ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 29, 2010

ഹിന്ദു ദൈവവും മുസ്ലിം ദൈവവും

ഇനിയെങ്കിലും ഒരു അവസാനമുണ്ടാകുമോ മതഭ്രാന്തന്മാരുടെ വിവരക്കേടിന്? സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് തന്നെ ഇന്ത്യയുടെ മതേതരമനസ്സിനും അഖണ്ഡതക്കും ഭീഷണിയായിരുന്നു ആ ആരാധനാലയത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവകാശ വാദങ്ങളും. ഏറെക്കാലമായി പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കറുത്ത ഡിസംബര്‍ ആറിന് രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ മൂര്‍ധന്യാവസ്ഥയിലെത്തി. അന്ന് ആ കാവിയുടുത്ത  പിശാചുക്കള്‍ തകര്‍ത്തത് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാത്രമല്ല ഭാരതം അന്നോളം കാത്തു സൂക്ഷിച്ച മതേതര നിലപാട് കൂടിയായിരുന്നു. രഥയാത്രയും കര്സേവയും ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചെങ്കിലും തുടര്‍ന്ന് തുടര്‍ച്ചയായുണ്ടായ മത സംഘട്ടനങ്ങളില്‍ നീറുകയായിരുന്നു ഇന്ത്യ. അതുവരെ തികഞ്ഞ മതേതര നിലപാട് പുലര്‍ത്തിയ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ മുതലെടുത്തു മുസ്ലിം സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശത്രു രാജ്യത്തെ ഭീകരസംഘടനകളുടെ പിണിയാളുകളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദസംഘടനകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയില്‍ അതുവരെ ഉണ്ടായതിന്റെ എത്രയോ ഇരട്ടി വര്‍ഗീയലഹളകള്‍ അതിനു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്നു. എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡിയെ പോലുള്ള നരാധമന്മാര്‍ അഴിഞ്ഞാടി. ശക്തി പ്രാപിച്ച മുസ്ലിം തീവ്രവാദം മതേതര കാഴ്ചപ്പാട് വെച്ച് പുലര്‍ത്തിയ നിരവധി ഹിന്ദുക്കളുടെ മനസ്സില്‍ ആ സമുദായത്തോടുള്ള വിദ്വേഷമായി രൂപം പ്രാപിച്ചു. ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ മിക്കവരും വര്‍ഗീയചിന്താഗതിയാണ് വെച്ചുപുലര്‍ത്തുന്നത്...മനസ്സുകൊണ്ടെങ്കിലും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ എന്ന ചിന്ത ഞാന്‍, എന്റെ സമുദായം എന്ന ചിന്തയിലേക്ക് എത്തിച്ച സംഘപരിവാറിനും മുസ്ലിം തീവ്രവാദികള്‍ക്കും കാലം മാപ്പ് നല്കാതിരിക്കട്ടെ.
അയോധ്യയിലെ വിവാദഭൂമി ആര്‍ക്കു അവകാശപ്പെട്ടതാണെന്ന അന്വേഷണത്തിനായി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ഒടുവില്‍ വിധി വരാന്‍ പോകുന്നു... ഇന്ന് 3.30-ന്(അതും വീണ്ടും മാറ്റിവെച്ചില്ലെങ്കില്‍). ഏതു വിഭാഗത്തിന് കിട്ടിയാലും ഒന്നുറപ്പാണ്... ഇത്രയും ചോരപ്പുഴ ഒഴുക്കാനും മനസ്സുകളെ വേര്‍പ്പെടുത്താനും ഇടയാക്കിയ ആ ഭൂമി... ആ ആരാധനാലയം ഇനി അതിന്റെ അവകാശികളാകാന്‍ പോകുന്നവര്‍ക്ക് വെറും മണ്ണിന്റെ ഉപയോഗം മാത്രമേ നല്‍കൂ. ദൈവം യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ തമ്മിലടിച്ചു നശിക്കുന്നത് കാണാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ലെന്നുറപ്പാണ്‌. അതുകൊണ്ട് രാമജന്മഭൂമിയിലെ ഹിന്ദുദൈവവും ബാബരി മസ്ജിദിലെ മുസ്ലിം ദൈവവും എന്നോ അവിടം ഒഴിഞ്ഞു പോയിട്ടുണ്ടാകും. ദൈവിക സാന്നിധ്യമില്ലാത്ത ആ മണ്ണ് എല്ലാ ആരാധനാലയങ്ങളെയും പോലെ ഒരു ബിസിനസ് കേന്ദ്രമായി ഉപയോഗിക്കാം... മതത്തെയും ദൈവത്തെയും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തി കീശവീര്‍പ്പിക്കുന്ന മതമേലാളന്മാരുടെ ബിസിനസ് കേന്ദ്രം. അതാണല്ലോ അവര്‍ക്കെല്ലാം വേണ്ടതും.
ഇന്ന് രാജ്യമെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ്. ഈ വിധിയുടെ പേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചാല്‍ ഭാരതം ഇനിയും കൂടുതല്‍ നാശങ്ങളിലേക്ക് പതിക്കും. അത് സംഭവിക്കാതിരിക്കാന്‍ മതത്തിനുപരിയായി മനുഷ്യനെ കാണാന്‍ കഴിവുള്ള മനസ്സുള്ള ഓരോ ഭാരതീയനും ഒത്തൊരുമിച്ചു ശ്രമിക്കുക... ജയ് ഹിന്ദ്‌.

5 comments:

ഒരു യാത്രികന്‍ said...

വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഡോക്റ്ററെ ഈ പറയുന്ന ചൊറിച്ചില്‍ .......സസ്നേഹം

ആചാര്യന്‍ said...

This is not the realistic judgements. The real verdict can be delivered by the Lord of the Universe on the day of the judgement in hereafter world. Let us unitedly accept the verdict without filing petition again in Supreme court which will take another centenary. May Almighty Allah save all Indians from the coward politicians who created this issue for their political game ..

appachanozhakkal said...

ഒരു വിദേശി ഇവിടെ വന്നാല്‍, മദ്രാസിയെ, മലയാളിയെ, ഗുജരാത്തിയെ, തെലുങ്കനെ, പഞാബിയെ, മറാട്ടിയെ ഒക്കെ കാണും. 'ഞാന്‍ ഒരിന്ത്യന്‍' എന്ന് പറയുന്നവരെ കാണാന്‍ ബുദ്ധിമുട്ടും.

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

smiley said...

...മനസ്സുകൊണ്ടെങ്കിലും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ എന്ന ചിന്ത ഞാന്‍, എന്റെ സമുദായം എന്ന ചിന്തയിലേക്ക് എത്തിച്ച സംഘപരിവാറിനും മുസ്ലിം തീവ്രവാദികള്‍ക്കും കാലം മാപ്പ് നല്കാതിരിക്കട്ടെ..

Very true.

വെട്ടുക മുറിക്കുക പങ്കുവയ്ക്കുക
കൊന്നും തിന്നും വാഴുക
പുലികളായി സിംഹങ്ങളായും
മനുഷ്യരാവുക മാത്രം വയ്യ
ജന്തുത ജയിക്കുന്നു..
(ഒ എന്‍ വി)

ഈ അമര്‍ഷം കെടാതെ സൂക്ഷിക്കുക
തുടരു സഖാവെ
ആശംസകള്‍..

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം