ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 20, 2011

ജാലിയന്‍വാലാബാഗിലേക്കു ഒരു എത്തിനോട്ടം

"ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏട്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ ചലനമറ്റു വീണു മണ്ണ് ചുവപ്പിച്ചവരുടെ സ്മരണക്കു മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കട്ടെ... ജാലിയന്‍വാലാബാഗിലേക്കു ഒരു എത്തിനോട്ടം" കോളേജ് ഡേയില്‍ ആട്ടവും പാട്ടും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് ഹൌസ് സര്‍ജന്മാരായ ഞങ്ങള്‍ക്കും എന്തെങ്കിലും പരിപാടി അവതരിപ്പിച്ചു ഷൈന്‍ ചെയ്യണമെന്ന ഉത്ക്കടമായ പൂതി മനസ്സില്‍ വന്നത്. കോളേജിലെ അവസാന പരിപാടിയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ സ്റ്റേജിനു പിന്നിലേക്ക്‌. 
വെറും അഞ്ചു മിനിട്ടിന്റെ റിഹേര്‍സല്‍ പോലും വേണ്ടായിരുന്നു അസാമാന്യ പ്രതിഭകളായ ഞങ്ങള്‍ക്ക് ഒരു പരിപാടി അവതരിപ്പിക്കാന്‍. ഉടനെ കേറി നേരത്തെ കേട്ട അനൌണ്‍സ്മെന്റും കാച്ചി. പക്ഷെ പരിപാടിക്ക് വേണ്ട ഒരു അത്യാവശ്യ അസംസ്കൃത വസ്തു കയ്യിലില്ലായിരുന്നു എന്ന് അപ്പോളാണ് ഓര്‍ത്തത്‌. ഞാന്‍ ഉടനെ അതെടുക്കാനായി തൊട്ടടുത്തുള്ള ഹൌസ് സര്‍ജന്‍സ്  റൂമിലേക്കോടി. സംഭവം സംഘടിപ്പിച്ചു തിരിച്ചോടി വന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയം പിളര്‍ക്കുന്നതായിരുന്നു... ഈയുള്ളവനെ കൂട്ടാതെ മറ്റു ദുഷ്ടന്മാര്‍ സ്റ്റേജില്‍ കയറി പരിപാടി തുടങ്ങി... ഹൌസ് സര്‍ജന്‍സ് റൂമില്‍ നിന്ന് ചൂണ്ടിയ സഹപാഠിനിയുടെ "ബാഗ്" ഈയുള്ളവന്റെ കയ്യിലിരുന്നു കണ്ണീര്‍ പൊഴിച്ചു. ജാലിയന്‍വാലാബാഗിലേക്കു എത്തിനോക്കാന്‍ ഒരു ബാഗ് കൊണ്ടുവരുന്നത് വരെ എങ്കിലും കാക്കാന്‍ കശ്മലന്മാര്‍ക്ക്‌ സമയമുണ്ടായില്ല. എവിടുന്നോ കിട്ടിയ പ്ലാസ്റ്റിക് കവറും കയ്യില്‍ പിടിച്ചു നാലുപേരും അതിലേക്കു എത്തിനോക്കി കൊണ്ട് നില്‍ക്കുന്നു സ്റ്റേജില്‍... കാണികളുടെ കൂവല്‍ അരങ്ങു തകര്‍ക്കുന്നു. പെട്ടെന്ന് കര്‍ട്ടന്‍ ഇട്ടതു കൊണ്ട് തക്കാളിയും ചീമുട്ടയും ഒന്നും കിട്ടിയില്ല.
ഈയുള്ളവന്‍ വിടുമോ? ബാഗും പിടിച്ചു നേരെ കയറി അനൌന്സറുടെ അടുത്തേക്ക്. ഒരു പ്രധാന അനൌണ്‍സ്മെന്റ് ഉണ്ടെന്നു പറഞ്ഞു മൈക്ക് പിടിച്ചു വാങ്ങി എടുത്തലക്കി..."എത്തിനോക്കിയ വൃത്തികെട്ടവന്മാരുടെ നോട്ടം ശരിയല്ലാത്തതുകൊണ്ട് നേരത്തെ നടന്ന എത്തിനോട്ടത്തില്‍ ചില പാകപ്പിഴകള്‍ വന്നതില്‍ ഖേദിക്കുന്നു. നിങ്ങള്‍ക്കു മുന്നില്‍ അഭിമാനപുരസ്സരം  ഇതാ   അവതരിപ്പിക്കുന്നു... ജാലിയയന്‍വാലാബാഗിലേക്ക് വീണ്ടും ഒരു എത്തിനോട്ടം". കര്‍ട്ടന്‍ പൊക്കാനിരുന്നവനു സിഗ്നല്‍ കൊടുത്ത്‌ ഞാന്‍ നേരെ സ്റ്റേജിന്റെ നടുവില്‍പോയി നിന്നു. കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ കാണികള്‍ക്ക് മുന്നില്‍ ഒരു അസാമാന്യ കലാസൃഷ്ടി ഇതള്‍ വിരിഞ്ഞു...ജാലിയന്‍ വാലാ"ബാഗി"ലേക്ക്  ഒരു എത്തിനോട്ടം. അടുത്ത നൃത്തം അവതരിപ്പിക്കാന്‍ ഊഴം കാത്തു സ്റ്റേജിനു പിന്നില്‍ കാത്തുനിന്നിരുന്ന സഹപാഠിനി അറിയാതെ വിളിച്ചു പറഞ്ഞത് ആ കൂവലിനിടയിലും ഞാന്‍ കേട്ടു..."ദുഷ്ടാ, എന്റെ ബാഗ്".

February 18, 2011

പുതുമുഖക്കാലം

കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാ ദിവസവും സെക്കണ്ട് ഷോക്ക് പോകാന്‍ എന്ത് വഴി എന്നാലോചിക്കുന്നവനും  ആഴ്ചയില്‍ മൂന്നു പടമെങ്കിലും കണ്ടില്ലെങ്കില്‍ ഉറക്കം വരാത്തവനുമായിരുന്ന ഈയുള്ളവന്‍ എന്ന   സിനിമാപ്പിരാന്തന്‍ ഇന്ന് മാസത്തില്‍ ഒരു സിനിമ പോലും തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത ദുസ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ്. സമയക്കുറവു തന്നെ പ്രധാന കാരണം. പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്തു പടത്തിനു പോയാലും പരീക്ഷ അടുക്കുമ്പോള്‍ എങ്ങനെയെങ്കിലും ഉറക്കമൊഴിച്ചു പഠിച്ചു പാസാകാമായിരുന്നു. ഇന്ന് പക്ഷെ ക്ലിനിക് അടച്ചിട്ടു പടത്തിനു പോയാല്‍ രോഗികള്‍ വല്ല വഴിക്കും പോയി ഈയുള്ളവന്റെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് ബ്ലോഗുകളിലും മാധ്യമങ്ങളിലും എല്ലാം വരുന്ന നിരൂപണം വായിച്ചു നല്ലതെന്ന് തോന്നുന്ന പടങ്ങള്‍ എങ്ങനെയെങ്കിലും പോയി കാണും. അത്ര മാത്രം. പിന്നെ ഒരേയൊരു രക്ഷ ഡൌണ്‍ലോഡ് ചെയ്യലാണ്. വ്യാജ സി.ഡി.യോട് യോജിപ്പില്ലെങ്കിലും പല നല്ല സിനിമകളും ദിവസങ്ങള്‍ക്കുള്ളില്‍ തീയറ്ററില്‍ നിന്ന് മാറുമ്പോള്‍ വേറെ എന്ത് വഴി?  
ഏറെ നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും തിരൂര്‍ക്കാരുടെ 'ഉയര്‍ന്ന' ആസ്വാദന നിലവാരം കൊണ്ട് കേവലം ഒരാഴ്ച കൊണ്ട് തീയറ്ററില്‍ നിന്ന് പുറത്തായത് മൂലം കാണാന്‍ അവസരം ലഭിക്കാതിരുന്ന ഒരു നല്ല സിനിമ -"കോക്ടെയില്‍" കഴിഞ്ഞ ദിവസം ഡൌണ്‍ ലോഡ് ചെയ്തു കാണാന്‍ ഭാഗ്യം സിദ്ധിച്ചതാണ് ഇത്രയും എഴുതാന്‍ കാരണം. അരുണ്‍ കുമാര്‍ എന്നാ പുതുമുഖ സംവിധായകന്‍ ആ സബ്ജക്റ്റ് കൈകാര്യം ചെയ്ത രീതി "കഥയില്ലാ" എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന, സ്വന്തം കഴിവുകേടിന് അന്യഭാഷാ ചിത്രങ്ങളുടെ വരവിനേയും ചാനലുകളേയും സ്റ്റേജ് ഷോകളെയും സര്‍വോപരി കൂടെ നില്‍ക്കുന്നവരെയും പഴിചാരി രക്ഷപ്പെടുന്ന, നിര്‍മ്മാതാവിന്റെ കീശ കാലിയാക്കി കുത്തുപാള എടുപ്പിക്കാന്‍ മാത്രം ഉപയോഗപ്പെടുന്ന ചിത്രങ്ങളെടുത്ത് മലയാള സിനിമയെ പരിപോഷിപ്പിക്കുന്ന, സംവിധായക പ്രതിഭകള്‍ ഒന്ന് കണ്ടുപഠിക്കട്ടെ. ഒരു സാധാരണ കഥ തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ച്‌, മികച്ച കാസ്റ്റിംഗ് നടത്തി, അതിഭാവുകത്വമോ അനാവശ്യമായ രംഗങ്ങളോ  ഗ്ലാമര്‍ പ്രദര്‍ശനത്തിനു മാത്രമുള്ള ഗാനങ്ങളോ സാമാന്യബുദ്ധിക്ക് നിരക്കാത്ത സംഘട്ടനങ്ങളോ ഏച്ച് കൂട്ടാതെ ചെയ്ത ആ സംവിധാനത്തിന് കൊടുക്കണം നൂറു മാര്‍ക്ക്. ഇതായിരിക്കണം സിനിമ. ഈ പടത്തെക്കുറിച്ച് ഒരുപാട് നിരൂപണങ്ങള്‍ വന്ന ഈ വൈകിയ വേളയില്‍ ഞാന്‍ അതിനു തുനിയുന്നില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ച അഭൂതപൂര്‍വ്വമായ മാറ്റം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തിലേക്ക്  എത്തിത്തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രം.  
എല്ലാ വര്‍ഷവും ജനുവരിയില്‍ ആദ്യ ആഴ്ച സിനിമാ പ്രസിദ്ധീകരണങ്ങള്‍ ആ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളുടെ കണക്കെടുപ്പും വിശകലനവും നടത്തുമ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന് നാന്ദി കുറിക്കാനെത്തിയ" എന്നെല്ലാം ആലങ്കാരികമായി പറഞ്ഞു കുറെ പുതുമുഖങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തുടക്കത്തിലേ ആളിക്കത്തല്‍ അണയാന്‍ പോകുന്നതിന്റെ കൂടി ലക്ഷണമായി മാറാറാണ്‌ പതിവ്. എന്നാല്‍ 2010 തികച്ചും വ്യത്യസ്തമാണ്. കേവലം കുറെ പുതുമുഖ അഭിനേതാക്കളല്ല, സിനിമയെ സ്നേഹിച്ചു സിനിമയെടുക്കുന്നു എന്ന തോന്നല്‍ പ്രേക്ഷക മനസ്സില്‍ ഉളവാക്കാന്‍ പോന്ന ഒരു പറ്റം പുതുമുഖ സംവിധായകരാണ് പോയ വര്‍ഷം മലയാള സിനിമയുടെ ഐശ്വര്യം. അവര്‍ക്കൊപ്പം ചേരുന്ന പുതിയ നടീനടന്മാര്‍ ആ ഐശ്വര്യം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 89  ചിത്രങ്ങളില്‍ 37 എണ്ണവും ചെയ്തത് പുതുമുഖ സംവിധായകരാണ് എന്നത് തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു പുതിയ കാര്യമാണ്. അതിലും ശ്രദ്ധേയമായ കാര്യം കമേഴ്സ്യല്‍ വിജയം നേടിയ 15 ചിത്രങ്ങളെടുത്താല്‍ അഞ്ചെണ്ണവും - മലര്‍വാടി ആര്‍ട്സ് ക്ലബ്(വിനീത് ശ്രീനിവാസന്‍), പോക്കിരിരാജ(വൈശാഖ്), കാര്യസ്ഥന്‍  (തോംസന്‍‍)‍, ബെസ്റ്റ് ആക്ടര്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട് )‍, പാപ്പീ അപ്പച്ചാ(മമാസ്) - സംവിധാനം ചെയ്തത് പുതുമുഖങ്ങളാണ്. താന്തോന്നി(ജോര്‍ജ് വര്‍ഗീസ്‌), സകുടുംബം ശ്യാമള(രാധാകൃഷ്ണന്‍ മംഗലത്ത്) തുടങ്ങിയവയും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കലാപരമായ മേന്മ പുലര്‍ത്തിയ ചിത്രങ്ങളില്‍ ഷാജി.എന്‍.കരുണിന്റെ കുട്ടിസ്രാങ്ക് കഴിഞ്ഞാല്‍ മികച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ -  ടി.ഡി.ദാസന്‍(മോഹന്‍ രാഘവന്‍), ആത്മകഥ(പ്രേംലാല്‍), കോക് ടെയില്‍(അരുണ്‍ കുമാര്‍) - നവാഗതരുടെതാണ്. ജനകന്‍(സഞ്ജീവ് .എന്‍.ആര്‍), പുണ്യം അഹം(രാജ് നായര്‍), നായകന്‍(ലിജോ ജോസ് പെല്ലിശ്ശേരി) തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടുത്താം. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാത്രം ചിത്രങ്ങളെടുത്ത സജി സുരേന്ദ്രന്‍(ഹാപ്പി ഹസ്ബണ്ട്സ്), ജിത്തു ജോസഫ്(മമ്മി & മി), ഷാജി അസീസ്‌(ഒരിടത്തൊരു പോസ്റ്റ് മാന്‍), ഡോ.എസ്.ജനാര്‍ദ്ധനന്‍(സഹസ്രം) എന്നിവരും ശ്രദ്ധിക്കപ്പെട്ടു. പേരെടുത്ത സംവിധായകര്‍ ഫീല്‍ഡില്‍ നിന്ന് പുറന്തളളപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയൊക്കെ നേടിയെടുത്ത ഈ നവാഗതര്‍ മലയാള സിനിമയുടെ തകര്‍ന്ന അടിത്തറ കുറച്ചെങ്കിലും നേരെയാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
സംവിധായകര്‍ മാത്രമല്ല, കഴിവുള്ള കുറെ പുതിയ താരങ്ങളും ബിഗ്സ്ക്രീനില്‍ മുഖം പതിപ്പിക്കാന്‍ തുടങ്ങി. മലര്‍വാടി ആര്‍ട്സ് ക്ലബ്, ടൂര്‍ണമെന്റ്, അപൂര്‍വ രാഗം, നായകന്‍, സകുടുംബം ശ്യാമള, യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പുതുമുഖങ്ങളെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു. ആസിഫ് അലി, നിഷാന്‍, റീമ, അര്‍ച്ചന കവി തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ ആന്‍ അഗസ്റ്റിന്‍, അഖില എന്നീ പുതുമുഖ നായികമാര്‍ ഇനിയും ഏറെ ദൂരം മലയാള സിനിമക്കൊപ്പം പോകും എന്ന പ്രതീക്ഷ നല്‍കുന്നു.   
ഈ പ്രതീക്ഷകള്‍ മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഇവരൊന്നും കേവലം ആദ്യചിത്രത്തില്‍ മാത്രം മിന്നിപ്പോകുന്ന നക്ഷത്രങ്ങളായി മാറാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഏറെ കാലം മനസ്സില്‍ കൊണ്ട് നടന്നു ഊതിക്കാച്ചിയെടുത്ത ഒരു തീം സിനിമയാക്കുന്ന പുതുമുഖങ്ങള്‍ തുടര്‍ന്നെടുക്കുന്ന ചിത്രങ്ങള്‍ ആ നിലവാരത്തിലേക്കെത്താത്ത ചരിത്രം നാം കണ്ടിട്ടുള്ളതാണ്. 'പാസഞ്ചര്‍' എടുത്ത രഞ്ജിത്ത് ശങ്കറിന്റെ 'അര്‍ജുനന്‍ സാക്ഷി'യും 'ഉദയനാണ് താരം' എടുത്ത റോഷന്‍ ആണ്ട്രൂസിന്റെ 'നോട്ബുക്കും' പോലെ ആകാതെ കൂടുതല്‍ മികച്ച ചിത്രങ്ങളോടെ രഞ്ജിത്തും ലാല്‍ജോസും പുതുമുഖങ്ങളെ കൂട്ടുപിടിച്ച് വിജയവഴിയിലെത്തിയ സിബിയും എല്ലാം നയിക്കുന്ന മലയാള സിനിമയില്‍ നാളത്തെ നെടും തൂണുകളാകാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷക്കു വകയുണ്ട്. 'കോക് ടെയിലിലും' 'ബെസ്റ്റ് ആക്ടറിലും' എല്ലാം അവസാനിച്ച 2010-നു ശേഷം 2011 ആരംഭിച്ചത് "ട്രാഫിക്കു"മായി ആകുമ്പോള്‍ പ്രത്യേകിച്ചും.

February 15, 2011

അല്‍പ്പം സോപ്പുപത

ഇന്നൊരു വല്ല്യുമ്മ വന്നു ഡിസ്പെന്സറിയില്. അസുഖം ദേഹത്ത് ചെറിയ ചൊറി. ഒരു തരം എക്സിമ. മരുന്നെഴുതിയതിനൊപ്പം ഞാന്‍ 'ഫ്രീ' ആയി (പഞ്ചായത്ത് ഡിസ്പെന്സറിയായത് കൊണ്ട് മരുന്നും ഫ്രീ ആണ്. എങ്കിലും വികസന സമിതി തീരുമാനം പ്രകാരം രണ്ടു രൂപ സംഭാവന   വാങ്ങുന്നുണ്ട്. ഈയുള്ളവന്റെ കെട്ട്യോള്‍ സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമായി ആ പരിസരത്തുള്ള വീട്ടില്‍ പോയപ്പോള്‍ ഒരു വെയിറ്റിനു - അവളുടെ സ്കൂളും ആ നാട്ടില്‍ തന്നെ ആയതുകൊണ്ട് വേറൊരു വെയിറ്റ് ആവശ്യമില്ല, എങ്കിലും കിടക്കട്ടെ ഒരു പണി - കെട്ട്യോന്‍ അവിടുത്തെ ഹോമിയോ ഡിസ്പെന്സറിയില്‍ മെഡിക്കല്‍ ഓഫീസറാണെന്ന് കാച്ചി. ഉടന്‍ എല്ലാരും കോറസ്സില്‍ ഒറ്റ ചോദ്യം..."ആ രണ്ടു രൂപ പെട്ടീലിട്ടാല്‍ പഞ്ചാരഗുളിക കിട്ടുന്ന സ്ഥലമല്ലേ?" ഡിം!!! എന്തായാലും ദോഷം പറയരുതല്ലോ... നൂറ്റി ഇരുപതും നൂറ്റി മുപ്പതും ഒക്കെ ആണ് ദിവസേന രോഗികളുടെ എണ്ണം.) ഒരുപദേശം കൊടുത്തു... "ദേഹത്ത് സോപ്പധികം തേക്കണ്ട...". ഉടനെ വന്നു മറുപടി.. " മോനെ, ഞമ്മടെ പെരേല് എല്ലാരും ചന്ദ്രികാ സോപ്പ് മാത്രേ തേക്കാറുള്ളൂ". ഞാന്‍ ചോദിച്ചു"അതെന്താ ചന്ദ്രികാ സോപ്പിനു പ്രത്യേകത?". വല്ല്യുമ്മയുടെ മറുപടി... "ഇന്റെ മമ്മതിന്റെ ബാപ്പ ഉള്ളപ്പം മൊതല് ഞമ്മടെ പെരേല് ചന്ദ്രിക  പത്രൂം ചന്ദ്രിക സോപ്പും ഒക്കെ തന്നേയ് വാങ്ങാറുള്ളൂ..."   
ഇത് ഞാന്‍ ലീഗുകാരെ കളിയാക്കാന്‍ എഴുതിയതല്ല, സത്യം. ഞാനിന്നു ചിരിച്ച ചിരി മറ്റുള്ളവരും ചിരിക്കട്ടെ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.. ചിരി ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണല്ലോ.. ഇനി ആര്‍ക്കെങ്കിലും ചിരി വന്നില്ലെങ്കില്‍ അങ്ങ് ക്ഷമിച്ചുകള.. എന്തായാലും ചന്ദ്രികാ സോപ്പിനു ആ പേരും പച്ചനിറവും കൊടുക്കാന്‍   തോന്നിയ ടൈം ആണ് ടൈം.
വാല്‍:
ഒന്നുരണ്ടു വര്‍ഷം മുന്‍പ് ഒരു അച്ചാറിന്റെ പരസ്യം കണ്ടിരുന്നു റ്റി.വി.യില്‍..."ലാല്‍സലാം". നല്ല ചുവപ്പ് നിറവും എരിവും ഉണ്ടെങ്കിലും ആ വണ്ടി അധികം ഓടും മുന്‍പ് കട്ടപ്പുറത്തായെന്നു തോന്നുന്നു.

February 13, 2011

പ്രേമിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക്...

ഇന്ന് പ്രണയദിനം... 
വല്ലവനും വന്നു രണ്ടു പഞ്ചാരവാക്ക് പറയുമ്പോഴേക്കും അവന്റെ കാമുകിയായി സ്വയം അവരോധിച്ചു ഐസ്ക്രീമിലും സിനിമയിലും ബൈക്കിനു പിന്നിലുള്ള യാത്രയിലും തുടങ്ങി ഒടുവില്‍ ഏതെങ്കിലും ലോഡ്ജിലെ മുറിയില്‍ അവന്റെ മൊബൈല്‍ കണ്ണിനു മുന്നില്‍ ഉടുത്തതെല്ലാം ഊരിയെറിഞ്ഞു അര്‍മാദിച്ചു യു ട്യൂബിലെ അനേകം നായികമാരിലൊരാളാകാനും ബ്ലൂടൂത്തില്‍ നിന്നും ബ്ലൂടൂത്തിലേക്ക് ചിറകുവിരിക്കുന്ന ലൈംഗികചൂഷണ മാഫിയയുടെ ഇരയാകാനും ഒടുവില്‍ വീടിന്റെ അടുക്കളഭാഗത്ത്‌ മാറി നിന്നു ചര്ദിക്കാനും ഒരു മുഴം കയറില്‍ ട്രപ്പീസുകളിക്കാനും ഭാഗ്യം സിദ്ധിച്ച അനശ്വര കാമുകിമാര്‍ക്കും...
ആ വഴിയില്‍ ഇനിയും പോകാന്‍ കാമുകന് വേണ്ടി കാത്തിരിക്കുന്ന യുവ കോമളാംഗികള്‍ക്കും... 
രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അന്ന് വളക്കേണ്ട പെണ്‍പിള്ളേരുടെയും മുന്‍പ് വളച്ചു വെച്ച ഇനി ഒടിക്കാന്‍ ബാക്കി കിടക്കുന്ന   പെണ്‍പിള്ളേരുടെയും ലിസ്റ്റ് ജീന്‍സിന്റെ രണ്ടു പോക്കറ്റിലായി സൂക്ഷിച്ച്‌, കാമുകിമാരെ  കൂട്ടിക്കൊടുക്കാന്‍ കിട്ടേണ്ട ചില്ലിക്കാശിന്റെ കണക്കു കൂട്ടി, ഏറ്റവും നല്ല മൊബൈല്‍ ക്യാമറ കയ്യിലുള്ളവനാണ് ഏറ്റവും നല്ല കാമുകന്‍ എന്ന് സമൂഹത്തിനു  കാഴ്ച്ചപ്പാടുണ്ടാക്കിയ, കലാപരിപാടി കഴിഞ്ഞാല്‍ കാമുകിയെ ആലുവാമണപ്പുറത്തു കണ്ട പരിചയം പോലും നടിക്കാതെ അടുത്ത ലാവണത്തിലേക്ക് കൂടുവിട്ടു കൂട് മാറുന്ന ഉശിരന്‍ കാമുകന്മാര്‍ക്കും...
അവന്മാര്‍ക്കും അവളുമാര്‍ക്കും ജന്മം കൊടുത്തു എന്ന ഒറ്റ കാരണം കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെട്ട് വീട്ടിനു പുറത്തിറങ്ങാതെ ഇരിക്കേണ്ടി വരുന്ന തന്തമാര്‍ക്കും തള്ളമാര്‍ക്കും...
ഇന്നത്തെ ദിവസം ആഗോള പ്രണയദിനത്തിന്റെ ആശംസകള്‍ നേരുന്നു...
ഒരപേക്ഷ മാത്രം...
പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.

February 06, 2011

ഈ ജീവന് ഉത്തരവാദി റെയില്‍വേ..

ഒരു പെണ്‍കുട്ടി കൂടി വെള്ള പുതപ്പിക്കപ്പെട്ടിരിക്കുന്നു. പത്രതാളുകളില്‍ ദിവസേന വായിച്ചു രസിച്ചു തള്ളിക്കളയുന്ന പീഡനവാര്‍ത്തകള്‍ക്കിടയില്‍ ഒന്ന് കൂടി - അത്രമാത്രമേ ഇതിനും ആയുസ്സുണ്ടാവൂ... "അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന രീതിയില്‍" ആഘോഷിക്കാന്‍ മറ്റൊരു സെന്‍സേഷനല്‍ ന്യൂസ് കിട്ടുമ്പോള്‍ മാധ്യമപ്പട മുഴുവന്‍ ആ വഴി വെച്ചടിക്കും. ചാനലുകളിലെ ചര്‍ച്ചാ വിദഗ്ധര്‍ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ വാഗ്ധോരണികള്‍ വാരിവിതറി വെട്ടിത്തിളങ്ങും.അപ്പോളേക്കും സൌമ്യ എന്ന പാവം പെണ്‍കുട്ടിയുടെ ചിതയിലെ അവസാന തീപ്പൊരിയും അണഞ്ഞിരിക്കും.  
ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചവനെ പറ്റിയോ കേരളത്തില്‍ പെരുകി വരുന്ന പീഡനങ്ങളെ പറ്റിയോ ഈയുള്ളവന് യാതൊന്നും പറയാനില്ല. കാരണം പൂര്‍ണമായും ഭ്രാന്താലയമായി മാറിക്കഴിഞ്ഞ ഒരു നാടിനെയും അവിടുത്തെ എന്ത് ക്രൂരത കണ്ടാലും സ്വന്തം കാര്യം മാത്രം നോക്കി മിണ്ടാതിരിക്കുന്ന നിസ്സംഗരായ  ജനസമൂഹത്തെ കുറിച്ചും എന്ത് പറയാന്‍? നിയമം കൊണ്ടും ഉപദേശം കൊണ്ടും എല്ലാം നാട്ടുകാരെ നന്നാക്കാന്‍ പറ്റുന്ന കാലമൊക്കെ കഴിഞ്ഞു. എന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ - എല്ലാ തവണയും ആവര്‍ത്തിക്കപ്പെടാറുള്ള വാഗ്ദാനങ്ങള്‍ക്ക് ഉപരിയായി - നടപ്പാക്കാന്‍ അധികാരികള്‍ ഇനിയെങ്കിലും ശ്രമിക്കണം. ഈ ദുരന്തത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് തീര്‍ച്ചയായും റെയില്‍വേ തന്നെയാണ്. യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത രീതിയിലാണ് റെയില്‍വേ പെരുമാറുന്നത്. ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറിക്കഴിഞ്ഞു ഇറങ്ങുന്നത് വരെ എന്തും നേരിടാന്‍ തയ്യാറാകണം നമ്മള്‍ എന്ന അവസ്ഥയാണ് ഇന്ന്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന വിഡ്ഢികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലായിരിക്കും എന്ന പരിഗണനയെങ്കിലും നമുക്ക് ലഭിക്കണം.  
കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടിലേക്കും തിരിച്ചും കേരളത്തിലൂടെ കടന്നു പോകുന്ന ചെന്നൈ  മെയില്‍, കോയമ്പത്തൂര്‍ - മംഗലാപുരം ഫാസ്റ്റ്  പാസഞ്ചറുകള്‍ തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകളില്‍ അന്യസംസ്ഥാന യാത്രക്കാരുടെ - പ്രത്യേകിച്ചും ടിക്കറ്റെടുക്കാത്ത യാചകരുടെയും മറ്റും - ശല്യം കൊണ്ട് കയറിപ്പറ്റാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. ബസ് ചാര്‍ജ് കൂടിയ ശേഷം ഇന്ന് ഭൂരിപക്ഷം മലയാളികളും യാത്രക്കായി ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണെങ്കില്‍ ആവശ്യത്തിനു ബോഗികള്‍ ഇല്ലാത്തതിനാല്‍ വാതില്‍പ്പടിയില്‍ തൂങ്ങി 
ജീവന്‍ പോക്കറ്റിലിട്ടു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ടിക്കറ്റുണ്ടെങ്കിലും ട്രെയിനില്‍  കാലെടുത്തുകുത്താന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്ലാട്ഫോമില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നത് തിരൂര്‍, കുറ്റിപ്പുറം സ്റെഷനുകളില്‍ - പ്രത്യേകിച്ചും രാവിലത്തെ തൃശ്ശൂര്‍ - കണ്ണൂര്‍ പാസഞ്ചറിന്റെ സമയത്ത് നിത്യകാഴ്ചയാണ്‌. പെരുന്നാള്‍ കഴിഞ്ഞുള്ള ദിവസങ്ങളില്‍ വീഗാലാന്‍ഡില്‍ പോകാനായി തിരൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാത്തുനില്‍ക്കുന്ന യാത്രക്കാരെ കണ്ടാല്‍ ആ വലിപ്പത്തില്‍ മൂന്നു ട്രെയിനെങ്കിലും വേണ്ടി വരുമെന്ന് തോന്നും. ടിക്കറ്റ് കൌണ്ടറില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ വണ്ടി വരുന്നതിനു അരമണിക്കൂറെങ്കിലും മുന്‍പ് വന്നിട്ട് പോലും ടിക്കറ്റെടുക്കാന്‍ കഴിയാത്തത് തിരൂരില്‍ നിത്യ സംഭവമാണ്. നാല് കൌണ്ടറുകള്‍ ഉള്ളതില്‍ പലപ്പോഴും ഒന്ന് മാത്രമേ തുറക്കാറുള്ളൂ. വണ്ടി ലേറ്റുണ്ടോ എന്നോ ട്രെയിന്‍ സംബന്ധമായ മറ്റു കാര്യങ്ങളോ വിളിച്ചു ചോദിക്കാമെന്നു വെച്ചാല്‍ ഒരു കാലത്തും തിരൂര്‍ സ്റെഷനിലെ ഫോണ്‍ എടുക്കാറില്ല. ഇതെല്ലാം സഹിച്ചു ട്രെയിനില്‍ കയറിയാലോ? സീറ്റ് പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലും സ്ഥലമുണ്ടാകില്ല. ഈ തിരക്കുകള്‍ക്കിടയില്‍ ഒന്ന് ബാത്ത് റൂമില്‍ പോകണമെങ്കിലോ? ഞെളിയന്‍പറമ്പിനേക്കാള്‍ കഷ്ടമാണ് കേരളത്തിലെ ഭൂരിപക്ഷം ട്രെയിനുകളിലെയും ടോയിലറ്റുകള്‍. "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി" എന്ന് പറഞ്ഞ പോലെ പൊതുകക്കൂസുകളില്‍ ഒന്നിന് പോയാല്‍  വെള്ളമൊഴിക്കുന്ന (രണ്ടിന് പോയാലും) ശീലം ഇല്ലാത്ത മലയാളിക്ക് (പലപ്പോഴും വെള്ളം ഉണ്ടാകാറില്ല ട്രെയിനില്‍ എന്നത് വേറെ കാര്യം)ഒരിക്കലും ടോയിലെറ്റു വൃത്തിയാക്കാന്‍ വരാത്ത റെയില്‍വേ ജീവനക്കാര്‍ തുണ - പിന്നെ "ട്രെയിനെന്നു കേട്ടാലെ ദുര്‍ഗന്ധപൂരിതമാകണം അന്തരംഗം" എന്ന് മനസ്സില്‍ പാടുകയല്ലേ വഴിയുള്ളൂ? ടോയിലെറ്റിന്റെ കാര്യം പോട്ടെ... സീറ്റിനടിയില്‍ നിന്നും അരിച്ചു വരുന്ന പാറ്റയേയും മറ്റു ക്ഷുദ്രജീവികളെയും ഈ തീവണ്ടി വൃത്തിയാക്കല്‍ ജീവനക്കാര്‍ ഒരിക്കലും കാണാറില്ല എന്ന് തോന്നുന്നു. മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട... ഗോസായിമാര്‍ക്ക് യാത്ര ചെയ്തു മടുക്കുമ്പോള്‍ കേരളത്തിലേക്ക് തരുന്ന ബോഗികളില്‍ പലതിലും കുട ചൂടിയെ ഇരിക്കാന്‍ കഴിയൂ... ഇതിനൊക്കെയിടയില്‍ എന്തെങ്കിലും അപകടം പിണഞ്ഞാല്‍ റെയില്‍വേ കൈമലര്‍ത്തുകയും ചെയ്യും. കഴിഞ്ഞ ആഴ്ച പടക്ക ശാല ദുരന്തം നടന്നപ്പോള്‍ കടന്നുപോയ ട്രെയിനില്‍ നിന്നും സ്ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചു വീണു കാലു മുറിച്ചു മാറ്റേണ്ടിവന്ന ഉത്തരേന്ത്യക്കാരന്‍ റെയില്‍വേയുടെ കണക്കില്‍ പെട്ടിട്ടില്ലെന്ന വാര്‍ത്ത നമ്മള്‍ കണ്ടതാണല്ലോ.
ഇതൊക്കെ സൌകര്യത്തിന്റെ അപര്യാപ്തത കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. ഇതിലുപരിയാണ് മനുഷ്യരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. കച്ചവടക്കാരും അനധികൃത കാറ്ററിങ്ങുകാരും മുതല്‍ പിച്ചക്കാരും പോക്കറ്റടിക്കാരും വരെ ശല്യക്കാരുടെ ഒരു പട. പത്തു രൂപ കൊടുത്താല്‍ എന്തും കിട്ടും ഇപ്പോള്‍ ട്രെയിനുകളില്‍. കീ ചെയിന്‍ മുതല്‍ പേനകള്‍ വരെ പത്തു രൂപ. കുറച്ചുകൂടി ചെലവാക്കിയാല്‍ ഭൂപടം മുതല്‍ വ്യാജ സി.ഡി. വരെ സുലഭം.  ഒരു സീസന്‍ ടിക്കറ്റിന്റെ ബലത്തിലാണ് ഈ അനധികൃത കച്ചവടക്കാര്‍ വിലസുന്നത്. യാത്ര ചെയ്യുന്നതിന് എടുത്ത ടിക്കറ്റ് കച്ചവടത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ് വെച്ചു മനസ്സിലാക്കുന്നത്. പലപ്പോഴും ഇത്തരം കച്ചവടക്കാര്‍ തമ്മിലുള്ള വഴക്കുകളും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നു. സംഘം ചേര്‍ന്ന് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളും യുവാക്കളും മറ്റും സഹയാത്രികര്‍ക്കുണ്ടാക്കുന്ന ശല്യങ്ങളെക്കുറിച്ചു മുന്‍പ് ഒരു പോസ്ടിട്ടിട്ടുണ്ടായിരുന്നു.(തീവണ്ടിയുടെ മുതലാളി ). സംഘം ചേര്‍ന്ന് പാട്ട് പാടുന്നതൊക്കെ ഒരു തമാശ ആയെടുക്കാം. മൊബൈലിനു ഇയര്‍ഫോണ്‍ ഉള്ളത് മറന്നുപോയ മട്ടില്‍ ഉറക്കെ പാട്ട് വെച്ചു നാട്ടുകാരെ ആനന്ദിപ്പിക്കണമെന്നു ആഗ്രഹിക്കുന്ന പരോപകാരികളെയും സഹിക്കാം. കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുണ്ടെങ്കില്‍ മൊബൈല്‍ ക്യാമറകളുടെ കണ്ണ് തുറപ്പിക്കുന്നവരെ കുറിച്ച് എന്ത് പറയാന്‍? വല്ലതും പറയാന്‍ പോയാല്‍ പറയുന്നവന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലായിരിക്കും സഹയാത്രികരുടെ ഭാവം. സ്ത്രീകളെ - പ്രായപരിധിയൊന്നും ഒരു പ്രശ്നമല്ല - ഏതു വിധേനയും തട്ടാനും മുട്ടാനും മാത്രമായി ട്രെയിനില്‍ കയറുന്ന ഞരമ്പ്‌ രോഗികളാണ് മറ്റൊരു വിഭാഗം. ആരുടെയെങ്കിലും കയ്യില്‍ നിന്നു രണ്ടെണ്ണം കിട്ടുമ്പോള്‍ ഇവരുടെ ശല്യം തല്‍ക്കാലം നില്‍ക്കും. എന്നാല്‍ യഥാര്‍ത്ഥ അക്രമകാരികള്‍ - സൗമ്യയുടെ ജീവന്‍ പൈശാചികമായി അപഹരിച്ച ഒറ്റക്കയ്യനെപ്പോലുള്ളവര്‍ - ഇവരാണ് തീവണ്ടികളില്‍ സ്ത്രീകളുടെ യാത്ര ദുസ്സഹമാക്കുന്നവര്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാന്‍ നല്‍കിയ ലേഡീസ് കമ്പാര്‍ട്ട്മെന്റുകളിലാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്‌. ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ എന്തൊക്കെയായാലും കാമാഭ്രാന്തന്മാരല്ലാത്ത രണ്ടോ മൂന്നോ പേരെങ്കിലും ഉണ്ടാകും - ആണുങ്ങളായി - സ്ത്രീകളുടെ  സുരക്ഷക്കെത്താന്‍. എന്നാല്‍ ഒരു വലിയ കമ്പാര്‍ട്ട്മെന്റില്‍ മറ്റു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയതിന് ശേഷം ഒരു സ്ത്രീ സഹായത്തിനു ആരുമില്ലാതെ യാത്ര ചെയ്യുന്നതാണ് ഏറ്റവും വലിയ അപകടം. ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത അവസ്ഥ. ഇതിനു പരിഹാരം കാണേണ്ടത് റെയില്‍വേ തന്നെയാണ്. എല്ലാ ട്രെയിനുകളിലും ലേഡീസ് കമ്പാര്‍ട്ട്മെന്റുകളില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഗാര്‍ഡുമാരായി നിയമിക്കാന്‍ റെയില്‍വേ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ദുരന്തങ്ങള്‍ കേവലം നഷ്ടപരിഹാരമായി നല്‍കുന്ന പണക്കിഴികളിലോ ആശ്രിതര്‍ക്ക് നല്‍കുന്ന ജോലിയിലോ ഒതുങ്ങരുത്. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹാരം നടപ്പാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇനിയും ഒരുപാട് സൌമ്യമാരുടെ മാനവും ജീവനും സുരക്ഷിതമാക്കാന്‍ കഴിയൂ. റെയില്‍വേ മന്ത്രി ഒരു സ്ത്രീയായതിനാല്‍ ഈ കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ... തന്റെ മുഖ്യമന്ത്രി സ്ഥാനം എന്ന വ്യാമോഹം പൂര്‍ത്തീകരിക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സദാ സമയവും ബംഗാളില്‍ ചെലവഴിക്കുന്ന മന്ത്രി ഭാരതത്തിലെ മുഴുവന്‍ കാര്യങ്ങള്‍ നോക്കാനുള്ള മന്ത്രിയാണെന്ന കാര്യം ഇടക്കൊക്കെ ഓര്‍ത്താല്‍ നന്ന്.
മലബാറിന്റെ സ്വന്തം മന്ത്രിയുണ്ടായിട്ടും മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമായ പ്രാഥമികമായ കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സ്വന്തം കുടുംബത്തിന്റെ യാത്രക്ക് രണ്ടു മാസം മുന്‍പ് കണ്ണൂര്‍ സ്റെഷനില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ട മന്ത്രി ആ താല്പര്യം നാട്ടുകാരോടും മലപ്പുറത്തെ വോട്ടര്‍മാരോടും കാണിച്ചില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് സൌജന്യ യാത്രക്കുള്ള പേപ്പര്‍ ഒപ്പിട്ടു കൊടുക്കാന്‍ മാത്രമാണോ റെയില്‍വേ മന്ത്രിയും എം.പിയും? തന്നെക്കൊണ്ട് ഈ പണി നടക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടോ അതോ ട്രെയിന്‍ യാത്രയേക്കാള്‍ സുഖം വിമാന യാത്ര ആയതു കൊണ്ടാണോ എന്നറിയില്ല - ആള്‍ പൊടിയും തട്ടി പോയി പഴയ വിദേശ കാര്യത്തിലേക്ക്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വന്നു പോകുന്ന രണ്ടുമൂന്നു ദീര്‍ഘദൂര ട്രെയിനുകള്‍ കൊണ്ടുവരുന്നതോ സ്വന്തം പേര് മാര്‍ബിള്‍ ഫലകത്തില്‍ കൊത്തി വെക്കപ്പെടുന്നതിനു സഹായമാകുന്ന രീതിയില്‍ സ്റെഷനുകള്‍ മോടി കൂട്ടുന്നതോ അല്ല റെയില്‍വേ വികസനം. സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള ഏക ഉപാധിയായ ട്രെയിനിനുള്ളില്‍ അടിസ്ഥാന സൌകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തി ടിക്കറ്റില്‍ എഴുതിയ രീതിയില്‍ "ശുഭയാത്ര" പ്രദാനം ചെയ്യുക എന്നത് മാത്രമാണ്. 
വാല്‍:
ഇതൊക്കെ ഒന്ന് കേരളത്തില്‍ നടപ്പായെങ്കില്‍...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം