ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 27, 2011

അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടാമോ?

"കീടം" എന്ന് വിളിച്ചു എന്നും പറഞ്ഞു കണ്ണീരും മൂക്കീരും ഒലിപ്പിച്ചു ഒരാള്‍ രണ്ടു തവണ എം.എല്‍.എ ആക്കിയ പാര്‍ട്ടിയെയും പാര്‍ട്ടിക്കാരെയും പറ്റിച്ചു വല്ലവനും നീട്ടിയ ഐസ്ക്രീമും കണ്ടു കുറ്റീം പറിച്ചു പോയിട്ട് കാലം അധികം ആയില്ല. മന്ത്രിയാക്കിയില്ലത്രേ... മുഖ്യമന്ത്രി ആക്കിയില്ല എന്ന് പറയാതിരുന്നത് ഭാഗ്യം.  പോയത് പിന്നീടാണെങ്കിലും അതിനു മുന്‍പേ തന്നെ ഐസിവിടെയും ക്രീം അവിടെയും എന്ന മട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കളിയോട് കളി ആയിരുന്നു... ആരെങ്കിലും ഒന്ന് വിളിച്ചു കിട്ടാന്‍ വേണ്ടി. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒക്കെ പണത്തിന്റെ കൊഴുപ്പും ചിരിയുടെ വെളുപ്പും കണ്ടു ഒന്ന് ചൂണ്ടയിട്ടു നോക്കിയിരുന്നു. അഥവാ ചൂണ്ട ഇട്ടു കിട്ടാന്‍ വേണ്ടി നായകന്‍ തല അങ്ങോട്ട്‌ നീട്ടിക്കൊടുക്കുകയായിരുന്നു, വെറുതെ ഒന്ന് ഡിമാന്റു കൂട്ടാന്‍. പക്ഷെ ബിസിനസ്സുകാരനായ രാഷ്ട്രീയക്കാരന് അറിഞ്ഞൂടെ ബിസിനസ് നടത്താന്‍ ഏറ്റവും പറ്റിയ പാര്‍ട്ടി ഏതാണെന്ന്? കോണ്‍ഗ്രസ്സില്‍ പോയാല്‍ കയ്യിലുള്ള പണമെല്ലാം പോയി കുത്തുപാളയെടുക്കുമെന്നും അതില്‍ ഏതു ഗ്രൂപ്പില്‍ നിന്നാല്‍ സീറ്റ് കിട്ടും എന്ന് പഠിച്ചെടുക്കാന്‍ തന്റെ മുന്നിലുള്ളത് വളരെ ചുരുങ്ങിയ സമയം ആണെന്നും ആള്‍ക്ക് മനസ്സിലായി. നല്ല സമയത്താണ് ഞമ്മന്റെ നേതാവ് ചൂണ്ട എറിഞ്ഞത്. പോരാത്തതിന് മന്ത്രിയാക്കാം എന്ന് പുയ്യാപ്പള പുയ്യെണ്ണിന്റെ കാതില്‍ മന്ത്രിച്ച പോലെ ഒരു കിടിലന്‍ പെരുന്നാള്‍ ബംബര്‍ ഓഫറും. കാത്തിരുന്നു കിട്ടിയ പിടിവള്ളി പോലെ കയറി ഒറ്റ പിടുത്തം. 
അങ്ങനെ പാണക്കാട്ടെ തറവാട്ടില്‍ ചെന്ന് പച്ച നിറമുള്ള ലഡു വായിലും  പച്ച നിറമുള്ള കൊടി കൈയിലും നിറം നോക്കാന്‍ സമയം കിട്ടാതെ കോയി ബിരിയാണി വയറ്റിലും ഏറ്റു വാങ്ങിയപ്പോള്‍ ഞമ്മളും ആ പാര്‍ട്ടിയായി. പണമുള്ളവര്‍ ആ പാര്‍ട്ടിയില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടത് കുറഞ്ഞത് ഒരു എം.എല്‍.എ എങ്കിലും ആകാനുള്ള കുപ്പായം തയിച്ചു വെക്കുക. എന്നതാണ്. അലിയും ഉറപ്പിച്ചു മങ്കട സീറ്റ്. 
അതുവരെ ഉണ്ടായിരുന്ന എം.പി. കുപ്പായം കാലാവധി കഴിഞ്ഞപ്പോള്‍ ഊരിക്കളയേണ്ടി വന്ന മറ്റൊരു മൊയലാളിക്ക് ഇതൊക്കെ കണ്ടു മൂത്ത പോത്തിന്റെ കണ്ടം കടിച്ചു പറിക്കുന്നപോലെ കുറച്ചു മുസീബത്താകും കാര്യം എന്ന് ഉറപ്പായി. അധികം നിന്ന് തിരിഞ്ഞു കയ്യിലുള്ള പണം മുഴുവന്‍ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കേണ്ടി വരാതെ മൂപ്പര് മാന്യമായി കിട്ടിയ വിമാനത്തില്‍ ഗള്‍ഫിലെത്തി, പ്രചാരണമൊക്കെ അല്ലെങ്കിലും മൂപ്പരുടെ പണിയല്ലല്ലോ.
മങ്കട ഇപ്പൊ കിട്ടും, അത് കൊണ്ട് പണം കുറച്ചു പൊടിച്ചാല്‍ മതി എന്ന് വ്യാമോഹിച്ചു അലിക്കാക്ക ഇരിക്കുമ്പോള്‍ അതാ വരുന്നു പുതിയൊരു അവതാരം.. അഹമ്മദ്‌ കബീര്‍. കേരളത്തില്‍ ഏതു മൂലക്കുള്ള നേതാക്കളാണെങ്കിലും ജയിക്കണം എങ്കില്‍ മലപ്പുറത്ത്‌ വരും എന്ന് അലിക്കാക്ക ആദ്യം ഓര്‍ത്തില്ല എന്ന് തോന്നുന്നു. ഒരറ്റത്ത് ഒരു ജയിക്കാത്ത ഇരവിപുരവും നടുവില്‍ ജയിച്ചേക്കാവുന്ന ഒരു മട്ടാഞ്ചേരിയും വടക്കോട്ട് പോകുമ്പോ മലപ്പുറം എന്ന ഞമ്മന്റെ സ്വന്തം നാട്ടുരാജ്യവും അതിന്റെ ഓരം പറ്റികിടക്കുന്ന മണ്ണാര്‍ക്കാടും ഗുരുവായൂരും പിന്നെ കോയിക്കോട്ടെ രണ്ടുമൂന്നു സ്ഥിരം പോക്കറ്റുകളും, പിന്നെ അങ്ങേ അറ്റത്തെ നട്ടുച്ചക്കും ലീഗുകാര്‍ വന്നു രാത്രിയായി എന്ന് പറഞ്ഞാല്‍ ഉറങ്ങാന്‍ പോകുന്ന ബുദ്ധിമാന്മാര്‍ അടങ്ങിയ ശക്തികേന്ദ്രങ്ങളും. ഇതല്ലേ ഞമ്മന്റെ ദേശീയ (അല്ല, അതിപ്പോ വേറെ പാര്‍ട്ടി അല്ലെ? ഇത് വെറും കേരള സ്റേറ്റ് കമ്മിറ്റി) - പ്രാദേശിക പാര്‍ട്ടിയുടെ കേരളം? നേതാക്കള്‍ എവിടുന്നു വേണമെങ്കിലും വരാമെങ്കിലും മത്സരിക്കാന്‍ ഇവിടെയൊക്കെയെ തയ്യാറുള്ളൂ... ഇനിയിപ്പോ വേറെ കുറെ മണ്ഡലം വെറുതെ തരാം എന്ന് പറഞ്ഞാലും ഞമ്മക്കത് മാണ്ട. അവിടൊക്കെ ഉള്ളോര്‍ക്ക് മറ്റേ സാധനം കൂടുതലാ... വിവരം. അത് കൊണ്ട് ഞമ്മക്ക് കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ടോളാം. 
അങ്ങനെ അലിക്കാക്കാന്റെ മല്‍സരം പെരിന്തല്‍മണ്ണയിലേക്ക് മാറ്റപ്പെട്ടു. മങ്കടയിലായാലും പെരിന്തല്‍മണ്ണയിലായാലും ഇന്ത്യന്‍ കറന്‍സിക്ക് ഒരേ വിലയായത് കൊണ്ടും ആ സാധനം കയ്യില്‍ ഇഷ്ടം പോലെ ഉള്ളത് കൊണ്ടും പോരാത്തതിന് ഇനിയും ഉണ്ടാക്കാനായി തുണിക്കടയും പിന്നെ ഗള്‍ഫിലുള്ള കടയും ഒക്കെ വിറ്റതുകൊണ്ടും പിന്നെ നമ്മുടെ സ്വന്തം ഉസ്താദ് അരയും തലയും തലയിലെ മുടിയും മുറുക്കി രംഗത്തുള്ളത് കൊണ്ടും ജയിക്കും എന്ന കാര്യത്തില്‍ സംശയം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ആകെ ഒരു സംശയം ഉണ്ടായിരുന്നത് ഏതു വകുപ്പിന്റെ മന്ത്രി ആകണം എന്ന കാര്യത്തില്‍ ആയിരുന്നു. അതിനു പിന്നെ സ്വന്തം കുഞ്ഞാപ്പ ഉണ്ടല്ലോ... 
വിചാരിച്ച പോലെ അത്ര എളുപ്പം ആയില്ല പോര്. പണം പോയ വഴി മനസ്സിലായില്ല. ഏതു കുന്നായാലും കുറെ കാലം മണ്ണെടുത്താല്‍ നിരപ്പാകുമല്ലോ... എത്ര പോയാലും മന്ത്രി ആയ ശേഷം തിരിച്ചു പിടിക്കാം എന്നായിരുന്നു പ്രതീക്ഷ. ഒടുക്കം ജയിച്ച ശേഷം വിചാരിച്ച പോലെ ആദ്യ മന്ത്രി കുഞ്ഞാപ്പ തന്നെ ആയി. ആകെപ്പാടെ ഒരു പറ്റു പറ്റിപ്പോയത് ആസ്ഥാനഗായകന്‍ പാട്ടുപാടിയല്ലെങ്കിലും ജയിച്ചുകയറിയതാണ്. മന്ത്രിയാകാനുള്ളവരുടെ എണ്ണം ഒന്ന് കൂടി. ഈ കുഞ്ഞാപ്പ പഠിച്ച പണി മുഴുവന്‍ നോക്കിയിട്ടും കാര്യമുണ്ടായില്ലേ?  കാര്യം കുഞ്ഞാപ്പക്ക് ബിരിയാണീം ജോസഫിന് നെയ്ച്ചോറും കൊടുത്തിട്ട് ബാക്കിയുള്ള പഴങ്കഞ്ഞിയാണ് കൊടുത്തതെങ്കിലും നാലില്‍ ഒന്നായില്ലേ നാശം? കുഞ്ഞാപ്പ വിദേശത്ത് പോകുമ്പോള്‍ പെട്ടി പിടിക്കാന്‍ ഉള്ളത് കൊണ്ട് കുഞ്ഞിനെയും മന്ത്രി ആക്കാതിരിക്കാന്‍ പറ്റില്ല. പഴേ നേതാവിന്റെ മോന്‍ ആയത് കൊണ്ട് റബ്ബിനും വേണം സ്ഥാനം.  അപ്പൊ തന്നെ നാലായി. അഞ്ചാകാന്‍ ചാണ്ടി ഒട്ടു സമ്മതിക്കുന്നും ഇല്ല. തറവാട്ടില്‍ നിന്ന് എങ്ങോട്ടും പോകാത്ത പാവം മിണ്ടാതങ്ങളെ നട്ടപ്പാതിരയ്ക്ക് കോട്ടയത്ത്‌ വരെ കൊണ്ട് പോയി. എന്നിട്ടും നടന്നില്ല അലിക്കാക്കാന്റെ മന്ത്രിസ്ഥാനം. 
പക്ഷെ കുഞ്ഞാപ്പ ആരാ മോന്‍? വെറുതെ അല്ലല്ലോ മൂപ്പര് എം.ബി.എ എടുത്തത്‌. രാഷ്ട്രീയമായാലും ബിസിനസ് ആയാലും രണ്ടും ചേര്‍ന്ന മുസ്ലീം ലീഗ് ആയാലും മാനേജ് ചെയ്യാനും അത് വഴി ഓവര്‍ടേക്ക് ചെയ്യാനോ പാരവെക്കാനോ സാധ്യതയുള്ളവരെ കൃത്യമായി വെട്ടി മാറ്റാനും അറിയാം. തങ്ങളെ പിരി കേറ്റി അങ്ങ് പറയിച്ചു... അഞ്ചു മന്ത്രിമാര്‍ ലീഗിന്... അഞ്ചാമന്‍ അലി. വകുപ്പുകള്‍ അനുവദിക്കാനുള്ള അവസരം പോലും മുഖ്യമന്ത്രി എന്ന് പറയപ്പെടുന്ന ചാണ്ടിക്ക് കൊടുക്കാതെ ഒറ്റ അലക്ക് വകുപ്പും. അലിക്ക് പാര്‍ലമെന്ററി കാര്യം. അതെന്തോന്നു സാധനം? അലി മേല്പ്പോട്ടും കുഞ്ഞാപ്പയുടെ മുഖത്തും മാറി മാറി നോക്കിയിട്ടും കാര്യം പിടികിട്ടിയില്ല. 
എന്തായാലും അധികം മനപ്പായസം ഉണ്ണേണ്ടി വന്നില്ല. എല്ലാരും കൂടി പാണക്കാട്ട് കൂടി ബിരിയാണി തിന്നു സുലൈമാനിയും കുടിച്ച് ആ ദഹനക്കേട് മാറാന്‍ ഒരാഴ്ച കാത്തു നിന്ന് വീണ്ടും ഒന്ന് കൂടി വാതിലടച്ചു പിറുപിറുത്തപ്പോഴേക്കും എല്ലാം കോമ്പ്ലിമെന്റ്സാക്കി. ചീഫ്‌ വിപ്പ് പി.സി.ജോര്‍ജിന്. മുന്നണിയിലെ എം.എല്‍.എ. മാര്‍ വിപ്പനുസരിച്ചില്ലെങ്കില്‍ നല്ല പച്ചത്തെറി കൊണ്ട് അഭിഷേകം നടത്താന്‍ ഒരാള് വേണമല്ലോ... പാവം ജോസഫ്... പിന്നെ ബാക്കിയുള്ള സ്ഥാനമായ ഷണ്ഡന്റെ പോസ്റ്റിലേക്ക് ശക്തന്‍. പാവം. ജോര്‍ജ്‌ പറഞ്ഞത് അറിഞ്ഞിട്ടില്ല എന്ന് വരുമോ? അതോ നാടാര്‍ സമുദായം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടോ ഷണ്ഡനാകാന്‍? പിന്നെ ബാക്കിയുള്ളത് അഞ്ചാമന്റെ കാര്യം മാത്രം. അത് ഉമ്മന്‍ ചാണ്ടി തീരുമാനിക്കുമത്രേ... എന്ന്? ഇനിയിപ്പോ എന്തിന്? 
എന്തൊക്കെ പറഞ്ഞാലും എം.ബി.എ ആണ് താരം. അലിയെ മന്ത്രി ആയി പ്രഖ്യാപിച്ചത് വഴി 'ഞങ്ങള്‍ പറഞ്ഞിട്ടും അവര്‍ കേട്ടില്ല, ദുഷ്ടന്മാര്‍ കോണ്‍ഗ്രസ്സുകാര്‍' എന്ന ലൈനില്‍ അലി മേലില്‍ ആ വഴിക്ക് പോകാതെ ആക്കി. കോട്ടയത്ത്‌ കൊണ്ട് പോയി നാണം കെടുത്തിയും ഇല്ലാത്ത മന്ത്രി സ്ഥാനം ഉണ്ടെന്നു മണ്ടത്തരം എഴുന്നള്ളിപ്പിച്ചും തങ്ങന്മാരില്‍ മണുങ്ങന്മാരും ഉണ്ടെന്നും കാര്യം നടത്തിക്കൊണ്ട് പോകാന്‍ താന്‍ മാത്രമേ ഉള്ളൂ എന്നും താനാണ് ലീഗിലെ അവസാന വാക്ക്, അല്ലാതെ ഒരു വാക്കും പറയാന്‍ പറ്റാത്ത, പറഞ്ഞ വാക്ക് മുഴുവന്‍ അബദ്ധമായിപ്പോവുന്ന പുതിയ തങ്ങള്‍ അല്ല എന്നും തെളിയിച്ചു. മൂന്നു കല്ല്‌ വെച്ചാല്‍ മാത്രം അരിയിടാവുന്ന അടുപ്പിലെ ഒരു കല്ല്‌ മാത്രം ഇളക്കിക്കൊടുത്തു അരിപോയിട്ടു വെള്ളം പോലും തിളപ്പിക്കാന്‍ പറ്റാത്ത കോലത്തില്‍ ആക്കിയ വകുപ്പ് മുനീറിന് കൊടുത്തു ഒന്നും ചെയ്യാന്‍ പറ്റാത്ത പരുവത്തില്‍ മൂലക്കിരുത്തി. ഇത്രയോക്കെയല്ലേ ആ പാവം വിനീതനെക്കൊണ്ട് പറ്റൂ? 
എന്നിട്ടിപ്പോ എവിടെയുണ്ട് ഈ അലിക്കാക്ക? നാട് വിട്ടോ? 
വാല്‍:
പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥികളുടെ ചെലവിന്റെ കണക്ക് ശ്രദ്ധിച്ചോ? ശശികുമാറിനേക്കാള്‍ കുറവാണ് അലിയുടെ ചെലവ്. ഈ കണക്കുകള്‍ എഴുതിയവന്മാരെയൊക്കെ സമ്മതിക്കണം. ഇതുപോലെയുള്ളവരെ തന്നെയാണോ അലി വ്യാപാരസ്ഥാപനങ്ങളിലെ കണക്കും എഴുതാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്? എന്നാല്‍ വിശേഷമായി. ലാഭക്കണക്കും കുറച്ചെഴുതിയത് കൊണ്ടായിരിക്കും കോട്ടക്കല്‍ ആയിഷ ടെക്സ്ട്ടെയില്‍സ് വില്‍ക്കേണ്ടി വന്നത്. 

15 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ചെന്നിത്തലയ്ക്ക് വിദേശത്ത് ജോലി കിട്ടിയെന്നു പറയുന്നു...(കുറെ ആയി പോയിട്ട്, കാണാനില്ല) അലിക്കാക്കക്ക് വേണമെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകാം. അല്ലെങ്കില്‍ കോളേജ്‌ നടത്തി നാട്ടില്‍ തന്നെ കൂടാം. ഈ കിങ്ങിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് ആരാണാവോ?

ശ്രീജിത് കൊണ്ടോട്ടി. said...

"അങ്ങനെ പാണക്കാട്ടെ തറവാട്ടില്‍ ചെന്ന് പച്ച നിറമുള്ള ലഡു വായിലും പച്ച നിറമുള്ള കൊടി കൈയിലും നിറം നോക്കാന്‍ സമയം കിട്ടാതെ കോയി ബിരിയാണി വയറ്റിലും ഏറ്റു വാങ്ങിയപ്പോള്‍ ഞമ്മളും ആ പാര്‍ട്ടിയായി. പണമുള്ളവര്‍ ആ പാര്‍ട്ടിയില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടത് കുറഞ്ഞത് ഒരു എം.എല്‍.എ എങ്കിലും ആകാനുള്ള കുപ്പായം തയിച്ചു വെക്കുക. എന്നതാണ്."

കുഞ്ഞാപ്പാന്റെ വാക്കും കേട്ട് തങ്ങള്‍ പാണക്കാട്ട് നിന്ന് ഓടിപ്പിച്ചു തിരോന്തരത്ത് എത്തി. ആരോടും ചോയിക്കാതെ അഞ്ചാമത്തെ മന്ത്രിനേം പ്രഖ്യാപിച്ചു. നാല് മന്ത്രിമാരെ മതി എങ്കില്‍ കേന്ദ്രത്തില്‍ അയമ്മദ് സാഹിബിനെ കാബിനറ്റ്‌ മന്ത്രിയാക്കിക്കോളാം എന്ന് ഏതോ ഹൈക്കമാണ്ട് പണ്ട് തങ്ങള്‍ക്ക് വാക്ക് കൊടുത്തിരുന്നു എന്ന് കേള്‍ക്കുന്നു. അതിനെ കേന്ദ്രമന്ത്രി ആന്റണി വിദഗ്ദമായി "പ്രധിരോധിച്ചതിനാല്‍" അഹമ്മദ്‌ സാഹിബ് "സഹ"യില്‍ ഒതുങ്ങി. ആ ദേഷ്യം തീര്‍ക്കാന്‍ ആണ് അദ്ദേഹം തങ്ങള്‍ ഈ കടുകൈ ചെയ്ത് അപഹാസ്യനായത് എന്നും കേള്‍ക്കുന്നു. എന്തരോ എന്തോ.. :)))

ഡോകടറെ.. ലേറ്റായി വന്നു എങ്കില്‍ സംഭവം ലെററസ്റ്റായി അവതരിപ്പിച്ചു..

ശ്രീജിത് കൊണ്ടോട്ടി. said...

"അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടാമോ?"

പഴംചൊല്ലില്‍ പതിരില്ല. ഈ പുതുചൊല്ലില്‍ ഒട്ടുമില്ല..

പള്ളിക്കരയിൽ said...

മൂർച്ചയുള്ള മുനകളുള്ള ആക്ഷേപഹാസ്യം. നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇടതായാലും വലതായാലും മറ്റേതു രാഷ്ട്രീയക്കാരനായിരുന്നാലും തൊലിക്കട്ടി ഉണ്ടായാല്‍ മതി!

കൊമ്പന്‍ said...

ലീഗിനെ സംബന്തിച്ചടത്തോളം സമൂഹത്തിനെ വന്ജിക്കണം എന്നല്ലാതെ എന്താ അതിനെ ആരെങ്കിലും എതിര്‍ത്താല്‍ തങ്ങന്മാരെ കുറ്റം പറയാന്‍ പാടില്ല എന്ന് പറഞ്ഞു ഹാലിളകി മഹ്ഷരയില്‍ നിന്ന് വരെ പുറത്താകും എന്ന് പറഞ്ഞു കണ്ണും ഉരുട്ടും കാശുള്ള ആര് ചെന്നാലും ലീഗില്‍ കസേര റെഡി അബ്ദുല്‍ വഹാബ് എം പി ഒക്കെ നേരെത്തെ അങ്ങനെ വന്നതാ അല്ലാതെ നിലമ്പൂരില്‍ ഒരു നോട്ടീസില്‍ അര മൈത പൊടിയോ ഏതെങ്കിലും ഒരാള്‍ക്ക് ഒരു റേഷന്‍ കാര്‍ഡിന്റെ പുറം ചട്ടയോ വാങ്ങി കൊടുത്ത പരിജയമോ ഇല്ല പിന്നെ ലീഗല്ലേ എന്ന് കരുതി സമാധാനിക്കാം

അളിയന്‍ said...

ഇത് ഇപ്പോ പുരാണത്തില് ഒരു ചൊല്ലുണ്ടല്ലോ..?എന്താഅത് ? അതന്നെ...ചത്തത് കീചകനാണങ്കില്‍ കൊന്നത്.......അത്പോലെ പറഞ്ഞത് തങ്ങളാണങ്കില്‍ തീരുമാനം കുഞ്ഞാപ്പയുടെതാവും ...എന്താ ശരിയല്ലെ??അല്ലങ്കിലും ലീഗില്‍ അങ്ങനെയാ...കുഞ്ഞാപ്പയുടെ തീരുമാനങ്ങള്‍ മാത്രമെ തങ്ങമ്മാര്‍ പറയൂ.........

രമേശ്‌ അരൂര്‍ said...

അപ്പൊ എന്താ പറഞ്ഞു വന്നത് ..ലീഗും ,കേരള കൊണ്ഗ്രസ്സും സിപി ..ശോ ..സമവാക്യങ്ങള്‍ തെറ്റുന്നു ..പിന്നെ വരാം ..:)

K@nn(())raan*കണ്ണൂരാന്‍! said...

ഡോക്ടറെ,
കിങ്ങിന്റെ രണ്ടാം ഭാഗം നിങ്ങള്‍ സംവിധാനം ചെയ്യുമോ? എങ്കില്‍ കണ്ണൂരാന്‍ നിര്‍മ്മിക്കാം!(പരിഹാസം കലക്കി. ചന്തിക്ക് തന്നെ കൊണ്ടു സാറെ)

മണ്‍സൂണ്‍ നിലാവ് said...

ഉം ..........

കൊച്ചു കൊച്ചീച്ചി said...

എന്തൊരെഴുത്താ ഇത്! ആദ്യമായി വരുന്ന എന്നെപ്പോലുള്ളവര്‍ പേടിച്ചുപോകുമല്ലോ!

Anonymous said...

.

ബൈജുവചനം said...

കലക്കി ഡോക്റ്ററേ...

കലക്കി.

ലീഗന്മാരേക്കുറിച്ച് എന്റെ ബ്ലോഗിലെഴുതിയപ്പോഴൊക്കെ തന്തയില്ലാത്ത "പച്ചത്തെറികൾ" ധാരാളം കിട്ടിയിട്ടുണ്ട്.

കുമാരന്‍ | kumaran said...

അലീക്കാന്റെ നമ്പർ വരുമായിരിക്കും...

പുന്നകാടൻ said...

വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം