ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 17, 2011

ചലോ പാണക്കാട്...


അല്ല, ഞാനിനി എന്തിനാ ഈ ചുവന്ന കൊടിയും പിടിച്ചു നടക്കുന്നത്? ബംഗാളില്‍ ആകെ തകര്‍ന്നു പോയി... കേരളത്തില്‍ ആണെങ്കില്‍ ഒരു ആശ്വാസത്തിന് ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു എന്നൊക്കെ പറയാമെങ്കിലും ഭരണം യു.ഡി.എഫു തന്നെ കൊണ്ട് പോയില്ലേ? എന്തെങ്കിലും കാര്യം നടക്കാനും എന്റെ പോക്കറ്റില്‍ നാല് കാശ് വീഴാനും ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായാലല്ലേ പറ്റൂ? ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു. ആ അബ്ദുള്ളക്കുട്ടിയെ കണ്ടില്ലേ? ലോകസഭാ സീറ്റ് കിട്ടില്ലെന്ന് മനസ്സിലായപ്പോ ഒറ്റ ചാട്ടം. ഒട്ടും പിഴച്ചില്ല, ഇപ്പൊ എം.എല്‍.എ. ആയി സുഖിക്കുന്നു.  ഡോ.മനോജിനു കിട്ടിയ ചാന്‍സിന് പോയത് കൊണ്ട് ഡല്‍ഹിയില്‍ മദാമ്മേടെ പാര്‍ട്ടിയുടെ കാരുണ്യം കൊണ്ട് നല്ല ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റി. ശിവരാമന്റെ കെട്ട്യോള് ബാങ്കിലെ കാശ് മുക്കിയതിനു പാര്‍ട്ടി പുറത്താക്കും മുന്‍പ് ചാടിയത് കൊണ്ട് അയാളും രക്ഷപ്പെട്ടു. പിന്നെ അലി... മൂപ്പര് തുടങ്ങിയ സ്വാശ്രയ കോളേജിന് അംഗീകാരം കൊടുത്തത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആയിരിക്കും. പക്ഷെ, അവിടെ ഷെയര്‍ എടുക്കാനും തലവരി കൊടുത്തു പിള്ളേരെ ചേര്‍ക്കാനും സഖാക്കളുടെ കയ്യില്‍ എന്തുണ്ട്? രണ്ടുണ്ട. കുറെ കട വിറ്റാലെന്താ?  ഇനി മന്ത്രിയാകാം, കോളേജും നടത്താം. പണത്തിനു പണം തന്നെ വേണ്ടേ? പരിപ്പുവട മതിയോ? അവരുടെ ഒക്കെ കാര്യം പോട്ടെ... നമ്മുടെ സിന്ധു ജോയ്. കാലു തകര്‍ത്ത ചാണ്ടിച്ചായന്റെ മോളെപ്പോലെ ആയില്ലേ ഇപ്പോള്‍? അപ്പന്‍ മുഖ്യമന്ത്രി ആയാല്‍ പിന്നെ സിന്ധുമോളുടെ കാര്യം പ്രത്യേകിച്ച് പറയാനുണ്ടോ? പോരാത്തതിന് ഇനിയും ഒരുപാട് കാര്യം സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാനുണ്ടെന്നു സിന്ധുമോള്‍ തന്നെ പറഞ്ഞ കുഞ്ഞാപ്പാക്കയും ഉണ്ട്. മുന്നണിയില്‍ നിന്ന് ചാടിപ്പോയ വീരനും ജോസഫും മിക്കവാറും ജോര്‍ജും മന്ത്രിമാരോ അല്ലെങ്കില്‍ സ്പീക്കറെങ്കിലും ആകും. അവരുടെയൊക്കെ ഒരു യോഗം.
എന്തിനാ അധികം പറയുന്നത്? മലപ്പുറത്ത്‌ നമുക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ എല്ലാ തെരഞ്ഞെടുപ്പിനും നിന്ന് തോല്‍ക്കാറുള്ള റഹ്മത്തുള്ള. വക്കീലാണെന്നു പറയാമെങ്കിലും വാദിക്കാനറിയാതെ എങ്ങനെ ജീവിക്കും ഇനി ഒരു അഞ്ചു കൊല്ലം എന്ന് ചിന്തിച്ചു പോയിക്കാണും പാവം. ഇത് വരെ കുറെ ഉണ്ടാക്കി എന്ന് വെച്ച് ഇനി ഉണ്ടാക്കാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ലല്ലോ? നമ്മടെ മതത്തെയും നമ്മടെ കീശേനേം രക്ഷിക്കാന്‍ ഇനിയിപ്പോ ആകെ ബാക്കിയുള്ളത്  നമ്മടെ സ്വന്തം പാര്‍ട്ടി എന്ന് ചിന്തിച്ചതില്‍ എന്താ തെറ്റ്? അതൊക്കെ സി.പി.ഐ.ക്കാരോട് പറയണം എന്ന് ആര് പറഞ്ഞു? റഹ്മത്തുള്ളക്ക് തോന്നിയപ്പോ മൂപ്പരിങ്ങു പോന്നു. ആര് വന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ പാണക്കാട്ടെ തറവാടും പുതുപ്പള്ളീലെ വീടും ഉണ്ടല്ലോ... അങ്ങനെ അയാളും രക്ഷപ്പെട്ടു.
ഇനിയിപ്പോ എന്റെ കാര്യം എന്തായിരിക്കും? ഭരണം കിട്ടിയപ്പോള്‍ വരെ ആ പണ്ടാരമടങ്ങിയ പാര്‍ട്ടിക്കാര് വല്ലതുമൊക്കെ ഉണ്ടാക്കാന്‍ നോക്കിയിട്ട് സമ്മതിച്ചില്ല. ഇനി ഭരണം ഇല്ലാതെ എങ്ങനെ ജീവിക്കും? 
അല്ല, ഞാനീ രീതിയിലൊക്കെ ചിന്തിക്കാമോ? 
ഒരു സഖാവായിട്ട്‌? ......... 
.
.
.
.
ഓ.... ഒന്നും ആലോചിച്ചിട്ട് കാര്യമില്ല, ആദര്‍ശം പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മുടെ കീശ വീര്‍ക്കില്ലല്ലോ? അതിനു അധികാരം കിട്ടണം. ഇനിയിപ്പോ മൂന്നു കൊല്ലം കഴിയണം ഒരു തെരഞ്ഞെടുപ്പു വരാനും സീറ്റ് കിട്ടാനും ഒക്കെ. അത് പാര്‍ലമെന്‍റ്  ആയതു കൊണ്ട് നമുക്കൊന്നും കിട്ടാനും പോകുന്നില്ല. പിന്നെ ഉള്ളതാണെങ്കില്‍ നാല് നാലര കൊല്ലം കഴിയണം... പഞ്ചായത്ത് തെരഞ്ഞെടുപ്പു വരാന്‍. അത് വരെ എന്ത് ചെയ്യും? ഈ നശിച്ച പാര്‍ട്ടിയിലാണെങ്കില്‍ ഇനി സമരത്തിന്റെയും വെയിലത്തിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിന്റെയും ബഹളമായിരിക്കും. പോരാത്തതിന് വെള്ളക്കൊടീം കൊണ്ട് തല്ലു വാങ്ങാന്‍ തയ്യാറായി എസ്.എഫ്.ഐ.ക്കാരും ഡി.വൈ.എഫ്.ഐക്കാരും ഇറങ്ങിക്കോളും. എന്നെക്കൊണ്ട് വയ്യ ഈ മേലനങ്ങുന്ന പരിപാടിക്കൊന്നും. ഇനിയിപ്പോ ഒരേ ഒരു വഴി അങ്ങോട്ട്‌ വണ്ടി വിടുക തന്നെ... കോണ്‍ഗ്രസ്സില്‍ പോയാല്‍ ഗ്രൂപ്പും ആള്‍ക്കൂട്ടവും ഒക്കെ ആയി മുന്നോട്ടു വരാന്‍ കുറച്ചു ബുദ്ധിമുട്ടാ.. ഇനിയിപ്പോ ആ പൊറാട്ട തിന്ന ചുള്ളനോട് ചാറ്റാനും കൊഞ്ചാനുമൊന്നും എനിക്ക് വയ്യ. അല്ലെങ്കില്‍ അങ്ങനെയെങ്കിലും ആളാകാമായിരുന്നു. ജാതി പറഞ്ഞിട്ടും കാര്യമുണ്ടാവാന്‍ വഴിയില്ല. നമ്മുടെ നേതാവ് സുകുമാരന്‍ നായര്‍ക്കു ചെന്നിത്തലയെ പോലും രക്ഷിക്കാന്‍ പറ്റിയില്ല, പിന്നെയല്ലേ ഞാന്‍? അത് കൊണ്ട് പറ്റിയ പാര്‍ട്ടി ഞമ്മന്റെ പാര്‍ട്ടി തന്നെ. മെമ്പര്‍ഷിപ്പിന്റെ ഫോമൊക്കെ തറവാട്ടില്‍ എപ്പഴും സ്റ്റോക്കാണെന്നാ കേട്ടത്. നേരെ അങ്ങ് പോകുക, തങ്ങളുപ്പാപ്പാന്റെ കയ്യിലോ കയ്യ് കിട്ടീലെങ്കി കാലിലോ കേറി ഒരു മുത്തം അങ്ങ് കൊടുക്കുക. വേണമെങ്കില്‍ സമസ്താപരാധങ്ങളും പൊറുക്കണേ എന്ന് പറഞ്ഞു ഒന്ന് പൊട്ടിക്കരയാം. എടുക്കാതിരിക്കുകയില്ല... ആള്‍ക്കാര് ചോദിക്കുമ്പോളല്ലേ? അമ്പലത്തിലെ ഉത്സവത്തിനു വന്ന ആനയുടെ വാലിലെ രോമം ചോദിച്ചതിനു പാര്‍ട്ടി വിമര്‍ശിച്ചു എന്ന് പറയാം, ഒരു മത - രക്തസാക്ഷിയുടെ പരിവേഷവും കിട്ടും.
അല്ല, ഇനിയിപ്പോ ഞാന്‍ മുസ്ലീമല്ലാത്തത് കൊണ്ട് എടുക്കാതിരിക്കുമോ? ഇല്ലെന്നു കരുതാം. നമ്മുടെ ജാതിയില്‍ ഒരു സ്വാധീനം ഉണ്ടാകുന്നത് കുഞ്ഞാപ്പാക്കക്കും സന്തോഷമാകും. 
എന്നാലും... ഇനിയിപ്പോ എന്തെങ്കിലും പ്രശ്നം... 
ഓ.. പോട്ടെ.. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമോ പി.എസ്.സി. അംഗത്വമോ ഒക്കെ കിട്ടുമെങ്കില്‍ ഇനിയിപ്പോ അറ്റമല്ല, മുഴുവനായി മുറിക്കാനും ഞാന്‍ തയ്യാര്‍....
.
.
.
...എന്നൊക്കെ ചിന്തിച്ചു തുടങ്ങിയ ഏതെങ്കിലും ചെറ്റകള്‍ ഇനിയും ഇടതു മുന്നണിയില്‍ ബാക്കി ഉണ്ടെങ്കില്‍ പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ അപേക്ഷിക്കുന്നില്ല... അടി ചൂല് കൊണ്ടോ ചെരുപ്പ് കൊണ്ടോ എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മാത്രം മതി, ഏതായാലും ഞങ്ങള്‍ക്ക് പെരുത്ത്‌ സന്തോഷം.

8 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇനി എത്ര നപുംസകങ്ങളെ കാണേണ്ടി വരും?

മഹേഷ്‌ വിജയന്‍ said...

"ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമോ പി.എസ്.സി. അംഗത്വമോ ഒക്കെ കിട്ടുമെങ്കില്‍ ഇനിയിപ്പോ അറ്റമല്ല, മുഴുവനായി മുറിക്കാനും ഞാന്‍ തയ്യാര്‍....
"

കൊള്ളാം....
കിടിലന്‍ ആക്ഷേപ ഹാസ്യം...
പിന്നെ, നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു നാല് കൊല്ലമൊന്നും വേണ്ടന്നെ....
കാത്തിരുന്നു കാണാം..
നല്ല പോസ്റ്റ്‌...എഴുത്ത് തുടരുക...
ആശംസകള്‍..

Unknown said...

അഭിപ്രായം ഉണ്ട്, പക്ഷെ പറയാന്‍ പറ്റുന്നില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

റഹ്മത്തുള്ള ലീഗിലേക്ക് പോകുന്നതിനുള്ള കാരണം ആയി പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടി ആണ് എന്നാണ്. ഇത്തരം അധികാരമോഹികള്‍ ഇടതുപക്ഷത്തിന്റെ ശാപം ആണ്. അബ്ദുള്ളക്കുട്ടി, മനോജ്‌, സിന്ധു ജോയ്‌, മഞ്ഞളാം കുഴി അലി.. ഇപ്പോള്‍ ഇതാ റഹ്മത്തുള്ളയും.. നാണംകെട്ട വര്‍ത്തമാനം പറയുന്ന വര്‍ഗങ്ങള്‍...!!

kazhchakkaran said...

അതെ.. ശ്രീജിത്ത് പറഞ്ഞതിനെ ശരി വെക്കുന്നു. ഇത്തരം നാണം കെട്ട വർത്തമാനം പറയുന്ന വർഗ്ഗങ്ങൾ ഇനിയും ഉണ്ടെങ്കിൽ ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നഎല്ലാവർക്കും അത് നാണക്കേടു തന്നെയാണ്. ഇത്തരം നപുംസകങ്ങൾ രാജിവെച്ചു പുറത്തു പോകുന്നതാണ് എന്തായാലും പാർട്ടിക്ക് നല്ലത്. പക്ഷെ ആരൊക്കെ പോയാലും ചോര നീരാക്കി പണിയെടുത്ത് പാർട്ടിക്ക് വേണ്ടി ജയ് വിളിച്ച ഒരു കൂട്ടം തൊഴിലാളികളും അവരുടെ മക്കളും എന്നും ഈ പാർട്ടിയിൽ ഉണ്ടാകും. അത് ഇത്തരക്കാർ മറക്കാതിരിക്കട്ടെ.

yousufpa said...

രാഷ്ട്രീയക്കാര്യമല്ലേ..നിറവും മനവും എപ്പഴാ മാറാന്നറിയില്ല.

എല്ലാരും സ്വാർത്ഥരാന്നേ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇനി റഹ്മത്തുള്ളയുടെ നേതാവ് ഇസ്മായിലും പോകുമോ ആവോ?

പത്രക്കാരന്‍ said...

പോസ്റ്റ്‌ ഇപ്പോളാ കണ്ടത്. അവസാന പാരഗ്രാഫിലെ സസ്പെന്‍സ് അടക്കം എല്ലാം ഉഷാറായി...

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം