ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 04, 2010

സീനിയര്‍ രോഗി

മൂന്നാം വര്‍ഷ ബി.എച്.എം.എസ്. പരീക്ഷയുടെ പ്രാക്ടിക്കല്‍ (ബെഡ് സൈഡ് വിവ). പുനത്തിലിന്റെ "മരുന്നില്‍" പറയുന്ന പോലെ പെട്ടെന്ന് രോഗം കണ്ടു പിടിക്കാവുന്ന ഏതെങ്കിലും രോഗികളെ കിട്ടണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. ഒരു ധൈര്യത്തിന് വേണ്ടി ഐ.പി.യില്‍ കിടക്കുന്ന മുഴുവന്‍ രോഗികളുടെയും പേരും ബെഡ് നമ്പരും രോഗവും മനസ്സിലാക്കി ലിസ്റ്റുണ്ടാക്കി കാണാപ്പാഠം പഠിക്കുന്ന ഇന്റര്‍ നാഷണല്‍ ബുജികളാണ് കൂടുതലും. ഞങ്ങളെപ്പോലുള്ള മടിയന്മാര്‍ അതിലേക്കൊന്ന് എത്തി നോക്കി കുറെയൊക്കെ മനസ്സിലാക്കി വെക്കും.
മെഡിക്കല്‍ കോളേജ് ആയതു കൊണ്ട് കുറെ പാവങ്ങള്‍ രോഗമൊന്നുമില്ലെങ്കിലും ബ്രെഡിനും മുട്ടക്കും വേണ്ടി വന്നു കിടക്കുന്നുണ്ടാവും. അവരെ കിട്ടിയാലാണ് തൊന്തരവ്‌ മുഴുവന്‍. രോഗമില്ലെന്ന കാര്യം മനസ്സിലാകരുതെന്നു കരുതി ലോകത്തുള്ള രോഗലക്ഷണങ്ങള്‍ മുഴുവന്‍അവരെടുത്ത് അലക്കും. എക്സാമിന്‍ ചെയ്യുമ്പോള്‍ എങ്ങനെ കിടന്നു തരണമെന്നും ഓരോ ചോദ്യത്തിനും എങ്ങനെയൊക്കെ മറുപടി പറയണമെന്നും എല്ലാം അവര്‍ക്കറിയാം. ഇങ്ങനെയൊക്കെ ആണെങ്കിലും ചില വിരുതന്മാര്‍ അവസാനം സാറ് വരുമ്പോള്‍ പറഞ്ഞത് മുഴുവന്‍ മാറ്റിപ്പറയും... രോഗത്തിന്റെ തീവ്രത കൂട്ടാന്‍. 
എന്തൊക്കെയോ പഠിച്ച്, രോഗികളെക്കുറിച്ച് ഏകദേശ രൂപമുണ്ടാക്കി ഞാന്‍ രാവിലെ ഐ.പിയിലെത്തി. നറക്കെടുപ്പിലൂടെയാണ് രോഗികളെ വീതിച്ചു തരിക. സകലമാന ദൈവങ്ങളെയും പിശാചുക്കളെയും മരുന്നിലെ 'ജോണ്‍ ബല്‍ദേവ് മിര്‍സ' എന്ന രോഗിയെയും മനസ്സില്‍ ധ്യാനിച്ച്‌ ഒരു പേപ്പര്‍ എടുത്തു. ബെഡ് നമ്പര്‍ 52 . മുന്‍പ് കണ്ട ലിസ്റ്റിലുള്ള ആരുമല്ല. അല്‍പ്പം ടെന്ഷനോടെ ബെഡിനടുത്തെത്തി. നോക്കിയപ്പോള്‍ കുഞ്ഞറമുട്ടിക്ക.  എത്രയോ വര്‍ഷങ്ങളായി ഇടയ്ക്കിടെ വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന നടുവേദനക്കാരന്‍. രാവിലെ എത്തിയിട്ടേ ഉള്ളൂ.അതാണിന്നലെ ലിസ്റ്റില്‍ പെടാഞ്ഞത്. സാധാരണ ആ രോഗിയെ ആര്‍ക്കും കൊടുക്കാറില്ലെന്ന് തോന്നുന്നു. ഇതിപ്പോള്‍ റംസാന്‍ വ്രതം കഴിഞ്ഞ ഉടനെ ആയതിനാല്‍ രോഗികള്‍ കുറവായത് കൊണ്ടായിരിക്കും. എന്തായാലും അല്‍പ്പം ആശ്വാസമായി. രോഗം എന്താണെന്ന് മുന്‍കൂട്ടി അറിയാറായല്ലോ. രോഗിയെ ചെരിച്ചും മറിച്ചും കിടത്തി കാലു പൊക്കിയും താഴ്ത്തിയും ഞാന്‍ പരിശോധന തുടങ്ങി. എന്നെക്കാള്‍ നന്നായി പഠിച്ച ആളെപ്പോലെ മൂപ്പര്‍ കയ്യും കാലുമൊക്കെ കൃത്യമായി വെച്ചു തന്നു. എന്നെപ്പോലുള്ള  കുറെ മെഡിക്കോസ് കേറി നിരങ്ങിയതാണല്ലോ ആ ശരീരത്തില്‍. ഒടുവില്‍ എല്ലാം എഴുതി തയ്യാറാക്കി ഞാന്‍ ആശ്വാസത്തോടെ മേഡം വരുന്നത് കാത്തു നിന്നു.
എന്നെയും രോഗിയെയും മാറി മാറി നോക്കി ചിരിച്ചു കൊണ്ടാണ് മേഡം നടന്നു വന്നത്. ഞാന്‍ എല്ലാം പഠിച്ചു റാങ്ക് വാങ്ങാന്‍ തീരുമാനിച്ചവനെപ്പോലെ കത്തിക്കാന്‍ തുടങ്ങി, കുഞ്ഞറമുട്ടിക്കയുടെ രോഗത്തിന്റെ രഹസ്യങ്ങള്‍. തുടര്‍ന്ന് രോഗിയെ തിരിച്ചും മറിച്ചും ഇടാന്‍ തുടങ്ങിയപ്പോള്‍ മേഡം ചിരിച്ചു കൊണ്ട് തടഞ്ഞു. "എന്റെ രതീഷേ, ആ പാവം അവിടെ കിടന്നോട്ടെ. നിന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കിട്ടിയത് ഈ മനുഷ്യനെ ആയിപ്പോയി. നീ അധികം പറഞ്ഞു ബുദ്ധിമുട്ടേണ്ട... നമുക്ക് വൈവക്ക്‌ കാണാം". ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്ന എന്നോട് മേഡം ഇത്ര കൂടി പറഞ്ഞു..."ഞാന്‍ പരീക്ഷ എഴുതിയപ്പോളും കിട്ടിയത് ഇയാളെ തന്നെയാ".

6 comments:

DR SHIBI..THE GREAT HOMOEOPATHY.. said...

സമം സമേന ശാന്തി

കൂതറHashimܓ said...

ഹ ഹ ഹാ.. അവസാന ഡയലോഗ് കലക്കി.. :)

ഇ.എ.സജിം തട്ടത്തുമല said...

ഡോക്ടർമാരിൽ നമ്മൾ രോഗികൽക്കുള്ള വിശ്വാസങ്ങൾ ഇല്ലാതാക്കുമോ ഡോക്ടർ! തുറന്നെഴുത്തിനു നന്ദി; ആശംസകൾ!

krishnakumar513 said...

നന്നായി ആസ്വദിച്ചു, ആശംസകള്‍ ഡോക്ടര്‍

റ്റോംസ് കോനുമഠം said...

തിരൂര് മാഷെ പിന്നെയും കുഞ്ഞറമുട്ടിക്ക തന്റെ ശരീരം കൊണ്ട് പലര്‍ക്കും പരിക്ഷ പേടി ഇല്ലാതെ കടന്ന്‍ കുടാന്‍ സഹായിച്ചുകാനും

തണല്‍ said...

ഈ കുഞ്ഞറമുട്ടിക്ക ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ? ഉണ്ടാവാന്‍ സാധ്യത ഇല്ല.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം