ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 18, 2011

പുതുമുഖക്കാലം

കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാ ദിവസവും സെക്കണ്ട് ഷോക്ക് പോകാന്‍ എന്ത് വഴി എന്നാലോചിക്കുന്നവനും  ആഴ്ചയില്‍ മൂന്നു പടമെങ്കിലും കണ്ടില്ലെങ്കില്‍ ഉറക്കം വരാത്തവനുമായിരുന്ന ഈയുള്ളവന്‍ എന്ന   സിനിമാപ്പിരാന്തന്‍ ഇന്ന് മാസത്തില്‍ ഒരു സിനിമ പോലും തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത ദുസ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ്. സമയക്കുറവു തന്നെ പ്രധാന കാരണം. പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്തു പടത്തിനു പോയാലും പരീക്ഷ അടുക്കുമ്പോള്‍ എങ്ങനെയെങ്കിലും ഉറക്കമൊഴിച്ചു പഠിച്ചു പാസാകാമായിരുന്നു. ഇന്ന് പക്ഷെ ക്ലിനിക് അടച്ചിട്ടു പടത്തിനു പോയാല്‍ രോഗികള്‍ വല്ല വഴിക്കും പോയി ഈയുള്ളവന്റെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് ബ്ലോഗുകളിലും മാധ്യമങ്ങളിലും എല്ലാം വരുന്ന നിരൂപണം വായിച്ചു നല്ലതെന്ന് തോന്നുന്ന പടങ്ങള്‍ എങ്ങനെയെങ്കിലും പോയി കാണും. അത്ര മാത്രം. പിന്നെ ഒരേയൊരു രക്ഷ ഡൌണ്‍ലോഡ് ചെയ്യലാണ്. വ്യാജ സി.ഡി.യോട് യോജിപ്പില്ലെങ്കിലും പല നല്ല സിനിമകളും ദിവസങ്ങള്‍ക്കുള്ളില്‍ തീയറ്ററില്‍ നിന്ന് മാറുമ്പോള്‍ വേറെ എന്ത് വഴി?  
ഏറെ നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും തിരൂര്‍ക്കാരുടെ 'ഉയര്‍ന്ന' ആസ്വാദന നിലവാരം കൊണ്ട് കേവലം ഒരാഴ്ച കൊണ്ട് തീയറ്ററില്‍ നിന്ന് പുറത്തായത് മൂലം കാണാന്‍ അവസരം ലഭിക്കാതിരുന്ന ഒരു നല്ല സിനിമ -"കോക്ടെയില്‍" കഴിഞ്ഞ ദിവസം ഡൌണ്‍ ലോഡ് ചെയ്തു കാണാന്‍ ഭാഗ്യം സിദ്ധിച്ചതാണ് ഇത്രയും എഴുതാന്‍ കാരണം. അരുണ്‍ കുമാര്‍ എന്നാ പുതുമുഖ സംവിധായകന്‍ ആ സബ്ജക്റ്റ് കൈകാര്യം ചെയ്ത രീതി "കഥയില്ലാ" എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന, സ്വന്തം കഴിവുകേടിന് അന്യഭാഷാ ചിത്രങ്ങളുടെ വരവിനേയും ചാനലുകളേയും സ്റ്റേജ് ഷോകളെയും സര്‍വോപരി കൂടെ നില്‍ക്കുന്നവരെയും പഴിചാരി രക്ഷപ്പെടുന്ന, നിര്‍മ്മാതാവിന്റെ കീശ കാലിയാക്കി കുത്തുപാള എടുപ്പിക്കാന്‍ മാത്രം ഉപയോഗപ്പെടുന്ന ചിത്രങ്ങളെടുത്ത് മലയാള സിനിമയെ പരിപോഷിപ്പിക്കുന്ന, സംവിധായക പ്രതിഭകള്‍ ഒന്ന് കണ്ടുപഠിക്കട്ടെ. ഒരു സാധാരണ കഥ തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ച്‌, മികച്ച കാസ്റ്റിംഗ് നടത്തി, അതിഭാവുകത്വമോ അനാവശ്യമായ രംഗങ്ങളോ  ഗ്ലാമര്‍ പ്രദര്‍ശനത്തിനു മാത്രമുള്ള ഗാനങ്ങളോ സാമാന്യബുദ്ധിക്ക് നിരക്കാത്ത സംഘട്ടനങ്ങളോ ഏച്ച് കൂട്ടാതെ ചെയ്ത ആ സംവിധാനത്തിന് കൊടുക്കണം നൂറു മാര്‍ക്ക്. ഇതായിരിക്കണം സിനിമ. ഈ പടത്തെക്കുറിച്ച് ഒരുപാട് നിരൂപണങ്ങള്‍ വന്ന ഈ വൈകിയ വേളയില്‍ ഞാന്‍ അതിനു തുനിയുന്നില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ച അഭൂതപൂര്‍വ്വമായ മാറ്റം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തിലേക്ക്  എത്തിത്തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രം.  
എല്ലാ വര്‍ഷവും ജനുവരിയില്‍ ആദ്യ ആഴ്ച സിനിമാ പ്രസിദ്ധീകരണങ്ങള്‍ ആ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളുടെ കണക്കെടുപ്പും വിശകലനവും നടത്തുമ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന് നാന്ദി കുറിക്കാനെത്തിയ" എന്നെല്ലാം ആലങ്കാരികമായി പറഞ്ഞു കുറെ പുതുമുഖങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തുടക്കത്തിലേ ആളിക്കത്തല്‍ അണയാന്‍ പോകുന്നതിന്റെ കൂടി ലക്ഷണമായി മാറാറാണ്‌ പതിവ്. എന്നാല്‍ 2010 തികച്ചും വ്യത്യസ്തമാണ്. കേവലം കുറെ പുതുമുഖ അഭിനേതാക്കളല്ല, സിനിമയെ സ്നേഹിച്ചു സിനിമയെടുക്കുന്നു എന്ന തോന്നല്‍ പ്രേക്ഷക മനസ്സില്‍ ഉളവാക്കാന്‍ പോന്ന ഒരു പറ്റം പുതുമുഖ സംവിധായകരാണ് പോയ വര്‍ഷം മലയാള സിനിമയുടെ ഐശ്വര്യം. അവര്‍ക്കൊപ്പം ചേരുന്ന പുതിയ നടീനടന്മാര്‍ ആ ഐശ്വര്യം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 89  ചിത്രങ്ങളില്‍ 37 എണ്ണവും ചെയ്തത് പുതുമുഖ സംവിധായകരാണ് എന്നത് തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു പുതിയ കാര്യമാണ്. അതിലും ശ്രദ്ധേയമായ കാര്യം കമേഴ്സ്യല്‍ വിജയം നേടിയ 15 ചിത്രങ്ങളെടുത്താല്‍ അഞ്ചെണ്ണവും - മലര്‍വാടി ആര്‍ട്സ് ക്ലബ്(വിനീത് ശ്രീനിവാസന്‍), പോക്കിരിരാജ(വൈശാഖ്), കാര്യസ്ഥന്‍  (തോംസന്‍‍)‍, ബെസ്റ്റ് ആക്ടര്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട് )‍, പാപ്പീ അപ്പച്ചാ(മമാസ്) - സംവിധാനം ചെയ്തത് പുതുമുഖങ്ങളാണ്. താന്തോന്നി(ജോര്‍ജ് വര്‍ഗീസ്‌), സകുടുംബം ശ്യാമള(രാധാകൃഷ്ണന്‍ മംഗലത്ത്) തുടങ്ങിയവയും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കലാപരമായ മേന്മ പുലര്‍ത്തിയ ചിത്രങ്ങളില്‍ ഷാജി.എന്‍.കരുണിന്റെ കുട്ടിസ്രാങ്ക് കഴിഞ്ഞാല്‍ മികച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ -  ടി.ഡി.ദാസന്‍(മോഹന്‍ രാഘവന്‍), ആത്മകഥ(പ്രേംലാല്‍), കോക് ടെയില്‍(അരുണ്‍ കുമാര്‍) - നവാഗതരുടെതാണ്. ജനകന്‍(സഞ്ജീവ് .എന്‍.ആര്‍), പുണ്യം അഹം(രാജ് നായര്‍), നായകന്‍(ലിജോ ജോസ് പെല്ലിശ്ശേരി) തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടുത്താം. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാത്രം ചിത്രങ്ങളെടുത്ത സജി സുരേന്ദ്രന്‍(ഹാപ്പി ഹസ്ബണ്ട്സ്), ജിത്തു ജോസഫ്(മമ്മി & മി), ഷാജി അസീസ്‌(ഒരിടത്തൊരു പോസ്റ്റ് മാന്‍), ഡോ.എസ്.ജനാര്‍ദ്ധനന്‍(സഹസ്രം) എന്നിവരും ശ്രദ്ധിക്കപ്പെട്ടു. പേരെടുത്ത സംവിധായകര്‍ ഫീല്‍ഡില്‍ നിന്ന് പുറന്തളളപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയൊക്കെ നേടിയെടുത്ത ഈ നവാഗതര്‍ മലയാള സിനിമയുടെ തകര്‍ന്ന അടിത്തറ കുറച്ചെങ്കിലും നേരെയാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
സംവിധായകര്‍ മാത്രമല്ല, കഴിവുള്ള കുറെ പുതിയ താരങ്ങളും ബിഗ്സ്ക്രീനില്‍ മുഖം പതിപ്പിക്കാന്‍ തുടങ്ങി. മലര്‍വാടി ആര്‍ട്സ് ക്ലബ്, ടൂര്‍ണമെന്റ്, അപൂര്‍വ രാഗം, നായകന്‍, സകുടുംബം ശ്യാമള, യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പുതുമുഖങ്ങളെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു. ആസിഫ് അലി, നിഷാന്‍, റീമ, അര്‍ച്ചന കവി തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ ആന്‍ അഗസ്റ്റിന്‍, അഖില എന്നീ പുതുമുഖ നായികമാര്‍ ഇനിയും ഏറെ ദൂരം മലയാള സിനിമക്കൊപ്പം പോകും എന്ന പ്രതീക്ഷ നല്‍കുന്നു.   
ഈ പ്രതീക്ഷകള്‍ മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഇവരൊന്നും കേവലം ആദ്യചിത്രത്തില്‍ മാത്രം മിന്നിപ്പോകുന്ന നക്ഷത്രങ്ങളായി മാറാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഏറെ കാലം മനസ്സില്‍ കൊണ്ട് നടന്നു ഊതിക്കാച്ചിയെടുത്ത ഒരു തീം സിനിമയാക്കുന്ന പുതുമുഖങ്ങള്‍ തുടര്‍ന്നെടുക്കുന്ന ചിത്രങ്ങള്‍ ആ നിലവാരത്തിലേക്കെത്താത്ത ചരിത്രം നാം കണ്ടിട്ടുള്ളതാണ്. 'പാസഞ്ചര്‍' എടുത്ത രഞ്ജിത്ത് ശങ്കറിന്റെ 'അര്‍ജുനന്‍ സാക്ഷി'യും 'ഉദയനാണ് താരം' എടുത്ത റോഷന്‍ ആണ്ട്രൂസിന്റെ 'നോട്ബുക്കും' പോലെ ആകാതെ കൂടുതല്‍ മികച്ച ചിത്രങ്ങളോടെ രഞ്ജിത്തും ലാല്‍ജോസും പുതുമുഖങ്ങളെ കൂട്ടുപിടിച്ച് വിജയവഴിയിലെത്തിയ സിബിയും എല്ലാം നയിക്കുന്ന മലയാള സിനിമയില്‍ നാളത്തെ നെടും തൂണുകളാകാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷക്കു വകയുണ്ട്. 'കോക് ടെയിലിലും' 'ബെസ്റ്റ് ആക്ടറിലും' എല്ലാം അവസാനിച്ച 2010-നു ശേഷം 2011 ആരംഭിച്ചത് "ട്രാഫിക്കു"മായി ആകുമ്പോള്‍ പ്രത്യേകിച്ചും.

12 comments:

ഡോ.ആര്‍ .കെ.തിരൂര്‍ said...

അര്‍ജുനന്‍ സാക്ഷിയും നോട്ബുക്കും മോശമില്ലെങ്കിലും ആദ്യ സിനിമയുടെ നിലവാരത്തിലെക്കെത്തിയില്ല എന്ന് മാത്രം. ആദ്യ സിനിമ അല്ല മാസ്ടര്‍പീസ് ആകേണ്ടത് എന്നാണു ഈയുള്ളവന്റെ അഭിപ്രായം.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഈ അടുത്ത് കണ്ട മലയാള സിനിമകളില്‍ തരക്കേടില്ലാത്തവ ആയി തോന്നിയത് ട്രാഫിക്‌,കൊക്ട്ടെയില്‍ എന്നീ ചിത്രങ്ങള്‍ ആണ്.. കമലിന്റെ ഗദ്ദാമ നല്ല ചിത്രം ആണെന്ന് കേള്‍ക്കുന്നു. പക്ഷെ കാണാന്‍ കഴിഞ്ഞില്ല ഇതുവരെ. മലയാള സിനിമയിലെ പുതുനക്ഷത്രങ്ങള്‍ പലരും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട് എന്ന് തോന്നുന്നു...

നന്ദു | naNdu | നന്ദു said...

ഇതൊക്കെ നല്ല മാറ്റങ്ങളായി തോന്നുന്നു. എങ്കിലും പ്രേക്ഷകരുടെ അഭിരുചിയില്‍ വേണ്ടത്ര മാറ്റം വന്നിട്ടുണ്ടോ എന്നു കണ്ടുതന്നെ അറിയണം.

രമേശ്‌അരൂര്‍ said...

വേറെ സിനിമ എടുക്കാന്‍ പിന്നീട് അവസരം കിട്ടാതെ പോകുന്നവര്‍ ആദ്യ ചിത്രം മാസ്റ്റര്‍ പീസ്‌ ആക്കിക്കോട്ടേ ...:)

www.myworldofcreations.blogspot.com said...

this is a variety blog

jayarajmurukkumpuzha said...

nalla sinimakal undavatte....... aashamsakal......

മുല്ല said...

കോക്ക്ടെയില്‍ ഞാനും കണ്ടു. പക്ഷെ ഒരു സംശയം, ഒരേ കാര്യം ചെയ്ത രണ്ട്പേര്‍,പുരുഷനും സ്തീയും,അതു കൊണ്ടുള്ള ആഫ്റ്റെരെഫെക്റ്റ്സ് രണ്ടാള്‍ക്കും ഒരേപോലെ അല്ലെ വേണ്ടിയിരുന്നത്..? ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷനു ഒരു കുഴപ്പവുമില്ല നോര്‍മല്‍ ലൈഫ്,പക്ഷെ ആ സ്ത്രീയെ സംവിധായകന്‍ കൊല്ലാതെ കൊന്നു കളഞ്ഞു. എന്തിനായിരുന്നു അത്..?ഈ ചാരിത്ര്യം, കുറ്റബോധം എന്നൊക്കെ പറയുന്നത് സ്ത്രീക്ക് മാത്രെ പറഞ്ഞിട്ടുള്ളൊ..? അവള്‍ക്ക് ഒരു നോര്‍മ്മല്‍ ലൈഫ് സാധ്യമായിരുന്നില്ലെ..?

ഡോ.ആര്‍ .കെ.തിരൂര്‍ said...

വന്നവര്‍ക്കും കമന്റിയവര്‍ക്കും നന്ദി...
മലയാള സിനിമ രക്ഷപ്പെടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
@മുല്ല
കൊക്ക് ടെയില്‍ ഒരു സ്ത്രീപക്ഷ സിനിമ ആയാണ് എനിക്ക് തോന്നിയത്. ഭര്‍ത്താവിന്റെ തെറ്റ് പൊറുക്കുവാനും അതെ സമയം സ്വന്തം തെറ്റിന് മുന്നില്‍ മനസാക്ഷിയുടെ നീറ്റലില്‍ സ്വയം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന മനസ്സും.. സ്ത്രീയുടെ വലിയ മനസ്സിന്റെ വിശാലതയും സത്യസന്ധതയുമല്ലേ സംവിധായകന്‍ ചിത്രീകരിച്ചത്?

Anonymous said...
This comment has been removed by a blog administrator.
b Studio said...

കോക്ക്ടെയിൽ വളരെ മികച്ച ചിത്രമാണു എന്നു പറയുന്നതിനുപരി Butter fly on a wheel എന്ന സിനിമയുടെ അതി മനോഹരമായ അനുകരണം ആണു എന്നു പറയുന്നതാവും കൂടുതൽ ശരി. സീൻ ടു സീൻ കോപ്പിയടിച്ചു വെച്ചിരിക്കുന്നതിനാൽ തന്നെ പാശ്ചാത്ത്യ സംസ്കാരത്തിൽ നിന്ന് ഒരു കഥ മലയാളത്തിലേക്ക് പറിച്ചു നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ വളരെ ചെറിയ ഒരു വീഴ്ച്ച സംവിധായകനു പറ്റിയിട്ടുണ്ട്.

ഡോ.ആര്‍ .കെ.തിരൂര്‍ said...

അനുകരണം ആണെന്ന് അറിഞ്ഞു തന്നെയാണ് കാണാന്‍ പോയത്. അനുകരിക്കാനും വേണമല്ലോ ഒരു കഴിവ്. അല്ലെങ്കില്‍ വെറും പ്രിയദര്‍ശനാവില്ലേ?

jiya | ജിയ said...

enik ishtapettu aa chithram

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം