ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 03, 2010

"പഴേ പേപ്പര്‍ കൊടുക്കാനുണ്ടോ?"

ആക്രിക്കച്ചവടക്കാരുടെ ഈ പ്രശസ്തമായ ഡയലോഗ് ദേശീയഭാഷയില്‍ എങ്ങനെ പറയും എന്നറിഞ്ഞു കൂടാ. എന്തായാലും അതൊന്നു പഠിക്കാന്‍ ഒരു വഴി ഒത്തു വന്നിട്ടുണ്ട്. നമ്പര്‍ 10 ജന്‍പത്തിലോ അല്ലെങ്കില്‍ കോണ്ഗ്രസ്സിന്‍റെ ആസ്ഥാനത്തോ പോയാല്‍ മതി. തലസ്ഥാനത്തെ ആക്രിക്കച്ചവടക്കാര്‍ മുഴുവന്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തൊന്നും ഇത് പോലൊരു കച്ചോടം കിട്ടാനുള്ള സാധ്യത ഒത്തു വന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെയായിരുന്നു ആ സുദിനം. സോണിയാജിയെ കോണ്ഗ്രെസ്സിന്‍റെ അധ്യക്ഷയായി "തെരഞ്ഞെടുക്കാന്‍" പത്രിക സമര്‍പ്പിക്കുന്ന ദിനം. ഒന്നും രണ്ടുമല്ല, 65 സെറ്റ്‌ പത്രികയാണത്രേ സമര്‍പ്പിക്കപ്പെട്ടത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ ഒരു തെരഞ്ഞെടുപ്പിന് എല്ലാ സ്ഥാനാര്‍ഥികളും ഡമ്മികളും കൂടി സമര്‍പ്പിച്ചാലും ഇത്രയും എത്താറില്ല. പാവം നിരീക്ഷകന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിന്‍റെ കൈ ഇപ്പോള്‍ കുഴമ്പിട്ട് ഉഴിയുകയായിരിക്കും, ഇതെല്ലാം കൂടി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണം കാരണം. ഗിന്നസ്‌ ബുക്കുകാരെ വെറുതെയെങ്കിലും ഇതൊക്കെ ഒന്നറിയിച്ചു കൂടായിരുന്നോ ആവോ. പിന്നെ കോണ്ഗ്രസ്സുകാരായത് കൊണ്ട് പബ്ലിസിറ്റിയിലൊന്നും വലിയ താല്പര്യം കാണില്ലല്ലോ. 
ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന നമ്മുടെ പാവം കരുണാകര്‍ജി പോലും പോയി ഒരു പത്രികയും കൊണ്ട്. പുത്രസ്നേഹം സമ്മതിക്കണം! വേറേയുമുണ്ടത്രേ കൊച്ചു കേരളത്തില്‍ നിന്ന് രണ്ടെണ്ണം. രാഹുല്‍മോന്‍ അമേത്തിയില്‍ നിന്ന് പര്യടനം മതിയാക്കി തിരിച്ചെത്തിയാണത്രേ ഒരു പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായത്. അല്ലെങ്കിലും അമ്മച്ചിക്കും പെങ്ങള്‍ക്കും തനിക്കും കിട്ടിയ കുടുംബ സ്വത്തായ കോണ്ഗ്രെസ് പാര്‍ട്ടിയുടെ നിയന്ത്രണം കിട്ടുന്ന കാര്യമാകുമ്പോള്‍ എന്ത് പര്യടനം? ഏതു മണ്ഡലം? ഏത് ജനങ്ങള്‍? അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കുടിലില്‍ കിടന്നുറങ്ങുകയോ വഴിയിലെ ഹോട്ടലില്‍ കയറി പൊറോട്ടയില്‍ പാലും പഞ്ചാരയും ചേര്‍ത്തടിക്കുകയോ ചെയ്‌താല്‍ മതിയെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഠിച്ചല്ലോ. പിന്നെ ഒരു മേമ്പൊടിക്ക് ചെത്തുകുട്ടപ്പനായി വിമന്‍സ്‌ കോളേജില്‍ കയറി നിരങ്ങുകയുമാവാം. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ നോക്കിക്കോളുമല്ലോ.
എന്തിനാണീ പ്രഹസനം? ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ തെരഞ്ഞെടുപ്പും പത്രികാസമര്‍പ്പണവും? ഇന്ത്യയില്‍ ആര്‍ക്കാണറിയാത്തത് രാഹുല്‍ ഏറ്റെടുക്കുന്നത് വരെ സോണിയാജി തന്നെയാണ് കോണ്ഗ്രെസ് അധ്യക്ഷയെന്നത്? സ്ഥാനമോഹികളായ കുറെ നേതാക്കന്മാര്‍ക്ക് സ്വന്തം പേരില്‍ പത്രിക കൊടുത്തു മാഡത്തിന്‍റെ ഗുഡ്‌ ബുക്കില്‍ കയറാനല്ലേ ഈ പത്രികാസമര്‍പ്പണമാമാങ്കം? ഒരു യൂത്ത്‌ കൊണ്ഗ്രെസ് തെരഞ്ഞെടുപ്പ് പോലും തമ്മിലടി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, അവസാനം കാലു തിരുമ്മുന്നവനെയും പുറം ചൊറിയുന്നവനെയും നോമിനേഷന്‍ വഴി മാഡത്തെ കൊണ്ട് സ്ഥാനാരോഹണം ചെയ്യിക്കുന്ന ചാണ്ടിയുടെയും ചെന്നിയുടെയും പാര്‍ട്ടിയില്‍ അതുപോലെ തന്നെ പോരെ ഈ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പും? ഒരു പക്ഷെ നിര്‍ദ്ദേശിക്കാന്‍ മാഡത്തിന് മുകളില്‍ മറ്റാരും ഇല്ലാത്തത് കൊണ്ടായിരിക്കും. അല്ലേ?
എന്തായാലും പഴയ പത്രികകള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന ആക്രിക്കാര്‍ തമ്മിലടിച്ച് കോണ്ഗ്രെസ്സുകാരെ തമ്മിലടിയുടെ കാര്യത്തില്‍ പിന്നിലാക്കാഞ്ഞാല്‍ നല്ലത്.
വാല്‍:
ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് ലീഗിനെ മാതൃകയാക്കിക്കൂടെ? സംസ്ഥാന പ്രസിഡന്‍റ് ഏറ്റവും മൂത്ത തങ്ങള്‍. യൂത്ത്‌ ലീഗ് പ്രസിഡന്‍റ് ഏറ്റവും ഇളയ തങ്ങള്‍. സുന്നി സംഘടനാ പ്രസിഡന്‍റ് ഇടക്കുള്ള തങ്ങള്‍. ജനറല്‍ സെക്രട്ടറി ഒരു കുട്ടി. പിന്നെ ഇവരെല്ലാം കൂടി ഒരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഒടുവില്‍ എല്ലാര്‍ക്കും ബിരിയാണി. ഒത്താല്‍ ഒരു സുലൈമാനിയും.

1 comment:

Jishnu said...

ഹ ഹ ഹ........

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം