ഈയുള്ളവന്റെ സുഹൃത്തായ ഒരു വനിതാ ഡോക്ടര്‍ ഇന്നലെ ഫെസ്ബുക്കീലെ ഞങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഇട്ട പോസ്ടാണിത്... എന്താണിതിന്റെ അര്‍ഥം? തിയറ്റര്‍ ജീവനക്കാര്‍ തന്നെ പുതിയ ചിത്രങ്ങളെ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്നോ? സ്ഥിരം നായകരുടെ സ്ഥിരം ഫോര്‍മുലകളിലുള്ള ചിത്രങ്ങള്‍ മാത്രമേ കാണാവൂ എന്ന ഒരു ചലച്ചിത്ര സംസ്കാരം ഇവിടെ ഊട്ടിയുറപ്പിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണോ നാം മനസ്സിലാക്കേണ്ടത്? സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ പലതും വിജയക്കൊടി പാറിക്കുമ്പോള്‍ (പതിരുകളും തരം താണ അനുകരണങ്ങളും ഇല്ലെന്നല്ല) കൊട്ടിഘോഷിച്ചു വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്ന ദയനീയ കാഴ്ചയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണോ ഇത്?
ഒരിക്കലെങ്കിലും മനസ്സിലെങ്കിലും തെറി പറയാത്തവര്‍ അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല. പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ആളുടെ സാംസ്കാരിക നിലവാരത്തിനും സാഹചര്യത്തിനും അനുസരിച്ച് "ഡോസില്‍ " അല്‍പ്പം മാറ്റം വന്നെന്നു വരാം. സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അന്യായം നടക്കുമ്പോഴും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാനെങ്കിലും മനസ്സില്‍ രണ്ടു തെറി പറഞ്ഞെന്നു വരാം. പറയാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും പറയുന്നവരെ "തറ" ആയി ചിത്രീകരിച്ചെന്ന് വരാം. അതുപോലെ ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സിനിമയിൽ കാണുമ്പോൾ അശ്ളീലം ആകുന്നതു മലയാളിയുടെ കപടസദാചാരത്തിന്റെ ലക്ഷണം മാത്രമാണ് .
സുരേഷ് ഗോപി പറഞ്ഞതിന് ശേഷം അമേദ്യം നമുക്കൊരു അശ്ളീലമല്ലാതെയായല്ലോ.. ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ട് ഷിറ്റും അശ്ളീലമല്ല. ഇത്തരത്തില്‍ സൂപ്പർ താരങ്ങളോടുള്ള അന്ധമായ ആരാധനയുടെ ഫലമായി മലയാളി പല തെറികളും അശ്ലീല നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ അതെല്ലാം തന്നെ മലയാളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന് ആരൊക്കെയോ പേരിട്ട ചിത്രങ്ങളില്‍ കാണുമ്പോള്‍ അവനു അരോചകവും കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്തതും ആകുന്നു.സില്‍ക്കും അനുരാധയും മറ്റും രംഗമൊഴിയുന്നതിനു മുന്‍പ് അന്നത്തെ കുടുംബങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിരുന്ന ചിത്രങ്ങളില്‍ കഥ യാതൊരു തരത്തിലും ആവശ്യപ്പെടാതെ തന്നെ കുത്തിനിറച്ചിരുന്ന കാബറെ ഡാന്‍സ് ഇന്നത്തെ ചിത്രങ്ങളില്‍ കാണാറില്ലല്ലോ? (ഐറ്റം നമ്പര്‍ എന്ന് പേര് മാറ്റി അവ കാണിക്കാറുണ്ടെങ്കില്‍ തന്നെ അത് സൂപ്പര്‍താര കുടുംബ ചിത്രങ്ങളില്‍ മാത്രമാണ്. അവയൊന്നും കുടുംബമായി കാണരുതെന്ന് ഒരു തിയറ്റര്‍കാരും സാരോപദേശം കൊടുക്കുന്നതായി അറിഞ്ഞില്ല.)
മോഹൻലാൽ നിരവധി മീശപിരി ചിത്രങ്ങളിൽ പറയുന്ന സന്ദർഭം ആവശ്യപ്പെടാത്ത അശ്ളീല വാക്കുകൾ മലയാളിക്ക് പ്രശ്നമില്ല... ഉദാഹരണം :"ഗാപ്പ്" - താണ്ഡവത്തിൽ, രതീഷിന്റെ കഥാപാത്രത്തെ "എം.പി." എന്നതിനു "മ.പു".എന്നു ഇനീഷ്യൽ വിളിക്കുന്നത് - രാവണപ്രഭുവിൽ, നരസിംഹത്തിലെ "ഡ്രൈവിങ് സ്കൂൾ" എന്ന പ്രയോഗം... എന്തിനധികം? റൺ ബേബി റണ്ണിൽ "അമ്മിഞ്ഞ തട്ടരുത്" എന്നു പറയുന്നത്.... ഇങ്ങനെ നിരവധി സന്ദർഭങ്ങൾ. ഇതെല്ലാം കാണുമ്പോള്‍ ആരാധകര്‍ കയ്യടിക്കും, വിസിലടിക്കും... മോഹന്ലാലിനൊക്കെ എന്തും പറയാമല്ലോ.. സൂപ്പര്‍ താരമല്ലേ?
പിന്നെ ദിലീപ് നായകനായ നിരവധി ചിത്രങളിൽ നായകനും നായകന്റെ കൂട്ടുകാരനായി വരുന്ന സലിം കുമാറിനെ പോലുള്ള നിരവധി ഉപഗ്രഹങ്ങളും നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ കുട്ടികൾക്കൊപ്പം ആർത്തു ചിരിച്ചു ആസ്വദിക്കുന്നു മലയാളി. മിസ്ടര്‍ മരുമകനും മായാമോഹിനിയുമൊക്കെ തകര്‍ത്തോടുന്നു... അതിലെയെല്ലാം സംഭാഷണങ്ങള്‍ നമുക്ക് അശ്ളീലമല്ല, വെറും തമാശ മാത്രം.
എങ്കില്‍ പിന്നെ ന്യൂ ജനറേഷൻ എന്നു പറയപ്പെടുന്ന, ഇന്നത്തെ വ്യവസ്ഥാപിതമായ ശൈലിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സംഭാഷണവും അവതരണ രീതിയും ഉള്ള വ്യത്യസ്ഥമായ ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന പച്ചയായ ജീവിതം, കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ എന്തിനാണീ ചൊറിചിൽ? തേന്മാവിൻ കൊമ്പത്തിൽ ശ്രീനിവാസനും കല്യാണരാമനിൽ സലിം കുമാറും പറഞ്ഞ ശരീരഭാഗത്തിന്റെ പേർ ട്രിവാൻഡ്രം ലോഡ്ജിൽ ജയസൂര്യ ഒരു പെണ്ണിനെ നോക്കി പറഞ്ഞാൽ എന്താണു പ്രശ്നം? ആര്‍ക്കാണ് പ്രശ്നം?
വാല്‍ : എന്തായാലും കുടുംബസദസ്സുകളില്‍ തകര്‍ത്തോടുന്ന കണ്ണീര്‍ പരമ്പരകളില്‍ വരുന്നത്രയും അവിഹിത ഗര്‍ഭങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഉണ്ടെന്നു തോന്നുന്നില്ല.