ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 10, 2010

തിരിച്ചുപോക്കുകള്‍

ഇന്ന് മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ബുദ്ധിഹീന ബുദ്ധിജീവികളും ആഘോഷിക്കുന്ന ഒരു വിഷയമാണല്ലോ സിപിഎം-ല്‍ നിന്നുള്ള മുന്‍ MP മാരുടെ കൊഴിഞ്ഞുപോക്കുകള്‍. ആദ്യം ഒരു അബ്ദുള്ളക്കുട്ടി, കുറച്ചു കഴിഞ്ഞപ്പോള്‍ ഡോ.K.S.മനോജ്‌, അധികം വൈകാതെ പഴയ ശിവരാമനും. എല്ലാര്‍ക്കും ഒരേ പല്ലവി - "മതപരമായ കാര്യങ്ങളില്‍ സിപിഎം-ന്റെ നിലപാടുകള്‍ ശരിയല്ല". എല്ലാര്‍ക്കും ഒരേ അഭയ കേന്ദ്രം- കോണ്ഗ്രസ്. ഈ മൂവര്‍ സംഘത്തിന്റെയും പിന്നെ മറ്റു ചിലരുടെയും സിപിഎം-ല്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനെ(സിപിഎം അവരെ പുറത്താക്കി എന്ന് പറഞ്ഞാല്‍ പലര്‍ക്കും അംഗീകരിക്കാന്‍ പറ്റിയെന്നു വരില്ല, സത്യം അതാണെങ്കിലും. കാരണം പുറത്താകുന്നതിന്റെ ഒരുപാട് ദിവസങ്ങള്‍ മുന്‍പുതന്നെ ഇവര്‍ കൊണ്ഗ്രെസ്സുമായുള്ള കരാര്‍ ഒപ്പിട്ടിട്ടാണല്ലോ വാര്‍ത്താ മാധ്യമങ്ങളിലൂടെ വിടുവായത്തം തുടങ്ങിയത്. "എന്നെ ഒന്ന് പുറത്താക്കിത്താ" എന്ന പോലെ) "കൊഴിഞ്ഞുപോക്ക്" എന്നതിനുപരിയായി "തിരിച്ചുപോക്ക്" എന്ന രീതിയിലാണ് കാണേണ്ടത്- സിപിഎം എന്ന പ്രമുഖ പാര്‍ട്ടിയുടെ ഭാഗമാകാന്‍ വേണ്ടി, അതില്‍ നിന്നും ലഭിക്കുന്ന അധികാരത്തിന്റെ അപ്പക്കഷണം കടിച്ചുതിന്നാന്‍ വേണ്ടി, മനസ്സിലെ ഉള്ളറകളില്‍ ഒളിച്ചുവെച്ച- ആ അപ്പക്കഷണങ്ങള്‍ അകന്നു പോയപ്പോള്‍, അല്ലെങ്കില്‍ അകന്നു പോകുമെന്ന ഭീതിയില്‍ അറിയാതെ (അതോ മനപ്പൂര്‍വമോ) പുറത്തുവന്ന - സ്വന്തം ചിന്താധാരയിലെക്കുള്ള തിരിച്ചു പോക്ക്.
അബ്ദുള്ളക്കുട്ടിയുടെ കാര്യം തന്നെയെടുക്കാം. കണ്ണൂര്‍ ലോക്സഭാസീറ്റ് നേടിയെടുത്ത അത്ഭുതക്കുട്ടിയായിട്ടായിരുന്നു അയാള്‍ പണ്ട് വാഴ്തപ്പെട്ടത്‌. ഈയുള്ളവനിന്നുമോര്‍ക്കുന്നു...ലോക്സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം കോളേജ് ഹോസ്ടലില്‍ രാത്രി കട്ടന്‍ചായ ഉണ്ടാക്കിക്കുടിച്ചു ഏറ്റവും ഒടുവില്‍ വന്ന ഫലമായ കണ്ണൂരിന് വേണ്ടി ഉറക്കമൊഴിച്ചു കാത്തിരുന്നത്, SFI നേതാവായ അബ്ദുള്ളക്കുട്ടി വിജയക്കൊടി പാറിച്ചപ്പോള്‍ തുള്ളിച്ചാടിയത്. അതിനു ശേഷം ആ സഖാവിന്റെ പെരുമാറ്റതിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും പല പഴയ സഖാക്കളില്‍ നിന്നുമറിഞ്ഞിരുന്നു... ഒരു സഖാവെന്ന നിലയില്‍ പ്രതീക്ഷിക്കാത്ത പലതും. പ്രത്യേകിച്ച് ഒരു ധനിക കുടുംബത്തില്‍ നിന്നും നടത്തിയ വിവാഹശേഷം. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആ പ്രതീക്ഷ അബ്ദുള്ളക്കുട്ടിക്കും തീരെയുണ്ടായിരുന്നില്ല എന്ന് ഒരു രാത്രിയിലെ TV വാര്‍ത്ത കണ്ടപ്പോള്‍ മനസ്സിലായി- നരേന്ദ്ര മോഡി പ്രശംസയില്‍ നിന്നും. തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ആഞ്ഞു പരിശ്രമിക്കുകയായിരുന്നു, ആരോപണങ്ങളും ഇടതു വിരുദ്ധ വേദികളിലെ വാചകക്കസര്‍ത്തുകളുമായി. മേമ്പൊടിക്ക് മതപരമായ കാര്യങ്ങളില്‍ സിപിഎം-ന്റെ നിലപാടുകളിലേക്ക്‌ വൈകാരികമായ വാക്കുകളിലൂടെ ഒരു കടന്നാക്രമണവും.  ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു... ആ കുരുത്തം കെട്ട കുട്ടി പുറത്തായി. സ്വീകരിക്കാന്‍ രണ്ടു കയ്യും നീട്ടി നില്‍പ്പുണ്ടായിരുന്നു സുധാകരന്റെ കൊണ്ഗ്രെസ്സ്. അവര്‍ക്കെന്തു ആശയം? എന്ത് ആദര്‍ശം? നരേന്ദ്ര മോഡി നേരിട്ട് വന്നാലും ആ ചവറുകൂനയില്‍ സ്ഥലമുണ്ടാകുമല്ലോ. സിപിഎം-ലെ എക്സ് MP സ്ഥാനത്തേക്കാള്‍ മെച്ചമായത്‌ തന്നെ കിട്ടി അബ്ദുള്ളക്കുട്ടിക്ക്... കൊണ്ഗ്രെസ്സിലെ MLA സ്ഥാനം. കുറച്ചു കാലത്തേക്ക് കൂടി പണിയായല്ലോ. ഭാര്യവീട്ടുകാരുടെ ബിസിനെസ്സില്‍ ഒത്താശ ചെയ്യാനും പറ്റും. കമ്മ്യൂണിസവും കൂടെ നിന്ന പഴയ സഖാക്കളെയും മറക്കാന്‍ ഇടയാക്കിയ, MP എന്ന നിലയിലുള്ള ഏറെ ആനുകൂല്യങ്ങളും സൌകര്യങ്ങളും അടങ്ങിയ സുഖലോലുപ ജീവിതത്തോളം വരില്ലെങ്കിലും MLA എന്ന നിലയില്‍ കുറച്ചു കാലം കൂടി സുഖിക്കാമല്ലോ. പിന്നെ വന്ന വഴി മറന്നാലെന്ത്?വലതു പക്ഷ വിദ്യാര്‍ഥി സംഘടനകളുടെയും UDF ഗുണ്ടകളുടെയും അടി കിട്ടി റോഡിലും ഓടയിലും കിടന്നത് ഓര്‍ക്കുന്നതെന്തിന്?
ഇത് പോലെ വഴിതെറ്റി വന്ന (MP സ്ഥാനം കിട്ടിയാല്‍ പിന്നെ ഏതു തെറ്റായ വഴിയിലും പോകാമല്ലോ) ഒരു കുഞ്ഞാടായിരുന്നു ഡോ.മനോജ്‌ കുരിശിങ്കല്‍. ഏതോ ലത്തീന്‍ കാതോലിക്കാന്‍ സംഘടനയുടെ ഭാരവാഹിയായ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആലപ്പുഴ മണ്ഡലത്തില്‍ അത്യാവശ്യം അറിയപ്പെട്ടിരുന്ന ഈ കുഞ്ഞാടിനെ നല്ലൊരു സ്ഥാനാര്‍ഥി എന്ന നിലയില്‍ മാത്രമായിരുന്നു സിപിഎം വി.എം.സുധീരനെതിരെ മത്സരിപ്പിക്കാന്‍ വേണ്ടി സമീപിച്ചത്. MP സ്ഥാനം കണ്ടു കണ്ണ് മഞ്ഞളിച്ചപ്പോള്‍ സിപിഎം മതത്തെ നിരാകരിക്കുന്ന കശ്മലന്മാര്‍ ആണെന്നൊന്നും ചിന്തിക്കാന്‍ മനോജിനു നേരമുണ്ടായില്ല, അഥവാ തലച്ചോറിനെ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചില്ല. ചാടിക്കയറി നിന്നു, ഇടതു തരംഗത്തില്‍ ജയിക്കുകയും ചെയ്തു. പിന്നെ ഡല്‍ഹി മാത്രമായിരുന്നു മൂപ്പരുടെ കര്‍മ്മമണ്ഡലം. ചികിത്സയും അങ്ങോട്ട്‌ തന്നെ മാറ്റി. വല്ലപ്പോഴുമെങ്കിലും സ്വന്തം മണ്ഡലത്തില്‍ വന്നു പോകണമെന്ന കടമ പോലും മറക്കാന്‍ തുടങ്ങി. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും(ഡല്‍ഹിയിലെ ചികിത്സ പെട്ടെന്നുപെക്ഷിക്കാന്‍ വയ്യല്ലോ) പാര്‍ട്ടി നിര്‍ത്തി. പ്രചാരണത്തിന് പോലും കൃത്യമായി വന്നില്ല. മാന്യമായി തോല്‍ക്കുകയും ചെയ്തു. എന്നിട്ടും പാര്‍ട്ടി എന്ന മാരണം തോളില്‍ നിന്ന് ഒഴിഞ്ഞു പോയില്ല. പിന്നെ ഒന്നും നോക്കിയില്ല, അബ്ദുള്ളക്കുട്ടിപ്പി താവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു നെടുനെടുങ്കന്‍ പ്രസ്താവന... "സിപിഎം മതസ്വാതന്ത്ര്യതിനെതിര്, ഞാന്‍ പോകുന്നു". ഇനി ഡല്‍ഹിയില്‍ പോയി സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു എക്സ് MP യുടെ ആനുകൂല്യങ്ങളും  പറ്റി സുഖിക്കാമല്ലോ. പിന്നെ കേന്ദ്രം ഭരിക്കുന്നത്‌ കൊണ്ഗ്രെസ്സ് ആയതു കൊണ്ട് സുഖം കുറച്ചു കൂട്ടാന്‍ ആ തോണിയില്‍ ഒരു കാലു വെക്കുകയും ചെയ്യാം. ഇനിയുള്ള ജീവിതം കുശാലായല്ലോ. 
ഇങ്ങനെ മുഖ്യധാരാ ചാനലുകളും പത്രവുമെല്ലാം ആഘോഷിച്ചു സിപിഎം-ന്റെ മുതുകില്‍ കയരിക്കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത എക്സ് MP ... ശിവരാമന്‍. കുറെക്കാലമായി ആ പേര് കേട്ടിട്ടില്ലാത്തത് കൊണ്ട് ആരും പെട്ടെന്ന് ഓര്‍ത്തിരിക്കില്ല ആ പേര്. പണ്ട് വന്‍ഭൂരിപക്ഷത്തില്‍ ഒറ്റപ്പാലത്ത് നിന്ന് ജയിച്ചതായിരുന്നു കക്ഷി. ഡല്‍ഹിയിലിരുന്നപ്പോള്‍ മനസ്സിലായ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ആയിരിക്കും, അടുത്ത തവണ പാര്‍ട്ടി മത്സരിപ്പിച്ചില്ല. പാര്‍ട്ടിയിലും വലിയ റോളൊന്നുമുണ്ടായിരുന്നില്ല. ആകെക്കൂടെ കാണിച്ച ഒരു പ്രവത്തനം ഭാര്യ വഴി ആയിരുന്നു. ജോലി ചെയ്ത സഹകരണബാങ്കില്‍ നടത്തിയ ക്രമക്കേടിന് ഭാര്യ തരംതാഴ്തപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ വലിയ ആവേശമായിരുന്നത്രേ. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ തേഞ്ഞ പഴയ കത്തി തന്നെ പുറത്തെടുത്തു... മതസ്വാതന്ത്ര്യം. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നാണല്ലോ.  സിപിഎം-ല്‍ നിന്ന് പോകുന്നവര്‍ക്ക് വി.ഐ.പി പരിഗണന കിട്ടുന്ന ഈ സമയത്ത് തന്നെ പോയില്ലെങ്കില്‍ ചാനലിലും പത്രതിലുമൊന്നും വലിയ ഫോടോ സഹിതം വരില്ലല്ലോ കിടിലന്‍ ഡയലോഗ്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ചെന്നിതലയോട് കരാറാക്കി ഒറ്റ ചാട്ടം. 
ഇവരോടൊക്കെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും കുറെ കാലം സഖാവേ എന്ന് വിളിച്ചു കൂടെ ഉണ്ടായിരുന്നവരെ മുഴുവന്‍ മറന്നു വേലി ചാടുമ്പോള്‍ കുറച്ചെങ്കിലും ധാര്‍മികത കാണിക്കേണ്ടേ? കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പറ്റി ഒരു ചുക്കും മനസ്സിലാക്കാന്‍ ശ്രമിക്കാതെ വെറും സ്ഥാനത്തിനു വേണ്ടിയാണോ ഇവരൊക്കെ സിപിഎം-ല്‍ വന്നത്? MP ആയിരുന്നപ്പോള്‍ തോന്നാതിരുന്ന തത്വചിന്ത കാലാവധി അവസാനിക്കാറാകുന്ന സമയത്തും തോറ്റാലും വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടാതിരുന്നാലും പെട്ടെന്ന് ഉദയം ചെയ്യുകയാണോ മനസ്സില്‍?  ഈ ആദര്‍ശ ശുദ്ധിയില്ലാത്ത അവസര വാദികളെയൊക്കെ യാതൊരു തത്വ ദീക്ഷയും കൂടാതെ സ്വീകരിക്കാനും പാര്‍ട്ടിക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയവരെ മുഴുവന്‍ മറന്നു സ്ഥാനാര്ത്തിയാക്കാനും നേതാക്കളുടെ അഭാവം അത്രയേറെ അലട്ടുന്നുണ്ടോ കോണ്ഗ്രെസ്സിനെ?
പിന്നെ മത സ്വാതന്ത്ര്യം. സിപിഎം-ല്‍ ആരുടേയും മതസ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നുന്ടെന്നു ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പള്ളിയില്‍ പോകുകയും ശബരിമലക്ക് പോകുകയും ചെയ്യുന്ന ദൈവ വിശ്വാസികളായ ഒരു പാട് പേര്‍ പാര്‍ട്ടിയിലുണ്ട്. പക്ഷെ അവരെല്ലാം വിശ്വാസികള്‍ മാത്രമാണ്, മതഭ്രാന്തന്മാര്‍ അല്ല. സ്വന്തം മതത്തെ അനാവശ്യമായി ഉയര്‍ത്തിക്കാട്ടി അന്യമതങ്ങളെ വാക്കുകളിലൂടെയും പ്രവര്തികളിലൂടെയും ഇകഴ്ത്തുകയും കായികമായിപ്പോലും എതിര്‍ക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഉടലെടുക്കുമ്പോഴാണ് മതം മനുഷ്യനെ മയക്കുന്ന കറപ്പായിതീരുന്നത്. അത്തരം മതവിശ്വാസതെയാണ് സിപിഎം എതിര്‍ക്കുന്നത്. അത്തരം ചിന്താഗതിയുള്ളവര്‍ സിപിഎം-ല്‍ ഇല്ല. ഉണ്ടെങ്കില്‍ അവരുടെ വഴി പുറതെക്കായിരിക്കുകയും ചെയ്യും. പാര്‍ട്ടി നയരേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉയര്തിക്കാട്ടിയാണല്ലോ പല വിമര്‍ശനങ്ങളും. നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. ജാതി-മത ഭേദങ്ങളില്ലാതെ എല്ലാവരെയും ഒന്നായിക്കാണാന്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് മതപരമായ ഒരു പ്രതിച്ഛായ നല്‍കും. അത് സിപിഎം-ന്റെ ആശയങ്ങള്‍ക്ക് കടകവിരുധമാണ്. പിന്നെ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന കാര്യം. പാര്‍ട്ടി രീതികള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നത് പുതിയ അംഗങ്ങള്‍ക്ക് സാവകാശം കൂടിയേ തീരൂ. അവരെ ആ രീതിയില്‍ നയിക്കേണ്ട മേല്കമ്മിറ്റി അംഗങ്ങള്‍ പൂര്‍ണമായും മതപരമായ ചടങ്ങുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ മാത്രമേ അവര്‍ക്ക് പ്രവര്‍ത്തകരെ ഉദ്ബോധിപ്പിക്കാന്‍ കഴിയൂ. അല്ലാതെ കൊണ്ഗ്രെസ്സിലെ പോലെ  ഒന്ന് പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന നേതാക്കളാണോ വേണ്ടത്? മറ്റൊരു കാര്യമാണ് ലെവി നല്‍കുന്ന കാര്യം. പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ചു ജയിച്ചു കിട്ടുന്ന ശമ്പളം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് നല്‍കുന്നതില്‍ എന്താണ് തെറ്റ്? പണമുണ്ടാക്കാന്‍ വേണ്ടിയാണോ MP ആയത്‌? എന്നാല്‍ വേറെ പണിക്കു വല്ലതും പോകാമല്ലോ. 
സ്വന്തം നില ഭദ്രമാക്കാനും തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനും കീശ വീര്‍പ്പിക്കാനും വേണ്ടി രാഷ്ട്രീയത്തിലിറങ്ങുന്ന, തന്നെ താനാക്കിയ പാര്‍ട്ടിയുടെ പേരില്‍ നേടുന്ന സ്ഥാനം വഴിയുണ്ടാകുന്ന സുഖസൌകര്യങ്ങളില്‍ മതിമറന്നു പാര്‍ട്ടിയെയും ആദര്‍ശത്തെയും മറക്കുന്ന, കാലുമാറി വരുന്നവരെ ഒരുളുപ്പും കൂടാതെ സ്വീകരിക്കുന്ന, നേരിനും നെറിക്കും ഒരു വിലയും നല്‍കാത്ത ഇത്തരം വിലകുറഞ്ഞു നാറിയ രാഷ്ട്രീയ സംസ്കാരം ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഇത്തരക്കാരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ രാഷ്ട്രീയത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മ തിരിച്ചുകിട്ടൂ.

4 comments:

നന്ദന said...

സ്വന്തം നില ഭദ്രമാക്കാനും തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനും കീശ വീര്‍പ്പിക്കാനും വേണ്ടി രാഷ്ട്രീയത്തിലിറങ്ങുന്ന, തന്നെ താനാക്കിയ പാര്‍ട്ടിയുടെ പേരില്‍ നേടുന്ന സ്ഥാനം വഴിയുണ്ടാകുന്ന സുഖസൌകര്യങ്ങളില്‍ മതിമറന്നു പാര്‍ട്ടിയെയും ആദര്‍ശത്തെയും മറക്കുന്ന, കാലുമാറി വരുന്നവരെ ഒരുളുപ്പും കൂടാതെ സ്വീകരിക്കുന്ന, നേരിനും നെറിക്കും ഒരു വിലയും നല്‍കാത്ത ഇത്തരം വിലകുറഞ്ഞു നാറിയ രാഷ്ട്രീയ സംസ്കാരം ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഇത്തരക്കാരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ രാഷ്ട്രീയത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മ തിരിച്ചുകിട്ടൂ ഇതിന്നടിയിൽ ഒരൊപ്പ് ഇതൊക്കെ കണ്ട് തലപ്പത്തുള്ളവർ പഠിക്കട്ടെ ഇവരെയൊക്കെ എന്തിന് പേറണം പാർട്ടി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്റെ നാട്ടുകാരനായ പ്രിയ ഡോക്ടറെ..
ഈ ചീഞ്ഞു നാറുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വേറെ എന്തെല്ലാമുണ്ട് നമുക്ക്. ഡോക്ടര്‍ എഴുതിയ കാര്യത്തില്‍ ചുവപ്പും പച്ചയും എന്നല്ല എല്ലാവരും ഒന്ന് തന്നെ.'നാവ്‌ നാട്ടിന്, നേട്ടം വീട്ടിന്' എന്നാണു എല്ലാ രാഷ്ട്രീയക്കരുടെം നിലപാട്.ധര്‍മം,കടപ്പാട് ,മൂല്യം എന്നിവയൊക്കെ ചര്‍ച്ച ചെയ്യാം കൊള്ളാം .
താങ്കളുടെ profile ല്‍ കാണുന്ന പോലെ താങ്കളുടെ കലാലയ ജീവിതത്തിലെ രസകരമായ അനുഭവങ്ങലാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
നന്മകള്‍ നേരുന്നു. താങ്കള്‍ക്കും രോഗികള്‍ക്കും...

Shinto said...

nariyavane chomannal chomannvanum narum veruthe enthina doctore ee rastriya nattakadhakal eduthittu veruthey nammude ee blog koody chethayakkanathu enne thallandappa njan nannakilla ennu paryana avsthayanu ippol rastriyathil nethavu kuttam cheythal bylaw ellam marum istamillatha achy thottathellam kuttam ithokkey anu ennum kanunnathum kekkunnathum thalla njandu makkalodu purakottu nadakaruthennu parnju kodukkanathu poley anu rastriyathinte pokku. pinney ee poyavar (veliye kidanna pambine eduthu madiyil vechu kadimedichenne enikku paraynullu attaye pidichu methayil kidathiyal okkumo ?
pinney doctor nammude ee blogilenthina veruthey manusyanu pryanthu pidikkana karyngal parayanathu nammude panchara gulikede taste kalayanathu


best wishes

ലിജു ഉള്ളിയേരി said...

ഒരു എം പി എന്നാ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി ഇനി cpim സീറ്റ്‌ തരില്ല എന്ന് മനസിലാക്കിയവരന് ഇന്ന് പുറത്തേക്ക പോയിക്കൊണ്ടിരിക്കുന്നത് ...
cpim ലേവി കൊടുക്കണം എന്നതാവും ഈ ''കുട്ടി''മാരെ പുറത്തു പോവാന്‍ വേണ്ടി നാടകം നടത്താന പ്രേരിപ്പിച്ചത് ......
അബ്ദു എന്നാ കുട്ടി sfi യിലൂടെ വന്ന ആളാണ് ...അതും വര്‍ഷങ്ങള്‍ക് മുന്നേ ...എന്നിട്ടും ഇത്രയും നാള്‍ ഇങ്ങേര്‍ക്ക് ഇത് മനസിലവഞ്ഞതെന്തേ ...?(രണ്ടു തവണ മത്സരിച്ചയള്ക് പിന്നീട് സീറ്റ്‌ കൊടുക്കേണ്ട എന്നാ തീരുമാനം cpim നടത്താറുണ്ട് ...വളരെ വ്യത്യസ്തമായി മാത്രമെ ഇത് തിരുതരുല്ലൂ ..ഇനി രക്ഷയില്ല എന്നതും , ഇനിയും ഇങ്ങിനെ തന്നെ ജീവികണം എന്നതുമാണ്‌ ഇത്തരക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത് ...)
പിന്നംബുറത്തു ചര്‍ച്ചകള്‍ നടത്തി സ്ഥാനം ഉറപ്പിച്ച ശേഷമാണു ഇവര്‍ cpim നെ തള്ളിപരയുന്നത് എന്നതും ശ്രദ്ധേയമാണ് ....
രാഷ്ട്രീയത്തിലെ നപുംസകങ്ങള്‍ ആയി സ്വയം അവതരിക്കുകയാണ് ഇത്തരക്കാര്‍..
ഇന്നലെ വരെ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് ഇവര്‍ തിരുത്തുന്നു ...ആണാണെങ്കില്‍ ഓരോ കാര്യങ്ങളും അതതു സമയത്ത് തന്നെ എതിര്കെണ്ടിയിരുന്നഉ ...നാളെകള്‍ ഇനിയും പുതിയ കുട്ടി മാരെയും മനോജ്‌ മാരെയും തരും ...കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് പാര്‍ടിയാണ് ..ഇനി നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ നാളെകളില്‍ ഈ പ്രസ്ഥാനത്തിന്റെ പേരില്‍ ഇവര്‍ വളര്‍ന്നു ഇതിന്റെ കടക്കു തന്നെ കത്തി വക്കും .....ഓര്‍ക്കുക ....
വാല്‍കഷണം :-ഇടതു മുന്നണിയില്‍ നിന്നും cpim ഇല നിന്നും ഇനിയും ആളുകള്‍ പുറത്തു വരും ....ചെന്നിത്തല
കമന്റ് :- വരൂ വരൂ .....ഫ്രീ ഫ്രീ ....ഇനി സീറ്റ്‌ കുറച്ചു മാത്രം ....

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം