ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 27, 2011

അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടാമോ?

"കീടം" എന്ന് വിളിച്ചു എന്നും പറഞ്ഞു കണ്ണീരും മൂക്കീരും ഒലിപ്പിച്ചു ഒരാള്‍ രണ്ടു തവണ എം.എല്‍.എ ആക്കിയ പാര്‍ട്ടിയെയും പാര്‍ട്ടിക്കാരെയും പറ്റിച്ചു വല്ലവനും നീട്ടിയ ഐസ്ക്രീമും കണ്ടു കുറ്റീം പറിച്ചു പോയിട്ട് കാലം അധികം ആയില്ല. മന്ത്രിയാക്കിയില്ലത്രേ... മുഖ്യമന്ത്രി ആക്കിയില്ല എന്ന് പറയാതിരുന്നത് ഭാഗ്യം.  പോയത് പിന്നീടാണെങ്കിലും അതിനു മുന്‍പേ തന്നെ ഐസിവിടെയും ക്രീം അവിടെയും എന്ന മട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കളിയോട് കളി ആയിരുന്നു... ആരെങ്കിലും ഒന്ന് വിളിച്ചു കിട്ടാന്‍ വേണ്ടി. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒക്കെ പണത്തിന്റെ കൊഴുപ്പും ചിരിയുടെ വെളുപ്പും കണ്ടു ഒന്ന് ചൂണ്ടയിട്ടു നോക്കിയിരുന്നു. അഥവാ ചൂണ്ട ഇട്ടു കിട്ടാന്‍ വേണ്ടി നായകന്‍ തല അങ്ങോട്ട്‌ നീട്ടിക്കൊടുക്കുകയായിരുന്നു, വെറുതെ ഒന്ന് ഡിമാന്റു കൂട്ടാന്‍. പക്ഷെ ബിസിനസ്സുകാരനായ രാഷ്ട്രീയക്കാരന് അറിഞ്ഞൂടെ ബിസിനസ് നടത്താന്‍ ഏറ്റവും പറ്റിയ പാര്‍ട്ടി ഏതാണെന്ന്? കോണ്‍ഗ്രസ്സില്‍ പോയാല്‍ കയ്യിലുള്ള പണമെല്ലാം പോയി കുത്തുപാളയെടുക്കുമെന്നും അതില്‍ ഏതു ഗ്രൂപ്പില്‍ നിന്നാല്‍ സീറ്റ് കിട്ടും എന്ന് പഠിച്ചെടുക്കാന്‍ തന്റെ മുന്നിലുള്ളത് വളരെ ചുരുങ്ങിയ സമയം ആണെന്നും ആള്‍ക്ക് മനസ്സിലായി. നല്ല സമയത്താണ് ഞമ്മന്റെ നേതാവ് ചൂണ്ട എറിഞ്ഞത്. പോരാത്തതിന് മന്ത്രിയാക്കാം എന്ന് പുയ്യാപ്പള പുയ്യെണ്ണിന്റെ കാതില്‍ മന്ത്രിച്ച പോലെ ഒരു കിടിലന്‍ പെരുന്നാള്‍ ബംബര്‍ ഓഫറും. കാത്തിരുന്നു കിട്ടിയ പിടിവള്ളി പോലെ കയറി ഒറ്റ പിടുത്തം. 
അങ്ങനെ പാണക്കാട്ടെ തറവാട്ടില്‍ ചെന്ന് പച്ച നിറമുള്ള ലഡു വായിലും  പച്ച നിറമുള്ള കൊടി കൈയിലും നിറം നോക്കാന്‍ സമയം കിട്ടാതെ കോയി ബിരിയാണി വയറ്റിലും ഏറ്റു വാങ്ങിയപ്പോള്‍ ഞമ്മളും ആ പാര്‍ട്ടിയായി. പണമുള്ളവര്‍ ആ പാര്‍ട്ടിയില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടത് കുറഞ്ഞത് ഒരു എം.എല്‍.എ എങ്കിലും ആകാനുള്ള കുപ്പായം തയിച്ചു വെക്കുക. എന്നതാണ്. അലിയും ഉറപ്പിച്ചു മങ്കട സീറ്റ്. 
അതുവരെ ഉണ്ടായിരുന്ന എം.പി. കുപ്പായം കാലാവധി കഴിഞ്ഞപ്പോള്‍ ഊരിക്കളയേണ്ടി വന്ന മറ്റൊരു മൊയലാളിക്ക് ഇതൊക്കെ കണ്ടു മൂത്ത പോത്തിന്റെ കണ്ടം കടിച്ചു പറിക്കുന്നപോലെ കുറച്ചു മുസീബത്താകും കാര്യം എന്ന് ഉറപ്പായി. അധികം നിന്ന് തിരിഞ്ഞു കയ്യിലുള്ള പണം മുഴുവന്‍ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കേണ്ടി വരാതെ മൂപ്പര് മാന്യമായി കിട്ടിയ വിമാനത്തില്‍ ഗള്‍ഫിലെത്തി, പ്രചാരണമൊക്കെ അല്ലെങ്കിലും മൂപ്പരുടെ പണിയല്ലല്ലോ.
മങ്കട ഇപ്പൊ കിട്ടും, അത് കൊണ്ട് പണം കുറച്ചു പൊടിച്ചാല്‍ മതി എന്ന് വ്യാമോഹിച്ചു അലിക്കാക്ക ഇരിക്കുമ്പോള്‍ അതാ വരുന്നു പുതിയൊരു അവതാരം.. അഹമ്മദ്‌ കബീര്‍. കേരളത്തില്‍ ഏതു മൂലക്കുള്ള നേതാക്കളാണെങ്കിലും ജയിക്കണം എങ്കില്‍ മലപ്പുറത്ത്‌ വരും എന്ന് അലിക്കാക്ക ആദ്യം ഓര്‍ത്തില്ല എന്ന് തോന്നുന്നു. ഒരറ്റത്ത് ഒരു ജയിക്കാത്ത ഇരവിപുരവും നടുവില്‍ ജയിച്ചേക്കാവുന്ന ഒരു മട്ടാഞ്ചേരിയും വടക്കോട്ട് പോകുമ്പോ മലപ്പുറം എന്ന ഞമ്മന്റെ സ്വന്തം നാട്ടുരാജ്യവും അതിന്റെ ഓരം പറ്റികിടക്കുന്ന മണ്ണാര്‍ക്കാടും ഗുരുവായൂരും പിന്നെ കോയിക്കോട്ടെ രണ്ടുമൂന്നു സ്ഥിരം പോക്കറ്റുകളും, പിന്നെ അങ്ങേ അറ്റത്തെ നട്ടുച്ചക്കും ലീഗുകാര്‍ വന്നു രാത്രിയായി എന്ന് പറഞ്ഞാല്‍ ഉറങ്ങാന്‍ പോകുന്ന ബുദ്ധിമാന്മാര്‍ അടങ്ങിയ ശക്തികേന്ദ്രങ്ങളും. ഇതല്ലേ ഞമ്മന്റെ ദേശീയ (അല്ല, അതിപ്പോ വേറെ പാര്‍ട്ടി അല്ലെ? ഇത് വെറും കേരള സ്റേറ്റ് കമ്മിറ്റി) - പ്രാദേശിക പാര്‍ട്ടിയുടെ കേരളം? നേതാക്കള്‍ എവിടുന്നു വേണമെങ്കിലും വരാമെങ്കിലും മത്സരിക്കാന്‍ ഇവിടെയൊക്കെയെ തയ്യാറുള്ളൂ... ഇനിയിപ്പോ വേറെ കുറെ മണ്ഡലം വെറുതെ തരാം എന്ന് പറഞ്ഞാലും ഞമ്മക്കത് മാണ്ട. അവിടൊക്കെ ഉള്ളോര്‍ക്ക് മറ്റേ സാധനം കൂടുതലാ... വിവരം. അത് കൊണ്ട് ഞമ്മക്ക് കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ടോളാം. 
അങ്ങനെ അലിക്കാക്കാന്റെ മല്‍സരം പെരിന്തല്‍മണ്ണയിലേക്ക് മാറ്റപ്പെട്ടു. മങ്കടയിലായാലും പെരിന്തല്‍മണ്ണയിലായാലും ഇന്ത്യന്‍ കറന്‍സിക്ക് ഒരേ വിലയായത് കൊണ്ടും ആ സാധനം കയ്യില്‍ ഇഷ്ടം പോലെ ഉള്ളത് കൊണ്ടും പോരാത്തതിന് ഇനിയും ഉണ്ടാക്കാനായി തുണിക്കടയും പിന്നെ ഗള്‍ഫിലുള്ള കടയും ഒക്കെ വിറ്റതുകൊണ്ടും പിന്നെ നമ്മുടെ സ്വന്തം ഉസ്താദ് അരയും തലയും തലയിലെ മുടിയും മുറുക്കി രംഗത്തുള്ളത് കൊണ്ടും ജയിക്കും എന്ന കാര്യത്തില്‍ സംശയം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ആകെ ഒരു സംശയം ഉണ്ടായിരുന്നത് ഏതു വകുപ്പിന്റെ മന്ത്രി ആകണം എന്ന കാര്യത്തില്‍ ആയിരുന്നു. അതിനു പിന്നെ സ്വന്തം കുഞ്ഞാപ്പ ഉണ്ടല്ലോ... 
വിചാരിച്ച പോലെ അത്ര എളുപ്പം ആയില്ല പോര്. പണം പോയ വഴി മനസ്സിലായില്ല. ഏതു കുന്നായാലും കുറെ കാലം മണ്ണെടുത്താല്‍ നിരപ്പാകുമല്ലോ... എത്ര പോയാലും മന്ത്രി ആയ ശേഷം തിരിച്ചു പിടിക്കാം എന്നായിരുന്നു പ്രതീക്ഷ. ഒടുക്കം ജയിച്ച ശേഷം വിചാരിച്ച പോലെ ആദ്യ മന്ത്രി കുഞ്ഞാപ്പ തന്നെ ആയി. ആകെപ്പാടെ ഒരു പറ്റു പറ്റിപ്പോയത് ആസ്ഥാനഗായകന്‍ പാട്ടുപാടിയല്ലെങ്കിലും ജയിച്ചുകയറിയതാണ്. മന്ത്രിയാകാനുള്ളവരുടെ എണ്ണം ഒന്ന് കൂടി. ഈ കുഞ്ഞാപ്പ പഠിച്ച പണി മുഴുവന്‍ നോക്കിയിട്ടും കാര്യമുണ്ടായില്ലേ?  കാര്യം കുഞ്ഞാപ്പക്ക് ബിരിയാണീം ജോസഫിന് നെയ്ച്ചോറും കൊടുത്തിട്ട് ബാക്കിയുള്ള പഴങ്കഞ്ഞിയാണ് കൊടുത്തതെങ്കിലും നാലില്‍ ഒന്നായില്ലേ നാശം? കുഞ്ഞാപ്പ വിദേശത്ത് പോകുമ്പോള്‍ പെട്ടി പിടിക്കാന്‍ ഉള്ളത് കൊണ്ട് കുഞ്ഞിനെയും മന്ത്രി ആക്കാതിരിക്കാന്‍ പറ്റില്ല. പഴേ നേതാവിന്റെ മോന്‍ ആയത് കൊണ്ട് റബ്ബിനും വേണം സ്ഥാനം.  അപ്പൊ തന്നെ നാലായി. അഞ്ചാകാന്‍ ചാണ്ടി ഒട്ടു സമ്മതിക്കുന്നും ഇല്ല. തറവാട്ടില്‍ നിന്ന് എങ്ങോട്ടും പോകാത്ത പാവം മിണ്ടാതങ്ങളെ നട്ടപ്പാതിരയ്ക്ക് കോട്ടയത്ത്‌ വരെ കൊണ്ട് പോയി. എന്നിട്ടും നടന്നില്ല അലിക്കാക്കാന്റെ മന്ത്രിസ്ഥാനം. 
പക്ഷെ കുഞ്ഞാപ്പ ആരാ മോന്‍? വെറുതെ അല്ലല്ലോ മൂപ്പര് എം.ബി.എ എടുത്തത്‌. രാഷ്ട്രീയമായാലും ബിസിനസ് ആയാലും രണ്ടും ചേര്‍ന്ന മുസ്ലീം ലീഗ് ആയാലും മാനേജ് ചെയ്യാനും അത് വഴി ഓവര്‍ടേക്ക് ചെയ്യാനോ പാരവെക്കാനോ സാധ്യതയുള്ളവരെ കൃത്യമായി വെട്ടി മാറ്റാനും അറിയാം. തങ്ങളെ പിരി കേറ്റി അങ്ങ് പറയിച്ചു... അഞ്ചു മന്ത്രിമാര്‍ ലീഗിന്... അഞ്ചാമന്‍ അലി. വകുപ്പുകള്‍ അനുവദിക്കാനുള്ള അവസരം പോലും മുഖ്യമന്ത്രി എന്ന് പറയപ്പെടുന്ന ചാണ്ടിക്ക് കൊടുക്കാതെ ഒറ്റ അലക്ക് വകുപ്പും. അലിക്ക് പാര്‍ലമെന്ററി കാര്യം. അതെന്തോന്നു സാധനം? അലി മേല്പ്പോട്ടും കുഞ്ഞാപ്പയുടെ മുഖത്തും മാറി മാറി നോക്കിയിട്ടും കാര്യം പിടികിട്ടിയില്ല. 
എന്തായാലും അധികം മനപ്പായസം ഉണ്ണേണ്ടി വന്നില്ല. എല്ലാരും കൂടി പാണക്കാട്ട് കൂടി ബിരിയാണി തിന്നു സുലൈമാനിയും കുടിച്ച് ആ ദഹനക്കേട് മാറാന്‍ ഒരാഴ്ച കാത്തു നിന്ന് വീണ്ടും ഒന്ന് കൂടി വാതിലടച്ചു പിറുപിറുത്തപ്പോഴേക്കും എല്ലാം കോമ്പ്ലിമെന്റ്സാക്കി. ചീഫ്‌ വിപ്പ് പി.സി.ജോര്‍ജിന്. മുന്നണിയിലെ എം.എല്‍.എ. മാര്‍ വിപ്പനുസരിച്ചില്ലെങ്കില്‍ നല്ല പച്ചത്തെറി കൊണ്ട് അഭിഷേകം നടത്താന്‍ ഒരാള് വേണമല്ലോ... പാവം ജോസഫ്... പിന്നെ ബാക്കിയുള്ള സ്ഥാനമായ ഷണ്ഡന്റെ പോസ്റ്റിലേക്ക് ശക്തന്‍. പാവം. ജോര്‍ജ്‌ പറഞ്ഞത് അറിഞ്ഞിട്ടില്ല എന്ന് വരുമോ? അതോ നാടാര്‍ സമുദായം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടോ ഷണ്ഡനാകാന്‍? പിന്നെ ബാക്കിയുള്ളത് അഞ്ചാമന്റെ കാര്യം മാത്രം. അത് ഉമ്മന്‍ ചാണ്ടി തീരുമാനിക്കുമത്രേ... എന്ന്? ഇനിയിപ്പോ എന്തിന്? 
എന്തൊക്കെ പറഞ്ഞാലും എം.ബി.എ ആണ് താരം. അലിയെ മന്ത്രി ആയി പ്രഖ്യാപിച്ചത് വഴി 'ഞങ്ങള്‍ പറഞ്ഞിട്ടും അവര്‍ കേട്ടില്ല, ദുഷ്ടന്മാര്‍ കോണ്‍ഗ്രസ്സുകാര്‍' എന്ന ലൈനില്‍ അലി മേലില്‍ ആ വഴിക്ക് പോകാതെ ആക്കി. കോട്ടയത്ത്‌ കൊണ്ട് പോയി നാണം കെടുത്തിയും ഇല്ലാത്ത മന്ത്രി സ്ഥാനം ഉണ്ടെന്നു മണ്ടത്തരം എഴുന്നള്ളിപ്പിച്ചും തങ്ങന്മാരില്‍ മണുങ്ങന്മാരും ഉണ്ടെന്നും കാര്യം നടത്തിക്കൊണ്ട് പോകാന്‍ താന്‍ മാത്രമേ ഉള്ളൂ എന്നും താനാണ് ലീഗിലെ അവസാന വാക്ക്, അല്ലാതെ ഒരു വാക്കും പറയാന്‍ പറ്റാത്ത, പറഞ്ഞ വാക്ക് മുഴുവന്‍ അബദ്ധമായിപ്പോവുന്ന പുതിയ തങ്ങള്‍ അല്ല എന്നും തെളിയിച്ചു. മൂന്നു കല്ല്‌ വെച്ചാല്‍ മാത്രം അരിയിടാവുന്ന അടുപ്പിലെ ഒരു കല്ല്‌ മാത്രം ഇളക്കിക്കൊടുത്തു അരിപോയിട്ടു വെള്ളം പോലും തിളപ്പിക്കാന്‍ പറ്റാത്ത കോലത്തില്‍ ആക്കിയ വകുപ്പ് മുനീറിന് കൊടുത്തു ഒന്നും ചെയ്യാന്‍ പറ്റാത്ത പരുവത്തില്‍ മൂലക്കിരുത്തി. ഇത്രയോക്കെയല്ലേ ആ പാവം വിനീതനെക്കൊണ്ട് പറ്റൂ? 
എന്നിട്ടിപ്പോ എവിടെയുണ്ട് ഈ അലിക്കാക്ക? നാട് വിട്ടോ? 
വാല്‍:
പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥികളുടെ ചെലവിന്റെ കണക്ക് ശ്രദ്ധിച്ചോ? ശശികുമാറിനേക്കാള്‍ കുറവാണ് അലിയുടെ ചെലവ്. ഈ കണക്കുകള്‍ എഴുതിയവന്മാരെയൊക്കെ സമ്മതിക്കണം. ഇതുപോലെയുള്ളവരെ തന്നെയാണോ അലി വ്യാപാരസ്ഥാപനങ്ങളിലെ കണക്കും എഴുതാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്? എന്നാല്‍ വിശേഷമായി. ലാഭക്കണക്കും കുറച്ചെഴുതിയത് കൊണ്ടായിരിക്കും കോട്ടക്കല്‍ ആയിഷ ടെക്സ്ട്ടെയില്‍സ് വില്‍ക്കേണ്ടി വന്നത്. 

June 21, 2011

രതിനിര്‍വേദം (റിവ്യൂ അല്ല)

ഒരു വര്‍ഷത്തോളമായിരുന്നു വരും വരുന്നു എന്നൊക്കെ ഉള്ള ഒച്ചപ്പാട്... ക്ലാസിക്‌ പടം വരുന്നു എന്നൊക്കെ ആയിരുന്നു സുരേഷ്-രാജീവ്‌ കുമാരന്മാരുടെ വാക്കുകളും അവകാശ വാദങ്ങളും കേള്‍പ്പിച്ച് ചാനല്‍ കുമാരന്മാരും കുമാരിമാരും വലിയ വായില്‍ വിളിച്ചു കൂവിയിരുന്നത്... മലയാള സിനിമയെ രക്ഷിക്കാനുള്ള ഏറ്റവും പുതിയ അവതാരമായി രതിനിര്‍വേദം ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത കണ്ടിട്ടും കുറെ കാത്തിരിക്കേണ്ടി വന്നു മലയാള സിനിമയെ സ്നേഹിക്കുന്ന പ്രബുദ്ധ പ്രേക്ഷകന് ആ ചിത്രം കണ്ടു മനം കുളിര്‍പ്പിക്കാന്‍.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ബ്ലോഗിലും ഒക്കെ ആഘോഷമായിരുന്നു... വരുന്നതിനു മുന്‍പും വന്നതിനു ശേഷം റിവ്യൂവിലൂടെയും.
ഈയുള്ളവന്‍ എന്തായാലും റിവ്യൂ എഴുതാന്‍ വന്നതല്ല. അതിനു വേണ്ടി ഓടിച്ചാടി ഇടികൊണ്ട് ആ പടം കാണാനും ഉദ്ദേശിച്ചിട്ടില്ല. തീയറ്ററില്‍ പോയി ആ പടം കണ്ടാല്‍ 'കിന്നാരത്തുമ്പികള്‍' കാണാന്‍ പോയ പോലെ തന്നെയായിരിക്കും സദാചാര പോലീസായ പൊതുജനത്തിന്റെ പ്രതികരണം എന്നത് കൊണ്ട് തലയില്‍ മുണ്ടിട്ടു കയറാന്‍ മടിച്ചിട്ടു മാത്രമല്ല, പണം കൊടുത്തു കണ്ടു വിജയിപ്പിക്കണ്ട നിലവാരമൊന്നും ആ പടത്തിന് പ്രതീക്ഷിക്കുന്നുമില്ല എന്നത് കൊണ്ട് തന്നെ. സാധാരണ അത്തരം വിജയിപ്പിക്കണം എന്ന ആഗ്രഹം തോന്നാത്ത പടങ്ങളെ പോലെ തന്നെ വ്യാജ സി.ഡി.യോ ടോറന്റോ ഒക്കെ ഇറങ്ങട്ടെ, എന്നിട്ട് കാണാം.
ഈയുള്ളവന് മനസ്സിലാകാത്ത കാര്യം എന്താണ് ഈ തനിയാവര്‍ത്തനത്തില്‍ (?) ഇത്രയൊക്കെ ആഘോഷിക്കാനുള്ളത് എന്നാണ്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പുതിയ ട്രെന്റ് എന്ന് പറയുന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്നതാണല്ലോ... പോരാത്തതിന് വിജയിച്ച പടങ്ങളുടെ രണ്ടും മൂന്നും എന്നിട്ടും മടുത്തില്ലെങ്കില്‍ (പ്രേക്ഷകന് പണ്ടേ മടുക്കുമല്ലോ, ഇത് അണിയറക്കാര്‍ക്ക്) നാലും ഒക്കെ ഭാഗങ്ങള്‍ ഇറക്കി സഹിപ്പിക്കുന്നതും. നീലത്താമര വീണ്ടും ഇറക്കുന്നു എന്ന് കേട്ടപ്പോള്‍ "എന്തിന്?" എന്ന സംശയം തോന്നിയെങ്കിലും ചിത്രം കണ്ടപ്പോള്‍ പഴയ ചിത്രത്തോട് നീതി പുലര്‍ത്തി അത്യാവശ്യം കാലോചിതമായി പരിഷ്കരിച്ച കുഴപ്പമില്ലാത്ത ചിത്രം എന്നേ തോന്നിയുള്ളൂ... അത് പോലെ സി.ബി.ഐ.യും ഹരിഹര്‍ നഗറും ഒക്കെ ഭാഗങ്ങള്‍ കൂടുന്തോറും സഹിപ്പിക്കലാകുന്നുണ്ടെങ്കിലും കണ്ടിരിക്കാമായിരുന്നു. എങ്കിലും ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ഓടിപ്പോയെന്നു കരുതി എല്ലാ ചക്കകള്‍ക്കും പ്രേക്ഷകരെ തിയറ്റെറിനുള്ളിലേക്ക് ഓടിയെത്തിക്കാന്‍ കഴിയില്ല എന്ന് പലര്‍ക്കും ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത ചിലര്‍ ഉപ്പുകണ്ടം ബ്രദേഴ്സിന്റെ വരെ രണ്ടാം ഭാഗം ഇറക്കി വെള്ളം കുടിപ്പിക്കുന്നുണ്ട് പാവം പ്രേക്ഷകരെ. ഉപ്പ് തിന്നവര്‍ സംഭാരം കുടിക്കട്ടെ, അതവരുടെ കാര്യ. നമ്മുടെ വിഷയം രതിചേച്ചിയുടെ നിര്‍വേദം ആണല്ലോ...
1978-ലെ പദ്മരാജന്‍-ഭരതന്‍ ടീമിന്റെ രതിനിര്‍വ്വേദം ഈയുള്ളവന്‍ കണ്ടതാ... ഒന്നല്ല പല തവണ, അവരുടെ മറ്റെല്ലാ പടങ്ങളെയും പോലെ. അത് സത്യത്തില്‍ ഒരു ക്ലാസിക്‌ ചിത്രം തന്നെ ആയിരുന്നു. പ്രണയത്തിന്റെ വഴിമാറിയുള്ള സഞ്ചരിക്കലുകള്‍ - വേര്‍പിരിയലുകള്‍ - അതിന്റെ നൊമ്പരങ്ങള്‍ - പദ്മരാജനെപ്പോലെ മനോഹരമായി ആവിഷ്കരിച്ച ചലച്ചിത്രകാരന്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു ആരാധകന്‍ എന്ന നിലയിലല്ല ഈ അഭിപ്രായം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആ കാലഘട്ടത്തിലെ യാഥാസ്തിക സാഹചര്യങ്ങളില്‍ അത്തരത്തിലുള്ള ഒരു വിഷയം കൈകാര്യം ചെയ്ത ആ ചലച്ചിത്രകാരന്‍ മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയോട് കൌമാരത്തില്‍ തോന്നുന്ന അടുപ്പം - അത് പ്രേമം ആയാലും ലൈംഗികമായ താല്‍പ്പര്യം ആയാലും - മിക്കവരുടെയും ആ പ്രായത്തില്‍ എപ്പോഴോ തളിരിട്ടു കൊഴിഞ്ഞുപോയ, മനസ്സിന്റെ ഉള്ളറയില്‍ എവിടെയോ സൂക്ഷിക്കുന്ന വിലക്കപ്പെട്ടത് എന്ന് സ്വയം  തീരുമാനിച്ച ഒരു ഓര്‍മ്മയായിരിക്കും. സദാചാരത്തിന്റെ - അല്ലെങ്കില്‍ സാമൂഹികമായ കെട്ടുപാടുകളുടെ - നിയന്ത്രണങ്ങളില്‍ കൊഴിഞ്ഞു പോയ ആ അഭിനിവേശം വെള്ളിത്തിരയില്‍ ചിത്രീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ അതൊരു പുതിയ  അനുഭവമായിരുന്നു. അവിശുദ്ധമായ ബന്ധത്തിന്റെ അവസാനം ശുഭകരമല്ല എന്നൊരു സന്ദേശം കൂടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നു എന്നു വേണമെങ്കില്‍ കരുതാം. കൌമാരത്തിന്റെ നിഷ്കളങ്കത പൂര്‍ണമായും ഉള്‍ക്കൊള്ളുമ്പോളും പ്രണയത്തിന്റെ - അഭിനിവേശത്തിന്റെ - ഭാവങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കൃഷ്ണചന്ദ്രനും മാദകത്വം ഏറെ പ്രകടിപ്പിക്കാവുന്ന കഥാപാത്രമായിട്ടു കൂടി പരിധി വിടാത്ത രീതിയില്‍ (ആ കിടപ്പിന്റെ ചിത്രം ഒഴിച്ചാല്‍) രതിചേച്ചിയെ അവതരിപ്പിച്ച ജയഭാരതിയും ഉള്‍പ്പെടെ മികച്ച പാത്രസൃഷ്ടിയും ആ ചിത്രത്തെ മികച്ചതാക്കി.
പ്രായം കുറഞ്ഞ നായകന് തന്നെക്കാള്‍ പ്രായമുള്ള നായികയോട് തോന്നുന്ന അടുപ്പം ആധാരമാക്കി നിരവധി പടങ്ങളുടെ തള്ളിക്കയറ്റമായിരുന്നു പിന്നീട്. മിക്കവാറും എ-പടങ്ങളുടെ തീം ഇതായിരുന്നു. സില്‍ക്കിനെ താരമാക്കിയ ലയനവും ഷക്കീലയെ താരമാക്കിയ കിന്നാരതുമ്പികളും ഉള്‍പ്പെടെ.  പക്ഷെ ഇതിന്റെയൊക്കെ സംവിധായകര്‍ ക്ലാസിക്‌ ചിത്രം ചെയ്യണം എന്ന അത്യാഗ്രഹമില്ലാത്തത് കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ച പ്രേക്ഷകരെ മാത്രം തീയറ്ററില്‍ എത്തിച്ചു  പണമുണ്ടാക്കി എന്ന് മാത്രം. ഭാനുപ്രിയയുടെ ഹൃശ്യശൃംഗനും രഞ്ചിതയുടെ(അത് തന്നെ, നിത്യാനന്ദ) തട്ടകവും എല്ലാം ഈ പാതയിലെ അറിയപ്പെടാത്ത കരിയിലകള്‍ ആണ്. പക്ഷെ മറ്റേ റേറ്റിംഗ് ഇല്ലാതെയും പോയി, കാണാനുള്ള ഗുണം ഇല്ലാത്തത് കൊണ്ട് പൊളിഞ്ഞും പോയി. 
എങ്ങനെയൊക്കെ പടമെടുത്താലും പൊട്ടുന്ന മലയാളത്തില്‍ കുറച്ചു പണം എന്ത് വില കൊടുത്തും ഉണ്ടാക്കണം എന്ന ശപഥം എടുത്തിരുന്നു എന്ന് തോന്നുന്നു മേനകയും സുരേഷ് കുമാറും. അല്ലെങ്കില്‍ മുപ്പത്തിരണ്ട് കൊല്ലം മുന്‍പ് ഇറങ്ങിയ ഒരു പടം... മലയാളത്തിലെ രണ്ടു പ്രഗത്ഭര്‍ ഒരുക്കിയ പടം... ഒരാവശ്യവുമില്ലാതെ വീണ്ടും ചിത്രീകരിക്കാന്‍ തുനിയുമോ? തികച്ചും മാറിയ സാമൂഹിക സാഹചര്യത്തില്‍ എഴുപതുകള്‍ പുനര്‍ സൃഷ്ടിച്ചു അതേ കഥ ആധാരമാക്കി പടം നിര്‍മ്മിക്കാന്‍ തോന്നിയ ബുദ്ധി എവിടുന്നു കിട്ടിയോ ആവോ? അന്ന് കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്നും യാദൃശ്ചികമായും  മറ്റും കണ്ട ജയഭാരതിയുടെ ദൃശ്യങ്ങള്‍ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അധ്യാപികയുടെയും വരെ സാരിയോ ചുരിദാറിന്റെ ഷാളോ ഒരല്‍പം തെന്നി മാറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു യു-ട്യൂബില്‍ അപ് ലോഡ്‌ ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ അതേ കഥയുടെ അടിസ്ഥാനത്തില്‍ ശ്വേതാമെനോന്റെ ദൃശ്യങ്ങളായി പുനര്‍സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്ന വികാരം ഒരു ക്ലാസിക്‌ പടത്തിന്റെ ഒരിക്കലും സാധ്യമല്ലാത്ത ക്ലാസിക്‌ പുനര്‍സൃഷ്ടിയല്ല, മറിച്ച് ആ ക്ലാസിക്‌ പടത്തിലെ തലമുറ വ്യത്യാസമില്ലാതെ ഇന്നും തിയറ്റര്‍ നിറച്ചേക്കാവുന്ന ചില രംഗങ്ങളുടെ വികലമായ അനുകരണവും അതിലൂടെ വന്നുചേരാവുന്ന ലാഭവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയൊന്നും വേണ്ട.
ചുരുക്കി പറഞ്ഞാല്‍ ഇന്ന് മലയാള സിനിമയില്‍ മാദകത്വമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ നടികളുടെ പേര് അന്വേഷിച്ചാല്‍ ആദ്യം വരുന്ന പേരായ ശ്വേതാമേനോന്‍ എന്ന നടിയുടെ സാന്നിധ്യം മാത്രമാണ് രതിനിര്‍വേദം പുതിയ രൂപം പ്രാപിച്ചതിന്റെ അടിസ്ഥാന കാരണം... അഥവാ ആ നടിയുടെ മാര്‍ക്കറ്റ് ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ആ ചിത്രത്തിന്റെ ലക്‌ഷ്യം. വീണ്ടും ഒരു "കയം" അത്ര മാത്രം. 
ഇനിയെങ്കിലും ഇതുപോലെ പഴയകാല സംവിധായകരെ അപമാനിക്കാനുള്ള വിവരക്കേട് ഇവരെയൊക്കെ പോലുള്ള സീനിയര്‍ സംവിധാന-നിര്‍മ്മാണ 'പ്രതിഭകള്‍' കാണിക്കാതിരുന്നെങ്കില്‍...
ഇല്ലെങ്കില്‍ അവരടിച്ചിറക്കിയ ഈ പോസ്റ്ററില്‍ ഇരുന്നു ഭരതനും പദ്മരാജനും കുമാരന്മാരെ കാര്‍ക്കിച്ചു തുപ്പും...
മലയാള സിനിമയെ രക്ഷിച്ചില്ലെങ്കിലും ഇങ്ങനെ ശിക്ഷിക്കരുത്...

June 02, 2011

ഇത് വെറും തെറിവിളിയല്ല...

"വക്കീലന്മാര്‍ കള്ളം പറയും, അത് അവരുടെ പ്രൊഫഷന്‍ ആണല്ലോ" എന്ന് പലരും പറയാറുണ്ട്‌. തമാശയായിട്ട് പറയുന്നതാണെങ്കിലും ന്യായവും നീതിയും സത്യവുമല്ല തെളിവും വാചകക്കസര്‍ത്തും പണവും വക്കീലിന്റെ പേരും പ്രശസ്തിയും മാത്രമാണ് ഇന്ന് കുറ്റവാളികളെ മോചിതരാക്കുന്നതും നിരപരാധികളായ കുറ്റാരോപിതരെ തുറുങ്കില്‍ അടപ്പിക്കുന്നതും. കള്ളനെ മോചിപ്പിച്ചാല്‍ കള്ളത്തരം ചെയ്യാത്തവനെ മോചിപ്പിച്ചതിനേക്കാള്‍ വക്കീലിന് പ്രശസ്തിയുണ്ടാവും എന്നുറപ്പ്. എങ്കിലും നീതിദേവതയെ പോലെ കണ്ണുകെട്ടി കേസുകള്‍ തെരഞ്ഞെടുക്കരുത് വക്കീലന്മാരെ... അല്‍പ്പമെങ്കിലും ധാര്‍മ്മികതയും നീതിബോധവും പണത്തിനുള്ള ആര്‍ത്തിയെക്കാള്‍ കൂടുതല്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക.
സൗമ്യയെ കൊന്നു എന്ന് പറയുന്ന ഒറ്റക്കയ്യന്‍ അത് ചെയ്തിട്ടില്ല എന്ന് വാദിക്കാനും ജയിക്കാനും നിങ്ങള്‍ക്കൊരു പക്ഷെ കഴിഞ്ഞേക്കാം. കാരണം നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ മിടുക്കന്മാരാണ്. പക്ഷെ കേരളം മുഴുവന്‍ വിശ്വസിക്കുന്നത് അയാള്‍ തെറ്റുകാരനാണെന്നാണ്. നിങ്ങള്‍ വക്കീലന്മാര്‍ നടത്തുന്ന നാടകങ്ങളും സംരക്ഷണം ആവശ്യപ്പെടുന്ന പരാതിയും എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. എങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നറിയാം. ആ ധര്‍മസങ്കടം ഉളവാക്കുന്ന മനോവേദനയോടെ ഞാന്‍ നിങ്ങളെ മുന്‍കൂറായി സ്നേഹത്തോടെ വിളിച്ചോട്ടെ...
"ചെറ്റകളെ..."
പണ്ട് ഞാനും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് (കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷം) എന്റെ അമ്മ ക്യാന്‍സര്‍ ബാധിതയായി. മരുന്നില്‍ ശമനം കിട്ടാത്ത അവസ്ഥയായത് കൊണ്ട് റേഡിയേഷനും കീമോതെറാപ്പിയും ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി. അവിടുത്തെ വിദ്യാര്‍ഥി സുഹൃത്തുക്കളാണ് ഓ.പി.യില്‍ ഡോക്ടറെ കാണിക്കുന്നത് ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു തന്നത്. പരിശോധിച്ചിരുന്ന ഡോക്ടറെ മെഡിക്കല്‍ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചികിത്സ തുടങ്ങും മുന്‍പ് ഡോക്ടറെ വീട്ടില്‍ ചെന്ന് കാണണം എന്ന് ബന്ധുക്കളും പരിചയക്കാരും ഉപദേശിച്ചു (വെറുതെയല്ല, കിഴിയുമായി). ഞാന്‍ സമ്മതിച്ചില്ലെങ്കിലും അച്ഛന്‍ പോയി... പണം അടങ്ങിയ കവറുമായി. രോഗിയെ അയാള്‍ക്ക്‌ വ്യക്തമായി മനസ്സിലായിട്ടാണ് കവര്‍ അയാള്‍ വാങ്ങിയത് എന്നുറപ്പ്. രോഗിയുടെ മകന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും അയാളുടെ സുഹൃത്തുക്കളായ തന്റെ വിദ്യാര്‍ഥികള്‍ അറിയും എന്നും ഉറപ്പുണ്ടായിട്ടും ആ പണം കൈ നീട്ടി വാങ്ങിയ ആ അദ്ധ്യാപകന്‍ അഥവാ അദ്ധ്യാപഹയന്‍ എന്ത് മെഡിക്കല്‍ എത്തിക്സ് അനുസരിച്ചാണ് ആ ജോലി ചെയ്തിരുന്നത്? 
കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തല്‍ ചെയ്തപ്പോള്‍ ഈ സംഭവമാണ് എന്റെ മനസ്സില്‍ വന്നത്. സാധാരണക്കാരായ രോഗികള്‍ രക്ഷപ്പെടട്ടെ ഇനിയെങ്കിലും എന്ന ആശ്വാസം തോന്നിയിരുന്നു. ആ തീരുമാനം ഗുണകരമായിരുന്നു എന്നാണു പിന്നീട് ലഭ്യമായ വിവരങ്ങളും പഠനങ്ങളും തെളിയിച്ചത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ആ തീരുമാനം പുന:പരിശോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിയുന്നത്. ഡോക്ടര്‍മാര്‍ അതിനായി ഒഴുക്കിയത് കോടികള്‍ ആണെന്നും അറിയുന്നു. 
ഈ ഭരണാധികാരികള്‍ക്ക് ആരോടാണ് വിധേയത്വം? ഈ ഡോക്ടര്‍മാര്‍ക്ക് ഈ സമൂഹത്തോട് എന്താണ് പ്രതിബദ്ധത? ഇതെല്ലാം അനുഭവിക്കുന്ന പൊതുജനം നിങ്ങള്‍ക്ക് മുന്നില്‍ ആരാണ്? അവര്‍ക്ക് വേണ്ടി എന്റെ അതേ പ്രൊഫഷന്‍ തന്നെ ചെയ്യുന്ന നിങ്ങളെ അധ്യാപകര്‍ ഒരിക്കലും അര്‍ഹിക്കാത്ത ബഹുമാനത്തോടെ ഞാന്‍ ഒന്ന് വിളിച്ചോട്ടെ....
"പരമനാറികളെ..."
 

വാല്‍:
ഈ തെറിവിളികള്‍ പ്രൊഫഷണല്‍ ജെലസി കൊണ്ടല്ല...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം