ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 26, 2016

ഏപ്രിൽ 10 - ലോക ഹോമിയോപ്പതി ദിനം

(Published in Madhyamam Daily - 10th April 2016)



വൈദ്യശാസ്ത്രത്തിലായാലും മറ്റു മേഖലകളിലായാലും വേറിട്ട വഴികളിലൂടെ നടന്നവരെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും തങ്ങളുടെ മേഖലകളിൽ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹദ്വ്യക്തിത്വമായിരുന്നു ഡോ.ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ. ജർമൻകാരനായ ഡോ.ഹാനിമാനായിരുന്നു ഇന്ന് ഏറേ പുരോഗമിച്ച ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനു രൂപം നൽകിയത്. 1755 ഏപ്രിൽ 10നു ജനിച്ച അദ്ദേഹം ഒരു അലോപ്പതി ഡോക്ടറായിരുന്നു.  ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ലോക ഹോമിയോപ്പതിദിനമായാണ് ആചരിച്ചു വരുന്നത്. ഇന്ന് ലോകത്തിൽ അലോപ്പതി ഒഴികെയുള്ള സമാന്തര ചികിത്സാ ശാഖകളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ചികിത്സാരീതിയാണു ഹോമിയോപ്പതി. ലോകത്ത് ഹോമിയോപ്പതി ചികിത്സക്ക് ഏവുമധികം പ്രചാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.  ഇന്ത്യയിൽ വിദ്യാഭ്യാസപരമായും ആരോഗ്യമേഖലയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ശാസ്ത്രീയവും പാർശ്വഫലരഹിതവും ഫലപ്രദവുമായ ചികിത്സ എന്ന നിലയിൽ മികച്ച സ്വാധീനമാണു ഹോമിയോപ്പതി ചികിത്സ നേടിയത് എന്നതു തന്നെ ഈ വൈദ്യശാസ്ത്രത്തിന്റെ മേന്മ വിളിച്ചോതുന്നു.
രോഗിയുടെ വേദന വർദ്ധിപ്പിക്കുന്ന പ്രാകൃതമായ ചികിത്സാരീതികൾ ആസുരതാണ്ഡവമാടിയിരുന്ന അക്കാലത്തെ ചികിത്സാരംഗത്ത്, രോഗിയുടെ ശാരീരിക-മാനസിക പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് വേണം ചികിത്സ നടത്തേണ്ടത് എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഡോ.സാമുവൽ ഹാനിമാൻ രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് നിരവധി പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതിക്ക് രൂപം നൽകിയത്. അലോപ്പതി ചികിത്സയിലെ രീതികൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വന്ന് പഴഞ്ചൻ രീതികളിൽ നിന്ന് മോചിതമായെങ്കിലും ഒരു പുതിയ വൈദ്യശാസ്ത്രമെന്ന രീതിയിൽ ഡോ.ഹാനിമാൻ അന്ന് രൂപം കൊടുത്ത ശാസ്ത്രീയ തത്വങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരികതന്നെയാണ്. സാധാരണക്കാരനു താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ചികിത്സാചെലവ് വർദ്ധിച്ചുവരുമ്പോൾ, ചികിത്സ എന്നത് ലാഭക്കണ്ണോടെയുള്ള ഒരു കച്ചവടമായി മാറുമ്പോൾ, താരതമ്യേന ചെലവു കുറവുള്ളതും എന്നാൽ മികച്ച ഫലം പ്രദാനം ചെയ്യുന്നതുമായ ഹോമിയോപ്പതിചികിത്സ കാലത്തിന്റെ ആവശ്യമായിത്തീരുന്നു. ഇന്ന് സാധാരണ വൈറൽ പനി മുതൽ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായിത്തീരുന്ന ജീവിതശൈലീരോഗങ്ങളും അർബുദവും വരെ ഹോമിയോപ്പതി ചികിത്സയാൽ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നു.
ഹോമിയോപ്പതിയുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതുകൊണ്ടുതന്നെ ചില കോണുകളിൽ നിന്ന് ചില വിമർശനങ്ങൾ ഉയർന്നുവരുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. മറ്റു വൈദ്യശാസ്ത്ര ശാഖകളിൽ പെട്ടവർ ഉയർത്തുന്ന പൊള്ളയായ വിമർശനങ്ങൾ അവ അർഹിക്കുന്ന രീതിയിൽ തന്നെ അവഗണിക്കുന്നു. എന്നാൽ ചില പുരോഗമനസംഘടനകളുടെ പ്രവർത്തകർ എന്ന മൂടുപടമണിഞ്ഞ് ഇതരവൈദ്യശാസ്ത്രങ്ങളിൽ പെട്ട ചികിത്സകർ ഹോമിയോപ്പതിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് കേവലം കൊതിക്കെറുവായേ കാണാൻ കഴിയൂ. അത്തരക്കാരുടെ ആരോപണങ്ങളും കുപ്രചാരണങ്ങളും ഹോമിയോപ്പതിയുടെ മേന്മ നേരിട്ടറിവുള്ള ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന വിശ്വാസം ഹോമിയോപ്പതിസമൂഹത്തിനുണ്ട്. ഇന്ന് നിലവിലുള്ള ഒരു വൈദ്യശാസ്ത്രശാഖയും പരിപൂർണമെന്ന് പറയാൻ കഴിയില്ല. ഓരോന്നും അവക്ക് കഴിയുന്ന മേഖലകളിൽ മികച്ച ചികിത്സാഫലങ്ങൾ നൽകി മനുഷ്യരാശിക്ക് ഗുണം ചെയ്യാൻ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുക എന്നതാണു വേണ്ടത്. ഇതരവൈദ്യശാസ്ത്രങ്ങളെ അവ അർഹിക്കുന്ന ബഹുമാനത്തോടെ കാണുകയും അനാവശ്യവിമർശനങ്ങൾ ഉന്നയിക്കാതിരിക്കയും ചെയ്ത്, സ്വന്തം ചികിത്സാരീതി കൂടുതൽ പഠനഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ഇതരശാസ്ത്രങ്ങളിലെ പഠനത്തിനോ ചികിത്സാസംവിധാനത്തിനോ തടസം നിൽക്കാതിരിക്കയും ചെയ്യുക എന്നതാണു രോഗിയുടെ ആശ്വാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്.
ഹോമിയോപ്പതിക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും അടിസ്ഥാനപരമായ നിരവധി ആവശ്യങ്ങൾ പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സ്വകാര്യമേഖലയിലും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനം ഈ മേഖലയിലെ വ്യാജചികിത്സകരുടെ സാന്നിദ്ധ്യമാണ്. ഇന്നും കേരളത്തിൽ ഒരു ഏകീകൃത മെഡിക്കൽ ബിൽ രൂപീകരിക്കാത്തതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജചികിത്സകർ പെരുകുകയാണ്. പ്രധാനമായും മലബാറിലാണിത്തരക്കാർ കൂടുതലുള്ളതെങ്കിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒട്ടും കുറവല്ല. ഇതിനായി യാതൊരു നിയമനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാജ ചികിത്സകർക്ക് നിയമപരിരക്ഷ നൽകാനുള്ള നീക്കം നടന്നപ്പോൾ രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതകൾക്കും അതീതമായി ആയുർവേദ - ഹോമിയോപ്പതി ചികിത്സകർ ഒന്നിച്ചു നിന്ന് എതിർത്തപ്പോൾ ആ വേദികളിൽ വന്ന് പ്രതിഷേധത്തിന്റെ ഭാഗമായ ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ നേതാക്കൾ അഞ്ചുവർഷം ഭരിച്ചിട്ടും സംഘടനകൾ നടത്തിയ നിരവധി സമരങ്ങളും നൽകിയ നിവേദനങ്ങളും തൃണവൽഗണിച്ചതും വ്യാജ ചികിത്സകർക്കെതിരെ ചെറുവിരൽ പോലുമനക്കാൻ തയ്യാറായില്ല എന്നതും ദുഃഖകരമായ കാര്യമാണ്. ഏകീകൃത മെഡിക്കൽ ബിൽ എന്ന വാഗ്ദാനം ഇന്നും നോക്കുകുത്തിയായവശേഷിക്കുന്നു.
ഈ സർക്കാർ ഹോമിയോപ്പതിക്കനുകൂലമായി പുതിയ ഡിസ്പെൻസറികളും കാൻസർ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആരംഭിച്ചതിൽ ഹോമിയോപ്പതി സമൂഹത്തിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. എന്നാൽ  പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനപ്പുറം  അടിസ്ഥാനസൗകര്യവികസന മേഖലയിൽ ചെയ്യേണ്ടിയിരുന്ന പല ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വിദ്യാഭ്യാസമേഖലയിൽ ഹോമിയോപ്പതി എം.ഡി. കോഴ്സ്‌ കൃത്യമായി നടക്കാതായി. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നതുപോട്ടെ, ഉള്ള സീറ്റു തന്നെ ആവശ്യമായ അദ്ധ്യാപകർ ഇല്ലാത്തതിനാൽ കുറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ല. ഗവ ഹോമിയോ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് പി.എസ്‌.സി. നിയമനം വളരെക്കാലമായി നടക്കുന്നില്ല. റിട്ടയർമെന്റ്‌ വഴി വന്ന ഒഴിവുകളിൽ വലിയൊരു ശതമാനവും നികത്തിയിട്ടില്ല. കൂടാതെ കേരളത്തിനു പുറത്ത് ഏഴു വിഷയങ്ങളിൽ എം.ഡി. കോഴ്സ് നടക്കുന്നുണ്ടെങ്കിലും ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തിൽ ഇന്നും മൂന്നു വിഷയങ്ങളിലേ കോഴ്സ് നടക്കുന്നുള്ളൂ. ഹൗസ്‌ സർജ്ജൻസിന്റെ സ്റ്റൈപ്പൻഡ്‌ എം.ബി.ബി.എസ്‌.,  ആയുർവേദ വിഭാഗങ്ങൾക്ക് 20000 രൂപയാക്കിയിട്ടും ഹോമിയോപ്പതിയിൽ മാത്രം 17000ൽ ഒതുക്കി. സംഘടനകൾ ഇടപെട്ടിട്ടും വിദ്യാർത്ഥികൾ സമരമുൾപ്പെടെ നടത്തിയിട്ടും ഈ വിവേചനം അവസാനിപ്പിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല. അതുപോലെ തന്നെ ബി.എച്ച്.എം.എസ് വിദ്യർത്ഥികൾക്ക് സിലബസിന്റെ ഭാഗമായി അലോപ്പതി ആശുപത്രികളിൽ സർജ്ജറി - ഗൈനക്കോളജി പോസ്റ്റിംഗ്‌ നടക്കുന്നത് ഐ.എം.എ.യുടെ വിലക്കും നിയമനടപടികളും മൂലം തടസപ്പെട്ടു. പ്രശ്നം ഫലപ്രദമായി ഇടപെട്ട് പരിഹരിക്കാനും കോടതിയിൽ കക്ഷി ചേരാനും സർക്കാർ തയ്യാറായില്ല. സർക്കാർ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി കുറേ ഡോക്ടർമാർക്ക്‌ ജോലി കിട്ടിയെങ്കിലും അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയമായി. ഫാർമ്മസിസ്റ്റ്‌, അറ്റന്റർ തുടങ്ങിയ തസ്തികകളിൽ നിരവധി ഒഴിവുകളുള്ളത്‌ പരിഹരിക്കപ്പെട്ടില്ല. മരുന്നെടുക്കാൻ ആവശ്യത്തിനു സ്റ്റാഫില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലും ഡോക്ടർമാരും രോഗികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഡിസ്പെൻസറികളിലെ സ്റ്റാഫ്‌ പാറ്റേൺ ഇതുവരെ പരിഷ്കരിച്ചില്ല. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഹോമിയോപ്പതി മരുന്നുകൾ വിതരണം ചെയ്യുന്ന ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനമായ ഹോംകോയിൽ നിന്ന് ആവശ്യത്തിനും കൃത്യസമയത്തും മരുന്ന് ആശുപത്രികളിൽ എത്തുന്നില്ല. ഇതുമൂലം പല സ്ഥാപനങ്ങളിലും രോഗികൾക്ക് മരുന്നുകൾ വിലകൊടുത്ത് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനു പുറമേ ഹോമിയോപ്പതിയുടെ അനന്തസാദ്ധ്യതകൾ വിനിയോഗിച്ച് കേരളത്തിന്റെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാവേണ്ട നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. നിലവിൽ ആരോഗ്യവകുപ്പിനു (അലോപ്പതി) കീഴിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെല്ലാം തന്നെ. ഹോമിയോപ്പതി ഉൾപ്പെടുന്ന ആയുഷ് വിഭാഗങ്ങൾക്കുകൂടി അവരുടെ സേവനം ലഭ്യമാക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഫീൽഡ് സ്റ്റാഫിനെ ആയുഷ് വകുപ്പിനു കീഴിലോ തദ്ദേശസ്വയംഭരണവകുപ്പിലോ നിയമിക്കാനുള്ള നീക്കമുണ്ടാവുകയോ ചെയ്യണം. അതുപോലെ തന്നെ രോഗനിർണയ സംവിധാനങ്ങളായ ലബോറട്ടറി, എക്സ് റേ, സ്കാനിംഗ് തുടങ്ങിയവ ഹോമിയോപ്പതി ആശുപത്രികളിൽ ലഭ്യമാക്കാനും അത്തരം സംവിധാനങ്ങൾ ഏതെങ്കിലും ഒരു വൈദ്യശാസ്ത്രശാഖയുടേതല്ല, മറിച്ച് ആരോഗ്യരംഗത്തിനു മൊത്തമായി ശാസ്ത്രം നൽകിയ സംഭാവനയെന്നത് ഉൾക്കൊണ്ട് ഇവക്കൊക്കെ ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ അവസാനിപ്പിക്കാനുമുള്ള ശ്രമം ഉണ്ടാവണം. എല്ലാ വൈദ്യശാസ്ത്ര ശാഖകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു നയം പ്രാബല്യത്തിൽ വരുത്തി മാത്രമേ ഒരു സമഗ്രമായ പുരോഗതി കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രാവർത്തികമാക്കാനാകൂ. ഇത്തരമൊരു നയം നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാർ നടപ്പാക്കുമെന്ന് കേരളത്തിലെ ഹോമിയോപ്പതി സമൂഹം പ്രത്യാശിക്കുന്നു.
ഹോമിയോപ്പതി എന്ന മഹത്തരമായ ചികിത്സാരീതിക്കു രൂപം നൽകിയ ഡോ.സാമുവൽ ഹാനിമാൻ 1843-ൽ ഇഹലോകവാസം വെടിഞ്ഞു. മനുഷ്യകുലത്തിന് “സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (Similia similibus curentur)” എന്ന തത്വത്തിലധിഷ്ഠിതമായ ചികിത്സാരീതിയിലൂടെ രോഗശാന്തി പ്രദാനം ചെയ്ത അദ്ദേഹത്തിന്റെ സ്മരണക്കു  മുന്നിൽ നമ്രശിരസോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെ രോഗപീഡയാൽ വേദനിക്കുന്ന മാനവകുലത്തിനു മികച്ച ചികിത്സയും സഹാനുഭൂതിയും പകർന്ന് സേവനപാതയിൽ ചരിക്കുന്നതുതന്നെയായിരിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലി.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം