ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 01, 2013

മതസൗഹാർദ്ദ നാടകങ്ങൾ

 മതസൗഹാർദ്ദ സമ്മേളനങ്ങൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വേഷമണിഞ്ഞ് കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികളുടെയും കൃഷ്ണവേഷമണിഞ്ഞ കുട്ടിയെ എടുത്തുനിൽക്കുന്ന പർദ്ദധാരിണിയുടെയും എല്ലാം നിരവധി ഫോട്ടോകൾ ഫേസ്ബുക്കിൽ കറങ്ങിനടക്കുന്നുണ്ട്, മതസൗഹാർദ്ദത്തിന്റെ മൊത്തവിതരണക്കാരായി. പുറംമോടിയിലും വേഷവിധാനത്തിലും മത്സരത്തിനായുള്ള വേഷംകെട്ടലിലുമാണോ മതസൗഹാർദ്ദം? അതു മനസ്സിൽ നിന്നും ഉടലെടുക്കേണ്ട ഒരു ചിന്താഗതിയല്ലേ?
ഒരു യോഗത്തിൽ വിവിധ മതങ്ങളുടെ പുരോഹിതന്മാർ അല്ലെങ്കിൽ മത - ജാതി സംഘടനകളുടെ നേതാക്കൾ വന്ന് സ്വന്തം മതത്തിന്റെ ഗുണങ്ങൾ വാഴ്ത്തുന്നതിനിടയിൽ പുട്ടിനു തേങ്ങയിടുന്നതു പോലെ മറ്റു മതങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോൾ അതിനു പുട്ടുപോലെ അരിപ്പൊടിയും തേങ്ങയും ചേരുന്നതിന്റെ ഒരു സ്വാദുണ്ടാകും എന്നതു ശരിതന്നെ. ആ സ്വാദ് ഒരു പരിധി വരെ മതസൗഹാർദ്ദവാദികളെ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഈ മതമേധാവികളും നേതാക്കളും അതിനുശേഷം സ്വന്തം മതത്തിന്റെ മാത്രമായ യോഗത്തിലും ക്ലാസിലും പ്രാർത്ഥനയിലും പങ്കെടുക്കുമ്പോൾ അവിടെ അരിപ്പൊടി മാത്രമേ ഉണ്ടായിരിക്കൂ, തേങ്ങ ഉണ്ടാവില്ല. അതിനു സ്വാദു കുറവാണെങ്കിലും മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസത്തിന്റെയും സ്വാദിഷ്ടമായ കറിയിൽ പൊതിഞ്ഞുകൊടുക്കുന്നതു കൊണ്ടും വിശ്വാസികളുടെ മനസ്സിലെ ഭീതി, ഭക്തി, മരണാനന്തരജീവിതത്തോടുള്ള പ്രതീക്ഷ ഇത്യാദി വികാരങ്ങൾ കൊണ്ടും അവർ തൊണ്ട തൊടാതെ വിഴുങ്ങുന്നത് ഈ തേങ്ങ ചേർക്കാത്ത പലഹാരമായിരിക്കും. അതിനാൽ  ആദ്യം മതസൗഹാർദ്ദ വേദിയിൽ നിന്നു ലഭിച്ചത് ഒരിക്കലും പ്രയോഗത്തിൽ വരാതെ പോകുന്നു.
അന്യമതങ്ങൾക്കെതിരെ വിഷം വമിക്കുന്ന പ്രസംഗം നടത്തി ഹിന്ദുമത വിശ്വാസികളിൽ ആ മതങ്ങൾക്കെതിരെ വെറുപ്പു സൃഷ്ടിക്കുന്നതിൽ ഇന്നു കേരളത്തിൽ മുന്നിൽ നിൽക്കുന്ന ഒരു സ്ത്രീയെ ഒരു മുസ്ലിം സംഘടനയുടെ വേദിയിൽ വിളിച്ചു പ്രസംഗിപ്പിച്ചാൽ നാളെ മുതൽ ഇവിടുത്തെ എല്ലാ വർഗീയ ചിന്താഗതികളും ഇല്ലാതാകുമെന്നാണോ? ഹിന്ദുമതത്തിന്റെ പ്രതിനിധിയായി ആണോ ആ സ്ത്രീയെ വിളിച്ചിട്ടുള്ളത്? ആരാണവരെ ഹിന്ദുമതത്തിന്റെ പ്രതിനിധി ആക്കിയത്? അവരുടെ അതേ ചിന്താഗതി ഉള്ളവരല്ലല്ലോ കേരളത്തിലെ 99% ഹിന്ദുക്കളും. ഇന്നു കേരളത്തിൽ നിലവിലുള്ള മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ വിളിച്ചു പ്രസംഗിപ്പിച്ച് നാളെ മുതൽ മതസൗഹാർദ്ദം ശക്തിപ്പെടുത്താം എന്നു പറയുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? ആ വേദിയിൽ കയ്യടി കിട്ടാനായി തന്റെ വാക്ചാതുരി നിറം മാറ്റി ഉപയോഗപ്പെടുത്തിയാലും അതിനു ശേഷമുള്ള യോഗങ്ങളിലെല്ലാം അവർ പഴയ പടി ആവില്ലെന്നു ഇതിന്റെ സംഘാടകർക്കുറപ്പുണ്ടോ? ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന സമയം കൊണ്ട് അവരെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മുഴുവൻ നീക്കി, വിഷപ്പല്ല് എടുത്തുകളഞ്ഞ് കറകളഞ്ഞ മതേതരയാക്കിക്കളയാം എന്നാണോ അവർ ധരിച്ചു വശായിട്ടുള്ളത്? ആ വേദിയിൽ നിന്ന് ലഭിക്കുന്ന മതസൗഹാർദ്ദത്തിന്റെ മേലങ്കി അവിടെ നിന്നിറങ്ങി തിരിച്ചുപോകുന്ന വഴിയിലെ ഏതെങ്കിലും മാലിന്യക്കൂമ്പാരത്തിൽ അവർ നിക്ഷേപിക്കും എന്നതല്ലേ സത്യം?
 ഓരോ മതങ്ങളും കൂടുതൽ കൂടുതൽ പരസ്പരം വിദ്വേഷം പുലർത്തുക എന്നതാണ് ജാതി-മത സംഘടനകളുടെ നേതാക്കൾക്ക് കഞ്ഞികുടിച്ചു ജീവിക്കാനുള്ള പ്രധാന മാർഗം എന്നത് അരക്കിട്ടുറപ്പിക്കുന്ന കാര്യം മാത്രമാണ് ഇതു പോലുള്ള പൊറാട്ടുനാടകങ്ങൾ. അതിനായി അവർ എന്നും പരസ്പരധാരണയിലും ഇണപിരിയാത്ത സൗഹൃദത്തിലുമാണു പ്രവർത്തിക്കുന്നത്. കണ്ടു നിൽക്കുന്ന സാധാരണക്കാരായ വിശ്വാസികൾ എന്തറിയുന്നു. 
ഇതുപോലുള്ള കാളകൂടങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക എന്നതു മാത്രമാണ് മതസൗഹാർദ്ദം ഊട്ടിവളർത്താനുള്ള ഒരേയൊരു മാർഗം. അന്യനെ സ്നേഹിക്കാനറിയാവുന്ന യഥാർത്ഥ വിശ്വാസികളാണ് കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ അവകാശികളും ഉടമസ്ഥരും. അതവർ നന്നായി മനസ്സിലാക്കുന്നതു കൊണ്ടു തന്നെയാണ് ശശികലയെപോലുള്ളവർ ഇന്നുമിവിടെ ന്യൂനപക്ഷമായി അവശേഷിക്കുന്നത്. അവർക്ക് അതിനുള്ള നിശ്ശബ്ദമായ പിൻബലം നൽകുന്നത് അവിശ്വാസികളെന്ന് മുദ്രകുത്തി മതത്തിന്റെ മൊത്തക്കച്ചവടക്കാർ ശത്രുപക്ഷത്ത് നിർത്തുന്നവരാണ്. എല്ലാ മതങ്ങളിലെയും തീവ്രചിന്താഗതിക്കാർ പരസ്പരം പടവെട്ടുന്നതിലുപരിയായി കായികമായി ഇല്ലായ്മ ചെയ്യുന്നത് ഈ "അവിശ്വാസി"കളെയാണെന്ന് ആനുകാലിക സംഭവവികാസങ്ങൾ വെളിവാക്കുന്നു. കാരണം പ്രത്യക്ഷത്തിൽ അന്യമതങ്ങളെ ശത്രുക്കളായി പ്രചരിപ്പിക്കുമ്പോഴും ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന വർഗീയശക്തികൾക്ക് ആ ലക്ഷ്യത്തിനു യഥാർത്ഥ വിഘാതമായി നിൽക്കുന്നത് ഈ "അവിശ്വാസി"കളാണല്ലോ...
അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും

4 comments:

പട്ടേപ്പാടം റാംജി said...

മനസ്സില്‍ സ്നേഹവും നിലനില്‍ക്കുന്നിടത്ത് ജാതിചിന്ത മാറി നില്‍ക്കും.
ലേഖനം നന്നായി.

ajith said...

മതസൌഹാര്‍ദമെന്നത് വെറും പുറംവേഷം മാത്രമാണ്. കാരണം ഒരു മതവും സൌഹാര്‍ദപരമല്ല.

ബൈജു മണിയങ്കാല said...

മതങ്ങളുടെ തലപ്പത്തിരിക്കുന്നവർ എന്നും സൌഹാർദം ഉള്ളവരാണ് മറ്റു മതങ്ങളുടെ തലപ്പുകളുമായി മാത്രം.. അണികൾ മാത്രം വെറും ഏണികൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വായനക്കും അഭിപ്രായം പങ്കു വെച്ചതിനും നന്ദി..

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം