ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 25, 2011

പ്രിഥ്വിരാജിനെന്താ കെട്ടിക്കൂടെ?

കാവ്യാമാധവന്‍ ക്യൂ പാലിക്കാതെ വോട്ടു ചെയ്യാന്‍ പോയതില്‍ ധാര്‍മികതക്കെതിരായ ഒരംശം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിനെതിരായുണ്ടായ എതിര്‍പ്പും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കണ്ടപ്പോള്‍ വലിയ അരോചകതയൊന്നും തോന്നിയില്ല. സെലിബ്രിറ്റികള്‍ നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ജനങ്ങള്‍ക്ക്‌ നിയമം കൈയിലെടുക്കേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇത്തരം വാര്‍ത്തകള്‍ കൂടിയേ തീരൂ.... പല മാധ്യമങ്ങളും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് "അയ്യോ, പാവം കാവ്യ" എന്ന മട്ടിലാണെങ്കിലും. എന്നാല്‍ അവര്‍ തന്നെ നേരത്തെ കാവ്യയുടെ വിവാഹ മോചനം ചര്‍ച്ച ചെയ്ത് യാതൊരു പാവവും വിചാരിക്കാതെ എഴുതി നാറ്റിക്കുകയും ചെയ്തിരുന്നു.
പക്ഷെ രണ്ടു ദിവസമായി ചില മാധ്യമങ്ങള്‍ - പ്രത്യേകിച്ച് കൌമുദി -  പ്രിഥ്വിരാജിനു പിന്നാലെ നടത്തുന്ന മരണപ്പാച്ചില്‍ കാണുമ്പോള്‍ ഒറ്റ ചോദ്യമേ മനസ്സില്‍ വരുന്നുള്ളൂ... "ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ?".  
യഥാര്‍ത്ഥത്തില്‍ ഇത് വളരെ കാലം മുന്‍പ് തുടങ്ങിയതാണ്‌. ഇവന്മാരൊക്കെ ഇന്റര്‍വ്യൂ എടുക്കുന്നത് തന്നെ കല്യാണക്കാര്യം ചോദിക്കാനായാണ് എന്ന് തോന്നും ആ ചോദ്യം ചോദിക്കുന്ന സമയത്തെ അവരുടെ ആവേശം കാണുമ്പോള്‍... പത്രമായാലും വാരികയായാലും ചാനലായാലും. "ഞാന്‍ റെഡിയാണല്ലോ, പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത്?" എന്ന മട്ടിലായിരുന്നു ചില അവതാരകതരുണീ മണികളുടെ വിവാഹത്തെ പറ്റിയുള്ള നാണത്തോടെയുള്ള ചോദ്യം. ഈഗോ എന്ന് പലരും കുറ്റപ്പെടുത്തുന്ന സ്വതസിദ്ധമായ ഗൌരവത്തില്‍, എന്നാല്‍ ചെറിയ പുഞ്ചിരിയോടെ അതെല്ലാം തള്ളിക്കളയാറാണ് 'അത്യാവശ്യം ബുദ്ധിയും വിവരമുള്ളവന്‍' എന്ന് വലിയ ബുദ്ധിയൊന്നുമില്ലാത്ത ഈയുള്ളവന് പോലും തോന്നിയിട്ടുള്ള ആ നടന്റെ പതിവ്.
രണ്ടു ദിവസമായി കൌമുദി തുടങ്ങി വെച്ച 'ഞെട്ടിക്കല്‍' വാര്‍ത്ത മറ്റു മാധ്യമങ്ങളും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായി ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച നിശ്ചയമാണെന്നു ഉറപ്പിച്ചായിരുന്നു എല്ലാ പത്രങ്ങളും വധുവിന്റെ പൂര്‍ണ വിവരങ്ങള്‍ സഹിതം ഇറങ്ങിയത്‌. മല്ലികാ സുകുമാരനോട് ഫോണില്‍ സംസാരിച്ചാണത്രെ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇന്ന് നിശ്ചയമാണെന്നു ഉറപ്പിച്ചത്. മേയ് ഒന്നിന് പായസം കൂട്ടി സദ്യ തട്ടാന്‍ വയറൊരുക്കി കാത്തിരുപ്പ് തുടങ്ങിയിരുന്നു പാവം, മറ്റു തുല്യ ദുഖിതരെ പോലെ. എന്തായാലും ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറന്ന ലേഖക മഹാന്മാരാണ് അവസാനം ഞെട്ടിയത്... ഇന്ന് നടന്നത് നിശ്ചയമല്ല, നല്ലൊന്നാന്തരം കല്യാണം തന്നെയായിരുന്നു. അപ്പന്‍ ചത്താല്‍ പോലും സെന്‍സേഷന്‍ വല്ലതും കിട്ടുമോ എന്ന് നോക്കുന്ന ലേഖകന്മാര്‍ ഇനിയിപ്പോ എന്ത് ചെയ്യും? പ്രിഥ്വിരാജിനെ കൊന്നു കൊലവിളിക്കുക തന്നെ...
പ്രധാന പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനുകളിലെല്ലാം വിവാഹ ഫോട്ടോയോടൊപ്പം കൊടുത്ത വാര്‍ത്തകളില്‍ പായസത്തില്‍ ഉപ്പു വാരിയിട്ട പ്രതീതി.
ഇത് മനോരമ... 
ഏതു വായനക്കാര്‍ ചോദിച്ചു? ഏതു ജനങ്ങള്‍ പറയുന്നു? പ്രിഥ്വിരാജ് കോലാഹലമുണ്ടാക്കിയത്രേ.. കഷ്ടം. ഒരു കോലാഹലവും ഇല്ലാതെ ഒരു കുടുംബ പരിപാടി മാത്രമായി തന്റെ വിവാഹം നടത്താന്‍ ആ നടനും കുടുംബവും തീരുമാനിച്ചപ്പോള്‍ വലിഞ്ഞു കയറി കണ്ട ഊഹാപോഹങ്ങളെല്ലാം പ്രചരിപ്പിച്ച്, ഒടുവില്‍ സ്വയം വിഡ്ഢികളായ ലേഖകന്മാര്‍ ഇത്രയ്ക്കു  തരം താഴണോ?
ഇത് സാക്ഷാല്‍ കൌമുദി..
തങ്ങളുടെ വിവാഹം രഹസ്യമായി നടത്തണോ പരസ്യമായി നടത്തണോ എന്ന് തീരുമാനിക്കുന്നത് വരനും വധുവും വീട്ടുകാരുമല്ലേ? ആരാധകരോ തങ്ങളുടെ നിരാശ ആരാധകരുടെ വായില്‍ വെച്ച് കൊടുക്കുന്ന ഈ ലേഖകരോ ആണോ? "കല്യാണം മുടക്കികളാര്?" എന്ന് പ്രിഥ്വിരാജിന്റെ അടുത്ത് നിന്നാണ് ലേഖകന്‍ ചോദിച്ചതെങ്കില്‍ തൊട്ടു കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ തുപ്പിയെങ്കിലും കാണിക്കുമായിരുന്നു.
ഇത് മംഗളം...
വിഡ്ഢികളായത് ആരാണെന്ന് ഇപ്പോള്‍ ശരിക്കും വ്യക്തമായി. വിവാഹത്തില്‍ തള്ളിക്കയറി ഓസിനു സദ്യയും പറ്റിയാല്‍ കുറച്ചു ഗോസിപ്പും അടിച്ചു മാറ്റാമെന്ന് സ്വപ്നം കണ്ട വിഡ്ഢികള്‍ ഇനി എന്തൊക്കെ എഴുതിപ്പിടിപ്പിക്കുമോ ആവോ? സ്വന്തം സ്വകാര്യ ജീവിതം അങ്ങനെ 'പുല്ലു' പോലെ കാണാന്‍ എല്ലാവരും തയ്യാറാവണം എന്ന് നിര്‍ബന്ധമുണ്ടോ?
ദീപികയും ദേശാഭിമാനിയും മാധ്യമവും എല്ലാം - "ഇനി ഇതിപ്പോ വല്ല പടത്തിന്റെയും ഷൂട്ടിങ്ങാണോ, വീണ്ടും അബദ്ധം പറ്റാതെ നോക്കിക്കളയാം" എന്ന് കരുതി ആയിരിക്കും - വാര്‍ത്ത മാത്രം കൊടുത്തു നിര്‍ത്തി... മാതൃഭൂമിക്കാരനും.(മല്ലികാ സുകുമാരന്റെ മൊബൈല്‍ സ്വിച് ഓഫ്‌ ആക്കിയിരിക്കും, കല്യാണമൊക്കെ അല്ലെ?)
ഇനിയെങ്കിലും വല്ലവന്റെയും വീട്ടിലെ മറപ്പുരയുടെ ഓല പൊക്കാന്‍ പോകുന്ന രീതിയിലുള്ള മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പോകുമ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങളെങ്കിലും ഓര്‍ത്താല്‍ നന്ന്... ഈ കല്യാണം, മരണം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ കുടുംബങ്ങളിലെ സന്തോഷവും ദുഖവുമൊക്കെ പങ്കിടാനുള്ള തികച്ചും സ്വകാര്യമായ അവസരങ്ങളാണ്. അവരെ അവരുടെ പാട്ടിനു വിടുക. തങ്ങളുടെ വലയില്‍ വീഴാന്‍ നിന്ന് തന്നില്ല എന്ന് കരുതി ആരെയെങ്കിലും പ്രതികാര മനോഭാവത്തോടെ താറടിക്കുന്നത് തരം താണ മാധ്യമ പ്രവര്‍ത്തനം എന്ന് മാത്രമേ കാണാനാകൂ.. അത് കൊണ്ട്, നാളെ ഹോട്ടല്‍ ലെ മെറിഡിയന്റെ അടുത്തൊന്നും പോയി ചുറ്റിത്തിരിയണ്ട... വിളിച്ചാല്‍ പോയി വല്ലതും ഞണ്ണ്.. അല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങ്‌...
വാല്‍:
പ്രിഥ്വിരാജ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.. പാമ്പുകളെയാണ്  നോവിച്ചു വിട്ടിരിക്കുന്നത്.. മധുവിധു ആഘോഷിച്ചു തുടങ്ങുമ്പോഴെ തുടങ്ങും വാര്‍ത്തകള്‍ വരാന്‍... "പ്രിഥ്വിരാജ് വിവാഹമോചനത്തിലേക്ക്" എന്ന്. കെട്ട്യോള്‍  അതെ ഫീല്‍ഡിലാണെങ്കിലും ഇത് പോലെ തറ പരിപാടി വലിയ പരിചയം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ഒന്ന് മുന്‍കൂട്ടി പറഞ്ഞു കൊടുക്കുന്നത് നന്ന്. 

7 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എന്നെ പ്രുത്വീരാജിന്റെ ആരാധകനാക്കരുത്.

മേല്‍പ്പത്തൂരാന്‍ said...

ഡോക്ടറെ ഗുളികവിറ്റാമതി.......വെറുതെ ഫാന്‍സ്സ് അസോസിയേഷന്‍ കാരുടെ കൈക്ക് പണിയുണ്ടാക്കരുത്....:)))

പിന്നേ..അന്ന് തുഞ്ചന്‍പറമ്പില്‍ നടന്ന കൈയ്യാങ്കളിയുടെ പോസ്റ്റ് ഇവിടൂണ്ട്...
http://oliyampukal.blogspot.com/2011/04/17-4-2011.html

sm sadique said...

എന്റെ ഡോക്ടറെ , ഇത്തരം വാർത്തകൾ പത്രത്തിൽ പോലും ഞാൻ വായിക്കാറില്ല.
എങ്കിലും, ഇത് വായിച്ച.

ആസാദ്‌ said...

ഡോക്റ്ററെ, നന്നായിരിക്കുന്നു. സെലിബ്രിറ്റികളെ പാപ്പരാസികള്‍ ഇന്നോ ഇന്നലയോ പീഡിപ്പിക്കാന്‍ തുടങ്ങിയതല്ലല്ലോ.

yousufpa said...

ഇപ്പോഴല്ലെ സംഗതിയുടെ ഗുട്ടൻസ് പിടികിട്ടുന്നത്.
സംഭവം ഇങ്ങനെ.
ഏകദേശം ഒരു മാസം മുൻപ്. ഒരു ഞായറാഴ്ച ഒരു വെളുപ്പാങ്കാലം ഏകദേശം പത്ത് മണി.പളൂങ്ക് പോലെ ഒരു ഓഡി കാർ ഓടി വന്ന് ചന്ദ്രനഗറിലെ ഞങ്ങടെ അറേബ്യൻ അവൻ എന്ന റെസ്റ്റാറന്റിനു മുൻപിൽ കിതച്ചു നിന്നു.പതുക്കെ ചില്ലു താണൂ ഒരു ചുള്ളൻ തല പുറത്തേക്ക് നീണ്ടു. എന്റെ കസിൻ ജിഷു ഞെട്ടി... ഇനി സ്വപ്നം വല്ലതും കണ്ടതാണൊ അവൻ കണ്ണു തിരുമ്മി ഒന്നു കൂടെ നോക്കി..അതെ..അതെ പൃഥ്യൂരാജ് തന്നെ.ഭക്ഷണം വല്ലതും ആയൊ?.പതിനൊന്ന് മണീക്ക് തുറക്കുന്ന റെസ്റ്റാറന്റിൽ ഇപ്പൊ എവിടന്നു ഭക്ഷണം ആകാൻ.കോഴി തിരിയുന്നേ ഉള്ളു.കാര്യം പറഞ്ഞു.ചില്ലു താഴ്ന്നു ജനം കൂടുന്നതിന്‌ മുൻപ് ആശാൻ റസ്റ്റാറന്റിന്റെ പിന്നിലെ ഇടവഴിയിലൂടെ പൊടിപ്റ്റർഠി പാഞ്ഞു.വല്ല ഷൂടിംഗ് ആയിരിക്കും എന്നാണ്‌ കരുതിയത്.
ഇപ്പോഴല്ലേ ഗുട്ടൻസ് പിടികിട്ടിയത്.ലവൾടെ വീട്ടിൽ വന്നതാണെന്ന്.

പൃഥ്വിരാജ് അപ്പൊ കെട്ടി അല്ലേ..എനിക്കും ഒരു പാപ്പരാസി റിപ്പോർട്ടർ ആകാമായിരുന്നു.നടേ പറഞ്ഞ് റിപ്പോർട്ട് വെച്ച്..യേത്..?

ശങ്കരനാരായണന്‍ മലപ്പുറം said...

നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം അഹംഭാവമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് എന്റെ അഭിപ്രായം. അവര്‍ക്ക് ആരോടും എന്തും ഏതും ചോദിക്കാമെന്ന തോന്നലാണവരിലെ ബഹുഭൂരിപക്ഷത്തിനുമുള്ളത്. തൂറാനിരിക്കുന്നവനെയും വെറുതെ വിടില്ല. അവരുടെ കയ്യിലുള്ള കോല് കക്കൂസിന്റെ വാതിലിനിടയില്‍ക്കൂടി തിരുകിക്കയറ്റിയും ചോദ്യത്തിന് ഉത്തരം പറയാന്‍ പറയും അവര്‍!

Dr.Muhammed Koya @ ഹരിതകം said...

പത്രക്കാര്‍ ഇവര്‍ക്കൊക്കെ അമിത പ്രാധാന്യം കൊടുക്കുന്നതാണ് നിര്‍ത്തേണ്ടത്.ഇത് ഇത്രയും ഒചപ്പാടകാന്‍ കാരണം ഒരാഴ്ച മുമ്പ്‌ പ്രിഥ്വിരാജ് വനിതക്ക്‌ നല്‍കിയ അഭിമുഖാമാവും .അന്ന്‍ ഇങ്ങനെ ഒരാള്‍ ഉണ്ടോ എന്നരിയില്ലായിരുന്നെന്നും അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ ഉണ്ടെന്നറിഞ്ഞ് താന്‍ ഞെട്ടി എന്നുമൊക്കെ അങ്ങേര്‍ തട്ടിവിട്ടിരുന്നു

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം