2009-ലോ 2010-ലോ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഞാനന്ന് കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് കോര്‍പ്പറെഷനില്‍ ഞങ്ങളുടെ കോളേജ് സ്ഥിതി ചെയ്യുന്ന കാരപ്പറമ്പ് ഡിവിഷനിലെക്കുള്ള സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ ഡെപ്യുട്ടി മേയര്‍ ലത്തീഫ് മാഷിനു വേണ്ടി പ്രചാരണത്തിനായി കോളേജിലെ മറ്റു വിദ്യാര്‍ഥി സഖാക്കളോടൊപ്പം ഞാനുമിറങ്ങിയിരുന്നു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം പുതിയതും വ്യത്യസ്തവുമായ അനുഭവമായിരുന്നു. പലതരത്തിലുള്ള ആളുകള്‍. പലതരത്തിലുള്ള പ്രതികരണങ്ങള്‍. LDF അനുഭാവികളുടെ വീട്ടില്‍ ചെന്നാല്‍ ഊഷ്മളമായ സ്വീകരണമായിരിക്കും. UDF-കാരുടെയോ BJP -ക്കാരുടെയോ വീട്ടില്‍ ചെന്നാല്‍ തെറി വരെ കേട്ടേക്കാം.ഒരു ഡോക്ടറെന്ന നിലയില്‍ ജനങ്ങളുടെ ചിന്താഗതിയുടെയും മാനസിക വ്യാപാരങ്ങളുടെയും ഒരു പഠനം നടത്താന്‍ ആ പ്രചാരണവും അതിനു ശേഷം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സത്യത്തില്‍ ഏറെ സഹായിച്ചിരുന്നു. ജനകീയാസൂത്രണം വഴി നേടിയ വീടിനു കക്കൂസ് അനുവദിച്ചില്ലെന്നു പറഞ്ഞ് , ആ വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെ ആ പദ്ധതിയേയും നടപ്പാക്കിയ സര്‍ക്കാരിനെയും ചീത്ത വിളിച്ചവര്‍ വരെയുണ്ടായിരുന്നു.
ഓരോ വീടുകളിലും പോകുമ്പോള്‍ ഓരോരുത്തരായിരുന്നു സ്ഥാനാര്‍ഥിയെ പറ്റിയും ചിഹ്നത്തെ പറ്റിയും മറ്റും സംസാരിച്ചിരുന്നത്. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടു ലത്തീഫ് മാഷ് നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി ഞങ്ങള്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ അത് വരെ ഒന്നും പറയാതിരുന്ന ഒരു സുഹൃത്തിനു വലിയ വാശി. അവന്‍ തന്നെ കാര്യങ്ങള്‍ മുഴുവന്‍ പറയുമെന്ന്. ഞങ്ങള്‍ സമ്മതിച്ചു. ബെല്ലടിച്ചപ്പോള്‍ പുറത്തു വന്ന സ്ത്രീയോട് അവന്‍ പറഞ്ഞു തുടങ്ങി... "നമ്മുടെ സ്ഥാനാര്‍ഥി ലത്തീഫ് മാഷാണ് കേട്ടോ. മാഷേ അറിയില്ലേ? ഈ കുടുംബാസൂത്രണത്തിന്റെ ഒക്കെ വളരെ പ്രധാനപ്പെട്ട ആളാ." ഞങ്ങള്‍ ചിരി തുടങ്ങിയിട്ടും പിന്നില്‍ നിന്നു തോണ്ടിയിട്ടുമൊന്നും അവനു കാര്യം മനസ്സിലായില്ല. വീണ്ടും കേറി കത്തിക്കുക തന്നെ..."കുടുംബാസൂത്രണമെന്നു പറയുമ്പോ...". ആ സ്ത്രീ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു പിള്ളേരെ നോക്കി ഒറ്റ ചിരി. അപ്പോഴേ അവനു കാര്യം മനസ്സിലായുള്ളൂ. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഞങ്ങള്‍ അവിടുന്ന് വലിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുറെക്കാലമായി ആ ഡിവിഷനില്‍ നിന്നു ജയിച്ചു കൊണ്ടിരുന്ന UDF സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തില്‍ മറികടന്നു ലത്തീഫ് മാഷ് വിജയിച്ചു. ആഹ്ലാദ പ്രകടനം കടന്നു പോയപ്പോള്‍ ഞങ്ങള്‍ നമ്മുടെ ആസൂത്രണക്കാരനോട് പറഞ്ഞു. "ആ സ്ത്രീ നാളെ കോര്‍പ്പറെഷന്‍ ഓഫീസില്‍ പോയി കുടുംബാസൂത്രണം നടത്താന്‍ ലത്തീഫ് മാഷേ കാണണമെന്ന് പറയും. നിനക്ക് പണിയായി".
2 comments:
അല്ല.... ഈ ഹോമിയോയില്‍ കുടുംബാസൂത്രണം ഒക്കെ എങ്ങനെ????
ഹായ്,ഡോക്ടര്‍
Post a Comment