ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 12, 2010

ഒരു പന്തും ഇരുപത്തിരണ്ടു പേരും പിന്നാലെ ഞങ്ങള്‍ മലപ്പുറത്തുകാരും...

പന്ത് ഉരുണ്ടു തുടങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ ദക്ഷിണാഫ്രിക്കയിലെ പച്ചപ്പുല്‍ മൈതാനിയിലും
ഇങ്ങേ കോണില്‍ ഞങ്ങള്‍ മലപ്പുറത്തുകാരുടെ മനസ്സുകളിലും...
ആ കാറ്റ് നിറച്ച തുകല്‍ ഗോളത്തിന് പിറകെ പായുന്ന ഇരുപത്തിരണ്ടു പേര്‍ക്ക് പിറകെ നിഴലായി നീങ്ങുന്നത്‌ മലപ്പുറത്തെ എത്രയോ ലക്ഷം കണ്ണുകളും പിന്നെ ഹൃദയങ്ങളുമാണ്...
ഇന്ന് ഞങ്ങള്‍ പറയുന്നതും വായിക്കുന്നതും ഊണിലും ഉറക്കത്തിലും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും ആ പന്തിന്റെ ഗതിവിഗതികളെ കുറിച്ച് മാത്രം...
ഇന്ന് ഞങ്ങളുടെ കാതുകള്‍ തുറന്നിരിക്കുന്നത് ആ മൈതാനത്തിലെ ആരവങ്ങള്‍ക്കായി മാത്രം...
ഇന്നലെ വരെ ഞങ്ങളുടെ സ്വപ്നങ്ങളില്‍ കടന്നു വന്നിരുന്നത് മമ്മുക്കയും ലാലേട്ടനും പിന്നെ പ്രിത്വീരാജും ഒക്കെയായിരുന്നു...
ഇന്നലെ വരെ ഞങ്ങള്‍ നിര്‍മ്മിച്ച ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ പുഞ്ചിരിച്ചു  നിന്നത്- ഞങ്ങള്‍ വളര്‍ത്തിയ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക് ആധാരമായത്‌- അവരായിരുന്നു...
വെള്ളിത്തിരയിലെ താരദൈവങ്ങള്‍... 
ഇന്ന്...
ഞങ്ങള്‍ കവലകള്‍  തോറും മാനം മുട്ടെ ഉയര്‍ത്തിയിരിക്കുന്ന ഫ്ലെക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...
ഓരോ നോക്കിലും ഞങ്ങളെ ആവേശത്താല്‍ നൃത്തം ചവിട്ടിക്കുന്നത്...
മെസ്സിയും കാക്കയും റൂണിയും ദ്രൊഗ്ബയുമെല്ലാമാണ്...
അവരാണിനി ഞങ്ങളുടെ ദൈവങ്ങള്‍...
കാരണം ഇത് മലപ്പുറമാണ് ... 
കാല്പ്പന്തുകളിയെ ജീവവായുവായി കാണുന്ന നാട്.
വെള്ളിത്തിരയിലെ താരങ്ങളുടെ ആട്ടവും പാട്ടും ഡയലോഗുമെല്ലാം  ഞങ്ങള്‍ക്ക് വെറും നേരമ്പോക്ക് മാത്രം...
ദിവസം മുഴുവന്‍ കസേരയില്‍ ചടഞ്ഞിരുന്നു, ചിപ്സും കൊറിച്ചുകൊണ്ട് കാണുന്ന,
ഒടുവില്‍ എല്ലാം  പണം നടത്തിയ ഇന്ദ്രജാലം എന്ന തിരിച്ചറിവ് മാത്രം നല്‍കുന്ന,
വരേണ്യ വര്‍ഗ്ഗത്തിന്റെ കളി...
അത് ഞങ്ങള്‍ക്ക് ഒഴിവുനേരത്തെ സമയംകൊല്ലിപ്പരിപാടി മാത്രം... 
പക്ഷെ...
ആരംഭം മുതല്‍ അന്ത്യം വരെ ഓരോ നിമിഷവും ചടുലത നിറയുന്ന...
ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹൃദയം ത്രസിപ്പിക്കുന്ന അധ്വാനിക്കുന്ന സാധാരണക്കാരന്റെ ഈ കളി...
അത് ഞങ്ങള്‍ക്ക് ജീവിതമാണ്...
കൊയ്ത്തു തീര്‍ന്ന നെല്‍പ്പാടങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ നഗ്നപാദരായി പന്ത് തട്ടിക്കളിച്ച കാലം മുതല്‍ അത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...
ഇടയ്ക്കെന്നോ അറിയാതെ ദിശ പിഴച്ചു പോയി മൂന്നു മരക്കുറ്റികള്‍ക്ക് മുന്നില്‍ നിന്നു പന്തടിച്ചു തെറിപ്പിച്ച കൌമാരത്തിന്റെ പ്രതിനിധികളും ഇന്ന്  കാല്‍പ്പന്തുകളിയുടെ മാസ്മരികതയാല്‍ മനസ്സ് ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചിരിക്കുന്നു...
കാരണം ആത്യന്തികമായി അവര്‍ മലപ്പുറത്തുകാരാണ്...
ഈ ആവേശം ഞങ്ങളെ വാക്കുകള്‍ കൊണ്ടമ്മാനമാടുന്ന സാഹിത്യകാരന്മാരും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെറിയുന്ന തമാശക്കാരും വരകളും വര്‍ണങ്ങളും കൊണ്ട് ഇഷ്ടതാരത്തിന്റെ രൂപഭാവങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന കലാകാരന്മാരും ആക്കുന്നു.
"ആയിരം മെസ്സിക്കര കക്ക "
"മെസ്സിക്ക് മീതെ  ഒരു കാ(ക)ക്കയും പറക്കില്ല "
ഈ അലയടിക്കുന്ന ആവേശത്തില്‍ ലോകത്തെ ഏതു രാജ്യത്തിന്റെയും കൊടിയുടെയും ജര്സിയുടെയും നിറം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥം.
ഒരു കാലത്ത് നമ്മെ അടിമകളാക്കിയ സായിപ്പിന്റെയും ഫ്രെഞ്ചുകാരന്റെയും പറങ്കിയുടെയും പതാകകള്‍ ഇന്ന് ഞങ്ങള്‍ ഇവിടെ വീണ്ടുമുയര്‍ത്തുമ്പോള്‍ അവരെ ഇവിടുന്നു കെട്ടുകെട്ടിക്കാന്‍ ജീവന്‍ ബലി നല്‍കിയ ഞങ്ങളുടെ പൂര്‍വികര്‍ മാപ്പ് തരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്...
കാരണം അവര്‍ക്കും അന്യമായിരുന്നില്ലലോ ഈ ആവേശം...
ഈ വര്‍ണപ്പകിട്ടുകള്‍ക്കിടയിലും ഞങ്ങള്‍ സ്വപ്നം കാണുന്നു...
ത്രിവര്‍ണ പതാകക്ക് കീഴില്‍ അണിനിരക്കുന്ന ഒരു നാളെ...
എങ്കിലും അതുവരെ...
ലോകത്തിന്റെ ഏതു കോണില്‍ പന്തുരുണ്ടാലും ഇഷ്ട ടീമിനായി ആര്‍ത്തു വിളിക്കാന്‍ ഞങ്ങളുടെ മനസ്സുകള്‍ അവിടെ ഉണ്ടാകും...
എതിര്‍ടീമിന്റെ പ്രതിരോധം തച്ചുടച്ചു മുന്നേറി ഗോള്‍ പോസ്റ്റിലേക്ക് കുതിക്കുന്ന ഫോര്‍വേഡിന്റെ കാലുകള്‍ക്ക് ഞങ്ങളുടെ മുഴുവന്‍ കാലുകളുടെയും ശക്തി ഞങ്ങള്‍ അര്‍പ്പിക്കും...
റഫറിയുടെ തെറ്റായ (ശരിയായാലും) തീരുമാനം ചോദ്യം ചെയ്യുന്ന ഇഷ്ടതാരത്തിന് പിന്തുണയുമായി പുളിച്ച തെറിയുടെ ഡിക്ഷനറിയുമായി ഞങ്ങള്‍ പിന്നിലുണ്ട്...
സ്വന്തം ടീമിന്റെ പെനാല്‍ടി ബോക്സില്‍ കടക്കുന്ന എതിരാളിയെ കായികമായി നേരിടുന്ന പ്രതിരോധ ഭടന് ശക്തി പകരാന്‍ അവസാന തുള്ളി ചോരയും നീരും നല്‍കാന്‍ തയ്യാറായി ഞങ്ങളുണ്ട്...
ഗോള്‍പോസ്റ്റില്‍ ഭീതിദമായ ഏകാന്തതയില്‍ പെനാല്‍റ്റി തടയാന്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായി നില്‍ക്കുന്ന ഗോളി ഒറ്റക്കല്ല... കൂടെ ഞങ്ങളുണ്ട്...
വിജയനിമിഷത്തില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പതിനൊന്നു പേരുടെ ശബ്ദത്തിനു പ്രതിധ്വനിയായി ഉയരുന്ന ആരവം ഞങ്ങളുടെ മുഴുവന്‍ പേരുടെയും തൊണ്ടയില്‍ നിന്നുമാണ്...
അപ്പോഴും...
അനിഷേധ്യമായ വിധിക്ക് മുന്നില്‍ ഇറ്റു വീഴുന്ന കണ്ണുനീര്‍ മൈതാനത്തെ ഒരു കോണില്‍ ഹതാശരായിരിക്കുന്ന പതിനൊന്നു പേരുടെത് മാത്രമല്ല...
ഞങ്ങള്‍ മുഴുവന്‍ മലപ്പുറത്തുകാരുടെതുമാണ്...
കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണ്...
മൊട്ടയടിയും  പാതി മീശ വടിയും കൂവലുകളുമായി എതിര്‍ ടീമിന്റെ തോല്‍വി ആഘോഷിക്കുമ്പോളും ഞങ്ങള്‍ സ്നേഹിക്കുന്നത് ഈ കളിയുടെ ആത്മാവിനെയാണ്...
കാരണം...
ഫുട്ബോള്‍ ഞങ്ങള്‍ക്ക് ജീവിതം തന്നെയാണ്... മതഭേദമില്ലാത്ത - രാഷ്ട്രീയ ഭേദമില്ലാത്ത - ജീവിതം.

2 comments:

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

പക്ഷെ കളി പലപ്പോഴും കാര്യമാകുന്നു എന്നിടത്താണ് പ്രശ്നം ..

ഇവിടെയും ഒന്ന് കയറി നോക്കുക
http://sanchaarakaazhchakal.blogspot.com/2010/06/blog-post.html

കമ്പർ said...

ഹ..ഹ..ഹ
അപ്പോ ങ്ങളും മലപ്പൊറത്തേരനാ...
നമ്മളും അങ്ങനെന്നാട്ടോ...
ഞമ്മക്കിതങ്ങട്ട് അടിച്ച് പൊളിക്കാം..
ദിസ് ടൈം ഓഫ് ആഫ്രിക്ക അല്ല.., ദിസ് ടൈം ഓഫ് മലപ്പുറം..
അഭിനന്ദനങ്ങൾണ്ട്ട്ടോ...
(പിന്നെ തണൽ പറഞ്ഞത് കാര്യാക്കണ്ട..,)

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം