ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 15, 2010

തട്ടമിട്ട സോണിയ!

ഈ വര്‍ഗീയ പ്രീണനം... വര്‍ഗീയ പ്രീണനം.. എന്ന് പറയുന്ന സാധനം എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാ. അതിന്‍റെ ചെറിയ രൂപമാണ് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വിതയത്തിലിനെയും പണിക്കരെയും വെള്ളാപ്പള്ളിയെയും എല്ലാം വീട്ടില്‍ പോയി കണ്ടു സമസ്താപരാധങ്ങളും പൊറുക്കാന്‍ പറഞ്ഞു കാലു പിടിച്ചു കരയുന്നത്. പണ്ടൊക്കെ തലയില്‍ മുണ്ടിട്ടായിരുന്നു ഈ പരിപാടി. ഇപ്പോള്‍ ഒളിയും മറയുമൊക്കെ പോയി, നേര്‍ക്ക്‌ നേരെ ആയി പരിപാടി. ഇതിലൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും വലിയ ഐക്യമാണ്. ബി.ജെ.പിക്കാര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അമ്പലം, രാമന്‍, ജന്മം, ഭൂമി എന്നൊക്കെ ചില പിച്ചും പേയും പറയുന്നത് കാണാം. അദ്വാനിക്ക് അധ്വാനിക്കാന്‍ പറ്റിയ ആരോഗ്യമാണെങ്കില്‍ ഒരു ഫൈവ്‌ സ്റാര്‍ രഥവും ഫ്ലാഗ് ഓഫ്‌ ചെയ്യും.
കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനുമൊക്കെ പിന്നെ പ്രീണിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. മൊത്തമായും ചില്ലറയായും ഇടയലേഖനങ്ങളുടെ കൂമ്പാരവുമായി പള്ളിയും പട്ടക്കാരും കാത്തിരിക്കുകയല്ലേ? സി.പി.എമ്മിന്റെ പ്രീണനം വേറെ ഒരു തരത്തിലാണ്. കൈവെട്ടുന്നവരെയും ജമാഅത്തിനെയും അച്ചന്മാരെയും സന്യാസിമാരെയുമെല്ലാം കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തെറി വിളിക്കും. ഒന്ന് കാണണമല്ലോ ഇതൊക്കെ കേട്ടിട്ടും വോട്ടു ചെയ്യാന്‍ മാത്രം പൊട്ടന്മാരാണോ ഇവരെന്ന്‍.
പിന്നെയുള്ളത് ഞമ്മടെ ലീഗാ... പേരില്‍ തന്നെ മതമുള്ളപ്പോള്‍ വേറെ പ്രത്യേകിച്ചൊരു പ്രീണനത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും ഞമ്മക്കും ഞമ്മന്റെ രീതിയില്‍ ഒന്ന് പ്രീണിപ്പിക്കാന്‍ പറ്റീലെങ്കില്‍ യോഗം കഴിഞ്ഞു ബിരിയാണിയും സുലൈമാനിയും കഴിച്ചു പിരിയുന്നതില്‍ എന്താ ഒരു രസം? അത് കൊണ്ട് ഇടയ്ക്കു ചില വെളിപാടൊക്കെ നടത്തും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശമായിരുന്നു ഇത്തവണത്തെ തമാശ. ആറു മണിക്ക് വീട്ടില്‍ കയറണമെന്നതുള്‍പ്പെടെ ഒരുപാടുണ്ടായിരുന്നു പട്ടികയില്‍. അല്ലെങ്കില്‍ തന്നെ കാര്യങ്ങളൊക്കെ ചെയ്യാന്‍ സ്ഥിരം നേതാക്കള്‍ ഉള്ളപ്പോള്‍ പുതിയ സാരിയൊക്കെ ഉടുത്തു കുറെ സ്വര്‍ണവും ഇട്ടു ഷൈന്‍ ചെയ്യുന്നതിനിടെ പറയുന്നിടത്തെല്ലാം ഒപ്പിട്ടു കൊടുക്കണം എന്നല്ലാതെ ലീഗിന്റെ വനിതാ മെമ്പര്‍മാര്‍ക്കൊക്കെ എന്താ ഇത്ര പെരുത്ത പണി. ആറുമണിക്ക് ശേഷം ഐസ്ക്രീം കഴിക്കുന്ന ശീലമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ അത് തന്നെയാ അവരുടെ ആരോഗ്യത്തിനും നല്ലത്.
ഈ വക പ്രീണനമൊക്കെ കണ്ടു കണ്‍കുളിര്‍ത്തു ഇരിക്കുമ്പോളാണ് ഒരു കാര്യം കണ്ണില്‍ പെട്ടത്. ഏറണാകുളത്തുനിന്നു റോഡു വഴി തെരഞ്ഞെടുപ്പ് കാലത്ത് തിരൂരിലേക്ക് വന്നപ്പോള്‍ വഴിയരികിലെങ്ങുമുള്ള ബോര്‍ഡും ബാനറും ശ്രദ്ധിച്ചിരുന്നു. യു.ഡി.എഫിന്റെ ബാനറുകള്‍ നിറയെ സോണിയയുടെയും രാഹുലിന്റെയും ചെന്നിത്തലയുടെയും എല്ലാം കൈ വീശിക്കാണിച്ചും കൂപ്പിയും നില്‍ക്കുന്ന  പല പോസിലുള്ള ചിരിക്കുന്ന മുഖങ്ങളായിരുന്നു. ചാവക്കാടെത്തിത്തുടങ്ങിയപ്പോള്‍ ലീഗിന് കൂടി പോസ്റ്ററില്‍ സ്ഥലം കിട്ടിത്തുടങ്ങി. ശിഹാബ്‌ തങ്ങളുടെ സൌമ്യമായ പുഞ്ചിരി ഇടം പിടിച്ച പോസ്റ്ററുകളില്‍ സോണിയയുടെ ചിത്രത്തിന് എന്തോ ഒരു മാറ്റം. സൂക്ഷിച്ചു നോക്കിയപ്പോളാണ് പിടികിട്ടിയത്... സോണിയക്ക് തലയില്‍ തട്ടമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ ശൈലിയില്‍ തലമറച്ച ചിത്രമാണ്. യാദൃശ്ചികമായിരിക്കുമെന്നു കരുതിയെങ്കിലും പിന്നെ തിരൂര്‍ വരെ കണ്ട പോസ്റ്ററിലെല്ലാം അത് തന്നെയായിരുന്നു സോണിയയുടെ അവസ്ഥ. പിറ്റേന്ന് മലപ്പുറത്ത്‌ പോയപ്പോളും വഴിനീളെ തട്ടമിട്ട സോണിയ നിറഞ്ഞു നിന്നു. ശിഹാബ്‌ തങ്ങളുടെ ചിത്രമുള്ള പോസ്റ്ററില്‍ ഒരു പെണ്ണ് തട്ടമിടാതെ നിന്നാല്‍ ഒരു പത്തു വോട്ടെങ്ങാനും കുറഞ്ഞാലോ? മലപ്പുറത്തെ പാവങ്ങളെ പറ്റിക്കാന്‍ നടത്തുന്ന ഓരോ തട്ടിപ്പുകള്‍... കഷ്ടം.

1 comment:

ente lokam said...

കലി കാലം ഇങ്ങു എത്തി ...കണ്ടില്ലേ ..പ്രീണനം..എവിടെ
ഇതില്ല എന്ന് പറയാമോ.?മതം,രാഷ്ട്രീയം,സാംസ്കാരികം എല്ലാം
ഈ മേഖല കൈ അടക്കി.."മൊത്തം" ആയി അഴിമതിക്ക് ഒരു
"കൈ താങ്ങ്" ഉണ്ടെങ്കില്‍ അവരെ തൊടാന്‍ പോലും ഇന്ന് പേടിക്കണം..
കുറെ പ്പേരെ ഇങ്ങു വലിച്ചാല്‍ ദേ ഗെവോന്മെന്റ്റ് താഴെ..അപ്പൊ പിന്നെ
എന്താ തല്‍കാലം ഞങ്ങളുടെ പാര്‍ട്ടി കാരന്‍ അവിടെ ഇരുന്നു അഴിമതി
കാണിച്ചോട്ടെ.അങ്ങ് കണ്ണടക്കു...അതാ നല്ലത്..ആശംസകള്‍...
തുടരൂ.വായിച്ചെങ്കിലും രോഷം കൊള്ളാമല്ലോ....

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം