ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 07, 2011

ലതികാ സുഭാഷ് പത്തായത്തിലുമില്ല...

കേവലം ദിവസങ്ങള്‍ക്കുള്ളില്‍ വി.എസ്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ(?) ബ്ലോഗര്‍മാര്‍ക്കും സ്ത്രീവിരോധിയായി. സി.പി.എമ്മില്‍ നിന്നും ഇപ്പോള്‍ പുറത്തിറങ്ങി വരും എന്ന് പൂതിപ്പെട്ടു കണ്ണിലെണ്ണയൊഴിച്ചിരുന്ന പേനയുന്തല്‍ തൊഴിലാളികള്‍ക്ക് വി.എസ്സിന്റെ ശക്തമായ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. ഭരണതുടര്ച്ചയിലേക്ക് അടുത്തപ്പോള്‍ കൃമികടി സഹിക്കാതായിരിക്കുന്നു. അസഹ്യമായ ചൊറിച്ചില്‍ മൂലം ഞെളിപിരി കൊള്ളുന്ന ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ വി.എസ്. തൊട്ടതും പറഞ്ഞതും നോക്കിയതും എല്ലാം കുറ്റം.
ലതികാ സുഭാഷ് മലമ്പുഴയില്‍ മത്സരിക്കുന്നു എന്നറിഞ്ഞത് മുതല്‍ കുറെ ബ്ലോഗ്‌ പുലികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്, വി.എസ്സിനെ തോല്‍പ്പിക്കാന്‍. അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ... നിങ്ങളൊക്കെ ആരാ? നമ്മള്‍ കുറച്ചു ബ്ലോഗര്‍മാരൊന്നുമല്ല വി.എസ്സിനെ ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും. മലയാളത്തില്‍ ഉണ്ടെന്നു പറയുന്ന മുപ്പത്തി മുക്കോടി ബ്ലോഗര്‍മാരില്‍ മലമ്പുഴയിലെ വോട്ടര്‍മാര്‍ എത്ര? വല്ല പിടിയും ഉണ്ടോ? പ്രവാസി വോട്ടു ചേര്‍ക്കാന്‍ അവസരം കിട്ടിയിട്ട് മലയാളത്തിലെ പ്രവാസി ബ്ലോഗര്‍മാരില്‍ എത്ര പേര്‍ വോട്ടു ചേര്‍ത്തു? എത്ര പേര്‍ ചെയ്യും വോട്ട്? കേരളത്തിലെ വോട്ടര്‍മാരായ സാധാരണക്കാരില്‍, പോട്ടെ, മലമ്പുഴയില്‍, എത്ര പേരുണ്ട് ബ്ലോഗ്‌ വായിക്കുന്നവര്‍? ഒരു ബ്ലോഗര്‍ ജയിച്ചു വന്നാല്‍ എന്താണ് പ്രത്യേകിച്ച് സംഭവിക്കാന്‍ പോകുന്നത്? യാതൊരു രാഷ്ട്രീയ പക്ഷ പാതവുമില്ലാത്ത നിഷ്പക്ഷയൊന്നും അല്ലല്ലോ ശ്രീമതി ലതികാ സുഭാഷ്? തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ അവരൊരു ബ്ലോഗും അങ്ങ് തുടങ്ങി. അത്രയല്ലേ ഉള്ളൂ? അതിനു "ബ്ലോഗര്‍ ജയിക്കണം, ബ്ലോഗര്‍ ജയിക്കണം" എന്ന് മുറവിളി കൂട്ടിയിട്ടു എന്ത് കാര്യം? കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് എന്ന് നിസ്സംശയം പറയാവുന്ന, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും ചരിത്രം കുറിച്ച വികസനനയങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വി.എസ്. ജയിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളില്‍ കൂടുതല്‍ എന്താണ് ലതികാ സുഭാഷ് ജയിച്ചാല്‍ കേരളത്തിന്‌ ലഭിക്കാന്‍ പോകുന്നത്? 
പിന്നെ ഇതിന്റെ മറുവശം. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് പറയപ്പെടുന്ന (ചെന്നിത്തല പറയാത്ത) ഉമ്മന്‍ ചാണ്ടിക്ക് എതിരെ മത്സരിക്കുന്ന സുജ സൂസന്‍ ജോര്‍ജിനും ഉണ്ട് ഒരു ബ്ലോഗ്‌.
http://sujathamanthanath.blogspot.com/
സ്വന്തം എഴുത്തിനെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണോ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവാര്‍ഡ് ബ്ലോഗറും ബൂലോക ബ്ലോഗറും ഇറങ്ങാത്തതിനു കാരണം? അതോ നിങ്ങളുടെ വലതു കണ്ണിനു മാത്രമേ കാഴ്ചയുള്ളോ?  
തെരഞ്ഞെടുപ്പിന് ഇറങ്ങിയത്‌ മുതല്‍ തുടങ്ങിയതാണ്‌ മലമ്പുഴയിലെ രാഷ്ട്രീയ ബ്ലോഗിനിയുടെയും കൂട്ടരുടെയും അന്തം വിട്ട പരാക്രമങ്ങള്‍. കിളിരൂരിലെ ശാരിയുടെ പിതാവിന്റെ കയ്യില്‍ നിന്നും കെട്ടി വെക്കാനുള്ള തുക വാങ്ങിയാണത്രേ പാലക്കാട്ടേക്ക് വണ്ടി (ഹെലിക്കോപ്ട്ടര്‍ ആയിരുന്നോ എന്നറിയില്ല) കയറിയത്. എന്തായിരുന്നു മാധ്യമങ്ങളിലെ ആഘോഷം! ശാരി എന്ന പെണ്‍കുട്ടി പീഡി പ്പിക്കപ്പെട്ടപ്പോള്‍ കേരളം ഭരിച്ച - ഒരു നടപടിയും അന്നെടുക്കാതെ ആ പെണ്‍കുട്ടിയുടെ മരണം വരുത്തി വെച്ച - ഐസ്ക്രീം കേസില്‍ വീണ്ടും പെട്ട കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച - പി.ജെ.കുര്യനെയും പി.ജെ.ജോസഫിനെയും ഉണ്ണിത്താനെയും ഒന്നിച്ചു നിര്‍ത്തി യു.ഡി.എഫില്‍. കൈകൊട്ടിക്കളി നടത്തുന്ന -  ചാണ്ടിക്കെതിരെയായിരുന്നു ആ പണം വാങ്ങി മത്സരിക്കേണ്ടത്. നിരവധി പെണ്‍വാണിഭങ്ങളും  പീഡനങ്ങളും നടന്ന കേരളത്തില്‍ അപ്പോഴൊന്നും ഒരു പത്ര പ്രസ്താവന ഇറക്കാന്‍ പോലും ഈ സ്ത്രീസഹായ മാലാഖയെ കണ്ടില്ലല്ലോ? എന്തായാലും ഇന്ന് പണികിട്ടി. തന്നെ പറ്റിച്ചു നടത്തിയ രാഷ്ട്രീയ നാടകമാണ് അതെന്നു ശാരിയുടെ പിതാവ് തന്നെ പറഞ്ഞു. ഏതു രാഷ്ട്രീയക്കാരന്‍ വന്നാലും കൊടുക്കുന്ന പോലെ നൂറു രൂപ സംഭാവനയായി കൊടുത്തതല്ലാതെ കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കിയില്ലെന്നും തന്റെ മകളുടെ മരണം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും ആ പിതാവ് വേദനയോടെ പറഞ്ഞു. എന്ത് പറയുന്നു "പെയ്ഡ് ബ്ലോഗുകളുടെ" മുതലാളിമാര്‍? നാടകം നടത്തിയത് പോട്ടെ, ശാരിയുടെ മകളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ആ മനുഷ്യന്റെ വീട്ടില്‍ പോയി സംഭാവന ചോദിച്ചതിനു തന്നെ ചവിട്ടിക്കൊല്ലണം ആ ഖദറിട്ട പിശാചുക്കളെ. 
പുതിയ വിവാദം അതിലും ഉഷാറാണ്. "പ്രശസ്ത" എന്ന് വിളിച്ചു അപമാനിച്ചത്രേ... ഹ..ഹ..ഹ.. പണ്ടൊരു ഹാജിയാര്‍ ദേഷ്യം വന്നപ്പോള്‍ ഒരു നമ്പൂരിയെ "പോത്തെ" എന്ന് വിളിച്ചപ്പോള്‍ തിരിച്ചു നമ്പൂരി "പപ്പടമേ" എന്ന് വിളിച്ച കഥ കേട്ടിട്ടുണ്ട്. "ഹാജിയാര്‍ അയാള്‍ തിന്നുന്ന വസ്തുവിന്റെ പേര് നമ്മെ വിളിച്ചപ്പോള്‍ നോം നോം തിന്നുന്ന വസ്തുവിന്റെ പേര് അയാളെയും വിളിച്ചു" എന്നായിരുന്നത്രേ നമ്പൂരിയുടെ വിശദീകരണം. അത് വെച്ച് നോക്കുമ്പോള്‍ ഈ "പ്രശസ്ത" എന്ന് പറയുന്നതൊക്കെ നല്ല മുട്ടന്‍ തെറി ആയിരിക്കണം. അല്ലെങ്കില്‍ ഭയങ്കര ബുദ്ധിയുള്ള കോണ്‍ഗ്രസ്സുകാരും അതിലും ഭയങ്കര ബുദ്ധിയുള്ള ബ്ലോഗര്‍മാരും ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുമോ?
പണ്ടൊരു കുട്ടി അച്ഛനെ പിടിക്കാന്‍ വന്ന പോലീസുകാരോട് "അച്ഛന്‍ വീട്ടിലില്ല, പത്തായത്തിലുമില്ല" എന്ന് പറഞ്ഞ പോലെയായി ഈ സംഭവം. വി.എസ്.പറഞ്ഞത് ടി.വി.യില്‍ കണ്ടവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ പ്രശ്നം ഏറ്റെടുത്തു കേസും കൂട്ടവുമായി കൊഴുപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും തോന്നിക്കാണും "എന്തോ ഉണ്ടല്ലോ" എന്ന്. "ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ" എന്നാണല്ലോ. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തക ഇത്തിരി ചീഞ്ഞു നാറിയാലും വേണ്ടിയില്ല, വി.എസ്സിനിട്ടു ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ തീറ്റിപ്പോറ്റുന്ന മാധ്യമ - ബ്ലോഗ്‌ കൂലിയെഴുത്തുകാര്‍ക്കും  നാണവും മാനവും ഇല്ലാത്തതിന് വി.എസ്. എന്ത് പിഴച്ചു?
എന്തായാലും ഈ പ്രശ്നം - വി.എസ്സിന് ഇതൊരു പ്രശ്നമേ അല്ലെങ്കിലും യു.ഡി.എഫിന് ഇതൊക്കെ മാത്രമാണല്ലോ പ്രശ്നവും തെരഞ്ഞെടുപ്പു വിഷയവും - വി.എസ്സിനോ അദ്ദേഹത്തിന്റെ അനുയായികളായ ഈ നാട്ടിലെ സാധാരണക്കാര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ ഇന്ന് മലപ്പുറം ജില്ലയില്‍ - കുഞ്ഞാലിക്കുട്ടി പടക്കിറങ്ങിയ വേങ്ങരയിലും തവനൂരിലും പെരിന്തല്‍മണ്ണയിലും നിലമ്പൂരിലും തിങ്ങിക്കൂടിയ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന അഭിവാദ്യങ്ങള്‍ സൃഷ്ടിച്ച പ്രകമ്പനം മാത്രം മതി. മണിക്കൂറുകളോളം തവനൂര്‍ മണ്ഡലത്തിലെ എടപ്പാളില്‍ സ.വി.എസ്സിനായി കാത്തു നിന്ന ഈയുള്ളവനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേരില്‍ വി.എസ്. എത്തിച്ചേര്‍ന്ന നിമിഷത്തില്‍ അലയടിച്ചുയര്‍ന്ന ആവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകാതിരിക്കാന്‍ ലതികാ സുഭാഷ് എന്ന ദുര്‍ബലമായ വള്ളിയില്‍ പിടിച്ചു നിന്നാലൊന്നും മതിയാകില്ല യു.ഡി.എഫെ...
വാല്‍:
ബ്ലോഗര്‍ കം സ്ഥാനാര്‍ഥിയുടെ ബ്ലോഗിലെ ഒരു കവിത

തോല്‍ക്കുമെന്നുറപ്പാണെങ്കിലും ഒരു സീറ്റ് കിട്ടിയത് നന്നായി.  

14 comments:

അനില്‍ഫില്‍ (തോമാ) said...

വീയെസ് "പ്രശസ്ത" എന്നു പറഞ്ഞപ്പോള്‍ ഉടനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളിയ യൂഡീയെഫുകാരും കോണ്‍ഗ്രസ്സ് നോട്ടീസിന്റെ നിലവാരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിടുന്ന മാധ്യമ പ്രമാണികളും ഇന്നലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ "പ്രശസ്തയുടെ" "പ്രശസ്തി" സംബന്ധിച്ച് നടത്തിയ വിശദമായ പ്രസ്താവന അറിഞ്ഞില്ലെന്നു തോന്നുന്നു, വെള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍.... എന്തിനു.. ഒന്നു പ്രതികരിക്കാന്‍ പോലും "ഒരുത്തനേയും" "ഒരുത്തിയെയും" കണ്ടില്ലല്ലൊ? യൂഡീയെഫില്‍ ആണും പെണ്ണും കെട്ടവരല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ വേള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ.

http://mangalam.com/index.php?page=detail&nid=412733&lang=malayalam

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

Tracking...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

Tracking...

ഇ.എ.സജിം തട്ടത്തുമല said...

ഇതുപോലെ ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തിരക്കുകൾ കാരണം അതിനു കഴിഞ്ഞില്ല. തിരൂർ സാറിനു നന്ദി! ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ ലതികാ സുഭാഷിനോട് പ്രത്യേക സ്നേഹമുള്ളത് അവരുടെ ബ്ലോഗിൽ ചെന്ന് കമന്റിട്ട് പ്രകടിപ്പിച്ചിരുന്നു. വിജയാശംസ നേരാൻ കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു. (സത്യത്തിൽ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായപ്പോഴാണ് അവർക്ക് ബ്ലോഗുണ്ടെന്ന് ഞാൻ അറിഞ്ഞതും അത് തിരക്കി ചെന്ന് കണ്ട് പിടിച്ചതും) വി.എസിന്റെ പ്രശസ്തി പ്രയോഗത്തിൽ എന്തെങ്കിലും മാനസിക പ്രയാസമുണ്ടെങ്കിൽ ആ ദു:ഖം പങ്കുവയ്ക്കുന്നുവെന്നും കാപ്പിലാന്റെ ഒരു പോസ്റ്റിൽ കമനിറ്റിടുകയും ചെയ്തു. എന്നാൽ വി.എസ് വിശദീകരണം നൽകിയ സ്ഥിതിയ്ക്ക് വിവാദം അവസാനിപ്പിക്കണമെന്നും പറഞ്ഞിരുന്നു. ജനാധിപത്യപരമായി ഇത്രയൊക്കെയേ നമുക്ക് ചെയ്യാൻ കഴിയൂ. ഒരു ബ്ലോഗ്ഗറെ ചാവേർ പോരാളിയാക്കി വി.എസിനെതിരെ സ്ഥാനാർത്ഥിയാക്കി ഒതുക്കിയ കോൺഗ്രാസ്സ് നേതൃത്വത്തോട് പക്ഷെ ഒരു ബ്ലോഗ്പുലികൾക്കും പ്രതിഷേധം കാണുന്നില്ല. ഞാൻ അത് സൂചിപ്പിച്ചിരുന്നു. അവരുടെ ബ്ലോഗിൽതന്നെ! സുജ സൂസൻ ജോർജിനു ബ്ലോഗുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനും നന്ദി! നൌഷാദ് വടക്കേലിനോട് ഈ പട്ടിയ്ക്ക് പറയാനുള്ളത് ഏതുപട്ടിയ്ക്കും ബ്ലോഗ് തുടങ്ങാമെന്നും അത് ഏതു പട്ടിക്കും വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാമെന്നും മാത്രമാണ്!

കണ്ണന്‍ | Kannan said...

tracking!

കണ്ണന്‍ | Kannan said...

.

സന്തോഷ്‌ said...

ഡോക്ടര്‍ പോസ്റ്റില്‍ നല്‍കിയ ബ്ലോഗി വിലാസം തെറ്റാണ്. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജിന്റെ ബ്ലോഗുകള്‍ ഇവയാണ്:

1 . സുജാത - http://sujatha-suja.blogspot.com/

2. സുജ സൂസന്‍ ജോര്‍ജ് - http://sujasusangeorge.blogspot.com/

പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജിന്റെ പ്രൊഫൈല്‍ - http://www.blogger.com/profile/16726115079192882270

ഫെനില്‍ said...

പോട്ടന്നേ എന്തായാലും ലതിക ജയിക്കത്തില്ലെന്ന് നമ്മുക്കെല്ലാം അറിയാം.മാമന്റെയും ലതികയുടെയും പൊറോട്ട നാടകം കുറച്ചു നമ്മുക്കും കാണാമന്നെ...........

Naushu said...

tracking!

ഡോ.ആര്‍ .കെ.തിരൂര്‍ said...
This comment has been removed by the author.
ഡോ.ആര്‍ .കെ.തിരൂര്‍ said...

@ സന്തോഷ്‌
സുജ സൂസന്‍ ജോര്‍ജ് പുതിയ ബ്ലോഗിലേക്ക് http://sujathamanthanath.blogspot.com/ മാറി എന്ന് താങ്കള്‍ സൂചിപ്പിച്ച അവരുടെ പഴയ ബ്ലോഗിലുണ്ട്...
http://sujatha-suja.blogspot.com/2010/02/blog-post.html
മറ്റേ ബ്ലോഗ്‌ http://sujasusangeorge.blogspot.com/ തെരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കിയതായത് കൊണ്ടാണ് ഞാന്‍ സൂചിപ്പിക്കാതിരുന്നത്‌.

നിസ്സഹായന്‍ said...

തെരെഞ്ഞടുപ്പില്‍ ചര്‍ച്ചാവിഷയമാകേണ്ടത് രാഷ്ട്രീയമാണ്. അല്ലാതെ ബ്ലോഗറായതുകൊണ്ട് വിജയിപ്പിക്കണമെന്ന രീതിയില്‍ പോസ്റ്റിടുന്ന മക്കുണന്മാരോട് എന്തു പറയാന്‍ ? ബ്ലോഗറെന്ന കെയറോഫില്‍ ലതികാസുഭാഷ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ, അവര്‍ക്ക് വോട്ടു ചെയ്യണമെന്നു പറയുന്നത് ബൂലോകത്തെ പുത്തിജീവികളുടെ 'അരാഷ്ട്രീയത' എന്ന കറകളഞ്ഞ 'വലതു രാഷ്ട്രീയ'ത്തെയാണ് വെളിവാക്കുന്നത്.

കെട്ടിവെയ്ക്കാനുള്ള പണത്തിന് ആ പാവം ശാരിയുടെ മകളെ സമീപിച്ചെങ്കില്‍ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പി.ജെ. കുര്യന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയരെ സമീപിക്കുന്നത് ഗുണം ചെയ്യും. എന്തേ സൂര്യനെല്ലിപ്പെംണ്‍കുട്ടിയില്‍ നിന്നും പണം സ്വീകരിക്കാഞ്ഞത് ?

സത്യമേവജയതേ said...

നല്ല പോസ്റ്റു

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കേരളം മുഴുവന്‍ വി.എസ്-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എം മെമ്പര്‍ എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍: മുഹമ്മദ്‌ അലി സാര്‍ കുഞ്ഞാലിക്കുട്ടിയെ, രേമേഷ്‌ ചെന്നിത്തലയെ എല്ലാം നാണിപ്പിക്കുന്ന തരത്തില്‍ വലതുപക്ഷ ജിഹ്വകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഇവിടെ ക്ലിക്ക്‌ ചെയ്താല്‍ കാണാം.. താന്‍ ഒരു മാര്‍ക്സിസ്റ്റ്‌ ആണ് സ്വയം അവകാശപ്പെടുന്ന, പാര്‍ട്ടി മെമ്പര്‍ ആണെന്ന് പറയുന്ന അദ്ധേഹത്തിന്റെ ബ്ലോഗ്‌ ഒന്ന് വായിച്ചു നോക്കൂ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം