ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 05, 2010

രാത്രിഞ്ചരന്മാര്‍ (സെക്കന്റ് ഷോ ചരിതം-2)


കലാലയ ജീവിതത്തിനിടയില്‍ കുറച്ചു കാലമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് എന്നും ഓര്‍ക്കാന്‍ പറ്റിയ അനുഭവമായിരിക്കും സെക്കന്റ് ഷോ കാണാനായി നടത്തുന്ന യാത്രകള്‍. മിക്കവാറും ഹോസ്റ്റലുകള്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടു കൂടിയതും വാര്‍ഡന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നതും ആകയാല്‍ മതില് ചാടിയോ മറ്റോ അതി സാഹസികമായി മാത്രമേ സെക്കന്റ് ഷോക്ക് പോകാന്‍ പറ്റൂ. എന്നാല്‍ പ്രൊഫെഷണല്‍ കോളേജുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ ഒരു പരിധി വരെ രാത്രിയിലും തുറന്നിടാറാണ്‌ പതിവ്. വാര്‍ഡന്മാര്‍ സാധാരണ വല്ലപ്പോഴുമുള്ള മീറ്റിങ്ങുകള്‍ക്ക് എത്തുന്നതല്ലാതെ വലിയ ഇടപെടലുകള്‍ ഒന്നും നടത്താറില്ല. അതുപോലെയൊക്കെയായിരുന്നു ഞങ്ങളുടെ കോളേജ്‌ ഹോസ്റ്റലും.
സെക്കന്റ് ഷോക്ക് പോകാന്‍ ഇത്രയും വിപുലവും സാഹസികവുമായ മാര്‍ഗങ്ങള്‍ കണ്ടു പിടിച്ച ഹോസ്റ്റല്‍ ഒരു പക്ഷെ ഞങ്ങളുടേത് മാത്രമേ ഉണ്ടാകൂ. കോളേജിനു മുകളില്‍ മൂന്നാം നിലയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. കോളേജ്‌ കെട്ടിടത്തിലൂടെ വേണം ആശുപത്രിയിലെ വാര്‍ഡിലേക്കും ഡ്യൂട്ടി റൂമിലേക്കും പ്രവേശിക്കാന്‍ എന്നുള്ളത് കൊണ്ട് രാത്രി പത്തു മണിയായിട്ടെ ഗ്രില്‍ അടക്കാറുള്ളൂ. അതുകൊണ്ട് പടത്തിന് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷെ തിരിച്ചു വരുന്നതാണ് പ്രശ്നം. വാച്ച്മാന്മാര്‍ പത്തു മണിക്ക് ഗ്രില്‍ പൂട്ടി അകത്തെ റൂമില്‍ കിടന്നുറങ്ങും. വിളിച്ചാലും ദുഷ്ടന്മാര്‍ എണീക്കില്ല. ഹോസ്റ്റല്‍ ആയിടക്ക് തുറന്നതായത് കൊണ്ട് ആദ്യ അന്തേവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവസാനം പിടിവള്ളിയായത് ഒരു മരമായിരുന്നു. കോളേജിനു മുന്നിലെ പോര്‍ച്ചിനു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ കയറി പോര്‍ച്ചിനു മുകളില്‍ ഇറങ്ങി, അവിടെ നിന്നും വരാന്തയിലൂടെ നടന്നു ഹോസ്റ്റലില്‍ കയറലായി സ്ഥിരം പരിപാടി. ആ കളി അധികം നീണ്ടുനിന്നില്ല. കാര്യം മണത്തറിഞ്ഞ വാച്ച്മാന്മാര്‍ പ്രിന്‍സിപ്പാളിന് വിവരം നല്‍കി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് മുറിച്ചിട്ടിരിക്കുന്നതാണ് ഒരു തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത്. പിന്നെയും കഷ്ടപ്പാട് തന്നെ. ഭാഗ്യത്തിന് ആയിടെ സ്ഥലം മാറി വന്ന വാച്ച്മാനുമായി കമ്പനിയടിച്ചത് കൊണ്ട് കുറേക്കാലം ചാടാതെയും മറിയാതെയും പടത്തിന് പോകാന്‍ പറ്റി.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഇത്തവണ രക്ഷക്കെത്തിയത് കെട്ടിടം പണിക്കായി കൊണ്ടുവന്നു കെട്ടിടത്തോട്‌ ചേര്‍ന്ന് നല്ല ഉയരത്തില്‍ കൂട്ടിയിട്ട മണലായിരുന്നു. മണലിന് മുകളില്‍ കയറി മുകളില്‍ നിന്നും താഴേക്കിട്ടു തരുന്ന വടം വഴി ഒന്നാം നിലയിലെത്തും. പിന്നെ സുഖമായി ഹോസ്റ്റലിലെത്താം. കയറിട്ടു തരാന്‍ പടത്തിന് വരാതെ ഉറക്കമൊഴിച്ചു പഠിക്കുന്ന ഏതെങ്കിലും അരസികന്മാരെ മുന്‍കൂട്ടി എല്പ്പിചിട്ടുണ്ടാകും. അങ്ങനെ ട്രെക്കിംഗ് നടത്തി സെക്കന്റ് ഷോ കാണാന്‍ പോയതിനുള്ള ലോകറെക്കോഡ് ഞങ്ങള്‍ അടിച്ചു മാറ്റി.
ഇങ്ങനെ ഏറെ സന്തോഷകരമായി ഞങ്ങളുടെ രാത്രി യാത്രകള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പടം കണ്ടു തിരിച്ചു വരുന്ന നട്ടപ്പാതിരക്കാണ്‌ ഓരോരുത്തന്മാരുടെ തനിനിറം വെളിവാകുന്നത്. കാരപ്പറമ്പില്‍ തന്നെയുള്ള അധ്യാപകരുടെ വീട്ടിനു മുന്നിലെത്തുമ്പോള്‍ അറിയാവുന്ന ഭാഷയിലെല്ലാം തെറി വിളി തുടങ്ങും, പണ്ട് ഇന്റേണല്‍ പരീക്ഷക്ക്‌ മാര്‍ക്കിടാത്തതിന്‍റെയും വൈവക്ക് വെള്ളം കുടിപ്പിച്ചതിന്‍റെയുമൊക്കെ മധുരപ്രതികാരം. ചിലര്‍ ഒരു പടികൂടി മുന്നോട്ടു കടക്കും. കോളേജില്‍ ആരോടെങ്കിലും വല്ല വൈരാഗ്യമുണ്ടെങ്കില്‍ അവന്റെ ശബ്ദം പറ്റാവുന്നത്ര ദയനീയമായി അനുകരിച്ചായിരിക്കും തെറിവിളി. താന്‍ കോട്ടയം നസീറിനെ കടത്തിവെട്ടി എന്ന മട്ടില്‍ എല്ലാം കഴിഞ്ഞു വിജയഭാവത്തില്‍ മറ്റുള്ളവരുടെ മുഖത്തോട്ടുള്ള ആ നോട്ടമാണ് ഏറ്റവും ഭീകരം. എല്ലാം സഹിക്കാം, അദ്ധ്യാപകന്‍റെ ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്ക് മൂത്രമൊഴിച്ച മഹാനെ ഓര്‍ക്കുമ്പോള്‍.
പോരുന്ന വഴിയിലുള്ള മിക്കവാറും സിനിമാപോസ്ടറുകള്‍ ഹോസ്ടലിലെത്തും. കൂടാതെ ചില പരസ്യബോര്‍ഡുകളും- സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോസ്റര്‍ വെക്കാനുള്ള ബോര്‍ഡുകള്‍ ഒരു അടിസ്ഥാനഘടകമാണല്ലോ.
അങ്ങനെ വെസ്റ്റ്ഹില്‍ ഗീതയില്‍ നിന്നും ഏതോ തല്ലിപ്പൊളി പടം കണ്ടു കാശ് കളഞ്ഞ് ആടിപ്പാടി തിരിച്ചു വന്ന ഒരു രാത്രി. കൂട്ടത്തില്‍ ഒരാള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയിട്ടുമുണ്ട്... ഒരു വീടിന്റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നു ഒരു മുട്ടാളന്‍ നായ. ഞങ്ങളെ കണ്ടപ്പോള്‍ നായ നിര്‍ത്താതെ കുര തുടങ്ങി. പണം നഷ്ടപ്പെട്ടതിന്റെ വിഷമം തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ (തന്നെ പണം പോയതിനു കളിയാക്കുകയാണെന്നു തോന്നിയിട്ടാവണം) ഒറ്റ വിളി... “നിര്‍ത്തെടാ നായിന്റെ മോനേ...” . ആ ഗേറ്റ് അല്‍പ്പം തുറന്നു കിടക്കുകയായിരുന്നെന്നും നായയെ കെട്ടിയിട്ടില്ലായിരുന്നെന്നും അത് ഗേറ്റിനുള്ളിലൂടെ ഞങ്ങള്‍ക്ക് നേരെ കുതിച്ചു വന്നപ്പോഴേ മനസ്സിലായുള്ളൂ. പിന്നെ ഒരു ഓട്ടമായിരുന്നു. എന്തുകൊണ്ടോ നായ പിന്തുടര്‍ന്നില്ല. (താന്‍ നായയുടെ മോന്‍ തന്നെ ആണെന്ന് ഉറപ്പായതിന്റെ സന്തോഷം കൊണ്ടായിരിക്കും).
ഓടിയോടി കാരപ്പറമ്പില്‍ എത്താറായിരുന്നു. ഏറ്റവും മുന്നിലോടിയ അത്യാവശ്യം കായിക മികവുണ്ടായിരുന്ന, മുണ്ടഴിച്ചു തലയില്‍ കെട്ടിയ സുഹൃത്തുണ്ട് ഡബിള്‍സ്പീഡില്‍ തിരിച്ചുവരുന്നു. ഓട്ടം നിര്‍ത്തിയ ഞങ്ങളോട് കിതച്ചുകൊണ്ടവന്‍ വിരല്‍ ചൂണ്ടിക്കാണിച്ചു. നോക്കിയപ്പോള്‍ കാരപ്പറമ്പ് ജങ്ങ്ഷനില്‍ നൈറ്റ്‌ പട്രോള്‍ പോലീസ്‌ ജീപ്പ്. കഷ്ടിച്ച് രക്ഷപ്പെട്ടത് മെച്ചം. അല്‍പ്പം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പോയിക്കിട്ടിയപ്പോള്‍ ഞങ്ങള്‍... ഒരു ദേശത്തിന്റെ കഥയിലെ സപ്പര്‍ സര്‍ക്കീട്ട് സംഘത്തിന്റെ പുതിയ പകര്‍പ്പ്... കോളേജ്‌ ലക്ഷ്യമാക്കി ചുവടു വെച്ചു... മരത്തില്‍ വലിഞ്ഞു കയറി മുകളിലെത്തി ഹോസ്ടലിന്റെ സുരക്ഷിതത്വത്തില്‍ സുഖനിദ്രയില്‍ അമരാന്‍.

2 comments:

ഒരു യാത്രികന്‍ said...

കൊള്ളാം ഡോക്ടറെ......അഞ്ചു നിലയായിരുന്നു ഞങ്ങളുടെ കോളേജിന്. അതെ കെട്ടിടത്തിലെ മൂന്നും നാലും നിലയില്‍ ആയിരുന്നു ഹോസ്റ്റല്‍. .ബെഡ്ഷീറ്റ്‌ കൂട്ടി കെട്ടി ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ ഇറങ്ങിയ പുലിയാ ഞാന്‍...പഴയ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയത്തില്‍ നന്ദി.........സസ്നേഹം

ഡോ.ആര്‍ .കെ.തിരൂര്‍ said...

@ഒരു യാത്രികന്‍
വന്നതിനു നന്ദി. ക്യാമ്പസ്‌ എന്നും മറന്നാലും മറക്കാന്‍ കഴിയാത്ത ഒരു ഗൃഹാതുര സ്മരണ തന്നെയാണ്.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം