ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 04, 2012

കീചകനും ഭീമനും പിന്നെ മറ്റു ചിലരും.

എം.വി.രാഘവനും ഗൌരിയമ്മയും അബ്ദുള്ളക്കുട്ടിയും അഞ്ചാമനും എല്ലാം ഇന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടായിരിക്കെ സി.പി.എമ്മില്‍ നിന്നും പോയത് കൊണ്ട് മാത്രം കൊന്നത് സി.പി.എം. ആണെന്ന് പറയുന്ന "കീചക - ഭീമ" വാദമുഖം തിരിച്ചറിയാന്‍ മാത്രം ബുദ്ധിയില്ലാത്ത വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങള്‍ എന്നാണു കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിയും പെരുന്നയുടെ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി.യുടെ പൌഡര്‍ കുട്ടപ്പനും ചാനല്‍ ക്യാമറയും മൈക്കും കണ്ടാല്‍ സ്വയം മറക്കുന്ന മറ്റു കോണ്‍ഗ്രസ് കത്തി വേഷങ്ങളും കരുതിയതെങ്കില്‍.... ഹാ കഷ്ടം. ജയസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ് - അതും പാര്‍ട്ടി അഭിമാനപ്രശ്നമായി കരുതുന്ന, ഒരു വര്‍ഗവഞ്ചകനെ തറ പറ്റിക്കാനുള്ള പോരാട്ടം - മുന്നില്‍ നില്‍ക്കെ ഇത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും എന്ന് കരുതുന്നവരോട് "നിങ്ങള്‍ക്കീ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് തന്നെ പറയേണ്ടി വരും.
സ.ചന്ദ്രശേഖരനെ ഇല്ലാതാക്കണമെങ്കില്‍ പാര്‍ട്ടിക്ക്  എത്രയോ മുന്‍പേ ആകാമായിരുന്നു. പുതിയ സംഘടന രൂപീകരിച്ചപ്പോഴോ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പാര്‍ട്ടിയെ തറ പറ്റിച്ചപ്പോഴോ എല്ലാം... അപ്പോഴൊന്നും ഒന്നും ചെയ്യാതെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്യാന്‍ മാത്രം സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ പാര്‍ട്ടി നേതൃത്വം? മാത്രമല്ല, പാര്‍ട്ടി വിട്ടു പോയ വിമതര്‍ പലരും തെറ്റ് തിരുത്തി തിരിച്ചു വന്നു കൊണ്ടിരിക്കെ, വിമതരുടെ നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്ടായിരിക്കെ, "ശരിയായ കമ്മ്യൂണിസം" ഉണ്ടാക്കാന്‍ വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയവര്‍ യു.ഡി.എഫിന്‍റെ മൂട് താങ്ങികള്‍ ആകേണ്ടി വന്നതിലെ - കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫുമായി സന്ധി ചെയ്യേണ്ടി വന്നതിലെ - പൊള്ളത്തരം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കെ അവരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ?
എന്തൊക്കെയായാലും എം.ആര്‍.മുരളിയല്ല സ.ചന്ദ്രശേഖരന്‍. ആ തിരിച്ചറിവ് പാര്‍ട്ടി സഖാക്കള്‍ക്കുണ്ട്. ഒരേ കൊടി പിടിച്ച് ഒരു പുതിയ ലോകത്തിനായി ഒന്നിച്ചു പടപൊരുതിയ സഖാവിനെ, അവര്‍ എത്രത്തോളം പാര്‍ട്ടി വിരുദ്ധരായിട്ടും ഇന്ന് വരെ കേരളത്തില്‍ സി.പി.എം. കായികമായി അവസാനിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് മുന്‍കാല ചരിത്രം.  അത് കൊണ്ട് തന്നെ ഇത് മറ്റൊരു "തെരുവന്‍ പറമ്പ്" ആകാനെ തരമുള്ളൂ... തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന വ്യാജ ആരോപണത്തിലൂടെ അക്രമം അഴിച്ചു വിട്ടു രണ്ടു ജീവന്‍ ബലിയര്‍പ്പിച്ച പഴയ യു.ഡി.എഫ് നാടകത്തിന്‍റെ പുതിയ പതിപ്പ്.
ഇനി ഇതിനു പിന്നില്‍ സി.പി.എം. ആണെങ്കില്‍ തന്നെ (അങ്ങനെ എങ്കില്‍ അതിനെ ശക്തമായി തന്നെ അപലപിക്കുന്നു) കൊലപാതകം നടന്നു മണിക്കൂര്‍ ഒന്ന് പോലും തികയുന്നതിനു മുന്‍പ് കേവലം "കീചക - ഭീമ" ടെക്നോളജി മാത്രം ഉപയോഗിച്ച് കൊന്നത് സി.പി.എം തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആ സ്ഥാനത്തിരിക്കാന്‍ ഒരു ശതമാനം പോലും യോഗ്യരല്ല എന്നാണു മനസ്സിലാക്കേണ്ടത്. അക്രമികള്‍ വന്നത് ഒരു ഇന്നോവ കാറില്‍ ആണ് എന്നത് മാത്രമാണ് "തെളിവ്". അവര്‍ പ്രസ്താവന നടത്തുമ്പോള്‍ ആ കാര്‍ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നോവ കാറില്‍ വരുന്നവരൊക്കെ സി.പി.എം.കാര്‍ ആണോ? ഇത്രയും നിരുത്തരവാദപരമായി സംസാരിക്കുന്നവരല്ല തീര്‍ച്ചയായും ആ സ്ഥാനത്തിരിക്കേണ്ടത്. കെ.പി.സി.സി യും യു.ഡി.എഫും കുറച്ചു കൂടി കടന്നു ചിന്തിച്ചു കേരളമാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇനി ഈ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ എം.എം.ഹസ്സന്‍ തന്നെ നേതൃത്വം കൊടുത്താല്‍ വിശേഷമായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു പാട് സി.പി.എം. - ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ.  പ്രവര്‍ത്തകര്‍ കേരളത്തില്‍ യു.ഡി.എഫ്- വര്‍ഗീയ നരാധമന്മാരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അവര്‍ക്കൊന്നും അമ്മയും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേ? അപ്പോഴൊക്കെ ഒരു പാട് അവസരങ്ങളില്‍ യു.ഡി.എഫ്. ഭരണം തന്നെ ആയിരുന്നു. അന്നൊന്നും കൊലപാതകം നടത്തിയത് യു.ഡി.എഫുകാര്‍ ആണെന്നോ ബി.ജെ.പി.ക്കാര്‍ ആണെന്നോ എന്‍.ഡി.എഫുകാര്‍ ആണെന്നോ ഒരു ചാണ്ടിയും ഒരു ചെന്നിയും പ്രസ്താവന നടത്തിയതായി അറിഞ്ഞില്ല... ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്ന സ.അനൂപ്‌.രാജന്‍ കൊല്ലപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളിലൊന്നും പറയേണ്ട, ദിവസങ്ങള്‍ കഴിഞ്ഞുപോലും ആ അക്രമങ്ങളെ ഒരു യു.ഡി.എഫുകാരനും അപലപിക്കുന്നത് പോലും കണ്ടില്ല. ഇതൊന്നും അക്രമത്തെ ന്യായീകരിക്കാന്‍ പറയുകയല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനായുള്ള പേക്കൂത്തുകള്‍ സൂചിപ്പിച്ചെന്നു മാത്രം.
ഈ വിഷയത്തില്‍ മുന്‍ധാരണയോടെ നടത്തുന്ന പ്രസ്താവനകളും അന്വേഷണവും വഴി ഒരു പക്ഷെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടേക്കാം... അതിനു ഇട വരാതിരിക്കട്ടെ...
ബോംബുകള്‍ ഇനിയും വരുമെന്ന് പറഞ്ഞ കേരള രാഷ്ട്രീയത്തിലെ ചീഫ്‌ പിമ്പ്‌ ദീര്‍ഘദര്‍ശിത്വം ഉള്ളവനോ അതോ ഈ ടീമിലെയും അംഗമോ?
വാല്‍:
തെരഞ്ഞെടുപ്പ് തോറ്റാലും വേണ്ടില്ല, എതിരാളിയെ - വര്‍ഗവഞ്ചകനെ -  അവസാനിപ്പിച്ചാല്‍ മതി എന്നതാണ് സി.പി.എം തീരുമാനം എങ്കില്‍ സി.പി.എം അക്രമികള്‍ വന്നു എന്ന് പറയപ്പെടുന്ന ആ ഇന്നോവ കാര്‍ പോകുമായിരുന്നത് ഒഞ്ചിയത്തെക്കല്ല, നെയ്യാറ്റിന്‍കരയിലേക്ക് ആകുമായിരുന്നു.

5 comments:

Nattumavinchottil said...

വളരെ നാൾ മുൻപ് ആസൂത്രണം ചെയ്തതായി കൂടെ,നെയ്യാറ്റിൻകര ഒക്കെ വരുന്നതിനു മുൻപ്.ഇത്തരം കാര്യങ്ങൾ നടപ്പിലാകുന്നത് ആസൂത്രണം ചെയ്ത് മാസങ്ങൾക്കു ശേഷമായിരിക്കും.ശക്തമായ രാഷ്ടീയ പിൻബലം ഉള്ളവർക്കു മാത്രം സാധ്യമായ കാര്യമാണു ഇത്.എത് പിൻബലമെന്നു പിന്നീട് മാത്രമെ അറിയാവു

ajith said...

അതെയതെ...നിങ്ങള്‍ക്കീ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല. (ശരിക്കും രസിച്ചു)

സത്യമേവജയതേ said...

ഡോക്ടറുടെ നിരീക്ഷ്ണങ്ങലോടു പൂര്‍ണമായും യോജിക്കുന്നു. കേരളം അകപ്പെട്ടിരിക്കുണ്ണ്‍ ഉമ്മന്‍, ചെന്നിത്തല, കുഞ്ഞാലികുട്ടി , P C ജോര്‍ജ്ജു എന്ന നാല്‍വര്‍ സംഗത്തിന്റെ നിലനില്‍പ്പിനു സ: T P യുടെ ജീവന്‍ UDF എടുത്തു എന്ന് സാരം. കൂടാതെ CPIM വിട്ടു UDF ല ചേക്കേരുന്നവര്‍ക്ക് ഒന്നും ഒരു പോറലും പറ്റുന്നില്ല എന്നതും ഇനി ആര്‍ക്കെങ്കിലും CPIM വിടണമെങ്കില്‍ അവര്‍ UDF ല എത്തണം എന്ന ഒരു അര്‍ത്ഥ തലം കൂടി ഈ കൊലപാതകത്തില്‍ ഉണ്ട് . ഇത് ജനം തിരിച്ചറിയും

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

"ഒരേ കൊടി പിടിച്ച് ഒരു പുതിയ ലോകത്തിനായി ഒന്നിച്ചു പടപൊരുതിയ സഖാവിനെ, അവര്‍ എത്രത്തോളം പാര്‍ട്ടി വിരുദ്ധരായിട്ടും ഇന്ന് വരെ കേരളത്തില്‍ സി.പി.എം. കായികമായി അവസാനിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് മുന്‍കാല ചരിത്രം."

ഇനിയുള്ള ചരിത്രവും അങ്ങനെതന്നെയായിരിക്കും

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം