ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 15, 2010

എല്ലാര്‍ക്കും പെരുന്നാള്‍ ആശംസകള്‍...

തട്ടമിട്ട സോണിയ!

ഈ വര്‍ഗീയ പ്രീണനം... വര്‍ഗീയ പ്രീണനം.. എന്ന് പറയുന്ന സാധനം എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാ. അതിന്‍റെ ചെറിയ രൂപമാണ് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വിതയത്തിലിനെയും പണിക്കരെയും വെള്ളാപ്പള്ളിയെയും എല്ലാം വീട്ടില്‍ പോയി കണ്ടു സമസ്താപരാധങ്ങളും പൊറുക്കാന്‍ പറഞ്ഞു കാലു പിടിച്ചു കരയുന്നത്. പണ്ടൊക്കെ തലയില്‍ മുണ്ടിട്ടായിരുന്നു ഈ പരിപാടി. ഇപ്പോള്‍ ഒളിയും മറയുമൊക്കെ പോയി, നേര്‍ക്ക്‌ നേരെ ആയി പരിപാടി. ഇതിലൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും വലിയ ഐക്യമാണ്. ബി.ജെ.പിക്കാര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അമ്പലം, രാമന്‍, ജന്മം, ഭൂമി എന്നൊക്കെ ചില പിച്ചും പേയും പറയുന്നത് കാണാം. അദ്വാനിക്ക് അധ്വാനിക്കാന്‍ പറ്റിയ ആരോഗ്യമാണെങ്കില്‍ ഒരു ഫൈവ്‌ സ്റാര്‍ രഥവും ഫ്ലാഗ് ഓഫ്‌ ചെയ്യും.
കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനുമൊക്കെ പിന്നെ പ്രീണിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. മൊത്തമായും ചില്ലറയായും ഇടയലേഖനങ്ങളുടെ കൂമ്പാരവുമായി പള്ളിയും പട്ടക്കാരും കാത്തിരിക്കുകയല്ലേ? സി.പി.എമ്മിന്റെ പ്രീണനം വേറെ ഒരു തരത്തിലാണ്. കൈവെട്ടുന്നവരെയും ജമാഅത്തിനെയും അച്ചന്മാരെയും സന്യാസിമാരെയുമെല്ലാം കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തെറി വിളിക്കും. ഒന്ന് കാണണമല്ലോ ഇതൊക്കെ കേട്ടിട്ടും വോട്ടു ചെയ്യാന്‍ മാത്രം പൊട്ടന്മാരാണോ ഇവരെന്ന്‍.
പിന്നെയുള്ളത് ഞമ്മടെ ലീഗാ... പേരില്‍ തന്നെ മതമുള്ളപ്പോള്‍ വേറെ പ്രത്യേകിച്ചൊരു പ്രീണനത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും ഞമ്മക്കും ഞമ്മന്റെ രീതിയില്‍ ഒന്ന് പ്രീണിപ്പിക്കാന്‍ പറ്റീലെങ്കില്‍ യോഗം കഴിഞ്ഞു ബിരിയാണിയും സുലൈമാനിയും കഴിച്ചു പിരിയുന്നതില്‍ എന്താ ഒരു രസം? അത് കൊണ്ട് ഇടയ്ക്കു ചില വെളിപാടൊക്കെ നടത്തും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശമായിരുന്നു ഇത്തവണത്തെ തമാശ. ആറു മണിക്ക് വീട്ടില്‍ കയറണമെന്നതുള്‍പ്പെടെ ഒരുപാടുണ്ടായിരുന്നു പട്ടികയില്‍. അല്ലെങ്കില്‍ തന്നെ കാര്യങ്ങളൊക്കെ ചെയ്യാന്‍ സ്ഥിരം നേതാക്കള്‍ ഉള്ളപ്പോള്‍ പുതിയ സാരിയൊക്കെ ഉടുത്തു കുറെ സ്വര്‍ണവും ഇട്ടു ഷൈന്‍ ചെയ്യുന്നതിനിടെ പറയുന്നിടത്തെല്ലാം ഒപ്പിട്ടു കൊടുക്കണം എന്നല്ലാതെ ലീഗിന്റെ വനിതാ മെമ്പര്‍മാര്‍ക്കൊക്കെ എന്താ ഇത്ര പെരുത്ത പണി. ആറുമണിക്ക് ശേഷം ഐസ്ക്രീം കഴിക്കുന്ന ശീലമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ അത് തന്നെയാ അവരുടെ ആരോഗ്യത്തിനും നല്ലത്.
ഈ വക പ്രീണനമൊക്കെ കണ്ടു കണ്‍കുളിര്‍ത്തു ഇരിക്കുമ്പോളാണ് ഒരു കാര്യം കണ്ണില്‍ പെട്ടത്. ഏറണാകുളത്തുനിന്നു റോഡു വഴി തെരഞ്ഞെടുപ്പ് കാലത്ത് തിരൂരിലേക്ക് വന്നപ്പോള്‍ വഴിയരികിലെങ്ങുമുള്ള ബോര്‍ഡും ബാനറും ശ്രദ്ധിച്ചിരുന്നു. യു.ഡി.എഫിന്റെ ബാനറുകള്‍ നിറയെ സോണിയയുടെയും രാഹുലിന്റെയും ചെന്നിത്തലയുടെയും എല്ലാം കൈ വീശിക്കാണിച്ചും കൂപ്പിയും നില്‍ക്കുന്ന  പല പോസിലുള്ള ചിരിക്കുന്ന മുഖങ്ങളായിരുന്നു. ചാവക്കാടെത്തിത്തുടങ്ങിയപ്പോള്‍ ലീഗിന് കൂടി പോസ്റ്ററില്‍ സ്ഥലം കിട്ടിത്തുടങ്ങി. ശിഹാബ്‌ തങ്ങളുടെ സൌമ്യമായ പുഞ്ചിരി ഇടം പിടിച്ച പോസ്റ്ററുകളില്‍ സോണിയയുടെ ചിത്രത്തിന് എന്തോ ഒരു മാറ്റം. സൂക്ഷിച്ചു നോക്കിയപ്പോളാണ് പിടികിട്ടിയത്... സോണിയക്ക് തലയില്‍ തട്ടമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ ശൈലിയില്‍ തലമറച്ച ചിത്രമാണ്. യാദൃശ്ചികമായിരിക്കുമെന്നു കരുതിയെങ്കിലും പിന്നെ തിരൂര്‍ വരെ കണ്ട പോസ്റ്ററിലെല്ലാം അത് തന്നെയായിരുന്നു സോണിയയുടെ അവസ്ഥ. പിറ്റേന്ന് മലപ്പുറത്ത്‌ പോയപ്പോളും വഴിനീളെ തട്ടമിട്ട സോണിയ നിറഞ്ഞു നിന്നു. ശിഹാബ്‌ തങ്ങളുടെ ചിത്രമുള്ള പോസ്റ്ററില്‍ ഒരു പെണ്ണ് തട്ടമിടാതെ നിന്നാല്‍ ഒരു പത്തു വോട്ടെങ്ങാനും കുറഞ്ഞാലോ? മലപ്പുറത്തെ പാവങ്ങളെ പറ്റിക്കാന്‍ നടത്തുന്ന ഓരോ തട്ടിപ്പുകള്‍... കഷ്ടം.

November 14, 2010

തെരഞ്ഞെടുപ്പ്: ജയിച്ചതാര്? ജയിപ്പിച്ചതാര്?


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. ജയപരാജയങ്ങള്‍ സ്വന്തമാക്കിയവരുടെ ആഹ്ലാദപ്രകടനങ്ങളും ന്യായീകരണങ്ങളും കഴിഞ്ഞു. പുതിയ ഭരണസമിതിയും അധികാരം ഏറ്റെടുത്തു. ഈ വൈകിയ വേളയില്‍ ഇനിയൊരു അവലോകനത്തിന്‍റെ ആവശ്യമില്ലെന്നറിയാം. എങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ കുറച്ചൊക്കെ ഇറങ്ങി പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
കണക്കിലെ കളികള്‍ വെച്ച് എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വലിയ തിരിച്ചടി തന്നെയാണ് നേരിട്ടത്. ആ വസ്തുത അംഗീകരിക്കുക തന്നെ വേണം. അതിന്റെ കാരണങ്ങളെ കുറിച്ച് വസ്തുനിഷ്ടമായ വിലയിരുത്തല്‍ നടത്തി തെറ്റുകള്‍ തിരുത്താനും കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യങ്ങളില്‍ ഇടപെടാനും ഓരോ ഇടതുപക്ഷ പ്രവര്‍ത്തകനും ശ്രദ്ധിക്കണം.
ഈ തോല്‍വിയും അഭിമാനകരം...
തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തൃശൂര്‍ മുതല്‍ പത്തനംതിട്ട വരെ ഇടയലേഖനവും മലപ്പുറത്ത്‌ ഇതുവരെ കൂടെ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയ ചിലരുടെ കാലുവാരലും ഹൈന്ദവവര്‍ഗീയ പാര്‍ട്ടി പതിവില്‍ നിന്ന് വ്യത്യസ്തമായി വോട്ടിനു പകരം പണം എന്നതിന് പകരം വോട്ടിനു പകരം വോട്ടു തന്നെ എന്ന് ബുദ്ധിപരമായി വാശി പിടിച്ചതിന്‍റെ ഫലവും വികസനങ്ങളെ മൂടിവെക്കാനും അഭിപ്രായവ്യത്യാസങ്ങളെ മാത്രം വെളിച്ചം കാണിക്കാനും മുഖ്യധാരാമാധ്യമങ്ങള്‍ നടത്തിയ ശ്രമവും സര്‍വ്വോപരി പണക്കൊഴുപ്പും തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് കാണാന്‍ കഴിയും. വിജയം നേടാനായില്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍, മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ എല്ലാം ഒന്നിച്ചു വന്നപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ തോല്‍വിയും സി.പി.എമ്മിന് അഭിമാനകരമാണ്. എല്ലാ ചണ്ടി-ചവറു-ചപ്പു-പണ്ടാരങ്ങളും അപ്പുറത്തുനിന്നിട്ടും ഇത്ര വോട്ടെങ്കിലും കിട്ടിയല്ലോ. പക്ഷെ തിരിച്ചടി അതിന്റെ ആരോഗ്യകരമായ അര്‍ത്ഥത്തില്‍ എടുത്തു പാളയത്തില്‍ പട അവസാനിപ്പിച്ചു ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങേണ്ടത് മറക്കാനും പാടില്ല.
വികസനം ആര്‍ക്കുവേണ്ടി?
തെരഞ്ഞെടുപ്പിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു എസ്.എം.എസ്. ഉണ്ടായിരുന്നു... സി.പി.എം തീരുമാനങ്ങള്‍ എന്ന പേരില്‍. അത് സൃഷ്ടിച്ചവന്‍ എന്താണ് ഉദ്ദേശിച്ചത് എന്നറിഞ്ഞു കൂടാ. പക്ഷെ ത്തെരഞ്ഞെടുപ്പ് സമയത്ത് ഊണും ഉറക്കവും മറന്നു പ്രവര്‍ത്തിച്ച പല പാര്‍ട്ടി പ്രവര്‍ത്തകരും ഫലമറിഞ്ഞശേഷം പങ്കു വെച്ചത് ആ വികാരം തന്നെയായിരുന്നു. എതിരാളികള്‍ എന്തെല്ലാം പറഞ്ഞാലും കേരളം ഭരിക്കുന്ന  വി.എസ് സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയോടെ ചരിത്രം കുറിച്ച വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് നേതൃത്വം നല്‍കിയ പഞ്ചായത്ത് ഭരണ സമിതികള്‍ എല്ലാം തന്നെ നടപ്പാക്കിയത്. അതെ സമയം യു.ഡി.എഫ് ഭരണസമിതികള്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ കട്ടുമുടിക്കുകയായിരുന്നു. എന്‍റെ നാട്ടിലെ കാര്യം തന്നെ എടുക്കാം. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തിരൂരിന്റെയും പൊന്നാനിയുടെയും ചിരകാല സ്വപ്നമായിരുന്നു. മന്ത്രി പാലോളിയുടെയും തിരൂര്‍ എം.എല്‍.എ സ.അബ്ദുല്ലക്കുട്ടിയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായി ത്വരിതഗതിയില്‍ പുരോഗമിക്കുന്ന ജോലി ഫെബ്രുവരിയോടെ പൂര്‍ത്തിയാകാന്‍ പോകുകയാണ്. മലപ്പുറത്തിന്റെ തീരപ്രദേശത്തിനു വമ്പിച്ച പുരോഗതിക്ക് കാരണമാകുന്ന, മലബാറിലുള്ളവര്‍ക്ക് മുഴുവന്‍ ഏറെ യാത്രാസൌകര്യം നല്‍കുന്ന ഈ പാതയുടെ ഗുണഫലം ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ പോകുന്നത് പൊന്നാനി മുനിസിപ്പാലിറ്റിക്കും തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ക്കും ആണ്. എല്‍.ഡി.എഫ് ഭരിച്ചിരുന്ന ഈ പഞ്ചായത്തുകളില്‍ എല്ലാം തന്നെ യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയാണ്‌ ഉണ്ടായത്. അതേ സമയം അടുത്ത പഞ്ചായത്തായ തിരുന്നാവായ... അവിടെ ഭരിച്ചിരുന്ന യു.ഡി.എഫില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ചു പേരാണ് മാറിമാറി പ്രസിഡണ്ട് ആയത്. മണല്‍ വില്‍പ്പനയുടെ പ്രധാന കേന്ദ്രമായ ഇവിടെ എല്ലാര്‍ക്കും കീശ വീര്‍പ്പിക്കുന്നതില്‍ മാത്രം സോഷ്യലിസം പുലര്‍ത്തിയ ഭരണക്കാര്‍ എം.എല്‍.എ ആയ കെ.ടി.ജലീലിന്‍റെ നേതൃത്വത്തില്‍ നടന്ന വികസനങ്ങള്‍ക്ക് നേരെ പോലും പാര വെക്കുകയാണ് ചെയ്തു പോന്നത്. എന്നിട്ടും തിരുന്നാവായയില്‍ യു.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തി. അത് പോലെ തിരൂര്‍ മുനിസിപ്പാലിറ്റി... ഭൂ മാഫിയയുടെ പിണിയാളുകളായ ഭരണക്കാര്‍ യാതൊരു വികസനപ്രവര്‍ത്തനവും നടത്തിയില്ലെന്ന് മാത്രമല്ല, പത്തു കൊല്ലം മുന്‍പ് എല്‍.ഡി.എഫ്. ഭരണസമിതി തുടങ്ങി വെച്ച പല പദ്ധതികളും മുരടിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയ അവസ്ഥയിലേക്ക് അധപതിപ്പിച്ച യു.ഡി.എഫിനെ അവരുടെ പോലും പ്രതീക്ഷക്ക് വിരുദ്ധമായി മൃഗീയ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിനെ തൂത്തെറിഞ്ഞു കൊണ്ടാണ് തിരൂരിലെ ജനങ്ങള്‍ ഭരണത്തില്‍ നിലനിര്‍ത്തിച്ചത്. ഇതൊക്കെ തന്നെയാണ് മിക്കയിടത്തും അവസ്ഥ. എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം?
വര്‍ഗീയതയുടെ വിജയം.
യാതൊരു ധാര്‍മികതയുമില്ലാതെ ജാതി-മത-വര്‍ഗീയ പ്രീണനം നടത്തിയാണ് യു.ഡി.എഫ്. ഈ വിജയം നേടിയത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഇടുക്കിയില്‍ ലീഗ് പ്രസിഡണ്ട്‌ തന്നെ സത്യം വിളിച്ചു പറഞ്ഞതും(എസ്.ഡി.പി.ഐ. ബന്ധം) തെരഞ്ഞെടുപ്പിന് ശേഷം പതിനഞ്ചോളം പഞ്ചായത്തുകളില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ്. അധികാരത്തിലേറിയതും ചില ഉദാഹരണങ്ങള്‍ മാത്രം. കോ-ലീ.ബി. ബന്ധം ഏറെക്കുറെ തുറന്ന രീതിയില്‍ തന്നെയായിരുന്നു പലയിടത്തും. തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രരായി ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിച്ച് ഒരിടത്തു ജയിക്കുകയും രണ്ടിടത്തു രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇവിടെയൊക്കെ നൂറില്‍ താഴെ വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു യു.ഡി.എഫ്. അവര്‍ക്ക് നാനൂറിലേറെ വോട്ടുകള്‍ ഉള്ളതായിരുന്നു ഈ വാര്‍ടുകളെല്ലാം. ഇതിനെല്ലാം പുറമേ ജാതിയും മതവും അങ്ങേയറ്റം ജീര്‍ണമായ രീതിയില്‍ ഉപയോഗിച്ചായിരുന്നു അവരുടെ പ്രചാരണവും. ഹരിജനവിഭാഗത്തില്‍ പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറി മത്സരിച്ച തിരൂര്‍ മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ മുസ്ലിം വീടുകളില്‍ അവര്‍ ചോദിച്ചതിങ്ങനെയാണ് -"മയ്യത് കുളിപ്പിക്കാന്‍ ആ ചെറുമന്‍ വരുമോ അതോ നമ്മുടെ സ്ഥാനാര്‍ഥി തങ്ങള്‍ വരുമോ?". പലയിടത്തും ആളെണ്ണം നോട്ടുകെട്ടുകള്‍ നല്‍കിയ ശേഷം ഖുറാനിലും ഗീതയിലും തൊട്ടു വോട്ടു ചെയ്യാമെന്ന് സത്യം ചെയ്യിച്ചു. ഈയുള്ളവന്‍റെ വാര്‍ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മല്‍സരിക്കാതിരിക്കുകയായിരുന്നു. എല്ലാറ്റിനും പുറമേ ഇടയലേഖനവും. അച്ചനും പൂജാരിയും മുസല്യാരും പറഞ്ഞാല്‍ മാത്രം വോട്ടു ചെയ്യുന്ന സംസ്കാരം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കിടയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന യു.ഡി.എഫ്. ഇതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. മതം മാത്രം ആദര്‍ശമായ ബി.ജെ.പി.യെയും കൈ വെട്ടുകാരായ പോപ്പുലര്‍ ഫ്രണ്ടിനെയും പണമാണ് മതം എന്ന് വിശ്വസിക്കുന്ന വിദ്യാഭ്യാസകച്ചവടക്കാരായ അച്ചന്മാരെയും നിശിതമായി വിമര്‍ശിച്ചതിന് സി.പി.എമ്മിന് അവര്‍ തന്ന തിരിച്ചടിയാണ് ഈ തോല്‍വിയെന്കില്‍.... പ്രിയപ്പെട്ട വര്‍ഗീയ വാദികളെ... ഇടതു പക്ഷം അഭിമാനിക്കുന്നു ഈ തോല്‍വിയില്‍.
ഘടകകക്ഷികളും കൊഴിഞ്ഞുപോയവരും.
കേരളത്തിലെ ഏതെന്കിലും മുക്കിലോ മൂലയിലോ ഉള്ള നേരിയ സ്വാധീനത്തിന്‍റെ പേരില്‍ എല്‍.ഡി.എഫില്‍ നിലയുറപ്പിച്ചു അഴിമതിയും സ്വാര്‍ത്ഥതയും മാത്രം കൈമുതലാക്കി സര്‍ക്കാരിന്‍റെയും മുന്നണിയുടെയും പ്രതിച്ഛായ തകര്‍ക്കുകയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റിനായി അവകാശവാദമുന്നയിച്ചു കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുന്ന ചില ഘടകകക്ഷികളെ ചെവിക്കു പിടിച്ചു പുറത്താക്കിയിട്ടുണ്ട് എല്‍.ഡി.എഫ്. പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് ലഭിച്ച അധികാരം നോട്ടിനുണഞ്ഞപ്പോള്‍ ആദര്‍ശം മറന്നുപോയ ചില കുട്ടികളെയും ചെറ്റകളെയും സി.പി.എം. പടിയടച്ചു പിണ്ഡം വെച്ചിട്ടുമുണ്ട്. ഇത്തരം ചവറുകളുടെ സ്ഥിരം സംഗമസ്ഥാനമായ യു.ഡി.എഫില്‍ തന്നെ അവരെല്ലാം അടിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്. ഇത്തരക്കാരുടെ "സ്വാധീനം" ആണ് തോല്‍വിക്കു കാരണം എന്ന് പല മാധ്യമങ്ങളും എഴുതിപ്പിടിച്ചിട്ടുണ്ട്. നടക്കട്ടെ. എത്രകാലം അവര്‍ക്ക് ആ പാളയത്തില്‍ ഇടം കിട്ടുമെന്ന് നോക്കാം. പഞ്ചായത്താകുമ്പോള്‍ അവിടവിടെ കുറച്ചു സീറ്റ് കൊടുത്തു ഒതുക്കാം. നിയമസഭയ്ക്ക് വേണ്ടി കുപ്പായം തയ്ചിരിക്കുന്ന ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍ക്കൊക്കെ വേണ്ടി ഒഴിഞ്ഞു കൊടുക്കുന്നത് കണ്ടിട്ട് ചത്താലും വേണ്ടില്ല. മോന്‍റെ സീറ്റുറപ്പായാല്‍ വീരന്‍റെ വീരസ്യം നില്‍ക്കും. മൂപ്പരെ വിശ്വസിച്ചു കൂടെ പോന്ന മോഹനന്‍റെയും പ്രേംനാഥിന്‍റെയും ഒക്കെ കാര്യമോ? ജോസെഫിനു സീറ്റ് കൂടുതല്‍ കൊടുത്താല്‍ പിള്ളയും ജേക്കബും വെറുതെയിരിക്കുമോ? ഗൗരിയമ്മയാണെങ്കില്‍ ഇപ്പോളെ പോന്ന മട്ടാ. രണ്ടാം കക്ഷിയാകാന്‍ മാണിയും ലീഗും നടത്തുന്ന പങ്കപ്പാട് വേറെ. ഇതിനൊക്കെ ഇടയില്‍ പാവം അലിക്ക് മന്ത്രിയാവാന്‍ സീറ്റ് കിട്ടുമോ ആവോ. കുറെ പണം പൊടിച്ചത് എങ്ങനെ മുതലാക്കും?
ഇതിനിടയില്‍ വേറൊരു കൂട്ടരുണ്ട്. സി.പി.എമ്മിന് ചുവപ്പ് നിറം പോരെന്നു പറഞ്ഞു ചാടിപ്പോയവര്‍. മാര്‍ക്സിസ്റ്റ്‌ - ലെനിനിസ്റ്റ്‌ ശൈലിയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നു എന്നും വലതുപക്ഷ വ്യതിയാനം ഉണ്ടെന്നും പറഞ്ഞു സി.പി.എമ്മില്‍ നിന്ന് പുറത്തു പോയവരും പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് ഇടതുപക്ഷ ഏകോപന സമിതി ഉണ്ടാക്കി മത്സരിച്ചു. സി.പി.എമ്മിനെ ആ സ്ഥലങ്ങളിലൊക്കെ തോല്‍പ്പിക്കുക എന്ന അവരുടെ ആഗ്രഹം ഒരു പരിധി വരെ നടന്നു. പക്ഷെ അതോടൊപ്പം ഒന്ന് കൂടി കണ്ടു... അവരുടെ യഥാര്‍ത്ഥ വ്യതിയാനം. വലതുപക്ഷ വ്യതിയാനം കുറ്റമായി കണ്ടു സി.പി.എമ്മില്‍ നിന്ന് പുറത്തു പോയവര്‍ യഥാര്‍ത്ഥ വലതുപക്ഷമായ യു.ഡി.എഫിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മല്‍സരിച്ചത്... ഇപ്പോള്‍ ഭരിക്കുന്നതും.  എന്തായാലും ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകള്‍ എവിടെയും കിട്ടിയിട്ടില്ല. ആദര്‍ശം മാത്രമാണ് ലക്ഷ്യമെന്കില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചു കിട്ടിയ ഉള്ള സീറ്റുകളും കെട്ടിപ്പിടിച്ചു അവിടിരുന്നാല്‍ പോരെ? കോണ്ഗ്രെസ്സിനും ലീഗിനും ചിലയിടത്ത് ബി.ജെ.പിക്കും ഒപ്പം ഭരണം കയ്യാളണോ? ഒഞ്ചിയത്തെ കാര്യമാണ് തമാശ. ജനതാദള്ളിനു പ്രസിഡണ്ട്‌ സ്ഥാനം കൊടുക്കാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് അവിടെ കുറേപ്പേര്‍ സി.പി.എം. വിട്ടത്. സ്വന്തം പാര്‍ട്ടിക്കാരെ വെറുപ്പിച്ചു പോലും പ്രസിഡണ്ട്‌ സ്ഥാനം കൊടുത്ത സി.പി.എമ്മിന്റെ മുന്നണി മര്യാദയൊന്നും സ്വന്തം സീറ്റ് കിട്ടാതായപ്പോള്‍ ജനതാദള്‍ നേതാവ് ഓര്‍ത്തില്ല. ജനതാദള്‍ വിരുദ്ധരായി സി.പി.എം വിട്ടവരും എല്‍.ഡി.എഫ്. വിട്ട ജനതാദളും ഇപ്പോള്‍ ഒറ്റക്കെട്ടായി സി.പി.എമ്മിനെതിരെ മത്സരിക്കുന്നു. എന്തൊരു ആദര്‍ശരാഷ്ട്രീയം. എന്തൊരു മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ കാഴ്ചപ്പാട്?
ദീപസ്തംഭം മഹാശ്ചര്യം...
ഏതു പണപ്പെരുപ്പം വന്നാലും ഇന്ത്യന്‍ കറന്സിക്ക് മൂല്യമുണ്ടെന്നു തെളിയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ഒരു ജ്വല്ലറി മുതലാളി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാര്‍ഡില്‍ മൂവായിരം രൂപയായിരുന്നത്രേ ഒരു വോട്ടിന്‍റെ വില. ഒരു വാര്‍ഡില്‍ രാത്രിയില്‍ പണവുമായി വന്ന സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള യു.ഡി.എഫുകാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. എന്തായാലും പണം വാങ്ങിയവര്‍ ആ നോട്ടുകള്‍ ഒന്ന് സൂക്ഷിച്ചു പരിശോധിക്കുന്നത് നന്ന്. പിടിയിലാകുന്നതിനു മുന്‍പും റവുഫ് കുറെ നോട്ടൊക്കെ കൊണ്ട് വന്നിട്ടുണ്ടാകില്ലേ? ഇരുട്ടിന്റെ മറവില്‍ വീടിലെതുന്ന നോട്ടുകെട്ടുകളുടെ കനം മാത്രം നോക്കി വോട്ടു ചെയ്യുന്ന വോട്ടര്‍മാര്‍ പണം ഉണ്ടാക്കാനുള്ള ചാകരക്കാലമായി തെരഞ്ഞെടുപ്പിനെ കണ്ടുതുടങ്ങിയാല്‍ ഇന്ത്യന്‍ ജനാധിപത്യം സമീപ ഭാവിയില്‍  സെപ്ടിക് ടാങ്കില്‍ വീണു കൈകാലിട്ടടിക്കാനാണ് പോകുന്നത്?
നാളെയിലേക്ക്...
ഈ കാരണങ്ങള്‍ എല്ലാമുണ്ടെങ്കിലും ഇടതുപക്ഷത്തിനും ചില വീഴ്ചകള്‍ പറ്റിയിട്ടുള്ളത് തിരിച്ചറിഞ്ഞു തിരുത്താന്‍ എല്‍.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും തയ്യാറാകണം. അധികാരം കിട്ടുമ്പോള്‍ വന്ന വഴി മറക്കുന്നതും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതും ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും നിര്‍ത്തുക തന്നെ വേണം. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങുന്നത് കുറയുന്നതും അവരോടുള്ള അടുപ്പം ഇല്ലാതാകുന്നതുമാണ് മുഖ്യധാരാമാധ്യമങ്ങളില്‍ വരുന്ന കള്ളക്കഥകള്‍ ജനങ്ങള്‍ വിശ്വസിച്ചു ഇടതുവിരുദ്ധരായി മാറാന്‍ കാരണം. തമ്മിലടി നിര്‍ത്തി വികസനം നടത്തിയത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാകണം. എങ്കില്‍ മാത്രമെ ചപ്പും ചവറും ഒരു പരിധി വരെ നീക്കി ശുദ്ധീകരിച്ച മുന്നണിയും പാര്‍ട്ടിയും ഉള്ളതിന്റെ ഗുണഫലം ലഭ്യമാക്കാനും ഇന്നത്തെ സര്‍ക്കാര്‍ തുടങ്ങി വെച്ച പുരോഗമനാത്മകമായ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഉതകുന്ന രീതിയില്‍ വീണ്ടും കേരളത്തില്‍ ഒരു ഇടതു പക്ഷ ഭരണം സ്ഥാപിക്കാനും കഴിയൂ.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം