ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 15, 2010

സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകള്‍

ദരിദ്ര നാരായണന്മാരായ പൊതുജനമെന്ന കഴുതകളെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വശംവദരാക്കിയും കൊന്നും കൊലവിളിച്ചും വിജയിച്ചു വരുന്ന, രാജ്യത്തെയും(?) സ്വന്തം കീശയെയും സേവിക്കാന്‍ തയ്യാറുള്ള ജനാധിപത്യത്തിന്‍റെ കാവല്ഭടന്മാര്‍ ആസ്വദിക്കട്ടെ ഈ സ്വാതന്ത്ര്യം...
ഗര്‍ഭസ്ഥ ശിശുവിനെ ത്രിശൂലത്തില്‍ കോര്‍ത്ത്‌ ഓംകാരം മുഴക്കുന്ന, ശത്രുരാജ്യത്തിന്‍റെ എച്ചില്‍ തിന്നു മാതൃരാജ്യത്തിനു നേരെ വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുന്ന, പണക്കിഴിയുടെ കിലുക്കത്തില്‍ കണ്ണ് മഞ്ഞളിച്ചു സ്വന്തം വിദ്യാഭ്യാസക്കച്ചവടം സംരക്ഷിക്കാന്‍ ഇടയലേഖനമിറക്കുന്ന മതേതരത്വം മതഭ്രാന്തിന് മുന്നില്‍ പണയം വെച്ചവര്‍ നുണയട്ടെ ഈ സ്വാതന്ത്ര്യം...
പാവപ്പെട്ടവന്‍റെ തുണ്ട് ഭൂമി തട്ടിയെടുത്ത് കസേരയുടെ സുരക്ഷിതത്വത്തിനായി മറുകണ്ടം ചാടുന്ന, കായികമാമാങ്കങ്ങളുടെ നടത്തിപ്പില്‍ ഊര്‍ന്നിറങ്ങുന്ന നാണയത്തുട്ടുകള്‍ പങ്കു വെക്കുന്ന, കൈവെട്ടിയവന്‍റെയും പള്ളിപൊളിച്ചവന്‍റെയും മുന്നില്‍ വോട്ടിനായി ഒരേ സമയം കൈ നീട്ടുന്ന അഭിനവ സോഷ്യലിസ്റ്റുകള്‍ മതിമറക്കട്ടെ ഈ സ്വാതന്ത്ര്യത്തില്‍...
അമേരിക്കയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന, ഇന്ധനത്തിന്‍റെയും അരിയുടെയും വില വര്‍ധിപ്പിക്കാനുള്ള തലതിരിഞ്ഞ തീരുമാനങ്ങളാല്‍ ഊറ്റം കൊള്ളുന്ന, എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവന് മേല്‍ തീമഴയായി പെയ്യുന്ന അധികാരവര്‍ഗത്തിന്റെ കീഴില്‍ സ്വാതന്ത്ര്യം വീണ്ടും അറിയട്ടെ ഈ റിപ്പബ്ലിക്‌...
എങ്കിലും...
നമുക്കിന്നു മനസ്സില്‍ താലോലിക്കാം...
ത്രിവര്‍ണ്ണപതാക കയ്യിലേന്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് നിരന്നു നീങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മേല്‍ അര്‍പ്പിതമായ പ്രതീക്ഷകള്‍...
അവരീ സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കട്ടെ...
ജയ് ഹിന്ദ്‌.

July 25, 2010

കണ്ടല്‍ വെട്ടുമ്പോള്‍ കൈ വെട്ടിയതിലേറെ വേദനയോ?

കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക്‌ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. കേരളത്തില്‍ പല സ്ഥലത്തും കണ്ടല്‍ ഉണ്ട്. അത് കണ്ടലാണെന്നും സംരക്ഷിക്കപ്പെടെണ്ടതാണെന്നും കോണ്ഗ്രസ്സുകാര്‍ക്ക് മനസ്സിലാക്കാന്‍ സിപിഎം ഒരു കണ്ടല്‍ പാര്‍ക്ക്‌ തുടങ്ങേണ്ടി വന്നു. പ്രതികരണത്തിന് നേതൃത്വം കൊടുത്തതോ കണ്ടല്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കണ്ണൂരിന്റെ സ്വന്തം ഗുണ്ടാ എം.പി. സുധാകരനും. രണ്ടു ദശകത്തോളം കണ്ണൂരില്‍ സിപിഎം കാരുടെ കയ്യും കാലും കഴുത്തും വെട്ടാന്‍ നടന്ന ഈ നേതാവിന് ആ സമയത്ത് കുറച്ചു കണ്ടല്‍ വെച്ച് പിടിപ്പിക്കാമായിരുന്നില്ലേ, ഇത്ര വലിയ പരിസ്ഥിതി വാദി ആണെങ്കില്‍? ഇനിയിപ്പോ അതിനു സമയമില്ലെന്കില്‍ വേണ്ട, കണ്ണൂരില്‍ തന്നെ പാമ്പിനെയും നീര്‍ക്കോലിയേയും  കൂട്ടിലിട്ടു പണമുണ്ടാക്കുന്ന സ്നേക്ക് പാര്‍ക്കില്‍ ഒന്ന് പോയി പാവപ്പെട്ട മിണ്ടാപ്രാണികളെ കൂടുതുറന്നു വിട്ടു തന്റെ പരിസ്ഥിതിപ്രേമവും സഹജീവിസ്നേഹവും ഉദ്ഘോഷിച്ചു ആനന്ദസാഗരത്തില്‍ ആറാടിക്കൂടെ? പക്ഷെ അത് നടത്തുന്നത് സിപിഎം അല്ലല്ലോ അല്ലെ? 
ഈയുള്ളവന്റെ സാമാന്യബുദ്ധി വെച്ചു ആലോചിച്ചു നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഈ കണ്ടല്‍ പാര്‍ക്ക് എന്ന് പറയുന്ന സാധനം തുടങ്ങണമെങ്കില്‍ അവിടെ കണ്ടല്‍ വേണം. ഉള്ളത് വെട്ടിക്കളഞ്ഞാല്‍ അതിനെ കണ്ടല്‍ പാര്‍ക്ക് എന്ന് വിളിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ മാത്രം മന്ദബുദ്ധികളൊന്നും ആയിരിക്കില്ലല്ലോ ഇതിന്റെ സംഘാടകര്‍. അപ്പോപ്പിന്നെ ആള്‍ക്കാരെ കാണിക്കാനെങ്കിലും കുറച്ചു കണ്ടല്‍ വെച്ചു പിടിപ്പിക്കാനെ സാധ്യതയുള്ളൂ.അതിനിടക്ക് കുറച്ചു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വെച്ചു കണ്ടല്‍ ഉണങ്ങിയൊന്നും പോവില്ല.(ചില ഫോട്ടോകള്‍ കണ്ടത് പ്രകാരം പ്രകൃതിക്കിണങ്ങിയ രീതിയില്‍ തന്നെയാണ് അവിടെ കൂടാരങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്) പിന്നെ ആളുകള്‍ വന്നുപോകുന്ന സ്ഥലമായതുകൊണ്ട് കുറച്ചു വൃത്തിയായി വെക്കാന്‍ നടത്തിപ്പുകാര്‍ എന്തായാലും ശ്രദ്ധിക്കുമല്ലോ. അതൊക്കെ എന്തായാലും പരിസ്ഥിതിക്ക് ഗുണമേ ചെയ്യൂ, തീര്‍ച്ച. പക്ഷെ ഒരു സംശയം... സിപിഎം നേതൃത്വത്തിലുള്ള സംഘം ആ സ്ഥലം ഏറ്റെടുക്കുന്നത് വരെ അവിടുത്തെ കണ്ടല്‍ വളരുന്നുണ്ടോ, ഉണങ്ങുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ അവിടുത്തെ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതാക്കള്‍ കുടില് കെട്ടി താമസിക്കുകയായിരുന്നോ? വല്ലവനും വല്ലതും ഏറ്റെടുത്താല്‍ അപ്പോള്‍ തുടങ്ങുമല്ലോ ചൊറിച്ചില്‍. കേരളത്തില്‍ പല സ്ഥലത്തും പ്ലാസ്ടിക്കും മറ്റും അടിഞ്ഞു കൂടി ഉണങ്ങിതുടങ്ങിയ കണ്ടല്‍ക്കാടുകളുണ്ട്. പണിയില്ലാത്ത കോണ്ഗ്രെസ്സുകാര്‍ക്ക് വേണമെങ്കില്‍ അതൊക്കെ ഏറ്റെടുത്തു സംരക്ഷിക്കാമല്ലോ... നാട്ടുകാര്‍ക്ക് ശല്യം ഒഴിഞ്ഞുകിട്ടുകയും ചെയ്യും.
ഒരു കണ്ടല്ചെടി വെട്ടുന്നെന്നു പറഞ്ഞു കേന്ദ്ര സമിതിയെ കൊണ്ട് വന്നു അന്വേഷണം നടത്തി പാര്‍ക്ക് പൂട്ടിച്ച സുധാകരന്റെ പാര്‍ട്ടിക്ക് ഒരാളുടെ കൈ വെട്ടിയ മതമൌലികവാദ സംഘടനയെ കേന്ദ്രത്തിലെ സ്വന്തം സര്‍ക്കാരിനെ കൊണ്ട് നിരോധിപ്പിക്കാന്‍ നട്ടെല്ലുണ്ടോ? പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മുഴുവനായൊന്നു പറയാന്‍ പോലും  നാവും മനസ്സും വഴങ്ങാത്ത ചാണ്ടിയും ചെന്നിയും തീവ്രവാദം വളര്‍ത്തിയത്‌ സിപിഎം ആണെന്ന് പറയുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കേരളത്തില്‍ ഏറ്റവും അധികം പേരെ എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെയാണ്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത് കൊണ്ട് തന്നെയാണത്. ഇത്രയൊക്കെ റെയിഡുകള്‍ നടന്നിട്ടും ഇത്രയും പേര്‍ അറസ്ടിലായിട്ടും പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പേര് നേരെ ചൊവ്വേ ഒന്ന് പറഞ്ഞു അപലപിക്കാന്‍ പോലും തയ്യാറാകാതെ "ആരുടേയും  വോട്ടു വേണ്ടെന്നു പറയില്ല" എന്ന് ഉദ്ഘോഷിക്കുന്ന ഈ നേതാക്കന്മാര്‍ക്ക് ബുദ്ധിസ്ഥിരതയില്ലാതായോ? "വോട്ടു ജനങ്ങളുടെതാണ്, ഒരു സംഘടനയുടെതുമല്ല" എന്നത്രേ ഇവരുടെ പുതിയ വെളിപാട്. കൂടെ മാണിസാറും പുലിക്കുട്ടിയുമൊക്കെ ഉണ്ട്. അങ്ങേയറ്റത്തെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളുള്ള കേരളത്തില്‍ തൊണ്ണൂറു ശതമാനം ജനങ്ങളും വോട്ടു ചെയ്യുന്നത് രാഷ്ട്രീയവും സംഘടനയും നോക്കിയാണെന്നു ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് മനസ്സിലാവാതെയാണോ ഇവര്‍ കണ്ണടച്ചിരുട്ടാക്കുന്നത്? ഇവരൊക്കെ ജയിക്കുന്നത് സ്വന്തം വ്യക്തിപ്രഭാവത്തിന് കിട്ടുന്ന വോട്ടു കൊണ്ടാണോ? വോട്ടു ജനങ്ങളുടെതാണ് എന്ന് പറഞ്ഞ നേതാക്കന്മാര്‍ സ്വന്തം പാര്‍ട്ടിയുടെ പേരിലല്ലാതെ ഒറ്റക്കൊന്നു മത്സരിച്ചാലറിയാം കെട്ടിവെച്ച പണം പോകുന്ന വഴി. പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ-ക്കും ചെറുതെങ്കിലും നിര്‍ണായകമായ വോട്ട്‌ കേരളത്തില്‍ പല സ്ഥലത്തുമുണ്ട്. അത് ജനങ്ങളുടെ വോട്ടല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടു തന്നെയാണ്. തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് അവര്‍ ചെയ്യുന്ന വോട്ട്‌. ആ വോട്ട്‌ വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റവും ആര്‍ജ്ജവവും സിപിഎം കാണിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടുന്നത് ഒരു കയ്യിലല്ല, കേരളം ഇന്നോളം കാത്തു സൂക്ഷിച്ച മതേതരത്വത്തിന്റെ കഴുത്തിലാണ് എന്നത് അല്‍പ്പമെങ്കിലും ഹൃദയവേദന ഉണ്ടാക്കുന്നെങ്കില്‍, രാഷ്ട്രീയ സത്യസന്ധത കൈമോശം വന്നിട്ടില്ലെങ്കില്‍... ഇനിയെങ്കിലും യു.ഡി.എഫ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ തയ്യാറാകണം. അല്ലാതെ ഇനിയും തലയില്‍ മുണ്ടിട്ടു വോട്ട്‌ കച്ചവടം നടത്താന്‍ പോയാല്‍ കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല. പഴയ കോ-ലീ-ബി -യുടെ കൂടെ ഒരു "പോ" കൂടി ചേര്‍ക്കാന്‍ നിങ്ങള്ക്ക് ഒരു കണ്ടല്‍ വെട്ടുന്ന അത്രയും എളുപ്പമായിരിക്കുമല്ലോ, അല്ലെ?

June 22, 2010

ലാലേട്ടന് ഇനിയെങ്കിലും ലാലങ്കിള്‍ ആയിക്കൂടെ?

എണ്പതുകളുടെ തുടക്കം...  
ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മയായി വെള്ളിത്തിരയിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായി വന്ന നേരിയ ചൈനീസ് ലുക്കുള്ള മുഖം മലയാളിയുടെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളുടെ മുഖച്ചായയായി  മാറിയത് വളരെ പെട്ടെന്നായിരുന്നു.
 നിരവധി ചിത്രങ്ങളില്‍ കഴമ്പില്ലാത്ത വേഷങ്ങള്‍ 
 ചെയ്യേണ്ടി വന്നെങ്കിലും  
ആ  നടന്‍ തന്റെ സ്ഥിരോത്സാഹത്തിലൂടെയും അതിലുപരി നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയിലൂടെയും 
മലയാള സിനിമാ പ്രേക്ഷകരുടെ  മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ നടന്‍ താരമായി...നിരവധി ചരിത്ര വിജയങ്ങളിലൂടെ സൂപ്പര്‍ താരവും. ലാലേട്ടന്‍ എന്ന പദം  പ്രായ ഭേദമെന്യേ ഓരോ മലയാളിയുടെയും ദൈനംദിന 
സംഭാഷണങ്ങളുടെ ഭാഗമായി തീര്‍ന്നു...
കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിത്തീര്‍ന്നു.ആ അഭിനയപ്രതിഭ സംസ്ഥാന- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലൂടെ വീണ്ടും വീണ്ടും അംഗീകരിക്കപ്പെട്ടു. 
 കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി
മോഹന്‍ലാലും മമ്മുട്ടിയും തന്നെ ആയിരുന്നു മലയാള സിനിമയുടെ നട്ടെല്ല്.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈയുള്ളവനെപ്പോലുള്ള ലാല്‍ ഫാന്‍സ്‌ തമ്മില്‍ തമ്മിലും ഉള്ളിന്റെ ഉള്ളിലും 
ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്...
എവിടെപ്പോയി ആപഴയ ലാലേട്ടന്‍? താളവട്ടത്തിലും  സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും ചിത്രത്തിലും നാടോടിക്കാറ്റിലുമെല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ, എന്നാല്‍ ഹൃദയത്തിന്റെ ഏതോ കോണില്‍ നൊമ്പരമായി അവസാനിക്കുന്ന  
കതാപാത്രങ്ങളുമായി  കേരളക്കരയെ കീഴടക്കിയ ആ പഴയ മോഹന്‍ലാലിനെ എപ്പോഴാണ് നമ്മുക്ക്
 കൈമോശം വന്നത്?ഇരുപതാം നൂറ്റാണ്ടിലും രാജാവിന്റെ മകനിലും ഉയരങ്ങളിലുമെല്ലാം ആക്ഷന്‍ ഹീറോ ആയി വന്നപ്പോള്‍ ആ കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞഭിനയിച്ച മോഹന്‍ലാലിനെ കുടുംബ പ്രേക്ഷകര്‍ പോലും സ്വീകരിച്ചിരുന്നു.     ആ   നടന്റെ ദിശമാറ്റത്തിനു  തുടക്കമിട്ട ദേവാസുരം പോലും ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ  കടന്നുപോയിരുന്നു...അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും.    പക്ഷെ അതിനു ശേഷം നരസിംഹം മുതല്‍ നിരയായി വന്ന ചിത്രങ്ങള്‍ കൊണ്ട് എന്തായിരുന്നു 
അര്‍ത്ഥമാക്കിയതെന്ന് മോഹന്‍ലാല്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.മുണ്ട് മടക്കിയുടുത്ത് കൊമ്പന്‍ മീശ പിരിച്ചു ദ്വയാര്‍ത്ഥ  പ്രയോഗങ്ങളും  പച്ചത്തെറിയും  വിളിച്ചു  പറഞ്ഞു  സ്ക്രീനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മോഹനലാലിനെയല്ല കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ചലച്ചിത്ര പ്രേക്ഷകര്‍  സ്നേഹിച്ചത്. ഇതെല്ലാം കണ്ടു കയ്യടിക്കാനും റിലീസ് ദിവസം ആഘോഷ ദിവസമാക്കാനും വീണ്ടും വീണ്ടും കണ്ടു വിജയിപ്പിക്കാനും ഫ്ലെക്സുകളില്‍ താരത്തിന്റെ അമാനുഷ പരിവേഷമുള്ള ചിത്രത്തിന് താഴെ സ്വന്തം 
മുഖത്തിന്റെ ഫോടോ ചേര്‍ത്ത് ഫാന്‍ ന.1  ആയി ആത്മസുഖം നേടാനും നടക്കുന്ന... മറ്റു താരങ്ങളുടെ നല്ല ചിത്രങ്ങള്‍ പോലും കൂവിതോല്പ്പിക്കുന്ന സിനിമയെ അല്‍പ്പം പോലും സ്നേഹിക്കാത്തവര്‍... അവര്‍ മാത്രമാണ് ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്നത്. അവര്‍ ഓരോ ചിത്രത്തിലും അതിനു തൊട്ടു മുന്‍പത്തെ ചിത്രത്തേക്കാള്‍ അമാനുഷികതയാണ് നായക കഥാപാത്രത്തിനു പ്രതീക്ഷിക്കുന്നത്. 
നരസിംഹത്തിലും ആറാംതമ്പുരാനിലും രാവണപ്രഭുവിലും കണ്ട  അമാനുഷികതക്കപ്പുറം  ആരാധകര്‍ പ്രതീക്ഷിച്ചപ്പോള്‍ അത് അസംഭാവ്യമായിതീര്‍ന്നു... 
അതുകൊണ്ട് തന്നെ ആ പ്രതീക്ഷ എത്തിപ്പിടിക്കാന്‍ ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് പോലും സാമാന്യബുദ്ധിക്കു  നിരക്കാത്ത കഥയില്ലായ്മകള്‍ ഒരുക്കെണ്ടിവന്നു. അവയെല്ലാം  വന്‍ പരാജയങ്ങളാകുകയും ചെയ്തു.

മോഹന്‍ലാലിന്  50 വയസ്സായെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതെല്ലാം എഴുതണമെന്നു തോന്നിയതായിരുന്നു. പക്ഷെ ഉള്ളിലെവിടെയോ ഇന്നും അവശേഷിക്കുന്ന ആരാധന- ഒരുപാട് നല്ല കഥാപാത്രങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ- എന്നെ പിന്നോട്ട് വലിച്ചു. പക്ഷെ കഴിഞ്ഞ ദിവസം താണ്ടവം എന്ന ചിത്രം ഒരു ചാനലില്‍ വന്നത് കുറച്ചു സമയം കാണേണ്ട നിര്ഭാഗ്യമുണ്ടായി. അതാണെന്നെ വീണ്ടും ഈ വിഷയത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചത്.

മലയാള സിനിമയുടെ തകര്ച്ചയുടെയും പരാജയപരമ്പരയുടെയും  കാരണമന്യേഷിച്ചു നടക്കുന്ന ബുജികള്‍ ഏറെയൊന്നും കാട് കയറി ചിന്തിക്കേണ്ട. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രങ്ങള്‍ കാണാന്‍ പോകുന്ന കുടുംബ പ്രേക്ഷകരുടെ എണ്ണതിലുണ്ടായ വന്‍ ഇടിവ് തന്നെയാണ് അതിനു കാരണം. അമാനുഷിക പരിവേഷമുള്ള ആക്ഷന്‍ ചിത്രങ്ങളുടെ വരവോടെ അവര്‍ തീയറ്ററില്‍ പോയി പടം കാണുന്നത് നിര്‍ത്തി. ഏകദേശം ആ സമയത്ത് തന്നെയാണ് കണ്ണീര്‍ സീരിയലുകളും വ്യാജ സി.ഡി.കളും  രംഗതെത്തിയത്. തിയറ്ററില്‍ പോയി കുടുംബത്തിനു മുഴുവന്‍ ടിക്കറ്റെടുത്ത് തല്ലിപ്പൊളി അടിപ്പടം  (പിന്നെ പിള്ളേരെ തെറി പഠിപ്പിക്കുകയും 
വേണ്ടല്ലോ) കാണുന്നതിനു പകരം വീട്ടില്‍ സുഖമായിരുന്നു എന്തെങ്കിലും കണ്ടാല്‍ മതിയെന്ന് ശരാശരി പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? വട്ടു പിടിച്ച  ഫാന്‍സ്‌ വന്നാലൊന്നും പടം വിജയിക്കാന്‍ പോകുന്നില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തെ  ശിങ്കാരിമേളവും  ആട്ടവും തുള്ളലും കഴിഞ്ഞാല്‍ അവര്‍ അവരുടെ പാട്ടിനു പോകും. ഇരുപതും മുപ്പതും വട്ടം കാണാനുള്ള പണം താരം കൊടുത്താല്‍ O.K. അപ്പോള്‍ വേണമെങ്കില്‍ എതിരാളിയുടെ പടം കൂവിതോല്‍പ്പിക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊന്നും അടിത്തറയില്ലാത്ത തട്ടിക്കൂട്ടുപടം അധികനാള്‍ തിയറ്ററില്‍ നില്‍ക്കില്ലല്ലോ. നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളും നല്ല ഗാനങ്ങളും ആവശ്യത്തിനു മാത്രം സംഘട്ടനവും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കൂ.

ഇതിനിടയിലും നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററിലെതുന്നുണ്ടായിരുന്നു. ദിലീപിന്റെ  ആദ്യകാല ചിത്രങ്ങളുടെ വിജയം ഉദാഹരണം. മോഹന്‍ലാല്‍ കൈവിട്ടുകളഞ്ഞ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് ദിലീപിന്റെ ചിത്രങ്ങള്‍ക്ക് ആളെയെതിച്ച അടിസ്ഥാനകാരണം. എന്നാല്‍ അത് തന്റെ കഴിവായി തെറ്റിദ്ധരിച്ച ദിലീപ് നാലഞ്ചു വിജയം വന്നപ്പോളേക്കും  തോക്കെടുക്കാന്‍ തുടങ്ങിയത് ആ നടന്റെ വിവരക്കേട്. ഫലമോ... പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിത്തുടങ്ങി. സൂപ്പര്‍  സ്ടാറാകാന്‍  നിന്ന ആളിപ്പോ നിലനില്‍ക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിലും.
കഴിഞ്ഞ കുറച്ചു കാലമായി ഇതുപോലുള്ള പടങ്ങളെടുത്ത വന്‍കിട സംവിധായകര്‍ പോലും ചൊറിയും കുത്തി  വീട്ടിലിരിപ്പാണ്. അവര്‍ക്കാര്‍ക്കും ഇനിയൊരു പ്രജയോ ഒന്നാമനോ അലിഭായിയോ താണ്ടവമോ എടുക്കാനുള്ള  ആത്മധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി മമ്മുട്ടിയും മോഹന്‍ലാലും ഡേറ്റ് കൊടുക്കുന്ന പല  പദങ്ങളും സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകരാണ്. ഇതിനിടയില്‍ യുവതാരങ്ങളുടെ പല പടങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ലാലിന്റെയും മമ്മുട്ടിയുടെയും തന്നെ നല്ല പടങ്ങള്‍ വന്നാല്‍ ആളുകള്‍ കാണുന്നുമുണ്ട്. ബാലേട്ടനും തന്മാത്രയും കാഴ്ചയുമെല്ലാം ഉദാഹരണം.
ഇതില്‍ നിന്നൊക്കെ ഈ മഹാനടന്മാര്‍ ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചാല്‍ നന്ന്... അവര്‍ക്ക് മാത്രമല്ല, മലയാള  സിനിമക്കും. തങ്ങള്‍ക്കു മേല്‍വിലാസമുണ്ടാക്കി തന്ന മലയാള സിനിമക്ക് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ  ഗുരുദക്ഷിണ സ്വന്തം പ്രായവും രൂപവും തിരിച്ചറിയുക എന്നത് മാത്രമാണ്. ചീര്‍ത്ത കവിളും ദുര്‍മ്മേദസ്സും ചുളിഞ്ഞു   തൂങ്ങിയ താടിയും കഴുത്തും രണ്ടു നാള്‍ ദൈ  ചെയ്യാഞ്ഞാല്‍ പുറത്തു വരുന്ന നരയും എല്ലാം എന്നും രാവിലെ അഞ്ചു  മിനിട്ട് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുക. എന്നിട്ട് ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ചെയ്യുന്ന  ചിത്രങ്ങളുടെ സി.ഡി. ഇട്ടു കാണുക. അപ്പോള്‍ മനസ്സിലാകും തങ്ങളുടെ പ്രായത്തിനു യോജിച്ച വേഷങ്ങള്‍ എന്തൊക്കെയാണെന്ന്. മുടി  നരച്ചതും മക്കളുള്ളതും തല്ലുണ്ടാക്കാതതുമായ കഥാപാത്രങ്ങള്‍ക്ക് നായകന്മാരാകാന്‍ കഴിയില്ലെന്ന് ആര് 
പറഞ്ഞു? ഇടക്കൊരു മാടമ്പിയും പോക്കിരിരാജയുമൊക്കെ വരുന്നത് എല്ലാവരും ഇഷ്ടപ്പെടും.അല്ലാതെ മക്കളുടെയും  പേരക്കുട്ടികളുടെയും പ്രായമുള്ള പെണ്‍പിള്ളാരോടൊപ്പം ആടിപ്പാടുന്നത് സഹിക്കാന്‍ മലയാളസിനിമയിലെ തമ്മിലടിയും തൊഴുത്തില്‍ക്കുതും  കൊണ്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ട പ്രേക്ഷകരെ ഇനിയും പ്രേരിപ്പിക്കരുത്. ഞങ്ങള്‍ക്ക് വേണ്ടത്  ലാലിന്റെയും മംമുട്ടിയുടെയും അഭിനയമികവുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങളും അതിലൂടെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചു വരുന്ന മലയാള സിനിമയുമാണ്. കൂടെ നല്ല സിനിമ കണ്ടാലുള്ള സംതൃപ്തിയും.

June 12, 2010

ഒരു പന്തും ഇരുപത്തിരണ്ടു പേരും പിന്നാലെ ഞങ്ങള്‍ മലപ്പുറത്തുകാരും...

പന്ത് ഉരുണ്ടു തുടങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ ദക്ഷിണാഫ്രിക്കയിലെ പച്ചപ്പുല്‍ മൈതാനിയിലും
ഇങ്ങേ കോണില്‍ ഞങ്ങള്‍ മലപ്പുറത്തുകാരുടെ മനസ്സുകളിലും...
ആ കാറ്റ് നിറച്ച തുകല്‍ ഗോളത്തിന് പിറകെ പായുന്ന ഇരുപത്തിരണ്ടു പേര്‍ക്ക് പിറകെ നിഴലായി നീങ്ങുന്നത്‌ മലപ്പുറത്തെ എത്രയോ ലക്ഷം കണ്ണുകളും പിന്നെ ഹൃദയങ്ങളുമാണ്...
ഇന്ന് ഞങ്ങള്‍ പറയുന്നതും വായിക്കുന്നതും ഊണിലും ഉറക്കത്തിലും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും ആ പന്തിന്റെ ഗതിവിഗതികളെ കുറിച്ച് മാത്രം...
ഇന്ന് ഞങ്ങളുടെ കാതുകള്‍ തുറന്നിരിക്കുന്നത് ആ മൈതാനത്തിലെ ആരവങ്ങള്‍ക്കായി മാത്രം...
ഇന്നലെ വരെ ഞങ്ങളുടെ സ്വപ്നങ്ങളില്‍ കടന്നു വന്നിരുന്നത് മമ്മുക്കയും ലാലേട്ടനും പിന്നെ പ്രിത്വീരാജും ഒക്കെയായിരുന്നു...
ഇന്നലെ വരെ ഞങ്ങള്‍ നിര്‍മ്മിച്ച ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ പുഞ്ചിരിച്ചു  നിന്നത്- ഞങ്ങള്‍ വളര്‍ത്തിയ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക് ആധാരമായത്‌- അവരായിരുന്നു...
വെള്ളിത്തിരയിലെ താരദൈവങ്ങള്‍... 
ഇന്ന്...
ഞങ്ങള്‍ കവലകള്‍  തോറും മാനം മുട്ടെ ഉയര്‍ത്തിയിരിക്കുന്ന ഫ്ലെക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...
ഓരോ നോക്കിലും ഞങ്ങളെ ആവേശത്താല്‍ നൃത്തം ചവിട്ടിക്കുന്നത്...
മെസ്സിയും കാക്കയും റൂണിയും ദ്രൊഗ്ബയുമെല്ലാമാണ്...
അവരാണിനി ഞങ്ങളുടെ ദൈവങ്ങള്‍...
കാരണം ഇത് മലപ്പുറമാണ് ... 
കാല്പ്പന്തുകളിയെ ജീവവായുവായി കാണുന്ന നാട്.
വെള്ളിത്തിരയിലെ താരങ്ങളുടെ ആട്ടവും പാട്ടും ഡയലോഗുമെല്ലാം  ഞങ്ങള്‍ക്ക് വെറും നേരമ്പോക്ക് മാത്രം...
ദിവസം മുഴുവന്‍ കസേരയില്‍ ചടഞ്ഞിരുന്നു, ചിപ്സും കൊറിച്ചുകൊണ്ട് കാണുന്ന,
ഒടുവില്‍ എല്ലാം  പണം നടത്തിയ ഇന്ദ്രജാലം എന്ന തിരിച്ചറിവ് മാത്രം നല്‍കുന്ന,
വരേണ്യ വര്‍ഗ്ഗത്തിന്റെ കളി...
അത് ഞങ്ങള്‍ക്ക് ഒഴിവുനേരത്തെ സമയംകൊല്ലിപ്പരിപാടി മാത്രം... 
പക്ഷെ...
ആരംഭം മുതല്‍ അന്ത്യം വരെ ഓരോ നിമിഷവും ചടുലത നിറയുന്ന...
ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹൃദയം ത്രസിപ്പിക്കുന്ന അധ്വാനിക്കുന്ന സാധാരണക്കാരന്റെ ഈ കളി...
അത് ഞങ്ങള്‍ക്ക് ജീവിതമാണ്...
കൊയ്ത്തു തീര്‍ന്ന നെല്‍പ്പാടങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ നഗ്നപാദരായി പന്ത് തട്ടിക്കളിച്ച കാലം മുതല്‍ അത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...
ഇടയ്ക്കെന്നോ അറിയാതെ ദിശ പിഴച്ചു പോയി മൂന്നു മരക്കുറ്റികള്‍ക്ക് മുന്നില്‍ നിന്നു പന്തടിച്ചു തെറിപ്പിച്ച കൌമാരത്തിന്റെ പ്രതിനിധികളും ഇന്ന്  കാല്‍പ്പന്തുകളിയുടെ മാസ്മരികതയാല്‍ മനസ്സ് ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചിരിക്കുന്നു...
കാരണം ആത്യന്തികമായി അവര്‍ മലപ്പുറത്തുകാരാണ്...
ഈ ആവേശം ഞങ്ങളെ വാക്കുകള്‍ കൊണ്ടമ്മാനമാടുന്ന സാഹിത്യകാരന്മാരും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെറിയുന്ന തമാശക്കാരും വരകളും വര്‍ണങ്ങളും കൊണ്ട് ഇഷ്ടതാരത്തിന്റെ രൂപഭാവങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന കലാകാരന്മാരും ആക്കുന്നു.
"ആയിരം മെസ്സിക്കര കക്ക "
"മെസ്സിക്ക് മീതെ  ഒരു കാ(ക)ക്കയും പറക്കില്ല "
ഈ അലയടിക്കുന്ന ആവേശത്തില്‍ ലോകത്തെ ഏതു രാജ്യത്തിന്റെയും കൊടിയുടെയും ജര്സിയുടെയും നിറം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥം.
ഒരു കാലത്ത് നമ്മെ അടിമകളാക്കിയ സായിപ്പിന്റെയും ഫ്രെഞ്ചുകാരന്റെയും പറങ്കിയുടെയും പതാകകള്‍ ഇന്ന് ഞങ്ങള്‍ ഇവിടെ വീണ്ടുമുയര്‍ത്തുമ്പോള്‍ അവരെ ഇവിടുന്നു കെട്ടുകെട്ടിക്കാന്‍ ജീവന്‍ ബലി നല്‍കിയ ഞങ്ങളുടെ പൂര്‍വികര്‍ മാപ്പ് തരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്...
കാരണം അവര്‍ക്കും അന്യമായിരുന്നില്ലലോ ഈ ആവേശം...
ഈ വര്‍ണപ്പകിട്ടുകള്‍ക്കിടയിലും ഞങ്ങള്‍ സ്വപ്നം കാണുന്നു...
ത്രിവര്‍ണ പതാകക്ക് കീഴില്‍ അണിനിരക്കുന്ന ഒരു നാളെ...
എങ്കിലും അതുവരെ...
ലോകത്തിന്റെ ഏതു കോണില്‍ പന്തുരുണ്ടാലും ഇഷ്ട ടീമിനായി ആര്‍ത്തു വിളിക്കാന്‍ ഞങ്ങളുടെ മനസ്സുകള്‍ അവിടെ ഉണ്ടാകും...
എതിര്‍ടീമിന്റെ പ്രതിരോധം തച്ചുടച്ചു മുന്നേറി ഗോള്‍ പോസ്റ്റിലേക്ക് കുതിക്കുന്ന ഫോര്‍വേഡിന്റെ കാലുകള്‍ക്ക് ഞങ്ങളുടെ മുഴുവന്‍ കാലുകളുടെയും ശക്തി ഞങ്ങള്‍ അര്‍പ്പിക്കും...
റഫറിയുടെ തെറ്റായ (ശരിയായാലും) തീരുമാനം ചോദ്യം ചെയ്യുന്ന ഇഷ്ടതാരത്തിന് പിന്തുണയുമായി പുളിച്ച തെറിയുടെ ഡിക്ഷനറിയുമായി ഞങ്ങള്‍ പിന്നിലുണ്ട്...
സ്വന്തം ടീമിന്റെ പെനാല്‍ടി ബോക്സില്‍ കടക്കുന്ന എതിരാളിയെ കായികമായി നേരിടുന്ന പ്രതിരോധ ഭടന് ശക്തി പകരാന്‍ അവസാന തുള്ളി ചോരയും നീരും നല്‍കാന്‍ തയ്യാറായി ഞങ്ങളുണ്ട്...
ഗോള്‍പോസ്റ്റില്‍ ഭീതിദമായ ഏകാന്തതയില്‍ പെനാല്‍റ്റി തടയാന്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായി നില്‍ക്കുന്ന ഗോളി ഒറ്റക്കല്ല... കൂടെ ഞങ്ങളുണ്ട്...
വിജയനിമിഷത്തില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പതിനൊന്നു പേരുടെ ശബ്ദത്തിനു പ്രതിധ്വനിയായി ഉയരുന്ന ആരവം ഞങ്ങളുടെ മുഴുവന്‍ പേരുടെയും തൊണ്ടയില്‍ നിന്നുമാണ്...
അപ്പോഴും...
അനിഷേധ്യമായ വിധിക്ക് മുന്നില്‍ ഇറ്റു വീഴുന്ന കണ്ണുനീര്‍ മൈതാനത്തെ ഒരു കോണില്‍ ഹതാശരായിരിക്കുന്ന പതിനൊന്നു പേരുടെത് മാത്രമല്ല...
ഞങ്ങള്‍ മുഴുവന്‍ മലപ്പുറത്തുകാരുടെതുമാണ്...
കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണ്...
മൊട്ടയടിയും  പാതി മീശ വടിയും കൂവലുകളുമായി എതിര്‍ ടീമിന്റെ തോല്‍വി ആഘോഷിക്കുമ്പോളും ഞങ്ങള്‍ സ്നേഹിക്കുന്നത് ഈ കളിയുടെ ആത്മാവിനെയാണ്...
കാരണം...
ഫുട്ബോള്‍ ഞങ്ങള്‍ക്ക് ജീവിതം തന്നെയാണ്... മതഭേദമില്ലാത്ത - രാഷ്ട്രീയ ഭേദമില്ലാത്ത - ജീവിതം.

May 19, 2010

ഒരിക്കലും മായാത്ത ചിത്രങ്ങള്‍

കോളേജ് വിട്ടു ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് മാഗസിനിലേക്കു എഴുതി നല്‍കിയ ഓര്‍മ്മക്കുറിപ്പ്‌...


Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം