ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 19, 2011

ഡോ.ബിജു - അവാര്‍ഡിലേക്കുള്ള വഴി.


കേരളത്തിന്‌ അവാര്‍ഡുകളുടെ പെരുമഴ ലഭിച്ചു എന്നതിനൊപ്പം ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സ്വകാര്യമായി അഹങ്കരിക്കാന്‍ കൂടി വക നല്‍കുന്നതാണ് ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ്. ഞങ്ങളിലൊരാളായ ഡോ.ഡി.ബിജുകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത് കഥാ ചിത്രമായ "വീട്ടിലേക്കുള്ള വഴി" മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡോ.ബിജുവിനെ പരിചയപ്പെടുന്നത്. അന്ന് ഈയുള്ളവന്‍ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. ക്യാമ്പസില്‍ ശുഭ്രപതാക പിടിച്ചിരുന്നതോടൊപ്പം "റിനൈസന്‍സ്" എന്ന പേരിലുള്ള ഒരു കലാസാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കാലത്താണ് അവിടെ ഗ്രേഡഡ് ബി.എച്ച്.എം.എസ്‌ കോഴ്സിനു പഠിച്ചിരുന്ന ഡോ.പി.ജി.ഹരി (ഇപ്പോള്‍ വലിയ പുലിയാണ്. പോളിയോ വാക്സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ജനകീയ ആരോഗ്യ രംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു വയനാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു.) തന്റെ പഴയ സഹപാഠി ആയ ഡോ.ബിജുവിനെ പരിചയപ്പെടുത്തിയത്. ബിജു അന്ന് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ അതേ കോഴ്സിനു പഠിക്കുന്നു. ആയിടെ ബിജുവിനെ കുറിച്ച് എവിടെയോ കേട്ടത് ഞാന്‍ ഓര്‍ത്തു... മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ "പ്രണയകാലം" സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഇന്നത്തെ പ്രശസ്ത സംവിധായകന്റെ ആദ്യസംരംഭം. ആ ചിത്രം റിനൈസന്‍സിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കാം എന്ന നിര്‍ദേശം വെച്ചത് ഹരി ഡോക്ടറായിരുന്നു. ഞങ്ങള്‍ക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. പ്രണയവും മനുഷ്യബന്ധങ്ങളും നൈമിഷികവും മാംസനിബദ്ധവും സ്വാര്‍ത്ഥവും ആയി മാറുന്ന ആഗോളവല്‍ക്കരണ കാലത്തെ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ മാറുന്ന ക്യാമ്പസിന്റെയും മാറുന്ന മനുഷ്യമനസ്സിന്റെയും മുഖം അവതരിപ്പിക്കുന്ന ആ കൊച്ചു ചിത്രം ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നായകന്‍ ഷാരൂഖ് ഖാനും നായിക മാധുരിയും അല്ലാത്തത് കൊണ്ടും അടിപൊളി ഗാനങ്ങളും നൃത്ത ചുവടുകളും ഇല്ലാത്തത് കൊണ്ടും ആ പ്രൊഫഷണല്‍ ക്യാമ്പസില്‍ ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങി നിന്നു ആസ്വാദനം. എങ്കിലും ഞങ്ങള്‍ ഏറെ അഭിമാനിച്ചിരുന്നു അതിനു അവസരം ഒരുക്കാന്‍ സാധിച്ചതില്‍. (അന്ന് സാമ്പത്തിക സഹായം തന്നത് ഡോ.ഹരിയുടെ കൂടെ ഗ്രേഡഡ് ക്ലാസിലുണ്ടായിരുന്ന ഡോ.ഉമ്മര്‍ അലി - ഇപ്പോള്‍ പെരുമ്പിലാവില്‍ പ്രാക്ടീസ് ചെയ്യുന്നു - ആയിരുന്നു എന്നാണോര്‍മ്മ. ബാക്കി ഞങ്ങള്‍ ചോറുണ്ണാതെ ഒപ്പിച്ചെടുത്തു! ) അതിനു ശേഷവും പലപ്പോഴും ഡോ.ബിജുവിനെ കാണാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം അതിനിടെ സര്‍ക്കാര്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു.
പിന്നീട് ഡോ.ബിജു സംവിധാനം ചെയ്ത ഒന്നോ രണ്ടോ സീരിയലുകള്‍ സൂര്യ ടി.വി.യിലും മറ്റും വന്നതോര്‍ക്കുന്നു. എം.ആര്‍.ഗോപകുമാര്‍ അഭിനയിച്ച "ഷെര്‍ലോക്ക്" (ഓര്‍മ്മ ശരിയാണെങ്കില്‍) ചില എപ്പിസോഡുകള്‍ വീട്ടില്‍ അവധിക്കു വന്നപ്പോള്‍ കണ്ടിട്ടുണ്ട്. അമ്മായി അമ്മപ്പോരും അവിഹിത ഗര്‍ഭവും കണ്ണീരും ഇല്ലായിരുന്നത് കൊണ്ട് അവക്കൊന്നും മെഗാസീരിയല്‍ ആകാനുള്ള നിര്‍ഭാഗ്യം ഉണ്ടായില്ല.
പിന്നീടു ഡോ.ബിജുവിനെ കാണുന്നത് ഈയുള്ളവന്റെ കോഴ്സ് കഴിഞ്ഞ ശേഷം കേരളത്തിലെ അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ തിരൂര്‍ യൂണിറ്റു രൂപീകരണത്തിലാണ്. അന്ന് അദ്ദേഹം സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. ആ വര്‍ഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷം "സൈറ" എന്ന തന്റെ ആദ്യ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്തതോടെ സംഘടനാ നേതൃത്വത്തില്‍ അദ്ദേഹം അത്ര സജീവമല്ല... തിരക്കുകള്‍ തന്നെ കാരണം.
തീവ്രവാദം പ്രമേയമായെടുത്ത "സൈറ" എന്ന ആദ്യചിത്രം തന്നെ അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഒരു മത വിഭാഗത്തെ മുഴുവനായി തീവ്രവാദികളായി മുദ്ര കുത്തുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ജീവിതം ഹോമിക്കപ്പെടുന്ന നിരപരാധികള്‍... താന്‍ ചെയ്യുന്ന തെറ്റ് മൂലം ദുരിതങ്ങള്‍ നേരിടുന്നത് തന്റെ സമൂഹം തന്നെയാണ് എന്ന് മനസ്സിലാക്കാതെ തീവ്രവാദത്തിന്റെ വഴിയിലേക്ക് എടുത്തു ചാടുന്ന ചെറുപ്പക്കാര്‍... സ്വന്തം ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ചവിട്ടുപടികളായി ആരെയും ഉപയോഗിക്കാന്‍ മടിക്കാത്ത അത്തരക്കാരുടെ ഇരകളായി സമനില നഷ്ടപ്പെടുന്നവര്‍... സ്ത്രീയെ വെറും ലൈംഗിക ഉപകരണം മാത്രമായി കാണുന്ന സമൂഹം... അങ്ങനെ ഏറെ സാമൂഹ്യ - ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ മനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു "സൈറ". ആ ചിത്രം അര്‍ഹിച്ച ആദരവ് നേടിയെടുത്തതോടൊപ്പം നവ്യാനായര്‍ക്കും അംഗീകാരം നേടിക്കൊടുത്തു. 
തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത "രാമന്‍" കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടോ തീയറ്ററുകളില്‍ എത്താതിരിക്കുകയും എത്തിയപ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ആണ് ഉണ്ടായത്. നമ്മുടെയൊക്കെ ഉയര്‍ന്ന ആസ്വാദന നിലവാരം  കൊണ്ടായിരിക്കും. എങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു എന്നാണു മനസ്സിലാക്കുന്നത്.
പുതിയ ചിത്രം വീട്ടിലേക്കുള്ള വഴിയും ആധാരമാക്കുന്നത് തീവ്രവാദം തന്നെയാണ്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി പ്രിത്വീരാജിനെയും ഇന്ദ്രജിത്തിനെയും പോലുള്ള മുഖ്യധാരാ സിനിമയിലെ സൂപ്പര്‍ (ആയോന്നറിയില്ല) താരങ്ങള്‍ അഭിനയിക്കുന്ന അല്‍പ്പം പണം ചെലവാക്കിയ ചിത്രമാണ് ഇത് എന്നാണു മനസ്സിലാക്കുന്നത്. ഇന്ത്യക്ക് പുറത്തു പല പ്രധാന ഫിലിം ഫെസ്ടിവലുകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട് അഭിനന്ദനാര്‍ഹമായെങ്കിലും ഇന്നും കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാശാലകള്‍ കിട്ടിയിട്ടില്ല എന്നത് മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ഏത് മനോഭാവത്തെയും എന്ത് അവസ്ഥയെയും ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് പറയാന്‍ ഞാന്‍ ആളല്ല. അറുപതു വയസ്സുള്ള നായകന്‍ പേരക്കുട്ടികളുടെ പ്രായമുള്ള നായികയോടൊപ്പം ആടിപ്പാടി വെള്ളമടിച്ചു പൂരപ്പാട്ട് പാടി നൂറുകണക്കിന് വില്ലന്മാരെ അടിച്ചു നിരപ്പാക്കുന്ന ചിത്രങ്ങള്‍ വീണ്ടും വീണ്ടും എട്ടുനിലയില്‍ പൊട്ടുന്നത് കണ്ടിട്ടും വീണ്ടും അതെ വഴിയില്‍ പോകുന്ന തീയറ്റര്‍ ഉടമകള്‍ ഇതുപോലെ ഉള്ള പടങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം നല്‍കാത്തത് ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുമോ ആവോ?
എന്തായാലും ഇനി അവാര്‍ഡു കിട്ടിയത് കൊണ്ട് ഒരു പക്ഷെ തീയറ്ററുകളില്‍ വരുമായിരിക്കും അപ്പോള്‍ കാണാം. 
ഡോ.ഡി.ബിജുകുമാര്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.
വാല്‍:
സിനിമയെ ആര്‍ട്ടെന്നും കമേഴ്സ്യല്‍ എന്നും വിളിക്കാമോ എന്നറിയില്ല. എന്തായാലും രണ്ടു വിഭാഗത്തിലും ഞങ്ങള്‍ക്ക് ആളുണ്ട്. ഞങ്ങളെന്നു വെച്ചാല്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍. ആര്‍ട്ടെന്നു പറയപ്പെടുന്ന വിഭാഗത്തില്‍ ഡോ.ബിജുകുമാര്‍. കമേഴ്സ്യല്‍ വിഭാഗത്തില്‍ അല്‍പ്പം ആര്‍ട്ട് കൂടി ചേര്‍ത്ത് കഥയെഴുതാന്‍ ഡോ.ഇക്ബാല്‍ കുറ്റിപ്പുറം. ഞങ്ങള്‍ ഒരു സംഭവമാണെന്ന് മനസ്സിലായില്ലേ?
വീണ്ടും ഒരു വാല്‍:
സലിം കുമാറിന് അവാര്‍ഡ് കിട്ടിയത് കോണ്‍ഗ്രസ്‌ ആയത് കൊണ്ടാണ് എന്നൊരു പ്രചാരണം പല ഭാഗത്ത്‌ നിന്നും വരുന്നുണ്ട്. കഴിവിന് അംഗീകാരം കിട്ടുമ്പോള്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. അവാര്‍ഡുകള്‍ സൂപ്പറുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് കരുതുന്നത് അറിവില്ലായ്മയാണ്. വെറും തറ കോമഡി മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് അദ്ദേഹം അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോണ്‍, കേരള കഫെ തുടങ്ങിയ ചിത്രങ്ങളില്‍ നേരത്തെ തെളിയിച്ചതാണ്. ആ നല്ല നടന് അഭിനന്ദനങ്ങള്‍. രാഷ്ട്രീയം നമുക്ക് ആ വിടുവായന്‍ ജഗദീഷിനു വല്ലതും കിട്ടുമ്പോള്‍ പറയാം.

അവാര്‍ഡിന് അര്‍ഹമായ 
"വീട്ടിലേക്കുള്ള വഴി" (ട്രെയിലര്‍)

ശ്രദ്ധിക്കപ്പെട്ട "രാമന്‍" (ട്രെയിലര്‍)

 

ആദ്യ ഫീച്ചര്‍ ചിത്രം "സൈറ" (ട്രെയിലര്‍)

 

ഐ.എച്ച്.കെ തിരൂര്‍ യൂനിറ്റ് ഉദ്ഘാടനം



സമയക്കുറവുകൊണ്ട് ഏറെയൊന്നും എഴുതിയിട്ടുണ്ടാവില്ല, എങ്കിലും ഡോ.ബിജുവിനും ഒരു ബ്ലോഗുണ്ട്... ഇവിടെ

13 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഡോ.ബിജു ഹോമിയോപ്പതി ഡോക്ടര്‍ ആണെന്നറിയാത്ത ഒരുപാട് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടെന്ന് ഉറപ്പാണ്. അവരൊന്നും ഈ ബ്ലോഗ്‌ വായിക്കാനും പോകുന്നില്ല. ഡോ.ബിജു രക്ഷപ്പെട്ടു.

ponmalakkaran | പൊന്മളക്കാരന്‍ said...

ഈ പടംസ് തിയ്യേറ്ററിൽ വരുമോ,
ആദാമിന്റെ മകൻ ജൂണിൽ വരുംന്ന് കേൾക്കുന്നു. ഒന്നുകാണണം

അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന Dr.ക്ക് ടാങ്ക്സ്.

ശ്രീജിത് കൊണ്ടോട്ടി. said...

ഡോക്ടര്‍ ബിജുകുമാര്‍ സംവിധാനം ചെയ്ത "സൈറ" കണ്ടിരുന്നു. "രാമന്‍" എനിക്കും കാണാന്‍ കഴിഞ്ഞില്ല. കലാമൂല്യം ഉള്ള ചിത്രങ്ങള്‍ ഒന്നും തീയേറ്ററുകളില്‍ വരുന്നില്ല. പ്രേക്ഷകര്‍ കുറവാണ് എന്നതാകാം ഇതിനുള്ള കാരണം. രാമനും, വീട്ടിലേക്കുള്ള വഴിയും, ആദാമിന്റെ മകന്‍ അബുവും എന്തായാലും കാണണം എന്നുണ്ട്. ഡോ. ബിജുകുമാര്‍, സലിം അഹമ്മദ്‌ എന്നീ പ്രിതിഭ തെളിയിച്ച നവാഗത സംവിധായകര്‍ക്കും, ഭരത് സലീം കുമാറിനും അഭിനന്ദനങ്ങള്‍...!!!

ശ്രീജിത് കൊണ്ടോട്ടി. said...

ഡോക്ടര്‍. ആര്‍.കെ തിരൂരിന് പ്രത്യക അഭിനന്ദനങ്ങള്‍.. :)))

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അതെന്തൂട്ടിന്?

ശ്രീജിത് കൊണ്ടോട്ടി. said...

കിടക്കട്ടെ ഒരു അഭിനന്ദനം ന്ന്... ബിജുകുമാറിനെ പോലെ താങ്കളും ഒരു ഡോക്ടര്‍ ആണല്ലോ. :)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വിശദമായ ഈ പരിചയപ്പെടുതലിനു രണ്ടു ഡോക്ടര്‍ മാര്‍ക്കും നന്ദി .. അല്ല ആശംസകള്‍

khader patteppadam said...

ഡോക്ടര്‍മാരില്‍ നിന്നും ഇനിയും നല്ല നല്ല പടങ്ങള്‍ ഉണ്ടാകട്ടെ൧

Unknown said...

Abhinandanangal

Sabu Hariharan said...

നല്ല സിനിമകൾ ഇപ്പോൾ വന്നു തുടങ്ങിയിരിക്കുന്നു. അതു കാണുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഒരു കാര്യം മാത്രമേ പ്രേക്ഷകർക്ക്‌ ചെയ്യുവാനുള്ളൂ..

സത്യമേവജയതേ said...

ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍!

jaikishan said...

പ്രിയ സുഹൃത്തുക്കളെ ,ജനങ്ങളെ ചികിത്സിക്കേണ്ട ഡോകടന്മാര്‍ സിനിമയും പിടിച്ചു .സംഘടനാ പ്രവര്‍ത്തനവുമായി നടന്നാല്‍ മതിയോ.?ഒരു ചിക്കന്‍ ഗുനിയാ കാലഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍ സിനിമയും സൌജന്യ മരുന്ന് വിതരണ പറ്റിക്കല്‍ പരിപാടിയുമായി നാട് മുഴുവന്‍ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്(ഈ സമയം അദ്ധേഹത്തിന്റെ ഒപി ക്ക് മുന്നില്‍ രോഗികളുടെ ക്യുവും)മരുന്ന് കഴിച്ച എല്ലാവര്ക്കും ചിക്കന്‍ഗുനിയ വരികയും ചെയ്തു .
അവാര്‍ഡ്‌ വാങ്ങാനായി സ്ഥിരം ചില പ്രമയങ്ങള്‍ .സ്ഥിരം ചട്ടക്കൂടില്‍ പടച്ചുവിടുന്നു .(മുസ്ലിം അസ്തിത്വ പ്രതിസന്ധി ,തിഇവ്രവാദം).ജനം എങ്ങിനെ മുപ്പതയാഞ്ചു രൂപ കളയും

മേല്‍പ്പത്തൂരാന്‍ said...

ങാഹാ‍..........ഡോകടര്‍ ബിജുവും ഒരു പഞ്ചാര ഡോക്ടറായിരുന്നോ..??!!

ആര്‍.കെ.യിക്ക് എന്റെ അഭിനന്ദനങ്ങള്‍!

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം