരുന്ന  ഇടതുമുന്നണി സര്‍ക്കാരാണ് കേരളത്തില്‍ ഹോമിയോ ഡിസ്പെന്സറികള്‍ അനുവദിച്ചത്. അതിനു ശേഷം എല്ലാ നിര്‍ദേശങ്ങളും കടലാസില്‍ തന്നെ ഒതുങ്ങുകയായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എന്‍.ആര്‍.എച്.എമ്മിന് കീഴില്‍ ഡോക്ടര്‍മാരെ നിയമിച്ചു കൊണ്ട് പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍  276 ഹോമിയോ ഡിസ്പെന്സറികള്‍ മുന്‍പ് അനുവദിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയിലും 25 ഡിസ്പെന്സറികള്‍ അനുവദിച്ചതിലൂടെ എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നയം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇനിയും എന്‍.ആര്‍.എച്.എമ്മിന് കീഴിലോ സര്‍ക്കാര്‍ മേഖലയിലോ ഹോമിയോ ഡിസ്പെന്സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ പഞ്ചായത്ത്-എന്‍.ആര്‍.എച്.എം ഹോമിയോ ഡിസ്പെന്സറികള്‍ അനുവദിക്കാന്‍ നീക്കമുണ്ടെന്ന് അറിയുന്നു. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഗുണം കൂടുതല്‍ മേഖലയില്‍ എത്തിച്ചു ജനങ്ങള്‍ക്ക്‌ മികച്ച ചികിത്സാ സഹായം നല്‍കാനും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാനും ഉപയോഗപ്പെടുന്ന സര്‍ക്കാരിന്റെ നയത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.  
കേരളത്തിലെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് വേണ്ടി കേരളം ഭരിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന് അഭിവാദനത്തിന്റെ നൂറു നൂറു ചുവന്ന പൂച്ചെണ്ടുകള്‍ അര്‍പ്പിക്കട്ടെ...

January 18, 2011

ശവത്തെക്കൊണ്ടും സല്യൂട്ട് ചെയ്യിക്കുമോ?

ഇതൊക്കെ കാണുമ്പോള്‍ ആണ് ഡോക്ടര്‍ ആകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. ജനങ്ങള്‍ ഡോക്ടര്‍മാരെ പറ്റി "നല്ല" അഭിപ്രായം പറയുമ്പോള്‍ നമ്മള്‍ കൂടി അതില്‍ പെടുമല്ലോ. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.. അതും ഈയുള്ളവന്റെ സ്വന്തം നാടായ തിരൂരില്‍. ഇത്ര   ബോധമില്ലാത്തവരൊക്കെ എങ്ങനെ ഡോക്ടര്‍ ആകുന്നു എന്നാണിപ്പോ ഈയുള്ളവന്റെ സംശയം.
ആത്മഹത്യ പോയിട്ട് സാധാ മരണം ആണെങ്കില്‍ പോലും ഏതു കഠിന ഹൃദയനാണെങ്കിലും മനസ്സിന്റെ ഏതെങ്കിലും  കോണില്‍ ഒരു നൊമ്പരം ഉടലെടുക്കും. ശവം കീറി പഠിച്ചെന്നു കരുതി മാനുഷികമായ  വികാരങ്ങള്‍ ആരും നഷ്ടപ്പെടുത്താറില്ലെന്നാണ് അഞ്ചാറു കൊല്ലം മെഡിക്കല്‍ കോളേജില്‍ പഠിച്ചിട്ടും ഈയുള്ളവന് മനസ്സിലായിട്ടുള്ളത്. ജീവിതം അവസാനിച്ച ഒരു ശരീരം മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍, പുറത്തു അയാളുടെ ഉറ്റവരും ഉടയവരും കണ്ണീരൊപ്പുമ്പോള്‍ എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തി മൃതദേഹം വിട്ടു കൊടുക്കുകയാണ് "ഹിപ്പോക്രാറ്റിക് ഓത്" ഹൃദയത്തില്‍ തൊട്ടു ഉരുവിട്ട ഒരു ഡോക്ടര്‍ ചെയ്യേണ്ടത്. അല്ലാതെ ഔദ്യോഗികമായി തന്നെക്കാള്‍ താഴെ നില്‍ക്കുന്ന ഒരു പോലീസുകാരനില്‍ നിന്നും സല്യൂട്ട് ചോദിച്ചു വാങ്ങുകയോ അയാള്‍ അത് ചെയ്തില്ലെങ്കില്‍ ചെയ്യിപ്പിക്കുകയോ അനാവശ്യമായ രംഗങ്ങള്‍ സൃഷ്ടിക്കുകയോ അല്ല. 
 ഈയുള്ളവന്‍ മലപ്പുറത്ത്‌ പ്രാക്ടീസ് ചെയ്യാറുള്ളത് കൊണ്ട് എം.എസ്.പിയില്‍ ജോലി ചെയ്യുന്ന പല പോലീസുകാരും പരിശോധനക്കായി വരാറുണ്ട്. അവര്‍ മുറിയില്‍ കയറുന്നതിനു മുന്‍പ് സല്യൂട്ട് ചെയ്യുന്നത് വളരെ അരോചകമായി തോന്നിയതുകൊണ്ട് അവരെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. ഡോക്ടര്‍ക്ക് മുന്നില്‍ പരിശോധനക്കായി വരുന്നയാള്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും പോലീസുകാരനായാലും മന്ത്രിയായാലും കേവലം രോഗി മാത്രമാണ്. അവരുടെ രോഗാവസ്ഥയില്‍ സാന്ത്വനം പകരാനും മെച്ചപ്പെട്ട ചികിത്സ നല്‍കി രോഗം മാറ്റിക്കൊടുക്കാനും ആണ് ഡോക്ടര്‍ ശ്രമിക്കേണ്ടത്. ഔദ്യോഗിക രംഗത്തായാലും സല്യൂട്ട് ചെയ്യാതിരുന്നത് പോലീസുകാരന്റെ വീഴ്ചയാണെങ്കില്‍ കൂടി അയാള്‍ സല്യൂട്ട് ചെയ്യാത്തത് കൊണ്ട് പോസ്റ്റ്‌ മോര്‍ട്ടം വൈകിച്ച ഡോക്ടര്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്. ബഹുമാനം നേടേണ്ടത് പെരുമാറ്റത്തിലൂടെ ആണ്, അല്ലാതെ ചോദിച്ചു വാങ്ങുകയല്ല വേണ്ടത്. സി.ഐ. സ്ഥാനത്തിനു തുല്യയായത് കൊണ്ട് സല്യൂട്ട് കിട്ടണമെന്ന് അത്രയ്ക്ക് പൂതിയാണെങ്കില്‍ ഡോക്ടര്‍ ആകേണ്ടായിരുന്നല്ലോ... സി.ഐ.ആകാമായിരുന്നില്ലേ? 
ഡോക്ടര്‍മാരെ സമൂഹം തങ്ങളുടെ കൂട്ടത്തില്‍ പെടുത്താതെ വെറും പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയില്‍ മുഖ്യ ധാരയില്‍ നിന്നും മാറ്റി നിര്ത്തുന്നു എന്ന് എന്റെ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു (ഞങ്ങളിലും മനുഷ്യരുണ്ട് ). പക്ഷെ ആ അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനു കാരണം മേല്‍പ്പറഞ്ഞ വാര്‍ത്തയില്‍ പറഞ്ഞത് പോലുള്ള കഥാപാത്രങ്ങളാണ്. കഴുത്തില്‍ ഒരു കുഴല്‍ വീണു കിട്ടിയാല്‍ ഏതു വിധേനയും നാല് ചക്രമുണ്ടാക്കുക എന്നത് മാത്രം ജീവിതമന്ത്രമായി കാണുന്ന, ആരുടെ കഴുത്തു വെട്ടിയിട്ടും ഏതു പെണ്ണിന്റെ അവിഹിത ഗര്‍ഭം കലക്കിയിട്ടും സ്കാനിംഗ്-ലാബ് മുതലാളികളുടെ പിച്ചക്കാശിനു വേണ്ടി പാവപ്പെട്ടവര്‍ക്ക് അവരുടെ രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത ടെസ്ടുകള്‍ക്ക് എഴുതിക്കൊടുത്തും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുണ്ടാകുന്ന സര്‍ക്കാര്‍ ശമ്പളം വാങ്ങി പോക്കറ്റിലിട്ടു ജോലിസമയം തീരുന്നതിനും എത്രയോ മുന്‍പ് തന്റെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലേക്ക് ഓടിയും എന്ത് തരികിട നടത്തിയും പണമുണ്ടാക്കുന്ന ഒരു ഡോക്ടര്‍, ഡോക്ടര്‍ ആകുന്നതു പോയിട്ട് ഒരു മനുഷ്യന്‍ ആകാന്‍ പോലും യോഗ്യനല്ല.
കുറച്ചു കാലം മുന്പെല്ലാം ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഒരു പാലമായിട്ടാണ് ജനങ്ങള്‍ ഡോക്ടറെ കണ്ടിരുന്നത്‌. ഇപ്പോള്‍ രോഗത്തിനും നരകത്തിനും ഇടയിലുള്ള പാലമായി അത് മാറിയിരിക്കുന്നു. മൃഗ തുല്യമായ മനസ്സുള്ള ഏതാനും ഭിഷഗ്വരന്മാരുടെ കയ്യിലിരിപ്പ് തന്നെയാണ് അതിനു കാരണം. ഇന്ന് ഡോക്ടര്‍മാരെ തല്ലുന്നതും ആശുപത്രി തല്ലിപ്പൊളിക്കുന്നതും ഒരു സ്ഥിരം കലാപരിപാടി ആയിരിക്കുന്നു. ആഴ്ച യിലൊരിക്കലെങ്കിലും ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാം. സര്‍ജറിക്കിടെ രോഗി മരിക്കുന്നതും പ്രസവത്തില്‍ അമ്മയോ കുഞ്ഞോ മരിക്കുന്നതും ഇടതു കാലിലെ പൊട്ടലിനു വലതുകാലില്‍ പ്ലാസ്ടറിടുന്നതും സര്‍ജറി ചെയ്ത വയറിനുള്ളില്‍ പഞ്ഞിയും മറ്റും മറന്നു വെക്കുന്നതും എല്ലാം കാരണങ്ങളായി കാണാം. ഒന്നുറപ്പാണ്. ഡോക്ടര്‍മാര്‍ ദൈവങ്ങളല്ല. ആയുസ്സ് അവസാനിച്ചാല്‍ പിന്നെ ഡോക്ടര്‍ എന്ത് ചെയ്തിട്ടും കാര്യമല്ല. അതുപോലെ അബദ്ധങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷെ ശ്രദ്ധക്കുറവും നിരുത്തരവാദപരമായ സമീപനവും ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. പണമുണ്ടാക്കാനായി വേണ്ടി മാത്രമല്ലാതെ വെള്ളക്കോട്ടെടുത്തണിഞ്ഞ കുറച്ചു പേരൊക്കെ ഇവിടെയുണ്ട്. ദയവായി പറയിപ്പിക്കരുത്. ശവം അവിടെ കിടന്നോട്ടെ. സല്യൂട് ചെയ്യാനും കാലു പിടിക്കാനുമൊന്നും പറഞ്ഞു ആവശ്യമില്ലാത്ത കച്ചറയുണ്ടാക്കി അതിനെക്കൊണ്ട് വരെ ഡോക്ടറെ തല്ലിക്കരുത്.
ഇതാ മറ്റൊന്ന് കൂടി... എന്റെ സ്വന്തം നാട്... അതേ ആശുപത്രി...

വാല്‍:
ഒന്നാം വര്‍ഷ ബി.എച്.എം.എസ്സിന്റെ ആദ്യ ക്ലാസില്‍ ഞങ്ങളുടെ പഴയ പ്രിന്‍സിപ്പാള്‍ ചോദിച്ചു... "സ്റെതസ്കൊപ്പിന്റെ ഏറ്റവും പ്രധാന ഭാഗം ഏതാണ്‌?" പലരും ഇയര്‍പീസെന്നും ഡയഫ്രമെന്നും നടുവിലെ കുഴലെന്നും മാറി മാറി പറഞ്ഞു.  അവസാനം സാര്‍ തന്നെ ശരിയുത്തരം പറഞ്ഞു...  "രണ്ടു ഇയര്‍പീസുകള്‍ക്കിടയിലുള്ള ഭാഗം!!!"
മനസ്സിലായല്ലോ അല്ലെ?

January 15, 2011

കുഴിയും വോട്ടും

എന്നാലും എന്തൊരു രസമായിരുന്നു ഇന്നലെ വരെ ഈയുള്ളവന്റെ നാട്ടിലെ റോഡിലൂടെ പോകാന്‍... കുറെ കാലമായി സിനിമാറ്റിക് ഡാന്‍സ്‌ പഠിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നത് കുഴി നിറഞ്ഞ റോഡിലൂടെ പോകുമ്പോള്‍ പരിഹരിക്കപ്പെട്ടിരുന്നു. ബസ്സില്‍ പോയാല്‍ പ്രത്യേകിച്ചും. കാറിന്റെ ടയറിനു ഇത്രയും മിനുസമുള്ളതാകാന്‍  കഴിയും എന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. ആഴ്ചയില്‍ ഒരിക്കലെങ്കിലും വര്‍ക്ക് ഷോപ്പില്‍ പോയി അവരുടെ സ്നേഹപ്രകടനം ഏറ്റുവാങ്ങാന്‍ അവസരം തന്നതിന് ആരോട് നന്ദി പറയും എന്ന് കരുതി ഇരിക്കുകയായിരുന്നു. ആ നല്ല കാലം മുഴുവന്‍ പോയില്ലേ?
എന്തായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്നു മുന്‍പ് യു.ഡി.എഫിന്റെ പ്രചാരണ കോലാഹലം? റോഡിലുള്ള കുഴികളുടെ ഫോട്ടോ മുഴുവനെടുത്തു മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുകയായിരുന്നു, എല്‍.ഡി.എഫ്. ഭരിച്ച പഞ്ചായത്തുകളില്‍. അതൊക്കെ കണ്ടു ഈയുള്ളവനും തോന്നി... ഈ റോഡിലൂടെ പോയി വോട്ട്‌ ചെയ്യുന്ന ഒരാള് പോലും എല്‍.ഡി.എഫിന് കുത്തില്ലെന്നു. റിസള്‍ട്ട് വന്നപ്പോള്‍ അത് തന്നെ സംഭവം. മിക്കവാറും പഞ്ചായത്തിലൊക്കെ എല്‍.ഡി.എഫ്. മാന്യമായി തന്നെ തോറ്റു. പിന്നീടല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ് പുടി കിട്ടീത്.    
ഈ വരാന്‍ പോകുന്ന മാര്‍ച്ച് വരെ നടക്കേണ്ട എല്ലാ റോഡു പണികളുടെയും ചെലവിനുള്ള പണം കുറെ മാസം മുന്‍പ് തന്നെ നീക്കി വെച്ചു ടെണ്ടറും വിളിച്ചു കരാര് കൊടുത്തതാ... കരാറുകാരുണ്ടോ അനങ്ങുന്നു? അടുത്ത തവണ ലീഗിനെ കസേരയില്‍ കയറ്റി ഇരുത്താനായി നോമ്പും എടുത്തിരിക്കുകയല്ലേ നൂറില്‍ തൊണ്ണൂറു കരാറുകാരും. പണവും അഴിമതിയും യു.ഡി.എഫും കള്ളപ്പനിയുമെല്ലാമായുള്ള ആ അഭേദ്യമായ ബന്ധമുണ്ടല്ലോ.. ലീഗും കോയി ബിരിയാണീം പോലെ. അതങ്ങ് കേറി ഉഷാറായി. 'എണ്ണക്കമ്പനി ഇച്ഹിച്ചതും കേന്ദ്രം കല്‍പ്പിച്ചതും വിലവര്‍ധന' എന്ന പോലെ കാരണമായി നില്‍ക്കാത്ത മഴ. മഴ ഇടയ്ക്കു നില്‍ക്കുമ്പോള്‍ പണിഞ്ഞൂടെ എന്ന് ചോദിക്കരുത്. പണിയല്‍ തന്നെ ആണല്ലോ അവരുടെയും ഉദ്ദേശ്യം.  പിന്നെ എങ്ങനെ നടക്കും പണി? ഫലമോ? റോഡു നന്നാക്കാത്ത എല്‍.ഡി.എഫിനെതിരെ നാട്ടുകാര്‍ കേറി മേഞ്ഞു.. പോളിംഗ് ബൂത്തില്‍.   
ഇലക്ഷന്‍ റിസള്‍ട്ട് വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തുടങ്ങി പണി... എന്താ ആവേശം. മാര്‍ച്ചിനു മുന്‍പ് പണി തീര്‍ന്നില്ലെങ്കില്‍ ചിക്കിലി കിട്ടില്ലല്ലോ. മെറ്റലിട്ടില്ലെങ്കിലെന്ത്? ടാര്‍ ഒഴിച്ചില്ലെങ്കിലെന്ത്? റോഡിന്റെ വീതി കുറഞ്ഞാലെന്ത്? നിരപ്പായില്ലെങ്കിലെന്ത്? പണി പെട്ടെന്ന് തീര്‍ത്തിട്ട് വേണം എല്‍.ഡി.എഫ്. സര്‍ക്കാര്‍ മികച്ച രീതിയില്‍ ധനകാര്യ മേനെജ്മെന്റ്  നടത്തി  മാര്‍ച്ചില്‍ ട്രെഷറി അടക്കാതെ കൃത്യമായി കൊടുത്തു തീര്‍ക്കുന്ന പണം വാങ്ങി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൊടുക്കാന്‍...മാസമൊന്നു കഴിയുമ്പോഴേക്കും വീണ്ടും കേടു വന്നാലല്ലേ കീശ വീണ്ടും വീര്‍പ്പിക്കാന്‍ പറ്റൂ?  ബാക്കി ഏതെങ്കിലും ചായക്കടയിലിരുന്നു യു.ഡി.എഫ്. നേതാക്കള്‍ നോക്കിക്കോളും. "നമ്മുടെ പാര്‍ട്ടി പഞ്ചായത്ത് ഭരിക്കാന്‍ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല, കണ്ടില്ലേ റോഡൊക്കെ നന്നാക്കിയത്..."
പൊതുജനം എന്നും കഴുതകള്‍ തന്നെ... കുത്തട്ടെ ഇനിയും റോഡ്‌ നന്നാക്കിയ യു.ഡി.എഫിന് വോട്ട്‌.

January 14, 2011

കേരള "മോഷണ" യാത്രയും കേരള "ശിക്ഷാ പട" യാത്രയും.

തെരഞ്ഞെടുപ്പ് ആവാറായി. ഖദറിട്ടവര്‍ക്കൊക്കെ കേരളത്തിന്റെ വടക്കേ അറ്റത്തു മഞ്ചേശ്വരം എന്നൊരു സ്ഥലമുള്ള കാര്യം ഓര്‍മ്മ വന്നു തുടങ്ങി. റോഡരുകിലെ കച്ചവടക്കാര്‍ക്കൊക്കെ കട പൂട്ടേണ്ട അവസ്ഥയായി, പിരിവ് ഭയന്ന്. പതിവ് പോലെ ആദ്യം തുടങ്ങിയത് യു.ഡി.എഫ്. തന്നെ. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞു അരയും തലയും മുറുക്കി അടുത്ത മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പില്‍ പുതിയ നാലഞ്ചു ഖദര്‍ കുപ്പായം വാങ്ങി,  ലാളിത്യം വെളിവാക്കാന്‍ ബ്ലേഡു വെച്ചു കീറി, ചുളിച്ചു വെച്ചിട്ടുണ്ട്. യാത്രയുടെ ഡ്രൈവറായാല്‍ അടുത്ത     മുഖ്യമന്ത്രിയാകാമെന്നാണ് അര്‍ത്ഥമെന്നു കരുതി കുറെ ശിങ്കിടികള്‍ ഇപ്പോളെ പിന്നാലെ കൂടിയിട്ടുണ്ട്. പക്ഷെ അതൊന്നും നടപ്പില്ലെന്ന് വരികള്‍ക്കിടയില്‍ വ്യക്തമാക്കുന്ന രീതിയില്‍ ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തിയപ്പോള്‍ യാത്ര ഇടയ്ക്കു വെച്ചു നിര്‍ത്തി പോകാന്‍ വയ്യാത്ത പരുവത്തിലായി പാവം ചാണ്ടി. രണ്ടു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമത്രേ യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍. ഈ സ്മാര്‍ട്ട് സിറ്റി എന്ന സാധനം   ചാലകമ്പോളത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണോ ഇവരൊക്കെ ചെന്നാല്‍ എടുത്തു കൊണ്ട് വരാന്‍? തിരൂരിലെ ഗള്‍ഫ് ബസാറില്‍ പോലുമില്ല മരുന്നിനു പോലും ഒരു സ്മാര്‍ട്ട് സിറ്റി, പിന്നല്ലേ...
എന്തായാലും കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്നു ചാണ്ടിക്കിപ്പോ രണ്ടാമതും മനസ്സിലായി(ഈച്ചയും ചക്കരയും പോലെ കഴിഞ്ഞ പഴയ ഉറ്റ സ്നേഹിതന്‍ ഇപ്പൊ ഐസ്ക്രീം കണ്ട കുഞ്ഞാലിക്കുട്ടിയെ പോലെ ആണല്ലോ ചാണ്ടിയെ കാണുമ്പോള്‍). ഒന്നും    കാണാതല്ലല്ലോ ചെന്നിത്തലയുടെ പ്രസ്താവന. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നതുപോലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ചാണ്ടി മാത്രമല്ല താനുമുണ്ട് എന്ന് ഗൂഡമായി ചാണ്ടിക്ക് മനസ്സിലാക്കി കൊടുക്കാന്‍ പറ്റി. പോരാത്തതിന് ഇനി കഷ്ടകാലത്തിനു യു.ഡി.എഫ്. വന്നു ചാണ്ടി മുഖ്യമന്ത്രിയായാല്‍ ഭൂലോക പണി കിട്ടുമെന്ന് ഉറപ്പാക്കി കൊടുക്കാനും പറ്റി. ഒന്ന് തന്നെ ഉണ്ടാക്കാന്‍ പറ്റില്ലെന്നുറപ്പുള്ളപ്പോ രണ്ടെണ്ണം ഉണ്ടാക്കും എന്ന് പറഞ്ഞാല്‍ ഉണ്ടാക്കാത്തതിന്റെ പേരുദോഷം മുഴുവന്‍ ഏറ്റുവാങ്ങി ചാണ്ടിയുടെ ജീവിതം കോഞ്ഞാട്ടയാകും എന്ന് മനസ്സിലാക്കാന്‍ പുതിയ നേതാവ് അബ്ദുല്ലക്കുട്ടീടെ ബുദ്ധി മാത്രം മതി.
കേരളത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് സ്വന്തം പാര്‍ട്ടി ഭരിച്ചു മുടിക്കുന്ന ഭാരതത്തെ കൂടി ഒന്ന് മോചിപ്പിക്കാന്‍ യാത്ര പോയിട്ട് ഒരു പ്രസ്താവന എങ്കിലും നടത്താന്‍ ധൈര്യമുണ്ടോ ഈ ഭരണമോഹികള്‍ക്ക്? സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്, ഐ.പി.എല്‍, ഫ്ലാറ്റ്.. പിന്നെ വീണ്ടും വന്ന ബോഫോര്സ്...  ഇനിയും നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ മോഷണങ്ങളുടെ പരമ്പര... കട്ടുമുടിക്കുന്നതിനിടയില്‍ ഭരിക്കാന്‍ മറന്നു പോകുന്നത് കൊണ്ട് വിലയും നാണയപ്പെരുപ്പവും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിന്റെ എണ്ണം പോലെ കൂടിക്കൊണ്ടേ ഇരിക്കുന്നുണ്ട്‌. എന്നാലും പെട്രോള്‍ വില കമ്പനികള്‍ക്ക് തീരുമാനിക്കുന്നതിന് അവസരം കൊടുത്തത് പോലുള്ള തുഗ്ലക്കന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഇഷ്ടം പോലെ സമയവുമുണ്ട്. ഇത്രയൊക്കെ ചെയ്ത കേന്ദ്ര ഭരണ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്ത കേരളസര്‍ക്കാരില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ യാത്ര നടത്തുമ്പോള്‍ വിരോധാഭാസം എന്നല്ലേ പറയാന്‍ പറ്റൂ... ഇനിയിപ്പോ പെരിന്തല്‍മണ്ണ മലപ്പുറത്തിന്റെ ഭാഗമല്ല, പാണക്കാടാണ് മലപ്പുറത്തിന്റെ തലസ്ഥാനം എന്ന് പറയാതെ പറഞ്ഞ ലീഗുകാരെ പോലെ കേരളം ഇന്ത്യയിലല്ല എന്നെങ്ങാന്‍ പറഞ്ഞു കളയുമോ? രണ്ടു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമെന്ന് പറഞ്ഞവര്‍ക്ക് എന്താ പറഞ്ഞു കൂടാത്തത്?
എന്തായാലും സംഭവം തുടങ്ങിയിട്ടുണ്ട്, കൂടെ പതിവ് പോലെ അടിയും.  സ്വീകരണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ വരെ അടി, അപ്പൊ പിന്നെ സ്വീകരണത്തില്‍ എന്തായിരിക്കും പുകില്? കാസര്‍ഗോഡ്‌ മരണവീട് സന്ദര്‍ശിക്കാന്‍ ചെന്ന ചാണ്ടിയെയും പടയെയും ലീഗുകാര്‍ തന്നെ തടഞ്ഞെന്നാണ് വാര്‍ത്ത. കാസര്‍ഗോഡ്‌ എം.എല്‍.ഏ സി.റ്റി.അഹമ്മദലിയോടു "താന്‍ കാസര്‍ഗോട്ടെ എം.എല്‍.ഏ ആണോടോ" എന്ന് വരെ ചോദിച്ചത്രേ ലീഗുകാര്‍. ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ? കെ.കരുണാകരന്റെ ശാപം അത്ര പെട്ടെന്നൊന്നും ഒഴിഞ്ഞു പോകില്ലല്ലോ...
ഇതിനിടയില്‍ വേറൊരു യാത്ര തുടങ്ങാന്‍ കുറേപ്പേര്‍ വടിയും ട്രൌസരുമായി മഞ്ചേശ്വരത്തെക്ക് പോയിട്ടുണ്ട്. ചില്ലറക്കാരല്ല,  കുറച്ചു കൂടിയ പാര്‍ട്ടി ആണ്. സ്വാധീനം കൂടുതലായതു കൊണ്ട് ഇതുവരെ നിയമസഭയില്‍ മഴ വന്നപ്പോള്‍ പോലും കയറി നില്‍ക്കേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരം നമ്മുടെ സ്വന്തം സ്ഥലമാണെന്നാണ് വെപ്പ്. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ അതൊന്നും കാണാറില്ല. അതുകൊണ്ട് ഇത്തവണ  സുരേന്ദ്രന്‍ജിയോട്  നേരത്തെ  തന്നെ പറഞ്ഞു.. അവിടെ പോയി തപസ്സിരുന്നോളാന്‍,  താമര വിരിഞ്ഞില്ലെങ്കിലും ആ ശല്യം എങ്കിലും ഒഴിഞ്ഞു കിട്ടുമല്ലോ...‍. പണ്ടൊക്കെ ഇക്കൂട്ടര്‍ യാത്ര നടത്തുമ്പോള്‍ രഥമായിരുന്നു പ്രധാന കഥാപാത്രം. ആകെപ്പാടെ കളര്‍ഫുള്‍ ആയിരുന്നത് കൊണ്ട് കാണാനൊരു ഗുമ്മുണ്ടായിരുന്നു.  ഇപ്പൊ പിന്നെ രഥമൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയല്ലോ. അത് കൊണ്ട് നടന്നങ്ങു പോയേക്കാമെന്നു കരുതി... പദയാത്ര. ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌? ബി.ജെ.പി ഇപ്പൊ പാവപ്പെട്ട പാര്‍ട്ടി ആണല്ലോ..(പാവപ്പെട്ടവന്റെ പാര്‍ട്ടി അല്ല). കേന്ദ്രത്തില്‍ മേല്‍വിലാസം ഇല്ലാതായിട്ട് കാലം കുറെ കഴിഞ്ഞു. കേരളത്തില്‍ അതൊട്ട്‌ ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല. എന്ന് വെച്ചു പണമില്ലാത്തത് കൊണ്ടാണ് നടന്നു പോകുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. പഴയ പോലെ അടുപ്പമില്ലാതെ നില്‍ക്കുന്ന പരിവാരങ്ങളെ കുറച്ചു ദൂരം പദസഞ്ചലനം നടത്തിയെങ്കിലും അടുപ്പിച്ചേക്കാം എന്ന് കരുതിയാ...
എന്തായാലും മോഷണം ശീലമാക്കിയവരുടെ കേരളമോചനയാത്രയും വര്‍ഗീയത പടര്‍ത്തി കേരളത്തെ ശിക്ഷിച്ച ചരിത്രം മാത്രമുള്ളവരുടെ കേരള രക്ഷാ പദ യാത്രയും കേരളത്തെ എവിടെയൊക്കെ കൊണ്ടെത്തിക്കും എന്ന് കാത്തിരുന്നു കാണാം.

January 07, 2011

ശ്രീനിജനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുക

ഈ നടക്കുന്ന പുകിലൊക്കെ കണ്ടപ്പോള്‍ എനിക്കൊരു സംശയം... ആരാ ഈ ശ്രീനിജന്‍? ഇയാള് കോണ്‍ഗ്രസ്സുകാരന്‍ തന്നെ അല്ലെ? ഇനിയിപ്പോ വല്ല സഖാവുമാണോ? പത്രമായ പത്രത്തിലും ചാനലായ ചാനലിലും എല്ലാം ഒരേ ഒരു ചര്‍ച്ച... സിന്ധൂര സന്ധ്യക്ക്‌ ... സോറി ... സി.പി.എമ്മിന് മൌനം... കള്ളനായ നേതാവും കഞ്ഞി വെച്ച കോണ്‍ഗ്രസ്സുകാരും ഡീസന്റ്, ആ വഴി പോകുന്ന സി.പി.എം എന്തോ വലിയ കുറ്റം ചെയ്ത പോലല്ലേ ഇവന്മാര്‍ എഴുതിപ്പിടിപ്പിച്ചത്‌?  
സി.പി.എം പ്രതികരിക്കണം എന്നാ എല്ലാരുടെയും വാശി... ഈ ജനിതക വിള, ആഗോളവല്‍ക്കരണം, അഴിമതി എന്നിങ്ങനെയുള്ള കാര്യങ്ങളെ എതിര്‍ക്കുക, അവക്കെതിരെ പ്രസ്താവന നടത്തുക, സമരം ചെയ്യുക എന്നിവയെല്ലാം മൊത്തമായി സി.പി.എം നേതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് തോന്നും കഴിഞ്ഞ ഒരാഴ്ചത്തെ മാധ്യമങ്ങള്‍ കണ്ടാല്‍. സി.പി.എം മൌനം വെടിയണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും വായിട്ടലക്കുന്നത്. ആരാ ഈ ശ്രീനിജന്‍? യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി... കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി... ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ ഒരു സംവരണ മണ്ഡലത്തിനായി കരുക്കള്‍ നീക്കുന്നവന്‍... സര്‍വോപരി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്  ശ്രീ.കെ.ജി.ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ്... കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ആ മിടുക്കന്‍ ഒരു പാട് കയറി അങ്ങ് ഉണ്ടാക്കി എന്നാണ് ഏഷ്യാനെറ്റ് കിളച്ചു മാന്തി പുറത്തിട്ട വാര്‍ത്ത. അതിന്റെ പിറ്റേന്നത്തെ ദേശാഭിമാനിയില്‍ തന്നെ ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു.  അന്ന് തന്നെ റ്റി.വി.രാജേഷ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അത് പത്രത്തില്‍ കൊടുത്തില്ലത്രേ. അതുപോലെ നേതാക്കള്‍ പ്രതികരിച്ചില്ലത്രേ...  എന്തൊരു വിഷമം!!
സമ്മതിച്ചു.. പക്ഷെ സ്വന്തം പാര്‍ട്ടിയുടെ നേതാവിന്റെ ലീലാവിലാസങ്ങള്‍ വാര്‍ത്തയായപ്പോള്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു? പുറത്താക്കിയോ? രണ്ടു ദിവസം കാത്തിരുന്നു നോക്കി ശ്രീനിജന്‍, ഒന്ന് പുറത്താക്കി കിട്ടാന്‍. കോടികളുടെ അഴിമതിയില്‍ മുങ്ങി കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസ്സിനാണോ ഈ ചെറിയ അഴിമതിയില്‍ ശ്രദ്ധ? ഒടുക്കം ശ്രീനിജന്‍ തന്നെ അങ്ങ് കയറി രാജി കൊടുത്തു. ഇനിയും നിന്നാല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കള്ളപ്പണം പങ്കു വെക്കേണ്ടി വരുമെന്ന് അവനറിയാം...മിടുക്കന്‍.
കഴിഞ്ഞ അഞ്ചു വര്‍ഷം ശ്രീനിജന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. അന്നുണ്ടാക്കിയതല്ലേ ഈ കോടികള്‍? അപ്പൊ ആ പാര്‍ട്ടിക്ക് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ? കൂടെ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ അല്ലെ പണത്തിന്റെ കണക്കും അറിയൂ... ഇതിപ്പോ ശ്രീനിജന്‍ നോക്കി വെച്ച മണ്ഡലത്തിലേക്ക് കണ്ണും നട്ടിരുന്ന ഒരു പിന്നോക്ക കോണ്‍ഗ്രസ് നേതാവ് തന്നെ നല്‍കിയ പെയ്ഡ് ന്യൂസ് ആണെന്ന് മനസ്സിലാക്കാന്‍ വെറും എം.എം.ഹസ്സന്റെ ബുദ്ധി മതി...
ശ്രീനിജനെ പുറത്താക്കാത്ത കോണ്‍ഗ്രസ്സിനെതിരെയല്ല, പ്രസ്താവന നടത്താത്ത സി.പി.എമ്മിനെതിരെയാണ്  എന്നിട്ടും ഇവരുടെയൊക്കെ  ഹാലിളക്കം. കോടികള്‍ മുക്കിയ സ്പെക്ട്രം, ഐ.പി.എല്‍, കോമന്‍ വെല്‍ത്ത്, പിന്നെ ഇപ്പൊ പിന്നേം പൊങ്ങി വന്ന ബോഫോര്സിന്റെ പ്രേതം, പോരാത്തതിന് ഒടുക്കത്തെ വിലക്കയറ്റം, തോന്നുമ്പോലെ കൂട്ടുന്ന പെട്രോള്‍ വില... ഇതിനൊക്കെ എതിരെ ജനങ്ങളുടെ പക്ഷത്ത് നിന്നു ശക്തമായി പ്രതിഷേധിക്കുന്ന സി.പി.എമ്മിന്റെ ശ്രദ്ധ അതില്‍ നിന്നു തിരിച്ചു കേന്ദ്രത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കണം വാലാട്ടികളായ മാധ്യമ മഹാത്മാക്കള്‍ക്ക്. അതങ്ങ് വീരന്റെയും അച്ചായന്റെയും വീട്ടില്‍ പോയി പറഞ്ഞാല്‍ മതി.പിന്നെ കെ.ജി.ബാലകൃഷ്ണന്‍, അദ്ദേഹത്തെ സി.പി.എം ഭരിക്കുന്ന ഏതെങ്കിലും സര്‍ക്കാരാണോ ചീഫ് ജസ്ടിസും മനുഷ്യാവകാശ കമ്മീഷന്‍  ചെയര്‍മാനും ആക്കിയത്? ചുണയുണ്ടെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെടട്ടെ..  അത് പോലെ ആഗോളവല്‍ക്കരണം വഴി ഇന്ത്യയുടെ കാര്‍ഷിക മേഖല തകര്‍ത്ത കോണ്‍ഗ്രസിനെയല്ല അന്നും ഇന്നും എന്നും എതിര്‍ക്കുന്ന സി.പി.എമ്മിനെയാണ് ജനിതകമാറ്റം വരുത്തിയ വിളകളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഏതെങ്കിലും നേതാക്കളുടെ പ്രസ്താവന അവിടുന്നും ഇവിടുന്നും മുറിച്ചെടുത്തു പുതിയ പാര്‍ട്ടി നയം തന്നെ സൃഷ്ടിക്കും ഈ തിരക്കഥാകൃത്തുക്കള്‍.
ഇത്രയൊക്കെ പ്രതികരിച്ചാല്‍ പോരെ? 

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊക്കെ സി.പി.എമ്മിനുള്ള അംഗീകാരമാണ്. എല്ലാ കൊള്ളരുതായ്മകളെയും എതിര്‍ക്കാന്‍ ഇവിടെ സി.പി.എം മാത്രമേ ഉള്ളൂ എന്ന അംഗീകാരം... എതിര്‍ക്കെണ്ടത് ആരെ ആയാലും എന്തിനെ ആയാലും മുഖം നോക്കാതെ എതിര്‍ക്കാന്‍ സി.പി.എമ്മിനെ ഒരു ഏറാന്‍ മൂളി മാധ്യമ കൂലിപ്പട്ടാളവും പഠിപ്പിക്കേണ്ട.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം