ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 15, 2010

സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകള്‍

ദരിദ്ര നാരായണന്മാരായ പൊതുജനമെന്ന കഴുതകളെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വശംവദരാക്കിയും കൊന്നും കൊലവിളിച്ചും വിജയിച്ചു വരുന്ന, രാജ്യത്തെയും(?) സ്വന്തം കീശയെയും സേവിക്കാന്‍ തയ്യാറുള്ള ജനാധിപത്യത്തിന്‍റെ കാവല്ഭടന്മാര്‍ ആസ്വദിക്കട്ടെ ഈ സ്വാതന്ത്ര്യം...
ഗര്‍ഭസ്ഥ ശിശുവിനെ ത്രിശൂലത്തില്‍ കോര്‍ത്ത്‌ ഓംകാരം മുഴക്കുന്ന, ശത്രുരാജ്യത്തിന്‍റെ എച്ചില്‍ തിന്നു മാതൃരാജ്യത്തിനു നേരെ വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുന്ന, പണക്കിഴിയുടെ കിലുക്കത്തില്‍ കണ്ണ് മഞ്ഞളിച്ചു സ്വന്തം വിദ്യാഭ്യാസക്കച്ചവടം സംരക്ഷിക്കാന്‍ ഇടയലേഖനമിറക്കുന്ന മതേതരത്വം മതഭ്രാന്തിന് മുന്നില്‍ പണയം വെച്ചവര്‍ നുണയട്ടെ ഈ സ്വാതന്ത്ര്യം...
പാവപ്പെട്ടവന്‍റെ തുണ്ട് ഭൂമി തട്ടിയെടുത്ത് കസേരയുടെ സുരക്ഷിതത്വത്തിനായി മറുകണ്ടം ചാടുന്ന, കായികമാമാങ്കങ്ങളുടെ നടത്തിപ്പില്‍ ഊര്‍ന്നിറങ്ങുന്ന നാണയത്തുട്ടുകള്‍ പങ്കു വെക്കുന്ന, കൈവെട്ടിയവന്‍റെയും പള്ളിപൊളിച്ചവന്‍റെയും മുന്നില്‍ വോട്ടിനായി ഒരേ സമയം കൈ നീട്ടുന്ന അഭിനവ സോഷ്യലിസ്റ്റുകള്‍ മതിമറക്കട്ടെ ഈ സ്വാതന്ത്ര്യത്തില്‍...
അമേരിക്കയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന, ഇന്ധനത്തിന്‍റെയും അരിയുടെയും വില വര്‍ധിപ്പിക്കാനുള്ള തലതിരിഞ്ഞ തീരുമാനങ്ങളാല്‍ ഊറ്റം കൊള്ളുന്ന, എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവന് മേല്‍ തീമഴയായി പെയ്യുന്ന അധികാരവര്‍ഗത്തിന്റെ കീഴില്‍ സ്വാതന്ത്ര്യം വീണ്ടും അറിയട്ടെ ഈ റിപ്പബ്ലിക്‌...
എങ്കിലും...
നമുക്കിന്നു മനസ്സില്‍ താലോലിക്കാം...
ത്രിവര്‍ണ്ണപതാക കയ്യിലേന്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് നിരന്നു നീങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മേല്‍ അര്‍പ്പിതമായ പ്രതീക്ഷകള്‍...
അവരീ സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കട്ടെ...
ജയ് ഹിന്ദ്‌.

4 comments:

നീലത്താമര | neelathaamara said...

ഇതൊന്നും വായിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലല്ലോ... എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്‌...

ഡോ.ആര്‍ .കെ.തിരൂര്‍ said...

@നീലത്താമര
അതെ...എല്ലാര്‍ക്കും ഗോസിപ്പുകളും വില കുറഞ്ഞ തമാശകളും മതി. ഇതുപോലെ എന്തെങ്കിലും എഴുതിയാലോ രാഷ്ട്രീയം എഴുതിയാലോ ഉടനെ വരും അഭിപ്രായം... "വേറെ പണിയൊന്നുമില്ലേ?" എന്ന്. വര്‍ഗീയതക്കെതിരെ എഴുതുന്നവനെ വര്‍ഗീയവാദി ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ചെലക്കാണ്ട് പോടാ said...

ദതിനിപ്പം ഇന്ത്യാവുക്ക് സ്വാതന്ത്ര്യം കിട്ടിയാ സഗാവേ?

jayarajmurukkumpuzha said...

kalika prasakthamaya chintha........ swathanthryadhina aashamsakal........

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം