ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 06, 2011

ഈ ജീവന് ഉത്തരവാദി റെയില്‍വേ..

ഒരു പെണ്‍കുട്ടി കൂടി വെള്ള പുതപ്പിക്കപ്പെട്ടിരിക്കുന്നു. പത്രതാളുകളില്‍ ദിവസേന വായിച്ചു രസിച്ചു തള്ളിക്കളയുന്ന പീഡനവാര്‍ത്തകള്‍ക്കിടയില്‍ ഒന്ന് കൂടി - അത്രമാത്രമേ ഇതിനും ആയുസ്സുണ്ടാവൂ... "അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന രീതിയില്‍" ആഘോഷിക്കാന്‍ മറ്റൊരു സെന്‍സേഷനല്‍ ന്യൂസ് കിട്ടുമ്പോള്‍ മാധ്യമപ്പട മുഴുവന്‍ ആ വഴി വെച്ചടിക്കും. ചാനലുകളിലെ ചര്‍ച്ചാ വിദഗ്ധര്‍ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ വാഗ്ധോരണികള്‍ വാരിവിതറി വെട്ടിത്തിളങ്ങും.അപ്പോളേക്കും സൌമ്യ എന്ന പാവം പെണ്‍കുട്ടിയുടെ ചിതയിലെ അവസാന തീപ്പൊരിയും അണഞ്ഞിരിക്കും.  
ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചവനെ പറ്റിയോ കേരളത്തില്‍ പെരുകി വരുന്ന പീഡനങ്ങളെ പറ്റിയോ ഈയുള്ളവന് യാതൊന്നും പറയാനില്ല. കാരണം പൂര്‍ണമായും ഭ്രാന്താലയമായി മാറിക്കഴിഞ്ഞ ഒരു നാടിനെയും അവിടുത്തെ എന്ത് ക്രൂരത കണ്ടാലും സ്വന്തം കാര്യം മാത്രം നോക്കി മിണ്ടാതിരിക്കുന്ന നിസ്സംഗരായ  ജനസമൂഹത്തെ കുറിച്ചും എന്ത് പറയാന്‍? നിയമം കൊണ്ടും ഉപദേശം കൊണ്ടും എല്ലാം നാട്ടുകാരെ നന്നാക്കാന്‍ പറ്റുന്ന കാലമൊക്കെ കഴിഞ്ഞു. എന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ - എല്ലാ തവണയും ആവര്‍ത്തിക്കപ്പെടാറുള്ള വാഗ്ദാനങ്ങള്‍ക്ക് ഉപരിയായി - നടപ്പാക്കാന്‍ അധികാരികള്‍ ഇനിയെങ്കിലും ശ്രമിക്കണം. ഈ ദുരന്തത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് തീര്‍ച്ചയായും റെയില്‍വേ തന്നെയാണ്. യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത രീതിയിലാണ് റെയില്‍വേ പെരുമാറുന്നത്. ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറിക്കഴിഞ്ഞു ഇറങ്ങുന്നത് വരെ എന്തും നേരിടാന്‍ തയ്യാറാകണം നമ്മള്‍ എന്ന അവസ്ഥയാണ് ഇന്ന്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന വിഡ്ഢികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലായിരിക്കും എന്ന പരിഗണനയെങ്കിലും നമുക്ക് ലഭിക്കണം.  
കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടിലേക്കും തിരിച്ചും കേരളത്തിലൂടെ കടന്നു പോകുന്ന ചെന്നൈ  മെയില്‍, കോയമ്പത്തൂര്‍ - മംഗലാപുരം ഫാസ്റ്റ്  പാസഞ്ചറുകള്‍ തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകളില്‍ അന്യസംസ്ഥാന യാത്രക്കാരുടെ - പ്രത്യേകിച്ചും ടിക്കറ്റെടുക്കാത്ത യാചകരുടെയും മറ്റും - ശല്യം കൊണ്ട് കയറിപ്പറ്റാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. ബസ് ചാര്‍ജ് കൂടിയ ശേഷം ഇന്ന് ഭൂരിപക്ഷം മലയാളികളും യാത്രക്കായി ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണെങ്കില്‍ ആവശ്യത്തിനു ബോഗികള്‍ ഇല്ലാത്തതിനാല്‍ വാതില്‍പ്പടിയില്‍ തൂങ്ങി 
ജീവന്‍ പോക്കറ്റിലിട്ടു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ടിക്കറ്റുണ്ടെങ്കിലും ട്രെയിനില്‍  കാലെടുത്തുകുത്താന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്ലാട്ഫോമില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നത് തിരൂര്‍, കുറ്റിപ്പുറം സ്റെഷനുകളില്‍ - പ്രത്യേകിച്ചും രാവിലത്തെ തൃശ്ശൂര്‍ - കണ്ണൂര്‍ പാസഞ്ചറിന്റെ സമയത്ത് നിത്യകാഴ്ചയാണ്‌. പെരുന്നാള്‍ കഴിഞ്ഞുള്ള ദിവസങ്ങളില്‍ വീഗാലാന്‍ഡില്‍ പോകാനായി തിരൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാത്തുനില്‍ക്കുന്ന യാത്രക്കാരെ കണ്ടാല്‍ ആ വലിപ്പത്തില്‍ മൂന്നു ട്രെയിനെങ്കിലും വേണ്ടി വരുമെന്ന് തോന്നും. ടിക്കറ്റ് കൌണ്ടറില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ വണ്ടി വരുന്നതിനു അരമണിക്കൂറെങ്കിലും മുന്‍പ് വന്നിട്ട് പോലും ടിക്കറ്റെടുക്കാന്‍ കഴിയാത്തത് തിരൂരില്‍ നിത്യ സംഭവമാണ്. നാല് കൌണ്ടറുകള്‍ ഉള്ളതില്‍ പലപ്പോഴും ഒന്ന് മാത്രമേ തുറക്കാറുള്ളൂ. വണ്ടി ലേറ്റുണ്ടോ എന്നോ ട്രെയിന്‍ സംബന്ധമായ മറ്റു കാര്യങ്ങളോ വിളിച്ചു ചോദിക്കാമെന്നു വെച്ചാല്‍ ഒരു കാലത്തും തിരൂര്‍ സ്റെഷനിലെ ഫോണ്‍ എടുക്കാറില്ല. ഇതെല്ലാം സഹിച്ചു ട്രെയിനില്‍ കയറിയാലോ? സീറ്റ് പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലും സ്ഥലമുണ്ടാകില്ല. ഈ തിരക്കുകള്‍ക്കിടയില്‍ ഒന്ന് ബാത്ത് റൂമില്‍ പോകണമെങ്കിലോ? ഞെളിയന്‍പറമ്പിനേക്കാള്‍ കഷ്ടമാണ് കേരളത്തിലെ ഭൂരിപക്ഷം ട്രെയിനുകളിലെയും ടോയിലറ്റുകള്‍. "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി" എന്ന് പറഞ്ഞ പോലെ പൊതുകക്കൂസുകളില്‍ ഒന്നിന് പോയാല്‍  വെള്ളമൊഴിക്കുന്ന (രണ്ടിന് പോയാലും) ശീലം ഇല്ലാത്ത മലയാളിക്ക് (പലപ്പോഴും വെള്ളം ഉണ്ടാകാറില്ല ട്രെയിനില്‍ എന്നത് വേറെ കാര്യം)ഒരിക്കലും ടോയിലെറ്റു വൃത്തിയാക്കാന്‍ വരാത്ത റെയില്‍വേ ജീവനക്കാര്‍ തുണ - പിന്നെ "ട്രെയിനെന്നു കേട്ടാലെ ദുര്‍ഗന്ധപൂരിതമാകണം അന്തരംഗം" എന്ന് മനസ്സില്‍ പാടുകയല്ലേ വഴിയുള്ളൂ? ടോയിലെറ്റിന്റെ കാര്യം പോട്ടെ... സീറ്റിനടിയില്‍ നിന്നും അരിച്ചു വരുന്ന പാറ്റയേയും മറ്റു ക്ഷുദ്രജീവികളെയും ഈ തീവണ്ടി വൃത്തിയാക്കല്‍ ജീവനക്കാര്‍ ഒരിക്കലും കാണാറില്ല എന്ന് തോന്നുന്നു. മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട... ഗോസായിമാര്‍ക്ക് യാത്ര ചെയ്തു മടുക്കുമ്പോള്‍ കേരളത്തിലേക്ക് തരുന്ന ബോഗികളില്‍ പലതിലും കുട ചൂടിയെ ഇരിക്കാന്‍ കഴിയൂ... ഇതിനൊക്കെയിടയില്‍ എന്തെങ്കിലും അപകടം പിണഞ്ഞാല്‍ റെയില്‍വേ കൈമലര്‍ത്തുകയും ചെയ്യും. കഴിഞ്ഞ ആഴ്ച പടക്ക ശാല ദുരന്തം നടന്നപ്പോള്‍ കടന്നുപോയ ട്രെയിനില്‍ നിന്നും സ്ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചു വീണു കാലു മുറിച്ചു മാറ്റേണ്ടിവന്ന ഉത്തരേന്ത്യക്കാരന്‍ റെയില്‍വേയുടെ കണക്കില്‍ പെട്ടിട്ടില്ലെന്ന വാര്‍ത്ത നമ്മള്‍ കണ്ടതാണല്ലോ.
ഇതൊക്കെ സൌകര്യത്തിന്റെ അപര്യാപ്തത കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. ഇതിലുപരിയാണ് മനുഷ്യരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. കച്ചവടക്കാരും അനധികൃത കാറ്ററിങ്ങുകാരും മുതല്‍ പിച്ചക്കാരും പോക്കറ്റടിക്കാരും വരെ ശല്യക്കാരുടെ ഒരു പട. പത്തു രൂപ കൊടുത്താല്‍ എന്തും കിട്ടും ഇപ്പോള്‍ ട്രെയിനുകളില്‍. കീ ചെയിന്‍ മുതല്‍ പേനകള്‍ വരെ പത്തു രൂപ. കുറച്ചുകൂടി ചെലവാക്കിയാല്‍ ഭൂപടം മുതല്‍ വ്യാജ സി.ഡി. വരെ സുലഭം.  ഒരു സീസന്‍ ടിക്കറ്റിന്റെ ബലത്തിലാണ് ഈ അനധികൃത കച്ചവടക്കാര്‍ വിലസുന്നത്. യാത്ര ചെയ്യുന്നതിന് എടുത്ത ടിക്കറ്റ് കച്ചവടത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ് വെച്ചു മനസ്സിലാക്കുന്നത്. പലപ്പോഴും ഇത്തരം കച്ചവടക്കാര്‍ തമ്മിലുള്ള വഴക്കുകളും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നു. സംഘം ചേര്‍ന്ന് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളും യുവാക്കളും മറ്റും സഹയാത്രികര്‍ക്കുണ്ടാക്കുന്ന ശല്യങ്ങളെക്കുറിച്ചു മുന്‍പ് ഒരു പോസ്ടിട്ടിട്ടുണ്ടായിരുന്നു.(തീവണ്ടിയുടെ മുതലാളി ). സംഘം ചേര്‍ന്ന് പാട്ട് പാടുന്നതൊക്കെ ഒരു തമാശ ആയെടുക്കാം. മൊബൈലിനു ഇയര്‍ഫോണ്‍ ഉള്ളത് മറന്നുപോയ മട്ടില്‍ ഉറക്കെ പാട്ട് വെച്ചു നാട്ടുകാരെ ആനന്ദിപ്പിക്കണമെന്നു ആഗ്രഹിക്കുന്ന പരോപകാരികളെയും സഹിക്കാം. കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുണ്ടെങ്കില്‍ മൊബൈല്‍ ക്യാമറകളുടെ കണ്ണ് തുറപ്പിക്കുന്നവരെ കുറിച്ച് എന്ത് പറയാന്‍? വല്ലതും പറയാന്‍ പോയാല്‍ പറയുന്നവന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലായിരിക്കും സഹയാത്രികരുടെ ഭാവം. സ്ത്രീകളെ - പ്രായപരിധിയൊന്നും ഒരു പ്രശ്നമല്ല - ഏതു വിധേനയും തട്ടാനും മുട്ടാനും മാത്രമായി ട്രെയിനില്‍ കയറുന്ന ഞരമ്പ്‌ രോഗികളാണ് മറ്റൊരു വിഭാഗം. ആരുടെയെങ്കിലും കയ്യില്‍ നിന്നു രണ്ടെണ്ണം കിട്ടുമ്പോള്‍ ഇവരുടെ ശല്യം തല്‍ക്കാലം നില്‍ക്കും. എന്നാല്‍ യഥാര്‍ത്ഥ അക്രമകാരികള്‍ - സൗമ്യയുടെ ജീവന്‍ പൈശാചികമായി അപഹരിച്ച ഒറ്റക്കയ്യനെപ്പോലുള്ളവര്‍ - ഇവരാണ് തീവണ്ടികളില്‍ സ്ത്രീകളുടെ യാത്ര ദുസ്സഹമാക്കുന്നവര്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാന്‍ നല്‍കിയ ലേഡീസ് കമ്പാര്‍ട്ട്മെന്റുകളിലാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്‌. ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ എന്തൊക്കെയായാലും കാമാഭ്രാന്തന്മാരല്ലാത്ത രണ്ടോ മൂന്നോ പേരെങ്കിലും ഉണ്ടാകും - ആണുങ്ങളായി - സ്ത്രീകളുടെ  സുരക്ഷക്കെത്താന്‍. എന്നാല്‍ ഒരു വലിയ കമ്പാര്‍ട്ട്മെന്റില്‍ മറ്റു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയതിന് ശേഷം ഒരു സ്ത്രീ സഹായത്തിനു ആരുമില്ലാതെ യാത്ര ചെയ്യുന്നതാണ് ഏറ്റവും വലിയ അപകടം. ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത അവസ്ഥ. ഇതിനു പരിഹാരം കാണേണ്ടത് റെയില്‍വേ തന്നെയാണ്. എല്ലാ ട്രെയിനുകളിലും ലേഡീസ് കമ്പാര്‍ട്ട്മെന്റുകളില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഗാര്‍ഡുമാരായി നിയമിക്കാന്‍ റെയില്‍വേ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ദുരന്തങ്ങള്‍ കേവലം നഷ്ടപരിഹാരമായി നല്‍കുന്ന പണക്കിഴികളിലോ ആശ്രിതര്‍ക്ക് നല്‍കുന്ന ജോലിയിലോ ഒതുങ്ങരുത്. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹാരം നടപ്പാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇനിയും ഒരുപാട് സൌമ്യമാരുടെ മാനവും ജീവനും സുരക്ഷിതമാക്കാന്‍ കഴിയൂ. റെയില്‍വേ മന്ത്രി ഒരു സ്ത്രീയായതിനാല്‍ ഈ കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ... തന്റെ മുഖ്യമന്ത്രി സ്ഥാനം എന്ന വ്യാമോഹം പൂര്‍ത്തീകരിക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സദാ സമയവും ബംഗാളില്‍ ചെലവഴിക്കുന്ന മന്ത്രി ഭാരതത്തിലെ മുഴുവന്‍ കാര്യങ്ങള്‍ നോക്കാനുള്ള മന്ത്രിയാണെന്ന കാര്യം ഇടക്കൊക്കെ ഓര്‍ത്താല്‍ നന്ന്.
മലബാറിന്റെ സ്വന്തം മന്ത്രിയുണ്ടായിട്ടും മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമായ പ്രാഥമികമായ കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സ്വന്തം കുടുംബത്തിന്റെ യാത്രക്ക് രണ്ടു മാസം മുന്‍പ് കണ്ണൂര്‍ സ്റെഷനില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ട മന്ത്രി ആ താല്പര്യം നാട്ടുകാരോടും മലപ്പുറത്തെ വോട്ടര്‍മാരോടും കാണിച്ചില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് സൌജന്യ യാത്രക്കുള്ള പേപ്പര്‍ ഒപ്പിട്ടു കൊടുക്കാന്‍ മാത്രമാണോ റെയില്‍വേ മന്ത്രിയും എം.പിയും? തന്നെക്കൊണ്ട് ഈ പണി നടക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടോ അതോ ട്രെയിന്‍ യാത്രയേക്കാള്‍ സുഖം വിമാന യാത്ര ആയതു കൊണ്ടാണോ എന്നറിയില്ല - ആള്‍ പൊടിയും തട്ടി പോയി പഴയ വിദേശ കാര്യത്തിലേക്ക്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വന്നു പോകുന്ന രണ്ടുമൂന്നു ദീര്‍ഘദൂര ട്രെയിനുകള്‍ കൊണ്ടുവരുന്നതോ സ്വന്തം പേര് മാര്‍ബിള്‍ ഫലകത്തില്‍ കൊത്തി വെക്കപ്പെടുന്നതിനു സഹായമാകുന്ന രീതിയില്‍ സ്റെഷനുകള്‍ മോടി കൂട്ടുന്നതോ അല്ല റെയില്‍വേ വികസനം. സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള ഏക ഉപാധിയായ ട്രെയിനിനുള്ളില്‍ അടിസ്ഥാന സൌകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തി ടിക്കറ്റില്‍ എഴുതിയ രീതിയില്‍ "ശുഭയാത്ര" പ്രദാനം ചെയ്യുക എന്നത് മാത്രമാണ്. 
വാല്‍:
ഇതൊക്കെ ഒന്ന് കേരളത്തില്‍ നടപ്പായെങ്കില്‍...

5 comments:

നന്ദു said...

പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും മറ്റൊരു പീഡനമാകാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധ പതിയേണ്ടിടത്തേക്കുതന്നെ വിരല്‍ ചൂണ്ടിയതിന് ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍!
അടിസ്ഥാനകാര്യങ്ങളില്‍ ഒരു മാറ്റവും വരുത്താതിരിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണേണ്ടിവരും.
:(

കൊമ്പന്‍ said...

വെറുക്കുന്നു ഞാന്‍ ഈ ജീവിതത്തെ നിന്റെ മാനവും ജെവനും പിച്ചി ചീന്തിയ കപാലികനും എന്റെ വര്‍ഗമാണെന്ന് എന്നോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു മലപ്പുറം കാക്ക വലിച്ചെറിഞ്ഞ കത്തി എടുത്ത് കയ്യില്‍ കരുതൂ മാനത്തിനും ജീവനും നേരെ കാമ വെരി പൂണ്ട കാട്ടാളന്റെ ആറാം ബാരിക്ക് നോക്കി ആറ്റം പണി കൊടുക്കൂ

അതാണ്‌ ഈ യുഗത്തില്‍ നിങ്ങളോടെ എനിക്ക് പറയാനുള്ളത്

Unknown said...

മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് തന്നെ ഇവിടെയും കുറിക്കട്ടെ.

വാര്‍ത്ത വായിച്ച് മനസ്സിലെ കനല്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
വൈകല്യം മറയാക്കുന്ന ഈ നീചന്‍മാരെ നാമോരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.
നമ്മുടെ രോഷവും വിങ്ങലുകളും നമ്മില്‍ത്തന്നെ എരിഞ്ഞുതീരും.
സമൂഹം ഒന്നിച്ചിറങ്ങണം,പാര്‍ട്ടി നോക്കാതെ പ്രതികരിക്കണം.ഇത്തരക്കാരെ നിയപാലകര്‍ക്ക് കൊടുക്കാതെ നന്നായി "കൈകാര്യം"ചെയ്യുക.

ഈ സംഭവത്തിനുശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനില്‍ മറ്റൊരു ഒറ്റക്കയ്യനെ കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയില്‍ കണ്ടതായി അനിയത്തിയുടെ മോള്‍ പറഞ്ഞു.
വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒറ്റക്കാലനെ ഒറ്റയ്ക്ക് നേരിട്ട് പെണ്‍കുട്ടിയെ രക്ഷിച്ച കന്യാസ്ത്രീയുടെ അനുഭവം ഇന്നലത്തെ മാധ്യമത്തില്‍ വായിച്ചു.

ഇക്കൂട്ടര്‍ വൈകല്യം മുതലെടുക്കുന്നോ...

philipollur said...

നമ്മുടെ എല്ലാ വിഭാഗം മനുഷ്യരും ബ്ലോഗുകളിലെ ഉദാത്തമായ പ്രതികരനഗ്ല്‍ വായിച്ചിരുന്നെങ്കില്‍......
അങ്ങനെയൊരു നല്ലകാലം വരുമോ? പുസ്തക വായനയുമില്ല.....അശേഷം പൊതു കാര്യ ചിന്തകളുമില്ല ...ആകെയുള്ളത് എങ്ങനെ തട്ടിക്കാം..എങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കാം...ഹോ!!!
http://malayalamresources.blogspot.com/

http://entemalayalam.ning.com/

ജഗദീശ്.എസ്സ് said...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം