ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 22, 2010

വേറിട്ട്‌ നടന്ന കവി ഇനി ഓര്‍മ്മ

എങ്ങു നിന്നോ പറന്നു വന്ന ഒരു കരിയില പോലെ നീങ്ങിയ ആ ജീവിതത്തിന്റെ ഒഴുക്ക് നിലച്ചു....

കവി എ.അയ്യപ്പന്‍ നമ്മെ വിട്ടു പോയി.

തെരുവോരത്തെ കടത്തിണ്ണയിലെ ഏകാന്തമായ നിമിഷങ്ങളില്‍ മനസ്സിലേക്ക് വിശപ്പിനൊപ്പം കടന്നെത്തുന്ന അക്ഷരക്കൂട്ടത്തിനും കവിതയായി വിടരാം  എന്നു മലയാളിയെ പഠിപ്പിച്ച കവി...
പക്ഷെ അവ വെറും അക്ഷരങ്ങളായിരുന്നില്ല...
അവയില്‍ നിറഞ്ഞത് അഗ്നിയായിരുന്നു.
ആരോ വരച്ചിട്ട കളത്തിനുള്ളില്‍ നിന്ന് അക്ഷരങ്ങള്‍ ചിട്ടയായി നിരത്തിവെച്ച് കാട്ടിക്കൂട്ടുന്ന ദന്തഗോപുര നിവാസികളായ കവിപുംഗവന്മാരുടെ സര്‍ക്കസ്സായിരുന്നില്ല ആ കവിത...
വൃത്തവും അലങ്കാരവും കൊണ്ട് മിനുസപ്പെടുത്തിയതല്ല, മനസ്സിലേക്ക് തറക്കുന്ന വാക്കുകളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതായിരുന്നു ആ കവിത.
ഒടുവില്‍ ആ ജീവിതത്തിന്...
ആ കവിതയ്ക്ക്...
ഒരിക്കലും നിലക്കാത്ത അര്‍ത്ഥവ്യാപ്തി കൊടുക്കുന്നതായി ആ മരണവും.
രാവിന്റെ ഏതോ യാമത്തില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും അനശ്വരതയിലേക്ക് ഒഴുകിയിറങ്ങിയ പഴയ കൂട്ടുകാരന്‍ ജോണിനെ പോലെ.
മാനവജീവിതത്തിന്റെ നശ്വരത...
അംഗീകാരങ്ങളുടെ വ്യര്‍ഥത...
തിരിച്ചറിയപ്പെടാതെ പോകുന്ന മനുഷ്യന്റെ വേദന...
എല്ലാം വെളിവാക്കി ആരാലും തിരിച്ചറിയപ്പെടാതെ ആ കവി വഴിയരികിലും മോര്‍ച്ചറിയിലും കിടന്നു...
നിലച്ചുപോയ ശ്വാസം ബാക്കിവെച്ചു പോകുന്നത് ഇനിയും കോറിയിടാന്‍ അവശേഷിക്കുന്ന ജ്വലിക്കുന്ന കവിതകളാണെന്നു മലയാളിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്...
അദ്ദേഹത്തിനു സമ്മാനിക്കാന്‍ മാറ്റിവെച്ച ആശാന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ അദ്ദേഹമിനിയില്ലെങ്കിലും,
തന്നെ അതിലും എത്രയോ ഉയരങ്ങളിലെത്തിക്കുന്ന അംഗീകാരം അദ്ദേഹം ജനഹൃദയങ്ങളില്‍ നേടിയെടുത്തിരുന്നു...
തന്റെ കവിതകള്‍ സൃഷ്ടിച്ച അഗ്നിസ്ഫുലിംഗങ്ങള്‍ കൊണ്ട്...
തന്റെ ഒരു കവിതയില്‍ അദ്ദേഹം നമുക്കായി നല്‍കിയ രഹസ്യം അവിടെയുണ്ടാകുമോ? തന്റെ ഹൃദയത്തിന്റെ സ്ഥാനത്തെ ആ പൂവ്?

3 comments:

.. said...

ഒരു അഭ്യര്‍ത്ഥന
അയ്യപ്പനും ഞാനും.



പ്രിയ ബ്ലോഗറന്മാരെ,

അന്തരിച്ച പ്രിയ കവി ശ്രീ.എ. അയ്യപ്പനെ അറിയാത്ത ബ്ലോഗറന്മാര്‍ ചുരുക്കമായിരിക്കും. അദ്ദേഹവുമായി അടുത്തു ബന്ധപ്പെടുവാനും ചില ബ്ലോഗറന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. ഈ അവസരത്തില്‍ അത്തരം ഓര്‍മ്മകള്‍ ബൂലോകം ഓണ്‍ലൈന്‍ വായനക്കാരുമായി പങ്കുവയ്ക്കുവാന്‍ കഴിഞ്ഞാല്‍ അത് ഒരു വളരെ നല്ല കാര്യം ആയിരിക്കും. അയ്യപ്പന്റെ ഫോട്ടോകളും കൈവശമുള്ളവര്‍ അയച്ചു തന്നാല്‍ കൊള്ളാമായിരുന്നു. കവിതകളിലൂടെ അയ്യപ്പന്‍ അനശ്വരാണ്. നമ്മുടെ ഓര്‍മ്മകളിലൂടെയും അയ്യപ്പന്‍ ഇനിയും ജീവിക്കട്ടെ.

ആര്‍ക്കും ലോഗിന്‍ ചെയ്ത് ഓര്‍മ്മകള്‍ പ്രസിദ്ധീകരിക്കാം. അങ്ങിനെ ചെയ്യുന്നതിന് എന്തെങ്കിലും പ്രയാസമുള്ളവര്‍ അവ മെയിലായി അയച്ചു തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാന്യ ബ്ലോഗറന്മാര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അപേക്ഷിക്കുന്നു.

boolokamonlinemail@gmail.com

boolokamonline@gmail.com

sm sadique said...

അയ്യപ്പൻ എന്ന നല്ല മനസ്സുള്ള കവി ഇങ്ങനെ കള്ള് കുടിക്കണ്ടായിരിന്നു.
എങ്കിലും, ആ കവിയെ ഞാനും ഇഷ്ട്ടപെടുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

aadaranjalikal......

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം