ഏതെല്ലാം പ്രൈവറ്റ് കമ്പനികള്‍ വന്നാലും ബി.എസ്.എന്‍.എല്ലിനോടുള്ള ഒരു പ്രത്യേക താല്പര്യം മിക്കവര്‍ക്കുമുണ്ടാകും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത് കൊണ്ട് ഒരു സ്വന്തമെന്ന തോന്നലുള്ളത് കൊണ്ടോ അല്ലെങ്കില്‍ ചെലവ് കുറവുള്ളത് കൊണ്ടോ ഒക്കെയായിരിക്കും ഇത്. പക്ഷെ ഈ താല്‍പ്പര്യം മുഴുവന്‍ ഇല്ലാതാക്കുന്ന ചില ഉദ്യോഗസ്ഥ കേസരികളും അത് പോലെ ഉപഭോക്താക്കളുടെ വയറ്റത്ത് അടിക്കാന്‍ മാത്രം ഉതകുന്ന തലതിരിഞ്ഞ തീരുമാനങ്ങളും ബി.എസ്.എന്‍.എല്ലിന്റെ ഭാഗമാണ്.
ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ നേടാനായി ഈയുള്ളവന്‍ കുറേക്കാലമായി നടത്തിയ പരിശ്രമങ്ങള്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.
കേവലം നാല് വര്ഷം മുന്‍പാണ് ഇന്റര്‍നെറ്റ് എന്ന അനന്തവിഹായസ്സിലേക്ക് ഞാന്‍ കാലെടുത്തു വെച്ചത്. അതുവരെ കമ്പ്യുട്ടറിനോടും നെറ്റിനോടുമൊക്കെ എന്തോ ഒരു അകല്ച്ചയായിരുന്നു. കൊളെജിലായിരുന്നപ്പോള്‍ കൂട്ടുകാര്‍ പലരും നെറ്റ് കഫേയില്‍ പോകുമ്പോള്‍ എന്നെക്കൂടി വിളിച്ചാലും ഞാന്‍ തൊട്ടടുത്തുള്ള ശരിക്കുള്ള കഫേയില്‍ (കാന്റീന്‍) പോയി ചായ കുടിക്കാറാണ് പതിവ്. പിന്നെ പഠനമെല്ലാം കഴിഞ്ഞു പ്രാക്ടീസ് തുടങ്ങിയപ്പോളാണ് കോളേജില്‍ നിന്നും ലഭിച്ച അറിവുകള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഒരു നെറ്റ് കണക്ഷന്‍ അത്യാവശ്യമായി തോന്നിയത്. അങ്ങനെ ഒരു ലാപ്ടോപ്പ് വാങ്ങി. ബി.എസ്.എന്‍.എല്ലിന്റെ ഡയല്‍-അപ് കണക്ഷനുമെടുത്തു. കാര്യങ്ങളൊന്നും വലിയ പിടിയില്ലാത്തത് കൊണ്ടും തുടക്കത്തിലെ ആക്രാന്തം കൊണ്ടും ഒരു പാട് സമയം നെറ്റില്‍ തന്നെ മേയാന്‍ വേണ്ടിവന്നിരുന്നു...പിന്നെ സ്പീഡ് ഒച്ചിന്‍റെതിലും ഒട്ടും മെച്ചവുമല്ലല്ലോ. ഫ്രീ ആയ സമയമൊന്നും നോക്കാതെ കേറി നിരങ്ങിയത് കൊണ്ട് ഫോണ്‍ ബില്‍ വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അടുത്ത മാസം തന്നെ പ്രി പെയ്ടിലേക്ക് മാറി...സഞ്ചാര്‍ നെറ്റ്. പക്ഷെ ഉറക്കമൊഴിച്ചു "ഫ്രീ" ഉപയോഗപ്പെടുത്തിയപ്പോള്‍ കെട്ട്യോള് മുറുമുറുപ്പ് തുടങ്ങി. പിന്നെ ഏതു പ്രി പെയ്ഡ് ആയിട്ടും ഉപയോഗത്തിന് കുറവില്ലാത്തത് കൊണ്ട് ഫോണ്‍ ബില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകതന്നെ ആയിരുന്നു.
ഒച്ച് പോലുള്ള കണക്ഷനും കുതിച്ചുയരുന്ന ബില്ലും കാരണം പൊറുതിമുട്ടിയപ്പോള്‍ രണ്ടും കല്പ്പിച്ചു ബ്രോഡ് ബാന്റ് കണക്ഷന് അപേക്ഷ നല്‍കി. ഒരു മാസത്തെക്ക് ഒരു വിവരവുമുണ്ടാകാഞ്ഞപ്പോള്‍ ഒന്ന് പോയി നോക്കി. കുറച്ചു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. വീണ്ടും രണ്ടു തവണ പോയി. നോ രക്ഷ. ഒടുവില്‍ ഒരു ബസ് പണിമുടക്ക് ദിവസം ഫോണ്‍ വിളിച്ചു നോക്കിയപ്പോള്‍ ഒരു സാറ് പറഞ്ഞു..."അവിടെ ദൂരം കൂടുതലാണ്, എങ്കിലും ഒരു വണ്ടി കൊണ്ട് വന്നാല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം". ഉടനെ പോയി ആ സാറിനെ കൂട്ടി വന്നു. ഒരു മണിക്കൂര്‍ നേരം ഏതൊക്കെയോ വയറുകള്‍ കുത്തിയും വീണ്ടും ഊരിയും നോക്കി ആ സാര്‍ പറഞ്ഞു..."ഇവിടെ ദൂരം കൂടുതലാ, കിട്ടില്ല". വീണ്ടും പഴയ പടി.
അപ്പോളാണ് ഒരു പുതിയ വിവരമറിഞ്ഞത്... ബി.എസ്.എന്‍.എല്‍. ഒരു പുതിയ സംഭവമിറക്കുന്നു...EVDO. എവിടെ വേണേലും കൊണ്ട് നടന്നു നെറ്റ് ഉപയോഗിക്കാം. മാസം ഫിക്സ്ഡ് ചാര്‍ജ് മാത്രമേ ഉണ്ടാകുകയുമുള്ളൂ. പിന്നെ ഒന്നുമാലോചിച്ചില്ല. കൊടുത്തു ഒരു അപ്ലിക്കേഷന്‍. അപ്പോളാണ് അറിഞ്ഞത്, ഈ EVDO എന്ന സാധനം എന്റെ വീട്ടില്‍ കിട്ടില്ലത്രേ. വീട്ടില്‍ കിട്ടുന്നത് കുറച്ചു കൂടി സ്പീഡ് കുറഞ്ഞ NIC ആണത്രേ. അതാണെങ്കില്‍ കിട്ടാനുമില്ല. അതുകൊണ്ട് EVDO 1X ആക്കി നല്‍കുകയാണത്രേ. എന്തായാലും അങ്ങനെ നാലായിരത്തില്‍ കൂടുതല്‍ രൂപ കൊടുത്തു സാധനം സ്വന്തമാക്കി. അഞ്ചാറു മാസം സന്തോഷസുരഭിലമായിരുന്നു. വലിയ കുഴപ്പമില്ലാത്ത സ്പീഡ്, മാസം 276 രൂപ മാത്രം. പിന്നെ തുടങ്ങി പ്രശ്നങ്ങള്‍. സ്പീഡ് കുറഞ്ഞു, ഇടയ്ക്കിടയ്ക്ക് ഡിസ്കണക്ഷന്‍, ആകെ പ്രശ്നം. പോയി പറഞ്ഞപ്പോള്‍ അവര്‍ കൈ മലര്‍ത്തി. അതിനിടക്ക് ഉടന്‍ കയ്യിലുള്ള ഡിവൈസ് തിരിച്ചു കൊടുത്തു പ്ലാന്‍ മാറി ശരിക്കുള്ള NIC വാങ്ങണമെന്ന് ഒരു ഭീഷണിക്കത്തും വന്നു. പോയപ്പോള്‍ സാധനം സ്റ്റോക്കില്ലെന്നു. അങ്ങനെ കുറേക്കാലം കടന്നു പോയി. പിന്നെപ്പിന്നെ നെറ്റ് തീരെ കിട്ടാതായി. പോയി പരാതി പറഞ്ഞപ്പോള്‍ കേട്ട വിദഗ്ധോപദേശം കേട്ട് ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു കണ്ണില്‍ വെള്ളം വന്നു. വിന്‍ഡോസിന്റെ പൈറേറ്റട് വേര്‍ഷന്‍ ഉപയോഗിക്കുന്നത് കൊണ്ട് മൈക്രോസോഫ്റ്റ് പണി തരുന്നതാണെന്ന്. കേരളത്തിലുള്ള കമ്പ്യുട്ടര്‍ ഷോപ്പുകാരെല്ലാം ഒറിജിനല്‍ വേര്‍ഷന്‍ വെച്ചുകൊടുത്താല്‍ പിന്നെ ബില്‍ ഗെറ്സിനു പുതിയൊരു മൈക്രോസോഫ്റ്റ് കൂടി തുടങ്ങാമല്ലോ. പിന്നെ പണി തരുന്നതാണെന്കില്‍ അത് ബ്രോഡ് ബാന്റിനെയും സ്വകാര്യ കമ്പനികളെയും ഒക്കെ ബാധിക്കെണ്ടേ. ചിലപ്പോള്‍ പൊട്ടത്തരം കേട്ടാലും മിണ്ടാതിരിക്കേണ്ടി വരുമല്ലോ. ഞാനും അത് തന്നെ ചെയ്തു. ഭാവിയില്‍ വല്ല അത്ഭുതം സംഭവിക്കുമെന്ന് കരുതി കണക്ഷന്‍ ഒഴിവാക്കിയില്ല.
ഇതിനിടയിലാണ് എന്റെ തൊട്ടു മുന്നിലുള്ള വീട്ടില്‍ ബ്രോഡ് ബാന്റ് കണക്ഷന്‍ കിട്ടിയത്. ഞാന്‍ ഉടനെ ഒരു അപേക്ഷ കൂടി നല്‍കി. വീണ്ടും പഴയ പോലെ ഒരു മാസത്തേക്ക് വിവരമൊന്നുമില്ല. ഒന്ന് പോയി നോക്കാമെന്നു കരുതി പോയപ്പോള്‍ “കേബിള്‍ മുഴുവന്‍ തകരാറാണ്, മഴ തുടങ്ങിയ സ്ഥിതിക്ക് സമയം പിടിക്കും” എന്ന് മറുപടി. “കഴിഞ്ഞ ഒരു മാസം വെയിലായിരുന്നോ കാരണം” എന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെയും പലതവണ പോയപ്പോഴാണ് ശരിക്കും ഇതിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനെ കാണാന്‍ പറ്റിയത്. ആളുടെ പെരുമാറ്റം കണ്ടപ്പോള്‍ ബി.എസ്.എന്‍.എല്ലിലും നല്ലവരുണ്ടെന്നു മനസ്സിലായി. അദ്ദേഹം ഉടനെ തന്നെ ലൈന്‍മാനെ വിളിച്ച്കേബിള്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചു. ഉടനെ ശരിയാക്കുമെന്ന് ഉറപ്പും നല്‍കി. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാഞ്ഞു വീണ്ടും പോയപ്പോള്‍ പഴയ ആളില്ല. തൊട്ടപ്പുറത്തെ റൂമില്‍ ഒരു പുതിയ ഓഫീസര്‍. കാര്യം പറഞ്ഞപ്പോള്‍ കക്ഷിയുടെ ഒന്നാന്തരം ഗോള്‍... "അവിടെ ഞാന്‍ പണ്ട് വന്നു നോക്കി കിട്ടില്ലെന്ന് പറഞ്ഞതല്ലേ?". സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്... പഴയ സാര്‍. മീശയും മുടിയുമൊക്കെ കറുപ്പിച്ചു ആളൊന്നു കുട്ടപ്പനായിട്ടുണ്ട്. തൊട്ടു മുന്നിലെ വീട്ടില്‍ കിട്ടിയ കാര്യം പറഞ്ഞിട്ടും "സാര്‍" ഇളകുന്നില്ല. “അതൊക്കെ ഓരോ കേബിളും ഓരോ പോലെയാകും.കിട്ടണമെന്നില്ല”. “ദൂരത്തിന്റെ കാര്യമല്ലേ അന്നു പറഞ്ഞത്, അതിപ്പോള്‍ പ്രശ്നമില്ലല്ലോ, കേബിള്‍ കേടാണെങ്കില്‍ അത് നന്നാക്കാനല്ലേ ബി.എസ്.എന്‍.എല്ലിനു ജീവനക്കാരുള്ളത്” എന്ന് എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒന്ന് തറപ്പിച്ചു നോക്കി സാര്‍ ചോദിച്ചു..."നിങ്ങളെന്തിനാ ബി.എസ്.എന്‍.എല്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നത്? നാട്ടില്‍ എത്രയോ പ്രൈവറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കൊടുക്കുന്നുണ്ടല്ലോ, ആ കണക്ഷന്‍ എടുത്തു കൂടെ?" ... "എടാ പുല്ലേ, എന്നാല്‍ പിന്നെ നിനക്കൊക്കെ ബി.എസ്.എന്‍.എല്ലിന്റെ ശമ്പളം വാങ്ങുന്നത് നിര്‍ത്തി ആ പ്രൈവറ്റ് കമ്പനിയില്‍ ചേര്‍ന്നൂടായിരുന്നോടാ തെണ്ടീ" എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. പിന്നെ കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന് കരുതി, "സാര്‍ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കി തരണം" എന്ന് പറഞ്ഞു ഞാന്‍ അവിടുന്നിറങ്ങി പോന്നു. പോരുന്നതിനു മുന്‍പ് സാര്‍ ഒന്ന് കൂടി പറഞ്ഞു..."ഇപ്പോള്‍ എങ്ങനെയെങ്കിലും കണക്ഷന്‍ തന്നാലും രണ്ടാഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും വന്നു സ്പീഡ് ഇല്ലെന്നും പറഞ്ഞു പരാതി പറയും. അവിടെ എന്തായാലും കിട്ടാന്‍ പോകുന്നില്ല.
വീണ്ടും ഒന്ന് കൂടി പോകുന്നതിനു മുന്‍പ് ഞാന്‍ "സാറിനെ" പറ്റി ഒന്നന്വേഷിച്ചു. കക്ഷിക്ക് തിരൂരില്‍ തന്നെ ടെലിഫോണ്‍ റിപ്പയര്‍ കടയുണ്ട്. അതും ഇതും തമ്മില്‍ ആകപ്പാടെ കുറെ ചുറ്റിക്കളികള്മുണ്ട്. ഒരു പണി കൊടുക്കാമെന്നു കരുതി പോയപ്പോള്‍ ആളില്ല. നേരത്തെ ഉണ്ടായിരുന്ന മാന്യദേഹം ഒരാഴ്ചക്കുള്ളില്‍ കണക്ഷന്‍ തരുമെന്നു വീണ്ടും ഉറപ്പു നല്‍കി. ഒരാഴ്ചക്കുള്ളില്‍ കിട്ടിയില്ലെങ്കില്‍ ഇനി മുകളില്‍ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഞാന്‍ പോന്നു. നമ്മുടെ സാര്‍ പറഞ്ഞ ഡയലോഗ് അദ്ദേഹത്തെ ഒന്നറിയിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ അദ്ദേഹം നാണിച്ചുപോയി. എന്തായാലും ഒരാഴ്ചക്കുള്ളില്‍ ബ്രോഡ്‌ബാന്‍റ് കണക്ഷന്‍ കിട്ടിയപ്പോഴാണ് വാങ്ങുന്ന ശമ്പളത്തിന് പകരം കുറച്ചു ജോലിയെങ്കിലും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ബി.എസ്.എന്‍.എല്ലിലുണ്ടെന്നു മനസ്സിലായത്. ഇപ്പോള്‍ രണ്ടാഴ്ച്ചയല്ല, രണ്ടു മാസമായി ഒരു തടസ്സവുമില്ലാതെ നല്ല സ്പീഡില്‍ നെറ്റ് കിട്ടുന്നു. ഒഴിവു കിട്ടിയിട്ട് വേണം നമ്മുടെ സാറിനെ ഒന്ന് പോയി കണ്ടു രണ്ടു നല്ല വാക്കുകള്‍ പറയാന്‍...
ആന്‍റി ക്ലൈമാക്സ്:
ബ്രോഡ് ബാന്റ് കിട്ടിയ സന്തോഷത്തില്‍ EVDO കണക്ഷന്‍ കാന്‍സല്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഡിവൈസ് പട്ടിയെ എറിയാന്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നിരിക്കെ മാസാമാസം പണം കളയെണ്ടല്ലോ. രണ്ടു മാസമായി ബില്ല് വരാറുമില്ല. അപേക്ഷ കൊടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോളുണ്ട്, ഇതാ വരുന്നു ഒരു പടുകൂറ്റന്‍ ബില്ല്. പ്ലാന്‍ മാറ്റിയത്രേ. രണ്ടു മാസത്തെ ബില്ലാണ് വന്നത്, പുതിയ പ്ലാനില്‍ എന്ന് കൂടെ ഒരു തുണ്ട് കടലാസില്‍ കുറിപ്പടിയുമുണ്ട്. ആരോട് ചോദിച്ചിട്ടാ പ്ലാന്‍ മാറ്റിയത് എന്ന് ചോദിക്കരുത്. നോക്കിയപ്പോള്‍ തൊട്ടു മുന്‍പത്തെ മാസം അടച്ച ബില്ലും അടക്കാനുള്ളതിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട് കശ്മലന്മാര്‍. പിറ്റേന്ന് ഒരു ചേച്ചിയുണ്ട് വിളിക്കുന്നു...കാന്‍സല്‍ ചെയ്യേണമെങ്കില്‍ ബില്ലടക്കണമെന്ന്. മുന്പടച്ച ബില്ലും കൊണ്ട് പോയപ്പോള്‍ അത് കുറച്ചു തന്നു. അത്രയും സമാധാനം. കാന്‍സല്‍ ചെയ്യുമെന്ന് കരുതി കാത്തിരിക്കുന്നു. ഇനിയിപ്പോ അടുത്ത മാസവും ബില്ല് വന്നാലും ബി.എസ്.എന്‍.എല്‍ ബോംബിട്ടു തകര്‍ക്കാനൊന്നും എനിക്ക് പറ്റില്ല...കാരണം ഭാര്യാമാതാവും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ്. കുടുംബകലഹം ഒഴിവാക്കണമല്ലോ.... എന്റെ ബ്രോഡ് ബാന്‍റ് ഭഗവതീ....
3 comments:
ഈ പറഞ്ഞ അനുഭവങ്ങൽ പലപ്പോഴും പലർക്കും ഉണ്ടാകുമെങ്കിലും മറ്റുപലരേക്കാളൂം bsnl തന്നെ ഭേതം എന്നു പലപ്പോഴും തോന്നാറുണ്ട്. നല്ല post
2005 അവസാനം ആണെന്ന് തോന്നുന്നു ഞാന്‍ വീട്ടില്‍ BSNL ഡയല്‍ അപ്പ് connection എടുത്തത്. അതിന്‍ ശേഷം 2008 ല്‍ broadband വന്നപ്പോള്‍ മാറ്റി. അതിനു ശേഷം പല പ്രാവശ്യം limited / unlimited എന്നിങ്ങനെ പ്ലാന്‍ മാറ്റിക്കൊണ്ടിരുന്നു (ഞാന്‍ നാട്ടിലാവുമ്പോള്‍ unlimited , ഇല്ലെങ്കില്‍ limited). ഇതെല്ലം ചെയ്യുന്നത് അച്ഛന്‍ ആണ്. ഇത് വരെ എനിക്ക് BSNL ജീവനക്കാരുടെ ഭാഗത്ത് നിന്ന് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലായിരുന്നപ്പോള്‍ ഇടി വെട്ടിയിട്ട് broadband ന്റെ wifi മോഡം പോയീ. ഫോണ്‍ ചെയ്തു പറഞ്ഞു അടുത്ത ദിവസം എങ്ങിനീയെര്‍ വീട്ടില്‍ വന്നു, ഒരു ചെറുപ്പക്കാരന്‍. ചായ കൂടി കുടിക്കാന്‍ നില്‍കാതെ സംഭവം മാറ്റി വെച്ചിട്ട് പോയീ. അതിനു ശേഷം ആണ് തമാശ. ഒരു 4-5 ദിവസത്തേക്ക് ദിവസവും ഫോണ്‍ വരും BSNL ഓഫീസില്‍ നിന്ന്, എന്തെങ്കിലും പ്രശ്നമുണ്ടോ, നെറ്റ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചിട്ട്.. അപ്പൊ നല്ല ആള്‍ക്കാരും ഉണ്ട്.. കുറച്ചു പേര് മനുഷ്യനെ ചുറ്റിക്കാനും പണതിനോടുള്ള ആര്‍ത്തി കൊണ്ടും അങ്ങനെ അങ്ങനെ..
I applied for BSNL connection last november and got connection within 4 weeks. Their service is excellent comparing other providers like asianet,reliance,airtel etc...etc..
Post a Comment