ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 21, 2011

രതിനിര്‍വേദം (റിവ്യൂ അല്ല)

ഒരു വര്‍ഷത്തോളമായിരുന്നു വരും വരുന്നു എന്നൊക്കെ ഉള്ള ഒച്ചപ്പാട്... ക്ലാസിക്‌ പടം വരുന്നു എന്നൊക്കെ ആയിരുന്നു സുരേഷ്-രാജീവ്‌ കുമാരന്മാരുടെ വാക്കുകളും അവകാശ വാദങ്ങളും കേള്‍പ്പിച്ച് ചാനല്‍ കുമാരന്മാരും കുമാരിമാരും വലിയ വായില്‍ വിളിച്ചു കൂവിയിരുന്നത്... മലയാള സിനിമയെ രക്ഷിക്കാനുള്ള ഏറ്റവും പുതിയ അവതാരമായി രതിനിര്‍വേദം ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത കണ്ടിട്ടും കുറെ കാത്തിരിക്കേണ്ടി വന്നു മലയാള സിനിമയെ സ്നേഹിക്കുന്ന പ്രബുദ്ധ പ്രേക്ഷകന് ആ ചിത്രം കണ്ടു മനം കുളിര്‍പ്പിക്കാന്‍.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ബ്ലോഗിലും ഒക്കെ ആഘോഷമായിരുന്നു... വരുന്നതിനു മുന്‍പും വന്നതിനു ശേഷം റിവ്യൂവിലൂടെയും.
ഈയുള്ളവന്‍ എന്തായാലും റിവ്യൂ എഴുതാന്‍ വന്നതല്ല. അതിനു വേണ്ടി ഓടിച്ചാടി ഇടികൊണ്ട് ആ പടം കാണാനും ഉദ്ദേശിച്ചിട്ടില്ല. തീയറ്ററില്‍ പോയി ആ പടം കണ്ടാല്‍ 'കിന്നാരത്തുമ്പികള്‍' കാണാന്‍ പോയ പോലെ തന്നെയായിരിക്കും സദാചാര പോലീസായ പൊതുജനത്തിന്റെ പ്രതികരണം എന്നത് കൊണ്ട് തലയില്‍ മുണ്ടിട്ടു കയറാന്‍ മടിച്ചിട്ടു മാത്രമല്ല, പണം കൊടുത്തു കണ്ടു വിജയിപ്പിക്കണ്ട നിലവാരമൊന്നും ആ പടത്തിന് പ്രതീക്ഷിക്കുന്നുമില്ല എന്നത് കൊണ്ട് തന്നെ. സാധാരണ അത്തരം വിജയിപ്പിക്കണം എന്ന ആഗ്രഹം തോന്നാത്ത പടങ്ങളെ പോലെ തന്നെ വ്യാജ സി.ഡി.യോ ടോറന്റോ ഒക്കെ ഇറങ്ങട്ടെ, എന്നിട്ട് കാണാം.
ഈയുള്ളവന് മനസ്സിലാകാത്ത കാര്യം എന്താണ് ഈ തനിയാവര്‍ത്തനത്തില്‍ (?) ഇത്രയൊക്കെ ആഘോഷിക്കാനുള്ളത് എന്നാണ്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പുതിയ ട്രെന്റ് എന്ന് പറയുന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്നതാണല്ലോ... പോരാത്തതിന് വിജയിച്ച പടങ്ങളുടെ രണ്ടും മൂന്നും എന്നിട്ടും മടുത്തില്ലെങ്കില്‍ (പ്രേക്ഷകന് പണ്ടേ മടുക്കുമല്ലോ, ഇത് അണിയറക്കാര്‍ക്ക്) നാലും ഒക്കെ ഭാഗങ്ങള്‍ ഇറക്കി സഹിപ്പിക്കുന്നതും. നീലത്താമര വീണ്ടും ഇറക്കുന്നു എന്ന് കേട്ടപ്പോള്‍ "എന്തിന്?" എന്ന സംശയം തോന്നിയെങ്കിലും ചിത്രം കണ്ടപ്പോള്‍ പഴയ ചിത്രത്തോട് നീതി പുലര്‍ത്തി അത്യാവശ്യം കാലോചിതമായി പരിഷ്കരിച്ച കുഴപ്പമില്ലാത്ത ചിത്രം എന്നേ തോന്നിയുള്ളൂ... അത് പോലെ സി.ബി.ഐ.യും ഹരിഹര്‍ നഗറും ഒക്കെ ഭാഗങ്ങള്‍ കൂടുന്തോറും സഹിപ്പിക്കലാകുന്നുണ്ടെങ്കിലും കണ്ടിരിക്കാമായിരുന്നു. എങ്കിലും ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ഓടിപ്പോയെന്നു കരുതി എല്ലാ ചക്കകള്‍ക്കും പ്രേക്ഷകരെ തിയറ്റെറിനുള്ളിലേക്ക് ഓടിയെത്തിക്കാന്‍ കഴിയില്ല എന്ന് പലര്‍ക്കും ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത ചിലര്‍ ഉപ്പുകണ്ടം ബ്രദേഴ്സിന്റെ വരെ രണ്ടാം ഭാഗം ഇറക്കി വെള്ളം കുടിപ്പിക്കുന്നുണ്ട് പാവം പ്രേക്ഷകരെ. ഉപ്പ് തിന്നവര്‍ സംഭാരം കുടിക്കട്ടെ, അതവരുടെ കാര്യ. നമ്മുടെ വിഷയം രതിചേച്ചിയുടെ നിര്‍വേദം ആണല്ലോ...
1978-ലെ പദ്മരാജന്‍-ഭരതന്‍ ടീമിന്റെ രതിനിര്‍വ്വേദം ഈയുള്ളവന്‍ കണ്ടതാ... ഒന്നല്ല പല തവണ, അവരുടെ മറ്റെല്ലാ പടങ്ങളെയും പോലെ. അത് സത്യത്തില്‍ ഒരു ക്ലാസിക്‌ ചിത്രം തന്നെ ആയിരുന്നു. പ്രണയത്തിന്റെ വഴിമാറിയുള്ള സഞ്ചരിക്കലുകള്‍ - വേര്‍പിരിയലുകള്‍ - അതിന്റെ നൊമ്പരങ്ങള്‍ - പദ്മരാജനെപ്പോലെ മനോഹരമായി ആവിഷ്കരിച്ച ചലച്ചിത്രകാരന്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു ആരാധകന്‍ എന്ന നിലയിലല്ല ഈ അഭിപ്രായം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആ കാലഘട്ടത്തിലെ യാഥാസ്തിക സാഹചര്യങ്ങളില്‍ അത്തരത്തിലുള്ള ഒരു വിഷയം കൈകാര്യം ചെയ്ത ആ ചലച്ചിത്രകാരന്‍ മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയോട് കൌമാരത്തില്‍ തോന്നുന്ന അടുപ്പം - അത് പ്രേമം ആയാലും ലൈംഗികമായ താല്‍പ്പര്യം ആയാലും - മിക്കവരുടെയും ആ പ്രായത്തില്‍ എപ്പോഴോ തളിരിട്ടു കൊഴിഞ്ഞുപോയ, മനസ്സിന്റെ ഉള്ളറയില്‍ എവിടെയോ സൂക്ഷിക്കുന്ന വിലക്കപ്പെട്ടത് എന്ന് സ്വയം  തീരുമാനിച്ച ഒരു ഓര്‍മ്മയായിരിക്കും. സദാചാരത്തിന്റെ - അല്ലെങ്കില്‍ സാമൂഹികമായ കെട്ടുപാടുകളുടെ - നിയന്ത്രണങ്ങളില്‍ കൊഴിഞ്ഞു പോയ ആ അഭിനിവേശം വെള്ളിത്തിരയില്‍ ചിത്രീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ അതൊരു പുതിയ  അനുഭവമായിരുന്നു. അവിശുദ്ധമായ ബന്ധത്തിന്റെ അവസാനം ശുഭകരമല്ല എന്നൊരു സന്ദേശം കൂടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നു എന്നു വേണമെങ്കില്‍ കരുതാം. കൌമാരത്തിന്റെ നിഷ്കളങ്കത പൂര്‍ണമായും ഉള്‍ക്കൊള്ളുമ്പോളും പ്രണയത്തിന്റെ - അഭിനിവേശത്തിന്റെ - ഭാവങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കൃഷ്ണചന്ദ്രനും മാദകത്വം ഏറെ പ്രകടിപ്പിക്കാവുന്ന കഥാപാത്രമായിട്ടു കൂടി പരിധി വിടാത്ത രീതിയില്‍ (ആ കിടപ്പിന്റെ ചിത്രം ഒഴിച്ചാല്‍) രതിചേച്ചിയെ അവതരിപ്പിച്ച ജയഭാരതിയും ഉള്‍പ്പെടെ മികച്ച പാത്രസൃഷ്ടിയും ആ ചിത്രത്തെ മികച്ചതാക്കി.
പ്രായം കുറഞ്ഞ നായകന് തന്നെക്കാള്‍ പ്രായമുള്ള നായികയോട് തോന്നുന്ന അടുപ്പം ആധാരമാക്കി നിരവധി പടങ്ങളുടെ തള്ളിക്കയറ്റമായിരുന്നു പിന്നീട്. മിക്കവാറും എ-പടങ്ങളുടെ തീം ഇതായിരുന്നു. സില്‍ക്കിനെ താരമാക്കിയ ലയനവും ഷക്കീലയെ താരമാക്കിയ കിന്നാരതുമ്പികളും ഉള്‍പ്പെടെ.  പക്ഷെ ഇതിന്റെയൊക്കെ സംവിധായകര്‍ ക്ലാസിക്‌ ചിത്രം ചെയ്യണം എന്ന അത്യാഗ്രഹമില്ലാത്തത് കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ച പ്രേക്ഷകരെ മാത്രം തീയറ്ററില്‍ എത്തിച്ചു  പണമുണ്ടാക്കി എന്ന് മാത്രം. ഭാനുപ്രിയയുടെ ഹൃശ്യശൃംഗനും രഞ്ചിതയുടെ(അത് തന്നെ, നിത്യാനന്ദ) തട്ടകവും എല്ലാം ഈ പാതയിലെ അറിയപ്പെടാത്ത കരിയിലകള്‍ ആണ്. പക്ഷെ മറ്റേ റേറ്റിംഗ് ഇല്ലാതെയും പോയി, കാണാനുള്ള ഗുണം ഇല്ലാത്തത് കൊണ്ട് പൊളിഞ്ഞും പോയി. 
എങ്ങനെയൊക്കെ പടമെടുത്താലും പൊട്ടുന്ന മലയാളത്തില്‍ കുറച്ചു പണം എന്ത് വില കൊടുത്തും ഉണ്ടാക്കണം എന്ന ശപഥം എടുത്തിരുന്നു എന്ന് തോന്നുന്നു മേനകയും സുരേഷ് കുമാറും. അല്ലെങ്കില്‍ മുപ്പത്തിരണ്ട് കൊല്ലം മുന്‍പ് ഇറങ്ങിയ ഒരു പടം... മലയാളത്തിലെ രണ്ടു പ്രഗത്ഭര്‍ ഒരുക്കിയ പടം... ഒരാവശ്യവുമില്ലാതെ വീണ്ടും ചിത്രീകരിക്കാന്‍ തുനിയുമോ? തികച്ചും മാറിയ സാമൂഹിക സാഹചര്യത്തില്‍ എഴുപതുകള്‍ പുനര്‍ സൃഷ്ടിച്ചു അതേ കഥ ആധാരമാക്കി പടം നിര്‍മ്മിക്കാന്‍ തോന്നിയ ബുദ്ധി എവിടുന്നു കിട്ടിയോ ആവോ? അന്ന് കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്നും യാദൃശ്ചികമായും  മറ്റും കണ്ട ജയഭാരതിയുടെ ദൃശ്യങ്ങള്‍ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അധ്യാപികയുടെയും വരെ സാരിയോ ചുരിദാറിന്റെ ഷാളോ ഒരല്‍പം തെന്നി മാറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു യു-ട്യൂബില്‍ അപ് ലോഡ്‌ ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ അതേ കഥയുടെ അടിസ്ഥാനത്തില്‍ ശ്വേതാമെനോന്റെ ദൃശ്യങ്ങളായി പുനര്‍സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്ന വികാരം ഒരു ക്ലാസിക്‌ പടത്തിന്റെ ഒരിക്കലും സാധ്യമല്ലാത്ത ക്ലാസിക്‌ പുനര്‍സൃഷ്ടിയല്ല, മറിച്ച് ആ ക്ലാസിക്‌ പടത്തിലെ തലമുറ വ്യത്യാസമില്ലാതെ ഇന്നും തിയറ്റര്‍ നിറച്ചേക്കാവുന്ന ചില രംഗങ്ങളുടെ വികലമായ അനുകരണവും അതിലൂടെ വന്നുചേരാവുന്ന ലാഭവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയൊന്നും വേണ്ട.
ചുരുക്കി പറഞ്ഞാല്‍ ഇന്ന് മലയാള സിനിമയില്‍ മാദകത്വമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ നടികളുടെ പേര് അന്വേഷിച്ചാല്‍ ആദ്യം വരുന്ന പേരായ ശ്വേതാമേനോന്‍ എന്ന നടിയുടെ സാന്നിധ്യം മാത്രമാണ് രതിനിര്‍വേദം പുതിയ രൂപം പ്രാപിച്ചതിന്റെ അടിസ്ഥാന കാരണം... അഥവാ ആ നടിയുടെ മാര്‍ക്കറ്റ് ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ആ ചിത്രത്തിന്റെ ലക്‌ഷ്യം. വീണ്ടും ഒരു "കയം" അത്ര മാത്രം. 
ഇനിയെങ്കിലും ഇതുപോലെ പഴയകാല സംവിധായകരെ അപമാനിക്കാനുള്ള വിവരക്കേട് ഇവരെയൊക്കെ പോലുള്ള സീനിയര്‍ സംവിധാന-നിര്‍മ്മാണ 'പ്രതിഭകള്‍' കാണിക്കാതിരുന്നെങ്കില്‍...
ഇല്ലെങ്കില്‍ അവരടിച്ചിറക്കിയ ഈ പോസ്റ്ററില്‍ ഇരുന്നു ഭരതനും പദ്മരാജനും കുമാരന്മാരെ കാര്‍ക്കിച്ചു തുപ്പും...
മലയാള സിനിമയെ രക്ഷിച്ചില്ലെങ്കിലും ഇങ്ങനെ ശിക്ഷിക്കരുത്...

19 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഞാന്‍ ഇങ്ങനെയൊക്കെ എഴുതിയത് കൊണ്ട് ആരും കാണാതിരിക്കാതിരിക്കാതിരിക്കട്ടെ...
:)
മലയാള സിനിമയെ ഉദ്ധരിക്കാന്‍ കഴിയാത്ത ഇവന്മാര്‍ക്ക് പ്രേക്ഷകനെ എങ്കിലും ഉദ്ധരിക്കാനുള്ള അവസരം ഇല്ലാതാക്കരുത്...

ഇഗ്ഗോയ് /iggooy said...

നന്നായി എഴുതി ഡോക്ടറേ.
രതിനിര്വേദം കണ്ടത് അടുത്തകാലത്തഅണ്‌. തുടര്‍ന്ന് നോവല്‍ വായിച്ചു.
നോവല്‍ വയിച്ചതുകൊണ്ട് സിനിമ അത്ര ഗംഭീരമെന്ന് തോന്നിയില്ല.
രണ്ടാം നിര്‍‌വേദം കണ്ടില്ല. ഇവിടെ അടുത്തില്ലാത്തതുകൊണ്ടാണ്‌. നാട്ടില്‍ ചെല്ലണം.
അല്ലെങ്കില്‍ ഡോക്ടര്‌ പറഞ്ഞ പോലെ റ്റൊറെന്റോ യുട്യൂബോ കാട്ടണം.
രണ്ടാം നിര്വേദത്തെപ്പറ്റി പറഞ്ഞത് മുഴുവന്‍ നേര്‌.
അതിനോരു സലാം.

ശ്രീജിത് കൊണ്ടോട്ടി. said...

"അന്ന് കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്നും യാദൃശ്ചികമായും മറ്റും കണ്ട ജയഭാരതിയുടെ ദൃശ്യങ്ങള്‍ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അധ്യാപികയുടെയും വരെ സാരിയോ ചുരിദാറിന്റെ ഷാളോ ഒരല്‍പം തെന്നി മാറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു യു-ട്യൂബില്‍ അപ് ലോഡ്‌ ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ അതേ കഥയുടെ അടിസ്ഥാനത്തില്‍ ശ്വേതാമെനോന്റെ ദൃശ്യങ്ങളായി പുനര്‍സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്ന വികാരം ഒരു ക്ലാസിക്‌ പടത്തിന്റെ ഒരിക്കലും സാധ്യമല്ലാത്ത ക്ലാസിക്‌ പുനര്‍സൃഷ്ടിയല്ല, മറിച്ച് ആ ക്ലാസിക്‌ പടത്തിലെ തലമുറ വ്യത്യാസമില്ലാതെ ഇന്നും തിയറ്റര്‍ നിറച്ചേക്കാവുന്ന ചില രംഗങ്ങളുടെ വികലമായ അനുകരണവും അതിലൂടെ വന്നുചേരാവുന്ന ലാഭവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയൊന്നും വേണ്ട."

സിനിമ കണ്ടില്ല. എന്നാല്‍ എന്റെയും നിരീക്ഷണം ഇതുതന്നെയാണ്. കലയെ ഉദ്ധരിക്കാന്‍ അല്ല, പ്രേക്ഷകരുടെ വൈകാരികതയെ ഉദ്ധീപിപ്പിക്കുക വഴി വലിയ സാമ്പത്തിക നേട്ടം കൊയ്യാം എന്ന കണക്കുകൂട്ടല്‍ ആണ് രാജീവ്‌ കുമാറിനെയും, സുരേഷ് കുമാറിനെയും ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു..!!!

ഓ.ടോ: (നാളെയാണ് ജൂണ്‍-22)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

മലയാള സിനിമയെ ഉദ്ധരിക്കാന്‍ കഴിയാത്ത ഇവന്മാര്‍ക്ക് പ്രേക്ഷകനെ എങ്കിലും ഉദ്ധരിക്കാനുള്ള അവസരം ഇല്ലാതാക്കരുത്...

ഹ ഹ .. ഡോക്ടര്‍ അത് പറഞ്ഞു കഴിഞ്ഞു ......!

Unknown said...

പത്മരാജന്‍ രതിനിര്‍വേദം സിനിമ എടുക്കുമ്പോള്‍, കൌമാരത്തിന്റെ നിഷ്കളങ്കത പൂര്‍ണമായും ഉള്‍ക്കൊണ്ട്‌ കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്ന് രതി ചേച്ചിയെ "നോക്കിയ" അതെ ജിജ്ഞാസ തന്നെയായിരുന്നു യഥാര്‍ത്ഥ കേരളീയ യുവത്വത്തിനും അന്ന്. പക്ഷെ ഇന്ന് 10 വയസുള്ള കുട്ടികളുടെ കൈയിലും മൊബൈല്‍ ഫോണില്‍ പ്രശസ്തരായ നടിമാരുടെയും സെലിബ്രറ്റികളുടെയും മുതല്‍ "ടോപ്‌ ലെസ്സ് " ചിത്രങ്ങളും , എല്ലാം തികഞ്ഞ നീല ചിത്രങ്ങളും സുലഭമാണ്. ഇന്നത്തെ കുട്ടികള്‍ക്ക് നിഷ്കളങ്കത എന്നൊന്നുണ്ടോ? അവര്‍ ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ പ്രവേശിക്കാതെ മുതിര്‍ന്നവരായവരല്ലേ? ഇന്നത്തെ തലമുറ പഴയ രതി നിര്‍വേദം കണ്ടു മൂക്കത്ത് വിരല്‍ വെക്കാനെ സാധ്യത കാണുന്നുള്ളൂ , കൃഷ്ണ ചന്ദ്രനോട് എല്ലാം തികഞ്ഞ സഹതാപവും. ശ്വേതാമേനോന്‍ എന്ന നടിയുടെ ശരീര സമൃദ്ധി എത്ര മാത്രം യൂസ്‌ ചെയ്തു എന്ന് മാത്രമാണ് ഇന്ന് രതിനിര്‍വേദം കാണുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത് എന്ന് നിസംശയം പറയാം. അതിനെ ക്ലാസ്സിക്‌ എന്നൊക്കെ വിളിച്ചു മാദ്യമങ്ങള്‍ തൊങ്ങല്‍ ചാര്‍ത്തുന്നതാണ് മനസിലാകാത്തത്.പദ്മരാജന് രതിനിര്‍വേദം ആത്മാസാഷാല്‍ക്കാരം ആയിരുന്നിരിക്കാം.അദ്ദേഹം അതിനെടുത്ത "പെയിന്‍ " വളരെ വലുതായിരുന്നു.തന്റെ സര്‍ഗ ശേഷികൊണ്ട് പത്മരാജന്‍ കെട്ടിപൊക്കിയ ഫ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് തികച്ചും കച്ചവട താല്പര്യം മാത്രം മുന്‍നിര്‍ത്തി രതിനിര്‍വേദം പുനസൃഷ്ട്ടിച്ചവര്‍ മലയാള സിനിമാചരിത്രത്തെ വികലമാക്കിയിരിക്കുന്നു.

ജഗദീശ്.എസ്സ് said...

സിനിമകള്‍ പണം കൊടുത്ത് കാണരുത്. എപ്പോഴും സൗജന്യമായി കോപ്പി ചെയ്ത് കാണുക.
പകര്‍പ്പവകാശ നിയമം തിരുത്തുക. പകര്‍പ്പുപേക്ഷയാകട്ടേ (copyleft)ഈ നൂറ്റാണ്ടിന്റെ നിയമം.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടേയും സദാചാര പോലീസുവത്കരണത്തിന്റേയും കാരണം ഈത്തരം സിനിമകളാണ്.

Umesh Pilicode said...

നിങ്ങള് പറ !! സിനിമ കണ്ടിട്ട പറയാം ഞാന്‍ !! :))

Rakesh KN / Vandipranthan said...

ഞാന്‍ പടം കണ്ടു., എനിക്കും തോന്നിയത് ഇതാണ് :- ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ??

ഷാജു അത്താണിക്കല്‍ said...

അതേ
ഇതിനെ ക്ലാസിക്ക് എന്ന് വിളികരുത്

മഹേഷ്‌ വിജയന്‍ said...

ശരിയാണ്.. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നു...

sm sadique said...

എന്തായാലും ആ പളപളപ്പും മിനുമിനുപ്പും കാണണ്ടാ എന്ന് തീരുമാനിക്കാൻ ആർക്കാ കഴിയുക എന്റെ ഡോക്ട്ടറേ ? നമ്മൾ അറിയാതെയാണെങ്കിലും ഒന്ന് നോക്കിപോകില്ലേ ? പിന്നെ ,പടത്തിന്റെ മഹത്വം ? അത് റെജി പുത്തൻ പുരക്കൽ പറഞ്ഞപ്പോലെ ( പക്ഷെ ഇന്ന് 10 വയസുള്ള കുട്ടികളുടെ കൈയിലും മൊബൈല്‍ ഫോണില്‍ പ്രശസ്തരായ നടിമാരുടെയും സെലിബ്രറ്റികളുടെയും മുതല്‍ "ടോപ്‌ ലെസ്സ് " ചിത്രങ്ങളും , എല്ലാം തികഞ്ഞ നീല ചിത്രങ്ങളും സുലഭമാണ്. ഇന്നത്തെ കുട്ടികള്‍ക്ക് നിഷ്കളങ്കത എന്നൊന്നുണ്ടോ? അവര്‍ ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ പ്രവേശിക്കാതെ മുതിര്‍ന്നവരായവരല്ലേ?) എന്ന് മാത്രമേ എനിക്കും ചോദിക്കാനും പറയാനുമുള്ളു.

രമേശ്‌ അരൂര്‍ said...

ആത്യന്തികാമായി കച്ചവടം തന്നെ ലക്‌ഷ്യം ..അത് ഉദ്ദേശിച്ചപോലെ നടക്കുന്നുണ്ട് ,,,എല്ലാവരും ഹാപ്പി ..ഉണ്ടാക്കിയവരും ഉണ്നുന്നവരും ,,അത് പോരെ ?

വിധു ചോപ്ര said...

പ്രേക്ഷകനെ ഉദ്ധരിക്കുകയോ? പിള്ളേരിപ്പോൾ പ്രൊഡ്യൂസർക്ക് നന്നായി ചിത്രീകരിച്ച രതി, “നിർബാധം” എമ്മെമ്മെസ്സായി അയക്കും. ദയവായി മൊബൈൽ ഓഫാക്കണെ പ്രൊഡ്യൂസറേ....

ഇ.എ.സജിം തട്ടത്തുമല said...

"അന്ന് കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്നും യാദൃശ്ചികമായും മറ്റും കണ്ട ജയഭാരതിയുടെ ദൃശ്യങ്ങള്‍ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അധ്യാപികയുടെയും വരെ സാരിയോ ചുരിദാറിന്റെ ഷാളോ ഒരല്‍പം തെന്നി മാറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു യു-ട്യൂബില്‍ അപ് ലോഡ്‌ ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ അതേ കഥയുടെ അടിസ്ഥാനത്തില്‍ ശ്വേതാമെനോന്റെ ദൃശ്യങ്ങളായി പുനര്‍സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്ന വികാരം ഒരു ക്ലാസിക്‌ പടത്തിന്റെ ഒരിക്കലും സാധ്യമല്ലാത്ത ക്ലാസിക്‌ പുനര്‍സൃഷ്ടിയല്ല, മറിച്ച് ആ ക്ലാസിക്‌ പടത്തിലെ തലമുറ വ്യത്യാസമില്ലാതെ ഇന്നും തിയറ്റര്‍ നിറച്ചേക്കാവുന്ന ചില രംഗങ്ങളുടെ വികലമായ അനുകരണവും അതിലൂടെ വന്നുചേരാവുന്ന ലാഭവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയൊന്നും വേണ്ട."

അങ്ങനെയാകാനേ വഴിയുള്ളൂ എന്ന മുൻ വിധിയിൽ തന്നെ ഞാനും.പഴയതു കാണേണ്ട പ്രായത്തിൽ തന്നെ കണ്ടു.പുതിയത് ഉടനെ തിയേറ്ററിൽ പോയി കാണാനൊന്നും ഉദ്ദേശമില്ല.(അബ്ദുൽ ജബാർ പറഞ്ഞതുപോലെ ഈ പഴയതെടുത്ത് പുതിയ കുപ്പീയിൽ തന്നാലൊന്നും നമ്മെ അങ്ങനെ ഉദ്ധരിപ്പിക്കാൻ ഇവർക്കൊന്നും കഴിയില്ല. ഹഹഹ!) അല്ലെങ്കിൽതന്നെ എന്താ ഒരു ടിക്കറ്റ് ചാർജ്!

Anil cheleri kumaran said...

ആരെയും ഉദ്ധരിക്കലല്ല, ഇത് വെറും കാശുണ്ടാക്കാനുള്ള ഉദ്ദേശം മാത്രം.

majeed alloor said...

നന്നായി, പക്ഷെ ഇനിയും എത്ര തനിയാവര്ത്തനങ്ങ്ങ്ങള്‍ വരാനിരിക്കുന്നു

Jefu Jailaf said...

വളരെ നല്ലൊരു നോട്ട.. ഒരു ക്ലാസ്സിക് എന്നതിനപ്പുറം കാശുണ്ടാക്കുക എന്ന് മാത്രമേ ഈ നീലച്ചിത്രം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.. അതിനപ്പുറം എന്ത്..

എയ്യാല്‍ക്കാരന്‍ said...

sathyam....

നീലാഭം said...

പഴയ വീഞ്ഞ പുതിയ പാത്രത്തില്‍ ആക്കുന്നതില്‍ അല്ല...
വീര്യം ഉണ്ടോ എന്നതാണ് കാര്യം

" അവളുടെ രാവുകള്‍" അണിയറയില്‍ ഒരുങ്ങുന്നു.
കാത്തിരുന്നോ, ലത് പോരെന്നു തോന്നും ഇന്നത്തെ കാലത്ത്, ....

ഓന്‍ ലൈന്‍ ആനന്ദ സാധ്യതകള്‍ ഉള്ള ഇന്നത്തെ കാലത്ത് കാലും മാറും പുതിയ പിള്ളാര്‍ക്ക്, സ്വന്തം തോട്ടത്തില്‍ നിന്നും റോസാ പൂ പറിക്കും പോലെ ഈസി ആണ്..
പുതിയത് എന്തെങ്കിലും പറയാനുണ്ടോ ഈ സിനിമ പിടിക്കുന്നവര്‍ക്ക്? ഇല്ലാലോ?

പണ്ട് കാര്‍ന്നോമാര് ഉണ്ടാക്കിയ വര്‍ക്കത്തുള്ള കഥ എടുത്തു ഉരുളിയില്‍ ഇട്ടു വീണ്ടും വരട്ടി പാത്രത്തില്‍ വിളമ്പുന്നു..അല്ലാണ്ട് പിന്നെ എന്താ?

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം