ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 20, 2016

ഹോമിയോപ്പതി : മനുഷ്യനന്മക്കായുള്ള വൈദ്യശാസ്ത്രം


 (Published in Madhyamam online - 24th July 2016)
http://www.madhyamam.com/opinion/open-forum/2016/jul/22/210380

“നീന്തുക എന്ന ആശയത്തോട്‌ എനിക്ക്‌ യാതൊരു യോജിപ്പും ഇല്ല. കാരണം ഞാൻ വെള്ളത്തിൽ ഇറങ്ങുമ്പോഴെല്ലാം താഴ്‌ന്നുപോകാറുണ്ടല്ലോ, പിന്നെങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടന്ന് നീന്താൻ കഴിയും? ഞാൻ നിരവധി പുസ്തകങ്ങൾ വായിച്ചപ്പോഴൊക്കെയും ഗൂഗിളിൽ പരതിയപ്പോഴും അങ്ങനെ പൊങ്ങിക്കിടക്കാൻ കഴിയില്ലെന്ന അറിവാണെനിക്ക്‌ ലഭിച്ചിട്ടുള്ളത്‌. അല്ലാത്തതു കണ്ടെങ്കിലും അത്‌ കേവലം നീന്തൽ എന്ന വിശ്വാസത്തിന്റെ പ്രായോജകരുടെ വെറും പ്രചാരണം മാത്രമാണെന്ന് എനിക്ക്‌ ഉറപ്പുള്ളതുകൊണ്ട്‌ ഞാൻ ശ്രദ്ധിച്ചതേയില്ല. എന്റെ നീന്തൽ പഠിച്ചെന്നു പറയുന്ന സുഹൃത്തുക്കൾ അവർക്ക്‌ നീന്താൻ കഴിയുന്നുണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ എനിക്കുറപ്പായിരുന്നു അത്‌ നീന്താൻ കഴിയുമെന്ന അവരുറെ വിശ്വാസം മൂലം അവർക്ക്‌ തോന്നുന്നതാണെന്ന്. അവർ നീന്തുന്നതിന്റെ ഫോട്ടോ കാണിച്ചു തന്നപ്പോൾ അത്‌ അവർ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു ഞാനവരെ കളിയാക്കി. അപ്പോൾ അവരെന്നെ അവർ നീന്തുന്നത്‌ കാണാൻ ക്ഷണിച്ചു. പക്ഷെ ഞാൻ പോവില്ല. എനിക്കുറപ്പുണ്ട്‌ നീന്തൽ എന്നൊരു കാര്യം ലോകത്ത്‌ നടക്കുന്നില്ലെന്ന്. ലോകത്താർക്കും നീന്താൻ കഴിയില്ല. ശാസ്ത്രം എന്തെന്ന് എനിക്കറിയാം. അതിൽ എനിക്കറിയാത്ത ഒരു കാര്യവും ലോകത്ത്‌ നടക്കുന്നെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. കാരണം ആഴക്കടലിന്റെ ഉള്ളറകളെക്കുറിച്ച്‌ ഗൂഗിളും വിക്കിയും പരതി മഹത്തായ അറിവുകൾ സമ്പാദിച്ച എന്റെ അത്രയും അറിവും വിദ്യാഭ്യാസവും കേവലം നീന്തൽക്കാരെന്ന അവകാശവാദം മാത്രമുള്ള ഇവർക്കെങ്ങനെ ഉണ്ടാവാൻ. അവർ വെള്ളത്തിൽ നീന്തി പഠിച്ചെന്നു പറയുന്ന നീന്തലെന്ന കാര്യം കേവലം ഒരു വിശ്വാസം മാത്രമെന്ന് വീട്ടിലിരുന്ന് ഞാൻ പഠിച്ചിട്ടുണ്ട്‌. അവരതു പറഞ്ഞ്‌ എന്നോടു ചർച്ച ചെയ്യാൻ വന്നാൽ തന്നെ പച്ചമലയാളത്തിൽ നല്ല ട്രോളും സർക്കാസവും കൂട്ടിക്കലർത്തി ഒരു പിടിയങ്ങ്‌ പിടിച്ച്‌ നിരപ്പാക്കും ഞാൻ, ഹല്ല പിന്നെ. നീന്തലാണത്രെ നീന്തൽ.
ഓരോ അന്ധവിശ്വാസങ്ങളേയ്‌...”

ഇതുപോലെയൊക്കെയേ ഉള്ളൂ കുറച്ചുകാലമായി ഹോമിയോപ്പതിയെ കുറിച്ച് നവമാദ്ധ്യമങ്ങളിലും ഇപ്പോൾ ചില മുഖ്യധാരാ മാദ്ധ്യമങ്ങളിലും വരുന്ന വിമർശനങ്ങളുടെ കാര്യം. നീന്തൽ എന്ന പ്രക്രിയയുടെ ശാസ്ത്രീയതത്വം കണ്ടെത്തും മുൻപ് ഇവിടെയാരും നീന്താതിരുന്നിട്ടില്ലല്ലോ. അവരിൽ നീന്താനറിയുന്ന ആരും മുങ്ങിമരിച്ചിട്ടുമില്ല. അത്തരമൊരു ഹോമിയോപ്പതിവിരുദ്ധ ലേഖനം മാധ്യമത്തിന്റെ ഓൺലൈൻ എഡീഷനിലും തീരെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഹോമിയോപ്പതിയെയും പ്രകൃതിചികിത്സയെയും പറ്റിയെന്നാണു തലവാചകമെങ്കിലും ഇപ്പോഴത്തെ “സോഷ്യൽ മീഡിയാ ഹോട്ട് ടോപ്പിക്” എന്ന നിലയിലായിരിക്കാം, ഹോമിയോപ്പതിയെ തന്നെയാണു ലേഖകൻ കടന്നാക്രമിച്ചിരിക്കുന്നത്. രോഗിക്ക് മരുന്നു നൽകി ചികിത്സിക്കുന്ന ഹോമിയോപ്പതിയെയും രോഗിക്ക് മരുന്നിനു പകരം ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തി ചികിത്സിക്കുന്ന പ്രകൃതിചികിത്സയെയും ഒരു നുകത്തിൽ കെട്ടാൻ ശ്രമിച്ചതുതന്നെ വിരോധാഭാസമായിപ്പോയി. എന്തായാലും അടുത്ത കാലത്തായി വിമർശനാത്മകമായെങ്കിലും ഹോമിയോപ്പതി വൈദ്യശാസ്ത്രം കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത് ഹോമിയോപ്പതി ചികിത്സകർക്ക് ഞങ്ങൾ അനുവർത്തിക്കുന്ന ചികിത്സാരീതിയെക്കുറിച്ച് പൊതുസമൂഹത്തിൽ നിലവിലുള്ള പല തെറ്റിദ്ധാരണകളും തിരുത്താനും കൂടുതലായി ജനങ്ങൾക്കിടയിലേക്ക് ഈ സിസ്റ്റത്തിന്റെ പ്രചാരം എത്തിക്കാനും സഹായകരമാകുന്നുവെന്ന് പറയാതെ വയ്യ.

ലേഖകൻ തന്റെ ലേഖനത്തിന്റെ ആരംഭത്തിൽ സ്ത്രീകളുടെ വായിലെ പല്ലുകളുടെ എണ്ണത്തെക്കുറിച്ച് അരിസ്റ്റോട്ടിൽ നടത്തിയ നിരീക്ഷണവും അതിനെക്കുറിച്ച് ബർട്രാന്റ് റസൽ "രണ്ടു തവണ വിവാഹം കഴിച്ച ആളാണെങ്കിലും തന്റെ നിഗമനം ശരിയാണോ എന്നറിയാന്‍, ഭാര്യമാരുടെ വായ തുറന്ന് പരിശോധിക്കാന്‍ അരിസ്റ്റോട്ടിലിന് ഒരിക്കലും തോന്നിയില്ല" എന്ന് പരാമർശിച്ചതും കണ്ട ശേഷം ആ ലേഖനം മുഴുവൻ വായിച്ചപ്പോഴും അവസാനം റെഫറൻസ് ആയി ചില രചനകളുടെ പേരുകൾ കൂടി എഴുതിയതുകണ്ടപ്പോഴും സത്യത്തിൽ ചിരിയാണു വന്നത്. വർഷങ്ങളായി ഹോമിയോപ്പതിയെ സ്ഥാപിത താല്പര്യങ്ങളുടെയും മറ്റും പേരിൽ വിമർശിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നും എഴുതിവിട്ട വാചകക്കസർത്തുകൾ മാത്രമാണവ. പല്ലെണ്ണാൻ മെനക്കെടാഞ്ഞ് തെറ്റായ കാര്യം സ്ഥാപിക്കാൻ ശ്രമിച്ച അരിസ്റ്റോട്ടിലിന്റെ നിലവാരത്തിൽ, അത്തരം രചനകൾ മാത്രം വായിച്ച് എഴുതിയ ലേഖനത്തിനായി പാഴാക്കിക്കളയാവുന്നതാണോ മാധ്യമം പോലെ ലക്ഷങ്ങൾ പിന്തുടരുന്ന ഒരു പത്രത്തിന്റെ പേജുകൾ? കേരളത്തിൽ ഹോമിയോപ്പതി പഠിപ്പിക്കുന്ന അഞ്ച് മെഡിക്കൽ കോളേജുകളുണ്ട്, എല്ലാ ജില്ലകളിലും നിരവധി താലൂക്കുകളിലും കിടത്തി ചികിത്സയുള്ള ആശുപത്രികളും വണ്ടൂരിൽ ക്യാൻസർ ആശുപത്രിയുമുണ്ട്. കൂടാതെ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും ഡിസ്പെൻസറികളും ആയിരക്കണക്കിനു സ്വകാര്യ ക്ലിനിക്കുകളുമുണ്ട്. അവിടെയെല്ലാം നിന്ന് ലക്ഷക്കണക്കിനു രോഗികൾ ചികിത്സ തേടുകയും രോഗശമനം നേടുകയും ചെയ്യുന്നു. അവരിൽ ആരോടെങ്കിലും ഈ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയോ രോഗശമനമെന്നത് വെറും വിശ്വാസമാണെന്നതിൽ കവിഞ്ഞ് എന്തെങ്കിലും കേസ് റെക്കോർഡുകൾ പരിശോധിക്കാനോ രോഗം സുഖപ്പെട്ടതിന്റെ തെളിവായ ലബോറട്ടറി / സ്കാനിംഗ് റിപ്പോർട്ടുകൾ പരിശോധിക്കാനോ ലേഖകൻ തയ്യാറായോ? എല്ലാം പോട്ടെ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന രീതിയോ സിലബസിൽ പറയുന്ന പുസ്തകങ്ങളോ അറിയാൻ ശ്രമിച്ചോ? ഈ വായയൊന്നും തുറക്കാൻ ശ്രമിക്കാതെ അവയിലെ പല്ലുകളൊന്നും എണ്ണാൻ ശ്രമിക്കാതെ, അദ്ദേഹം പരിഹസിച്ച അരിസ്റ്റോട്ടിലിലേക്ക് തന്നെ പരകായപ്രവേശം നടത്തുന്ന പരിഹാസ്യമായ കാഴ്ചയാണാ ലേഖനത്തിലൂടെ ലേഖകൻ കാഴ്ചവെക്കുന്നത്. അതിനപ്പുറം മറുപടി അർഹിക്കുന്നില്ലെങ്കിൽ കൂടി ചിലതു പറഞ്ഞു വെക്കുന്നു.

എന്തായാലും സാധാരണ ഗതിയിലുള്ള ഹോമിയോപ്പതി വിരുദ്ധ ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമായി യാഥാർത്ഥ്യ ബോധത്തോടെയുള്ള ചില കാര്യങ്ങൾ ലേഖകൻ പറയുന്നുണ്ട്. ഹോമിയോപ്പതി എന്ന ചികിത്സാരീതി ഡോ.സാമുവൽ ഹാനിമാൻ കണ്ടെത്തിയ കാലഘട്ടത്തിലെ അലോപ്പതിയെക്കുറിച്ചാണത്. അന്നത്തെ തെറ്റായതും രോഗിക്ക് ദുരിതം മാത്രം സമ്മാനിക്കുന്നതുമായ പ്രാകൃത ചികിത്സയായിരുന്ന അലോപ്പതിക്കെതിരായിത്തന്നെയായിരുന്നു അലോപ്പതി ചികിത്സകൻ കൂടിയായ ഡോ.ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിച്ചത്. ലേഖകൻ എഴുതിയതുപോലെ തന്നെ ഈ ചികിത്സാരീതി വളരെ പെട്ടെന്നു തന്നെ നിരവധി രാജ്യങ്ങളിൽ സ്വീകാര്യത നേടുകയും ചെയ്തു. പിന്നീട് അലോപ്പതി ചികിത്സ ഇന്നു കാണുന്ന ആധുനികവൈദ്യശാസ്ത്രമെന്ന് വിളിക്കപ്പെടുന്ന ചികിത്സാരീതിയായി പരിണമിച്ചത് ഏറേ പരീക്ഷണങ്ങളും ഗവേഷണങ്ങൾക്കും ശേഷം വന്ന കണ്ടെത്തലുകളുടെ ബാക്കിപത്രമെന്നത് അംഗീകരിക്കുന്നു. അതിനൊപ്പം പിടിച്ചുനിൽക്കാവുന്ന രീതിയിലുള്ള ഗവേഷണങ്ങൾ ഹോമിയോപ്പതിയിൽ പല പ്രതികൂല സാഹചര്യങ്ങളാൽ നടന്നിട്ടില്ലെന്നത് വിമർശനാത്മകമായി ഉൾക്കൊള്ളുമ്പോൾ തന്നെ ഡോ.ഹാനിമാൻ 200 വർഷങ്ങൾക്ക് മുൻപ് കണ്ടു പിടിച്ചതിൽ നിന്നും ഏറെ പുരോഗമിച്ചു ഇന്ന് എന്നത് മറക്കാൻ കഴിയില്ല. ഇന്ന് നിലവിലുള്ള രോഗനിർണയ രീതികളെല്ലാം തന്നെ ഹോമിയോപ്പതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണങ്ങളും ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായ വിഷയങ്ങളും സംയോജിപ്പിച്ച് തന്നെയാണിന്ന് ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പഠനം നടക്കുന്നത്. അതൊന്നും മനസിലാക്കാൻ തയ്യാറാവാതെ ഈ വൈദ്യശാസ്ത്രത്തെ അടച്ചാക്ഷേപിക്കരുത്.

പ്രധാനമായും ലേഖകൻ നടത്തുന്ന രണ്ട് വിമർശനങ്ങൾ ഡോ.ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിക്കാൻ വഴി തെളിച്ച സിങ്കോണ പരീക്ഷണത്തെയും മരുന്നുകളുടെ നേർപ്പിക്കലിനെയും കുറിച്ചാണ്. സിങ്കോണ കഴിച്ചപ്പോൾ അദ്ദേഹത്തിനു അനുഭവപ്പെട്ടത് അലർജിയാണെന്നൊക്കെ ആർക്കും നിരീക്ഷിക്കാമല്ലോ. എന്നാൽ അതാണു ശരിയെന്ന് സമർത്ഥിക്കരുത്. കേവലം ഒരു സിങ്കോണ വരുത്തിയ മാറ്റത്തിനപ്പുറം നിരവധി മരുന്നുകൾ സ്വയം കഴിച്ചും മറ്റ് ആരോഗ്യവാന്മാരായ മനുഷ്യരുടെ ശരീരത്തിൽ പരീക്ഷിച്ചും തന്നെയാണദ്ദേഹം തന്റെ കണ്ടുപിടിത്തമായ ഹോമിയോപ്പതി, സമൂഹത്തിൽ അരക്കിട്ടുറപ്പിച്ചത്. മറ്റൊരു വിമർശനം മരുന്നുകൾ നേർപ്പിക്കുന്നതിനെക്കുറിച്ചാണ്. അത്തരത്തിൽ നേർപ്പിച്ച മരുന്നുകൾ തന്നെയാണിന്ന് നിരവധി പേർക്ക് രോഗശമനം നൽകുന്നത്. അത് കേവലം വിശ്വാസത്തിനപ്പുറം ലബോറട്ടറി / സ്കാനിംഗ് ഉൾപ്പെടെയുള്ള രോഗനിർണയ രീതികളിലൂടെ തന്നെയാണു തെളിയിക്കപ്പെടുന്നത്. മാതൃസത്ത് മുതൽ ഉയർന്ന പൊട്ടൻസികൾ വരെയുള്ള ഹോമിയോപ്പതി മരുന്നുകളാൽ ലഭിക്കുന്ന ചികിത്സാഫലങ്ങൾ വൈദ്യശാസ്ത്രം ഇന്നുപയോഗിക്കപ്പെടുന്ന മാർഗങ്ങളുപയോഗിച്ച്  തന്നെ തെളിയിക്കാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് കഴിയുമെന്നിരിക്കെ അവർക്കും, അവ ഹോമിയോപ്പതി ചികിത്സ തേടുന്ന രോഗികൾക്ക് സ്വാനുഭവത്താൽ  ബോദ്ധ്യപ്പെടുന്നുവെന്നിരിക്കെ അവർക്കും കൂടുതൽ തെളിവാവശ്യമില്ലെന്നുറപ്പ്. അതിനപ്പുറം അതിന്റെ ശാസ്ത്രീയത തെളിയിക്കുക എന്നത് ശാസ്ത്രത്തിന്റെ ആവശ്യമെങ്കിൽ നിലവിലുള്ളതോ അല്ലെങ്കിൽ ഇനിയും കണ്ടുപിടിക്കപ്പെടേണ്ടതോ ആയ മാർഗങ്ങളുപയോഗിച്ച് അതു കണ്ടെത്തേണ്ട വെല്ലുവിളീ ശാസ്ത്രം തന്നെ ഏറ്റെടുക്കട്ടെ. അതിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയും ശ്രദ്ധിക്കപ്പെടുന്ന ഫലങ്ങൾ ലഭ്യമായിത്തുടങ്ങുകയും ചെയ്യുന്നുണ്ട്. അതൊക്കെ കേവലം പുച്ഛത്തോടെ മാത്രം കണ്ട്, ഈ വൈദ്യശാസ്ത്രം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്തോ അടിയന്തിരപ്രാധാന്യമുള്ള വിഷയമായി കരുതിയും ഹോമിയോപ്പതി പൊട്ടന്റൈസേഷൻ എന്നാൽ കുലുക്കിസർബത്ത്‌ ഉണ്ടാക്കലാണെന്നു കരുതിയും നവമാദ്ധ്യമങ്ങളിൽ വായിട്ടലക്കുന്നവർ ഭൂമി ഉരുണ്ടതെന്നു പറഞ്ഞാൽ ശിക്ഷിച്ചിരുന്ന പുരാതന ഭരണാധികാരികളെ ഓർമ്മിപ്പിക്കുന്നു.

ശാസ്ത്രം വളർന്ന് ഇതുവരെ എത്തിയത്‌ എല്ലാം തെറ്റെന്ന് തെളിയിച്ചിട്ടല്ല, തെറ്റെന്നു കരുതപ്പെട്ട കാര്യങ്ങൾ ശരിയെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചായിരുന്നു. ശാസ്ത്രീയമായിത്തന്നെ ലാബ്‌ - സ്കാൻ റിപ്പോർട്ടുകളിലൂടെ തെളിയിക്കപ്പെടുന്ന രോഗശമനത്തിനു ഹേതുവാകുന്ന മരുന്നുകൾ പ്ലാസിബോ ആണെന്ന് തെളിയിക്കാനാണോ അതോ അവ എന്തുകൊണ്ട്‌ അങ്ങനെ ഒരു പോസിറ്റീവായ ഫലം നൽകുന്നു എന്ന് ശാസ്ത്രീയമായി കണ്ടെത്താനാണോ യഥാർത്ഥ ശാസ്ത്ര കുതുകികൾ ചെയ്യേണ്ടത്‌? രണ്ടാമത്തെ കാര്യം തന്നെയല്ലേ? നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ച്‌ തെളിയിക്കാൻ കഴിയാത്തതൊക്കെ അശാസ്ത്രീയമെന്ന് തള്ളിക്കളഞ്ഞിരുന്നെങ്കിൽ ശാസ്ത്രം ഇന്നെവിടെ നിൽക്കുമായിരുന്നു? പക്ഷെ അതിനു കുറച്ച്‌ അദ്ധ്വാനിക്കണം. ഓൺലൈനിൽ സിദ്ധാന്തങ്ങളും സർക്കാസവും എഴുതിപ്പിടിപ്പിക്കും പോലെയല്ല. ശാസ്ത്രവുമായി എന്തെങ്കിലും ബന്ധവും വേണം. നെഗറ്റീവ്‌ ആയി ചിന്തിച്ച്‌ ശാസ്ത്രത്തെ പിന്നോട്ടു നടത്താതെ പോസിറ്റീവ്‌ ആയി ചിന്തിച്ച്‌ അതിലെ തെളിയിക്കപ്പെടാത്ത സത്യങ്ങൾ തെളിയിക്കാനാണു ശ്രമമുണ്ടാവേണ്ടത്.

ഹോമിയോപ്പതി വിശ്വാസ ചികിത്സയെങ്കിൽ വായിൽ നൽകുന്നത് മരുന്നോ മിഠായിയോ എന്ന് തിരിച്ചറിയാത്ത ഒരു മാസം പോലും തികയാത്ത കുഞ്ഞുങ്ങൾക്ക് ഈ ചികിത്സയിലൂടെ രോഗം ഭേദമാകുന്നത് എങ്ങനെയെന്ന് വിമർശകർ മറുപടി തരട്ടെ. രോഗിയുടെ വാക്കുകൾക്കപ്പുറം ദൃഷ്ടിഗോചരമായ ചർമരോഗങ്ങൾ പാടുപോലും അവശേഷിപ്പിക്കാതെ ഹോമിയോപ്പതിയാൽ സുഖപ്പെടുന്നതെങ്ങനെയെന്ന് തെളിയിക്കപ്പെടട്ടെ. ബ്ലഡ് ഷുഗറും കൊളസ്ട്രോളും യൂറിക്ക് ആസിഡും തൈറോയ്ഡ് ഹോർമോണുമൊക്കെ ഹോമിയോപ്പതി മരുന്നുകൾ നൽകിയ രോഗികളിൽ വ്യത്യാസപ്പെടുന്നതായി ലബോറട്ടറി പരിശോധനകളിൽ കാണുന്നത് കേവലം വിശ്വാസത്തിന്റെ ഭാഗമായാണെന്ന് തെളിയിക്കട്ടെ. പിത്താശയത്തിലും വൃക്കയിലുമൊക്കെയുള്ള കല്ലുകൾ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ഇല്ലാതാകുന്നത് സ്കാനിംഗ് റിസൽട്ടുകൾ തെളിയിക്കുന്നത് വിശ്വാസചികിത്സയെന്ന് തെളിയിക്കട്ടെ. ഇനി ഇതൊക്കെ കേവലം വിശ്വാസചികിത്സകൊണ്ട് ഭേദപ്പെടുന്ന രോഗങ്ങൾ തന്നെയെങ്കിൽ ആ ചികിത്സ മാത്രം മതിയല്ലോ സമൂഹത്തിന്, ആ രോഗങ്ങളിൽ. വെറുതെയെന്തിനു രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സക്കു പിറകെ പോകണം? രോഗം ഭേദപ്പെടാനാണല്ലോ രോഗികൾ ഡോക്ടറെ സമീപിക്കുന്നത്, അല്ലാതെ ശാസ്ത്രീയത പഠിക്കാനല്ലല്ലോ. പനിക്ക് പാരസെറ്റമോൾ കഴിക്കുന്ന രോഗികൾ അത് ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ഗൂഗിളിൽ തിരഞ്ഞല്ലല്ലോ അതു കഴിക്കുന്നത്?

ഇന്ന് ഹോമിയോപ്പതിയെ എതിർക്കുന്നവർ മൂന്നു വിഭാഗക്കാരാണ്. ഒന്നാമത് ശാസ്ത്രബോധം മാത്രം ലക്ഷ്യമാക്കുന്ന യഥാർത്ഥ ശാസ്ത്രമറിയുന്ന ഹോമിയോപ്പതിയുടെ ഗുണഫലങ്ങൾ നേരിട്ടനുഭവിക്കാത്തവർ. അവർ അവർക്കറിയാവുന്ന ശാസ്ത്രമുപയോഗിച്ച് ഹോമിയോപ്പതിയെ കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കട്ടെ. സ്വാഗതം ചെയ്യുന്നു. പക്ഷെ അത് യാതൊരു ഫലവുമില്ലെന്നും കപടമെന്നുമൊക്കെ വാസ്തവവിരുദ്ധമായ പ്രചാരണമാവുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. രണ്ടാമത് അലോപ്പതി ഡോക്ടർമാരിലെ ചെറിയൊരു ന്യൂനപക്ഷം. അതൊരു പ്രൊഫഷണൽ ജെലസിയെന്നതിനപ്പുറം പ്രാധാന്യം നൽകേണ്ടതല്ല. എന്നാൽ പോലും മറ്റൊരു വൈദ്യശാസ്ത്രത്തിനെതിരെ കുപ്രചാരണം നടത്തൽ സ്വന്തം വില കുറക്കുകയേ ഉള്ളൂവെന്ന് മറക്കരുത്. മൂന്നാമത് ഡിങ്കോയിസ്റ്റുകൾ എന്ന പുതിയ ഓമനപ്പേരിൽ അറിയപ്പെടുന്ന യുക്തിവാദികളിലെ ഒരു വിഭാഗം. ശാസ്ത്രജ്ഞരെന്ന് സ്വയം വിശേഷിപ്പിച്ച് നവമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യൽ ജീവിതലക്ഷ്യമാക്കിയെടുത്ത കുറേ പേർ. വിമർശിക്കാനല്ലാതെ അവർക്ക് മറ്റൊന്നുമറിയില്ല. രോഗം മാറ്റുമ്പോൾ ഡോക്ടർക്ക്‌ കിട്ടുന്ന സംതൃപ്തി, അതെന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഈ പറയുന്ന സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന്മാർക്ക്‌ കെമിസ്ട്രിയും ഫിസിക്സും വെച്ച്‌ വിശദീകരിക്കാവുന്നതല്ല ബയോളജി. കെമിസ്ട്രിയോ ഫിസിക്സോ പോലെ കൃത്യമായി നിർവ്വചിക്കാവുന്നതല്ലാത്ത ജീവന്റെ ശാസ്ത്രമായ ബയോളജി അതേ അളവുകോൽ വെച്ച്‌ വായിക്കുന്നതാണു പല വിമർശ്ശകരുടെയും പ്രശ്നം. ആ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങൾ ചേർന്ന ഒരു സങ്കരവർഗമാണു യഥാർത്ഥത്തിൽ ഹോമിയോപ്പതിയെ ഇല്ലാതാക്കിയേ അടങ്ങൂ എന്ന് കച്ച കെട്ടിയിറങ്ങിയവർ. അതായത് യുക്തിവാദിയെന്ന മുഖം മൂടിയണിഞ്ഞ അലോപ്പതി ഡോക്ടർമാർ. അവരുടെ ലക്ഷ്യം രണ്ടാമത് വിഭാഗത്തിന്റേതുതന്നെയെങ്കിലും മാർഗം മൂന്നാമത്തെ വിഭാഗത്തിന്റേതാണെന്നേയുള്ളൂ. ഫലമെല്ലാം ഒന്നു തന്നെ. അവരുടെ താളത്തിനൊത്ത് തുള്ളാനും കഥയറിയാതെ ആട്ടം കാണാനും നടക്കുന്ന അനുയായികളോട് സഹതാപം മാത്രമേയുള്ളൂ. പക്ഷെ ഇത്തരം സ്ഥാപിതതാല്പര്യക്കാരുടെ വാചകക്കസർത്തുകൾക്ക് അനാവശ്യപ്രാധാന്യം നൽകാൻ മുഖ്യധാരാമാധ്യമങ്ങളും ലേഖകരും ശ്രമിക്കുന്നത് ദുഃഖകരമാണ്. തങ്ങൾ പ്രാക്റ്റീസ് ചെയ്യുന്ന വൈദ്യശാസ്ത്രശാഖയിലെ എല്ലാ കൊള്ളരുതായ്മയും പരിഹരിച്ച ശേഷമാണോ അലോപ്പതി ചികിത്സകരായ യുക്തിവാദികൾ  ഹോമിയോപ്പതിക്കു മേൽ കുതിരകയറാനിറങ്ങിയതെന്ന് മറ്റൊരു വൈദ്യശാസ്ത്രത്തെ അപമാനിക്കുന്നതിനോട് യോജിപ്പില്ലാത്തതിനാൽ ഞാൻ ചോദിക്കുന്നില്ല. സ്വന്തം സിസ്റ്റത്തിൽ നടക്കുന്ന കച്ചവടവൽക്കരണത്തിനോ മരുന്നുകളുടെ അടിച്ചേൽപിക്കലുകൾക്കോ എതിരെ ഒരക്ഷരം ശബ്ദിക്കാതെയാണീ മഹാനുഭാവരായ നവമാധ്യമ ജനകീയർ അതിനു മുതിരുന്നതെന്നതിലാണു കൗതുകം. ഇത്തരത്തിൽ ശാസ്ത്രീയ ചികിത്സക്കു വേണ്ടി വിലപിക്കുന്ന യുക്തിവാദികളും ഡിങ്കോയിസ്റ്റുകളുമായവരെ മുന്നിൽ നിന്ന് നയിക്കുന്നവരൊക്കെ മോഡേൺ മെഡിസിന്റെ പ്രയോക്താക്കളായത്‌ കേവലം യാദൃച്ഛികതയായി കാണാൻ എന്തുകൊണ്ടോ കഴിയുന്നില്ല. മഴക്കാലം പോലുള്ള പനിക്കാലമാകുന്ന ചില പ്രത്യേക കാലങ്ങളിൽ ബ്ലോഗും ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകളുമൊക്കെ വഴി സടകുടഞ്ഞെണീക്കുന്ന അവരുടെ ഭൂതഗണങ്ങളായ ചില ബ്ലോഗർമ്മാരും ബുദ്ധിരാക്ഷസന്മാരുമൊക്കെ കൂലിയെഴുത്തുകാരാണെന്നൊന്നുമുള്ള അഭിപ്രായം എനിക്കില്ലെങ്കിലും പൊതുസമൂഹത്തിൽ എന്തുകൊണ്ടോ അങ്ങനെയൊരു സംശയം ഉയർന്നുവരുന്നത്‌ അവർക്കൊട്ടും ആശാസ്യമല്ല.

ഈ കേരളത്തിൽ തന്നെ ഈഗോക്കപ്പുറം രോഗിയുടെ ആശ്വാസം മാത്രം ലക്ഷ്യമാക്കുന്ന പല അലോപ്പതി ചികിത്സകരും ചില പ്രത്യേക രോഗങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ രഹസ്യമായോ പരസ്യമായോ എഴുതുകയോ റെഫർ ചെയ്യുകയോ ചെയ്യുന്നത് രോഗികൾക്കറിയാവുന്ന കാര്യമാണ്. അലോപ്പതികൊണ്ട്‌ മാറാത്ത ഒരു രോഗം - അത്‌ എത്ര സിമ്പിൾ ആയിക്കൊള്ളട്ടെ - ഹോമിയോപ്പതിക്ക്‌ മാറ്റാൻ കഴിയുമെന്നതുകൊണ്ടാവുമല്ലോ അവരതു ചെയ്യുന്നത്‌. മറ്റൊരു വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുന്നത് കുറ്റകരമാണെന്നത്‌ യാഥാർത്ഥ്യം. പക്ഷേ മറ്റുള്ളവരെ വിമർശ്ശിക്കാതെ സ്വന്തം സിസ്റ്റത്തെ ഫലപ്രദമായി ഉപയോഗിക്കാൻ മാത്രം നോക്കുകയും മറ്റു സിസ്റ്റങ്ങളെ ബഹുമാനത്തോടെ കാണുകയും രോഗികൾക്ക്‌ ആവശ്യമെങ്കിൽ ആ ചികിത്സ തേടാൻ നിർദ്ദേശിക്കുകയുമൊക്കെ ചെയ്യുന്നത്‌ ചികിത്സാരംഗത്ത്‌ അനുവർത്തിക്കേണ്ട മഹത്തായ സംസ്കാരമാണ്‌. അലോപ്പതി രീതികൾക്ക്‌ മേൽ അനാവശ്യമായി വിമർശ്ശനങ്ങൾ ചൊരിയുന്ന ഹോമിയോപ്പതി ചികിത്സകർക്കും ഇക്കാര്യം ബാധകം തന്നെ. ജേക്കബ്‌ വടക്കുംചേരിയാവാനല്ല അംഗീകൃത യോഗ്യതയോടെ ഹോമിയോപ്പതി പഠിച്ചിറങ്ങി വിജയകരമായി പ്രാക്റ്റീസ്‌ ചെയ്യുന്ന ഹോമിയോപ്പതി ഡോക്ടർ ശ്രമിക്കേണ്ടത്‌. അതേസമയം സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്ന ചെറിയൊരു ശതമാനം അലോപ്പതി ചികിത്സകർക്ക്‌ എന്തുകൊണ്ടോ മറ്റുള്ളവർക്കു മേൽ കുതിരകയറാനാണു താൽപര്യം.

നേരത്തെ ബയോളജിയെപ്പറ്റി സൂചിപ്പിച്ചതുപോലെത്തന്നെ മറ്റു വിഷയങ്ങൾ പോലെയല്ല അനാട്ടമിയും ഫിസിയോളജിയും മെഡിസിനും ഒന്നും. യാന്ത്രികമായ രീതിയിൽ കണ്ട്‌ ഒരു രോഗിയെ ചികിത്സിക്കാനാകില്ല. മാനസിക തലങ്ങൾക്കും പ്രാധാന്യമുണ്ട്‌. അതൊന്നും പക്ഷെ വിമർശകർ അംഗീകരിക്കാൻ പോകുന്നില്ലെന്നറിയാം. രസതന്ത്രം പഠിച്ചവർക്ക്‌ മനുഷ്യശരീരത്തിലെ എല്ലാ മൂലകങ്ങളും നൽകിയാൽ ഒരു മനുഷ്യശരീരം സൃഷ്ടിക്കാനോ ഊർജ്ജതന്ത്രം പഠിച്ചവർക്ക്‌ സ്വിച്ചിട്ടാൽ ബൾബ്‌ പ്രകാശിക്കുകയും ഓഫാക്കിയാൽ പ്രകാശം ഇല്ലാതാകുകയും ചെയ്യും പോലെ മനുഷ്യശരീരത്തിൽ ജീവൻ സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയുന്ന സംവിധാനം സൃഷ്ടിക്കാനോ കഴിയാത്തിടത്തോളം രോഗിയെയും രോഗത്തെയും ചികിത്സയെയുമൊക്കെ ആ അളവുകോൽ വെച്ച്‌ അളക്കാതിരുന്നുകൂടെ? ദൈവം സൃഷ്ടിച്ചതും സുഖപ്പെടുത്തുന്നതുമായ ആത്മീയ ചിന്താഗതിയൊന്നുമല്ല പറയുന്നത്‌, ശാസ്ത്രീയതയെക്കുറിച്ചുള്ള ചർച്ചയിൽ അതിനൊന്നും യാതൊരു പങ്കും വഹിക്കാനില്ല. അതൊന്നുമില്ലാതെ തന്നെ ഒരു കപടതയുമില്ലാതെ മരുന്നു കൊടുത്തു തന്നെയാണിവിടെ ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ പ്രവർത്തിക്കുന്നതും ഫലങ്ങളുണ്ടാക്കുന്നതും. ജീവൻ എന്നത്‌ പൂർണ്ണമായി  നിർവ്വചിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ? അത്‌ നിർവ്വചിച്ചാൽ ഹോമിയോപ്പതിയിലെ നിങ്ങളുടെ ചില സംശയങ്ങൾക്കൊക്കെ ഉത്തരം കിട്ടും. ഞാനൊരിക്കലും ലേഖകനെ കുറ്റം പറയില്ല. നിങ്ങൾ പഠിച്ചതും ചിലരാൽ പഠിപ്പിക്കപ്പെട്ടതും പ്രകാരം നിങ്ങൾ ശരി തന്നെ. എന്തായാലും കെമിസ്ട്രിയും ഫിസിക്സും പോലെ കണക്കാക്കാവുന്നതല്ല ബയോളജി എന്നു തന്നെ ഞാൻ വീണ്ടും പറയുന്നു. നിങ്ങൾക്ക്‌ തിയറി പ്രകാരം അംഗീകരിക്കാൻ കഴിയാത്തത്‌ വെറും തട്ടിപ്പ്‌ എന്നു നിങ്ങൾ പറയുന്നതാണു പ്രശ്നം. "അതിന്റെ ശാസ്ത്രീയവശം അംഗീകരിക്കാൻ നിലവിലുള്ള ശാസ്ത്രതത്വങ്ങൾ പ്രകാരം പറ്റില്ല. പക്ഷേ ഫലമുണ്ടായേക്കാം. കൂടുതൽ ഗവേഷണങ്ങളിലൂടെ അതു തെളിയിക്കപ്പെടട്ടെ" എന്ന് നിങ്ങൾ പറഞ്ഞാൽ അതിൽ ന്യായമുണ്ട്‌. ശാസ്ത്രസാഹിത്യപരിഷത്തിന്റെയൊക്കെ ചില മുൻ ലേഖനങ്ങളിൽ ഒരു പരിധിവരെ അത്തരത്തിലാണുള്ളത്. എന്നാൽ "തിയറി പ്രകരം അതു തെളിയിക്കാൻ കഴിയില്ല, പ്രാക്റ്റിക്കലി അതു തെളിയിക്കുന്നവരൊക്കെ തട്ടിപ്പുകാർ" എന്ന് നിങ്ങൾ പറഞ്ഞാൽ അത്‌ തീർത്തും അരോചകമല്ലേ? ചാത്തൻ സേവയോടൊക്കെ താരതമ്യപ്പെടുത്തുന്നതെല്ലാം വെറും ബാലിശമായ വാദങ്ങളായും മനഃപൂർവം പരിഹാസത്തിനായി നിരത്തുന്നതായുമേ അനുഭവപ്പെടുന്നുള്ളൂ. രോഗിക്ക്‌ പ്രാർത്ഥിച്ചല്ല ഞാൻ മരുന്നു കൊടുക്കുന്നത്‌. രോഗി ഭേദമായെന്ന് പറയുന്നതുമാത്രമല്ല ഞാൻ ആധാരമാക്കുന്നത്‌. അപ്പോൾ പിന്നെ ഞാൻ എനിക്ക്‌ കിട്ടുന്ന പോസിറ്റീവ്‌ റിസൽട്‌ നിങ്ങളുടെ തിയറിക്കു മുന്നിൽ അംഗീകരിക്കണോ? അതാണു ചോദ്യം. റിസൽട്ട്‌ മനസിലാക്കാതെ തിയറി മാത്രം നോക്കി ഇതൊന്നും ചർച്ച ചെയ്താൽ എവിടെയുമെത്തില്ല. അതാണു പ്രശ്നം.

ഹോമിയോപ്പതിക്കെതിരെ പ്രചാരണം ഈയിടെ മുളച്ചു പൊന്തിയത് വാക്സിനേഷനെതിരായി പ്രവർത്തിക്കുന്നത് ഹോമിയോപ്പതി ഡോക്ടർമാരാണെന്ന പ്രചാരണത്തിന്റെ കൂടി ഭാഗമാണെന്ന് തോന്നുന്നു. മാധ്യമം ഓൺലൈനിലെ ലേഖനത്തിലെ ചില പരാമർശങ്ങളും അത് ഊട്ടിയുറപ്പിക്കുന്നു. ഹോമിയോപ്പതിസമൂഹമാണൂ വാക്സിനേഷന്റെ അപൂർണതക്ക് കാരണക്കാരെന്ന് ആർക്കൊക്കെയോ പറഞ്ഞുവെക്കണമെന്ന് തോന്നുന്നു. ജൂലൈ 16നു രാത്രി മീഡിയ വൺ ചാനലിലെ കേരള സമ്മിറ്റ്‌ വാക്സിനേഷൻ വിഷയം കൈകാര്യം ചെയ്തിരുന്നു. പാനലിൽ ഇരിക്കുന്ന, വാക്സിനേഷൻ നൽകാനുള്ള മലപ്പുറത്തെ സർക്കാർ ആരോഗ്യവകുപ്പിന്റെ സംവിധാനത്തിന്റെ മുന്നണിപ്രവർത്തകരിൽ ഒരാളായ ഡോ.മോഹൻ ദാസ്‌ അതിൽ അവതരിപ്പിക്കപ്പെട്ടത്‌ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരിൽ. പാനലിലെ മറ്റൊരംഗമായ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ വാക്സിനേഷനെ എതിർക്കുന്ന, വിദ്യാഭ്യാസ യോഗ്യതയും തൊഴിലും കൊണ്ട്‌ ഹോമിയോപ്പതി ഡോക്ടറായ ഡോ.ഹരി.പി.ജി ഹോമിയോപ്പതിയുടെ മേൽ വിലാസം ഒരിക്കലും അതിനുപയോഗിക്കുന്നില്ലെങ്കിലും, അതിൽ അവതരിപ്പിക്കപ്പെടുന്നത്‌ ഹോമിയോപ്പതി ഡോക്ടർ എന്ന നിലയിൽ കൂടി. എന്താണവിടെ സ്ഥാപിക്കാൻ ശ്രമിച്ചത്? പരിഷത്തിന്റെ പേരിൽ ചിന്തകൾ പങ്കുവെക്കാൻ മെഡിക്കൽ പ്രൊഫഷനിൽ ഇല്ലാത്ത ഒരാളെ കിട്ടാത്തതുകൊണ്ടാണോ ആരോഗ്യവകുപ്പിന്റെ അഭിപ്രായങ്ങൾ പരിഷത്തിന്റെ അഭിപ്രായമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌? വാക്സിനേഷനെ എതിർക്കുന്ന ഡോ.ഹരിയെ ഹോമിയോപ്പതി ഡോക്ടറെന്ന നിലയിൽകൂടി പാനലിലിരുത്തിയത്‌ ഹോമിയോപ്പതിക്കാർ എതിർക്കുന്നു എന്ന് സ്ഥാപിക്കാനോ? ഹോമിയോപ്പതി ഡോക്ടർമാരുടെ പ്രതിനിധിയെന്ന നിലയിൽ സദസിൽ ഇരുന്ന് സംസാരിക്കാൻ മറ്റൊരു ഹോമിയോപ്പതി ഡോക്ടറായ ഡോ.ഗഫാറിനു അവസരം ലഭിച്ചെങ്കിൽ കൂടി ഹോമിയോപ്പതി ഡോക്ടറെന്ന നിലയിൽ അവതരിപ്പിച്ച ഡോ.ഹരി.പി.ജി.യുടെ വാക്സിൻ വിരുദ്ധനിലപാടുകൾക്കവിടെ കൂടുതൽ ശ്രദ്ധ ലഭിച്ചു. ഹോമിയോപ്പതി ഡോക്ടർമാർ സംസാരിക്കുന്നത്‌ വാക്സിനേഷനെയും സർക്കാരിന്റെ ആരോഗ്യനയങ്ങളെയും എതിർക്കുന്ന റിബൽ ഭാഷയിലാണെന്നും ആധുനിക വൈദ്യശാസ്ത്രം സംസാരിക്കുന്നത്‌ സർക്കാരിന്റെയും ശാസ്ത്രസാഹിത്യപരിഷത്‌ ഉൾപ്പെടെയുള്ള പുരോഗമനാത്മക സംഘടനകളുടെയും ഭാഷയിലാണെന്നും വരുത്തിത്തീർക്കേണ്ടത്‌ ആരുടെ ആവശ്യമാണ്‌? ഇത്തരത്തിലാണ് ഹോമിയോപ്പതി ഡോക്ടർമാർ വാക്സിനേഷനെതിരാണെന്ന് വരുത്തിത്തീർക്കുന്നത്. മറ്റൊരു വൈദ്യശാസ്ത്രത്തിലെ രീതിയെന്ന നിലയിൽ ഹോമിയോപ്പതി ഡോക്ടർമാർ വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെന്നത് സത്യം തന്നെ. അത് ഒരു പരിധിവരെ വൈദ്യശാസ്ത്രശാഖകൾ തമ്മിൽ നിലനിൽക്കുന്ന സൗഹാർദപരമല്ലാത്ത ബന്ധം കൊണ്ടുകൂടിയാണ്. വാക്സിനേഷൻ സംബന്ധിച്ച്‌ ചില സാങ്കേതികമായ കാര്യങ്ങളിലൊക്കെ പലരെയും പോലെ എനിക്കും വിയോജിപ്പുണ്ട്‌. അതുകൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെ വിദേശരാജ്യങ്ങളിൽ നടപ്പാക്കിയ ചില നിയമങ്ങൾ ഇവിടെയും നടപ്പാക്കണമെന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം (അത്‌ ഐ.എം.എ.യും ആവശ്യപ്പെട്ടിട്ടുള്ളതാണല്ലോ). അതുപോലെ ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള രേഖകളല്ലാതെ ഒരാൾക്ക്‌ മുൻപ്‌ വാക്സിനേഷൻ എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളൊന്നുമില്ലാത്തതിനാൽ വാക്സിൻ എടുത്തവരാണോ എടുക്കാത്തവരാണോ രോഗം വന്നവർ എന്ന് ആരോഗ്യവകുപ്പും വാക്സിൻ വിരുദ്ധരും തമ്മിൽ വാഗ്വാദം ഉണ്ടാകുന്നത്‌ സ്ഥിരം സംഭവമാകുന്നു. ഇതിനായി എന്തെങ്കിലും പരിഹാരമാർഗ്ഗം കണ്ടെത്തേണ്ടതും ആവശ്യം തന്നെ. പക്ഷെ ഈ കാര്യങ്ങളൊന്നും തന്നെ രോഗികളുമായി പങ്കുവെക്കുകയോ വാക്സിനേഷനെതിരെ സംസാരിക്കുകയോ ചെയ്യാറില്ല. ഒരു രോഗം പടർന്നുപിടിക്കുമ്പോൾ നിലവിലുള്ളതും തെളിയിക്കപ്പെട്ടതുമായ ഒരു ചികിത്സാരീതി നടപ്പാക്കാൻ സംസ്ഥാനത്തെ ആരോഗ്യസംരക്ഷണസംവിധാനം മുഴുവൻ പണിപ്പെടുമ്പോൾ പുറം തിരിഞ്ഞ്‌ നിൽക്കുന്നവരും എതിർ പ്രചാരണം നടത്തുന്നവരുമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷകർ എന്ന നിലയിൽ ഹോമിയോപ്പതി സമൂഹത്തിലുള്ളവർ മുഴുവൻ. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സാമൂഹ്യപ്രവർത്തകർ എന്ന നിലയിലോ അംഗീകൃത യോഗ്യതയില്ലാത്ത ചികിത്സകരിൽ നിന്നോ ഒക്കെയാവാനേ ഇടയുള്ളൂ. ആ കാര്യമുന്നയിച്ച് ഹോമിയോപ്പതിയെ താറടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല.

അതുപോലെ തന്നെ മറ്റു വൈദ്യശാസ്ത്രങ്ങളെ അപഹസിക്കുകയാണ് ഹോമിയോപ്പതിയുടെ രീതി എന്നും ലേഖകൻ ആരോപിക്കുന്നു. തത്വങ്ങളിൽ വ്യത്യാസമുള്ള വൈദ്യശാസ്ത്രങ്ങളാകുമ്പോൾ ആശയപരമായ ഏറ്റുമുട്ടൽ സ്വാഭാവികം മാത്രം. അത് ഇരുവശത്തുനിന്നുമുണ്ടാകുകയും ചെയ്യും. അതിനപ്പുറം അനാരോഗ്യകരമായ ഗ്വാ ഗ്വാ വിളികൾ വൈദ്യശാസ്ത്രശാഖകൾ തമ്മിലുണ്ടാവുന്നെങ്കിൽ അതിൽ ഒരു കൂട്ടരെ മാത്രം അടച്ചാക്ഷേപിച്ച് കൈകഴുകുന്നതും നല്ല രീതിയല്ല. പരസ്പരം പഴി ചാരി തമ്മിലടിക്കാനുള്ളതല്ല വൈദ്യശാസ്ത്രങ്ങൾ. ഒന്നും പൂർണ്ണവുമല്ല. എല്ലാ വൈദ്യശാസ്ത്രശാഖകൾക്കും മെറിറ്റ്സും ഡി മെറിറ്റ്സുമുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ച്‌ ജനാരോഗ്യം മെച്ചപ്പെടുത്താൻ ഒന്നിച്ചു ശ്രമിക്കുകയാണു എല്ലാ സിസ്റ്റത്തിലെയും ഡോക്ടർമാർ ചെയ്യേണ്ടത്‌. അലോപ്പതി ചികിത്സകർ ഹോമിയോപ്പതിയെയും തിരിച്ചും ശത്രുപക്ഷത്ത്‌ നിർത്തുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും അവസാനിപ്പിക്കാനുള്ള നടപടി രണ്ടുഭാഗത്തുനിന്നുമുണ്ടാകണം, ഡോക്ടർമാരെ ദൈവങ്ങളായി കാണുന്ന ജനങ്ങൾക്ക്‌ വേണ്ടിയെങ്കിലും. അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയും അവഗണനകൾക്കും കുപ്രചാരണങ്ങൾക്കുമെതിരെയും ശബ്ദമുയർത്തുന്നതുപോലെയല്ല ചികിത്സാരീതികളെക്കുറിച്ച്‌ ആരോപണപ്രത്യാരോപണങ്ങൾ നടത്തി ഡോക്ടർമാർ തമ്മിലടിക്കുന്നത്‌. അത്‌ ജനങ്ങൾക്ക്‌ മുൻപിൽ ഭിഷഗ്വരസമൂഹത്തെ മൊത്തത്തിൽ അപഹാസ്യരാക്കുകയേ ഉള്ളൂ. എല്ലാ ചികിത്സകരും സ്വന്തം സിസ്റ്റത്തിന്റെ ഗുണവും ദോഷവും തിരിച്ചറിഞ്ഞ്‌ അവരവർക്ക്‌ പറ്റുന്ന രീതിയിൽ ചികിത്സിച്ച്‌ രോഗം മാറ്റുക. കഴിയാത്തത്‌ ഈഗോ മാറ്റിവെച്ച്‌ രോഗിയുടെ നന്മ മുൻ നിർത്തി മറ്റു ഡോക്ടർമാർക്കോ സിസ്റ്റത്തിലേക്കോ റെഫർ ചെയ്യുക. അസഹിഷ്ണുതയുള്ളവർ അന്യ സിസ്റ്റത്തെ കുറ്റം പറഞ്ഞ്‌ രോഗികൾക്ക്‌ മുന്നിൽ അപഹാസ്യരാവുക. ചികിത്സയെന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ശാസ്ത്രീയത തേടുന്നവർ സോഷ്യൽ മീഡിയയുടെ വിർച്ച്വൽ ലോകത്ത്‌ വ്യാപരിച്ച്‌ കണ്ണിൽ കണ്ട എല്ലാറ്റിനെയും വിമർശ്ശിച്ച്‌ മറ്റുള്ളവർക്ക്‌ ശല്യമാവുക. അത്രയേയുള്ളൂ കാര്യം.

ഒരു രോഗി പറഞ്ഞതുപോലെ, "ഹോമിയോപ്പതി ഡോക്ടർമാർ കൊടുക്കുന്ന അശാസ്ത്രീയവും പ്ലാസിബോയുമായ മരുന്നുകൾ കൊണ്ട്‌ ഒരു രോഗവും മാറൂല്ലെങ്കിൽ അതു നിങ്ങടെയടുത്തു വരുമ്പൊ ചികിത്സിച്ച്‌ മാറ്റി അലോപ്പതി ഡോക്ടർമാർർ ഉഷാറാക്കീൻ. അലോപ്പതി മരുന്നുകൊണ്ടും വാക്സിനേഷൻ കൊണ്ടുമുള്ള പാർശ്ശ്വഫലങ്ങൾ കൊണ്ട് പുതിയ രോഗങ്ങളുള്ള രോഗികൾ വരുമ്പൊ അത് ചികിത്സിച്ചു മാറ്റി ഹോമിയോപ്പതിക്കാരും ഉഷാറാക്കീൻ. അങ്ങനെ രണ്ടു വഴിയിലങ്ങു പോയാൽ ഓരോരുത്തരും വഴി മറ്റേ കൂട്ടർക്ക്‌ ചാകരയാവുകയല്ലേയുള്ളൂ? അതുകൊണ്ട്‌ ആ പറഞ്ഞ അഡ്ജസ്റ്റ്മെന്റിൽ അങ്ങു പോ രണ്ടു കൂട്ടരും. ഞങ്ങളു രോഗികളു തീരുമാനിച്ചോളാ ഏതു മരുന്ന് കഴിക്കണമെന്ന്. വെറുതെ തമ്മിലടിച്ച്‌ നാറ്റിക്കല്ലെ."

എല്ലാ വൈദ്യശാസ്ത്ര ശാഖകളും ചേർന്ന് മലയാളിയെ അരോഗദൃഢഗാത്രനാക്കട്ടെ.

14 comments:

drpnkaramchand said...

Well done dr.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

Thanks sir

IHK WAYANAD said...

well said, congrats

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കയ്യടി വാങ്ങിയിട്ടല്ല, പ്രാക്റ്റീസ്‌ ചെയ്തിട്ടാണു സാർ ഞാൻ അരി വാങ്ങുന്നത്‌. ഇവിടെയാരും ശാസ്ത്രത്തെ കുറ്റം പറഞ്ഞില്ല. ശാസ്ത്രം ആരുടെയും കുത്തകയുമല്ല. താങ്കൾ പറഞ്ഞതുപോലെ ശാസ്ത്രം ആ രഹസ്യങ്ങൾ കണ്ടെത്തട്ടെ. അതു വരെ ദൈവകോപം സ്റ്റെയിലിൽ ഇതിനെ ചൊറിനുകൊണ്ടിരിക്കുന്നത്‌ നിർത്താനേ പറഞ്ഞുള്ളൂ. പിന്നെ വാചകം. നാവിന്റെയും കീബോർഡിൽ ചലിക്കുന്ന വിരലിന്റെയും മാത്രം ബലത്തിൽ എല്ലാറ്റിനെയും വിമർശ്ശിച്ച്‌ ആളാവുന്നവരോട്‌ കുറച്ച്‌ വാചകമൊക്കെ അടിക്കാതെ പിടിച്ചുനിൽക്കാൻ പറ്റില്ലല്ലോ സാർ. വാചകവും ആരുടെയും കുത്തകയല്ലെന്ന് കൂട്ടിക്കോളൂ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

Good work dr.rathesh well said
Dr.Ranjit

Unknown said...

Good work dr.rathesh well said
Dr.Ranjit

Unknown said...

ഇനിയുമുണ്ടനേകകാത ദൂരമങ്ങു പോകുവാൻ
വരിക നീയെൻ കണ്ണിലേക്കൊരു ചെരാതിൻ '''''

Unknown said...

ഇനിയുമുണ്ടനേകകാത ദൂരമങ്ങു പോകുവാൻ
വരിക നീയെൻ കണ്ണിലേക്കൊരു ചെരാതിൻ '''''

Unknown said...

ഇനിയുമുണ്ടനേക കാത ദൂരമങ്ങു പോകുവാൻ
വരിക നീയെൻ കണ്ണിലേക്കായ് ഒരു ചെരാതിൻ .....

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം