ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 02, 2010

ഞങ്ങളിലും മനുഷ്യരുണ്ട്

ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഒരു ഡോക്ടറാകാന്‍ തോന്നിയത്. വേറെ ഒന്നും കൊണ്ടല്ല, നാട്ടുകാരില്‍ ചിലരുടെ മനോഭാവം കണ്ടപ്പോള്‍ തോന്നിപ്പോയതാ. വെറുതെ ഇരൂന്ന്നു പണം വാരുന്ന കശ്മലന്മാരായിട്ടു ആണെന്ന് തോന്നുന്നു ഞങ്ങളെപ്പറ്റി എല്ലാരും കരുതുന്നത്. നാട്ടില്‍ ഒരു പൊതുപരിപാടി ഉണ്ടെങ്കില്‍ ഉടന്‍ വരും പിരിവ്. ചെറിയ സംഖ്യ വല്ലതും പറഞ്ഞാല്‍ ഉടനെ ഒരു ചോദ്യമുണ്ട്. "എന്താ ഡോക്ടറെ, നിങ്ങളൊക്കെ ഇങ്ങനെയായാലോ?" നമ്മുടെ വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടെന്നു തോന്നും അത് കേട്ടാല്‍. വല്ല സാധനം വാങ്ങാന്‍ പോകുമ്പോള്‍ ഒന്ന് വില പേശാമെന്നു വെച്ചാല്‍ ഉടന്‍ വരും ചോദ്യം- "നിങ്ങള്‍ക്കെന്തിനാ ഡോക്ടറെ കുറയ്ക്കുന്നത്?". എന്ത് കാര്യമായാലും ഇങ്ങനെത്തന്നെ.
കുറെ  ഡോക്ടര്‍മാരൊക്കെ  പണക്കൊതിയന്മാര്‍  തന്നെയാണ്,  സമ്മതിച്ചു.  രോഗികളുടെ കഴുത്തറത്തായാലും വേണ്ടില്ല "ദീപസ്തംഭം മഹാശ്ചര്യം,  എനിക്കും കിട്ടണം പണം" എന്ന് ചിന്തിക്കുന്നവരുണ്ട്. പൊതു സമൂഹത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, രാഷ്ട്രീയവും സാമൂഹികവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുഖം തിരിച്ചു ദന്തഗോപുരങ്ങളില്‍ വസിക്കുന്നവരാണ്, ഭൂരിപക്ഷം ഡോക്ടര്‍മാരും. പക്ഷെ എല്ലാവരെയും ഒരു കണ്ണ് കൊണ്ട് കാണരുത്. ജനങ്ങളെ സഹായിക്കുന്നതിലും ആതുരസേവനത്തിലുമുള്ള താത്പര്യം കൊണ്ട്  ഡോക്ടറായവരുമുണ്ട്  കുറേപ്പേര്‍. അവരെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നാണ് ചിന്തിക്കാറുള്ളത്. പ്രത്യേകിച്ച് വിദ്യാര്‍ഥി ജീവിത കാലത്ത് ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനയില്‍  പ്രവര്‍ത്തിച്ചിട്ടുള്ള  ഡോക്ടര്‍മാര്‍. (കാലം മാറി, പണം കാണുമ്പോള്‍ അവരിലും ചില പുഴുക്കുത്തുകള്‍  കണ്ടേക്കാം). പക്ഷെ മിതമായ ഫീസ്‌ മാത്രം വാങ്ങി, ജനങ്ങളില്‍ ഒരാളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ഇവിടെയുണ്ട്. ജനങ്ങളുടെ അപൂര്‍വ ജീവിയെന്ന നിലയിലുള്ള പെരുമാറ്റവും  ഒറ്റപ്പെടുത്തലും അവരെക്കൂടി ദന്ത ഗോപുരങ്ങളില്‍ എത്തിക്കാനേ ഉപകാരപ്പെടൂ.   
ഇത്രയൊക്കെ പായാരം പറയാന്‍ ഒരു കാരണമുണ്ടായി ഇന്നലെ. വൈകിട്ട് കാറില്‍ ക്ലിനിക്കില്‍ പോകുകയായിരുന്നു. എന്തോ ബ്ലോക്ക്‌ വന്നപ്പോള്‍ മുന്നില്‍ പോയ ജീപ്പും ലോറിയും ബ്രേക്കിട്ടു. ഉടന്‍ ഞാനും ബ്രേക്കിട്ടു. പെട്ടെന്നുണ്ട്‌ എന്റെ പിന്നാലെ ബൈക്കില്‍ വന്ന പിള്ളേര്‍ കാറിന്റെ പിന്നില്‍ വന്നു കൂളായി ഒറ്റ ഇടി. ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍. രണ്ടും ഉരുണ്ടു പിരണ്ടു താഴെ വീണു. എന്തായാലും ഒന്നും പറ്റിയിട്ടില്ലായിരുന്നു, ഞാനിറങ്ങി നോക്കിയപ്പോള്‍. പറ്റിയത് മുഴുവന്‍ എന്റെ കാറിനായിരുന്നു. ലൈറ്റ് പൊട്ടി, പെയിന്റ് പോയി, ബംപറില്‍ ചതവ് വന്നു... ഉടന്‍ ആളുകള്‍ കൂടി. എന്റെ കാറിലെ ഡോക്ടര്‍ എംബ്ലം അവരുടെ ശ്രദ്ധയില്‍ പെട്ടു. എന്നെ അറിയുന്നവരും ഉണ്ടായിരിക്കാം. പെയിന്ടടര്‍ന്ന കാറില്‍ തടവി ഞാന്‍ ഇടിച്ച പിള്ളേരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍, അതാ വരുന്നു ആള്‍ക്കൂട്ടത്തില്‍ നിന്നും ഉപദേശം. "അത് പോട്ടെ ഡോക്ടറെ, അവര് ചെറിയ പിള്ളേരല്ലേ, നിങ്ങള്‍ ഒരു ഡോക്ടറായിട്ടു അവരുടെ കയ്യില്‍ നിന്ന് എന്ത് പണം വാങ്ങാനാ?". ഇത് പോലുള്ള മനുഷ്യരോട് എന്ത് പറയാന്‍? ഉടന്‍ വന്നു മറ്റുള്ളവരുടെ പിന്തുണ. "പോയ്ക്കോളിന്‍ ഡോക്ടറെ, നിങ്ങള്‍ക്ക് ക്ലിനിക്കിലെത്തെണ്ടേ?". എന്തൊരു സ്നേഹം? പിള്ളേരല്ലേ എന്ന് വെച്ച് ചെയ്തത് തെറ്റല്ലാതാകുമോ? മൂക്കിനു കീഴെ രോമം പൊടിയുന്നതിന് മുന്‍പ് ബൈക്കും കാറും വാങ്ങിക്കൊടുക്കുകയും കയറൂരി വിടുകയും ചെയ്യുന്ന രക്ഷിതാക്കളാണ് വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഓവര്‍ സ്പീഡില്‍ വന്നു ബ്രേക്ക് കിട്ടാതെ എന്റെ കാറിനു പിന്നില്‍ ഇടിച്ച പിള്ളേരെ ഒന്ന് വിരട്ടിവിടാന്‍ പോലും അവിടെ ആരുമുണ്ടായില്ല. എല്ലാര്‍ക്കും ചുളുവില്‍ ഒരു ഡോക്ടറെ കുതിരകയറാന്‍ കിട്ടിയത്തിന്റെ സന്തോഷം തീര്‍ക്കാനായിരുന്നു ശ്രദ്ധ. ഒന്നും മിണ്ടാതെ ഞാന്‍ കാറെടുത്തു പോന്നു. തര്‍ക്കിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ഞാന്‍ ആ പിള്ളേരുടെ നെഞ്ചത്ത്‌ കാറ് കയറ്റി എന്നായിരിക്കും കേസ്. എന്തായാലും എന്റെ മനസ്സമാധാനത്തിന്, പോകുന്നതിനു മുന്‍പ് അവിടെ കൂടി നിന്നവരെ നോക്കി "എന്റെ വണ്ടി നന്നാക്കാന്‍ നിന്റെയൊക്കെ അപ്പന്‍ തരുമോടാ പണം?" എന്ന് ഞാന്‍ ചോദിച്ചു, മനസ്സില്‍.  അല്ലാതെന്തു ചെയ്യാന്‍? 

6 comments:

ഡോക്ടര്‍ said...

സമൂഹത്തിന്‍റെ കണ്ണില്‍ എല്ലാ ഡോക്ടര്‍മാരും കാശുല്ലവരാന്...അത് കൊണ്ട തന്നെ പിരിവിന്റെ കാര്യത്തില്‍ ഒരു തര്‍ക്കത്തിനോ ഇപ്പൊ ഡോക്ടര്‍ക്ക്‌ സംഭവിച്ചത്‌ പോലെ ഒരു നിമിഷത്തില്‍ പ്രതികരിക്കാനോ കഴിയുകില്ല,,,

Unknown said...

ഇഷ്‌ടായീ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാട്ടുകാര്‍ പറഞ്ഞത് മറ്റൊന്നും കൊണ്ടായിരിക്കില്ല..താങ്കളുടെ അടുക്കല്‍ മുന്‍പ് ചികില്‍സക്ക് വന്നവരായിരിക്കാം അവര്‍. (സാധാരണ രീതിയില്‍ ഞങ്ങള്‍ തിരൂര്‍ക്കാര്‍ അത്തരക്കാര്‍ അല്ല)
പിന്നെ ചുവപ്പ് കോടി ഇഷ്ടപ്പെടുന്ന ആളായ കാരണം കാറും ഡ്രെസ്സും എന്തിനു സ്റ്റെതസ്കോപ്പ് വരെ ചുവപ്പാക്കിയിരിക്കും.പിന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നനഞ്ഞെടം കുഴിക്കില്ലേ. ഇപ്പത്തന്നെ നോക്ക്-ഈ ബ്ലോഗിലെ ചുവപ്പ് കാരണം കണ്ണടിച്ചു പോയാല്‍ പിന്നെയും ഡോക്ടര്‍ വേണ്ടേ അത് ചികില്‍സിക്കാന്‍ !ഇത്രയ്ക്കു ചുവപ്പ് വേണോ ? ജീവിതത്തിലും ബ്ലോഗിലും..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@ thanal
എന്റടുത്തു വന്നവര്‍ അങ്ങനെ പറയില്ല. അവര്‍ക്കെന്നെ അറിയാം. പിന്നെ നിറം, അത് ചുവപ്പായാലും പച്ചയായാലും കാവിയായാലും തികച്ചും വ്യക്തിപരം. ചുവപ്പ് കൊടി പിടിച്ച അധ്യാപകനോടോ മറ്റു ഉദ്യോഗസ്തരോടോ പെരുമാറുന്ന പോലെ എന്നോട് പെരുമാറിയാല്‍ ഞാന്‍ സഹിക്കും. (അല്ലെങ്കിലും സഹിക്കും, അത് വേറെ കാര്യം ) ഞാന്‍ എഴുതിയത് ഡോക്ടര്മാരോടുള്ള പൊതുവായ പെരുമാറ്റതെക്കുറിച്ചാ. എന്റെ കാര്‍ ചുവപ്പാണ്(wine red), പക്ഷെ ഡ്രസ്സ്‌ ചുവപ്പിടാറില്ല. എങ്കിലും ജീവിതത്തിലും ബ്ലോഗിലും കുറച്ചു ചുവപ്പ് വേണമെന്ന് തന്നെ ആണ് എന്റെ അഭിപ്രായം. എങ്കിലേ നല്ല മനുഷ്യനാകൂ. പിന്നെ ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്തകനോന്നുമല്ല കേട്ടോ. അതെന്റെ ചിന്തയുടെ ഭാഗം മാത്രം. ബ്ലോഗ്‌ വായിച്ചു കണ്ണടിച്ചു പോയ ആരെങ്കിലും ചികിത്സക്ക് വന്നാല്‍ ഞാന്‍ ഫ്രീ ആയി ചികിത്സിക്കാം. അല്ല പിന്നെ.

Shinto said...

doctor,

ee thanalinu doctornodu entho virodhmundenna thonnanathu doctorine eppalum inganey purakey nadannu kuttam kandupidikkankondu chodichu ponathane on congressa!

pinne doctormarude karyam avare valya alukalle valya koyalyum pidichu ethra perude rogangal mattan ody panju nadakunnavara (secondinu kanakkum koottyanelum. avar ingney manusyanmarude idayil vannu pedumbol pavangal anthamvittum pokunnathu avarude kuttamano doctor?
shamichu kala doctor?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@shinto
ഹാ..ഹാ... അയല്‍വാസി ഒരു ദരിദ്രവാസി.എന്തായാലും നല്ലൊരു തിരൂര്‍കാരനാ... മൂപ്പരുള്ളത് കൊണ്ട് ഇടക്കിടക്കൊരു കമന്റെങ്കിലും വരുന്നുണ്ട്.
താങ്കള്‍ പറഞ്ഞത് ശരിയായിരിക്കും. പണക്കൊതിയന്മാരെ മാത്രം കണ്ടു കണ്ണ് മഞ്ഞളിച്ചത് കൊണ്ട് എന്നെ പോലുള്ള പാവങ്ങളെ കണ്ടപ്പോള്‍ മനസ്സിലായിട്ടുണ്ടാവില്ല. യേത്?

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം