ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 30, 2014

വിക്രമാദിത്യനും അനൂപ് മേനോനും സൂപ്പർ താരങ്ങളും

വിക്രമാദിത്യൻ കണ്ടു. ഇഷ്ടപ്പെട്ടു.
ഇതു പക്ഷെ ഒരു നിരൂപണമൊന്നും അല്ല. ഉദ്ദേശിച്ച കാര്യത്തിലേക്കെത്തും മുൻപു പടത്തെ കുറിച്ച്...
വ്യക്തിപരമായി നോക്കിയാൽ ഡോ. ഇഖ്ബാൽ കുറ്റിപ്പുറം, ഡോ. മനു മഞ്ജിത് എന്നീ ഹോമിയോപ്പതി ഡോക്ടർമാർ കഥയും കവിതയും രചിച്ച, ഒരു പ്രധാന കഥാപാത്രം - ജോയ് മാത്യു അവതരിപ്പിച്ച ഡോ.പൈ - ഹോമിയോപ്പതി ഡോക്ടർ ആയ, ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങൾ ഉള്ള ചിത്രമാണു വിക്രമാദിത്യൻ. അതൊക്കെ സ്വകാര്യമായി അഭിമാനിക്കാം എന്നല്ലാതെ ഒരു സിനിമ എന്ന രീതിയിലുള്ള ആസ്വാദനത്തെ ബാധിക്കുന്നതിൽ എനിക്കു താല്പര്യമില്ല. പക്ഷെ നല്ല സിനിമയെ "സുഹൃത്തുക്കളുടെ സിനിമയെയും ഞാൻ കുറ്റം പറഞ്ഞു" എന്നു ജാട കാണിക്കാനായി മോശം സിനിമ എന്നെഴുതാൻ വയ്യല്ലോ. ഫേസ്ബുക്കിൽ പല നിരൂപകന്മാരും പലതും പറയുന്നുണ്ട്. അതവരുടെ കാര്യം. പക്ഷെ എനിക്കെന്തായാലും ഇഷ്ടപ്പെട്ടു, നമ്മളത്ര വലിയ ബുദ്ധിജീവിയൊന്നും അല്ലാത്തതുകൊണ്ടായിരിക്കും.
മനസ്സിൽ ഒരു പോരായ്മയും തോന്നിയില്ല എന്നല്ല. ക്ലൈമാക്സ് പൂർണമായങ്ങു ദഹിച്ചു എന്നൊന്നും പറയുന്നില്ല, പിന്നെ ഇടക്ക് ഒന്നു രണ്ടിടത്ത് ഈ കഥയിൽ ഇങ്ങനെ നടന്നിരുന്നെങ്കിൽ അങ്ങനെ ആവുമായിരുന്നില്ലേ, അങ്ങനെ നടന്നിരുന്നില്ലെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ എന്നൊക്കെ തോന്നി. അതിപ്പോ ഭൂതക്കണ്ണാടി വെച്ചു കുറ്റം കണ്ടുപിടിക്കാനല്ലല്ലോ സിനിമ കാണുന്നത്. ആ ചോദ്യങ്ങളൊക്കെ അവിടെ തന്നെ ഇരിക്കട്ടെ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി എന്നു തന്നെ പറയാം. ദുൽഖറിന്റെ അഭിനയം എടുത്തു പറയാം. ഉണ്ണി മുകുന്ദനും അനൂപ് മേനോനും ലെനയും ഒന്നും മോശമാക്കിയില്ല. നായിക നമിത പ്രമോദ് മുൻ ചിത്രങ്ങളോളം നന്നായി എന്നു തോന്നിയില്ല. മനുവിന്റെ പാട്ടും - അന്തിച്ചോപ്പിൽ രാവും പകലും ചേരും പോലെ.... വിക്രമാദിത്യൻ - മറ്റു പാട്ടുകളും കുഴപ്പമില്ല. പക്ഷേ എന്തോ, മനുവിന്റേതൊഴികെയുള്ളവയൊന്നും ഓർമ്മയിൽ നിൽക്കാത്തതുപോലെ (അതുമാത്രം ഓർക്കാൻ ശ്രമിക്കുന്നതുകൊണ്ടായിരിക്കും) ഒരു എന്റർടെയിനർ എന്ന നിലയിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാതെ, വളച്ചുകെട്ടും ഏച്ചുകെട്ടും ഇല്ലാതെ, കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ കഴിയാത്ത അശ്ലീല - ദ്വയാർത്ഥ പ്രയോഗങ്ങൾ വാക്കിലും നോക്കിലും ഇല്ലാത്ത, നേരെ ചൊവ്വേ കഥ പറഞ്ഞു പോയ ഒരു ചിത്രം. അതുകൊണ്ടു തന്നെ പണം മുടക്കി പടം കാണാൻ വരുന്നവർക്ക് കാശു പോയി എന്നു പറയാതെ തീയറ്ററിൽ നിന്നിറങ്ങിവരാവുന്ന, ഇഖ്ബാൽ ഡോക്ടറുടെയും ലാൽ ജോസിന്റെയും ഭൂരിപക്ഷം മുൻചിത്രങ്ങളെയും പോലെ ഒരു നല്ല ചിത്രം.

സിനിമയുടെ കാര്യം അവിടെ നിൽക്കട്ടെ, അതു വിജയിക്കും ഉറപ്പ്. എനിക്കീ പടം കണ്ടപ്പോൾ മനസ്സിൽ നിന്നു പോകാത്തത് അനൂപ് മേനോന്റെ (ഉണ്ണി മുകുന്ദന്റെ) അച്ഛൻ കഥാപാത്രമാണ്. മലയാളത്തിൽ അച്ഛനാകാൻ ആളെ കിട്ടാഞ്ഞിട്ടൊന്നും അല്ലല്ലോ യുവാവായ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അനൂപ് മേനോനെ പിടിച്ച് അച്ഛനാക്കിയത്. അതിനു തയ്യാറായ സംവിധായകൻ ലാൽ ജോസും അഭിനയിക്കാൻ തയ്യാറായ അനൂപ് മേനോനും അഭിനന്ദനമർഹിക്കുന്നു. അത് ഇന്നു നിലനിൽക്കുന്ന സൂപ്പർതാര വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളി തന്നെയായി കണക്കാക്കാമോ? കാരണം, ഇന്നത്തെ സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും മുൻപ് നായക കഥാപാത്രങ്ങളിൽ വന്നു തുടങ്ങിയ കാലത്ത് അവരുടെയും സമകാലികരായിരുന്ന രതീഷ്, രാജ്കുമാർ, സുകുമാരൻ തുടങ്ങിയവരുടെയുമൊക്കെ അച്ഛന്റെയോ ചേട്ടന്റെയോ ഒക്കെ റോളുകളിൽ മുൻ കാല നായികമാരായിരുന്ന ശ്രീവിദ്യ, കെ.ആർ.വിജയ തുടങ്ങിയവരുടെ ജോടിയായി അഭിനയിക്കാൻ അതിനു തൊട്ടു മുൻപുള്ള കാലഘട്ടത്തിലെ – ആ കാലഘട്ടത്തിലെ തന്നെയും - സൂപ്പർതാരങ്ങളായിരുന്ന പ്രേം നസീറും മധുവും തയ്യാറായിരുന്നു. പക്ഷെ ഇന്നോ? തങ്ങൾ സൂപ്പർതാരമായ ശേഷം ഒന്നോ രണ്ടോ തലമുറ നായകന്മാർ വന്നു പോയിട്ടും മമ്മുട്ടിക്കും മോഹൻലാലിനും ഒരു കുലുക്കവുമില്ലെന്നു മാത്രമല്ല, അവർ കൂടുതൽ കൂടുതൽ അഴകിയ രാവണന്മാരാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടം തുടർച്ചയായി പൊട്ടുന്നതൊന്നും അവർക്കൊരു പ്രശ്നമേ അല്ല. മകന്റെ ചിത്രം ഹിറ്റ് ആകുമ്പോൾ പിതാവ് യുവകോമളനായി നിറഞ്ഞാടുന്ന പന്ത്രണ്ടാം പടവും (മംഗ്ലീഷ് എന്തായോ എന്തോ). പൊട്ടാൻ പോകുന്നെന്നാണു കേൾവി. അതുപോലെ ഫ്രോഡും കൂതറയും പെരുച്ചാഴിയുമായി മറ്റൊരാളും അർമാദിക്കുന്നു. ഇപ്പോഴും മനസ്സിലാക്കിയില്ലെങ്കിൽ ഇനിയെന്നാണിവർ മനസ്സിലാക്കുക? പൃഥ്വീരാജിന്റെയും ദുൽഖറിന്റെയും എല്ലാം അച്ഛന്മാരുടെ റോളിൽ ഇവരൊക്കെ ഒന്നഭിനയിക്കുന്നതു കാണാൻ ഞങ്ങൾ പാവം പ്രേക്ഷകർക്ക് ഈ ജന്മത്തിൽ കഴിയുമോ? അതോ പൃഥ്വിയുടെയും ദുൽഖറിന്റെയും മക്കൾ അഭിനയിച്ചു തുടങ്ങിയാലും ഇതൊക്കെ തന്നെയാകുമോ മലയാള സിനിമയുടെ അവസ്ഥ?



വിക്രമാദിത്യൻ കണ്ട ശേഷം ടി.വി.യിൽ “റെഡ് ചില്ലീസ്” കണ്ടപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഈയിടെയായി – എന്നുവെച്ചാൽ അടുത്ത കാലത്തൊന്നും അല്ല, ഒരു നരസിംഹം ഒക്കെ മുതൽ - മോഹൻലാൽ അഭിനയിക്കുകയാണെന്ന് അതായത് താൻ കഥാപാത്രമല്ല മോഹൻലാലാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താനും ശ്രദ്ധിച്ചുകൊണ്ടാണോ അഭിനയിക്കുന്നത്? ഇടക്കിടെ തിരിഞ്ഞു ക്യാമറയെ നോക്കി ഒരു ചിരിയും (ഒരു പ്രത്യേക ഇളി എന്നു പറയേണ്ടി വരും) ചില പ്രത്യേക മാനറിസങ്ങളും ക്യാമറയിലേക്കു വിരൽ ചൂണ്ടിയോ ചൂണ്ടാതെയോ ഉള്ള തട്ടുപൊളിപ്പൻ ഡയലോഗും എല്ലാം കാണുമ്പോൾ അത് കഥാപാത്രമല്ല, മോഹൻലാൽ എന്ന നടനാണെന്ന് മനസ്സിലാക്കേണ്ടിവന്ന് സിനിമയെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സിനിമ എന്ന മാധ്യമത്തെ ആ രീതിയിൽ കാണാനിഷ്ടപ്പെടുന്ന പ്രേക്ഷകൻ സിനിമയിൽ ശ്രദ്ധിക്കാതെയാകുന്നു. പക്ഷേ മോഹൻലാൽ എന്ന നടനെ മാത്രം ആരാധിക്കുന്ന ലാൽ ഫാനിനു സിനിമ എന്നത് ഒരു പ്രശ്നമേയല്ല. കഥയോ സംവിധാനമോ സംഗീതമോ അല്ല, മോഹൻലാൽ എന്ന നടനാണ്, ആ നടന്റെ/വ്യക്തിയുടെ ഡയലോഗുകളും മാനറിസങ്ങളുമാണ് ആ ഫാനിനു വേണ്ടത്. നേരത്തെ പറഞ്ഞ രീതിയിലുള്ള ലാലിന്റെ ഭാവങ്ങൾ ലാൽ തന്നോടു സംവദിക്കുന്നു എന്ന അബോധമനസ്സിന്റെ തോന്നലിൽ ആ ഫാനിനെ ആവോളം തൃപ്തിപ്പെടുത്തുന്നു. എന്നാൽ കഥാപാത്രത്തെയും സിനിമയെയും ഇഷ്ടപ്പെടുന്നവർ ഇത്തരം ഭാവങ്ങളാൽ ആ നടനിൽ നിന്നും അകലുന്നു.

ഞാൻ ഉദ്ദേശിച്ച കാര്യം എഴുതിയെത്തിക്കാൻ കഴിഞ്ഞോ എന്നെനിക്കറിയില്ല. ഒരുദാഹരണം പറഞ്ഞാൽ ലാലിന്റെ ഇത്തരം മാനറിസങ്ങളും ഭാവങ്ങളും ഇല്ലാതെ പൂർണമായും കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ദൃശ്യം. ആ ചിത്രം വിജയിക്കാൻ അതും ഒരു വലിയ ഘടകമായിരുന്നു എന്നു തോന്നുന്നു. മോഹൻലാൽ എന്ന വലിയ നടന്റെ ദൃശ്യത്തിലെ കഥാപാത്രത്തെ മോഹൻലാൽ എന്ന നടനായല്ലാതെ കഥാപാത്രമായി തന്നെ കാണാനും അതുവഴി സിനിമയെ പൂർണമായും ഉൾക്കൊണ്ടു കാണാനും പ്രേക്ഷകർക്കായി. മാത്രമല്ല, ദൃശ്യം ആ നടന്റെ പ്രായത്തിനു യോജിച്ച വേഷമായിരുന്നു. നേരത്തെ സൂചിപ്പിച്ച നസീറിനും മധുവിനുമൊപ്പം ശ്രീവിദ്യയും കെ.ആർ.വിജയയുമൊക്കെ അഭിനയിച്ച രീതിയിൽ ലാലിനു ഏറ്റവും യോജിച്ച നായികയായിരുന്നു മീനയും.
ഇത്തരത്തിൽ കാലത്തിനും പ്രായത്തിനും ഇണങ്ങിയ കഥാപാത്രങ്ങളോടെ മലയാള സിനിമയിൽ ഇനിയുമൊരുപാടു വർഷങ്ങൾ നിറഞ്ഞു നിൽക്കാനുള്ള വീണ്ടുവിചാരം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ മനസ്സിൽ സൃഷ്ടിക്കാൻ വിക്രമാദിത്യനിലെ അനൂപ് മേനോന്റെ അച്ഛൻ കഥാപാത്രത്തിനു കഴിയട്ടെ എന്ന് താരങ്ങൾക്കൊപ്പം സിനിമയെയും സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രത്യാശിക്കുന്നു. അതോടൊപ്പം ഇത്തരമൊരു ചിന്തക്കു വഴിമരുന്നിട്ട ശ്രീ.ലാൽ ജോസിനും അനൂപ് മേനോനും ഇനിയും നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെയെന്നും ഇഖ്ബാൽ ഡോക്ടർക്കും മനുവിനും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.

December 01, 2013

മതസൗഹാർദ്ദ നാടകങ്ങൾ

 മതസൗഹാർദ്ദ സമ്മേളനങ്ങൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വേഷമണിഞ്ഞ് കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികളുടെയും കൃഷ്ണവേഷമണിഞ്ഞ കുട്ടിയെ എടുത്തുനിൽക്കുന്ന പർദ്ദധാരിണിയുടെയും എല്ലാം നിരവധി ഫോട്ടോകൾ ഫേസ്ബുക്കിൽ കറങ്ങിനടക്കുന്നുണ്ട്, മതസൗഹാർദ്ദത്തിന്റെ മൊത്തവിതരണക്കാരായി. പുറംമോടിയിലും വേഷവിധാനത്തിലും മത്സരത്തിനായുള്ള വേഷംകെട്ടലിലുമാണോ മതസൗഹാർദ്ദം? അതു മനസ്സിൽ നിന്നും ഉടലെടുക്കേണ്ട ഒരു ചിന്താഗതിയല്ലേ?
ഒരു യോഗത്തിൽ വിവിധ മതങ്ങളുടെ പുരോഹിതന്മാർ അല്ലെങ്കിൽ മത - ജാതി സംഘടനകളുടെ നേതാക്കൾ വന്ന് സ്വന്തം മതത്തിന്റെ ഗുണങ്ങൾ വാഴ്ത്തുന്നതിനിടയിൽ പുട്ടിനു തേങ്ങയിടുന്നതു പോലെ മറ്റു മതങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോൾ അതിനു പുട്ടുപോലെ അരിപ്പൊടിയും തേങ്ങയും ചേരുന്നതിന്റെ ഒരു സ്വാദുണ്ടാകും എന്നതു ശരിതന്നെ. ആ സ്വാദ് ഒരു പരിധി വരെ മതസൗഹാർദ്ദവാദികളെ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഈ മതമേധാവികളും നേതാക്കളും അതിനുശേഷം സ്വന്തം മതത്തിന്റെ മാത്രമായ യോഗത്തിലും ക്ലാസിലും പ്രാർത്ഥനയിലും പങ്കെടുക്കുമ്പോൾ അവിടെ അരിപ്പൊടി മാത്രമേ ഉണ്ടായിരിക്കൂ, തേങ്ങ ഉണ്ടാവില്ല. അതിനു സ്വാദു കുറവാണെങ്കിലും മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസത്തിന്റെയും സ്വാദിഷ്ടമായ കറിയിൽ പൊതിഞ്ഞുകൊടുക്കുന്നതു കൊണ്ടും വിശ്വാസികളുടെ മനസ്സിലെ ഭീതി, ഭക്തി, മരണാനന്തരജീവിതത്തോടുള്ള പ്രതീക്ഷ ഇത്യാദി വികാരങ്ങൾ കൊണ്ടും അവർ തൊണ്ട തൊടാതെ വിഴുങ്ങുന്നത് ഈ തേങ്ങ ചേർക്കാത്ത പലഹാരമായിരിക്കും. അതിനാൽ  ആദ്യം മതസൗഹാർദ്ദ വേദിയിൽ നിന്നു ലഭിച്ചത് ഒരിക്കലും പ്രയോഗത്തിൽ വരാതെ പോകുന്നു.
അന്യമതങ്ങൾക്കെതിരെ വിഷം വമിക്കുന്ന പ്രസംഗം നടത്തി ഹിന്ദുമത വിശ്വാസികളിൽ ആ മതങ്ങൾക്കെതിരെ വെറുപ്പു സൃഷ്ടിക്കുന്നതിൽ ഇന്നു കേരളത്തിൽ മുന്നിൽ നിൽക്കുന്ന ഒരു സ്ത്രീയെ ഒരു മുസ്ലിം സംഘടനയുടെ വേദിയിൽ വിളിച്ചു പ്രസംഗിപ്പിച്ചാൽ നാളെ മുതൽ ഇവിടുത്തെ എല്ലാ വർഗീയ ചിന്താഗതികളും ഇല്ലാതാകുമെന്നാണോ? ഹിന്ദുമതത്തിന്റെ പ്രതിനിധിയായി ആണോ ആ സ്ത്രീയെ വിളിച്ചിട്ടുള്ളത്? ആരാണവരെ ഹിന്ദുമതത്തിന്റെ പ്രതിനിധി ആക്കിയത്? അവരുടെ അതേ ചിന്താഗതി ഉള്ളവരല്ലല്ലോ കേരളത്തിലെ 99% ഹിന്ദുക്കളും. ഇന്നു കേരളത്തിൽ നിലവിലുള്ള മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ വിളിച്ചു പ്രസംഗിപ്പിച്ച് നാളെ മുതൽ മതസൗഹാർദ്ദം ശക്തിപ്പെടുത്താം എന്നു പറയുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? ആ വേദിയിൽ കയ്യടി കിട്ടാനായി തന്റെ വാക്ചാതുരി നിറം മാറ്റി ഉപയോഗപ്പെടുത്തിയാലും അതിനു ശേഷമുള്ള യോഗങ്ങളിലെല്ലാം അവർ പഴയ പടി ആവില്ലെന്നു ഇതിന്റെ സംഘാടകർക്കുറപ്പുണ്ടോ? ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന സമയം കൊണ്ട് അവരെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മുഴുവൻ നീക്കി, വിഷപ്പല്ല് എടുത്തുകളഞ്ഞ് കറകളഞ്ഞ മതേതരയാക്കിക്കളയാം എന്നാണോ അവർ ധരിച്ചു വശായിട്ടുള്ളത്? ആ വേദിയിൽ നിന്ന് ലഭിക്കുന്ന മതസൗഹാർദ്ദത്തിന്റെ മേലങ്കി അവിടെ നിന്നിറങ്ങി തിരിച്ചുപോകുന്ന വഴിയിലെ ഏതെങ്കിലും മാലിന്യക്കൂമ്പാരത്തിൽ അവർ നിക്ഷേപിക്കും എന്നതല്ലേ സത്യം?
 ഓരോ മതങ്ങളും കൂടുതൽ കൂടുതൽ പരസ്പരം വിദ്വേഷം പുലർത്തുക എന്നതാണ് ജാതി-മത സംഘടനകളുടെ നേതാക്കൾക്ക് കഞ്ഞികുടിച്ചു ജീവിക്കാനുള്ള പ്രധാന മാർഗം എന്നത് അരക്കിട്ടുറപ്പിക്കുന്ന കാര്യം മാത്രമാണ് ഇതു പോലുള്ള പൊറാട്ടുനാടകങ്ങൾ. അതിനായി അവർ എന്നും പരസ്പരധാരണയിലും ഇണപിരിയാത്ത സൗഹൃദത്തിലുമാണു പ്രവർത്തിക്കുന്നത്. കണ്ടു നിൽക്കുന്ന സാധാരണക്കാരായ വിശ്വാസികൾ എന്തറിയുന്നു. 
ഇതുപോലുള്ള കാളകൂടങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക എന്നതു മാത്രമാണ് മതസൗഹാർദ്ദം ഊട്ടിവളർത്താനുള്ള ഒരേയൊരു മാർഗം. അന്യനെ സ്നേഹിക്കാനറിയാവുന്ന യഥാർത്ഥ വിശ്വാസികളാണ് കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ അവകാശികളും ഉടമസ്ഥരും. അതവർ നന്നായി മനസ്സിലാക്കുന്നതു കൊണ്ടു തന്നെയാണ് ശശികലയെപോലുള്ളവർ ഇന്നുമിവിടെ ന്യൂനപക്ഷമായി അവശേഷിക്കുന്നത്. അവർക്ക് അതിനുള്ള നിശ്ശബ്ദമായ പിൻബലം നൽകുന്നത് അവിശ്വാസികളെന്ന് മുദ്രകുത്തി മതത്തിന്റെ മൊത്തക്കച്ചവടക്കാർ ശത്രുപക്ഷത്ത് നിർത്തുന്നവരാണ്. എല്ലാ മതങ്ങളിലെയും തീവ്രചിന്താഗതിക്കാർ പരസ്പരം പടവെട്ടുന്നതിലുപരിയായി കായികമായി ഇല്ലായ്മ ചെയ്യുന്നത് ഈ "അവിശ്വാസി"കളെയാണെന്ന് ആനുകാലിക സംഭവവികാസങ്ങൾ വെളിവാക്കുന്നു. കാരണം പ്രത്യക്ഷത്തിൽ അന്യമതങ്ങളെ ശത്രുക്കളായി പ്രചരിപ്പിക്കുമ്പോഴും ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന വർഗീയശക്തികൾക്ക് ആ ലക്ഷ്യത്തിനു യഥാർത്ഥ വിഘാതമായി നിൽക്കുന്നത് ഈ "അവിശ്വാസി"കളാണല്ലോ...
അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും

September 26, 2013

വെളുപ്പും ചുവപ്പും


അന്ന്,
ആ പ്രവേശനകവാടത്തിന്റെ നേരേ,
ഒരു കൊടിയുണ്ടായിരുന്നു...
വെള്ള നിറത്തിന്റെ നൈർമല്യവുമായി.

ചുറ്റും പല കൊടികൾ വന്നുപോയി,
ചിലത് ഒറ്റക്കായിരുന്നു,
മറ്റു ചിലത് കൂട്ടിക്കെട്ടിയ കീറത്തുണികൾ പോലെ
ദിശയില്ലാത്തവയായിരുന്നു
എന്നിട്ടും
ആശയമില്ലാത്ത കുടിലചിന്തകളുടെ
തേരിലേറിയ വിജയങ്ങൾ
സത്യത്തെ കളിയാക്കിച്ചിരിച്ചപ്പോൾ
അവ ഉയരങ്ങളിൽ പറന്നു
അപ്പോഴും,
പ്രവേശനകവാടത്തിന്റെ നേരേ,
ആ കൊടിയുണ്ടായിരുന്നു...
വെള്ള നിറത്തിന്റെ നൈർമല്യവുമായി.

അനിവാര്യമായ അന്ത്യത്തിൽ
വിജാതീയ ധ്രുവങ്ങൾ
കാന്തിക നിയമത്തിനു
പുതിയ വകഭേദം തീർത്തപ്പോൾ
പലനിറങ്ങൾ വെള്ള മാത്രമല്ല,
ഇരുട്ടുമുണ്ടാക്കുമെന്ന പുതിയ
വെളിച്ചം അവിടമെങ്ങും പരന്നിരുന്നു,
പലവട്ടം.
അപ്പോഴൊക്കെയും
പ്രവേശനകവാടത്തിന്റെ നേരേ,
ആ കൊടിയുണ്ടായിരുന്നു...
വെള്ള നിറത്തിന്റെ നൈർമല്യവുമായി.

വർഷങ്ങൾ ഒരുപാടു കടന്നു നീങ്ങി
ടൈൽസ് ഇട്ട നിലം
നിറം മാറിയ ചുവരുകൾ
മാറി വന്ന മുഖങ്ങൾ
പക്ഷെ,
പ്രവേശനകവാടത്തിന്റെ നേരേ,
ആ കൊടി ഇന്നുമുണ്ട്..
വെള്ള നിറത്തിന്റെ നൈർമല്യവുമായി.

ഇനിയുമൊരുപാടു കൊടികൾ
ഈ വഴി വരും
ചതിയുടെ നീല നിറവുമായി
ഇരുട്ടിന്റെ മറവിൽ ആദ്യം ഒറ്റക്കും,
അവിശുദ്ധവേഴ്ചയുടെ
മൂടിയ മുഖവുമായി
സ്വാർത്ഥതയുടെ മനസുകളിൽ ഒളിപ്പിച്ച
വിഷച്ചെപ്പുകളുമായി പിന്നീട് ഒന്നിച്ചും.

ഒരിളംകാറ്റിൽ അവ ഒരൽപ്പം
ഉയർന്നുപറന്നേക്കാം
പക്ഷെ,
സത്യം ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോൾ
വിജാതീയ ധ്രുവങ്ങൾ
ആകർഷണം മറക്കുമ്പോൾ
കൂട്ടിക്കെട്ടിയ കീറത്തുണികൾ
വീണ്ടും ഇരുട്ടിന്റെ, അവഗണനയുടെ
ചവറ്റുകുട്ടകളിൽ ദുർഗന്ധം വമിപ്പിക്കും.
അന്നും
പ്രവേശനകവാടത്തിന്റെ നേരേ,
ആ കൊടി പാറിപ്പറക്കും..
വെള്ള നിറത്തിന്റെ നൈർമല്യവുമായി.

കാരണം
അതിലൊരു നക്ഷത്രമുണ്ട്
ഹൃദയത്തോടു ചേർത്ത് നിറം പകർന്ന
ഒരു ചുവന്ന നക്ഷത്രം
 
(എന്നിലെ ചുവപ്പിനെ തേച്ചുമിനുക്കിയ ക്യാമ്പസിന്...)

September 02, 2013

വയസ്സിലെ കുരുക്ക്

ഡോക്ടർമാരോടും വക്കീലന്മാരോടും നുണ പറയരുതെന്നാ പ്രമാണം. പക്ഷേ...

**********************************************************
ഡോക്ടർ : പേര്?
രോഗി(ണി) : ------
ഡോക്ടർ : വയസ്സ്?
രോഗി(ണി) : 21
ഡോക്ടർ : എന്താ പ്രശ്നം?
രോഗി(ണി) : പള്ള കാളിച്ച
ഡോക്ടർ : എത്ര കാലമായി തുടങ്ങിയിട്ട്?
രോഗി(ണി) : പത്തു കൊല്ലത്തിലധികമായി
ഡോക്ടർ : ഓ, അപ്പോ ചെറിയ ക്ലാസിൽ പഠിക്കുമ്പോ തന്നെ തുടങ്ങിയിരുന്നു, അല്ലേ?
രോഗി(ണി) : ഇല്ല, ആദ്യത്തെ പ്രസവത്തിന്റെ ശേഷം തുടങ്ങിയതാ..
ഡോക്ടർ : (ഒന്നു വാ പൊളിച്ചിരുന്ന ശേഷം) 11 വയസ്സിലാണോ പ്രസവിച്ചത്?
രോഗി(ണി) : (ചിരി മാത്രം)

കൂടെ വന്ന ഉമ്മ : ഡോക്ടറെ, ഓൾക്ക് 31 വയസായിക്കിണ്...
(രോഗിയോട്) ഇജ്ജെന്തിനാടീ ബയസ്സ് കൊറച്ച് പറീന്നത്? ഇബടാരെങ്കിലും അന്നെ പെണ്ണ് കാണാൻ ബന്നിക്കിണാ?

************************************************************
മരുന്നു കൊടുത്ത ശേഷം
ഉമ്മ : ഡോക്ടറെ, ഇനിക്കും കാണിച്ചണം...
ഡോക്ടർ : പേര്?
ഉമ്മ : ‌---------
ഡോക്ടർ : വയസ്സ്?
ഉമ്മ : 40

************************************************************
പക്ഷേ, വയസ്സു ചോദിച്ചാൽ ഡോക്ടർമാരോടും ധൈര്യമായി നുണ പറയാം.

August 13, 2013

നിഷ്പക്ഷരോട്...

ചിലർക്കൊക്കെ ഒരു വിചാരമുണ്ട്, ഈ സഖാക്കൾ എന്നു വെച്ചാൽ സമരം ചെയ്യാനും പോലീസിന്റെ തല്ലു കൊള്ളാനും മാത്രം ജനിച്ച യന്ത്രങ്ങളാണെന്ന്. ഇന്നേ വരെ ഒരു സഖാവും സമരം ചെയ്തിട്ടുള്ളതും തല്ലു കൊണ്ടിട്ടുള്ളതും ബിരിയാണി വാങ്ങി തിന്നാനോ സർക്കാരിന്റെ പത്തു സെന്റു സ്ഥലം  സ്വന്തം പേരിൽ പതിപ്പിച്ചു വാങ്ങി അവിടെ മണിമാളിക പണിയാനോ കാറു വാങ്ങി ചെത്തി നടക്കാനോ കെട്ടിയോൾക്ക് പത്തു പവന്റെ മാല വാങ്ങിക്കൊടുക്കാനോ അല്ല, ഈ നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ പരിഹരിക്കാനും അധികാരവർഗത്തിന്റെ തെറ്റായ തീരുമാനങ്ങൾ ഇല്ലാതാക്കാനും കള്ളന്മാരായ ഭരണകർത്താക്കളെ നിഷ്കാസനം ചെയ്യാനും തന്നെയാണ്.
ഇപ്പോൾ ചിലർ ചോദിക്കുന്നു, എന്തിനു സമരം നിർത്തി? രണ്ടു ദിവസം കൂടി തുടരാമായിരുന്നില്ലേ എന്ന്...
നിങ്ങൾ എന്തു കരുതി? ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാരൊക്കെ പ്രതികരണ തൊഴിലാളികൾ ആണെന്നോ? നിങ്ങൾ ജോലി ചെയ്ത് പണമുണ്ടാക്കി സുഖിക്കുമ്പോൾ, പൊരിവെയിലിൽ നിങ്ങൾക്കു വേണ്ടി സമരം ചെയ്യാൻ നിങ്ങൾ കൂലിക്കെടുത്ത തൊഴിലാളികളാണോ ഇടതുപക്ഷ പ്രവർത്തകർ? എന്നിട്ടും നിങ്ങളുടെ ആട്ടും തുപ്പും കേട്ടു കഴിയുകയും വേണം. എന്നെങ്കിലും ഇടതു പക്ഷം നല്ലതെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടോ? ഇനി പറയുമോ?

അതവിടെ നിൽക്കട്ടെ. സമരത്തിലെ രണ്ട് ആവശ്യങ്ങളിൽ ഒരെണ്ണം - ജുഡീഷ്യൽ അന്വേഷണം - നടപ്പായതു കൊണ്ടും, സമരത്തെ പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ചും കിരാത നിയമങ്ങൾ അടിച്ചേൽപ്പിച്ചും ദ്രോഹിച്ച് പിന്തിരിക്കാമെന്ന സർക്കാരിന്റെ വ്യാമോഹം നടക്കില്ലെന്നു തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റ് പോലും പൂട്ടിയിട്ട് മുട്ടു മടക്കിയതു കൊണ്ടും ഇതു വിജയം തന്നെയാണ്. പിന്നെ രാജി, അത് വെച്ചാലും വെച്ചില്ലെങ്കിലും ജനമനസ്സിൽ ഉമ്മൻ ചാണ്ടി പരമാവധി നാറിക്കഴിഞ്ഞു. ഇനി ആ വിഴുപ്പു ചുമക്കുന്തോറും കോൺഗ്രസ് പാർട്ടി നാറിക്കൊണ്ടിരിക്കും. അതില്ലാതാക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്വമായി കോൺഗ്രസിലുള്ളവർക്കു തോന്നുന്നെങ്കിൽ നിങ്ങൾ ആവശ്യമായതു ചെയ്യുക. ഇല്ലെങ്കിൽ കോൺഗ്രസിനു ചരമഗീതം പാടാൻ തയ്യാറെടുക്കുക.

ഉപരോധം താൽക്കാലികമായി പിൻവലിച്ച കാര്യത്തിൽ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പരിഹസിക്കുന്നവരോട് ചില ചോദ്യങ്ങൾ...
1. നിങ്ങൾ ഉമ്മൻ ചാണ്ടിയെ പിന്തുണക്കുന്ന ആളാണോ? ഉമ്മൻചാണ്ടി സോളാർ വിഷയത്തിൽ ഒരു തട്ടിപ്പും ചെയ്തിട്ടില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നോ?
(അതെയെങ്കിൽ നിങ്ങൾ ആ കോടികളുടെ പങ്കിനായി ശ്രമിക്കുക. ചിലപ്പോൾ വല്ലതും തടഞ്ഞേക്കും. കൂടുതലൊന്നും ചോദിക്കാനില്ല, ബാക്കി ജനങ്ങൾ ചോദിച്ചോളും)
2. അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ രാജിക്കായി / അഴിമതി പുറത്തു കൊണ്ടു വരാനായി നിങ്ങൾ എന്തു ചെയ്തു?
3. സി.പി.എം. സമരം ചെയ്യുന്നതു തെറ്റാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെ ഈ അഴിമതി പുറത്തു കൊണ്ടു വരാനും പ്രതികളായ ഭരണ വർഗത്തെ തുറുങ്കിലടക്കാനും നിങ്ങൾക്കെന്തു നിർദേശമാണു മുന്നോട്ടു വെക്കാനുള്ളത്?
4. സി.പി.എം. സമരം കുറച്ചു ദിവസം കൂടി മുന്നോട്ടു കൊണ്ടു പോയിരുന്നെങ്കിൽ നിങ്ങൾ കൂടി അതിന്റെ ഭാഗമായിരുന്നോ?
5. ഈ സമരത്തിലൂടെ ഉമ്മൻചാണ്ടി രാജി വെച്ചിരുന്നെങ്കിൽ നിങ്ങൾ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുമായിരുന്നോ?

യു.ഡി.എഫ്. എന്തു തട്ടിപ്പു കാണിച്ചാലും "എല്ലാം കണക്കാ" എന്നു പറഞ്ഞു രാഷ്ട്രീയക്കാരെ മുഴുവൻ കുറ്റം പറയും. അതിനെതിരെ എൽ.ഡി.എഫ്. സമരമോ പ്രതിഷേധമോ നടത്തിയാൽ "അവർ അക്രമികൾ" എന്നു പുച്ഛിക്കും. എൽ.ഡി.എഫിനെതിരായി എന്തെങ്കിലും ആരോപണം വന്നാൽ ഉടൻ യു.ഡി.എഫിനനുകൂലമായി രംഗത്തിറങ്ങും.. ഇതാണിവിടുത്തെ നിഷ്പക്ഷത്തിന്റെ എന്നത്തെയും നിലപാട്.. (അതിനു നിലപാട് എന്ന പേരു വിളിക്കാമെങ്കിൽ).

കേരളത്തിൽ ജനങ്ങൾക്കു വേണ്ടി എന്നെങ്കിലും എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്വന്തം ലാഭം മുന്നിൽ കാണാതെ ശബ്ദമുയർത്തിയിട്ടുണ്ടോ ഈ നിഷ്പക്ഷ വിമർശകർ? ഒരിക്കലെങ്കിലും തെരുവിലിറങ്ങിയിട്ടുണ്ടോ? ശബ്ദമുയർത്തുന്നവനെയും തെരുവിലിറങ്ങുന്നവനെയും വിമർശിക്കലും പരിഹസിക്കലുമല്ലാതെ.
നിങ്ങൾ നിങ്ങൾക്കും നിങ്ങളുടെ സ്വന്തക്കാർക്കും സ്വാർത്ഥലാഭങ്ങൾക്കും സുഖജീവിതത്തിനുമല്ലാതെ നാടിനും നാട്ടുകാർക്കും വേണ്ടി എന്നെങ്കിലും എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ജീവിച്ചിട്ടുണ്ടോ? ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന പൊറാട്ടുനാടകങ്ങളോളമെങ്കിലും പൊതു സമൂഹത്തിനായി ചെയ്തിട്ടുണ്ടോ?

പക്ഷെ, ഇതൊക്കെ ചെയ്യുന്നവരാണു കമ്മ്യൂണിസ്റ്റുകൾ...
ഞങ്ങൾക്കു പക്ഷമുണ്ട്.. ജനങ്ങളുടെ പക്ഷം.
അതുകൊണ്ടു തന്നെ ഞങ്ങൾക്കുറപ്പാണ്..
മനുഷ്യർക്കു രണ്ടുപക്ഷമേ ഉള്ളൂ...
ഇടതു പക്ഷവും വലതു പക്ഷവും...
രണ്ടിനുമിടയിൽ ഒരു നിഷ്പക്ഷം ഒരിക്കലും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
ഇടതുപക്ഷത്തില്ലാത്ത എല്ലാവരും വലതു പക്ഷം തന്നെയാണ്,
ഉമ്മന്റെ - മന്മോഹന്റെ - സരിതയുടെ - മോഡിയുടെയും വലതു പക്ഷം.
അവർ ഒരിക്കലും മറുപടി അർഹിക്കുന്നില്ല തന്നെ...
നല്ല നമസ്കാരം...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം