ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 20, 2013

പോളിയോയും ഹോമിയോയും

ഇന്നത്തെ (20.06.2013) മാധ്യമം ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്ത...


സ്വന്തം പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ കെട്ടി വെച്ച് രക്ഷപ്പെടുന്നവരോടും അതിനു അനാവശ്യ പ്രചാരണങ്ങൾ നൽകി സ്വന്തം പങ്കു മറച്ചു വെക്കുന്നവരോടും ചില ചോദ്യങ്ങള്‍...

1. കേരളത്തില്‍ മലപ്പുറം മാത്രമാണോ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഉള്ള ഒരേ ഒരു ജില്ല?
2. മലപ്പുറത്തേക്കാള്‍ കൂടുതല്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഉള്ള നിരവധി ജില്ലകള്‍ കേരളത്തില്‍ ഉണ്ടായിട്ടും മലപ്പുറത്ത്‌ മാത്രം പ്രതിരോധ കുത്തിവെപ്പ് സംവിധാനം തകരാറിലാകുന്നത് ഹോമിയോപ്പതി ഡോക്ടര്‍മാരുടെ പ്രചാരണം മൂലമാണെന്ന് പറയുന്നത് ബാലിശമല്ലേ?
3. മലപ്പുറം ജില്ലയില്‍ എല്ലാവരും ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം അനുസരിച്ച് ജീവിക്കുന്നവര്‍ ആണെങ്കില്‍ മലപ്പുറത്ത്‌ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന വൈദ്യശാസ്ത്ര ശാഖ ഹോമിയോപ്പതി ആണെന്ന് നിങ്ങള്‍ സമ്മതിക്കുകയാണോ?
4. ഇന്‍റര്‍നെറ്റില്‍ പ്രതിരോധ കുത്തിവെപ്പിന് അനുകൂലമായ നിരവധി വസ്തുതകള്‍ ഉണ്ടെന്നിരിക്കെ "വിദ്യാസമ്പന്നരായ അമ്മമാര്‍" പ്രതികൂലമായ വാര്‍ത്തകള്‍ മാത്രം തെരഞ്ഞുപിടിച്ച് വായിച്ച് അതില്‍ നിന്ന് പിന്മാറുന്നു എന്നത് വിദൂര സാധ്യതയല്ലേ?
5. അമ്മമാര്‍ വിദ്യാസമ്പന്നരായതാണ് കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവിനു കാരണമെങ്കില്‍ ഇത് വരെ വിദ്യാഭ്യാസമില്ലാത്ത അമ്മമാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ അജ്ഞത മുതലെടുത്താണ് കുത്തിവെപ്പ് എടുപ്പിച്ചിരുന്നത് എന്നൊരു ധ്വനിയില്ലേ?
6. അലോപ്പതി പാര്‍ശ്വഫലം ഉണ്ടാക്കും എന്നത് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന പ്രചാരണം മാത്രമാണോ അതോ അവയിൽ നിന്നൊന്നും യാതൊരു പാർശ്വഫലവും ഉണ്ടാകുന്നില്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?
7. വാക്സിന്‍ നല്‍കേണ്ടെന്ന് ഹോമിയോപ്പതി ഡോക്ടര്‍മാരൊന്നും പറയാറില്ല. എന്നാല്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊടുക്കണം എന്ന് അലോപ്പതി ഡോക്ടര്‍മാര്‍ പറയാത്തിടത്തോളം കാലം വാക്സിന്‍ നല്‍കണം എന്ന് ഹോമിയോപ്പതി ഡോക്ടര്‍മാരും പറയേണ്ട ആവശ്യം ഇല്ലല്ലോ?
8. HI, JHI, JPHN, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അലോപ്പതി വകുപ്പിന്‍റെ കീഴിലുള്ള ജീവനക്കാരാണോ? ആയുഷ് വകുപ്പ് കേരളത്തില്‍ ഇല്ലാത്ത സ്ഥിതിക്ക് അവര്‍ മൊത്തം ആരോഗ്യവകുപ്പിന്റെ ജീവനക്കാര്‍ അല്ലെ? അപ്പോള്‍ അവര്‍ ഗൃഹ സന്ദര്‍ശന വേളയിലും ബോധവല്‍ക്കരണ ക്ലാസിലും പനിക്കും മറ്റു രോഗങ്ങള്‍ക്കും പി.എച്ച്.സിയിലും സി.എച്ച്.സി.യിലും മറ്റും മാത്രം പോകാന്‍ പറയുന്നതെന്തുകൊണ്ട്? ഹോമിയോ-ആയുർവേദ വിഭാഗങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതും സര്‍ക്കാര്‍ തന്നെയല്ലേ?
9. ഏതു മത സംഘടനയുടെ ആളുകളാണ് എതിര്‍പ്രചാരണം നടത്തുന്നത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമായി പറയാത്തതാണോ അതോ അത് മാധ്യമം മറച്ചു വെച്ചതാണോ?
10. ഈ വാര്‍ത്ത (ഹോമിയോ ഡോക്ടര്‍മാര്‍ കാരണമാണ് പ്രതിരോധ കുത്തിവെപ്പ് മലപ്പുറത്ത്‌ വിജയിക്കാത്തത് എന്നത്) ആരോഗ്യവകുപ്പ് അധികൃതര്‍ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയതോ സ്വകാര്യമായി പ്രചരിപ്പിക്കുന്നതോ അതോ മാധ്യമം ലേഖകന്‍ മനോധര്‍മ്മം പ്രയോഗിച്ചതോ?


തുടര്‍ച്ച:
മാധ്യമം  പത്രത്തില്‍ 23/06/2013ന് ഈ പ്രതികരണം പ്രസിദ്ധീകരിച്ചു...


June 04, 2013

പ്രകൃതിയാണ് ദൈവം... പ്രകൃതി മാത്രമാണ് ദൈവം...

നമുക്കൊരു പൈതൃകം ഉണ്ടായിരുന്നു.
പ്രകൃതിയെ ദൈവമായി ആരാധിച്ചിരുന്ന ചരിത്രം. 
വായുവും അഗ്നിയും ജലവും എന്ന് വേണ്ട സകല പ്രകൃതി ശക്തികളും പാമ്പും കാളയും എലിയും ആനയും തുടങ്ങി സകല ജീവികളും നമുക്ക് ദൈവങ്ങളായിരുന്നു. ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല ഗ്രീക്ക്-റോമൻ-ചൈനീസ്-അറബ് സംസ്കാരങ്ങളിൽ എല്ലാം തന്നെ ഈ ബന്ധങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. 
പിന്നീട് മതങ്ങൾ പിറവിയെടുത്തപ്പോഴും പ്രകൃതിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. ഹിന്ദു മതത്തിലാനെങ്കിൽ വായുദേവനും അഗ്നിദേവനും വരുണനും എല്ലാം ഉദാഹരണങ്ങൾ ആണ്. ദൈവികമായ പരിവേഷം നല്കി നാം കൊണ്ടാടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം തന്നെ കൊയ്ത്തുകാലവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നിസംശയം പറയാം. അല്ലെങ്കിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളുമായി തന്നെയായിരിക്കും അവയ്ക്ക് ബന്ധം.
ബൈബിളിൽ നോഹയുടെ പെട്ടകത്തിൽ എല്ലാ ജീവജാലങ്ങളിൽ നിന്നും ഓരോ ജോടിയെ കയറ്റാൻ ദൈവം നല്കിയ നിർദേശം ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല, മറിച്ചു  ഓരോ ജീവിയും അതിന് അവകാശികളാണ് എന്ന് മനസിലാക്കാനുള്ള ഒരു മനോഹരമായ ചിത്രീകരണമാണ്. ദൈവം അരുളിച്ചെയ്തു എന്ന് പറയുന്നത് മനുഷ്യൻ അവ അനുസരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് എന്ന് നമ്മുടെ പൂർവികർ കൃത്യമായി മനസിലാക്കിയിരുന്നു. അത് പോലെ തന്നെ പ്രകൃതിയെയും പ്രകൃതി ശക്തികളെയും ദൈവങ്ങളായി ആരാധിച്ചാൽ മനുഷ്യൻ അവയെ ഭയഭക്തികളോടെ മാത്രം കാണുമെന്നും  പ്രകൃതിയെ നശിപ്പിക്കില്ലെന്നും അവർ മുൻകൂട്ടി കണ്ടു. അതിന്റെ ഫലമായി തന്നെ ആ കാലഘട്ടത്തിൽ പ്രകൃതിയോട് അങ്ങേയറ്റം ഇണങ്ങിയായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. പ്രകൃതി വിഭവങ്ങൾക്ക് മേൽ കയ്യേറ്റം നടത്തി ഇല്ലായ്മ ചെയ്യുന്ന മനുഷ്യൻ അന്നില്ലായിരുന്നു.
എന്നാൽ പിന്നീട് കഥ മാറി. ദൈവങ്ങളുടെ രൂപവും ഭാവവും മാറി. പുതിയ പുതിയ ദൈവങ്ങൾ ആവിർഭാവം ചെയ്തു തുടങ്ങി. അവർക്ക് വസിക്കാൻ പുതിയ പഞ്ച നക്ഷത്ര ആരാധനാലയങ്ങൾ ഉദയം ചെയ്തു. പണ്ട് ഹൈന്ദവ ആരാധനാലയങ്ങൾ കാവുകളും നിരവധി മരങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രങ്ങളും ആയിരുന്നെങ്കിൽ പിന്നീടവ സ്വർണം പൂശിയ ശ്രീകോവിലുകളിൽ കഴിയുന്ന ദൈവങ്ങൾ നിറഞ്ഞ, കോണ്ക്രീറ്റ് കാടുകളാൽ ചുറ്റപ്പെട്ട ഹൈടെക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി.  ഇന്നവ അല്പം കൂടുതൽ പുരോഗമിച്ചു എ.സി.റൂമുകളിൽ ഇരുന്നു ഭക്തരെ ആശ്ലേഷിക്കുന്ന, പടുകൂറ്റൻ പന്തലുകൾ തീർത്ത് ഭജന ചൊല്ലിയും പ്രൈസ് ദി ലോഡ് വിളിച്ചും ശ്വസനക്രിയ നടത്തിയും മരുന്നുകച്ചവടം നടത്തിയും  മാസ് ഹിപ്നോട്ടൈസിംഗ് നടത്തി ജനങ്ങളെ പറ്റിച്ചു കീശ വീർപ്പിക്കുന്ന ആൾദൈവങ്ങളിൽ എത്തിയിരിക്കുന്നു. ദൈവത്തിന്റെ അംശം പോലുമില്ലാത്ത ഷോപ്പിംഗ്‌ കോമ്പ്ലക്സുകൾ കെട്ടിപ്പൊക്കി അവിടുത്തെ സാധനങ്ങൾ വില്പന നടത്താൻ ഭക്തരെ ആകർഷിക്കാൻ ഉള്ളിൽ  പള്ളി  പണിഞ്ഞു മുടി പ്രദർശിപ്പിക്കുന്ന ഏജന്റുമാരായി ഇന്നത്തെ പുരോഹിതർ.
ഇത് കൊണ്ടൊക്കെ മനുഷ്യൻ ഭയഭക്തികളോടെ അവർക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു...
പ്രകൃതിശക്തികളെ മറന്നു.
ദൈവത്തിനും ആൾദൈവത്തിനും മുന്നിൽ കാണിക്കയിട്ടു.
അതിനുള്ള പണം കാട് വെട്ടിയും കുന്നിടിച്ചു നിരത്തിയും പുഴയിലേക്ക് വിഷമാലിന്യം ഒഴുക്കി വിറ്റും സമ്പാദിച്ചു കൂട്ടി.
ഫലമോ മഴയില്ല, വെള്ളമില്ല, രോഗപീഡകൾ, ശുദ്ധവായു പോലും ലഭിക്കാത്ത അവസ്ഥ.
ഇങ്ങനെ നമ്മുടെ തെറ്റായ പ്രവർത്തനം കൊണ്ടൊക്കെ നാം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും ജീവിത ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ ഇന്ന് കൊട്ടിഘോഷിച്ചു നടത്തുന്ന യാഗങ്ങൾക്കോ മറ്റു പൊറാട്ടുനാടകങ്ങൾക്കോ കഴിയില്ലെന്ന് നാം മനസിലാക്കുക. ഇനിയെങ്കിലും പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റം അവസാനിപ്പിക്കുക.
പ്രകൃതിയാണ് ദൈവം...
പ്രകൃതി മാത്രമാണ് ദൈവം...
പ്രകൃതി തന്നെ ആയിരിക്കണം എന്നും ദൈവം.

December 10, 2012

ക്ളാസെടുക്കരുത്, കണക്കെടുക്കൂ...


സെൻസസും തെരഞ്ഞെടുപ്പും പോലുള്ള നിരവധി സർക്കാർ നിയന്ത്രിത പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാരെ - പ്രത്യേകിച്ചും അധ്യാപകരെ - നിയോഗിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച കാര്യങ്ങളും പരിശീലനവും മറ്റുമായി അവരുടെ ജോലിദിവസങ്ങളുടെ വലിയൊരു ഭാഗം നീക്കിവെക്കപ്പെടുന്നതു മൂലം സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനത്തിൽ തടസ്സം നേരിടുന്നുണ്ട്. ഈയുള്ളവന്റെ വാമഭാഗം - അദ്ധ്യാപികയാണ് - ഇപ്പോൾ എൻ.പി.ആർ (national population register) സംബന്ധമായ പ്രവർത്തനത്തിലാണ്. കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെ വന്ന സെൻസസ്-തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങളിൽ തൊണ്ണൂറു ശതമാനവും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിടുക്കന്മാർ എന്തെങ്കിലും കാരണം പറഞ്ഞ് ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കും. മേലധികാരികളിലും ഡ്യൂട്ടി നൽകുന്ന സർക്കാർ ഓഫീസുകളിലും സ്വാധീനമില്ലാത്തവർ എല്ലാറ്റിനും പോകേണ്ടിയും വരുന്നു. വിദ്യാർത്ഥികൾക്ക് പാഠഭാഗം തീർന്നിട്ടില്ലെന്ന വേവലാതി ഒരു വശത്ത് - ദിവസം മുഴുവൻ വെയിലും പൊടിയുമേറ്റ് അലഞ്ഞു നടക്കേണ്ടതിന്റെ കഷ്ടപ്പാട് മറുവശത്ത്... ആരോടു പറയാൻ? 
എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത് ഒരു സർക്കാർ ജോലിക്കായി കണ്ണിൽ എണ്ണയൊഴിച്ചു കത്തിരിക്കുന്ന അനേകമനേകം അഭ്യസ്ത വിദ്യരുടെ നാടല്ലേ കേരളം? ഇത്തരം ഡ്യൂട്ടികൾക്ക് അവരെ നിയോഗിച്ചാൽ എന്താണു പ്രശ്നം? ഇതിനൊക്കെ നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് (ജോലി ചെയ്യാതെ മറ്റു ചുമതലകൾക്കായി പോകുന്ന ദിവസത്തെ) അവരുടെ ശമ്പളം നയാപൈസ കുറയാതെ നൽകുന്നതോടൊപ്പം ഓരോ ഡ്യൂട്ടിക്കും പ്രതിഫലവും പുറമേ നൽകുന്നുണ്ട്. ഈ എക്സ്ടാ വേതനം തൊഴിൽ രഹിതർക്കു നൽകി അവരെ സഹായിക്കാനും വിദ്യാലയങ്ങളും ഓഫീസുകളും തടസ്സം കൂടാതെ നടത്താനുമുള്ള നീക്കം എന്താണിതുവരെയും അധികാരികളുടെ ഭാഗത്തു നിന്നും ഇല്ലാത്തത്? 
സർക്കാർ ജീവനക്കാരല്ലെങ്കിൽ ഉത്തരവാദിത്വത്തോടെ ചുമതലകൾ നിർവഹിക്കില്ല എന്നും വീഴ്ചകൾക്ക് എതിരെ നടപടി എടുക്കാൻ കഴിയില്ല എന്നും ആയിരിക്കും അധികാരികൾക്കു തരാനുള്ള വിശദീകരണം. പക്ഷെ, ജോലിയിൽ ഉള്ളവർക്ക് ഡ്യൂട്ടിയിൽ വരുത്തുന്ന വീഴ്ച മൂലം തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്നുള്ളതിനേക്കാൾ (അതിന് ഒരു ശതമാനം പോലും സാധ്യതയില്ല എന്നവർക്കറിയാം, അത്ര ഗുരുതരമായ വീഴ്ചയൊന്നും വരാതെ അവർ എന്തായാലും ശ്രദ്ധിക്കും, ചെറിയ തെറ്റുകൾക്ക് കൂടി വന്നാൽ ഒരു ഇംക്രിമെന്റ് കിട്ടാതിരിക്കുകയോ വൈകുകയോ ചെയ്യും, അത്ര തന്നെ) ഭയം ജോലി കിട്ടാത്തവർക്ക് വീഴ്ച വരുത്തിയാൽ ജോലി ഒരിക്കലും കിട്ടാതിരിക്കുമോ എന്നുണ്ടാകും. അതു കൊണ്ട് അവരായിരിക്കും കൂടുതൽ നന്നായി ജോലി ചെയ്യുക. അതു മാത്രമല്ല, ജീവനക്കാർക്ക് ഇത്തരം ജോലികൾക്കു ലഭിക്കുന്ന പ്രതിഫലം അത്ര വലുതായി തോന്നുന്നുണ്ടാവില്ല, പക്ഷെ തൊഴിൽരഹിതർക്ക് അതു വലിയ സംഖ്യ ആയിരിക്കും എന്നതു കൊണ്ട് പ്രതിഫലം ലഭിക്കാൻ വേണ്ടിയെങ്കിലും അവർ കൃത്യമായി കാര്യങ്ങൾ ചെയ്യും.
ഇത്തരം കാര്യങ്ങളൊക്കെ നടപ്പിലാക്കാൻ ആരാണാവോ തടസ്സം. രാത്രി ഉറക്കമൊഴിച്ചിരുന്ന് പിറ്റേന്നു വിതരണം ചെയ്യേണ്ട നോട്ടീസും ഫോമും ഒക്കെ പൂരിപ്പിക്കുന്ന ഭാര്യയുടെ വിഷമം കാണേണ്ടി വരുന്ന (കൂടെ ഉറക്കമൊഴിച്ചിരുന്ന് സഹായിക്കേണ്ടി വരുന്ന, യേത്?) ഒരു ഭർത്താവിന്റെ വിഷമം ആരറിയാൻ?
വാൽ:
അടുത്ത ഡ്യൂട്ടിയെകുറിച്ച് ആലോചിക്കുമ്പോഴാ യു.ഡി.എഫ്. സർക്കാർ തുടരണേ എന്നു പ്രാർത്ഥിച്ച് പോകുന്നത്...

December 05, 2012

അസൂയക്കു മരുന്നില്ല...


കുറേ അതി വിപ്ലവകാരികൾ ഇറങ്ങിയിട്ടുണ്ട് ഫേസ് ബുക്കിലും ബ്ലോഗിലും മറ്റും. അവരുടെയും വി.മുരളീധരന്റെയും വാക്കുകൾക്ക് ഒരേ നിറം. സി.പി.എം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഗ്നി ശ്രൃംഖല വൻ വിജയമായതു മുതൽ തുടങ്ങിയതാണ് ഈ കൃമികടി.
സി.പി.എം. അടുപ്പു കത്തിച്ചത് പൊങ്കാലയാണു പോലും...!!!
യാഗാഗ്നിയാണു പോലും ആ അടുപ്പുകളിൽ നിന്നും ഉയ്ർന്നത്....!!!
അല്ല മാഷന്മാരെ, നിങ്ങടെയൊക്കെ വീട്ടിൽ രാവിലെ കട്ടഞ്ചായ തിളപ്പിക്കാറില്ലെ? കുറച്ചു കഴിഞ്ഞാൽ അരിയിടാൻ വെള്ളം തിളപ്പിക്കാറില്ലെ?
ഇതൊക്കെ സാധാരണ മനുഷ്യന്മാർ ചെയ്യുന്ന കാര്യങ്ങളാണ്, എല്ലാ വീടുകളിലും. മനുഷ്യന്റെ വിശപ്പു മാറ്റാനുള്ള ആ സ്വാഭാവിക പ്രവർത്തനം നിന്നു പോകാതിരിക്കാനുള്ള പ്രതീകാത്മക സമരം മാത്രമാണു സി.പി.എം. നടത്തിയത്. അടുപ്പു കത്തിക്കുന്നതു മുഴുവൻ പൊങ്കാലയിടാൻ വേണ്ടിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ചേട്ടന്മാർ നാളെ മുതൽ വീട്ടിൽ ഒരു ഇലക്ട്രിക് ഓവനോ കൈനറ്റൈസറോ വാങ്ങി വെക്ക്... അതുപയോഗിക്കാൻ  കറന്റില്ലെങ്കിൽ ഇൻവ്വെട്ടർ വാങ്ങി വെക്ക്.. എന്നിട്ടും പറ്റിയില്ലെങ്കിൽ സോളാർ എനെർജി ഉത്പാദിപ്പിക്ക്...
അതിനും പറ്റിയില്ലെങ്കിൽ രണ്ടു ദിവസം പട്ടിണി കിടക്ക്.. അപ്പോ മനസിലാകും അതു ജനങ്ങൾക്കു വേണ്ടി നടത്തിയ സമരമായിരുന്നു, പൊങ്കാല അല്ലായിരുന്നു എന്ന്.
എന്തായാലും ഞാനാ സമരത്തിൽ അടുപ്പു കത്തിച്ചത് ഒരു ദൈവത്തോടും പ്രാർത്ഥിച്ചോ ഒരു മതത്തിന്റെയും ആചാരപ്രകാരമൊ അല്ല, പക്ഷെ മനസ്സിൽ ഒരു ആഗ്രഹം - നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥന എന്നു വേണേൽ വിളിച്ചോ - ഉണ്ടായിരുന്നു...
ഈ ജനവിരുദ്ധ സർക്കാരുകൾ പണ്ടാരമടങ്ങി പോകണേ എന്ന്...
ദൈവത്തോടല്ല, ഇന്നാട്ടിലെ ജനങ്ങളോട്.. വോട്ടർമാരോട്...

September 23, 2012

അശ്ളീലത്തെ ആര്‍ക്കാണ് പേടി?


ഈയുള്ളവന്റെ  സുഹൃത്തായ ഒരു വനിതാ ഡോക്ടര്‍ ഇന്നലെ ഫെസ്ബുക്കീലെ ഞങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഇട്ട പോസ്ടാണിത്... എന്താണിതിന്റെ അര്‍ഥം? തിയറ്റര്‍ ജീവനക്കാര്‍ തന്നെ പുതിയ ചിത്രങ്ങളെ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്നോ? സ്ഥിരം നായകരുടെ സ്ഥിരം ഫോര്‍മുലകളിലുള്ള ചിത്രങ്ങള്‍ മാത്രമേ കാണാവൂ എന്ന ഒരു ചലച്ചിത്ര സംസ്കാരം ഇവിടെ ഊട്ടിയുറപ്പിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണോ നാം മനസ്സിലാക്കേണ്ടത്?  സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ പലതും വിജയക്കൊടി പാറിക്കുമ്പോള്‍ (പതിരുകളും തരം താണ അനുകരണങ്ങളും ഇല്ലെന്നല്ല) കൊട്ടിഘോഷിച്ചു വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്ന ദയനീയ കാഴ്ചയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണോ ഇത്? 
ഒരിക്കലെങ്കിലും മനസ്സിലെങ്കിലും തെറി പറയാത്തവര്‍ അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല. പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ആളുടെ സാംസ്കാരിക നിലവാരത്തിനും സാഹചര്യത്തിനും അനുസരിച്ച് "ഡോസില്‍ " അല്‍പ്പം മാറ്റം വന്നെന്നു വരാം. സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അന്യായം നടക്കുമ്പോഴും  പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാനെങ്കിലും മനസ്സില്‍ രണ്ടു തെറി പറഞ്ഞെന്നു വരാം. പറയാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും പറയുന്നവരെ "തറ" ആയി ചിത്രീകരിച്ചെന്ന് വരാം. അതുപോലെ ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സിനിമയിൽ കാണുമ്പോൾ അശ്ളീലം ആകുന്നതു മലയാളിയുടെ കപടസദാചാരത്തിന്റെ ലക്ഷണം മാത്രമാണ് . 
സുരേഷ് ഗോപി പറഞ്ഞതിന് ശേഷം അമേദ്യം നമുക്കൊരു അശ്ളീലമല്ലാതെയായല്ലോ.. ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ട് ഷിറ്റും അശ്ളീലമല്ല. ഇത്തരത്തില്‍  സൂപ്പർ താരങ്ങളോടുള്ള അന്ധമായ ആരാധനയുടെ ഫലമായി മലയാളി പല തെറികളും അശ്ലീല നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ അതെല്ലാം തന്നെ മലയാളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന് ആരൊക്കെയോ പേരിട്ട ചിത്രങ്ങളില്‍ കാണുമ്പോള്‍ അവനു അരോചകവും കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്തതും ആകുന്നു.സില്‍ക്കും അനുരാധയും മറ്റും രംഗമൊഴിയുന്നതിനു മുന്‍പ്  അന്നത്തെ കുടുംബങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിരുന്ന ചിത്രങ്ങളില്‍ കഥ യാതൊരു തരത്തിലും ആവശ്യപ്പെടാതെ തന്നെ  കുത്തിനിറച്ചിരുന്ന കാബറെ ഡാന്‍സ്‌ ഇന്നത്തെ ചിത്രങ്ങളില്‍ കാണാറില്ലല്ലോ? (ഐറ്റം നമ്പര്‍ എന്ന് പേര് മാറ്റി അവ കാണിക്കാറുണ്ടെങ്കില്‍ തന്നെ അത് സൂപ്പര്‍താര കുടുംബ ചിത്രങ്ങളില്‍ മാത്രമാണ്.  അവയൊന്നും കുടുംബമായി കാണരുതെന്ന് ഒരു തിയറ്റര്‍കാരും സാരോപദേശം കൊടുക്കുന്നതായി അറിഞ്ഞില്ല.)
മോഹൻലാൽ നിരവധി മീശപിരി ചിത്രങ്ങളിൽ പറയുന്ന സന്ദർഭം ആവശ്യപ്പെടാത്ത അശ്ളീല വാക്കുകൾ മലയാളിക്ക് പ്രശ്നമില്ല... ഉദാഹരണം :"ഗാപ്പ്" - താണ്ഡവത്തിൽ,  രതീഷിന്റെ കഥാപാത്രത്തെ  "എം.പി." എന്നതിനു "മ.പു".എന്നു ഇനീഷ്യൽ വിളിക്കുന്നത് -  രാവണപ്രഭുവിൽ, നരസിംഹത്തിലെ "ഡ്രൈവിങ് സ്കൂൾ" എന്ന പ്രയോഗം... എന്തിനധികം? റൺ ബേബി റണ്ണിൽ "അമ്മിഞ്ഞ തട്ടരുത്" എന്നു പറയുന്നത്.... ഇങ്ങനെ നിരവധി സന്ദർഭങ്ങൾ. ഇതെല്ലാം കാണുമ്പോള്‍ ആരാധകര്‍ കയ്യടിക്കും, വിസിലടിക്കും... മോഹന്ലാലിനൊക്കെ എന്തും പറയാമല്ലോ.. സൂപ്പര്‍ താരമല്ലേ?
പിന്നെ ദിലീപ് നായകനായ നിരവധി ചിത്രങളിൽ നായകനും നായകന്റെ കൂട്ടുകാരനായി വരുന്ന സലിം കുമാറിനെ പോലുള്ള നിരവധി ഉപഗ്രഹങ്ങളും നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ കുട്ടികൾക്കൊപ്പം ആർത്തു ചിരിച്ചു ആസ്വദിക്കുന്നു  മലയാളി. മിസ്ടര്‍ മരുമകനും മായാമോഹിനിയുമൊക്കെ തകര്‍ത്തോടുന്നു... അതിലെയെല്ലാം സംഭാഷണങ്ങള്‍ നമുക്ക് അശ്ളീലമല്ല, വെറും തമാശ മാത്രം. 
എങ്കില്‍ പിന്നെ ന്യൂ ജനറേഷൻ എന്നു പറയപ്പെടുന്ന, ഇന്നത്തെ വ്യവസ്ഥാപിതമായ ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സംഭാഷണവും അവതരണ രീതിയും ഉള്ള വ്യത്യസ്ഥമായ  ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന പച്ചയായ ജീവിതം, കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ എന്തിനാണീ ചൊറിചിൽ? തേന്മാവിൻ കൊമ്പത്തിൽ ശ്രീനിവാസനും കല്യാണരാമനിൽ സലിം കുമാറും പറഞ്ഞ ശരീരഭാഗത്തിന്റെ പേർ ട്രിവാൻഡ്രം ലോഡ്ജിൽ ജയസൂര്യ ഒരു പെണ്ണിനെ നോക്കി പറഞ്ഞാൽ എന്താണു പ്രശ്നം? ആര്‍ക്കാണ് പ്രശ്നം?
വാല്‍ :  എന്തായാലും കുടുംബസദസ്സുകളില്‍ തകര്‍ത്തോടുന്ന കണ്ണീര്‍ പരമ്പരകളില്‍ വരുന്നത്രയും അവിഹിത ഗര്‍ഭങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഉണ്ടെന്നു തോന്നുന്നില്ല.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം