ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 22, 2010

വേറിട്ട്‌ നടന്ന കവി ഇനി ഓര്‍മ്മ

എങ്ങു നിന്നോ പറന്നു വന്ന ഒരു കരിയില പോലെ നീങ്ങിയ ആ ജീവിതത്തിന്റെ ഒഴുക്ക് നിലച്ചു....

കവി എ.അയ്യപ്പന്‍ നമ്മെ വിട്ടു പോയി.

തെരുവോരത്തെ കടത്തിണ്ണയിലെ ഏകാന്തമായ നിമിഷങ്ങളില്‍ മനസ്സിലേക്ക് വിശപ്പിനൊപ്പം കടന്നെത്തുന്ന അക്ഷരക്കൂട്ടത്തിനും കവിതയായി വിടരാം  എന്നു മലയാളിയെ പഠിപ്പിച്ച കവി...
പക്ഷെ അവ വെറും അക്ഷരങ്ങളായിരുന്നില്ല...
അവയില്‍ നിറഞ്ഞത് അഗ്നിയായിരുന്നു.
ആരോ വരച്ചിട്ട കളത്തിനുള്ളില്‍ നിന്ന് അക്ഷരങ്ങള്‍ ചിട്ടയായി നിരത്തിവെച്ച് കാട്ടിക്കൂട്ടുന്ന ദന്തഗോപുര നിവാസികളായ കവിപുംഗവന്മാരുടെ സര്‍ക്കസ്സായിരുന്നില്ല ആ കവിത...
വൃത്തവും അലങ്കാരവും കൊണ്ട് മിനുസപ്പെടുത്തിയതല്ല, മനസ്സിലേക്ക് തറക്കുന്ന വാക്കുകളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതായിരുന്നു ആ കവിത.
ഒടുവില്‍ ആ ജീവിതത്തിന്...
ആ കവിതയ്ക്ക്...
ഒരിക്കലും നിലക്കാത്ത അര്‍ത്ഥവ്യാപ്തി കൊടുക്കുന്നതായി ആ മരണവും.
രാവിന്റെ ഏതോ യാമത്തില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും അനശ്വരതയിലേക്ക് ഒഴുകിയിറങ്ങിയ പഴയ കൂട്ടുകാരന്‍ ജോണിനെ പോലെ.
മാനവജീവിതത്തിന്റെ നശ്വരത...
അംഗീകാരങ്ങളുടെ വ്യര്‍ഥത...
തിരിച്ചറിയപ്പെടാതെ പോകുന്ന മനുഷ്യന്റെ വേദന...
എല്ലാം വെളിവാക്കി ആരാലും തിരിച്ചറിയപ്പെടാതെ ആ കവി വഴിയരികിലും മോര്‍ച്ചറിയിലും കിടന്നു...
നിലച്ചുപോയ ശ്വാസം ബാക്കിവെച്ചു പോകുന്നത് ഇനിയും കോറിയിടാന്‍ അവശേഷിക്കുന്ന ജ്വലിക്കുന്ന കവിതകളാണെന്നു മലയാളിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്...
അദ്ദേഹത്തിനു സമ്മാനിക്കാന്‍ മാറ്റിവെച്ച ആശാന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ അദ്ദേഹമിനിയില്ലെങ്കിലും,
തന്നെ അതിലും എത്രയോ ഉയരങ്ങളിലെത്തിക്കുന്ന അംഗീകാരം അദ്ദേഹം ജനഹൃദയങ്ങളില്‍ നേടിയെടുത്തിരുന്നു...
തന്റെ കവിതകള്‍ സൃഷ്ടിച്ച അഗ്നിസ്ഫുലിംഗങ്ങള്‍ കൊണ്ട്...
തന്റെ ഒരു കവിതയില്‍ അദ്ദേഹം നമുക്കായി നല്‍കിയ രഹസ്യം അവിടെയുണ്ടാകുമോ? തന്റെ ഹൃദയത്തിന്റെ സ്ഥാനത്തെ ആ പൂവ്?

September 29, 2010

ഹിന്ദു ദൈവവും മുസ്ലിം ദൈവവും

ഇനിയെങ്കിലും ഒരു അവസാനമുണ്ടാകുമോ മതഭ്രാന്തന്മാരുടെ വിവരക്കേടിന്? സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് തന്നെ ഇന്ത്യയുടെ മതേതരമനസ്സിനും അഖണ്ഡതക്കും ഭീഷണിയായിരുന്നു ആ ആരാധനാലയത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവകാശ വാദങ്ങളും. ഏറെക്കാലമായി പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കറുത്ത ഡിസംബര്‍ ആറിന് രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ മൂര്‍ധന്യാവസ്ഥയിലെത്തി. അന്ന് ആ കാവിയുടുത്ത  പിശാചുക്കള്‍ തകര്‍ത്തത് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാത്രമല്ല ഭാരതം അന്നോളം കാത്തു സൂക്ഷിച്ച മതേതര നിലപാട് കൂടിയായിരുന്നു. രഥയാത്രയും കര്സേവയും ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചെങ്കിലും തുടര്‍ന്ന് തുടര്‍ച്ചയായുണ്ടായ മത സംഘട്ടനങ്ങളില്‍ നീറുകയായിരുന്നു ഇന്ത്യ. അതുവരെ തികഞ്ഞ മതേതര നിലപാട് പുലര്‍ത്തിയ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ മുതലെടുത്തു മുസ്ലിം സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശത്രു രാജ്യത്തെ ഭീകരസംഘടനകളുടെ പിണിയാളുകളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദസംഘടനകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയില്‍ അതുവരെ ഉണ്ടായതിന്റെ എത്രയോ ഇരട്ടി വര്‍ഗീയലഹളകള്‍ അതിനു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്നു. എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡിയെ പോലുള്ള നരാധമന്മാര്‍ അഴിഞ്ഞാടി. ശക്തി പ്രാപിച്ച മുസ്ലിം തീവ്രവാദം മതേതര കാഴ്ചപ്പാട് വെച്ച് പുലര്‍ത്തിയ നിരവധി ഹിന്ദുക്കളുടെ മനസ്സില്‍ ആ സമുദായത്തോടുള്ള വിദ്വേഷമായി രൂപം പ്രാപിച്ചു. ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ മിക്കവരും വര്‍ഗീയചിന്താഗതിയാണ് വെച്ചുപുലര്‍ത്തുന്നത്...മനസ്സുകൊണ്ടെങ്കിലും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ എന്ന ചിന്ത ഞാന്‍, എന്റെ സമുദായം എന്ന ചിന്തയിലേക്ക് എത്തിച്ച സംഘപരിവാറിനും മുസ്ലിം തീവ്രവാദികള്‍ക്കും കാലം മാപ്പ് നല്കാതിരിക്കട്ടെ.
അയോധ്യയിലെ വിവാദഭൂമി ആര്‍ക്കു അവകാശപ്പെട്ടതാണെന്ന അന്വേഷണത്തിനായി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ഒടുവില്‍ വിധി വരാന്‍ പോകുന്നു... ഇന്ന് 3.30-ന്(അതും വീണ്ടും മാറ്റിവെച്ചില്ലെങ്കില്‍). ഏതു വിഭാഗത്തിന് കിട്ടിയാലും ഒന്നുറപ്പാണ്... ഇത്രയും ചോരപ്പുഴ ഒഴുക്കാനും മനസ്സുകളെ വേര്‍പ്പെടുത്താനും ഇടയാക്കിയ ആ ഭൂമി... ആ ആരാധനാലയം ഇനി അതിന്റെ അവകാശികളാകാന്‍ പോകുന്നവര്‍ക്ക് വെറും മണ്ണിന്റെ ഉപയോഗം മാത്രമേ നല്‍കൂ. ദൈവം യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ തമ്മിലടിച്ചു നശിക്കുന്നത് കാണാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ലെന്നുറപ്പാണ്‌. അതുകൊണ്ട് രാമജന്മഭൂമിയിലെ ഹിന്ദുദൈവവും ബാബരി മസ്ജിദിലെ മുസ്ലിം ദൈവവും എന്നോ അവിടം ഒഴിഞ്ഞു പോയിട്ടുണ്ടാകും. ദൈവിക സാന്നിധ്യമില്ലാത്ത ആ മണ്ണ് എല്ലാ ആരാധനാലയങ്ങളെയും പോലെ ഒരു ബിസിനസ് കേന്ദ്രമായി ഉപയോഗിക്കാം... മതത്തെയും ദൈവത്തെയും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തി കീശവീര്‍പ്പിക്കുന്ന മതമേലാളന്മാരുടെ ബിസിനസ് കേന്ദ്രം. അതാണല്ലോ അവര്‍ക്കെല്ലാം വേണ്ടതും.
ഇന്ന് രാജ്യമെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ്. ഈ വിധിയുടെ പേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചാല്‍ ഭാരതം ഇനിയും കൂടുതല്‍ നാശങ്ങളിലേക്ക് പതിക്കും. അത് സംഭവിക്കാതിരിക്കാന്‍ മതത്തിനുപരിയായി മനുഷ്യനെ കാണാന്‍ കഴിവുള്ള മനസ്സുള്ള ഓരോ ഭാരതീയനും ഒത്തൊരുമിച്ചു ശ്രമിക്കുക... ജയ് ഹിന്ദ്‌.

September 18, 2010

ചാലക്കുടീനെ ഞമ്മള് തോല്‍പ്പിച്ചാ...

ഈ ചാലക്കുടിക്കാര്‍ക്കും കരുനാഗപ്പള്ളിക്കാര്‍ക്കും ഒക്കെ  ഒരു ബിചാരണ്ട്... ഓരിക്ക്  മാത്രെ ഇതൊക്കെ പറ്റൂ എന്ന്. പക്ഷേങ്കില് ഞമ്മടെ തിരൂരിനോട് കളിക്കാന്‍ ഓനൊന്നും ബളര്‍ന്നിട്ടില്ല. ഓണത്തിന്ടന്നു ഞമ്മള് കൊറച്ചു പിന്നോട്ട് നിന്നൂന്നുള്ളത് കണ്ടു ഓരങ്ങനെ ശുജായോളാവണ്ട. നോമ്പ്കാലായോണ്ട് ഞമ്മള് തല്‍ക്കാലത്തേക്ക് കുടി നിര്തീന്നു ബെച്ചു എന്നും അങ്ങനെയാവാനായിട്ടു ഞമ്മള് ബേറെ ജനിക്കണം. പെരുന്നാളിന് ഞമ്മളെ കുട്ട്യോള് ബെള്ളം ബിക്കണ(ഞമ്മടെ ബിവറേജ്) കടെന്റെ മുന്നില് ക്യൂ നിക്കണ കണ്ടപ്പോ ഞമ്മടെ മേത്തുണ്ടായ ഒരു രോമാഞ്ചണ്ടല്ലാ... ഹോ ഇപ്പളും പോയിട്ടില്ല... 
പെരുന്നാള് കയിഞ്ഞിട്ടു ഇപ്പൊ പെരുത്ത് നാളായി... അയിന്റെ എടേല്  കള്ള്കുടിച്ച്  കൊറേപ്പേര് മയ്യതായീന്നു  കണ്ടീരുന്നു. ഞമ്മടെ നാട്ടിലെ കള്ളുഷാപ്പ്‌ ഞമ്മടെ പുള്ളര് നെരപ്പാക്കീപ്പോ ഞമ്മള് പോയീരുന്നു. അയിന്റെ പോട്ടോയും ബാര്‍തീം ടീവീലും പെപ്പരിലുമൊക്കെ ബന്നത് ഞമ്മള് കണ്ട്. പക്കേങ്കില് ഇപ്പളും ഒരു കാര്യം ഞമ്മള്‍ക്ക് തിരിഞ്ഞിട്ടില്ല... ഓണത്തിന്റെ ശീനം ഞമ്മടെ പുള്ളര് പെരുന്നാളിന് തീര്തിക്കനാ? ആരിക്കാ കപ്പ്? ഞമ്മടെ തിരൂര് ആ അചായംമാരടെ ചാലക്കുടീനേം മറ്റേ പള്ളീനീം തോല്പ്പിചീനാ... ആരെങ്കിലും ഒന്ന് പറഞ്ഞു തരീം... പറീന്നോര്‍ക്ക് ഞമ്മടെ ബക സ്പീഡ്‌ ഫ്രീ... പുടി കിട്ടീലാ? ഞമ്മടെ നാട്ടില് പൊളിച്ച ഷാപ്പിലെ സ്പെശലാ... പെരുന്നാളിന്റെ സ്പെശല്(ആരും കാണാതെ ഞമ്മളിത്തിരി പൊരീല് കൊണ്ട് ബെച്ചിട്ടിണ്ട്)... കുടിക്കുന്നോര്‍ക്ക് ഞമ്മടെ സര്‍ക്കാരിന്റെ സമ്മാനം... അഞ്ചു ലഷ്ഷം... ഒന്ന് പറഞ്ഞുതരീം...

September 09, 2010

ഈദ്‌ മുബാറക്ക്‌

ഒരു മാസത്തെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ബാക്കിപത്രമായി വീണ്ടും ഒരു പെരുന്നാള്‍ കൂടി വന്നെത്തുന്നു. ഏതു മതമായാലും മനുഷ്യനെ സ്നേഹിക്കാനും സഹജീവികളോട് കരുണ കാണിക്കാനും മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്. പലരുടെയും സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി ആ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ആ ഉദ്ദേശ്യശുദ്ധി എവിടെയോ നഷ്ടമാകുന്നു. സ്വന്തം മതത്തെ സ്നേഹിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അമിതമാകുമ്പോള്‍ അന്യമതങ്ങളെ ദ്രോഹിക്കാനുള്ളതാകുന്നു. ദൈവത്തിനു മുകളിലായി മതത്തെ പ്രതിഷ്ടിക്കാതിരിക്കുക. എല്ലാറ്റിനുമുപരി മനുഷ്യനെ സ്നേഹിക്കുക. പാപക്കറകള്‍ കഴുകിക്കളഞ്ഞു പരിശുദ്ധിയുടെ പാതയിലേക്ക് നടത്തിയ പ്രയാണം പെരുന്നാള്‍ ദിവസം ബിവറേജസിനു മുന്നിലെ ക്യൂവില്‍ ഉരുക്കിക്കളയാതിരിക്കുക... പെരുന്നാള്‍ ആശംസകള്‍

September 06, 2010

കിന്നാരത്തുമ്പികള്‍ (സെക്കന്റ്ഷോ ചരിതം-3)


ഏറെ കാലത്തിനു ശേഷം ആദ്യമായാണ്‌ നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളെ ഇത്രയും സന്തോഷത്തോടെ ഞങ്ങളെല്ലാം കാണുന്നത്. സില്ക്ക് ‌ആത്മഹത്യ ചെയ്ത ശേഷം മുഴുനീള നീലപ്പടങ്ങളൊന്നും മലയാളത്തില്‍ ക്ലച്ചു പിടിക്കാത്തതിന്റെ മനോവ്യഥ തീര്‍ക്കാന്‍ നൂന്‍ ഷോകള്‍ വിടാതെ കാണുകയും ഒരു തുണ്ട് പോലുമില്ലെന്ന നിരാശയോടെ തിരിച്ചെത്തി നല്ല പടങ്ങള്‍ ഇറക്കാത്ത സംവിധായകരോടുള്ള പ്രതിഷേധം ഉദ്ഘോഷിച്ച് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു രണ്ടു പേരും. രണ്ടു പേരും ഇന്ന് ഏറെ രോഗികളുള്ള തിരക്കുള്ള ഡോക്ടര്മാരായത് കൊണ്ട് പേര് പറയാന്‍ നിര്‍വാഹമില്ല...വേണമെങ്കില്‍ പാച്ചുവും കോവാലനും എന്ന് വിളിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു പേര്‍ക്കും ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ പ്രസംഗമൊക്കെ ഞങ്ങള്‍ ചില അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഉള്ളൂ. കാരണം രണ്ടു പേരും സ്വന്തം പ്രതിച്ഛായക്ക് പരിധിയില്‍ കവിഞ്ഞ പ്രാധാന്യം കല്‍പ്പിക്കുന്നവരായിരുന്നു... പ്രത്യേകിച്ചും കോളേജിലെ തരുണീമണികളുടെ മുന്നില്‍. തങ്ങളുടെ വീരകൃത്യങ്ങളൊന്നും പെമ്പിള്ളേര്‍ അറിയരുതെന്ന് രണ്ടു പേര്‍ക്കും വലിയ നിര്‍ബന്ധമാണ്. പക്ഷെ ഏതെങ്കിലും പെമ്പിള്ളേര്‍ മുന്നില്‍ വന്നു പെട്ടാല്‍ അവര്‍ എല്ലാം മറന്നു ഒലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. അഞ്ചു മിനിട്ട് തികച്ചു കത്തി വെക്കുമ്പോള്‍ തന്നെ പ്രതിച്ഛായ എത്തെണ്ടിടത്തെത്തിയിട്ടുണ്ടാകും.
പെമ്പിള്ളേരെ കണ്ടാല്‍ പരിസരം മറക്കുന്ന സ്വഭാവം ഏറ്റവും വലിയ പാരയായത് ഒരു സിനിമായാത്രയില്‍ തന്നെയായിരുന്നു. നമ്മുടെ നായകന്മാര്‍ കോഴിക്കോട് നഗരത്തിലെ തീയറ്ററില്‍ ക്യൂ നില്ക്കു കയാണ്. (ബ്ലൂഡയമണ്ടോ കൊറോണെഷനോ എന്നോര്മ്മയില്ല, പോയത് ഞാനല്ലല്ലോ). പടമേതെന്നോ? സാക്ഷാല്‍ കാമസൂത്ര! ഗംഭീര തിരക്കായത് കൊണ്ട് റോഡിലായിരുന്നു ക്യൂ. രണ്ടുപേരും വളരെ വിദഗ്ധമായി മുഖം മതിലിനു നേരെ തിരിച്ചു നില്‍ക്കുകയാണ്. ഒരേ നില്പ്പില്‍ നിന്ന് കാലു കഴച്ചപ്പോള്‍ പാച്ചു ഒന്ന് അനങ്ങി. അറിയാതെ റോഡിലേക്കൊന്നു കണ്ണ് പോയപ്പോഴാണ് ആ കാഴ്ച കണ്ടത്... തന്റെ വീക്നെസ് ആയ മൂന്നു ജൂനിയര്‍ പെമ്പിള്ളേരുണ്ട് നടന്നു വരുന്നു.(തെറ്റിദ്ധരിക്കണ്ട, ഒന്നെങ്കിലും കൊളുത്തിയാലോ എന്ന് കരുതി മൂന്നു പേര്ക്കും കക്ഷി ചൂണ്ട ഇട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു.) കണ്ട പാതി, കാണാത്ത പാതി മൂപ്പരുണ്ട് കൈ പൊക്കി ഒറ്റ അലര്ച്ച ... "ഹായ്". കൊച്ചുങ്ങള്‍ തിരിച്ചു "ഹായ്" പറഞ്ഞ ശേഷമാണ് മുകളിലെ പോസ്ട്ടറിലേക്ക് നോക്കിയത്. "ഹായ്" "അയ്യേ" ആയി മാറാന്‍ അധികം സമയമെടുത്തില്ല. മൂന്നു പേരും പെട്ടെന്ന് ഓടി രക്ഷപ്പെട്ടു.
അതോടെ പ്രതിച്ഛായ തകര്ന്ന രണ്ടു പേരും വീണ്ടും ട്രാക്കില്‍ കയറിയത് അടുത്ത ജൂനിയര്‍ ബാച് വന്നതോടെയാണ്. വീണ്ടും പഞ്ചാരയും ചൂണ്ടയുമായി രണ്ടു പേരും കറങ്ങിത്തുടങ്ങിയപ്പോളാണ് മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ആ ചിത്രം റിലീസ്‌ ചെയ്യുന്നത്... "കിന്നാരത്തുമ്പികള്‍". പിന്നീട് രണ്ടു മൂന്നു വര്‍ഷത്തേക്ക് ഒരു പാട് ബി-സി ക്ലാസ്‌ തീയറ്റെറുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ തരംഗത്തിന് നാന്ദി കുറിച്ച ഷക്കീലചിത്രം. പടത്തെ കുറിച്ച് കേട്ട് പാച്ചുവും കോവാലനും സന്തോഷത്താല്‍ മതിമറന്ന് എപ്പോള്‍ പോകണം എന്ന് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. എന്തായാലും ടൌണിലെ തീയറ്ററില്‍ പോകേണ്ടെന്നു "കാമസൂത്ര" അനുഭവം കൊണ്ട് തന്നെ രണ്ടു പേരും ഉറപ്പിച്ചിരുന്നു. അത് കൊണ്ട് ഇത്തരം പടങ്ങള്ക്ക് പ്രശസ്തമായ എലത്തൂര്‍ രാജീവില്‍ പോകാമെന്നുറപ്പിച്ചു. ആരും കാണാതിരിക്കാന്‍ സെക്കന്റ് ഷോക്ക് പോകാനായിരുന്നു തീരുമാനം. അവസാനത്തെ സിറ്റി ബസ്സില്‍ കയറിയപ്പോള്‍ പാച്ചുവിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. "എടാ, എലതൂര്‍ക്കു  ടിക്കറ്റെടുത്താല്‍ ആളുകള്‍ സംശയിക്കും. നമുക്ക് തൊട്ടിപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങി നടക്കാം." കോവാലന്‍ സമ്മതിച്ചു. എലതൂര്‍ക്കു പോകുന്നവരെല്ലാം രാജീവിലേക്കല്ലെന്നു കക്ഷിക്ക് പെട്ടെന്ന് കത്തിയില്ല. വീണ്ടും ഒരു സംശയം. രാജീവിന്റെ സ്റ്റോപ്പ്‌ ഏതാണ്? രണ്ടുപേരും ആദ്യമായിട്ടായിരുന്നു ആ വഴിക്ക്. അവസാനം രണ്ടും കല്പ്പിച്ചു കോവാലന്‍ കണ്ടക്ടരോട് പറഞ്ഞു..."ചേട്ടാ, രാജീവിന്റെ മുന്‍പത്തെ സ്റ്റോപ്പ്‌ എത്തിയാല്‍ പറയണേ". പാച്ചു ഉടനെ നിഷ്കളങ്കമായി കൂട്ടിച്ചേര്ത്തു ..."ഞങ്ങള്‍ രാജീവിലേക്കല്ല കേട്ടോ...".കണ്ടക്ടര്‍ ഒരു കള്ളച്ചിരിയോടെ തലകുലുക്കി.
സ്റ്റോപ്പ്‌ എത്തിയപ്പോള്‍ കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു..."ആ രാജീവിന്റെ മുന്‍പത്തെ സ്റോപ്പ് ചോദിച്ചവര്‍ ഇറങ്ങിക്കോ". എല്ലാവരും നോക്കുന്നതിനിടെ രണ്ടു പേരും പെട്ടെന്ന് ചാടിയിറങ്ങി. ഉടനെയുണ്ട്‌ കണ്ടക്ടര്‍ ചേട്ടന്റെ അടുത്ത ഡയലോഗ്... "പെട്ടെന്ന് നടന്നോ... ടിക്കറ്റ് തീരും". ബസ്സില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി. കുറച്ചു നടന്നിട്ടും തീയേറ്റര്‍ കാണാഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചു ആരോടെങ്കിലും വഴി ചോദിക്കാന്‍ തീരുമാനിച്ചു രണ്ടു പേരും. ഒരു കടയില്‍ നിന്നും സാധനം വാങ്ങി റോഡരികില്‍ നിര്ത്തിയിട്ട കാറിനരികിലേക്ക് നടന്നു വരുന്ന പയ്യനോട് പാച്ചു വഴി ചോദിച്ചു. മറുപടി കേട്ട് പെട്ടെന്ന് നടന്നു തുടങ്ങിയപ്പോഴാണ് കോവാലന്‍ കണ്ടത്... കാറിന്റെ സൈഡ് സീറ്റില്‍ തങ്ങളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു രണ്ടു പേര്ക്കും തിരിച്ചും തികച്ചും സുപരിചിതനായ സര്‍ജറി സാര്‍!!!
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം