ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 03, 2010

പോപ്പുലര്‍ ഫ്രണ്ടിന്റെ സോഷ്യലിസം

കുറച്ചു ദിവസമായി  മലപ്പുറത്തെ (മറ്റു ജില്ലകളില്‍ ഉണ്ടോ എന്നറിയില്ല)  ചുവരുകളില്‍ എല്ലാം ഒരു പോസ്റര്‍ പ്രത്യക്ഷപ്പെട്ടിട്ട്‌. സര്‍ക്കാര്‍ ജോലിക്കാരുടെ ജാതിയും മതവും തിരിച്ചുള്ള ലിസ്റ്റ് ആണ് അതിലെ ഉള്ളടക്കം. പുതിയ രാഷ്ട്രീയ (?) പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ടിനാണ് ഈ പോസ്റരിന്റെ  പിതൃത്വം. NDF എന്ന പഴയ  വീഞ്ഞ് (അതോ വിഷമോ?) പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്തുണ്ടാക്കിയ ഉല്‍പ്പന്നം. അതില്‍ നായരുടെയും മുസ്ലീങ്ങളുടെയും എണ്ണത്തിന് മുകളില്‍ ഒരു ചുവന്ന വൃത്തവുമുണ്ട്. നായന്മാര്‍ക്ക് 12 ശതമാനത്തോളം കൂടുതലും മുസ്ലീങ്ങള്‍ക്ക് 17 ശതമാനത്തോളം കുറവും ആണത്രേ. കൂടുതലുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ എന്നാണു അടിക്കുറിപ്പ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ
അടിസ്ഥാനത്തില്‍ തയ്യാറാക്കിയത് എന്ന് അടിയിലെഴുതിയിട്ടുമുണ്ട്.
"എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം?" എന്ന് മാത്രമേ ഇത് പോലുള്ള വര്‍ഗീയ വിഷം തുളുമ്പുന്ന ചപ്പടാച്ചി പോസ്റര്‍ അടിച്ചിറക്കുന്നവരോട് പറയാന്‍ കഴിയൂ.  ഉണ്ടിരുന്ന നായര്‍ക്കു ഒരു വിളി തോന്നി എന്ന് പറഞ്ഞ പോലെ NSS -ന്റെ ആജീവനാന്ത അധിപന്‍ കുറച്ചു ദിവസം മുന്‍പ് പുറത്തു വിട്ട ഒരു വെളിപാടാണെന്നു തോന്നുന്നു ഈ ഹാലിളക്കത്തിന്റെ കാരണം. നായന്മാര്‍ക്കും വേണമത്രേ (സാമ്പത്തിക)സംവരണം. കൂടാതെ കോടതിയും പറഞ്ഞല്ലോ സംവരണം മറന്നു പോയിരുന്നു പഠിക്കാന്‍ ‍. പിന്നെ സംവരണം ഒഴിവാക്കാന്‍ ഹൈന്ദവ സവര്‍ണ പാര്‍ട്ടി ദേശീയതലത്തില്‍ എന്തോ നീക്കവും നടത്തുന്നുണ്ടെന്ന് തോന്നുന്നു. ഓടുന്ന സംവരണത്തിന് കിടക്കട്ടെ നാല് മുഴം മുന്‍പ് നമ്മുടെ വകയും ഒരു ഏറു. ഇത് വായിച്ചു വര്‍ഗീയ വികാര വിജ്രുംഭിതനായി വല്ലവനും വന്നു കിട്ടിയാലല്ലേ റിക്രുട്ടു  ചെയ്യാന്‍ കഴിയൂ, ബോംബു വെക്കാനും ആളെക്കൊല്ലാനും അതിര്‍ത്തിക്കപ്പുറത്തെക്കും.
പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണ്. മുസ്ലീങ്ങള്‍ക്ക്  സര്‍ക്കാരുദ്യോഗം ഇപ്പോഴുള്ളത് വളരെ കുറവാണ്. ഈയടുത്ത കാലം വരെ കേരളത്തില്‍ മുസ്ലീങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ നിലവാരം വളരെ കുറവായിരുന്നു, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ ‍. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കില്‍ കുറെ സ്വര്‍ണവും വണ്ടിയുമൊക്കെ വാങ്ങുമെങ്കിലും മക്കളെ പഠിപ്പിക്കാന്‍ ആര്‍ക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ആണ്‍ പിള്ളേര്‍  ആണെങ്കില്‍  പത്താം ക്ലാസ് വരെ എങ്ങനെയെങ്കിലും തട്ടിമുട്ടി കൊണ്ട് പോയി, രണ്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ കടല്‍ കടത്തും, എന്ത് ജോലിയായാലും വേണ്ടില്ല. പെണ്‍ പിള്ളേര്‍ ആണെങ്കില്‍ പത്താം ക്ലാസ് കഴിയുന്നതിനു മുന്‍പ് തന്നെ കെട്ടിച്ചു വിടും. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മുസ്ലിം വിദ്യാര്‍തികളുടെ വിദ്യാഭ്യാസതിലുണ്ടായ പുരോഗതി അത്ഭുതാവഹമാണ്. മെഡിക്കല്‍ - എന്ജിനീയറിംഗ് എന്ട്രന്‍സ് മുതല്‍ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ മത്സരപ്പരീക്ഷകളിലും അവര്‍ ഉയര്‍ന്ന റാങ്കു വാങ്ങുന്നു. PSC പരീക്ഷകളില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയുന്നു. ബൌദ്ധികമായ നിലവാരം തന്നെ ഉയര്‍ന്നിരിക്കുന്നു. വര്‍ഗീയതയും വംശീയ വിദ്വേഷവും പോലുള്ള പിന്തിരിപ്പന്‍ നിലപാടുകള്‍ അവരില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സംവരണം വഴിയല്ലാതെ ബുദ്ധിയും മിടുക്കും കൊണ്ട് തന്നെ മെറിറ്റില്‍ വിജയം നേടാന്‍ അവര്‍ പ്രാപ്തരായിരിക്കുന്നു. കേരളത്തിലെ ഏതു പ്രൊഫെഷണല്‍ കോളേജില്‍ പോയാലും തട്ടമിട്ട വിദ്യാരതിനികളുടെ നീണ്ട നിര തന്നെ കാണാം. മുസ്ലിം ജനവിഭാഗത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടമാണിത്.
ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് അടുത്ത കാലതായത് കൊണ്ട് തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്. മുന്‍പ് ജോയിന്‍ ചെയ്തവരുടെ കൂടി ചേര്‍ത്തുള്ള കണക്കെഴുതുമ്പോള്‍ മുസ്ലീങ്ങള്‍ വളരെ പിന്നിലാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ സ്ഥിതി വ്യത്യസ്തമാകാനെ വഴിയുള്ളൂ.  സര്‍ക്കാര്‍ സര്‍വീസിലെ സംവരണത്തിന്റെ അസന്തുലിതത്വം ഇല്ലാതാക്കാന്‍ വിവിധ സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷനുകള്‍ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവ നടപ്പാക്കെണ്ടതുമാണ്. പക്ഷെ മുസ്ലിം സമൂഹം കൈവരിച്ചിരിക്കുന്ന വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിച്ചു കൂടുതല്‍ സംവരണത്തിന് മുറവിളി കൂട്ടുന്നത്‌ ആ വിഭാഗത്തിലെ മിടുക്കന്മാരും മിടുക്കികളുമായ വിദ്യാര്‍ഥികളെ അപമാനിക്കുന്നതിനു തുല്യമാണ്. അത് മാത്രമല്ല, ആ സമൂഹം പിന്നോക്കം നിന്ന കാലത്ത് ഇവരൊന്നും ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുമില്ല. കൂടാതെ ഇവര്‍ പറയുന്നത് കൂടുതലുള്ളവര്‍ വിട്ടു കൊടുക്കുക എന്നാണ്. അതിലെന്താണ് ന്യായം? അനര്‍ഹമായ സംവരണത്തിലൂടെ നേടിയ ജോലി ആണെങ്കില്‍ ആ പറഞ്ഞത് മനസ്സിലാകാം. പക്ഷെ മെറിറ്റില്‍ കിട്ടിയതോ?
ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു പിന്നില്‍ ആ സംഘടനയുടെ സ്ഥാപിത താല്പര്യം മാത്രമാണെന്ന് കാണാം.ഇന്ന് അവരെപ്പോലുള്ള, ഇസ്ലാം മതത്തില്‍ തന്നെ ന്യൂനപക്ഷമായ വര്‍ഗീയ വാദികള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഫലമായി ആഗോളതലത്തില്‍ തന്നെ ഇസ്ലാം മതത്തെ തീവ്രവാദികളുടെ കൂത്തരങ്ങായി ചിത്രീകരിക്കാനാണ് ഹിന്ദു വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളും ശ്രമിക്കുന്നത്. ഇസ്ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ എവിടെയും തീവ്രവാദതിന്റെയോ അന്യമതങ്ങളെ ദ്രോഹിക്കുന്നതിന്റെയോ അംശങ്ങള്‍ പോലുമില്ല, മറിച്ച്‌ സ്നേഹം മാത്രമാണ് ആ മതം പഠിപ്പിക്കുന്നത്‌. ഇത് എന്നത്തേയും പോലെ ഇന്നും യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികള്‍ മനസ്സിലാക്കുന്നു. അതിനാല്‍ പണവും മറ്റു പ്രലോഭനങ്ങളും സ്വീകരിക്കുന്ന, ഇസ്ലാം എന്തെന്നറിയാത്ത കപട മത വിശ്വാസികള്‍ മാത്രമേ തീവ്രവാദ സംഘടനകളുടെ കയ്യിലെ കളിപ്പാവകളാകുന്നുള്ളൂ. അതുകൊണ്ടുതന്നെ  മുസ്ലീങ്ങള്‍ തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ ചിന്തിച്ചു തുടങ്ങിയാല്‍ തങ്ങളുടെ അടിത്തറ ഇളകും എന്ന് ഈ സംഘടനകള്‍ക്കറിയാം. അതിനു മറയിടാനായാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നത്.  അര്‍ഹമായത് കിട്ടുന്നില്ലെന്നതിനെ പെരുപ്പിച്ചു കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ പഠിച്ചു നേടുന്നതിനെ വില കുറച്ചു കാണിച്ചു തങ്ങള്‍ മാത്രമാണ് സമുദായത്തിന്റെ രക്ഷകര്‍ എന്ന് സ്വയം പ്രഖ്യാപിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ്. മാത്രമല്ല, ഇടതു പക്ഷ പ്രസ്ഥാനങ്ങളിലെക്കും മറ്റും ആകൃഷ്ടരായി മതനിരപേക്ഷ ചിന്താഗതി മനസ്സിലേറ്റുന്ന പുതിയ തലമുറയെ തിരിച്ചു പിടിക്കാനും. ഇതില്‍ തെറ്റിദ്ധരിക്കപ്പെടാതെ  "ഞങ്ങള്‍ക്കു വേണ്ടത് ഞങ്ങള്‍ പഠിച്ചു തന്നെ നേടിയെടുക്കും, അതിനുള്ള കഴിവും ബുദ്ധിയും ഞങ്ങള്‍ക്കുണ്ട്‌, അല്ലാതെ സംവരണമെന്ന ഔദാര്യം ഞങ്ങള്‍ക്കാവശ്യമില്ല" എന്ന് ഈ സമുദായ ദ്രോഹികളുടെ മുഖത്ത് നോക്കി ഉറക്കെ വിളിച്ചു പറയാന്‍ മുസ്ലിം വിദ്യാര്തികള്‍ക്കാകണം. 
ഏതു സമുദായ സംഘടനയായാലും സ്വന്തം സമുദായത്തിനായി ഒരു ചുക്കും ഇന്ന് ചെയ്യാറില്ല. സമുദായത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളും പ്രൊഫെഷണല്‍ കോളെജുകളും നേടിയെടുത്തു സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രമേ ഏതു സമുദായ നേതാവും ഇന്ന് ശ്രമിക്കുന്നുള്ളൂ. നായര്‍ സമുദായത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന, സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന  NSS -ന്റെ നേതാക്കള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പാവപ്പെട്ട, കോഴ നല്‍കാന്‍ കഴിയാത്ത എത്ര നായന്മാര്‍ക്ക് ജോലിയും അട്മിഷനും നല്‍കുന്നുണ്ട്? വെള്ളാപ്പള്ളിയുടെ ലക്‌ഷ്യം ഈഴവരെ മുഴുവന്‍ ഉദ്ധരിച്ചു സമൂഹത്തിന്റെ  മുന്നണിയിലെതിക്കുക എന്നതാണോ? സ്വാശ്രയ കോളേജുകള്‍ നടത്തി പണമുണ്ടാക്കുക എന്ന ബിസിനെസ്സ് മാത്രമല്ലേ ഇന്ന് പള്ളിയും പട്ടക്കാരും ചെയ്യുന്നത്? കേരളത്തിലെ നിരവധി മുസ്ലിം സംഘടനകളില്‍ എത്ര എണ്ണം സ്വന്തം സ്ഥാപനങ്ങളില്‍ യതീം ആയവര്‍ക്ക് മാനെജ്മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ നീക്കി വെക്കുന്നുണ്ട്? സര്‍കാരുകളെയും രാഷ്ട്രീയപ്പാര്ടികളെയും വിലപേശലിനു വിധേയമാക്കി ആനുകൂല്യങ്ങള്‍ സ്വന്തം കീശയിലെതിക്കാനുള്ള വോട്ടു ബാങ്ക് മാത്രമാണ് ഈ സമുദായ നേതാക്കള്‍ക്ക് സമുദായം. ഇതിനെതിരെ പ്രതികരിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ എല്ലാവര്ക്കും കണ്ണില്‍ കരടാകുന്നു. അതിനു പിന്തുണ നല്‍കാന്‍ കുറെ മാധ്യമങ്ങളും സ്വാര്‍ത്ഥ ലകഷ്യങ്ങള്‍   വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും. 
വാല്‍ക്കഷണം: 
പോപ്പുലര്‍ ഫ്രണ്ടിന്റെ "ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക" എന്ന സോഷ്യലിസ മാതൃക പിന്തുടര്‍ന്ന് കാശ്മീര്‍ വേണ്ടെന്നു വെക്കാന്‍ പാക്കിസ്ഥാനും അയോധ്യ വേണ്ടെന്നു വെക്കാന്‍ BJP-യും തീരുമാനിച്ചാല്‍ എത്ര സമത്വ സുന്ദരമായിരുന്നു ഭാരതം.

3 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്നാലും എന്റെ ഡോക്ടറെ.. പൊള്ളുന്ന വിഷയമാണല്ലോ.. ബൈപാസ് ഓപറേഷന്‍ പോലെ സങ്കീര്‍ണമാണ്. നോക്കിയും കണ്ടുമൊക്കെ നില്‍ക്കണം.

അനില്‍@ബ്ലോഗ് // anil said...

:)

Shinto said...

depastambam mahsacharaym namukkum kittanam panam enna ottachintheye
ithinu purakil ullu ippol panam ennathu ithiry mary adikaram
ennayittundennu mathram

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം